പുരുഷകൗശലം സൃഷ്ടിക്കുന്ന ‘ദിവ്യ മാതൃത്വം'; ‘ദശരഥം' മുതൽ ‘മിമി' വരെ

മാതൃത്വത്തെ, ശാസ്ത്ര സാങ്കേതിക വികാസത്തിന്റെ പുതിയ സാഹചര്യത്തിൽ ചർച്ചക്കെടുക്കുന്നു എന്ന മട്ടിൽ, മാതൃത്വം എന്ന മഹത്വവൽക്കരിച്ച അവസ്ഥയെ സ്ഥാപിച്ചെടുക്കുകയാണ് മുപ്പതുവർഷം മുമ്പ് ഇറങ്ങിയ 'ദശരഥ'വും ഈയിടെ ഇറങ്ങിയ ഹിന്ദി സിനിമ 'മിമി'യും. പുറംലോകം പതിച്ചെടുക്കാൻ പുരുഷകൗശലം 'ഉദാത്ത പദവി' എന്ന നിലയ്ക്ക് നിർമ്മിച്ചെടുത്ത മാതൃത്വം എന്ന വ്യാജബോധ്യം മൂന്നുപതിറ്റാണ്ടിനിടക്കും ഒരു മാറ്റവുമില്ലാതെ സിനിമ നിലനിർത്തിപ്പോരുന്നു

ഖ്യാനകാലങ്ങൾ തമ്മിൽ മൂന്നുപതിറ്റാണ്ടുകളുടെ വിടവ്. വൈജ്ഞാനികവും സാങ്കേതികവുമായ വികാസത്തിന്റെ കുതിച്ചുചാട്ടം നടന്ന, അതുകൊണ്ടുതന്നെ കാലഗണനയുടെ അംശബന്ധങ്ങൾക്കപ്പുറം വലിപ്പമുള്ള മൂന്ന് പതിറ്റാണ്ടുകളാണത്. കഥാപരിസരങ്ങൾ തമ്മിലുള്ള അകലം രണ്ടായിരത്തിലധികം കിലോമീറ്ററുകളുടേതാണ്.
പറഞ്ഞു വരുന്നത് രണ്ട് സിനിമകളെക്കുറിച്ചാണ്.

വാടക ഗർഭപാത്രവും മാതൃത്വവും കേന്ദ്രപ്രമേയമായ രണ്ട് സിനിമകൾ: മലയാള സിനിമ ദശരഥവും (1989) ഹിന്ദിയിലെ മിമി (2021) യും. സ്ഥലപരവും കാലപരവുമായ ഈ അകലം സിനിമയിലുടനീളം പ്രതിഫലിക്കാതെ വയ്യ; അതിന്റെ ആഖ്യാനപരിചരണങ്ങളിൽ പ്രത്യേകിച്ചും. 30 വർഷം മുൻപത്തെ മലയാള സിനിമ ഇന്നത്തെ മലയാള സിനിമയുടെ ആവിഷ്‌കാരരീതികളുമായി പോലും സാരൂപ്യം കാണിക്കുന്നില്ല എന്നിരിക്കെ ഒരു ഹിന്ദി സിനിമ എത്ര വ്യത്യസ്തമായിരിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ, ആശയപരമായ അടുപ്പത്തെ മാത്രം മുൻനിർത്തി രണ്ട് കാലങ്ങളിൽ, രണ്ട് ദേശങ്ങളിൽ, രണ്ട് ഭാഷകളിൽ പിറന്ന ചലച്ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് ഇക്കാലങ്ങളിലൂടെ നാം സഞ്ചരിച്ചെത്തിയ മാനസികദൂരം തിരിച്ചറിയാൻ തീർച്ചയായും സഹായിക്കും. സാംസ്‌കാരികമായ ഗമനം പുരോഗമനം തന്നെയോ എന്ന് വിലയിരുത്താൻ സഹായിക്കും.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ദശരഥം. മോഹൻലാൽ, രേഖ, മുരളി, നെടുമുടി വേണു, കരമന ജനാർദ്ദനൻ നായർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. മെല ആയ് വായ്ച്ചി (Mala Aai Vhhaychy) എന്ന മറാത്തി സിനിമയുടെ ഹിന്ദിയിലുള്ള പുനരാവിഷ്‌കാരമാണ് മിമി. 2021 ജൂലൈയിലാണ് റിലീസ് ചെയ്തത്. ലക്ഷ്മൺ ഉട്ടേക്കറും രോഹൻ ശങ്കറും ചേർന്ന് തിരക്കഥയെഴുതി, ലക്ഷ്മൺ ഉട്ടേക്കർ തന്നെ സംവിധാനം നിർവഹിച്ചു. കൃതി സനോൻ, എൽവിൻ എഡ്വാർഡ്, പങ്കജ് ത്രിപാഠി, സായി തംഹങ്കാർ, ഐഡൻ വിറ്റോക് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ.

2011-ൽ പുറത്തിറങ്ങിയ മെല ആയ് വായ്ച്ചി യിലെ രംഗം.

രണ്ട് സിനിമകളും ജനപ്രിയ ചേരുവകളാൽ സമ്പന്നമാണ്. ദശരഥം നായകപക്ഷത്ത് നിന്നുള്ള ആഖ്യാനമായാണ് വികസിക്കുന്നതെങ്കിൽ മിമി നായികയ്ക്ക് മുൻതൂക്കം നൽകുന്ന സിനിമയാണ്. നീലഗിരിയുടെ പ്രകൃതിദൃശ്യങ്ങൾ നൽകുന്ന പച്ചപ്പാണ് ദശരഥത്തിന്റെ പശ്ചാത്തലമെങ്കിൽ രാജസ്ഥാൻ മണ്ണിന്റെ വരണ്ട ഇരുളിമ മിമിയിലാകെ ദൃശ്യമാണ്. ആൾക്കൂട്ടവും ആഘോഷമേളങ്ങളുമൊക്കെയായി മിക്കവാറും ഒരു പോപ്പുലർ ഹിന്ദി സിനിമയുടെ നടപ്പ് വഴികളിലൂടെയൊക്കെയാണ് മിമി മുന്നേറുന്നത്. ആഖ്യാനത്തെ ഉടനീളം നർമത്തിന്റെ ചരട് കൊണ്ട് ബന്ധിച്ചിട്ടുണ്ട് മിമി. 30 വർഷം കൊണ്ട് സിനിമ ഒരുപാട് മുന്നേറിയിട്ടുണ്ട് എന്നതിനാൽ തന്നെ സാങ്കേതിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഈ രണ്ട് സിനിമകളുടെ താരതമ്യപഠനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. സിനിമയുടെ പ്രമേയപക്ഷം മാത്രം നിർത്തി മാതൃത്വം എന്ന ആശയം നമ്മുടെ സാംസ്‌കാരത്തിൽ എങ്ങനെ ഇടപെടുന്നു എന്നന്വേഷിക്കുകയാണ് ഈ ലേഖനം.

ദശരഥം

രാജീവ് മേനോനാണ് ദശരഥത്തിലെ നായകൻ. മൂന്നുവയസാകും മുൻപേ അവനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയിട്ടുണ്ട് അമ്മ. ബാല്യത്തിലേ അച്ഛൻ മരിച്ചവൻ. അതിസമ്പന്നൻ. അങ്ങേയറ്റം അരാജകമായി സ്വന്തം ജീവിതം ആസ്വദിക്കുന്നവൻ. സുഹൃത്ത് സക്കറിയയുടെ കുടുംബത്തോടൊപ്പം ചെലവിട്ട ഒരൊഴിവുകാലം രാജീവിന്റെ ജീവിതവീക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നു. ഒരു കുഞ്ഞിനെ സ്വന്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആ ദിവസങ്ങൾ അയാൾക്ക് പ്രേരണയാകുന്നു. പക്ഷേ വിവാഹം കഴിക്കുന്നതിനു അയാൾ ഒരുക്കമല്ല. അനാഥാലയത്തിൽനിന്നു ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനും അയാൾക്ക് സമ്മതമല്ല. അപ്പോഴാണ് കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ നേടാം എന്ന നിർദ്ദേശം സുഹൃത്തുക്കളായ ഡോക്ടർ ദമ്പതികൾ (ഹമീദ്, സീനത്ത് ) അവതരിപ്പിക്കുന്നത്. രാജീവിനത് സ്വീകാര്യമാകുന്നു. അയാളുടെ കുഞ്ഞിനെ വഹിക്കാൻ തന്റെ ഗർഭപാത്രം വാടകയ്ക്ക് നല്കുന്നു ആനി. പക്ഷേ തനിക്ക് കുഞ്ഞിനെ പിരിയാൻ കഴിയില്ല എന്ന് പ്രസവാനന്തരം അവൾ തിരിച്ചറിയുന്നു. രാജീവാകട്ടെ തന്റെ അരാജക ജീവിതം പൊഴിച്ചുകളഞ്ഞു കുഞ്ഞിന്റെ വരവിന് കാത്തിരിക്കുകയാണ്. കുഞ്ഞിനെ പിരിയാൻ കഴിയാത്ത അമ്മയും അവനിലൂടെയേ തനിക്ക് ഇനി ജീവിതമുള്ളൂ എന്ന് കരുതുന്ന അച്ഛനും. ഒടുവിൽ ആനിയുടെ മാതൃത്വത്തിന്റെ മുന്നിൽ രാജീവ് മേനോൻ വഴങ്ങുന്നു. കുട്ടിയെ അയാൾ ആനിക്ക് വിട്ടുകൊടുക്കുന്നു. അതേസമയം ഈ 33ാം വയസ്സിൽ അയാൾക്കും ഒരമ്മയെ കിട്ടുന്നു. ആനിയുടെ ഗർഭകാല ശുശ്രൂഷക്കായി അയാൾ നിയോഗിച്ച മാഗി.

ദശരഥത്തിലെ ഒരു രംഗം

മിമി

വാടക ഗർഭപാത്രം തേടി ഇന്ത്യയിലെത്തിയ അമേരിക്കൻ ദമ്പതികളാണ് ജോണും സമ്മറും. സമ്മറിന് സ്വാഭാവികമായി ഗർഭം ധരിക്കാൻ ശേഷിയില്ല. രാജസ്ഥാനിലെത്തുന്ന അവർ ടാക്‌സി ഡ്രൈവർ ഭാനുപ്രതാപ് പാണ്ഡേയുടെ സഹായത്തോടെ തങ്ങൾക്ക് പറ്റിയ ഒരു യുവതിയെ കണ്ടെത്തുന്നു; മിമി. ബോളിവുഡ് സിനിമയിൽ താരമാകുന്ന നാൾ സ്വപ്നം കണ്ടിരിക്കുന്ന ഡാൻസറാണ് മിമി. ബോളിവുഡിലേക്കുള്ള യാത്രക്കാവശ്യമായ പണം കിട്ടും എന്നതാണ് സരോഗറ്റ് മദറാവാൻ മിമിയെ പ്രേരിപ്പിക്കുന്നത്. താൻ നായികയായ സിനിമയുടെ ചിത്രീകരണമുണ്ട് എന്ന് കുടുംബത്തെ ധരിപ്പിച്ച് വീട് വിടുന്ന മിമി കൂട്ടുകാരി ഷമയുടെ വീട്ടിൽ ഗർഭകാലം ചെലവഴിക്കുന്നു. സഹായിയായി ഭാനുപ്രതാപ് പാണ്ഡേയും.

സ്‌കാനിങ്ങിൽ ഗർഭസ്ഥ ശിശുവിന് ഡൗൺസിൻഡ്രോം ആണെന്ന് മനസ്സിലായതോടെ ജോണും സമ്മറും കുഞ്ഞിനെ സ്വീകരിക്കാൻ നിൽക്കാതെ തിരികെ പോകുന്നു. മറ്റുവഴികളില്ലാതെ സ്വന്തം വീട്ടിലേക്കു തിരികെയെത്തുന്നു മിമി. കുഞ്ഞിനെ അബോർട്ട് ചെയ്യാനുള്ള നിർദ്ദേശം അവൾ നിരസിക്കുന്നു. ഗർഭകാലത്തിനൊടുവിൽ അവൾക്കും കുഞ്ഞിനുമിടയിൽ അടുപ്പം രൂപപ്പെടുന്നു. മിമി പ്രസവിച്ചത് കുഴപ്പങ്ങൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞിനെ. നാലുവർഷങ്ങൾക്കുശേഷം ഫേസ് ബുക്കിൽ കണ്ട മിമിയുടെയും മകന്റെയും വീഡിയോ അമേരിക്കൻ ദമ്പതികളെ വീണ്ടും ഇന്ത്യയിലെത്തിക്കുന്നു. പക്ഷേ മകനെ വിട്ടുകൊടുക്കാൻ മിമിയും കുടുംബവും തയ്യാറാകുന്നില്ല. ഒടുവിൽ സമ്മറിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ മിമി മകനെ അവൾക്കുതന്നെ നല്കാൻ തയ്യാറാകുന്നു. എന്നാൽ മിമിക്ക് അവനെ തിരികെ ഏൽപ്പിച്ചു കൊടുത്ത് ഒരു അനാഥബാലികയെ ദത്തെടുത്ത് അമേരിക്കൻ ദമ്പതികൾ മടങ്ങുന്നു.

പങ്കജ് തൃപാഠി, കൃതി സാനോൻ, സായി തംഹങ്കർ. / Photo: Kriti sanon Ig

‘ആദർശ അമ്മ'യുടെ വിജയം

മാതൃത്വം എന്ന അവസ്ഥയുടെ ആവിഷ്‌കാരമാണ് രണ്ട് സിനിമകളും. ഒരോ ജോടി അമ്മമാർ ഇരു സിനിമയിലുമുണ്ട്. ദശരഥത്തിൽ ആനി എന്ന ആദർശ മാതാവിനുപുറമെ രാജീവിന്റെ അമ്മ പ്രതിനിധാനം ചെയ്യുന്ന സ്വാർഥയായ സ്ത്രീയുടെ മാതൃത്വവും അവതരിപ്പിക്കപ്പെടുന്നു. മിമിയിൽ വാടക അമ്മ എന്ന അവസ്ഥയിൽ നിന്ന് ആദർശ അമ്മയായി വളരുന്ന മിമിയും ജനിതക വൈകല്യമുണ്ട് കുഞ്ഞിനെന്നറിയുമ്പോൾ അതിനെ ഉപേക്ഷിച്ചു പോകുന്ന സമ്മറും. പ്രേക്ഷകർ ഊഹിക്കുമ്പോലെ /ആഗ്രഹിക്കുമ്പോലെ ആദർശ അമ്മയുടെ വിജയം തന്നെ കഥാന്ത്യം.

പുരുഷപക്ഷ ആഖ്യാനം നിർമ്മിക്കുന്ന ആദർശ സ്ത്രീ മാതൃകയാണ് അമ്മ. സ്‌നേഹം, സഹനം , ആത്മത്യാഗം തുടങ്ങിയവയുടെ ഉയർന്ന അളവിലുള്ള ചേരുവയാണ് മാതൃത്വം എന്ന ആദർശസ്ത്രീ പ്രതിനിധാനം സാധ്യമാക്കുന്നത്. സ്ത്രീയുടെ ഏറ്റവും ഉദാത്തമായ മുഖമായി മാതൃത്വം മഹത്വവൽക്കരിക്കപ്പെടുന്നു. ആ മഹത്വപൂർണതയിലേക്കുള്ള സഞ്ചാരം അവളുടെ ഇച്ഛകളെയും സ്വകാര്യആനന്ദങ്ങളെയും അപ്രസക്തമാക്കുകയോ അപ്രധാനമാക്കുകയോ ചെയ്‌തേക്കാം. അവൾ നിർമിക്കപ്പെട്ടിരിക്കുന്നത് ക്ഷിപ്രസാധ്യമല്ലാത്ത ഒരു കർമപദ്ധതിയുടെ കാർമ്മികത്വം വഹിക്കാനാണ്. ദുഷ്‌കര പാതകളും ദുർഗ്ഗമ കാന്താരങ്ങളും പിന്നിട്ട് ഒരു ജീവനെ സ്വന്തം കാലിൽ ചരിക്കാൻ സജ്ജമാക്കുകയാണ് അവളുടെ നിയോഗം. ആ നിയോഗം അവൾക്കായി മാത്രം ഒരുക്കിയെടുക്കപ്പെട്ടതാണ്!

മാതൃത്വം എന്ന അവസ്ഥയുടെ ആവിഷ്‌കാരമാണ് രണ്ട് സിനിമകളും. മിമി എന്ന കഥാപാത്രത്തെ കൃതി സാനോൻ അവതരിപ്പിക്കുന്നു. ദശരഥത്തിൽ ആനിയായെത്തുന്നത് രേഖയാണ്.

ശിശുപരിചരണം; സ്ത്രീയെ ഗൃഹസ്ഥയാക്കുന്ന പുരുഷതന്ത്രം

അമ്മയും അച്ഛനും ഒന്നിച്ചു നിർവഹിക്കേണ്ട രക്ഷാകർത്തൃത്വം എന്ന സാമൂഹ്യ ഉത്തരവാദിത്തം നിലവിൽ എങ്ങനെയാണ് വിഭജിതമായിരിക്കുന്നത് എന്ന് പരിശോധിച്ചാൽ മാതൃത്വത്തെ മഹത്വവൽക്കരിക്കുന്നതിന് പിന്നിലെ പ്രത്യയശാസ്ത്രം വെളിവാകും. സ്ത്രീയുടെ സാമൂഹ്യദൃശ്യതയുടെ പരിമിതപ്പെടുത്തൽ മാതൃത്വവുമായി ബന്ധപ്പെട്ടാണ് വലിയൊരളവോളം സാധ്യമാകുന്നത്. അവൾക്ക് നൈസർഗ്ഗികമായി കിട്ടിയ ചില ഗുണവിശേഷങ്ങളുടെ - സഹനം, ആത്മത്യാഗം, ക്ഷമ, വാൽസല്യം - സംയുക്തമായ സവിശേഷ മനോനിലയായി മാതൃത്വത്തെ ഉയർത്തിക്കാട്ടുക. ഈ മാനസിക ഔന്നത്യം പുരുഷന് അപ്രാപ്യമാണ് എന്ന് പ്രചരിപ്പിക്കുക. ഈ സവിശേഷ മനോനിലയിലേ ശിശുപരിചരണം സാധ്യമാകൂ എന്ന ബോധ്യം നിർമിക്കുക. അതോടെ പെൺമയുടെ മാത്രം ശേഷിയായി ശിശുപരിചരണം സ്ഥാപിക്കപ്പെടുകയും അവൾ ആ പദവിയിൽ അഭിരമിക്കുകയും ചെയ്യും. ഏറെക്കുറെ പൂർണമായും സ്ത്രീ തന്നെ നിർവഹിക്കേണ്ടി വന്ന ശിശുപരിചരണം അവളെ ഗൃഹമെന്ന സ്ഥലരാശിയിൽ കുരുക്കിയിടുന്നു. മുലയൂട്ടാനുള്ള ശാരീരികശേഷിയെത്തന്നെ അവളുടെ സാമൂഹ്യജീവിതത്തെ പരിമിതപ്പെടുത്താനുള്ള ഉപാധിയായി പരിണമിപ്പിക്കുന്ന കൗശലം. ആ പരിമിതപ്പെടൽ പരിമിതിയല്ലെന്നും വികാസമാണെന്നും ബോധ്യപ്പെടുത്തിയാൽ അതൃപ്തിയുടെ സാഹചര്യങ്ങൾ റദ്ദാക്കപ്പെടും. പുറംലോകം പതിച്ചെടുക്കാൻ പുരുഷന്റെ കൗശലം നിർമ്മിച്ച വ്യാജബോധ്യമാണ് മാതൃത്വം എന്ന ഉദാത്ത പദവി.

പുരുഷന്റെ ഓരോരോ വട്ടുകൾ

രാജീവ് മേനോൻ എന്ന അപക്വനായ മനുഷ്യന്റെ പക്വതയിലേക്കുള്ള സഞ്ചാരമാണ് ദശരഥം ആവിഷ്‌കരിക്കുന്നത്. രാജീവിനെ അയാളുടെ ‘വട്ടു'കളിൽ നിന്ന് മോചിപ്പിക്കുന്നതിന് കാരണമായിത്തീരുകയാണ് ആനിയുടെ മാതൃത്വം. രാജീവിന്റെ അമ്മയുടെ ‘മാതൃത്വവും' ആനിയുടെ മാതൃത്വവും പ്രേക്ഷകരുടെ വിലയിരുത്തലിന് വിധേയമാക്കപ്പെടുന്നു.

ജീവിതത്തിൽ എപ്പോഴും ചേഞ്ച് ആഗ്രഹിക്കുന്ന മനുഷ്യനാണ് രാജീവ്. കയ്യാമം വെച്ചു പൊലീസ് വാനിൽ കോടതിയിലേക്ക് കൊണ്ടുപോകാൻ ഇൻസ്‌പെക്ടറെ നിർബന്ധിക്കുമ്പോൾ അയാൾ തേടുന്നതും അത്തരം വ്യത്യസ്തതയുടെ അനുഭവലോകമാണ്. അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഓരോരോ വട്ടുകൾ. പിതാവാകുക എന്നതും ഒരു പുതുഅനുഭവം തേടിയുള്ള യാത്രയാണ് അയാൾക്ക്. അതിന് അയാൾ ആദ്യം കണ്ടവഴി സക്കറിയയുടെ മകനെ ദത്തെടുക്കുക എന്നതാണ്. അനാഥാലയങ്ങളിലെ കുഞ്ഞുങ്ങളുടെ സ്ഥായീഭാവം വിഷാദമാകും എന്നതുകൊണ്ടാണ് ആ വഴി അയാൾ വേണ്ടെന്ന് വെക്കുന്നത്. സക്കറിയയുടെ മകനെപ്പോലെ വികൃതി/കുസൃതി നിറഞ്ഞ ഒരാളിലേക്ക് അയാളുടെ ഫോക്കസ് മാറുന്നതും കുട്ടിത്തത്തെക്കുറിച്ചുള്ള അയാളുടെ സങ്കൽപങ്ങൾ എത്ര ഉപരിപ്ലവമാണ് എന്നതിന്റെ ലക്ഷണം തന്നെ. എന്നാൽ മകനെ വിട്ടുന്നൽകില്ല എന്ന സക്കറിയയുടെ വിസമ്മതം പിതൃത്വം അത്ര ക്ഷിപ്രസാധ്യമല്ല എന്ന് അയാളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. തുടർന്നാണ് അയാളുടെ അന്വേഷണങ്ങൾ വാടക ഗർഭപാത്രം എന്ന ആശയത്തിൽ ചെന്നെത്തുന്നത്. അതായത് അമ്മ അപ്രസക്തമാകുന്ന ഒരു സന്ദർഭമാണ് അയാൾ വിഭാവനം ചെയ്യുന്നത്. പക്ഷേ പ്രസവം ഒരു സ്ത്രീക്ക് മാത്രം സാധ്യമായ ജൈവപ്രക്രിയയാകയാൽ അയാൾ ഗർഭപാത്രം വിലക്കെടുക്കുന്നു. അമ്മയുടെ സാന്നിധ്യമേയില്ലാതെ, അച്ഛന്റെ മാത്രമായ മകൻ എന്ന ആഗ്രഹത്തിൽ തുടങ്ങിയ രാജീവ് കഥാന്ത്യത്തിൽ അമ്മയുടെ അനിവാര്യത തിരിച്ചറിയുന്നു.

രാജീവ് മേനോൻ എന്ന അപക്വനായ മനുഷ്യന്റെ പക്വതയിലേക്കുള്ള സഞ്ചാരമാണ് ദശരഥം ആവിഷ്‌കരിക്കുന്നത്

പ്രസവിച്ച അമ്മയും അണ്ഡദായിനിയായ അമ്മയും

സ്വാഭാവിക ലൈംഗികബന്ധമില്ലെങ്കിലും ആനിയും രാജീവും തന്നെയാണ് കുഞ്ഞിന്റെ ജനിതക മാതാപിതാക്കൾ. എന്നാൽ മിമിയിൽ ഒരു കുഞ്ഞിന് രണ്ടമ്മമാർ എന്നതാണ് അവസ്ഥ. പ്രസവിച്ച അമ്മയും അണ്ഡദായിനിയായ അമ്മയും. പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള സംഘർഷത്തിന്റെ ആവിഷ്‌കാരങ്ങൾ കണ്ടുപരിചിതമായ പ്രേക്ഷകരെ പുതിയൊരു സാധ്യതയുടെ മുന്നിൽ നിർത്തുന്നു എന്നതാണ് മിമിയുടെ (അല്ലെങ്കിൽ അതിന്റെ മറാത്തി മൂലരചനയുടെ) വ്യത്യസ്തത. ജന്മം നല്കിയവളും പ്രസവിച്ചവളും എന്ന പുതിയൊരു ദ്വന്ദം മാതൃത്വ ചർച്ചയിൽ ഇടം നേടുന്നു. ഇവരിൽ ആരാണ് കുഞ്ഞിന്റെ അവകാശി എന്ന സംഘർഷമാണ് കേന്ദ്രപ്രമേയം. നിയമപരമായി ചോദ്യം ചെയ്യാനാവാത്തതാണ് സമ്മറിന്റെ മാതൃത്വം. എന്നാൽ ഗർഭസ്ഥശിശുവിനെ ഉപേക്ഷിച്ചു പോകയാൽ സമ്മർ ആ അവകാശം ഉന്നയിക്കാൻ നൈതികമായി അർഹയാണോ എന്നതാണ് ചോദ്യം.
തെരഞ്ഞെടുപ്പുകൾക്ക് അവസരമേയില്ലാത്ത ഇടുങ്ങിയ ഒറ്റയടിപ്പാതയിൽ ജീവിതം കിതച്ചു നിൽക്കുകയാണ് ആനിക്ക്. ഭർത്താവിന്റെ (ദാസ്) രോഗാവസ്ഥയും ചികിൽസക്കുള്ള ഭാരിച്ച സാമ്പത്തിക ആവശ്യങ്ങളും അവൾക്ക് മുന്നിലുണ്ട്. താനുമായുള്ള പ്രണയബന്ധം നിമിത്തം കുടുംബവേരുകൾ വിച്ഛേദിക്കപ്പെട്ട ആളാണ് ദാസ്. സ്വാഭാവിക ജീവിതത്തിലേക്കുള്ള ദാസിന്റെ തിരിച്ചുവരവ് ഉറപ്പാക്കാൻ ചില ത്യാഗങ്ങൾ അവളുടെ ഉത്തരവാദിത്തമാണ്. അവളെ രാജീവ് മേനോന്റെ കുഞ്ഞിന്റെ വാടക അമ്മയാകാൻ നിർബന്ധിതയാക്കുന്ന സാഹചര്യങ്ങൾ ഇവയെല്ലാമാണ്.

സാമ്പത്തികസമ്മർദ്ദമാണ് ആനിയെ സരോഗെയ്റ്റ് (surrogate) ആകാൻ പ്രേരിപ്പിക്കുന്നതെങ്കിൽ മിമിക്കും ധനസ്വരൂപണം തന്നെ ലക്ഷ്യം. സുഹൃത്ത് ഷമ ഒപ്പമുണ്ടെങ്കിലും മിമി ഒറ്റക്കെടുത്ത തീരുമാനമാണത്. അവൾ കുടുംബത്തിൽ നിന്ന് എല്ലാം മറച്ചുവെക്കുകയാണ്. ആനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട് എന്ന അധികബലം കാണാം. അതേസമയം തീരുമാനമെടുക്കുന്ന കാര്യത്തിൽ ആനിയേക്കാൾ സ്വതന്ത്രയാണ് മിമി. ആനി ഗത്യന്തരമില്ലാതെ വാടക അമ്മയാവുകയാണെങ്കിൽ മിമി തന്റെ ജീവിതാഭിലാഷം നേടിയെടുക്കാനുള്ള വഴി എന്ന നിലയിൽ സറഗസി തെരഞ്ഞെടുക്കുകയാണ്. സിനിമയുടെ മായികലോകം അവളിൽ ചെലുത്തുന്ന സമ്മർദ്ദം മാറ്റി നിർത്തിയാൽ ഈ തെരഞ്ഞെടുപ്പിൽ അവൾക്ക് തന്നെയാണ് മേൽക്കൈ. അവൾക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടല്ല.

രണ്ടുപേരും തങ്ങളുടെ ഉള്ളിൽ വളരുന്ന ജീവനെ അന്യജീവനായി തന്നെയാണ് ആദ്യമെല്ലാം കാണുന്നത്. ആനിക്ക് അത് പത്തു മാസത്തേക്കുള്ള ട്യൂമറാണ്. ആരോ പാട്ടത്തിനെടുത്ത് കരിമ്പ് കൃഷി നടത്തുന്ന വയൽ മാത്രമാണ് മിമിക്ക് തന്റെ ഗർഭപാത്രം. വിളവെടുക്കുന്നതോടെ ഉൽപന്നവുമായി ബന്ധങ്ങളൊന്നുമില്ലാത്ത മണ്ണ്. ലൈംഗികതയെക്കുറിച്ചും ഉടൽ വിശുദ്ധിയെക്കുറിച്ചുമൊക്കെ പരമ്പരാഗത കാഴ്ചപ്പാടുകളല്ല മിമിയും ഷമയും വെച്ചുപുലർത്തുന്നത്. വീട്ടുചുമരിൽ ഒട്ടിച്ചുവെച്ച താരനായകനോട് മിമിക്കുള്ളത് ലൈംഗികതാല്പര്യം കലർന്ന ആരാധനയാണ്. ജോണിനെ കാണുമ്പോൾ ഷമ മിമിയോട് അടക്കംപറയുന്നത് അയാളുടെ കുഞ്ഞിനെ നേടാൻ ഒപ്പം കിടക്കാനും മടിയില്ല എന്നാണ്. മിമിയും അയാളുടെ ലൈംഗിക ആകർഷകത്വത്തെ ആരാധനയോടെ ശരിവെക്കുന്നു. അതുകൊണ്ട് തന്നെ ആനി അനുഭവിക്കുന്ന തരം ആത്മനിന്ദ മിമിക്ക് ഉണ്ടാവുന്നില്ല. ആനിയെ ഓരോ നിമിഷവും അലട്ടുന്നത് ദാസിന്റേതല്ലാത്ത ഒരു ബീജം തന്നിൽ വളരുന്നു എന്ന ചിന്തയാണ്. ഒപ്പം രാജീവിന്റെ സ്വാർത്ഥതയും അൽപത്തവും ഏൽപ്പിക്കുന്ന സംഘർഷങ്ങളും ആനിയെ അലട്ടുന്നുണ്ട്.

പ്രസവിക്കും വരെയും എങ്ങനെയെങ്കിലും പിടിച്ചുനിൽക്കുക എന്നതാണ് ആനിയുടെ മനോഭാവം. പ്രസവശേഷം കുറച്ചുകാലം കൂടി അവൾക്കൊപ്പം കുഞ്ഞിനെ നിർത്തേണ്ടിവരുന്നു. ആനി ആകെ മാറുന്നത് അപ്പോഴാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ പോലും അവൾ കുഞ്ഞിനോട് വലിയ മമതയൊന്നും കാണിക്കുന്നില്ല. ദാസിനോടുള്ള യാത്ര പറയലിനിടെ അവൾ തന്നെക്കാൾ പരിഗണന കുഞ്ഞിന് നല്കുന്നതിനെ സംബന്ധിച്ച ദാസിന്റെ പരിഭവം പറച്ചിൽ അവൾ നേരിടുന്നത് നോക്കൂ.
‘‘...ഇന്ന് ഞാൻ യാത്ര ചോദിച്ചപ്പോൾ എത്ര ലാഘവത്തോടെയാണ് നീ...''
‘‘എനിക്ക് വിഷമില്ലെന്നാണോ ദാസ് സൂചിപ്പിക്കുന്നത്. രണ്ട് മൂന്നു മാസം കൂടി ഇവിടെ താമസിക്കാൻ ദാസ് തന്നെയല്ലേ എന്നോട് പറഞ്ഞത്?''
‘‘ഞാൻ പറഞ്ഞില്ലായിരുന്നെങ്കിൽ...?''
‘‘എന്താ ദാസ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? ദാസിന് ഇഷ്ടമില്ലാത്തതെന്തെങ്കിലും ഞാൻ ഇന്നുവരെ ചെയ്തിട്ടുണ്ടോ?''

കുഞ്ഞിനോടുള്ള അടുപ്പം വളരെ നേരിയ നിലയിൽ പ്രത്യക്ഷപ്പെടുന്നത് ഇവിടെ കാണാം. എന്നാൽ ദാസിനോടുള്ള സ്‌നേഹത്തിനുമുകളിൽ ആ ഇഷ്ടം ഇടം നേടിയിട്ടില്ല. ഈ മാനസികനിലയിൽ നിന്ന് മാതൃത്വം എന്ന അവസ്ഥയിലേക്ക് അവൾ ദിവസങ്ങൾക്കുള്ളിൽ സ്വയം എത്തിപ്പെടുകയാണ്. അവൾക്ക് കുഞ്ഞിനെ പിരിയുക അസാധ്യമാകുന്നു. കുഞ്ഞിനെ തിരികെനല്കാൻ ദാസ് പ്രേരിപ്പിക്കുന്ന സന്ദർഭം അവൾ എത്രമാത്രം അമ്മയായിത്തീർന്നു, അമ്മ മാത്രമായിത്തീർന്നു എന്ന് വെളിവാക്കുന്നുണ്ട്. ‘ജീവിതകാലം മുഴുവൻ അപമാനത്തിന്റെ ഈ വിഴുപ്പ് ചുമക്കാൻ കഴിയില്ല' എന്ന് കുഞ്ഞിനെ ചൂണ്ടി ദാസ് പറയുമ്പോൾ ‘എങ്കിൽ എന്നെ ഉപേക്ഷിക്കാം' എന്നാണ് അവളുടെ മറുപടി.

മിമിയിലെ രംഗം / Photo: Ig, Kriti Sanon

യാന്ത്രികമായ ദിവസങ്ങളിലൂടെയാണ് മിമിയും ഗർഭകാലത്ത് കടന്നുപോകുന്നത്. സിനിമാ മോഹങ്ങളെല്ലാം തൽക്കാലം മാറ്റിവെച്ച്, ഷമയുടെ ബന്ധുവായ ചാന്ദ് എന്ന പേരിൽ ഏറെക്കുറെ ആൾമാറാട്ട ജീവിതം നയിക്കുന്നു അവൾ. എന്നാൽ കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടെന്നറിഞ്ഞ സമ്മറും ജോണും മുങ്ങുന്നതോടെ അവളുടെ ജീവിതവും മാറിമറിയുന്നു. ചതിക്കപ്പെട്ടതിന്റെ കോപതാപങ്ങളും സ്വപ്നങ്ങളസ്തമിച്ച നിരാശയും തീർത്ത കോളടങ്ങുമ്പോൾ അവൾ സ്വയം നവീകരിക്കപ്പെടുന്നു. കുഞ്ഞിനെ അബോർട്ട് ചെയ്യുന്നത് അവൾക്ക് അസ്വീകാര്യമാകുന്നു. അത് കൊലപാതകമാണ് എന്നകാര്യത്തിൽ അവൾക്ക് സന്ദേഹമേയില്ല. തുടർന്നങ്ങോട്ട് ആ കുഞ്ഞിനുവേണ്ടി അവൾ തന്റെ സ്വപ്നങ്ങൾ വേണ്ടെന്ന് വെക്കുന്നു. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനോടുള്ള അവളുടെ സഹാനുഭൂതിയാണ് സ്‌നേഹവാൽസല്യങ്ങളായി ശുദ്ധീകരിക്കപ്പെടുന്നത്. ആനിയുടെ തന്നെ ബീജമാണ് രാജീവിന്റെ മകൻ. എന്നാൽ മിമിയുടെ തന്നെ ഭാഷയിൽ അവൾ മണ്ണ് മാത്രമാണ്. വിത്തും വളവും അവളുടെതല്ല. ആ അർഥത്തിൽ മിമി ആനിയേക്കാൾ ഉദാത്തമായ ഒരിടത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. സ്വയം അസഹ്യമായി വേദനിപ്പിച്ചുകൊണ്ടാണെങ്കിലും ബീജദായിനിയായ അമ്മയ്ക്ക് രാജിനെ വിട്ടുകൊടുക്കാനുള്ള അവളുടെ തീരുമാനം ആനിയിൽ നിന്ന് അവളെ വീണ്ടും വ്യത്യസ്തയാക്കുന്നു. മാതൃത്വം ഒരു അവസ്ഥയല്ല, മനോഭാവമാണ് എന്ന നിഗമനത്തിലേക്ക് സിനിമ നമ്മളെ നയിക്കുന്നു.

മാതൃത്വത്തെ നിർണയിച്ചുറപ്പിക്കുന്ന ദശരഥം

ദശരഥത്തിലും മിമിയിലും കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മയേയും കാണാം. രാജീവിന്റെ അമ്മയും സമ്മറും. രാജീവിന്റെ അമ്മ അയാൾക്ക് മൂന്നു വയസ് തികയും മുൻപേ കാമുകനൊപ്പം പോയ സ്ത്രീയാണ്. അമ്മയുടെ അഭാവം സൃഷ്ടിക്കുന്നതാണ് രാജീവിന്റെ അരാജകജീവിതം എന്ന് സിനിമ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. അമ്മയുടെ അഭാവം ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തെ എങ്ങനെ വികലമാക്കാം എന്ന ഉദാഹരണം. മാതൃത്വത്തെ, അതിന്റെ കടമകളെ ആ അർഥത്തിൽ നിർണയിച്ചുറപ്പിക്കുന്നുണ്ട് ദശരഥം. ബാല്യത്തിലെങ്ങും അയാൾക്ക് പകരം ഒരമ്മയെ കിട്ടുന്നില്ല. ഒടുവിൽ മാഗിയോട് രാജീവ് ആവശ്യപ്പെടുന്നത് തന്റെ അമ്മയാവാനാണ് എന്നത് വെറുമൊരു ആഗ്രഹം പ്രകടിപ്പിക്കൽ മാത്രമല്ല. അമ്മയുടെ വീണ്ടെടുപ്പിലൂടെ, ആനിയിലൂടെ അയാൾ തിരിച്ചറിഞ്ഞ യഥാർഥ മാതൃത്വത്തിന്റെ വീണ്ടെടുപ്പിലൂടെ തന്റെ അനാഥമാക്കപ്പെട്ട ജീവിതം സനാഥമാക്കാം എന്നതാണ് അയാളുടെ പ്രതീക്ഷ.
എന്നാൽ സമ്മർ ഉപേക്ഷിക്കുമ്പോഴും രാജ് അനാഥനാകുന്നില്ല. മിമി അവന്റെ "ദേവകിയും യശോദയുമായി' സ്വയം മാറുന്നു. അതുകൊണ്ട് തന്നെ രാജ് മിടുക്കനായ ഒരു കുഞ്ഞായി വളരുന്നു. സമ്മർ കുഞ്ഞിനെ വേണ്ടെന്ന് വെച്ചുപോകുന്നത് നൈമിഷികമായ ദൗർബല്യത്തിന്റെ ഫലമായാണ്. ആ സംഭവത്തിനുശേഷം അവൾക്ക് സ്വാസ്ഥ്യം ഉണ്ടായിട്ടില്ല.

ആത്മഹത്യാശ്രമത്തോളം ചെന്നെത്തിയ അവളുടെ തുടർന്നുള്ള ജീവിതത്തെക്കുറിച്ചുള്ള ജോണിന്റെ വെളിപ്പെടുത്തൽ ശ്രദ്ധിക്കുക. ഈ പൂർവവൃത്താന്തകഥനം സമ്മറിന്റെ മാതൃത്വത്തെ, അത് സ്വയം വരുത്തിവെച്ച കളങ്കത്തിൽ നിന്ന് കഴുകിയെടുക്കാനുള്ളത് കൂടിയാണ്. ജീവിതത്തിലൊരിക്കലും (രാജീവിനെ ഉപേക്ഷിച്ചുപോയ) അമ്മ സ്വസ്ഥത അറിഞ്ഞിട്ടുണ്ടാവില്ല എന്ന് മാഗി രാജീവിനോട് പറയുന്ന വാക്കുകൾക്കും ഈ ദൗത്യം തന്നെയാണ് നിറവേറ്റാനുള്ളത്. ഫേസ്ബുക്കിൽ മിമിയും രാജുമൊത്തുള്ള വീഡിയോ കാണുംവരെ സമ്മർ മിമിയെക്കുറിച്ച് അന്വേഷിച്ചിട്ടേയില്ല എന്നകാര്യം പ്രേക്ഷകർ അത്രയെളുപ്പം മറക്കുന്ന വസ്തുതയാണോ എന്നത് സംശയമാണ്. മിമിയുടെ മാതൃത്വം ആഘോഷിക്കപ്പെടണമെങ്കിൽ സമ്മർ മിമിക്ക് തുല്യമായ നിലയിൽ എത്തേണ്ടതുണ്ട്. അതിനാണ് ആഖ്യാതാവ് ശ്രമിക്കുന്നത്; വാദം ദുർബലമാണെങ്കിലും.

പ്രേക്ഷകർ മിമിയുടെ പക്ഷത്ത് നിലകൊള്ളുന്ന തരത്തിലാണ് സിനിമയുടെ ആഖ്യാനം വികസിക്കുന്നത്. നിയമപരമായി കാര്യങ്ങൾ മിമിക്ക് അനുകൂലമല്ലെന്നറിയുമ്പോൾ പ്രേക്ഷകർ അനുഭവിക്കുന്ന സംഘർഷം മൂലധനമാക്കാൻ സിനിമ ശ്രമിക്കുന്നുമുണ്ട്. കഥാവസാനത്തെ മെലോഡ്രാമ (മട്ടുപ്പാവിൽ ഷമയും മിമിയും തമ്മിലുള്ള സംഭാഷണം, മിമിയും രാജും ഒത്തുള്ള രംഗങ്ങൾ, രാജിന്റെ കളിപ്പാട്ടങ്ങൾ പായ്ക്ക് ചെയ്യുന്ന സീൻ, അവസാനത്തെ കാർ യാത്ര തുടങ്ങിയവ) മിമിയോട് താദാത്മ്യം പ്രാപിക്കുന്ന പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണ്.

ഒളിച്ചുകടത്തുന്ന പുരുഷപക്ഷം

അതേസമയം ദശരഥത്തിന്റെ ആഖ്യാനപക്ഷം രാജീവിന് അനുകൂലമാണ്. നായകനോട് താദാത്മ്യം പ്രാപിച്ച, കുഞ്ഞിനെ അയാൾക്ക് തന്നെ തിരികെ കിട്ടണം എന്നാഗ്രഹിക്കുന്ന പ്രേക്ഷകർ കൂടി ആനിയുടെ എതിർപക്ഷത്താണ്. അവൾക്ക് സ്വന്തം അമ്മയോ ഭർത്താവോ തുണയില്ല . രാജീവിന്റെ ധനസ്ഥിതിയെയും വൈകാരികാവസ്ഥകളെയും മാത്രം നേരിട്ടാൽ പോര, അവൾ. സ്വന്തം ദാമ്പത്യഭാവിയെപ്പോലും അപകടപ്പെടുത്തിയാണ് അവളുടെ മാതൃത്വം സിനിമയിൽ നിറഞ്ഞു നില്ക്കുന്നത്. അവളുടെ മുന്നിലെ രാജീവ് മേനോന്റെ പരാജയം പക്ഷേ ക്ലൈമാക്‌സിലെ ചില പൊടിക്കൈകളിലൂടെ അയാളുടെ ഉദാരതയായി വ്യാഖ്യാനിക്കുന്നത് സിനിമയുടെ പുരുഷപക്ഷ ആഖ്യാനത്തിന്റെ സ്വഭാവമാണ് വെളിവാക്കുന്നത്. ഭാനുപ്രതാപിലൂടെ മിമിയിലും പുരുഷപക്ഷ പ്രേക്ഷകർക്കായി ചില ആനുകൂല്യങ്ങൾ നല്കുന്നുണ്ട്. താൻ കൂടി കാരണമായി മിമിക്കുണ്ടായ ദുരന്തം നേരിടാൻ അയാൾ അവൾക്കൊപ്പം നിൽക്കുന്നു; സ്വന്തം കുടുംബജീവിതം അസ്വസ്ഥമാക്കിക്കൊണ്ടുതന്നെ. യാത്രക്കിടയിലുണ്ടാകുന്ന തടസ്സങ്ങൾ മറികടന്ന് യാത്രക്കാരനെ ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് ഒരു ഡ്രൈവറുടെ കടമ എന്ന് അയാൾ തന്റെ നയം വ്യക്തമാക്കുന്നുണ്ട്. അങ്ങനെ ഒരു രക്ഷകന്റെ സ്ഥാനം അയാളിൽ ദർശിച്ച് തൃപ്തിയടയാൻ പ്രേക്ഷകർക്ക് സിനിമ അവസരം നല്കുന്നു.

സിനിമകളിലെ പിതൃത്വം

ഈ രണ്ട് സിനിമകളും പിതൃത്വത്തെ നോക്കിക്കാണുന്നത് എങ്ങനെയെന്ന് കൂടി പരിശോധിക്കുന്നത് ഉചിതമാകും. രാജീവിനെ സംബന്ധിച്ച് അച്ഛനാവുക എന്നത് ജീവിതത്തിന്റെ അർഥം കണ്ടെടുക്കുകയാണെന്ന് അയാളുടെ പരസ്യപ്രകടനങ്ങളിലൂടെ പറയാൻ സിനിമ ശ്രമിക്കുന്നുണ്ട്. എന്നാൽ അയാളുടെ ചെയ്തികളിലെ ബാലിശത - ആനിയുടെ പരിചരണത്തിന് തയ്യാറാക്കി നിർത്തിയ നഴ്‌സുമാരും ഡയറ്റീഷ്യയും ആയയും ഡ്രൈവറും ഉൾപ്പെടുന്ന ആൾക്കൂട്ടം, പ്രസവിച്ച ഉടനെ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാകും മുൻപേ തന്നെ (അക്ഷരാർത്ഥത്തിൽത്തന്നെ) വണ്ടി നിറയെ കളിപ്പാട്ടങ്ങൾ വാങ്ങിക്കൂട്ടുന്നത് തുടങ്ങിയവ - പിതാവാകാനുളള മാനസിക പക്വത അയാൾ നേടിയിട്ടില്ല എന്നതിന്റെ സാക്ഷ്യപത്രമാണ്. യഥാർത്ഥത്തിൽ അച്ഛനാവുകയല്ല മകനാവുകയാണ് അയാൾക്കാവശ്യം എന്ന് സിനിമയുടെ അന്ത്യം കാണുമ്പോൾ ബോധ്യമാകും. മിമിയിലെ ജോണും പിതാവാകുന്നതിലെ ആനന്ദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സമ്മറിന്റെ സന്തോഷമാണ് അയാളുടെ മുഖ്യലക്ഷ്യം. മാതൃത്വത്തിന് പരഭാഗശോഭ നല്കുക എന്ന ദൗത്യം കൂടി നിർവഹിക്കുന്നുണ്ട് ഈ പിതാക്കൾ. മാതാവാകുക എന്നത് പിതാവാകുന്നതുപോലെ അത്ര ചെറിയ കാര്യമല്ല എന്നുതന്നെയല്ലേ ഈ രണ്ട് അച്ഛൻമാരിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്ന സന്ദേശം.

ആദർശ സ്ത്രീപ്രതിനിധാനം

നിലനിൽക്കുന്ന സാമൂഹ്യസാഹചര്യങ്ങളിൽ പ്രബലമായ കാഴ്ചപ്പാടുകളെ പിൻപറ്റുക എന്നത് ജനപ്രിയമായി നിൽക്കാൻ കലയും സാഹിത്യവും കണ്ടെത്തുന്ന ലളിതസമവാക്യമാണ്. തങ്ങൾ വരും കാലത്തിന്റെ കഥകൾ പറയുന്നു എന്ന ധ്വനി നിലനിർത്തി നിലവിലുള്ള ഒന്നിനും പോറലേൽപ്പിക്കാതെ ആഖ്യാനം നിർവഹിക്കുന്നു ഈ രണ്ട് സിനിമകളും. മാതൃത്വത്തെ, ശാസ്ത്ര സാങ്കേതിക വികാസത്തിന്റെ പുതിയ സാഹചര്യത്തിൽ ചർച്ചക്കെടുക്കുന്നു ഇവ. എന്നാൽ, മാതൃത്വം എന്ന മഹത്വവൽക്കരിച്ച അവസ്ഥയെ, ദേശകാലങ്ങൾക്കതീതമായി നിലനില്ക്കുന്ന ആദർശ സ്ത്രീപ്രതിനിധാനത്തെയാണ് ദശരഥവും മിമിയുംആവിഷ്‌കരിക്കുന്നത്.

One is not born, but rather becomes, a women എന്ന സിമൺ ദി ബൂവേയുടെ നിരീക്ഷണം കടമെടുത്താൽ പ്രസവത്തോടെ ജനിക്കുന്ന ആളല്ല അമ്മയെന്നും അത് ഒരു ആയിത്തീരലാണ് എന്നും ഈ രണ്ട് സിനിമകളും പറഞ്ഞു വെക്കുന്നു. ആ ആയിത്തീരൽ ആത്മത്യാഗത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണെന്ന അധികപാഠം കൂടി സിനിമ വിനിമയം ചെയ്യുന്നു. ത്യാഗം ഉദാത്തീകരിയ്ക്കാനുള്ള ഉപാധിയാണെന്നും സ്വയം ത്യജിച്ചും ആ ഔന്നത്യം സ്വായത്തമാക്കണമെന്നുമുള്ള സന്ദേശം പ്രേക്ഷകർക്ക് മുന്നിൽ സിനിമ അവതരിപ്പിക്കുന്നു. മുപ്പത് വർഷങ്ങൾക്കിരുപുറവും അതേ വീഞ്ഞ് കാലത്തിനിണങ്ങുന്ന കുപ്പിയിൽ അവതരിപ്പിക്കപ്പെട്ടു എന്ന വ്യത്യാസം മാത്രമേ ഈ സിനിമകൾ തമ്മിലുളളൂ.

Comments