ആൻഡി വെയ്റിന്റെ നോവലിനെ അധികരിച്ച് ഫിൽ ലോർഡും ക്രിസ്റ്റഫർ മില്ലറും ചേർന്ന് സംവിധാനം ചെയ്ത് പുറത്തിറക്കിയ, ‘പ്രൊജക്ട് ഹെയ്ൽ മേരി’ (2026) എന്ന അമേരിക്കൻ സൈഫൈ ചിത്രം സാധാരണ ഈ ജോണറിലിറങ്ങാറുള്ള ചിത്രങ്ങളുടെ ഡിസ്റ്റോപ്പിയൻ ഭാഷ്യത്തിൽ നിന്നും വ്യത്യസ്തമായി ഹാസ്യത്തെ കൈകാര്യം ചെയ്യുന്ന ഒരു ഫീൽ ഗുഡ് കോമഡിയാണ്. റയാൻ ഗോസ്ലിങ്ങിന്റെ സ്വതസിദ്ധമായ ശൈലിയിൽ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്ന ആ കോമഡിക്ക് നിസ്സാരതാഭാവം ചിത്രത്തിന്റെ ഗൗരവമേറിയ രംഗങ്ങളെയും ആയാസരഹിതമാക്കുകയും പ്രേക്ഷകരിൽ ചിരി പടർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ സിനിമ മുന്നോട്ടു വയ്ക്കുന്ന ഈ നിസ്സാരത, സിനിമയുടെ വിഷയസമീപനരീതിയിൽ അവലംബിച്ചിരിക്കുന്ന ഈ നിസ്സാരത, അത് അമേരിക്ക എക്കാലത്തും ആഗോള കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചും, ലോകസമാധാനത്തെ സംബന്ധിച്ചും പുലർത്തേണ്ട കേവല മര്യാദകളെ ഉല്ലംഘിച്ചുകൊണ്ട് തുടർന്നു പോന്നിട്ടുള്ള നിസ്സാരതാമനോഭാവത്തിന്റെ സിനിമാറ്റിക് പ്രതിഫലനമാണെന്ന് വേണമെങ്കിൽ നീട്ടിപ്പറയാം.
എല്ലാവിധ ജിയോ-പൊളിറ്റിക്കൽ സംഘർഷങ്ങൾക്കും അതീതരായി ലോകരാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഒന്നിക്കുക, രാഷ്ട്രീയ ഭീഷണികളെ പരസ്പരം മറന്നുകൊണ്ടും പൊറുത്തുകൊണ്ടും ലോകാവസാനം എന്ന ജൈവിക ഭീഷണിയെ ഒന്നിച്ച് നേരിടുക എന്നതൊക്കെ അമേരിക്ക എന്ന സാമ്രാജ്യത്വശക്തി നടത്തുന്ന ഏറ്റവും വലിയ അധിനിവേശങ്ങളുടെയും നീതികേടുകളുടെയും കാലത്തിരുന്ന് അവിടെ നിന്നു തന്നെ നിർമ്മിക്കപ്പെട്ട ഒരു സിനിമയിൽ നിന്നും കേൾക്കേണ്ടി വരിക എന്നതാണ് അതിലെ വലിയ തമാശ. ആഗോള കാലാവസ്ഥാമാറ്റത്തിന് തടയിടുന്നതിനായി 196 രാജ്യങ്ങൾ ഒപ്പുവച്ച പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. അതേ ജനുവരിയിൽ തന്നെയാണ് വെനസ്വെലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും നാർക്കോ ടെററിസം ആരോപിച്ച് അന്യായമായി കിഡ്നാപ്പ് ചെയ്ത് ജയിലിലടച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ആക്രമിച്ചു കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലും. എത്രയോ കാലങ്ങളായി തുടരുന്ന അമേരിക്കൻ സ്പോൺസേഡ് പലസ്തീനിയൻ വംശഹത്യ മറ്റൊരിടത്തും. ഇത്രയേറെ വിനാശകാരിയായിരിക്കുന്ന ഒരു സാമ്രാജ്യത്വശക്തി, അത് നിർമ്മിക്കുന്ന സിനിമയിൽ ലോകാവസാനം എന്ന സങ്കൽപ്പത്തെ പ്രതി ആശങ്കാകുലരാകുന്നതും അതേപ്രതി ആഗോളസഹകരണമെന്ന ഉട്ടോപ്യൻ ആശയത്തെ മുന്നോട്ട് വെയ്ക്കുന്നതും തമാശയെന്നല്ലാതെ മറ്റെന്ത് പറയാൻ! പ്രത്യേകിച്ചും ഈ യുദ്ധം നേരിട്ടനുഭവിക്കുന്ന സൗത്ത് ഈസ്റ്റേഷ്യൻ രാജ്യങ്ങളിലെ പ്രേക്ഷകർ എന്ത് പറയാൻ?

ബഹിരാകാശ പര്യവേക്ഷണം എന്നത്, പൊതുവേ, മനുഷ്യരുടെ ജിജ്ഞാസയുടെ സ്വാഭാവിക വികാസമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ അത് അമേരിക്കൻ അധിനിവേശചരിത്രത്തിന്റെ തുടർചരിതമാണെന്ന് കാണാം. ശീതയുദ്ധത്തിന്റെ പശ്ചാത്തലമാണ് അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ. അതിർത്തികൾ കൈയേറി രാഷ്ട്രങ്ങൾ കൈയടക്കുന്ന അതേ ലോജിക് തന്നെയാണ് ബഹിരാകാശ പര്യവേക്ഷണത്തിലും നിഴലിക്കുന്നത്. 1957-ൽ സോവിയറ്റ് യൂണിയൻ സ്പുട്നിക് 1 എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നു. ഇതിൽ ചൊടിച്ച അമേരിക്ക, തൊട്ടടുത്ത വർഷം, അതായത് 1958-ൽ അവരുടെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ എക്സ്പ്ലൊറർ 1 എന്ന ഉപഗ്രഹമുണ്ടാക്കുന്നു. തുടർന്ന് 1961-ൽ സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിൻ ആദ്യ ബഹിരാകാശ യാത്രികനാകുന്നു, 1963-ൽ വാലന്റീന തെരഷ്കോവ എന്ന ആദ്യ വനിതാ ബഹിരാകാശയാത്രികയുണ്ടാകുന്നു. സ്വാഭാവികമായും വെറിപൂണ്ട അമേരിക്ക 1969-ൽ നീൽ ആംസ്ട്രോങ്ങിനെയും ബുസ് ആൾഡ്രിനെയും ചന്ദ്രനിലിറക്കുന്നു. ചന്ദ്രനിൽ ആദ്യം കാലുകുത്തിയെന്ന് അവകാശപ്പെടുന്ന ആ മനുഷ്യർ അമേരിക്കൻ പതാക അവിടെ നാട്ടിയതിനു പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. അതായത് ആ കൊടിനാട്ടലിൽ ചന്ദ്രനെ തങ്ങൾ കീഴടക്കിയിരിക്കുന്നു എന്ന അധിനിവേശ സ്വരമുണ്ട്. അല്ലാത്ത പക്ഷം ‘പ്രൊജക്ട് ഹെയ്ൽ മേരി’ ഉന്നയിക്കുന്ന തരം ദേശീയതകൾക്കതീതമായ ഒരു ശാസ്ത്ര-സഹകരണ-ഐക്യം അവിടെയുണ്ടായിരുന്നുവെങ്കിൽ ഒരു രാഷ്ട്രത്തിന്റെ പതാക നാട്ടുന്ന തീരുമാനം തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ. അമേരിക്ക പോലെയൊരു സാമ്രാജ്യത്വശക്തിയുടെ ഒരു നീക്കത്തെയും അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്നതാണ് വാസ്തവം.
ബഹിരാകാശം എന്നതിനെ ഇവിടെ മനുഷ്യരുടെ ജിജ്ഞാസയെ നിരന്തരം ത്രസിപ്പിക്കുന്ന ശൂന്യസ്ഥലിയായി മാത്രമല്ല, ശീതയുദ്ധത്തിന്റെ സൈനികവും സാങ്കേതികവുമായ മത്സരത്തെ പ്രതിനിധീകരിക്കുന്ന ഐഡിയോളജിക്കൽ വാർഫെയർ കൂടിയായി പരിഗണിക്കേണ്ടതുണ്ട്. ഭൂമിയിലെ രാഷ്ട്രാതിർത്തികളെ മറികടന്ന് അധികാരശക്തികളുടെ കിടമത്സരങ്ങൾ പ്രപഞ്ചത്തിലേക്കും വ്യാപിച്ചിരിക്കുന്നു. ആ വ്യാപനത്തിനിട വരുത്തിയത് സൈനികാവശ്യങ്ങൾക്കായി തുടങ്ങിയ റോക്കറ്റ് സാങ്കേതികവിദ്യയുടെ വികാസമാണെന്നത് യാദൃശ്ചികം മാത്രമോ? ബഹിരാകാശ പര്യവേക്ഷണത്തിനായി അയക്കപ്പെട്ട കൃത്രിമോപഗ്രഹങ്ങൾ ആഗോള നിരീക്ഷണ സംവിധാനങ്ങളായി (Global Monitoring Systems) പരിണമിക്കുകയും അവ സർവെയിലൻസ് ഭീഷണികളെ ഉയർത്തിക്കൊണ്ട് പുതിയ തരം അധികാരത്തെയും ശക്തിഘടനകളെയും സൃഷ്ടിക്കുകയും ചെയ്തു. ഖമനേയിയെ കൊലപ്പെടുത്തിയത് ഇത്തരത്തിലൊരു സംവിധാനം ഉപയോഗിച്ചാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതായത് ബഹിരാകാശ പര്യവേക്ഷണത്തിന്റെ ആത്യന്തികലക്ഷ്യം കേവല ശാസ്ത്ര അറിവുൽപ്പാദനം മാത്രമല്ല. അതിനു പിന്നിൽ ജിയോ-പൊളിറ്റിക്കൽ താൽപ്പര്യങ്ങളുടെയും കോർപ്പറേറ്റ് മുതലാളിത്ത താൽപ്പര്യങ്ങളുടെയും ഗൂഢാലോചനകളും ഗൂഢതന്ത്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ഇലോൺ മസ്കിന്റെ സ്പെയ്സ്-എക്സ് പോലെയുള്ള ബഹിരാകാശ കോർപ്പറേറ്റ് സംരംഭങ്ങൾ ചൊവ്വയെ കീഴടക്കാനും വാസയോഗ്യമാക്കാനുമുള്ള ദീർഘകാല പദ്ധതിയുടെ അടിസ്ഥാനത്തിൽ വിരിഞ്ഞതാണ്. ‘ആരുടേതുമല്ലാത്ത ഭൂമി’യിൽ (Terra Nullius) അധിനിവേശം സ്ഥാപിച്ച് കൈക്കലാക്കുന്ന അമേരിക്കയുടെ കോളനിവൽക്കരണ പദ്ധതി ശൂന്യാകാശത്തേക്കും വ്യാപിച്ചിരിക്കുന്നു എന്നതാണ് പരിഹാസ്യമായ യാഥാർത്ഥ്യം. ഈ പുതുകോളനീകരണത്തിന്റെ ഭാഷ്യം കോർപ്പറേറ്റിന്റേതു കൂടിയാകുമ്പോൾ ആർക്കാണ് ശൂന്യാകാശത്തിന്റെ ഉടമസ്ഥാവകാശം? അവിടം ചൂഷണവിധേയമാക്കുവാൻ ആർക്കാണ് അധികാരം? ആരുടെ അറിവുൽപ്പാദകസംവിധാനങ്ങൾക്കാണ് ശൂന്യാകാശത്തിന്റെ അർത്ഥം നിർവചിക്കുന്നതിൽ വിശേഷാധികാരമുള്ളത്? എന്നീ ചോദ്യങ്ങൾ പ്രസക്തമാകുന്നു. അറിവിന്റെ നിർമ്മാണം എല്ലായ്പ്പോഴും ഒരു ശക്തി ബന്ധത്തിനുള്ളിൽ നിന്നാണ് നടക്കുന്നത്. നാസ പോലെയുള്ള സ്ഥാപനങ്ങളിലൂടെ നിർമ്മിക്കപ്പെടുന്ന ഈ അറിവ് ഒരു പ്രാപഞ്ചികസത്യമായി അവതരിപ്പിക്കപ്പെടുകയും അറിവുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ അറിവുനിർമ്മാണഘടനകൾ പ്രത്യേകമായ രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടവയായതുകൊണ്ടു തന്നെ ബഹിരാകാശ പര്യവേക്ഷണം എന്നത് അറിവിന്റെ ഒരു സാമ്രാജ്യത്വ പദ്ധതിയായി പരിണമിക്കുന്നു.
മനുഷ്യരാണ് പ്രപഞ്ചത്തിന്റെ ഉത്തമസൃഷ്ടിയും മേലാളവർഗ്ഗവുമെന്ന പുരുഷാധിപത്യ മാനവികതാവാദ പ്രമാണത്തിന്റെ ബഹിർസ്ഫുരണമാണ് ഇഹലോകജീവികൾ മനുഷ്യരേക്കാൾ താഴ്ന്ന ശാരീരികഘടനയിലാണെന്നുള്ള സങ്കൽപ്പത്തിലുള്ളത്. ഒരുപക്ഷേ വികാസത്തിൽ തന്നേക്കാൾ ഉയർന്ന സ്ഥലിയിലുള്ള ഒരു ജീവിയെ ഭാവന ചെയ്യാനുള്ള മനുഷ്യരുടെ സങ്കൽപ്പപരിധിയോ പരിമിതിയോ കൂടിയാകാമത്. ‘പ്രൊജക്ട് ഹെയ്ൽ മേരി’ എന്ന സിനിമയിൽ ആവിഷ്കരിച്ചിട്ടുള്ള റോക്കി എന്ന അന്യഗ്രഹജീവി ഗ്രെയ്സ് എന്ന നായകമനുഷ്യന് കീഴ്പ്പെട്ടു പോയിട്ടുള്ളത് ഇതിനാലാകണം. ബഹിരാകാശ യാത്രികനായ ഡോ. ഗ്രെയ്സ് ഇവിടെ റോബിൻസൺ ക്രൂസോയാകുകയാണ്. റോക്കി അയാളുടെ സൗഹൃദത്തിന് വിധേയപ്പെട്ടു കഴിയുന്ന ഫ്രൈഡേയും. റോക്കിയുടെ സ്വതന്ത്രമായ അസ്തിത്വം, അതിന്റെ സംസ്കാരം, ആവിഷ്കാരം, പ്രപഞ്ചദർശനം എന്നിവയെല്ലാം ഡോ. ഗ്രെയ്സിന്റെ മനുഷ്യാഖ്യാനങ്ങളിലേക്കും അറിവുനിർമ്മിതികളിലേക്കും കീഴ്പ്പെട്ട് ലയിച്ചു ചേരുകയാണ്. അതായത്, “അദർ” ആയ റോക്കിയിവിടെ ഗ്രെയ്സിന് “സ്വന്തമാക്കപ്പെടുന്നു.” മറ്റൊന്ന്, മനുഷ്യർ / അന്യഗ്രഹജീവി എന്ന വിശാല പ്രാപഞ്ചിക ദ്വന്ദ്വത്തിലേക്ക് നാം കടക്കണമെങ്കിൽ മനുഷ്യർ എന്ന ഏകശിലാത്മകമായ ഒരു സ്വത്വഘടനയിലേക്ക് നാം ഐക്യപ്പെട്ടെത്തേണ്ടതുണ്ട്. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നാണല്ലോ. അമേരിക്കയുടെ വംശഹത്യയ്ക്ക് പാത്രീഭൂതരായിട്ടുള്ള പലസ്തീനികളെയോ അല്ലെങ്കിൽ ഇറാനികളെയോ ലെബനികളെയോ പ്രതിനിധീകരിക്കുവാൻ അമേരിക്കക്കാരനും വെളുത്തവർഗ്ഗക്കാരനുമായ ഡോ. ഗ്രെയ്സിനു കഴിയുമോ?

ഈ ചരിത്ര പശ്ചാത്തലത്തിൽ നിന്ന് നോക്കുമ്പോൾ, പ്രൊജക്ട് ഹെയ്ൽ മേരി എന്ന സിനിമ ബഹിരാകാശത്തെ നിഷ്പക്ഷവും രാഷ്ട്രീയരഹിതവുമായ മേഖലയായി അവതരിപ്പിക്കുന്നത് ഒരു കബളിപ്പിക്കൽ കൂടിയാണ്. അമേരിക്ക ആഗോള രാഷ്ട്രീയത്തിൽ നടത്തിവരുന്ന ഇടപെടലുകളും അധിനിവേശങ്ങളും പരിഗണിക്കുമ്പോൾ, ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന ആഗോള ഐക്യഭാഷ്യം യാഥാർത്ഥ്യവിരുദ്ധമാണ്, അത്തരത്തിൽ ഈ സിനിമയൊരു സ്വയം-പരിഹാസമായി പരിണമിക്കുകയാണ്.
