തമിഴിലെ ക്ലാസിക് നോവൽ, മാസ്റ്റർ ഡയറക്ടർ മണിരത്‌നം, വിഖ്യാത സംഗീതജ്ഞൻ എ.ആർ. റഹ്‌മാൻ, ഐശ്വര്യറായ്, വിക്രം, തൃഷ, കാർത്തി, ജയം രവി തുടങ്ങിയ വമ്പൻ താരനിര. ഇതുവരെ വളരെ ശരിയാണ്. ഇവയുടെ ആകെത്തുക സിനിമയിൽ കാണാനുമുണ്ട്, എന്നാൽ ഇത്രയും കാര്യങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചുണ്ടാകേണ്ട ഒരു "സിനർജി' സിനിമയിൽ ഇല്ലെന്നതാണ് പൊന്നിയിൻ സെൽവനെ ഒരു ആവറേജ് സിനിമാനുഭവമാക്കുന്നത്.
പൊന്നിയിൻ സെൽവൻ നോവലിന്റെ തന്നെ കഥയാണ് സിനിമ. രണ്ട് ഭാഗമാക്കി ചിത്രീകരിച്ച സിനിമയുടെ ആദ്യഭാഗമാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ അധിപൻ സുന്ദര ചോളൻ(പ്രകാശ് രാജ്) പ്രായവും രോഗവും കൊണ്ട് ബുദ്ധിമുട്ടുകയാണ്. ആദിത്യ കരികാല(വിക്രം) ആണ് അടുത്ത കിരീടാവകാശി. എന്നാൽ ചോള രാജ്യത്തിന്റെ മുൻ ഭരണാധികാരിയുടെ മകൻ മഥുരാന്തകനും(റഹ്‌മാൻ) സിംഹാസനത്തിനായി ആഗ്രഹിക്കുന്നു. മറ്റു സാമന്തരാജാക്കന്മാരുമായി ചേർന്ന് മഥുരാന്തകൻ കടമ്പൂർ കൊട്ടാരത്തിൽ വച്ച് ഒരു അട്ടിമറി പദ്ധതിയിടുന്നു.
വിമതരുടെ ഈ നീക്കമറഞ്ഞ ആദിത്യൻ തന്റെ വിശ്വസ്തനായ വന്തിയതേവൻ (കാർത്തി) കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞു വിടുന്നു. ഇതേ സമയം സുന്ദര ചോളന്റെ ഇളയ മകൻ പൊന്നിയൻ സെൽവം ലങ്കയിൽ യുദ്ധം നയിക്കുകയാണ്. മഥുരാന്തകൻ ആസൂത്രണം ചെയ്ത അട്ടിമറിയും അതേ തുടർന്നുള്ള സംഭവങ്ങളുമാണ് പൊന്നിയിൻ സെൽവൻ ഭാഗം ഒന്നിലുള്ളത്.
ഒരു പാൻ ഇന്ത്യൻ ചരിത്ര സിനിമയ്ക്ക് ആവശ്യമായ പ്രൗഢിയോടെ തന്നെയാണ് പൊന്നിയിൻ സെൽവൻ സ്‌ക്രീനിലെത്തുന്നത്. മികച്ച കലാസംവിധാനവും യോജിച്ച വസ്ത്രാലങ്കാരവും ചിത്രത്തിന് ഗാംഭീര്യമേറ്റുന്നു. സാങ്കേതികമായി വലിയ തെറ്റുകൾ പറയാനില്ലാത്ത സിനിമയാണ് പൊന്നിയിൻ സെൽവൻ.
താരങ്ങളുടെ പ്രകടനമാണ് മറ്റൊരു ആകർഷണീയത. താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ടെങ്കിലും വന്തിയതേവനായെത്തിയ കാർത്തിയാണ് ചിത്രത്തിലുടനീളം ശ്രദ്ധ പിടിച്ചുപറ്റിയത്. മറ്റൊരർഥത്തിൽ കാർത്തിയുടെ കഥാപാത്രത്തിലൂടെയാണ് ചിത്രം ഏറിയ പങ്കും പറഞ്ഞു പോവുന്നത്. ആക്ഷൻ രംഗങ്ങളിലും റൊമാൻസ് രംഗങ്ങളിലും ചെറിയ തമാശകളിൽ പോലും കാർത്തി തിളങ്ങിനിന്നു.
ജയം രവിയുടെ പ്രകടനവും എടുത്ത് പറയാവുന്നതാണ്. ടൈറ്റിൽ ക്യാരക്ടറാണെങ്കിലും രണ്ടാം പകുതിയോടടുത്താണ് ജയം രവിയുടെ പൊന്നിയിൻ സെൽവം കഥയിലെത്തുന്നത്.
നന്ദിനിയായെത്തിയ ഐശര്യറായിയും കുന്തവൈയായെത്തിയ തൃഷയും ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. നോട്ടം കൊണ്ട് പോലും വലിയ ചലനങ്ങളുണ്ടാക്കുന്ന, ചെറിയ ഭാവപ്രകടനങ്ങൾ കൊണ്ട് പോലും ഇംപാക്ട് ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണ് ഇരുവരും സ്ക്രീനിലെത്തിച്ചത്. ഐശര്യലക്ഷ്മിയുടെ പൂങ്കുഴലി, ശോഭിത ദുലിപാലയുടെ കൊടമ്പല്ലൂർ ഇളവരസി തുടങ്ങി ചിത്രത്തിലെ മറ്റു സ്ത്രീ കഥാപാത്രങ്ങളും കൃത്യമായി ഡീറ്റെയിൽ ചെയ്യപ്പെട്ടതും ഐഡന്റിറ്റി ഉള്ളവരുമാണ്. സ്ത്രീകഥാപാത്രങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുന്ന മണിരത്‌നം ട്രൈറ്റ് പൊന്നിയൻ സെൽവനിലും കാണാം.
വിക്രം കുറച്ച് സീനുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വലിയ ഇംപാക്ട് പ്രേക്ഷകരിലെത്തിക്കാനായിട്ടുണ്ട്.
ലാൽ, പ്രഭു, ശരത്കുമാർ, ജയറാം, പ്രകാശ് രാജ്, റഹ്‌മാൻ, പാർഥിപൻ, നാസർ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
പ്രകടനം കൊണ്ട് നിരാശപ്പെടുത്തിയില്ലെങ്കിലും ഇത്രയധികം കഥാപാത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി അവ്യക്തമായി അവതരിപ്പിക്കപ്പെടുന്നത് പ്രേക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. ഇത്രയധികം കഥാപാത്രങ്ങൾ വരുമ്പോഴും ഒന്നിലും ഫോക്കസ് ചെയ്യാനാവാതെ കെട്ടഴിഞ്ഞ നിലയിലാണ് സിനിമ.
മൂന്ന് മണിക്കൂറിനടുത്താണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ അത്രയും നേരം പിടിച്ചിരുത്താനുള്ള മൊമന്റുകൾ തിരക്കഥയിലില്ല. പൊന്നിയൻ സെൽവന്റെ കഥ ആകർഷകമാണെങ്കിലും സ്‌ക്രീനിൽ പ്രേക്ഷകനെ അത് എൻഗേജ് ചെയ്യിക്കുന്നില്ല. ഒരു സിനിമയിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു എലവേഷൻ മൊമെന്റ്‌സോ ഡ്രാമയോ പൊന്നിയൻ സെൽവൻ നൽകുന്നില്ല. പൊന്നിയൻ സെൽവൻ കഥ മുൻപ് പരിചയമില്ലാത്ത പ്രേക്ഷകർക്ക് കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ പിടിച്ചെടുക്കാനാവാത്ത വിധം ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് സിനിമ.
ജയം രവിയുടെ കാർത്തിയുമായുള്ള ഫൈറ്റ് ഒഴിച്ച് നിർത്തിയാൽ ആക്ഷൻ രംഗങ്ങളിൽ പോലും ഒരു ശരാശരിക്ക് മുകളിലേക്ക് പ്രേക്ഷകനെ പിടിച്ചുയർത്താൻ മണിരത്‌നത്തിന് കഴിയുന്നില്ല. യുദ്ധരംഗങ്ങളിൽ വൈകാരികതയോ അഡ്രിനാലിൻ റഷോ ചേരാതെ വെറും ഒരു "ടെക്‌നിക്കലി ശരി'യായ ചിത്രീകരണം മാത്രമായി ഒതുങ്ങുന്നു. ക്ലൈമാക്സിലെ യുദ്ധത്തിൻറെ കാര്യവും ഇങ്ങനെ തന്നെ. ഒരു വൻ ഇംപാക്ട് ഉണ്ടാക്കാവുമായിരുന്ന യുദ്ധ രംഗങ്ങൾ ഒട്ടും ഫോക്കസ് ഇല്ലാതെ ചിത്രീകരിച്ച് വെറും കാഴ്ചയാക്കി മാറ്റിക്കളഞ്ഞു.
പാട്ടുകളാണ് പിന്നെയും മികച്ച് നിന്നത്. ഓരോ പാട്ടും സംഗീതം കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും രസമുള്ളതായി. പശ്ചാത്തല സംഗീതത്തിനൊത്ത് സിനിമയുടെ മൊത്തം വൈകാരികതയ്ക്ക് ഉയരാനാവാത്തത് സംഗീതത്തെയും ചിത്രത്തെയും വേറിട്ട് നിർത്തിയിരിക്കുകയാണ്.
മികച്ച സാങ്കേതികത്തികവിലുള്ള ഒരു ശരാശരി ചലച്ചിത്രാനുഭവമാണ് പൊന്നിയിൻ സെൽവമെന്നാണ് ഒറ്റവാക്കിൽ പറയാനുള്ളത്.