ലീന മണിമേകലൈ സംവിധാനം ചെയ്ത ‘കാളി' എന്ന ഡോക്യുമെൻററി സിനിമയുടെ ട്രെയിലറിൽ, ഹിന്ദു ദേവതമാരെ അധിക്ഷേപിച്ചു എന്നാരോപിച്ച് സംഘ്പരിവാർ സംഘടനകൾ നൽകിയ പരാതിയിൽ യു.പി പൊലീസ് കേസെടുത്തത് സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ലീനക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത പരാതികളിൽ അവരെ അറസ്റ്റു ചെയ്യുന്നത് ഇപ്പോൾ സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. യു.പി, മധ്യപ്രദേശ്, ഡൽഹി, ആസാം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ലീനക്കെതിരെ എഫ്.ഐ.ആറുള്ളത്. ഈ കേസുകൾ ഒരിടത്തേക്ക് മാറ്റുന്നതു സംബന്ധിച്ചും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് സംസ്ഥാനങ്ങളോട് മറുപടി തേടിയിട്ടുണ്ട്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പാശ്ചാത്തലത്തിൽ, കാളിയുടെ വേഷം അഭിനയിക്കുന്ന നടി സിഗരറ്റ് വലിക്കുന്ന ചിത്രത്തിനെതിരെയായിരുന്നു പരാതി. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ് ഇതിവൃത്തം. പാർവതിയുടെയും ശിവന്റെയും വേഷം ധരിച്ച കലാകാരന്മാർ പുക വലിയ്ക്കുന്ന ദൃശ്യം ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച ലീന, ഇത് ഇന്ത്യൻ ഗ്രാമങ്ങളിൽ എവിടെയും കാണാവുന്ന ദൃശ്യമാണെന്നും തന്റെ സിനിമയിലുള്ളതല്ല എന്നുമാണ് വിശദീകരിച്ചത്. കാനഡയിലെ ടൊറാന്റോയിൽ കഴിയുന്ന ലീന, അവിടുത്തെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്. സിനിമക്കെതിരായ പ്രതിഷേധം, ലീനയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന ആക്രോശത്തിലേക്കുയർത്തി, സംഘ്പരിവാർ സംഘടനകൾ. ഇതുമായി ബന്ധപ്പെട്ട് ഇവർ നിരവധി സംസ്ഥാനങ്ങളിൽ കൂട്ടപ്പരാതികൾ നൽകുകയായിരുന്നു.
കാളീവേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതിനൊപ്പം ത്രിശൂലം, അരിവാൾ, എൻ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാക എന്നിവ കൈയിലേന്തിയിരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഈ പോസ്റ്റർ പുറത്തിറങ്ങിയതിനെതുടർന്ന് ‘അറസ്റ്റ് ലീന മണിമേകലൈ' എന്ന ഹാഷ് ടാഗ് കാമ്പയിൻ നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ പ്രശസ്ത എഴുത്തുകാരനായ പെരുമാൾ മുരുകനെതിരെയായിരുന്നു, മുമ്പ് സമാനമായ ആക്രമണമുണ്ടായത്. പക്ഷേ, അദ്ദേഹത്തെ തമിഴകത്തിലും കേരളത്തിലുമുള്ള സാംസ്‌കാരിക പ്രവർത്തകർ ഏറ്റെടുത്തു. ഇവിടങ്ങളിൽ ദ്രാവിഡ പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും ഭരിക്കുന്നതുകൊണ്ടുമാത്രമാണ് പെരുമാൾ മുരുകനെപ്പോലുള്ള എഴുത്തുകാരന് ജീവൻ തിരിച്ചുകിട്ടിയത്.
‘എന്റെ മൗനങ്ങൾ എന്റെ പ്രതിഷേധങ്ങളാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ശബ്ദങ്ങൾക്കുള്ള പ്രസക്തി മൗനങ്ങൾക്കും ഉണ്ട്: ‘‘ശാരീരികമായി ഞാൻ ഒരിക്കലും ബലശാലിയല്ല. അതുകൊണ്ട് അവരുടെ വാളുകൾ എന്നെ കീറിമുറിച്ചേക്കാം, പക്ഷേ എന്റെ എഴുത്തുകളെയും അതിനകത്തെ പ്രതിഷേധങ്ങളെയും അവർക്ക് ഒരിക്കലും ഉൻമൂലനം ചെയ്യാൻ കഴിയില്ല. ഞാൻ എന്തുകൊണ്ട് മൗനിയായി എന്നത് പലരുടെയും ചോദ്യമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും മൗനം എന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്. ആ ശബ്ദങ്ങൾ ഒരുപാട് കാലങ്ങൾക്കുശേഷമായിരിക്കും ആൾക്കാർക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് ഞാൻ നിരന്തരമായി എഴുതുകയും എനിക്ക് പറയാനുള്ളത് ഈ സമൂഹത്തിനോട് പറയുകയും ചെയ്യും. സാധാരണ മനുഷ്യൻ എന്ന നിലയിൽ എന്റെ വൈകാരികത ഉൾക്കൊണ്ട് ഇനിയൊരിക്കലും എഴുതില്ല’’- അന്ന് ഇങ്ങനെയാണ് പെരുമാൾ മുരുകൻ പറഞ്ഞത്.
ഈ നിലപാടിനോട് പലർക്കും വിയോജിപ്പുണ്ടാകും, എന്നാൽ അത് എന്തുകൊണ്ട് എന്നു കാലം ഏറ്റു പറയും. സംഘകാലത്ത് രാജാക്കന്മാരെ എതിർത്തെഴുതുന്നവരെല്ലാം കൊല്ലപ്പെടുകയായിരുന്നു. അവരുടെ എഴുത്തുകളെല്ലാം കത്തിച്ചു കളഞ്ഞു. ബാക്കിയുള്ളവയാണ് നമ്മൾ ഇന്ന് നമ്മുടെ അടയാളമായി ഏറ്റെടുത്തിട്ടുള്ളത്. എഴുത്ത് എന്നത് എല്ലാക്കാലത്തും പ്രതീകമായി മാറും. അങ്ങനെയാണ് ചിലപ്പതികാരം മുതൽ മീശ നോവൽ വരെ ദ്രാവിഡ സമൂഹത്തിൽ നിലകൊള്ളുന്നതും.
വിവാദം കത്തിപ്പടരുകയും ജീവന് ഭീഷണി നേരിടുകയും ചെയ്തപ്പോൾ ലീനയും പറഞ്ഞത് ഇതുതന്നെയാണ്: ‘‘എനിക്ക് നഷ്‌പ്പെടാൻ ഒന്നുമില്ല. മരണം വരെ ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്ന ശബ്ദത്തിനൊപ്പം നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതിന് എന്റെ ജീവനാണ് വിലയെങ്കിൽ ഞാൻ അത് നൽകും.''
കാളി, മാംസത്തിന്റെ ദൈവം
തമിഴ് സംഘസാഹിത്യങ്ങളിൽ കാളി ‘കൊറ്റവൈ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അകപ്പൊരുൾ വിലക്കം എന്ന പ്രാചീന കൃതിയിൽ കൊറ്റവൈ വഴിപാട് (കാളി പൂജ) രീതികൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കന്നുകാലികളെ ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് കവർന്നെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രാചീനകാല യുദ്ധങ്ങളെല്ലാം ഉണ്ടായത്. യുദ്ധം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ യുദ്ധത്തിന്റെ ദൈവമായ കാളിക്ക് പൂജ ചെയ്യുന്നത് പതിവായിരുന്നു. യുദ്ധക്കളത്തിലെ രക്തം കൊണ്ടായിരുന്നു ആ പൂജ. കാളി മാംസത്തിന്റെ ദൈവമാണ്. തമിഴ്‌നാട്ടിൽ കാളിപൂജയിൽ ബലിയർപ്പിക്കൽ ഇന്നും തുടരുന്നു. ആട്, കോഴി തുടങ്ങിയവയുടെ ചോരയാണ് കാളിക്കിഷ്ടം. ഒപ്പം അവയുടെ ഉടലും കുലക്കായും ചുട്ടു പൂജിക്കുന്ന രീതിയുമുണ്ട്.
മാത്രമല്ല; കാളി, ചുടലൈ മാടൻ, മുനീശ്വരൻ, മാരിയമ്മ, മുനിയാണ്ടി തുടങ്ങിയവർ തമിഴർക്ക് കുലദൈവങ്ങളാണ്. അവർ ഈ ദൈവങ്ങളെ തങ്ങളുടെ മുത്തപ്പൻമാരായും മുത്തമ്മമാരായും കരുതിവരുന്നു. അതുകൊണ്ട് തങ്ങൾ കഴിക്കുന്നതെന്തും അവരും കഴിക്കും എന്നുകരുതിയാണ് മാംസം പൂജയ്ക്ക് വയ്ക്കുന്നത്. ഇതൊരു സാംസ്‌കാരിക പ്രവർത്തി കൂടിയാണ്. സംഘകാലം മുതൽ ഇന്നുവരെ ഈ പ്രവർത്തി തുടരുന്നു. അങ്ങനെയിരിക്കെ, കാളിയുടെ കയ്യിലുള്ള ചുരുട്ടിന്റെയോ സിഗരറ്റിന്റെയോ പേരിൽ സംഘർഷം സൃഷ്ടിക്കാൻ തുനിയുന്നവർ ഈ രാജ്യത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ്. ലീന മണിമേകലൈയെപ്പോലൊരു സാംസ്‌കാരിക പ്രവർത്തകയുടെ ചിന്തകൾക്കെതിരായ നീക്കത്തിലൂടെ, പ്രാചീന സമൂഹത്തിലെ ഗോത്രവർഗങ്ങളുടെ തനത് അടയാളങ്ങളെ ഇല്ലായ്മ ചെയ്യാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.
മുനീശ്വരനും മാടസ്വാമിക്കും ചുരുട്ട് കത്തിക്കാമെങ്കിൽ അവർക്കൊപ്പം, അതിശക്തയായ പെൺദൈവമായിരുന്ന കാളിക്ക് എന്തുകൊണ്ട് ചുരുട്ട് കത്തിച്ചുകൂടാ?. കാളിയുടെ ശക്തി ഗോത്രവർഗ സ്ത്രീകളുടെ ശക്തിയാണ്. കാളിയുടെ ധൈര്യം ഗോത്രവർഗ സ്ത്രീകളുടെ ധൈര്യമാണ്. കാളി ധീരതയുടെ ഉറവിടമാണ്, ഗോത്രവർഗ മുത്തശ്ശിയാണ്. ഇത്രത്തോളം ഗോത്ര ജനങ്ങളെ സ്വാധീനിച്ച ദൈവവുമില്ല. ഇന്നും ഗോത്ര വിഭാഗത്തിൽപ്പെട്ട മുത്തശ്ശിമാർ ചുരുട്ട് വലിക്കാറുണ്ട്. വിശ്വാസവുമായുള്ള അവരുടെ വിനിമയങ്ങൾ, സ്വന്തം ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടാണ് മനുഷ്യർക്കും അവർ ആരാധിക്കുന്ന ദൈവങ്ങൾക്കുമിടയിൽ അകലമില്ലാതായിത്തീരുന്നത്. മനുഷ്യർ ചെയ്യുന്നതെല്ലാം ദൈവങ്ങളും ചെയ്യുന്നത്.
ലീലാ മണിമേകലൈക്ക് അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യൻ ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്നതാണ്.