പല പ്രണയങ്ങളിലേയ്ക്ക് ഒരു വിലാസം

പല പ്രണയങ്ങളിലേയ്ക്ക്, പല കാലങ്ങളിലേയ്ക്ക് പ്രേക്ഷകരെ വഴിതെറ്റാതെ എത്തിക്കുന്ന വിലാസം കൂടിയാണ് പ്രണയവിലാസം. അച്ഛനും അമ്മയും മകനും അടങ്ങുന്ന ഒരു കുടുംബം. മൂന്നുപേർക്കും പറയാൻ കഥകളുണ്ട്, ഇവരിൽ ആർക്കൊപ്പം ചേർന്നു വേണമെങ്കിലും (അല്ലാതെയും) കാഴ്ചക്കാർക്ക് അവരവരുടെ സിനിമ ആസ്വദിക്കാം.

ക്കൾക്കൊപ്പം മാതാപിതാക്കളും ജനിക്കുന്നു, ചിലർ മാത്രം അവർക്കൊപ്പം വളരുന്നു. മക്കൾ കൗമാരത്തിലെത്തുമ്പോൾ മാതാപിതാക്കൾ അവരുടെ കാലത്തിലേയ്ക്കും മക്കൾ അവരുടെ കാലത്തിലേയ്ക്കുമായി ഒരു വടംവലിക്ക് സാധ്യതയുണ്ട്. ഇവിടെ വിട്ടുകൊടുക്കാൻ തയാറാവുന്ന മാതാപിതാക്കൾ കൂടുതൽ ചെറുപ്പമാകുന്നു. വലിയൊരു വടംവലിക്കൊടുവിൽ മകനൊപ്പം ചെറുപ്പമാകുന്ന ഒരച്ഛന്റെ കഥയായി പ്രണയവിലാസം എന്ന സിനിമയെ വേണമെങ്കിൽ ആസ്വദിക്കാം.

പക്ഷേ, അതിലുപരി പല പ്രണയങ്ങളിലേയ്ക്ക്, പല കാലങ്ങളിലേയ്ക്ക് പ്രേക്ഷകരെ വഴിതെറ്റാതെ എത്തിക്കുന്ന വിലാസം കൂടിയാണ് പ്രണയവിലാസം. അച്ഛനും അമ്മയും മകനും അടങ്ങുന്ന ഒരു കുടുംബം. മൂന്നുപേർക്കും പറയാൻ കഥകളുണ്ട്, ഇവരിൽ ആർക്കൊപ്പം ചേർന്നു വേണമെങ്കിലും (അല്ലാതെയും) കാഴ്ചക്കാർക്ക് അവരവരുടെ സിനിമ ആസ്വദിക്കാം.

സിനിമയുടെ തുടക്കത്തിൽ ഒരു വീട്ടിലെങ്കിലും മൂന്ന് വ്യത്യസ്ത ലോകത്ത് ജീവിക്കുന്ന, അമ്മയെയും അച്ഛനെയും മകനെയുമാണ് നമ്മൾ കാണുന്നത്. പരസ്പരം മനസ്സിലാക്കാൻ അവർക്ക് കഴിയുന്നില്ലെങ്കിലും, നിത്യജീവിതം കാര്യമായ അസ്വസ്ഥതകളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. അവരവരുടെ പരിസരങ്ങളിൽ സന്തോഷമായി ജീവിക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്.

ഇത്രകാലം ഒന്നിച്ചു ജീവിച്ചിട്ടും ഒരാൾക്ക് മറ്റൊരാളെ മനസിലാക്കാൻ സാധിച്ചിരുന്നില്ല എന്ന് അച്ഛനും മകനും തിരിച്ചറിയുന്നിടത്ത് (അമ്മ ഒരു പക്ഷേ അത് മുന്നേ തന്നെ തിരിച്ചറിഞ്ഞു കാണണം) സിനിമ മറ്റൊന്നാകുന്നു. പരസ്പരം തിരിച്ചറിയാനാവാതെ പോകുന്നിടത്ത് ഭാര്യ വെറും ഭാര്യയും ഭർത്താവ് വെറും ഭർത്താവും മാത്രമാകുന്നു. പ്രണയികളൊരിക്കലും ഒന്നിച്ചില്ലെങ്കിൽ പോലും പ്രണയം വെറും നഷ്ടപ്രണയം ആകാത്തതിനു കാരണവും ഒരിക്കലവർ പരസ്പരം തിരിച്ചറിഞ്ഞിരുന്നു എന്നതു കൊണ്ടാവാം. അമ്മയെ മനസ്സിലാക്കാനായുള്ള ശ്രമത്തിനിടയിലാണ് ആ അച്ഛനും മകനും പരസ്പരം മനസ്സിലാക്കി തുടങ്ങുന്നതും.

എത്ര പറഞ്ഞാലും പഴകാത്ത, ആവർത്തനം കൊണ്ട് വിരസമാകാത്ത ഒരു വിഷയം പ്രണയമാണെന്നു തോന്നുന്നു. അടുത്തടുത്ത ദിവസങ്ങളിൽ മലയാളത്തിൽ റിലീസായത് മൂന്ന് പ്രണയ സിനിമകൾ. ക്രിസ്റ്റി, ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്നു, പ്രണയവിലാസം. മൂന്നും വ്യത്യസ്തമായ കാഴ്ചനുഭവമെങ്കിലും പ്രണയവിലാസം ഒരു പടി മുകളിൽ തന്നെയെന്നു പറയേണ്ടി വരും.

എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു... എന്നു തുടങ്ങുന്ന പ്രൊപ്പോസൽ സീൻ മുതൽ എങ്ങനെ പറഞ്ഞാലും ക്ലീഷേ ആകുമായിരുന്ന പല രംഗങ്ങളെയും മനോഹരമായി വഴിതിരിച്ചുവിടുന്നുണ്ട് നിഖിൽ മുരളി എന്ന സംവിധായകൻ.
കണ്ണൂർ എന്ന നാടിനെ ഭാഷ കൊണ്ടും, ദൃശ്യങ്ങൾ കൊണ്ടും അടയാളപ്പെടുത്തുകയും, തെയ്യം, രാഷ്ട്രീയം തുടങ്ങി ആ നാടിന്റെ സവിശേഷതകളെയൊക്കെ ഒപ്പം കൂട്ടുകയും ചെയ്യുന്നുണ്ട് സിനിമ. ജ്യോതിഷ് എം, സുനു എ.വി. എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ അശോകൻ എന്ന നടൻ വലിയ ബഹളങ്ങളൊന്നുമില്ലാതെ മലയാള സിനിമയിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു. മനോജ് കെ.യു. എന്ന നടൻ പല സാധ്യതകളുള്ള രാജീവ് എന്ന കഥാപാത്രത്തെ മനോഹരമാക്കി. ഹക്കീം ഷാ, അനശ്വര രാജൻ, ശ്രീധന്യ, മിയ ജോർജ്, മമിത ബൈജു തുടങ്ങി സ്‌ക്രീനിലെത്തിയ നടിനടന്മാരൊക്കെയും സിനിമയ്ക്ക് ജീവൻ നൽകി. ഷിനോസ് പ്രകൃതിയും പ്രണയവും ക്യാമറയിലാക്കി. ഷാൻ റഹ്‌മാൻ ഈണം നൽകിയ ഗാനങ്ങളും സിനിമയുടെ മൂഡിനോട് ചേർന്നു പോകുന്നുണ്ട്.

പ്രണയമില്ലാത്ത ദാമ്പത്യത്തിന്റെ വിരസത, ദാമ്പത്യത്തിലെത്തിയില്ലെങ്കിലും
ഭംഗി ഒട്ടും ചോരാത്ത പ്രണയങ്ങൾ, കാലത്തിന്റെ മാറ്റവും പ്രണയത്തിന്റെ മാറ്റവും ഒക്കെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
പ്രണയിക്കാൻ, കുറഞ്ഞപക്ഷം ഏറ്റവും അടുത്ത് നിൽക്കുന്നവരെയെങ്കിലും മനസ്സിലാക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ സിനിമ.

Comments