പ്രണയികൾ തേടുന്നത് ആൾക്കണ്ണുകളേൽക്കാത്ത ഉദ്യാനമാണെന്ന് എഴുതിയ ഒക്ടോവിയോ പാസ് 1998-ൽ മരിച്ചുപോയി. 27 വർഷങ്ങൾക്കിപ്പുറവും കവി പറഞ്ഞത് ശരിയായി നിലകൊള്ളുന്നു. ഭൂമിയിൽ പ്രണയികൾ ഇന്നും ആൾക്കണ്ണുകൾ ഏൽക്കാത്ത ഉദ്യാനങ്ങൾ തേടി അലയുന്നു. അവരുടെ അലച്ചിലിന് മാത്രം ഇടവേളകളില്ല, അന്ത്യവുമില്ല. ഇത്തിരി ഇടം മതി, 'ഇത്തിരി നേരം' മതി പ്രണയം പ്രണയമായി പെയ്തിറങ്ങാൻ. അതാകട്ടെ, പി ആർ രതീഷിന്റെ കവിതയിലെ വരികൾ പോലെ ഒരിക്കൽ പെയ്താൽ മതി, ജീവിതം മുഴുവൻ ചോർന്നൊലിക്കും.
പ്രണയത്തിന് അങ്ങനൊരു പ്രശ്നമുണ്ട്. പ്രണയത്തിൽ ശരിയും തെറ്റുമില്ല. പ്രണയം മാത്രമേയുള്ളൂ.

ശ്രീലങ്കൻ കടലോരത്ത് തോട്ടിപ്പണി ചെയ്തിരുന്ന തമിഴ് പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത, ആദ്യ ഭാര്യയിൽ പിറന്ന രോഗിയായ മകളെ തിരിഞ്ഞു നോക്കാതിരുന്ന, അത്രയും ക്രൂരനായിരുന്ന ഒരാളെ ഇന്നും ലോകം സ്മരിക്കുന്നത് അയാൾ പ്രണയത്തെക്കുറിച്ച് ഏറ്റവും മനോഹരമായ കവിതകൾ എഴുതിപ്പോയി എന്ന ഒറ്റക്കാരണത്താൽ മാത്രം.
ആ കവിയുടെ പേരാണ് പാബ്ലോ നെരൂദ!
ആവർത്തിക്കുന്നു, പ്രണയത്തിന് അങ്ങനൊരു പ്രശ്നമുണ്ട്. കൊലപാതകിയുടെ പ്രണയത്തിനും കാട്ടുതേനിൻ്റെ വീര്യം!
ഏതിരുളിലും, ഏതു ബാറിന്റെ അരണ്ട വെളിച്ചത്തിലും 'ഇത്തിരി നേരം' മതി അതിന് മൂളിപ്പറക്കാൻ, അധരങ്ങൾ കോർക്കാൻ, സംഗീതമാകാൻ.
പ്രണയത്തെ കുറിച്ച് പറഞ്ഞുപോവുകയല്ല. 'ഇത്തിരി നേര'ത്തിലേക്ക് വരികയാണ്. പ്രണയത്തെ കുറിച്ചല്ലാതെ മറ്റെന്ത് പറഞ്ഞാലും ആ വരവ് ധന്യമാവുകയുമില്ല.
പഴയകാലത്ത് പലതുമുണ്ടായിട്ടുണ്ട്. ജയകൃഷ്ണനിലേക്കും ക്ലാരയിലേക്കും വീണ്ടും പോകേണ്ടതില്ലല്ലോ. ആ മഴയല്ല ഈ മഴ. എന്നാൽ അതേ കടൽ ഇന്നും അലയടിക്കുന്നു. വേദനയുടെ, നോവിന്റെ, സംഘർഷങ്ങളുടെ അലകളടങ്ങാത്ത കടൽ.
ശ്യാമപ്രസാദിന്റെ ഒരേ കടലിൽ നിങ്ങളത് കണ്ടുകാണും. ആരുടെ ഭാഗത്താണ് ശരി? ആരാണ് തെറ്റുകാരൻ/ തെറ്റുകാരി? ദീപ്തിയോ നാഥനോ? ഉത്തരം എളുപ്പമല്ല. ഒരിക്കൽകൂടി പറയുന്നു,

പ്രണയത്തിൽ ശരിയും തെറ്റുമില്ല. പ്രണയം മാത്രം.
ഒരേ കടലും മായാനദിയും കണ്ടപ്പോൾ കിട്ടിയ 'കിക്ക്' ഇതാ ഇപ്പോൾ ഈ ഇത്തിരി നേരത്തിലും. മായാനദിയിൽ മാത്തനും കൊലപാതകിയാണ്. പക്ഷേ, പ്രണയിക്കുമ്പോൾ നോക്കൂ എന്തൊരു പാവമാണ് അയാൾ.
കുട്ടികളുടെ ക്രിക്കറ്റ് കളിയാണ് പ്രണയം. ഒരു മടൽ വെട്ടി നിങ്ങൾക്ക് ബാറ്റ് നിർമിക്കാം. മൂന്ന് മരക്കമ്പ് നാട്ടിയാൽ ക്രിക്കറ്റ് സ്റ്റമ്പായി. പിന്നെ അതാണ് ക്രീസ്. നോക്കൂ, എത്ര ലളിതം, നിഷ്ക്കളങ്കം! പ്രണയവും അതുപോലെ.
ഓട്ടോയിൽ പോകുന്ന അനീഷിന് അഞ്ജനയുടെ ഫോൺകോൾ വരുന്നത് സിനിമ തുടങ്ങി പന്ത്രണ്ടാം മിനിട്ടിൽ. ആ നിമിഷം ആരംഭിക്കുന്നു കെടാത്ത പ്രണയത്തിൻ്റെ ഇത്തിരി നേരം! പബ്ലിക് ലൈബ്രറിക്ക് മുന്നിൽ, ബൈക്കിലെ കണ്ണാടിയിൽ നോക്കി മുടി ചീകിനിൽക്കുന്ന അവൻ്റെ പിന്നിൽ അലസം അവൾ വന്നുതൊടുന്നു. ആ സ്പർശം എത്ര മൃദുലം. സിനിമയിലാകെയും നിങ്ങൾക്കീ സൂക്ഷ്മത കാണാം. അതിമൃദുവായ കാൽവെയ്പ്പുകൾ, വാക്കുകൾ, പാട്ടിലെ വരികൾ പോലും എത്ര ലളിതം!
'നീയൊരിക്കൽ എന്റെ മുറിയിൽ ജനലിനരികിലെ
നേർത്തൊരഴയിൽ
ഈറനൂറാനിട്ട കുപ്പായം
ഇന്നുമവിടെ വെയിൽ മറച്ചു
നിഴൽ പരത്തുന്നു
വെളിച്ചം പകുതിയെത്തി
മടിച്ചു നിൽക്കുന്നു'
എന്തൊരു ഭംഗിയാണ് ഈ വരികൾക്ക്!
പക്ഷേ എന്നെ അടിച്ചിട്ട ഗാനം മറ്റൊന്നാണ്. എണീറ്റു നിൽക്കാനാവാത്ത വിധം ഞാനീ പാട്ട് കേട്ട് വിതുമ്പുന്നു. സൂരജ് സന്തോഷ് പാടിയ
'അകലുന്നു മെല്ലെ
നനവുള്ള മേഘം
തെളിയുന്നതാ തളിരമ്പിളി
അറിയാതെ നമ്മൾ
ഉരയുന്നു തമ്മിൽ
ഉടയാടയിൽ ചെറുതീക്കനൽ'
വരികളും സംഗീതവും ബേസിൽ സി ജെ.
താന്നിയൂരമ്പലത്തിൽ കഴകക്കാരനെ പോലെ താമരമാലയുമായ് ചിങ്ങമെത്തുമ്പോൾ എന്നെഴുതിയ ഭാസ്കരൻ മാഷെ മറന്നിട്ടല്ല, എന്നാലും അങ്ങനൊരു ചിങ്ങമൊന്നും എത്താത്ത ഇക്കാലത്തും ഇങ്ങനൊക്കെ എഴുതുന്നുണ്ടല്ലോ നമ്മുടെ പുതിയ പാട്ടെഴുത്തുകാർ!

ചിത്രത്തിൽ റോഷൻ മാത്യുവും സെറിൻ ശിഹാബുമില്ല, അനീഷും അഞ്ജനയും മാത്രം. അത്രയും സ്വാഭാവികം ഇരുവരുടെയും നടത്തം, ഇരിപ്പ്, മിഴികളിലെ പ്രണയം. രാത്രിയിൽ ഓട്ടോറിക്ഷയിൽ അടക്കിപ്പിടിച്ചൊരുമ്മയുടെ പൊട്ടിച്ചിതറലിൽ അവൾ അതൊഴുക്കി വിടാൻ ശ്രമിച്ചിട്ടും വറ്റാതെ കിനിയുന്നുണ്ട് അവസാനരംഗത്തിലെ ആലിംഗനത്തിൽ പോലും. വാസ്തവത്തിൽ അവളുടെ പ്രണയമാണ് സിനിമ. അവളാണ് അവനെ തേടിയെത്തുന്നതും. എരിയുന്നത് പെണ്ണിന്റെയുള്ളിലെ തീയാണ്. നഷ്ടം അവൾക്ക് മാത്രമാണ്.
പാട്ടെഴുത്തിലെ ബേസിലിന്റെ അതേ സൂക്ഷ്മത, കഥയെഴുത്തിൽ വിശാഖ് ശക്തിക്കും! അഞ്ജനയ്ക്കും അനീഷിനുമിടയിൽ പറയേണ്ടത് മാത്രം പറഞ്ഞ് ആ രാവ് പുലരുന്നു.
കന്യാകുമാരിയിൽ വെയിലുദിക്കുമ്പോഴും തിരകൾക്ക് അധികമെടുക്കാനില്ല ഒറ്റവാക്കും. അളന്നുമുറിച്ചിട്ട ഷോട്ടുകളിൽ ആ കണിശത കൃത്യം കാക്കുന്നു സംവിധായകൻ പ്രശാന്ത് വിജയ്. നന്ദുവിനും ആനന്ദ് മന്മഥനും ജിയോ ബേബിയ്ക്കുമൊപ്പം വിസ്തൃതമായ പാതകളും ഇടവഴികളും ആ രാത്രിയും പകലും വിട്ടുകൊടുത്ത് തനിക്കുള്ള റോളും അവിസ്മരണീയമാക്കി തിരുവനന്തപുരം നഗരം!

ഒരിക്കലെങ്കിലും പ്രണയിച്ചവർ എന്ന പതിവുവാക്യം ക്ലീഷേ ആണ്. പ്രണയിക്കാത്തവർക്കും തൊണ്ടയിൽ മുള്ള് തറയ്ക്കും ഈ പടം കണ്ടാൽ. ഈ 'ഇത്തിരി നേരം' ഇല്ലാതെ എത്രയെത്ര ഒത്തിരിനേരങ്ങൾ ജീവിതത്തിലുണ്ടായിട്ട് എന്തുകാര്യമെന്ന് ചിന്തിക്കും അവർ. പ്രണയമതാണ്. അയിത്തമില്ലാത്ത, ആർക്കും അശുദ്ധി കൽപ്പിക്കാത്ത മതം.
'തണലുതോറും വാടിവീഴും ഇലകളൊക്കെ കാറ്റു ചെന്നിട്ടരുമയോടെയെടുത്തു മാറ്റുന്നു
എന്നപോലെ
പതിയെ എൻ്റെ
നനഞ്ഞൊരോർമ്മയെ മറവി കൊണ്ട് മടക്കി വെയ്ക്കൂ നീ' എന്നെഴുതുന്നുണ്ട് ഒരു പാട്ടിൽ ബേസിൽ. എളുപ്പമല്ല മറവി കൊണ്ടതിനെ മടക്കിവെയ്ക്കാൻ. ഒരൊറ്റ രാത്രിയിലെ കൂടിച്ചേരലിനു ശേഷം വേറിടുമ്പോൾ പറിച്ചുമാറ്റുന്നതു പോലുള്ള വേദന അറിയുന്നുണ്ട് അഞ്ജനയും അനീഷും. അവൻ വീണ്ടും കൂട്ടുകാരുടെ കരവലയങ്ങളിലേക്ക്, വീട്ടിൽ കാത്തിരിക്കുന്നവളുടെ ചുംബനത്തിലേക്ക്, കുഞ്ഞിൻ്റെ മാമോദീസയിലേക്ക്, വിരുന്നുകാരുടെ തിരക്കിലേക്ക്. അവളാകട്ടെ കൂടുതൽ കൂടുതൽ ഏകാന്തതയിലേക്ക്. ഏകാന്തമാകുന്ന പ്രണയം വിരഹിണിയാണ്. ഒരു രാവിനും നഗരത്തിനും കന്യാകുമാരിയിലെ കടലിനും അതിനെ ശമിപ്പിക്കാനാവില്ല. അവൾ തേടുന്ന ഇത്തിരി നേരങ്ങളാണ് പ്രണയത്തിൻ്റെ നിത്യ സ്മാരകങ്ങൾ! അതിനിയും തുറക്കപ്പെടും.
പ്രശാന്ത് വിജയ്, നിങ്ങൾ അരുതാത്തത് ചെയ്തു. ഞങ്ങൾ മൂടിവെച്ച പ്രണയത്തിൻ്റെ മുറിവിൽ നിങ്ങൾ എന്തിനാണ് പിന്നെയും പിന്നെയും ഉപ്പു പുരട്ടിയത്?
