ഹിന്ദുത്വയുടെ സംവരണ അജണ്ടകളെ ചോദ്യം ചെയ്യുന്ന ‘ഒരു ജാതി പിള്ളേരിഷ്ടാ’

“മുന്നാക്ക സംവരണത്തിൻ്റെ അനീതിയെ സാമാന്യ ഭാഷയിലും യുക്തിയിലും അവതരണത്തിലും തുറന്നു കാട്ടുന്നതാണ് പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ...’ എന്ന സിനിമ,” ബിജു ഗോവിന്ദ് എഴുതിയ റിവ്യൂ.

വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പൊടി തട്ടിയെടുത്ത് നടപ്പാക്കിയത്. സാമൂഹ്യനീതി നിഷേധിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങൾക്ക് കേന്ദ്ര സർവ്വീസിൽ പ്രാതിനിധ്യം ഉറപ്പിക്കുകയെന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. അന്ന് ഇന്ത്യൻ തെരുവുകളിലുണ്ടായത് നവ സവർണ്ണതയുടെ സാമൂഹ്യ നീതിയ്ക്കെതിരായ കലാപമായിരുന്നു. അതിന് തുടക്കം കുറിച്ചത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ മുന്നാക്കക്കാരായ വിദ്യാർത്ഥികളായിരുന്നു. രാഷട്രീയ വ്യത്യാസങ്ങൾക്കതീതമായ സവർണ്ണ ഹിന്ദുക്കളുടെ ജാതീയമായ സംഘാടനവും കലാപവുമാണ് അന്ന് രാജ്യത്ത് അരങ്ങേറിയത്.

പതിറ്റാണ്ടുകൾക്കിപ്പുറം 2019 ജനുവരിയിൽ ഇന്ത്യൻ പാർലമെൻ്റിൽ, ഇടക്കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ അനീതിയായ മുന്നാക്ക സംവരണം അഥവാ ഇഡബ്ലിയുഎസ് പാസ്സാക്കപ്പെടുമ്പോൾ നമ്മുടെ തെരുവുകൾ നിശബ്ദമായിരുന്നു. ഒരു കലാലയവും ശബ്ദിച്ചില്ല. തെരുവുകൾ സംഘർഷഭരിതവുമായില്ല. കാരണം ഇന്ത്യയിലെ പിന്നാക്കവിഭാഗങ്ങളെ നിശബ്ദമാക്കുന്ന തരത്തിൽ ജാതി ഹിന്ദുക്കൾ ഹിന്ദുത്വയെന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ മൂടുപടത്തിനടിയിലാക്കി അവരുടെ വായകളെ തുന്നിക്കെട്ടിയിരുന്നു. മുസ്ലിമെന്ന അപര ശത്രുവിനെ ചൂണ്ടി ഭയപ്പെടുത്തി, വെറുപ്പൂട്ടി വളർത്തി, മിത്തുകളിൽ ആനന്ദലബ്ദരാക്കി അവകാശബോധമില്ലാത്ത ജനതയാക്കി അവരെ മാറ്റിയിരുന്നു.

 2019 ജനുവരിയിൽ ഇന്ത്യൻ പാർലമെൻ്റിൽ, ഇടക്കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ അനീതിയായ മുന്നാക്ക സംവരണം അഥവാ ഇഡബ്ലിയുഎസ് പാസ്സാക്കപ്പെടുമ്പോൾ നമ്മുടെ തെരുവുകൾ നിശബ്ദമായിരുന്നു. ഒരു കലാലയവും ശബ്ദിച്ചില്ല. തെരുവുകൾ സംഘർഷഭരിതവുമായില്ല. കാരണം ഇന്ത്യയിലെ പിന്നാക്കവിഭാഗങ്ങളെ നിശബ്ദമാക്കുന്ന തരത്തിൽ ജാതി ഹിന്ദുക്കൾ ഹിന്ദുത്വയെന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ മൂടുപടത്തിനടിയിലാക്കി അവരുടെ വായകളെ തുന്നിക്കെട്ടിയിരുന്നു.
2019 ജനുവരിയിൽ ഇന്ത്യൻ പാർലമെൻ്റിൽ, ഇടക്കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ അനീതിയായ മുന്നാക്ക സംവരണം അഥവാ ഇഡബ്ലിയുഎസ് പാസ്സാക്കപ്പെടുമ്പോൾ നമ്മുടെ തെരുവുകൾ നിശബ്ദമായിരുന്നു. ഒരു കലാലയവും ശബ്ദിച്ചില്ല. തെരുവുകൾ സംഘർഷഭരിതവുമായില്ല. കാരണം ഇന്ത്യയിലെ പിന്നാക്കവിഭാഗങ്ങളെ നിശബ്ദമാക്കുന്ന തരത്തിൽ ജാതി ഹിന്ദുക്കൾ ഹിന്ദുത്വയെന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ മൂടുപടത്തിനടിയിലാക്കി അവരുടെ വായകളെ തുന്നിക്കെട്ടിയിരുന്നു.

അതിൻ്റെ സാമൂഹ്യ പ്രത്യാഘാതം നിശബ്ദമായി പിന്നാക്ക ജീവിതങ്ങളെ അരികുവത്കരണത്തിൻ്റെ കയങ്ങളിലേക്ക് തള്ളിയിടുന്നതാണെന്ന് കാലം തെളിയിക്കുന്നു. മുന്നാക്ക സംവരണത്തിൻ്റെ അനീതി മാരകമായ സാമൂഹ്യക്ഷതങ്ങൾ എൽപ്പിക്കുമ്പോഴും അതിൻ്റെ ഏറ്റവും വലിയ ഇരകളായ ഒബിസികളും അവരുടെ സാമുദായിക നേതൃത്വങ്ങളും ബാല ബുദ്ധിപോലുമില്ലാതെ മനോവ്യാധികളിൽപ്പെട്ട് അലക്ഷ്യ നേതൃത്വങ്ങളാകുന്നു. പ്രാതിനിധ്യത്തിൻ്റെയും അന്തസ്സിൻ്റെയും സാമൂഹ്യനീതിയേക്കാൾ ശ്രീരാമൻ്റെ അമ്പലവും ഗോ മാതാവിൻ്റെ സംരക്ഷണവുമൊക്കെ അവർക്ക് അഭിമാനപ്രശ്നങ്ങളാകുന്നു. മുസ്ളീമെന്ന സ്വത്വത്തെ ഭീകരവത്ക്കരിച്ചുള്ള ഹിന്ദുത്വ അജണ്ടകളുടെ വേഷം കെട്ടലുകളിൽ പിന്നാക്ക നേതൃത്വങ്ങൾ മുഴുകുന്നു. ഇത്തരം ഒടിവിദ്യകൾ അവരുടെ സാമൂഹ്യ ജീവിതങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ബോധ്യമില്ലാത്തവരല്ലിവർ.

പക്ഷെ..,

ഇന്ത്യൻ പാർലമെൻറ് പാസാക്കിയ ഇഡബ്ലിയുഎസ് എന്ന അനീതിയുടെ നിയമത്തെ വന്ദേഭാരതിൻ്റെ വേഗതയിൽ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. കഴിയാവുന്നതിൻ്റെ പരമാവധി അളവിൽ സവർണ്ണ സംവരണം നടപ്പാക്കുക എന്ന മുൻ നിശ്ചയിച്ച അജണ്ട പ്രാവർത്തികമാക്കാനായി റിട്ടയേർഡ് ജഡ്ജി കെ.ശശിധരൻ നായരുടെ നേതൃത്വത്തിൽ ഒരു തട്ടിക്കൂട്ട് കമ്മീഷനെ രൂപീകരിച്ച്, മനുഷ്യൻ്റെ സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് ഈ അനീതിക്ക് കേരളം അരങ്ങൊരുക്കിയത്. രണ്ടര ഏക്കർ ഭൂമിയും അറുപത്തി ആറായിരം രൂപ പ്രതിമാസ വരുമാനവുമുള്ള മുന്നാക്കക്കാർ ദരിദ്രരാണെന്ന വിചിത്രവാദം സംസ്ഥാനത്തെ ദലിത് - ആദിവാസി - പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്? വരാൻ പോകുന്ന അപകട ഭാവിയുടെ ദു:സൂചനയാണ് ഇഡബ്ലിയുഎസ് എന്ന് പിന്നാക്ക ജനതയും മനസ്സിലാക്കാതെ പോയി.

മുന്നാക്ക സംവരണത്തിൻ്റെ അനീതിയെ സാമാന്യ ഭാഷയിലും യുക്തിയിലും അവതരണത്തിലും തുറന്നു കാട്ടുന്നതാണ് പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത 'ഒരു ജാതി പിള്ളേരിഷ്ടാ...' എന്ന ചെറിയ സിനിമ
മുന്നാക്ക സംവരണത്തിൻ്റെ അനീതിയെ സാമാന്യ ഭാഷയിലും യുക്തിയിലും അവതരണത്തിലും തുറന്നു കാട്ടുന്നതാണ് പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത 'ഒരു ജാതി പിള്ളേരിഷ്ടാ...' എന്ന ചെറിയ സിനിമ

മുന്നാക്ക സംവരണത്തിൻ്റെ അനീതിയെ സാമാന്യ ഭാഷയിലും യുക്തിയിലും അവതരണത്തിലും തുറന്നു കാട്ടുന്നതാണ് പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത 'ഒരു ജാതി പിള്ളേരിഷ്ടാ...' എന്ന ചെറിയ സിനിമ. വിശാലഹിന്ദു എന്നൊക്കെയുള്ള പുറംപറച്ചിലിന് പുറകിലെ കാപട്യങ്ങളേയും, ആത്യന്തികമായും അവസരോചിതമായും അത് സവർണ്ണ ഹിന്ദുവിൻ്റെ എല്ലാ വംശീയ താല്പര്യങ്ങളിലേക്കും ചുരുങ്ങുന്നതുമാണെന്ന സത്യം പ്രശാന്തിൻ്റെ സിനിമ തുറന്നു കാട്ടുന്നു. പത്താം ക്ലാസ്സ് പാസ്സായ പട്ടികജാതി - പിന്നാക്ക - മുസ്ളീം - സവർണ്ണഹിന്ദു വിഭാഗങ്ങളിലെ നാലുകുട്ടികൾ പോളിടെക്നിക് അഡ്മിഷൻ തേടി പോകുന്നതും, സവർണ്ണ ഹിന്ദു വിഭാഗത്തിലെ ഉഴപ്പനും വളരെ പിറകിലെ റാങ്കുകാരനുമായ കുട്ടിയ്ക്ക് മാത്രം ഇഡബ്ലിയുഎസ് ക്വോട്ടയിൽ അഡ്മിഷൻ കിട്ടുന്നതുമാണ് സിനിമയിലെ കഥാതന്തു. ഇതൊരു സാങ്കല്പികതയല്ല. മനോവ്യവഹാരങ്ങളുടെ കണ്ടെത്തലുമല്ല.

ഇഡബ്ലിയുഎസ് എന്ന സവർണ്ണ സംവരണം നടപ്പാക്കിയതിനുശേഷമുള്ള പ്രവണതകൾ വർത്തമാന കേരളത്തിലെ അക്കാദമിക യാഥാർത്ഥ്യമാണ്. അവസരങ്ങളിലെ ഒളിവാക്കലുകളുടെയും അനീതിയുടേയും നേർച്ചിത്രമാണത്. പിന്നാക്കക്കാരുടെ വഴിത്താരകളിലെ വാരിക്കുഴികളെ കാട്ടിത്തരുന്നതാണ് 'ഒരു ജാതി പിള്ളേരിഷ്ടാ...' നൽകുന്ന രാഷ്ട്രീയ പാഠം. പക്ഷെ ഇഡബ്ലിയുഎസ് അനീതി കേരളത്തിലെ പൊതുബോധത്തിനോ മുഖ്യധാരാ മാധ്യമങ്ങൾക്കോ ഇതൊരു പ്രശ്നമേയല്ല. ഭരണഘടന നിലവിൽ വന്നതുകൊണ്ടുമാത്രം നടപ്പാക്കപ്പെട്ട പ്രാതിനിധ്യത്തിൻ്റെ നീതിരൂപമായ സാമുദായിക സംവരണത്തെ കാലങ്ങളോളം അധിക്ഷേപിക്കുകയും വക്രീകരിക്കുകയും ചെയ്ത മാധ്യമങ്ങൾക്കോ മലയാള സിനിമാലോകത്തിനോ ഇഡബ്ളിയുഎസ് ഒരു പ്രമേയമേയല്ല. അവസര സമത്വത്തിൻ്റെ അടിസ്ഥാന ശിലയെ തകർക്കലാണ് ഇഡബ്ലിയുഎസ് എന്ന് പിന്നാക്കലോകം ഇനിയെങ്കിലും മനസ്സിലാക്കണം. പ്ലസ് ടു മുതൽ ഉന്നത വിദ്യാഭ്യാസം രംഗം വരെയുള്ള, 2019 മുതലിങ്ങോട്ടുള്ള റാങ്ക് ലിസ്റ്റുകൾ പരിശോധിച്ചാൽ ഈ അനീതിയുടെ ആഴം മനസ്സിലാകും.

കേരളത്തിൽ വർദ്ധിച്ചുവരുന്ന സവർണ്ണ ജാതിവാൽ ആഘോഷത്തെ 'ഒരു ജാതി പിള്ളേരിഷ്ടാ...' പ്രശ്നവത്ക്കരിക്കുന്നുണ്ട്.
കേരളത്തിൽ വർദ്ധിച്ചുവരുന്ന സവർണ്ണ ജാതിവാൽ ആഘോഷത്തെ 'ഒരു ജാതി പിള്ളേരിഷ്ടാ...' പ്രശ്നവത്ക്കരിക്കുന്നുണ്ട്.

വർഗ്ഗരാഷട്രീയത്തിൻ്റെ ജ്ഞാന ശാസ്ത്രങ്ങൾക്ക് പരിഹരിക്കാൻ കഴിയുന്നതല്ല, ജാതി ഇരകളാക്കിയവരുടെ തീഷ്ണ ജീവിതങ്ങളെന്ന് പിന്നാക്കജനത തിരിച്ചറിയണം. കാരണം വർഗ്ഗ വിശകലനങ്ങൾക്ക് വഴങ്ങുന്നതല്ല ജാതിയെന്ന ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യം. ജാതി ഘടനയിൽ ശ്രേണീകരിക്കപ്പെട്ട അസമത്വത്തെ വർഗ്ഗ സിദ്ധാന്തത്തിൻ്റെ മേനിപറച്ചിലിൽ പരിഹരിക്കാനും കഴിയില്ല. ഹിന്ദുത്വ ഉണ്ടാക്കിയ വ്യാജ ഐക്യത്തിൻ്റെയും മുസ്ളീം വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും രാഷ്ട്രീയമാണ് മറ്റൊന്ന്. വർത്തമാനകാല ഇന്ത്യയിൽ അതിന് മേൽക്കോയ്മയുണ്ട്. അതുകൊണ്ടവർക്ക് പിന്നാക്ക നേതാക്കളെപ്പോലും തെറ്റിദ്ധരിപ്പിക്കുവാനും വിലയ്ക്കെടുക്കുവാനും കഴിയുന്നുണ്ട്. ദശലക്ഷക്കണക്കായ മനുഷ്യരുടെ അവകാശബോധമാണ് അതുവഴി തണുത്തുറഞ്ഞ് ഘനീഭവിക്കപ്പെടുന്നത്.

കേരളത്തിൽ വർദ്ധിച്ചുവരുന്ന സവർണ്ണ ജാതിവാൽ ആഘോഷത്തെ 'ഒരു ജാതി പിള്ളേരിഷ്ടാ...' പ്രശ്നവത്ക്കരിക്കുന്നുണ്ട്. ജാത്യാഭിമാനത്തിൻ്റെ നേർസാക്ഷ്യമാണ് പുതിയകാല കുട്ടികളിൽക്കുപോലും അലങ്കാരമായി നൽകുന്ന ജാതിവാൽ ആചാരം. 80-കളിലും 90-കളിലും ഭാർശനികമായ ഒരിടതുപക്ഷ ബോധവും, പുരോഗമന - ശാസ്ത്ര പ്രസ്ഥാനങ്ങളുടെ സ്വാധീനവും ഇടപഴകിയ കാലത്ത്, പരസ്യമായ ജാതി പ്രദർശനങ്ങൾക്ക് തുനിയാതിരുന്ന വരേണ്യ സവർണ്ണ ഹിന്ദു സമൂഹം വർത്തമാനകാലത്ത് ഹിന്ദുത്വയുടെ സ്വാധീനശക്തിയിൽ ജാത്യാഭിമാനികളായി മാറുന്നത് നമുക്ക് ചുറ്റും കാണാനാകും. 70-കൾക്ക് ശേഷം ജനിച്ച സവർണ്ണ ഹിന്ദു വിഭാഗങ്ങളിൽപ്പെട്ടവർ സ്ത്രീ പുരുഷഭേദമന്യേ ജാതിവാൽ ഇല്ലാത്തവരായിരുന്നുവെങ്കിൽ അവരുടെ മക്കളും കൊച്ചുമക്കളും, മനുഷ്യൻ ചൊവ്വയിൽ പോകുന്ന ഇക്കാലത്തും ജാതിവാലിൽ അഭിമാനിക്കുന്നത് പുരോഗമന കേരളത്തിൻ്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കുടുംബത്തിൽപോലും ജാതിവാൽ ഭൂഷണമാക്കുന്നവരുണ്ട്.

പ്രശാന്ത് ഈഴവൻ
പ്രശാന്ത് ഈഴവൻ

ഗ്രാമ നഗര പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ജാതിവാൽ ആഘോഷം കേരളത്തിൻ്റെ സവർണ്ണ മുഖമുദ്രയായി മാറുന്നു. ഉൻമൂലനം ചെയ്യപ്പെടേണ്ട വരേണ്യ ബോധമാണ് ജാതിയെന്ന വസ്തുത നിലനിൽക്കെ ജാതീയതയുടെ സകല അടയാളങ്ങളും പേറി നടക്കുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് നമുക്ക് പുരോഗമനപരമെന്ന് പറയുക.

പ്രശാന്തിൻ്റെ സിനിമ ഒരു സാമൂഹ്യ സിനിമയാണ്. ഫിക്ഷനുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല സിനിമ. സമൂഹത്തിന് നേരെ തുറന്നുവച്ച കണ്ണാടികൂടിയാകണമത്. അപരവത്ക്കരണവും അനീതിയും കൊണ്ടാടപ്പെടുന്ന കാലത്ത് നീതിബോധമുയർത്താനുള്ള നല്ല മാർഗ്ഗങ്ങളിലൊന്നാണ് സിനിമ. അത് തന്നെയാണ് പ്രശാന്തിൻ്റെ സിനിമയുടെ പ്രത്യേകതയും.

Comments