പ്രതാപ് ജോസഫ്‌ / Photo: Prathap Joseph, Facebook

ഒരു സിനിമ അതിന്റെ പേര് പ്രഖ്യാപിക്കുമ്പോൾ തൊട്ട്
​യാഥാസ്ഥിതികരുടെ നിരീക്ഷണത്തിലാണ്

2014ൽ നടന്ന ചുംബന സമരത്തെ പാശ്ചാത്തലമാക്കി എടുത്ത ‘രണ്ടുപേർ ചുംബിക്കുമ്പോൾ' എന്ന സിനിമയുടെ സംവിധായകനായ പ്രതാപ് ജോസഫ്, മതവും ആണധികാരവും യാഥാസ്ഥിതികത്വവും സിനിമയ്ക്കുനേരെ നടത്തുന്ന ആക്രമണങ്ങളെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എഴുതുന്നു

""താരയുടെ പ്രണയം അദ്ദേഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവന്റെ പേര് അൽ മുസ്തഫ. അവളത് ആദ്യമായി ഞങ്ങൾക്കുമുന്നിൽ ഉച്ചരിച്ച നിമിഷം "ഓ ഖലീൽ ജിബ്രാന്റെ പ്രവാചകന്റെ പേര്' എന്ന് ഞാൻ പുഞ്ചിരിക്കുകയും മുസ്‌ലിമോ' എന്നദ്ദേഹം ഗർജ്ജിക്കുകയും ചെയ്തു''.ഒരു ദൃഷ്ടാന്ത കഥ - എം.ഡി. രാധിക

ചുംബന സമരം അരങ്ങേറിയ കേരളത്തിലിരുന്ന് മലയാളത്തിലെ ഒരു മുതിർന്ന എഴുത്തുകാരി 2015 ൽ എഴുതിയ മിനിക്കഥയിലെ ചെറിയ ഭാഗമാണ് മുകളിൽ ഉദ്ധരിച്ചത്. ചുംബനസമരത്തിൽ പങ്കെടുക്കുന്ന മകൾ. അവളുടെ സംരക്ഷണത്തിനെന്ന വ്യാജേന പുറത്തിറങ്ങുന്ന അമ്മ. കടൽക്കരയിലെ ഇരുമ്പുബെഞ്ചിൽ അവർ പഴയ കാമുകനെ കണ്ടെത്തുകയാണ്. അവർ ഗാഢമായ ഒരു കെട്ടിപ്പിടുത്തത്തിലേയ്ക്ക് വീഴുന്നു.

"ഇന്ന് വീടിന്റെ വാതിൽ ഞങ്ങൾക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടേക്കാം. സാരമില്ല, ഞാൻ എന്നോടുതന്നെ പറയുന്നു. നൽകാൻ എത്രയോ കൊതിച്ച, എന്നാൽ മടിച്ചും പേടിച്ചും മാറ്റിവെച്ച ഒരു ചുംബനമെങ്കിലും കൈയ്യിലില്ലാത്തവർ ഈ ഭൂമിയിൽ എത്ര പേരുണ്ടാവും. ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെന്നെ കല്ലെറിയാം.'
ഇങ്ങനെയാണ് ഒരു ദൃഷ്ടാന്ത കഥ അവസാനിക്കുന്നത്.

മതരഹിതരായാണ് ജീവിക്കുന്നതെങ്കിലും സാങ്കേതികമായി പറഞ്ഞാൽ ‘അന്യ'മതത്തിൽപെട്ട ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കുന്ന ഒരാളാണ് ഞാൻ. എങ്ങനെയൊക്കെയാണ് നമ്മുടേതുപോലൊരു അടഞ്ഞ സമൂഹത്തിൽ പ്രണയം അപകടകരമായ/അപായകരമായ ഒരു ചെയ്തിയായി മാറുന്നത്?

"നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്നത് ബൈബിളിൽ നിന്ന് ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട വാചകങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ ക്രിസ്റ്റ്യാനിറ്റിയുടെ തന്നെ അന്തഃസത്ത ആ വാചകങ്ങളിലുണ്ട്. ഒരു വേശ്യയെ കല്ലെറിയാൻ ആൾക്കൂട്ടം തിക്കുംതിരക്കും കൂട്ടിയപ്പോഴാണ് യേശുവിന് അത് പറയേണ്ടിവന്നത്. ജോൺ അബ്രഹാമിന്റെ "നേർച്ചക്കോഴി' എന്ന കഥയും ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. കോഴികളോ പട്ടികളോ ഇണചേരുന്നതുപോലും കണ്ടുസഹിക്കാനാവാതെ കല്ലെടുത്ത് എറിഞ്ഞോടിക്കുന്ന മനുഷ്യരുടെ സെക്ഷ്വൽ പെർവേർഷനെക്കുറിച്ചാണ് ആ കഥ. നേർച്ചക്കോഴിയിൽ നിന്ന് 2014ലെ ചുംബന സമരത്തിലേക്കും അവിടെനിന്ന് 2021 ലേക്കും എത്തുമ്പോൾ കാര്യങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടോ. ഒരു മാറ്റവുമില്ല, എന്നുമാത്രമല്ല പെർവേർഷൻ പല രൂപത്തിൽ, പല ഭാവത്തിൽ കൂടുതൽ കൂടുതൽ അപകടകരമായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം.

‘രണ്ടുപേർ ചുംബിക്കുമ്പോൾ' എന്ന സിനിമയിൽ നിന്ന്

എം.ഡി. രാധികയുടെ ഈ കഥയാണ് ‘രണ്ടുപേർ ചുംബിക്കുമ്പോൾ' എന്ന സിനിമയുടെ സ്റ്റാർട്ടിങ് പോയിൻറ്​. ചുംബനം എന്നത് രണ്ടു മനുഷ്യർക്കിടയിൽ സഹജമായും സാന്ദർഭികമായും സംഭവിക്കാവുന്ന ഒന്നാണ്. അതിൽ മൂന്നാമതൊരാളെ ബാധിക്കുന്ന ഒന്നുംതന്നെയില്ല. എന്നിട്ടും കേരളത്തിലെ ഒരു ന്യൂനപക്ഷം പരസ്യമായി പ്രണയിക്കാനും ചുംബിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവിലിറങ്ങിയപ്പോൾ അതിനെതിരെ വടിയെടുത്തിറങ്ങിയവരാണ്. മതരഹിതരായാണ് ജീവിക്കുന്നതെങ്കിലും സാങ്കേതികമായി പറഞ്ഞാൽ ‘അന്യ'മതത്തിൽപെട്ട ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കുന്ന ഒരാളാണ് ഞാൻ. എങ്ങനെയൊക്കെയാണ് നമ്മുടേതുപോലൊരു അടഞ്ഞ സമൂഹത്തിൽ പ്രണയം അപകടകരമായ/അപായകരമായ ഒരു ചെയ്തിയായി മാറുന്നത്?

നോമ്പുകാലമാണ്. സന്ധ്യയോടടുത്ത സമയത്ത് കുറച്ച് ചെറുപ്പക്കാർ മുന്നോട്ടുവന്ന് വാങ്കുകൊടുക്കാൻ സമയമായി, ഷൂട്ട് നിർത്തണം എന്നുപറഞ്ഞു. വാങ്കും ഷൂട്ടും തമ്മിലെന്താണ് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.

മനുഷ്യർ അവരുടെ സകല വേലിക്കെട്ടുകളും മറക്കുന്ന/മറികടക്കുന്ന ജീവിതത്തിലെ ഒരേയൊരു സന്ദർഭമാണ് പ്രണയം. സ്വാതന്ത്ര്യമായും തടവായും മാറാനിടയുള്ള ഒരു ജീവിതമുഹൂർത്തം കൂടിയാണത്. പ്രണയിക്കുന്നവർ തമ്മിൽ തമ്മിലും വിവാഹം പോലുള്ള വ്യവസ്ഥയിലേക്ക് വഴിമാറുമ്പോഴും അധികാരം അദൃശ്യമായ കരങ്ങൾ അതിന്റെമേൽ ആഴ്​ത്തുന്നുണ്ട്. വാസ്തവത്തിൽ പ്രണയം, ലൈംഗികത തുടങ്ങിയ നൈസർഗിക വികാരങ്ങളുടെ കാര്യങ്ങളിൽ മൃഗങ്ങളിൽ പോലും കണ്ടുവരുന്ന സ്വന്തമാക്കിവെക്കലിന്റെ അംശങ്ങളെ മനുഷ്യർ അവരുടെ സ്വാതന്ത്ര്യാഭിവാഞ്ഛ കൊണ്ടും സാംസ്‌കാരികബോധം കൊണ്ടും മറികടക്കേണ്ടതിനുപകരം അതിനെ കൂടുതൽ കൂടുതൽ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും സമ്പത്തിന്റെയും വേലിക്കെട്ടുകളിലേക്ക് ചുരുക്കാനാണ് നാം ശ്രമിക്കുന്നത്.

2014 ൽ കൊച്ചിയിൽ നടന്ന ചുംബന സമരത്തിൽ നിന്ന് / Photo: Kiss of love Facebook

സിനിമയിലേക്ക് തിരിച്ചുവന്നാൽ കൊയിലാണ്ടിക്കടുത്തുള്ള പാറേപ്പള്ളി ബീച്ചായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ഏറെനാളത്തെ അലച്ചിലിനുശേഷമാണ് സിനിമയ്ക്ക് അനുയോജ്യമായ ഒരു ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞത്. ഷൂട്ടിങ് അനുമതിക്കായി ലോക്കൽ പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ തന്നെ ബന്ധപ്പെട്ട അധികാരികൾ പറയുന്നുണ്ട് 'ബീച്ചിനടുത്തായി ഒരു ആരാധനാലയമുണ്ട്, അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും എതിർപ്പുണ്ടായാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല' എന്ന്. ഷൂട്ട് തുടങ്ങി, ലൈവ് സൗണ്ട് ആയതുകൊണ്ടുതന്നെ ബീച്ചിൽ ആളുകുറഞ്ഞ സമയത്ത്, രാവിലെ ആറുമണിമുതൽ ഉച്ചവരെയൊക്കെയാണ് ഷൂട്ട്. 30-40 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് ഷോട്ടുകളാണ് എടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇടയിലുണ്ടാവുന്ന എന്തുപ്രതിബന്ധങ്ങളും ഷൂട്ടിനെ ബാധിക്കും. രണ്ടുദിവസം വലിയ പ്രശ്‌നമില്ലാതെ ഷൂട്ട് നടന്നു. മൂന്നാമത്തെ ദിവസമായപ്പോൾ നാട്ടുകാർ ഇടപെടാൻ തുടങ്ങി. സിനിമയിലെ സ്ത്രീകഥാപാത്രം പുരുഷകഥാപാത്രത്തെ തെറിപറയുന്ന രംഗമുണ്ട്. അതാണ് ഒരാളെ അസ്വസ്ഥനാക്കിയത്. അയാൾ ഫ്രെയ്മിൽ കയറിനിന്ന് പെൺകുട്ടിയെ തെറിവിളിക്കാൻ തുടങ്ങി. ഇത് സിനിമയാണ്, അവർ കഥാപാത്രങ്ങളാണ് എന്നൊക്കെ അയാളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സിനിമയായാലും അത് പാടില്ല എന്ന നിലപാടായിരുന്നു അയാൾക്ക്. മറ്റൊരാളുടെ ആകുലത 100 മീറ്റർ അകലെയുള്ള പള്ളിയെച്ചൊല്ലിയായിരുന്നു. പള്ളിയുടെ പരിസരത്ത് ഇതൊന്നും പാടില്ല എന്ന്. എന്തായാലും അസ്വസ്ഥമായ സാഹചര്യത്തിൽ ഷൂട്ട് തുടരേണ്ട എന്ന് തീരുമാനിക്കുകയും ഉള്ളതുവെച്ച് തൃപ്തിപ്പെടുകയുമായിരുന്നു. സമാനമായ ഒരനുഭവം വർഷങ്ങൾക്ക് മുമ്പുണ്ടായി. മലപ്പുറം ജില്ലയിലെ അരീക്കോട് ഒരു ഫുട്ബോൾ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഒരു സ്‌കൂൾ മൈതാനത്ത് ചിത്രീകരണം നടക്കുകയാണ്. നോമ്പുകാലമാണ്. സന്ധ്യയോടടുത്ത സമയത്ത് കുറച്ച് ചെറുപ്പക്കാർ മുന്നോട്ടുവന്ന് വാങ്കുകൊടുക്കാൻ സമയമായി, ഷൂട്ട് നിർത്തണം എന്നുപറഞ്ഞു. വാങ്കും ഷൂട്ടും തമ്മിലെന്താണ് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, സംവിധായകൻ ഷൂട്ട് നിർത്താൻ തയ്യാറായിരുന്നതുകൊണ്ട് അതങ്ങനെ അവസാനിച്ചു.

വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും കാഴ്ചപ്പാടിൽ കൂടുതൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനുപകരം പ്രായപൂർത്തിയായ മനുഷ്യർ തമ്മിലുള്ള, നിയമപരമായി സാധുതയുള്ള പ്രണയത്തെപ്പോലും തുരങ്കംവെക്കുന്ന തരത്തിലാണ് മതനേതൃത്വം പ്രണയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.

‘സെക്‌സി ദുർഗ' എന്ന തലക്കെട്ടുണ്ടാക്കിയ കോലാഹലങ്ങൾ നമുക്കറിയാം. സെൻസർ സർട്ടിഫിക്കറ്റും കോടതി ഉത്തരവും ഉണ്ടായിട്ടും ആ സിനിമ ഇന്ത്യൻ പനോരമയിൽ കാണിക്കാതിരിക്കാൻ ഭരണകൂടം കളിച്ച കളികളും പരസ്യമാണ്. ‘ഈശോ' എന്നോ, ‘കേശു ഈ വീടിന്റെ നാഥൻ' എന്നോ, ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്നോ ‘കുറാത്ത്' എന്നോ ഒരു സംവിധായകൻ തന്റെ സിനിമയ്ക്ക് പേരിടുമ്പോൾ അതൊക്കെ മതവികാരം വ്രണപ്പെടുത്തുന്നു എന്നുപറഞ്ഞ് ചാടിയിറങ്ങുന്ന മതനേതാക്കന്മാരും അനുയായികളുമാണ് നമുക്ക് ചുറ്റുമുള്ളത്.
പൊതുവെ വിവാഹത്തിലേക്ക് എത്തിയേക്കാവുന്ന പ്രണയത്തിനാണ് നമ്മുടെ നാട്ടിൽ കുറച്ചെങ്കിലും സാമൂഹികാംഗീകാരം ഉള്ളത്. അത് ഒരേ മതത്തിൽപെട്ടവരും ഒരേ സാമൂഹികനില ഉള്ളവർ തമ്മിലുമാണെങ്കിൽ കൂടുതൽ നല്ലത്. പക്ഷേ പ്രണയം എന്നത് ഏതുകാലത്തും ഏതുപ്രായത്തിലും രണ്ട് മനുഷ്യർക്കിടയിൽ ഉടലെടുക്കാവുന്ന ഒന്നാണ്. അതിന് വിവാഹവുമായി ഒരു ബന്ധവുമില്ല. വിവാഹം കഴിച്ചവരെ പ്രണയാവകാശത്തിന് പുറത്താണ് നാം പൊതുവെ പ്രതിഷ്ഠിക്കാറ്. ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ഉഭയലിംഗത്തിൽ ഉള്ളവർ തമ്മിലും കുട്ടികൾ തമ്മിലും വൃദ്ധർ തമ്മിലും കുട്ടികളും മുതിർന്നവരും തമ്മിലും വിവാഹിതർക്കിടയിലും വിവാഹിതരും അവിവാഹിതരും തമ്മിലും ഒക്കെ സംഭവിക്കാവുന്ന ഒന്നാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും കാഴ്ചപ്പാടിൽ കൂടുതൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനുപകരം പ്രായപൂർത്തിയായ മനുഷ്യർ തമ്മിലുള്ള, നിയമപരമായി സാധുതയുള്ള പ്രണയത്തെപ്പോലും തുരങ്കംവെക്കുന്ന തരത്തിലാണ് മതനേതൃത്വം പ്രണയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.

മിന്നൽ മുരളി എന്ന സിനിമയ്ക്കായി നിർമിച്ച സെറ്റ് ഹിന്ദു വർഗീയവാദികൾ തകർക്കുന്നു / Photo: Basil Joseph, Facebook

ഒരു സിനിമ അതിന്റെ പേര് പ്രഖ്യാപിക്കുമ്പോൾ തൊട്ട് അത് യാഥാസ്ഥിതികരുടെ നിരീക്ഷണത്തിലാണ്. ചിത്രീകരണം അതിലേറെ വെല്ലുവിളിയാണ്. മിന്നൽ മുരളി എന്ന സിനിമക്കുവേണ്ടി നിർമിച്ച പള്ളിയുടെ സെറ്റുപോലും അടിച്ചുതകർത്തു. മലബാർ കലാപവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ചില സിനിമകളുടെമേൽ സമീപകാലത്ത് നടന്ന ചർച്ചകളും അവയുടെ ഗതിയും ഓർക്കാവുന്നതാണ്. എന്തിനെയും വർഗീയവത്കരിക്കാനും ഏതെങ്കിലും ആലയിൽ കൊണ്ടുപോയി കെട്ടാനും തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം ഒരുവശത്ത്, ആലയ്ക്കനുസരിച്ച് കലയുണ്ടാക്കുകയും അതിന്റെ പേരിൽ അംഗീകാരങ്ങളും സ്ഥാനമാനങ്ങളും മേടിച്ചെടുക്കാൻ വെമ്പിനിൽക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടം മറുവശത്ത്.
കെവിൻ എന്ന ചെറുപ്പക്കാരനെ സ്വന്തം മതത്തിനകത്തെ ജാത്യാഭിമാനത്തിന്റെ പേരിൽ കൊലചെയ്യുമ്പോൾ അതിനെതിരെ ഒരു മതനേതൃത്വവും ഇടപെടുന്നില്ല. അവരുടെ കണ്ണ് പ്രണയാനന്തരം മറ്റൊരു മതത്തിലേക്ക് മാറിപ്പോയേക്കാവുന്ന സ്വന്തം പ്രജകളിലാണ്. എന്നാൽ മറ്റൊരു മതത്തിൽ നിന്ന് തങ്ങളുടെ മതത്തിലേക്ക് ആളുകളെത്തുമ്പോൾ അവിടെ ഒരു ജിന്നും ജിഹാദുമില്ല.

സംവിധായകൻ ജിയോ ബേബി / Photo: Jeo Baby Facebook

സംവിധായകൻ ജിയോ ബേബി പല അഭിമുഖങ്ങളിലും പറഞ്ഞ ഒരു കാര്യമുണ്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിൽ ശബരിമല വിഷയം ഒരു പ്രമേയമായി കടന്നുവരുന്നുണ്ട് എന്നറിഞ്ഞപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ ചാനൽ മുൻപ് കൊടുക്കാമെന്ന് പറഞ്ഞിരുന്ന തുകയിൽനിന്ന് പിന്മാറി എന്ന്. അതായത് നിങ്ങൾ മതയാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിക്കുന്ന ഒരു വിഷയം പ്രമേയമായി സ്വീകരിച്ചാൽ അതിവിടുത്തെ ചാനലുകാർക്ക് പോലും ഭയമാണ്. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകങ്ങൾ ആയാണ് സെൻസർ ബോർഡുകൾ മിക്കപ്പോഴും പ്രവർത്തിക്കുന്നത്. സതീഷ്-സന്തോഷ് ബാബുസേനന്മാരുടെ ഇരുട്ട് എന്ന സിനിമയിൽനിന്ന് ബീഫ് ഈറ്റർ, മാവോയിസ്റ്റ് തുടങ്ങിയ വാക്കുകൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചത് ഓർക്കാവുന്നതാണ്. ഇങ്ങനെ പലതട്ടിലുള്ള സെൻസറിങ്ങിലൂടെ കടന്നാണ് ഒരു സിനിമ കാണിയുടെ മുന്നിലേയ്ക്ക് എത്തുന്നത്. ഇതിൽ ഏറ്റവും അപകടകരമായ സംഗതി സെൽഫ് സെൻസറിങ് തന്നെയാണ്. സാമൂഹികമായ പലതരം ഭയങ്ങൾക്കകത്തുനിന്നുകൊണ്ടാണ് ഒരാൾ തന്റെ കലാസൃഷ്ടിയെക്കുറിച്ച് ആലോചിക്കുന്നത്. ചുറ്റുമുള്ളവരുടെ വടികൾക്കടിയിൽ നിന്നുകൊണ്ടാണ് പുതിയ സംവിധായകർ തങ്ങളുടെ സിനിമകളെക്കുറിച്ചു ചിന്തിക്കുന്നത്. അവരുടെ ചിന്തകളെ മുളയിലേ നുള്ളുക എന്നതാവണം ഈ പേടിപ്പിക്കലുകാരുടെ ആത്യന്തിക ലക്ഷ്യം.

നിങ്ങൾ മതയാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിക്കുന്ന ഒരു വിഷയം പ്രമേയമായി സ്വീകരിച്ചാൽ അതിവിടുത്തെ ചാനലുകാർക്ക് പോലും ഭയമാണ്. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകങ്ങൾ ആയാണ് സെൻസർ ബോർഡുകൾ മിക്കപ്പോഴും പ്രവർത്തിക്കുന്നത്

"പ്രേമിക്കൽ സമരമാണ് രണ്ടുപേർ ചുംബിച്ചാൽ ലോകം മാറുന്നു ആഗ്രഹത്തിന് ദശവെയ്ക്കുന്നു ചിന്തകൾക്ക് ദശവെയ്ക്കുന്നു അടിമയുടെ ചുമലുകളിൽ ചിറകുകൾ മുളയ്ക്കുന്നു ലോകം യാഥാർഥവും സ്പർശനീയവുമാകുന്നു വീഞ്ഞ് വീഞ്ഞാകുന്നു ഭക്ഷണം അതിന്റെ രുചി വീണ്ടെടുക്കുന്നു വെള്ളം വെള്ളമാകുന്നു പ്രേമിക്കൽ സമരമാണ് കതകുകൾ തുറക്കലാണ്'

ഒക്ടാവിയോ പാസ്, സൂര്യശില (കടമ്മനിട്ടയുടെ വിവർത്തനം). ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പ്രതാപ്​ ജോസഫ്​

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, മാധ്യമപ്രവർത്തകൻ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ തുടങ്ങിയവ പ്രധാന സിനിമകൾ.

Comments