പ്രതാപ്​ ജോസഫ്​

ഒറ്റക്കൊരാൾ കുഞ്ഞുസ്‌ക്രീനിൽ സിനിമ
കണ്ടുകൊണ്ടിരിക്കുന്നു, എടുത്തുകൊണ്ടിരിക്കുന്നു

പുതിയ ചെറുപ്പക്കാർ കാമറ പിടിക്കുമ്പോൾ മാറ്റം നമുക്ക് അനുഭവിക്കാനാവുന്നുണ്ട്. മാത്രമല്ല പഴയ സിനിമക്കാർക്കുപോലും പുതിയ കാണിയെ അഡ്രസ്സ് ചെയ്യേണ്ടിവരുന്നു. മീഡിയം കുറേക്കൂടി സ്വതന്ത്രമാവുന്നതിന്റെ ഒരു മാറ്റം നമുക്കിപ്പോൾ നന്നായി അനുഭവപ്പെടുന്നുണ്ട്.

ല്ലാ കലയുടെയും സാമൂഹിക ദൗത്യം ജീവിതത്തെ കൂടുതൽ സ്വതന്ത്രവും സർഗാത്മകവുമാക്കുക എന്നതാണ്. ഒരേസമയം അത് കലയിലും കാലത്തിലുമുള്ള ഇടപെടലാണ്. കല കലക്കുവേണ്ടിയാണോ ജീവിതത്തിനുവേണ്ടിയാണോ എന്നതായിരുന്നല്ലോ ഒരു കാലത്തെ നമ്മുടെ സംവാദ വിഷയം. കല കലയ്ക്കുവേണ്ടിയാവുമ്പോഴാണ് അത് ജീവിതത്തിനുവേണ്ടിയുമാവുന്നത്. കലയാവുക എന്നതുതന്നെയാണ് ഏതൊരു ആവിഷ്‌കാരത്തിന്റെയും ഏറ്റവും വലിയ വെല്ലുവിളിയും സാധ്യതയും. ഈയൊരു പാശ്​ചാത്തലത്തിൽനിന്നുകൊണ്ട്​ സിനിമയുടെ വർത്തമാനത്തെ പരിശോധിക്കാം.

കാലത്തിന് ഒപ്പമെങ്കിലുമായില്ലെങ്കിൽ...

കോവിഡ് മഹാമാരി മനുഷ്യജീവിതത്തെ ആഗോളമായിത്തന്നെ ഗ്രസിച്ച പ്രതിസന്ധികളിൽ ഒന്നായിരുന്നു. പ്രതിസന്ധികളാണല്ലോ കലയ്ക്ക് എല്ലാക്കാലത്തും ഉത്തേജനം നൽകിയ സംഗതികളിൽ ഒന്ന്. സിനിമയെന്ന മാധ്യമത്തെ പരീക്ഷണാത്മകമായി നോക്കിക്കാണാൻ അത് എല്ലാത്തരം സിനിമാക്കാരെയും പ്രേരിപ്പിച്ചു. സിനിമ തിയേറ്ററിൽ തന്നെ കാണണമെന്ന് ശഠിച്ചിരുന്ന പരമ്പരാഗത കാണിയെയും അത് മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു. മഹാമാരി നിശ്ചലമാക്കിയ ഒന്നുരണ്ടുവർഷങ്ങൾ ഒന്നു മാറി ചിന്തിക്കുന്നതിന് എല്ലാവർക്കും കാരണമായി. സിനിമ മൂലധനത്തിന്റെ കലയാണ് എന്നതാണ് നാം സിനിമയെക്കുറിച്ച് എല്ലാ കാലവും കേട്ടുപോന്ന നിർവചനങ്ങളിൽ ഒന്ന്. കല എന്ന വാക്ക് മാറ്റിനിർത്തിയാൽ കച്ചവട സിനിമയെ സംബന്ധിച്ച് ഇന്നും അത് പ്രസക്തമാണ്. സിനിമയിലെ കലാത്മകത സംബന്ധിച്ച് മൂലധനത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല എന്നതാണ് വസ്തുത. ശബ്ദവും വെളിച്ചവുമാണല്ലോ ഇതിന്റെ മീഡിയങ്ങൾ. അത് രണ്ടും പിടിച്ചെടുക്കാൻ കഴിയുന്ന ആയുധം 24 മണിക്കൂറും പോക്കറ്റിലിട്ടുകൊണ്ടാണ് നമ്മുടെയൊക്കെ നടപ്പ്. കവിത എഴുതുന്നതുപോലെ സിനിമ എഴുതാൻ കഴിയുന്ന ഒരു കാലം ആസന്നമായിരിക്കുകയാണ്. പുതിയ ചെറുപ്പക്കാർ കാമറ പിടിക്കുമ്പോൾ ആ ഒരു മാറ്റം നമുക്ക് അനുഭവിക്കാനാവുന്നുണ്ട്. മാത്രമല്ല പഴയ സിനിമക്കാർക്കുപോലും പുതിയ കാണിയെ അഡ്രസ്സ് ചെയ്യേണ്ടിവരുന്നു. അതിന്റെ ഒരു മാറ്റം അതായത് മീഡിയം കുറേക്കൂടി സ്വതന്ത്രമാവുന്നതിന്റെ ഒരു മാറ്റം നമുക്കിപ്പോൾ നന്നായി അനുഭവപ്പെടുന്നുണ്ട്.

സിനിമ മൂലധനത്തിന്റെ കലയാണ് എന്നതാണ് നാം സിനിമയെക്കുറിച്ച് എല്ലാ കാലവും കേട്ടുപോന്ന നിർവചനങ്ങളിൽ ഒന്ന്. കല എന്ന വാക്ക് മാറ്റിനിർത്തിയാൽ കച്ചവട സിനിമയെ സംബന്ധിച്ച് ഇന്നും അത് പ്രസക്തമാണ്

കഴിഞ്ഞ പത്തുപതിനഞ്ച് കൊല്ലമായി ഡിജിറ്റൽ സാങ്കേതികതയുടെ സാധ്യതകൾ നാം അനുഭവിച്ചുപോരുന്നു. സിനിമയെ അടിമുടി മാറ്റുന്നതിന് അത് കാരണമായിട്ടുണ്ട്. പഴയ സിനിമയേ അല്ല പുതിയ സിനിമ; അത് എല്ലാവർക്കും മനസ്സിലായിട്ടില്ലെങ്കിലും. ഭാഷയെ നവീകരിക്കുക എന്നതാണ് ഒരു കലാകൃത്ത് ആത്യന്തികമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന പണി. സിനിമ പോലെ, അങ്ങേയറ്റം സാങ്കേതികമായ കലയിൽ, ടെക്​നോളജിയിലുണ്ടാകുന്ന മാറ്റങ്ങൾ ആത്യന്തികമായി അതിന്റെ ഭാഷയിൽ തന്നെ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. അങ്ങനെ വളരെപ്പെട്ടെന്ന് മാറിയ ഒരു ഡിജിറ്റൽ ഭാഷയിലാണ് നാമിപ്പോൾ സിനിമ എടുത്തുകൊണ്ടിരിക്കുന്നത്. ഒറ്റക്കൊരാൾ തന്റെ കുഞ്ഞുസ്‌ക്രീനിൽ സിനിമ കണ്ടുകൊണ്ടിരിക്കുക മാത്രമല്ല എടുത്തുകൊണ്ടിരിക്കുകയുമാണ്. അത് മനസ്സിലാക്കിയ, നമ്മുടെ ക്രിട്ടിക്കുകളിൽ മനസ്സിലാക്കിയ ആളുകൾ വളരെ കുറവാണ്. അവരിപ്പോഴും പുതിയ സിനിമയിൽ പഴയ സിനിമയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കാലത്തിനുമുന്നെ സഞ്ചരിക്കുന്നതാണ് കല. അത് കാലത്തിന് ഒപ്പമെങ്കിലുമായില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല.

കാണികളുടെ അഭിരുചിക്കനുസരിച്ച് സിനിമയെടുക്കുന്ന ഒരാളല്ല ഞാൻ. കാണി എന്ന നിലയിലുള്ള എന്റെ അഭിരുചിയെ തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് ഞാൻ എടുക്കാൻ ശ്രമിക്കുന്നത്.

എന്റെ രാഷ്​ട്രീയ ശരികൾ

കാണികളുടെ അഭിരുചിക്കനുസരിച്ച് സിനിമയെടുക്കുന്ന ഒരാളല്ല ഞാൻ. കാണി എന്ന നിലയിലുള്ള എന്റെ അഭിരുചിയെ തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് ഞാൻ എടുക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കാഴ്ചാരീതിയിലുണ്ടാകുന്ന മാറ്റം സിനിമയോടുള്ള എന്റെ സമീപനത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നില്ല എന്നുതന്നെ കരുതുന്നു. മാറുന്ന ജീവിതമാണ് എന്റെ സിനിമാ ചിന്തകളെ സ്വാധീനിക്കുന്നത്. മാറുന്ന ജീവിതത്തെ ആവിഷ്‌കരിക്കാൻ മീഡിയത്തെയും നാം നവീകരിക്കേണ്ടതുണ്ട്. ഒരു കലാകൃത്തിനുമുന്നിൽ ജീവിതം വെക്കുന്ന വെല്ലുവിളി അതാണ്. അതേറ്റെടുക്കുന്നവർ മാത്രമേ കലാകൃത്തുക്കളായി അവശേഷിക്കുകയുള്ളൂ.

പ്രതാപ് ജോസഫ്

സിനിമയെ കച്ചവട സിനിമയെന്നും കലാത്മക സിനിമയെന്നും സ്വതന്ത്ര സിനിമയെന്നും മൂന്നായിക്കാണാനാണ് ഞാനാഗ്രഹിക്കുന്നത്. ഈ വേർതിരിവ് എല്ലാ കാലത്തും ഏറിയും കുറഞ്ഞും ഇവിടെ ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ മൂന്ന് വിഭാഗത്തിലും നല്ല സിനിമകളും മോശം സിനിമകളും ഉണ്ടാകാം. കച്ചവട സിനിമകൾ പ്രധാനമായും കണ്ടൻറ്​ ആണ് കച്ചവടം ചെയ്യുന്നതെങ്കിൽ കലാത്മക സിനിമകൾ കല എന്ന് വിളിക്കപ്പെടുന്നതിനെയാണ് കച്ചവടം ചെയ്യുന്നതെന്ന് മാത്രം. രണ്ടും രണ്ടുതരം കാണികളെയാണ് അഭിസംബോധന ചെയ്യുന്നത്.സ്വതന്ത്ര സിനിമകൾ മാത്രമാണ് മൂലധനത്തിൽ നിന്ന് മുക്തമായി സിനിമയെ സമീപിക്കുകയും ഒരു പരിധിവരെയെങ്കിലും വാണിജ്യതാൽപര്യങ്ങൾക്കതീതമായി പരീക്ഷണാത്മകതയിലും വിഷയ സ്വീകരണത്തിലും ഏർപ്പെടുകയും ചെയ്യുന്നത്. ഒരു സ്വതന്ത്ര സിനിമാ സംവിധായകൻ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. തുടക്കക്കാലം തൊട്ട് ക്രൗഡ് ഫണ്ടിങ് പോലെയുള്ള ജനകീയ നിർമാണ രീതികൾ പിന്തുടരുന്നതും സെൻസർഷിപ്പിന്റെ മുൻപിലേക്ക് സ്വന്തം കലാസൃഷ്ടികളെ കൊണ്ടുവെക്കാതിരിക്കുന്നതും അതുകൊണ്ടാണ്.

ആത്യന്തികമായി ഉള്ളടക്കത്തിലും ഭാഷയിലും ഘടനയിലുമൊക്കെ നമുക്ക് പുതുമ കണ്ടെത്താൻ കഴിയും. പക്ഷേ, ഉള്ളടക്കം ശരിയല്ല എങ്കിൽ ബാക്കിയെല്ലാം അസാധുവാകും.

എന്നെ സംബന്ധിച്ച്​ എനിക്ക് രാഷ്ട്രീയമായി ശരിയല്ലാത്ത ഒന്നിനെ കലയെന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്. എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു വാക്കാണ് പൊളിറ്റിക്കൽ കറക്റ്റ്‌നസ് എന്നത്. ഞാൻ രാഷ്ട്രീയശരി എന്ന വാക്കിനെ കുറേക്കൂടി വിശാല അർത്ഥത്തിലാണ് വീക്ഷിക്കുന്നത്. അങ്ങനെ എല്ലാവർക്കും സ്വീകാര്യമായ ഒരു രാഷ്ട്രീയശരി ഉണ്ടോ?. എന്റെ ശരിയായിരിക്കില്ലല്ലോ നിങ്ങളുടെ ശരി. അങ്ങനെ ആവേണ്ടതുമില്ല. അപ്പപ്പോഴത്തെ അജണ്ടകൾക്കനുസരിച്ച് പടച്ചുണ്ടാക്കലല്ല കലാകൃത്തുക്കളുടെ പണി. അത് എല്ലാക്കാലത്തേക്കുമുള്ളതാണ്. കാലഹരണപ്പെടുന്നത് കലയല്ല എന്നും ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

ആത്യന്തികമായി ഉള്ളടക്കത്തിലും ഭാഷയിലും ഘടനയിലുമൊക്കെ നമുക്ക് പുതുമ കണ്ടെത്താൻ കഴിയും. പക്ഷേ, ഉള്ളടക്കം ശരിയല്ല എങ്കിൽ ബാക്കിയെല്ലാം അസാധുവാകും. എന്നുകരുതി, ഉള്ളടക്കം കൊണ്ടുമാത്രം കലയുണ്ടാവുമോ എന്നുചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. കലാകൃത്തുക്കളുടെ ജീവിതത്തോടുള്ള സമീപനവും മീഡിയത്തോടുള്ള
സമീപനവും വളരെ പ്രധാനമാണ്. ഇത് രണ്ടും ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ മാത്രമേ കല സംഭവിക്കുന്നുള്ളൂ. മറ്റുള്ളവരെ പരിഹസിക്കുന്നതാണ് നർമം എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ചിരിക്കുവേണ്ടി ഇവർ പടച്ചുണ്ടാക്കുന്ന സന്ദർഭങ്ങൾ കാണുമ്പോൾ സത്യത്തിൽ കരച്ചിലാണ് വരിക; ആ ചിരിക്ക് ഇരയാവുന്ന മനുഷ്യരെയോർത്ത്.
നർമം കുറേക്കൂടി ദാർശനികമായ ഒന്നാണ്. ചാപ്ലിനിലൊക്കെ നാമത് കാണുന്നുണ്ട്.

സിനിമയെ കച്ചവട സിനിമയെന്നും കലാത്മക സിനിമയെന്നും സ്വതന്ത്ര സിനിമയെന്നും മൂന്നായിക്കാണാനാണ് ഞാനാഗ്രഹിക്കുന്നത്. ഈ വേർതിരിവ് എല്ലാ കാലത്തും ഏറിയും കുറഞ്ഞും ഇവിടെ ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

സിനിമ സ്​ത്രീകളെ സമീപിച്ച വിധവും ഈ സന്ദർഭത്തിൽ വിലയിരുത്തപ്പെടേണ്ടതാണ്​. സാമൂഹികമായി സ്ത്രീകൾ ഏതുനിലയിലായിരുന്നോ അതേ നിലയിൽ തന്നെയാണ് സിനിമയും സ്ത്രീകളെ സമീപിച്ചിട്ടുള്ളത്. വേണമെങ്കിൽ അതിനേക്കാൾ മോശമായിരുന്നു എന്നും പറയാം. കാരണം സിനിമ എന്നത് അന്നും ഇന്നും ഏറ്റവും ‘അപകടം പിടിച്ച' മേഖലകളിൽ ഒന്നാണല്ലോ. സ്ത്രീകളുടെ സാമൂഹികപദവി ചെറിയ രീതിയിലെങ്കിലും മാറിവരുന്ന ഇക്കാലത്ത് സിനിമയുടെ സമീപനവും ചെറിയ രീതിയിലെങ്കിലും മാറുന്നുണ്ട്. പക്ഷേ, ഡോക്യുമെന്ററികളോ ഹ്രസ്വചിത്രങ്ങളോ ആർജ്ജവത്തോടെ എടുക്കുന്ന സ്ത്രീകൾ കച്ചവട സിനിമയിലേക്കെത്തുമ്പോൾ വിപണി സമവാക്യങ്ങൾക്ക് കീഴ്‌പ്പെടുന്നതും നാം കാണുന്നു. തീർച്ചയായും അവരുടെ സാന്നിധ്യം അവിടെ പ്രധാനം തന്നെയാണ്. പക്ഷേ, നമ്മൾ ഏതുതരം കലയാണ് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നത് അതിലും പ്രധാനമാണ്.

മലയാള സിനിമയുടെ മികച്ച കാലം

ഇതര ഇന്ത്യൻ ഭാഷകളിൽ നിന്ന്​ മികച്ച സിനിമകളുണ്ടാകുന്നുണ്ട്. പക്ഷേ മലയാള സിനിമ അതിനെക്കാളൊക്കെ മുകളിലാണ് എന്നാണ് ഒരു കാണി എന്ന നിലയിൽ തോന്നുന്നത്. മലയാള സിനിമ എല്ലാ അർത്ഥത്തിലും അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കലയായാലും കച്ചവടമായാലും വളരെ കുറഞ്ഞ മുതൽമുടക്കുകൊണ്ട്, വളരെ കുറഞ്ഞ സമയം കൊണ്ട് നാം വൈവിധ്യമാർന്ന സിനിമകളുണ്ടാക്കുന്നു. അത് കാണാൻ കേരളത്തിനുപുറത്തും ആളുണ്ടാകുന്നു. ഇതൊന്നും ചെറിയ കാര്യമല്ല.

നാളിതുവരെ സിനിമയായി കാണാത്ത ഒന്നിനെ സിനിമയായി കാണുന്നിടത്താണ് പുതിയൊരു സിനിമയും പുതിയൊരു ഫിലിം മേക്കറും ഉണ്ടാകുന്നത്.

ഒരു കാലത്ത് നോവലുകളിലാണ് നമ്മൾ കൂടുതലായും സിനിമ അന്വേഷിച്ചിരുന്നത്. ഇന്ന് കൂടുതലായും കഥകളാണ് സിനിമകളായി മാറുന്നത്. സാഹിത്യവും സിനിമയും തമ്മിൽ കാര്യമായ ബന്ധമില്ല എന്നാണ്​ എനിക്കുതോന്നുന്നത്​. ഒരു പ്ലോട്ടോ സംഭവമോ മൊമന്റോ പോലും സിനിമയായി മാറാം. നാളിതുവരെ സിനിമയായി കാണാത്ത ഒന്നിനെ സിനിമയായി കാണുന്നിടത്താണ് പുതിയൊരു സിനിമയും പുതിയൊരു ഫിലിം മേക്കറും ഉണ്ടാകുന്നത്. ആശയപരമായി കവിതകളാണ് എന്നെ കൂടുതലായും പ്രചോദിപ്പിക്കുന്നത്, ചിലപ്പോൾ പത്രവാർത്തകളും. ചില ലാൻഡ്‌സ്‌കേപ്പുകളിൽ നിന്നാണ് പല സിനിമകളുടെയും തുടക്കം. ആ അർത്ഥത്തിൽ സ്ഥലങ്ങളാണ് ഏറ്റവും വലിയ പ്രചോദനം എന്ന് പറയാം. പിന്നെ ശബ്ദങ്ങളും. ഒരു കൈത്തൊടിന്റെ ശബ്ദമാണ് കുറ്റിപ്പുറം പാലം എന്ന ആദ്യസിനിമയുടെ പ്രചോദനം. പിന്നെ ഇടശ്ശേരിയുടെ കവിതയും ഭാരതപ്പുഴയുടെ മണൽപരപ്പുകളും.

താര രാമാനുജന്റെ നിഷിദ്ധോ സിനിമയിലെ രംഗം

വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നത്​ അരവിന്ദന്റെ സിനിമകളാണ്. മലയാളത്തിൽ അങ്ങനെ മറ്റൊരാൾ ഇല്ല എന്നതാണ് യാഥാർത്ഥ്യം. പുതിയ തലമുറയിൽ റഹ്മാൻ ബ്രദേഴ്‌സിന്റെ കളിപ്പാട്ടക്കാരനും ചവിട്ടും അങ്ങനെ ആവർത്തിച്ചു കണ്ട സിനിമകളാണ്. ബാബുസേനൻ ബ്രദേഴ്‌സിന്റെ സിനിമകളെല്ലാം ഈ ഗണത്തിൽ പെടുത്താൻ പറ്റില്ലെങ്കിലും അവരുടെ സിനിമയോടുള്ള സമീപനം വ്യത്യസ്തമാണ്. മറ്റൊരാൾ ശ്രീകൃഷ്ണൻ കെ.പി.യാണ്. താര രാമാനുജന്റെ നിഷിദ്ധോ, ജെ.ഗീതയുടെ റൺ കല്യാണി എന്നിവ അടുത്തകാലത്തെ പ്രിയപ്പെട്ട സിനിമകളാണ്. എന്റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടവയാണ്, അവ കാണുന്നവർ വിലയിരുത്തട്ടെ.

കാണികളുടെ എണ്ണമല്ല, അവരുടെ മൂല്യമാണ് എനിക്ക് പ്രധാനം. ജീവിതത്തെ, മീഡിയത്തെ എത്ര സമർത്ഥമായി നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതാണ് അതിന്റെ വിജയപരാജയങ്ങൾ.

ജീവിതത്തോട്​ സത്യസന്ധമാകാനുള്ള എളിയ ശ്രമം

സിനിമ നമ്മുടെ മനസ്സിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. അത് നിരോധിക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. സത്യത്തിൽ കലയെ ആർക്കും നിരോധിക്കാനാവില്ല. ഓരോ നിരോധനവും വാസ്തവത്തിൽ പുതിയ സൃഷ്ടികൾക്കുള്ള വിത്തുകൾ മാത്രമാണ്. എവരിതിങ് ഈസ് സിനിമ. എല്ലാ നിരോധനവും നിരോധിക്കുന്നവർ അറിയാതെ ജീവിതത്തെ കൂടുതൽ സിനിമാറ്റിക്കാക്കിക്കൊണ്ടിരിക്കുകയാണ്. കലയല്ലാതെ മറ്റെന്താണ് നമ്മുടെ കൈയ്യിലുള്ളത്?

നമുക്കറിയാവുന്ന ഭാഷയിൽ ലോകത്തോട് വിനിമയം ചെയ്യാനുള്ള ഒരു ശ്രമമാണ് എനിക്ക് സിനിമ. കാണികളുടെ എണ്ണമല്ല, അവരുടെ മൂല്യമാണ് എനിക്ക് പ്രധാനം. ജീവിതത്തെ, മീഡിയത്തെ എത്ര സമർത്ഥമായി നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതാണ് അതിന്റെ വിജയപരാജയങ്ങൾ. ജീവിതത്തോട് സത്യസന്ധമാവാനുള്ള എളിയ ശ്രമമാണ് കല എന്ന് ജോൺ അബ്രഹാം പറഞ്ഞിട്ടുണ്ട്. ആ ശ്രമം നഷ്ടമായാൽ ഈ പ്രവർത്തനങ്ങൾ എല്ലാം അർത്ഥരഹിതമായിത്തീരും. ▮


പ്രതാപ്​ ജോസഫ്​

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, മാധ്യമപ്രവർത്തകൻ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ തുടങ്ങിയവ പ്രധാന സിനിമകൾ.

Comments