ഏതുസിനിമയാണ് കള്ളപ്പണം കൊണ്ട് നിർമിക്കപ്പെട്ടത്

കച്ചവട സിനിമ ചെയ്യുന്നവരെയും സ്വതന്ത്ര സിനിമ ചെയ്യുന്നവരെയും മൂലധനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളിൽ സമീകരിക്കാനാണ് ബി.ഉണ്ണികൃഷ്​ണൻ ശ്രമിക്കുന്നത്. അദ്ദേഹം കണ്ണടച്ച് ഇരുട്ടാക്കാനാണ് നോക്കുന്നത്, ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കുന്നത് ആർജ്ജവവും വ്യക്തതയുമുള്ള പുതുതലമുറയെയാണ്

തിങ്ക്​’ പ്രസിദ്ധീകരിച്ച ബി. ഉണ്ണികൃഷ്ണന്റെ അഭിമുഖത്തിലെ സ്വതന്ത്രസിനിമയേയും അതിന്റെ മൂലധനത്തെയും കുറിച്ചുള്ള പരാമർശമാണ് ഈ കുറിപ്പിന് ആധാരം.

1999-2001 കാലത്ത്​ മഹാരാജാസ് കോളേജിലെ എം.എ. പഠന കാലത്താണ് ബി.ഉണ്ണികൃഷ്ണൻ എന്ന പേര് ആദ്യമായി കേൾക്കുന്നത്. അന്നദ്ദേഹം അറിയപ്പെടുന്ന സാഹിത്യനിരൂപകനും ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്‌ത ജലമർമ്മരം സിനിമയുടെ തിരക്കഥാകൃത്തുമാണ്. 99 ലെ മികച്ച പരിസ്‌ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് ജലമർമ്മരത്തിനായിരുന്നു. സംസ്‌ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച തിരക്കഥയ്ക്കും (രാജീവ്കുമാറും ബി. ഉണ്ണികൃഷ്ണനും ചേർന്ന്) ഉള്ള അവാർഡ് ജലമർമ്മരം നേടി. കൊച്ചിൻ ഫിലിം സൊസൈറ്റി സംഗീത തിയേറ്ററിൽ ജലമർമ്മരത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത് ഓർക്കുന്നു. അന്ന് സിനിമയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത് ബി.ഉണ്ണികൃഷ്ണൻ ആയിരുന്നു. മാവൂർ ഗ്വാളിയോർ റയോൺസ് സമരമായിരുന്നു സിനിമയുടെ പ്രമേയം. ഒരുപക്ഷേ കേരളത്തിലെ പരിസ്‌ഥിതി സമരങ്ങൾക്ക് ദിശാബോധം നൽകിയ സമരത്തിന്റെ നാൾ വഴികളെക്കുറിച്ചും പരിസ്‌ഥിതിയുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

എന്ത് എത്തിക്സിന്റെ പേരിലാണോ ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കിയത് ആ എത്തിക്സ് സംവിധായകൻ എന്ന നിലയിൽ ഉണ്ണികൃഷ്ണന് ആവശ്യമില്ലെന്നുണ്ടോ?

പിന്നീട്‌ മലയാളം വകുപ്പുതലവൻ കെ.ജി. ശങ്കരപ്പിള്ളയുടെ ക്ഷണപ്രകാരം ബി.ഉണ്ണികൃഷ്ണൻ കോളേജിൽ അതിഥിയായി വന്ന് ക്ലാസെടുത്തിട്ടുണ്ട്. മലയാള സിനിമയിലെ മുസ്​ലിം വിരുദ്ധതയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ ഗോപി എന്നീ സൂപ്പർതാരങ്ങൾ അക്കാലത്ത് കൈകാര്യം ചെയ്ത വേഷങ്ങളും അതിലെ ജാതീയതയും സവർണതയും മുസ്​ലിം വിരുദ്ധതയുമൊക്കെ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ വിശദീകരിച്ചു; ‘ഏതാണ്ട് മൂന്ന് വർഷക്കാലത്തിനിടയ്ക്ക് സൂപ്പർ താരങ്ങളിൽ സുരേഷ്‌ഗോപി മാത്രമാണ് ഒരു മുസ്​ലിം കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത FIR എന്ന സിനിമയിൽ. അതിൽത്തന്നെ താനൊരു ഇന്ത്യൻ മുസ്​ലിം ആണ് എന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് നായകൻ ആദ്യമേ പ്രദർശിപ്പിക്കുന്നത്’. മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങളെ ആഴത്തിൽ മനസ്സിലായ ഒരു നിരൂപകന്റെ ക്ലാസ് ഞങ്ങൾ വിദ്യാർത്ഥികൾക്ക് വലിയൊരു തിരിച്ചറിവും ആവേശവുമായിരുന്നു.

ബി. ഉണ്ണികൃഷ്ണൻ

തീർച്ചയായും കച്ചവട സിനിമയിലെ രസതന്ത്രങ്ങൾ അരച്ചുകലക്കിക്കുടിച്ച ബി. ഉണ്ണിക്കൃഷ്ണൻ പിന്നീട് അതേ രസതന്ത്രങ്ങൾ ഉപയോഗിച്ച് കച്ചവട സിനിമയിലെ പ്രമുഖനായ സംവിധായകനായി. മനുഷ്യവിരുദ്ധമായ നിരവധി സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ സിനിമയിൽ നിന്ന് ഉദാഹരിക്കാവുന്നതാണ്. അതെല്ലാവർക്കും അറിവുള്ളതായതുകൊണ്ടും ബി. ഉണ്ണികൃഷ്ണന് തന്നെ അക്കാര്യത്തിൽ വ്യക്തത ഉള്ളതുകൊണ്ടും അതിലേയ്ക്ക് കടക്കുന്നില്ല.
അഭിമുഖത്തിൽ പറയുന്നതുപോലെ കച്ചവട സിനിമ അദ്ദേഹത്തെ സംബന്ധിച്ച് ഒരു അപ്ലൈഡ് ആർട്ടാണ്. ആൾക്കൂട്ടത്തിന് എരിപിരികൊള്ളാൻ വേണ്ടത് കൊടുക്കുക എന്നതിനപ്പുറം മറ്റൊരു മൂല്യബോധവും അദ്ദേഹത്തെ നയിക്കുന്നില്ല.

ഫെഫ്കയിൽ മെംബർഷിപ്പില്ലാത്ത ഒരു കാമറാമാനെന്ന നിലയിൽ നിരവധി സിനിമകളിൽ പ്രവർത്തിക്കാനുള്ള അവസരം നഷ്ടമായി എന്നും ചില സിനിമകൾക്ക് അതിന്റെ പേരിൽ പെനാൽറ്റി അടയ്ക്കേണ്ടിവന്നു എന്നും കാണിച്ച് 2017 സെപ്റ്റംബറിൽ ഞാനൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് ചില സാമൂഹിക മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ബി. ഉണ്ണികൃഷ്ണൻ എന്നെ ഫോണിൽ വിളിച്ചു. പ്രധാനപ്പെട്ട പുരസ്കാരങ്ങൾ നേടിയവർക്കും അംഗീകൃത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചവർക്കും മെമ്പർഷിപ്പ് എടുക്കാതെ തന്നെ സിനിമയിൽ പ്രവർത്തിക്കാം എന്നറിയിച്ചു. എനിക്കുവേണ്ടിയല്ല, സിനിമയിലേക്ക് കടന്നുവരുന്ന പുതിയ ചെറുപ്പക്കാർക്കുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്, അവർക്ക് ഭീമമായ അംഗത്വ ഫീസില്ലാതെ സിനിമയിൽ പ്രവർത്തിക്കുന്നതിന് എന്ത് നടപടിയാണുള്ളത് എന്ന് ചോദിച്ചപ്പോൾ വലിയ അംഗത്വഫീസ് വാങ്ങുന്നത് പെൻഷൻ കൊടുക്കാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫെഫ്കയുടെ നേതൃത്വത്തിലുള്ള തൊഴിലാളി

തിയറ്ററുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടാവുമ്പോൾ ലിജോ ജോസ്‌ പെല്ലിശ്ശേരിക്ക് ഉണ്ടായതുപോലെയുള്ള വെളിപാടല്ല സ്വതന്ത്ര സിനിമ എന്നത്. മലയാളത്തിലെ സ്വതന്ത്ര സിനിമകളിൽ ബഹുഭൂരിപക്ഷവും തിയറ്റർ സിസ്റ്റത്തിന് പുറത്തുതന്നെയാണ് നിന്നിട്ടുള്ളത്

ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് വാചാലനാകുന്ന ഉണ്ണികൃഷ്ണൻ ബോധപൂർവം താമസ്കരിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ഒന്ന് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത അംഗത്വഫീസാണ് ഫെഫ്ക ഈടാക്കുന്നത്. അതു കൊടുക്കാൻ നിവൃത്തിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം അതൊരുതരം അപ്രഖ്യാപിത വിലക്കാണ്. ഇനി എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ആ പണം ഉണ്ടാക്കിയാൽ തന്നെ മിനിമം മൂന്ന് സിനിമകളിലെങ്കിലും പ്രവർത്തിച്ചതിന്റെ അനുഭവ സർട്ടിഫിക്കറ്റും ആവശ്യമാണ്. അതായത് പുതിയ ഒരാൾക്ക് പ്രത്യേകിച്ചും അയാൾ സാമ്പത്തികമായി പിന്നാക്കവും അധികാരശ്രേണിയിൽ താഴെയുമാണെങ്കിൽ മലയാളസിനിമയുടെ മുഖ്യധാരയിലേയ്ക്ക് കടന്നുവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സിനിമ ഒരു തൊഴിൽ മേഖലയാണെന്നത് ശരിതന്നെ. പക്ഷേ, ഇതൊരു കലാരൂപം കൂടിയാണ്. ഏതെങ്കിലും ഒരു സംഘടന ഇറക്കുന്ന തിട്ടൂരത്തിന് അനുസരിച്ചല്ല കലാപ്രവർത്തനം നടക്കേണ്ടത്. ഇനി സിനിമയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് അനുഗുണമാവുന്ന വിധത്തിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ ആവശ്യമായി വരികയാണെങ്കിൽ ഒരു സർക്കാർ സംവിധാനത്തിന്റെ കീഴിൽ ആണ് അത് വരേണ്ടത്.

വിധു വിൻസന്റ്

കുറ്റാരോപിതനായ ദിലീപിനെ ആദ്യമായി പുറത്താക്കിയ സംഘടന ഫെഫ്കയാണെന്ന് ഊറ്റംകൊള്ളുന്ന ഉണ്ണികൃഷ്ണൻ, അതേ ദിലീപിനെവെച്ച് സിനിമയെടുക്കാൻ ആദ്യമായി "ധൈര്യം'കാണിച്ച വ്യക്തിയും താനാണെന്ന് സമർത്ഥമായി മറക്കുന്നു. എന്ത് എത്തിക്സിന്റെ പേരിലാണോ ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കിയത് ആ എത്തിക്സ് സംവിധായകൻ എന്ന നിലയിൽ ഉണ്ണികൃഷ്ണന് ആവശ്യമില്ലെന്നുണ്ടോ?

അഭിമുഖത്തിന്റെ മറ്റൊരു ഭാഗത്ത്‌ ഇവിടുത്തെ എല്ലാ സ്വതന്ത്ര സിനിമാ സംവിധായകർക്കും വേണ്ടി പണം മുടക്കിയിട്ടുള്ളത് ആരൊക്കെയാണെന്ന കൃത്യമായ ഡാറ്റാ ബേസ്‌ ഉള്ള ആളാണ് താനെന്ന് ബി. ഉണ്ണികൃഷ്ണൻ അവകാശപ്പെടുന്നു. തീർച്ചയായും ഒരു സ്വതന്ത്ര സിനിമാ സംവിധായകൻ എന്ന നിലയിൽ ആ ഡാറ്റാബേസ്‌ അദ്ദേഹം പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

99 ൽ ജലമർമ്മരം എന്ന സ്വതന്ത്ര സിനിമയുടെ തിരക്കഥാകൃത്തായി സിനിമയിൽ രംഗപ്രവേശം ചെയ്ത ഉണ്ണികൃഷ്ണൻ 8 ലക്ഷം രൂപയ്ക്കാണ് ആ സിനിമ പൂർത്തിയാക്കിയതെന്നും ഇടയ്ക്കുവെച്ച് നിന്നുപോയ സിനിമ പൂർത്തീകരിക്കാൻ സാമ്പത്തിക സഹായം ചെയ്തത് നടൻ സുരേഷ്‌ഗോപിയാണ് എന്നും മുമ്പ് പറയുകയുണ്ടായി. താൻ ജീവിക്കുന്ന ജീവിതത്തിലെ വൈരുധ്യങ്ങൾക്ക് മറയിടാൻ ‘വിശുദ്ധ കാപ്പിറ്റൽ’ എന്നൊന്നില്ല എന്നും സ്വാതന്ത്ര്യം എന്നത് ഒരു ഉട്ടോപ്യയാണെന്നും സ്ഥാപിക്കുകയാണ് ഉണ്ണികൃഷ്ണൻ. തീർച്ചയായും കലയിലായാലും ജീവിതത്തിലായാലും പരിപൂർണ സ്വാതന്ത്ര്യം എന്നൊന്നില്ല എന്നത് വാസ്തവമാണ്. പക്ഷേ, ഓരോരുത്തരും കൈയ്യാളുന്ന സ്വാതന്ത്ര്യത്തിന് ഏറ്റക്കുറച്ചിലുകളുണ്ട്. ആ ഏറ്റക്കുറച്ചിലുകൾ അവരരുടെ കലാസൃഷ്ടിയിലും പ്രതിഫലിക്കുന്നുണ്ടാവും. മാടമ്പിയും പ്രമാണിയുമൊക്കെ ചെയ്തതിന്റെ കുറ്റബോധം കൊണ്ടാണ് സ്റ്റാൻഡ് അപ് പോലെയുള്ള സിനിമകൾ നിർമിച്ചത് എന്ന് ഒരിക്കൽ ഉണ്ണികൃഷ്ണൻ കുമ്പസാരിച്ചത് ഓർക്കുക. (ആ കുമ്പസാരം അതിനേക്കാൾ വലിയൊരു കാപട്യത്തിന് മറയിടാനാണെന്നത് വേറൊരു കാര്യം). കച്ചവട സിനിമ ചെയ്യുന്നവരെയും സ്വതന്ത്ര സിനിമ ചെയ്യുന്നവരെയും മൂലധനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളിൽ സമീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുവഴി മൂല്യാധിഷ്ഠിതമായ ഒരു സിനിമാ നിർമാണം എന്നൊന്നില്ല എന്ന് സ്ഥാപിക്കാനും.

ലിജോ ജോസ് പെല്ലിശ്ശേരി

വലിയ സ്റ്റുഡിയോ സിസ്റ്റത്തിന്റെ പുറത്ത് നിർമിക്കപ്പെടുന്നവയും വലിയ ബാനറുകളുടെയും വമ്പൻ താരങ്ങളുടെയും സാന്നിധ്യമില്ലാത്തവയും സിനിമയെന്ന മീഡിയത്തിന്റെ സൗന്ദര്യാത്മകതയിലും സാമൂഹിക പ്രതിബദ്ധതയിലും ഊന്നുന്നവയുമായ സിനിമകളെയാണ് പൊതുവെ സ്വതന്ത്ര സിനിമകൾ എന്ന് വിളിക്കുന്നത്. മൂലധനം ആവശ്യമില്ലെന്നല്ല, മൂലധനം ലക്ഷ്യം വെക്കുന്നില്ലെന്നുമല്ല; മൂലധനത്തിനുവേണ്ടി എന്തും ചെയ്യും എന്നതിൽനിന്നാണ് സ്വതന്ത്ര സിനിമകൾ സ്വതന്ത്രമായി നിൽക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ ഭാഗമായി തിയറ്ററുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടാവുമ്പോൾ ലിജോ ജോസ്‌ പെല്ലിശ്ശേരിക്ക് ഉണ്ടായതുപോലെയുള്ള വെളിപാടല്ല സ്വതന്ത്ര സിനിമ എന്നത്. മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്വതന്ത്ര സിനിമകളിൽ ബഹുഭൂരിപക്ഷവും എല്ലാക്കാലത്തും തിയറ്റർ സിസ്റ്റത്തിന് പുറത്തുതന്നെയാണ് നിന്നിട്ടുള്ളത്. അഥവാ ഏതെങ്കിലും സിനിമകൾ തിയേറ്ററിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനെ ചവുട്ടി പുറത്താക്കിയിട്ടുമുണ്ട്. ഏതു ചാനലുകളാണ് അതിലേതെങ്കിലും ഒരു സിനിമ നക്കാപ്പിച്ച പൈസയെങ്കിലും കൊടുത്ത് എടുത്തിട്ടുള്ളത്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു സംവിധായകൻ അടുത്തിടെ പറഞ്ഞ ഒരു കാര്യം ഓർക്കുന്നു. ആദ്യത്തെ ലോക്ക്​ഡൗൺ പ്രഖ്യാപിച്ച ഉടനെ തന്റെ സിനിമ ‘വേറിട്ട’ ഒരു ചാനലിനോട് ലോക്ക്​ഡൗൺ കഴിയുന്നതുവരെ കാണിച്ചുകൊള്ളാൻ പറഞ്ഞു. ഒരു സിനിമ സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞിട്ടുപോലും ആ ചാനൽ അത് സ്വീകരിച്ചില്ല. അതുകൊണ്ട് കോവിഡുണ്ടാക്കുന്ന ഒരു പ്രതിസന്ധിപോലും മലയാളത്തിലെ സ്വതന്ത്രസിനിമയെ സാരമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അത് അതിന്റെ പ്രേക്ഷകരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത് OTT പ്ലാറ്റ്‌ഫോമുകൾ വഴിയാണ്. ആ ആവശ്യക്കാർ ഈ പ്രതിസന്ധി സമയത്ത് കൂടിയിട്ടേയുള്ളൂ.

സനൽകുമാർ ശശിധരൻ

കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട മലയാളത്തിലെ സ്വതന്ത്ര സിനിമകളിലേയ്ക്ക് ഞാൻ ബി. ഉണ്ണികൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. 2013 ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ സുദേവന്റെ ക്രൈം നമ്പർ 89, അകത്തോ പുറത്തോ; രണ്ടും ജനകീയമായ സംഭാവനകളിലൂടെ നിർമിക്കപ്പെട്ട സിനിമകളാണ്. 10 ലക്ഷത്തിൽ താഴെയാണ് രണ്ടിന്റെയും നിർമാണ ചെലവ്. സംസ്ഥാന അവാർഡുകളും ദേശീയ- രാജ്യാന്തര മേളകളിൽ പുരസ്കാരവും നേടിയിട്ടുള്ള ബാബുസേനൻ ബ്രദേഴ്‌സിന്റെ ആറ് സിനിമകൾ ; ചായം പൂശിയ വീട്, ഒറ്റയാൾ പാത, മറവി, സുനേത്ര, ഇരുട്ട്, മായ; സംവിധായകരും സുഹൃത്തുക്കളും തന്നെ നിർമാതാക്കളായ ഓരോ ചിത്രത്തിനും അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിലാണ് നിർമാണ ചെലവ്. രാജ്യാന്തര തലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സനൽകുമാർ ശശിധരന്റെ ആദ്യത്തെ മൂന്ന് സിനിമകൾ ഒരാൾപൊക്കം, ഒഴിവുദിവസത്തെ കളി, സെക്സി ദുർഗ; മൂന്ന് സിനിമകൾക്കും 25 ലക്ഷത്തിൽ താഴെയാണ് ചെലവ്. ഡോൺ പാലാത്തറയുടെ രണ്ടു സിനിമകൾ- ശവം, വിത്ത്; രണ്ടും 10 ലക്ഷം രൂപയ്ക്ക് താഴെ നിർമാണചെലവിൽ പൂർത്തിയായവയാണ്. മികച്ച സിനിമയ്ക്കും സംവിധായികയ്ക്കുമുള്ള സംസ്‌ഥാന അവാർഡ് നേടിയ വിധു വിൻസെന്റിന്റെ മാൻഹോളും ദേശീയ തലത്തിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാർഡ് നേടിയ ജീവ കെ.ജെ.യുടെ റിക്ടർ സ്കെയിൽ 7.6 ഉം 10 ലക്ഷം രൂപയ്ക്ക് താഴെ പൂർത്തിയാക്കിയവയാണ്.

എല്ലാ സ്വതന്ത്ര സിനിമാ സംവിധായകർക്കും വേണ്ടി പണം മുടക്കിയിട്ടുള്ളത് ആരൊക്കെയാണെന്ന കൃത്യമായ ഡാറ്റാ ബേസ്‌ ഉള്ള ആളാണ് താനെന്ന് ബി. ഉണ്ണികൃഷ്ണൻ അവകാശപ്പെടുന്നു. ആ ഡാറ്റാബേസ്‌ അദ്ദേഹം പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്

ഷെറിയുടെ ആദിമധ്യാന്തം, കഖഗഘങ്ങ, റഹ്മാൻ ബ്രദേഴ്‌സിന്റെ കളിപ്പാട്ടക്കാരൻ, വാസന്തി, എസ്. സുനിലിന്റെ കളിയൊരുക്കം, മറുഭാഗം, വിശുദ്ധരാത്രികൾ, ശ്രീകൃഷ്ണൻ കെ.പിയുടെ മറുപാതൈ, നായിന്റെ ഹൃദയം, കൃഷ്ണവേണിയുടെ തടിയനും മുടിയനും, രഞ്ജിത്ത് ചിറ്റാടെയുടെ പതിനൊന്നാം സ്ഥലം ഇങ്ങനെ ശ്രദ്ധേയമായ, ചുരുങ്ങിയ ചെലവിൽ നിർമിക്കപ്പെട്ട സിനിമകളുടെ നിര എത്ര വേണമെങ്കിലും നീട്ടാവുന്നതാണ്.
ഇനി വേറെ ചില ഉദാഹരണങ്ങൾ: പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ മിഥുൻ മുരളി, തന്റെ രണ്ടു സിനിമകൾ ( ഗ്രഹണം, ഹ്യുമാനിയ) പൂർത്തിയാക്കിയത് 50,000, 75,000 വീതം രൂപ മുതൽ മുടക്കിലാണ്. കാമ്പസ് വിദ്യാർഥികളായ വൈഷ്ണവും ഗോകുലും ചേർന്ന് സംവിധാനം ചെയ്ത, നിരവധി ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെട്ട ഡൊമസ്റ്റിക് ഡയലോഗ്‌സിന് ചെലവായത്​ 80,000 രൂപ. മലയാളത്തിലെ കച്ചവട സിനിമ 5 മുതൽ 50 കോടി വരെ മുതൽ മുടക്കുമ്പോൾ 50,000 മുതൽ 25 ലക്ഷം രൂപ വരെയാണ് ശരാശരി സ്വതന്ത്ര സിനിമകളുടെ മുതൽമുടക്ക്. അതായത്‌ ശരാശരി ഒരു കച്ചവട സിനിമ നിർമിക്കപ്പെടുന്നതിന്റെ നൂറിൽ ഒന്ന് ചെലവുകൊണ്ട്. ഇതിൽ ഏതുസിനിമയാണ് കള്ളപ്പണം കൊണ്ട് നിർമിക്കപ്പെട്ടത് എന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കണം.
മലയാളസിനിമ ലോകനിലവാരത്തിനൊപ്പം നിൽക്കുന്നത് കച്ചവട സിനിമകളിലൂടെയല്ല, മറിച്ച് ഈ ചെറുപ്പക്കാരുടെ സ്വതന്ത്ര സിനിമകളിലൂടെയാണ്. ഉണ്ണികൃഷ്ണൻ കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്നത്, ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കുന്നത് ആർജ്ജവവും വ്യക്തതയുമുള്ള ഈ പുതുതലമുറയെയാണ്.

തൊഴിലാളികൾ, കല, സിദ്ധാന്തം, ഡബ്ല്യു.സി.സി.; ബി.ഉണ്ണികൃഷ്ണൻ നിലപാട് വ്യക്തമാക്കുന്നു

Comments