സംഘടന മുതലെടുക്കുന്നത് പേടികളെ

ഫെഫ്ക വർക്കിങ് ജനറൽ സെക്രട്ടറി സോഹൻ സീനുലാലിന്റെ കുറിപ്പ് വായിച്ചു. മറുപടിക്ക് നന്ദി. അദ്ദേഹം പറയുന്നതുപോലെ ഞാൻ എന്റെ കുറിപ്പിൽ എവിടെയും ഫെഫ്ക ആരുടെയെങ്കിലും തൊഴിൽ തടസ്സപ്പെടുത്തുന്നതായി എഴുതിയിട്ടില്ല. ഞാൻ ഉപയോഗിച്ച വാക്ക് അപ്രഖ്യാപിത വിലക്ക് എന്നാണെന്ന് ശ്രദ്ധിക്കുമല്ലോ. ഒരുപാട് വിലക്കുകളും പ്രതിസന്ധികളും കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. 90 കളിലാണ് മലയാള സിനിമയിൽ സിനിമാ സംഘടനകൾ സജീവമാകുന്നത്. അന്നുതൊട്ടിന്നുവരെ പല രീതിയിലുള്ള വിലക്കുകളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും മറ്റൊരു തൊഴിൽമേഖലയിലും ഇല്ലാത്തപോലെ നമ്മുടെ അന്തരീക്ഷത്തിൽ ഉണ്ട്. അന്തരിച്ച നടൻ തിലകൻ, സംവിധായകൻ വിനയൻ, ഒരു സമയത്ത് പ്രിഥ്വിരാജ് അങ്ങനെ പലരും അതിനെ നേരിട്ടിട്ടുമുണ്ട്. താരങ്ങൾ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിചൊല്ലി, ഗൾഫ് ഷോകൾ നടത്തുന്നതിനെ പറ്റി, പലവിധത്തിലുള്ള സാമ്പത്തിക തർക്കങ്ങൾ മൂലമോ അച്ചടക്കലംഘനങ്ങൾ ആരോപിക്കപ്പെട്ടോ, വിതരണക്കാരുടെ പ്രശ്നങ്ങൾ, തിയേറ്ററുകാരുടെ പ്രശ്നങ്ങൾ, നിർമ്മാതാക്കളുടെ പ്രശ്നങ്ങൾ,അടുത്തകാലത്ത് ഷെയ്ൻ നിഗത്തിന്റെ പ്രശ്നത്തിൽ, കോവിഡ്കാലത്തെ സിനിമാ നിർമ്മാണത്തെ ചൊല്ലി ഇങ്ങനെ പലവിധ കാരണങ്ങൾ പറഞ്ഞ് സിനിമയെന്ന വ്യവസായത്തിന്റെ വളർച്ചയും തൊഴിലാളി സംരക്ഷണവുമെന്ന പേരും പറഞ്ഞ് വിലക്കുകളും വെല്ലുവിളികളും നാം കാണുന്നുണ്ട്. അമ്മയിൽനിന്ന് രാജിവെച്ചവരും WCC യിൽ അംഗമായവരുമായ പല നടികളും അപ്രഖ്യാപിതമായ ഈ വിലക്കിനെ അഭിമുഖീകരിക്കുന്നുണ്ട്.
ഷൂട്ടിങ് ലൊക്കേഷനിൽ പോയി തടയുന്നതുതൊട്ട് സംഘടിതമായി തൊഴിൽ നിഷേധിച്ച് പുറത്താക്കിയ അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. അന്തരീക്ഷത്തിൽ ഒരു ഭയം നിർമ്മിച്ചെടുക്കാൻ ഈ വിലക്കുകൾക്ക് കഴിഞ്ഞു. ആഷിക് അബുവിനെപ്പോലെ ഇൻഡസ്ട്രിയിലെ ഏറ്റവും വിജയിച്ച ഒരു സംവിധായകനുപോലും സംഘടനകളോട് മല്ലിടേണ്ടിവരുന്നു. (ആഷിക്കിന് നിർമ്മാതാവിൽനിന്നും ന്യായമായി കിട്ടേണ്ട തുകയുടെ ഒരു ഭാഗം മേടിച്ചുകൊടിത്തതിന് 20 ശതമാനം സർവീസ് ചാർജ്ജ് ചോദിച്ച സംഘടനയാണ് ഫെഫ്ക).

ആഷിക് അബുവിനെപ്പോലെ ഇൻഡസ്ട്രിയിലെ ഏറ്റവും വിജയിച്ച ഒരു സംവിധായകനുപോലും സംഘടനകളോട് മല്ലിടേണ്ടിവരുന്നു. (ആഷിക്കിന് നിർമ്മാതാവിൽനിന്നും ന്യായമായി കിട്ടേണ്ട തുകയുടെ ഒരു ഭാഗം മേടിച്ചുകൊടിത്തതിന് 20 ശതമാനം സർവീസ് ചാർജ്ജ് ചോദിച്ച സംഘടനയാണ് ഫെഫ്ക).

അപ്പോൾ തുടക്കക്കാരുടെ അവസ്‌ഥ ആലോചിച്ചുനോക്കൂ.
സ്വതന്ത്രസിനിമാക്കാർ തങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന ഒരു സംഘടനയുടെ കീഴിലും തലവെച്ചുകൊടുക്കുന്നവരല്ല. അവരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന് എന്തെങ്കിലും തടസ്സമുള്ളതായി ഞാൻ എവിടെയും പറഞ്ഞിട്ടു മില്ല. അതുകൊണ്ട് സനൽകുമാർ ശശിധരൻ സിനിമയെടുക്കുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമാണ്. അതുപോലെ തന്നെയാണ് വേണു, സണ്ണി ജോസഫ് ഇവരൊക്കെ സംഘടനയിൽ ഉണ്ട്, പിന്നെ പ്രതാപ് ജോസഫിനുമാത്രം എന്താ പ്രശ്നം എന്ന് ചോദിക്കുന്നതും. ഞാൻ പറയുന്നത് വരേണ്യവാദമാണ് എന്നാണ് ഫെഫ്കയുടെ മറ്റൊരു ആരോപണം. അതെന്താണെന്ന് എനിക്ക് മനസ്സിലാവാത്തതുകൊണ്ട് അത് ഫെഫ്കതന്നെ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശരിയാണ്, ഫെഫ്കയിൽ അംഗത്വമെടുക്കാൻ ഫെഫ്ക ആരെയും നിർബന്ധിക്കുന്നില്ല, ഫെഫ്ക പരസ്യമായി ആരെയും തടയുന്നുമില്ല. പക്ഷേ, ഒരു കച്ചവട സിനിമ ചെയ്യാൻ മുന്നോട്ടുവരുന്ന തുടക്കക്കാർക്ക് ഫെഫ്കയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയുന്ന ഒരു സാഹചര്യം ഇവിടെയില്ല. സംഘടന തന്റെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിക്കൊള്ളും എന്ന് അയാൾ/ അവൾ വ്യാമോഹിക്കും. സംഘടനയെ ധിക്കരിച്ചാൽ താൻ ഒറ്റപ്പെടുമോ, വിലക്കപ്പെടുമോ എന്ന് ഭയക്കും. തന്റെ പ്രൊഡ്യൂസർക്ക് അതുകൊണ്ട് സാമ്പത്തിക നഷ്ടമുണ്ടാകുമോ, തന്റെ സിനിമയ്ക്ക് അതുകൊണ്ട് തിയേറ്റർ കിട്ടാതെ വരുമോ, സാറ്റലൈറ്റ് കിട്ടാതെ വരുമോ; ഇത്തരം പേടികളെയാണ് സംഘടന മുതലെടുക്കുന്നത്. അങ്ങനെ പേടിക്കാനുള്ള സാഹചര്യങ്ങൾ നാം അടിക്കടി ഉണ്ടാക്കുന്നുമുണ്ട്. കച്ചവട സിനിമയിൽ നിലനിൽക്കുന്ന ഹൈറാർക്കിയെക്കുറിച്ച് നീരജ് മാധവ് എന്ന നടൻ വളരെ വൈകാരികമായ ഒരു സാഹചര്യത്തിൽ ഒരു പ്രസ്താവന നടത്തുമ്പോൾ അത് പരിശോധിക്കാതെ ഉടനെ എല്ലാവരും കൂടി അയാളെ ചോദ്യം ചെയ്യാൻ ഓടിക്കൂടുന്നു. ബി. ഉണ്ണികൃഷ്ണൻ തന്നെ അഭിമുഖത്തിൽ പറഞ്ഞത് അയാളുടേത് സ്ത്രീവിരുദ്ധമായ പ്രസ്താവന ആണെന്നാണ്. കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നായികയുടെ ഹെയർ ഡ്രസ്റ്റിന് കിട്ടുന്നതിന്റെ പകുതി പ്രതിഫലമേ ഉണ്ടായിരുന്നുള്ളൂ എന്ന പ്രസ്താവനയിൽ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്. നമുക്കറിയാം സിനിമയിലെ നായികമാർക്ക് നായകന്റെ നാലിലൊന്ന് പ്രതിഫലം പോലും കിട്ടുന്നില്ല എന്ന്. അവരുടെ ഹെയർ ഡ്രസ്റ്റിന് വളരെ കുറഞ്ഞ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. അതൊരു വാസ്തവമാണ്. അതിൽ തൊഴിലിനെയോ സ്ത്രീത്വത്തെയോ അവഹേളിക്കുന്ന എന്താണുള്ളത്.
പണ്ടൊക്കെ നമ്മൾ ഒരാളെ ഒറ്റപ്പെടുത്തിയിരുന്നത് വളരെ നേരിട്ടായിരുന്നെങ്കിൽ ഇപ്പോൾ അത് കുറച്ചുകൂടി ആസൂത്രിതമായാണ്, തന്ത്രപരമായാണ്. പോസ്റ്റ്മോഡേൻ ഫിലോസഫി കൊണ്ടുണ്ടായ ഒരു ഗുണം അതാണ്. ചങ്കൂറ്റം കാണിച്ച മനുഷ്യരെയെല്ലാം ഒതുക്കി അരികത്താക്കിയതിന്റെ ചരിത്രമാണ് നമ്മുടെ സിനിമാ സംഘടനകൾക്ക് ഉള്ളത്. അതുകൊണ്ടുകൂടിയാണ് കരിയറിന്റെ തുടക്കത്തിൽ ഒരു സംഘടനയിലും അംഗത്വമെടുക്കുന്നില്ല എന്ന തീരുമാനം എടുത്തത്. സ്വതന്ത്ര സിനിമയിലേ വർക്ക് ചെയ്യാൻ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ സുഹൃത്തുക്കളായ ചില സംവിധായകരുടെ താൽപര്യത്തിന് വഴങ്ങി ചില മധ്യവർത്തി സിനിമകളിൽ കാമറാമാനായി പ്രവർത്തിച്ചു. ആദ്യത്തേ സിനിമയിൽ എന്നെപ്പോലെ അംഗത്വമില്ലാത്ത പലരും ഉണ്ടായിരുന്നു. എല്ലാവർക്കും വേണ്ടി നിർമാതാവ് വലിയൊരു തുക പെനാൽറ്റി അടച്ചു. കുറച്ചുകഴിഞ്ഞപ്പോൾ സാമ്പത്തിക പ്രതിസന്ധികൊണ്ട് ആ സിനിമ നിന്നുപോയി. പകുതി ഷൂട്ട്‌ കഴിഞ്ഞ രണ്ടാമതൊരു സിനിമയുമായി സംവിധായകനും നിർമാതാവും ഫെഫ്കയുടെ മുന്നിലെത്തിയപ്പോൾ ഞങ്ങളോട് ചോദിക്കാതെ ഷൂട്ടുതുടങ്ങാൻ നിങ്ങളോട് ആരാണ് പറഞ്ഞത് എന്നായിരുന്നു ഒരു ഫെഫ്ക ഭാരവാഹിയുടെ ചോദ്യം. ബാക്കിഭാഗങ്ങൾ ഫെഫ്കയിൽ മെമ്പർഷിപ്പ് ഉള്ള ഒരു കാമറാമാനെവെച്ച് ഷൂട്ട് ചെയ്യാൻ ഉപദേശിക്കുകയും ചെയ്തു. സംവിധായകൻ പേടിച്ച് അനുസരിക്കുകയും ചെയ്തു. (അവരുടെ ഭാവിയേക്കരുതി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല). പിന്നീട്‌ പല സിനിമകളിൽ നിന്നും ഞാൻ സ്വയമേവതന്നെ കാര്യം പറഞ്ഞ് മാറിനിൽക്കുകയാണ് ഉണ്ടായത്. നമ്മളെ വെച്ചാൽ നമുക്കും പണം തരണം, ഫെഫ്കയ്ക്ക് പെനാൽറ്റി അടയ്ക്കുകയും വേണം. വെറുതേ ഇരട്ടി ബാധ്യതയുടെ ആവശ്യം ഇല്ലല്ലോ.
ഒരു കാലത്ത് സിനിമയിൽ ഇത്ര പുതുമുഖങ്ങളെ അഭിനയിക്കാൻ പാടുള്ളൂ എന്നൊക്കെപ്പറഞ്ഞ് 'അമ്മ' ഒരു ഫത്വ ഇറക്കിയിരുന്നല്ലോ. സൂപ്പർ താരങ്ങളുടെ അടിക്കല്ല് ഇളകിയ ഒരു സമയമായിരുന്നു അത്. പിന്നീട് സാറ്റലൈറ്റ് റേറ്റിലൂടെ താരങ്ങൾ വീണ്ടും കരുത്തരായപ്പോൾ ആ തിട്ടൂരമൊക്കെ മറന്നു. മാക്ട പിളർന്ന് ഫെഫ്ക രൂപംകൊണ്ട സാഹചര്യവും ചിലർക്കെങ്കിലും ഓർമ കാണും. തൊഴിലാളി ക്ഷേമത്തിന്റെ പേരുംപറഞ്ഞ് സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയാണ് എല്ലാക്കാലത്തും സംഘടനകൾ നിലനിന്നിട്ടുള്ളത്. ഒരു കാര്യം ശരിയാണ് ഫെഫ്കയുടെ അഫിലിയേഷനുവേണ്ടി ശ്രമിക്കുന്ന സിനിമകളിൽ ആണ് അവർ കൈകടത്തൽ നടത്തുന്നത്. ഞങ്ങളാരെയും നിർബന്ധിക്കുന്നില്ലല്ലോ എന്ന അവരുടെ തൊടുന്യായവും ശരിയാണ്. ഓച്ഛാനിച്ചുനിൽക്കുന്ന മനുഷ്യർ ആണ് സംഘടനകളെ എന്തുകാര്യത്തിലും തീരുമാനമെടുക്കുന്നവരാക്കുന്നത്. കോവിഡ് കാലത്ത് സിനിമാ ഷൂട്ടിങ് പുനരാരഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫെഫ്ക സർക്കാറിനുമുന്നിൽ വെച്ച 35 ഇന നിർദ്ദേശങ്ങൾ നല്ലൊരു ഉദാഹരണമാണ്. സിനിമാസെറ്റുകൾ ഫെഫ്ക പ്രതിനിധികൾ സന്ദർശിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും എന്നാണ് അതിലൊന്ന്. ഫെഫ്ക എന്നുപറയുന്നത് മലയാള സിനിമയിലെ നിരവധി സംഘടനകളിൽ ഒന്ന് മാത്രമാണ്. സിനിമയുടെ കാര്യത്തിൽ അവരൊരു സൂപ്പർ ഗവണ്മെന്റ് ആയി പ്രവർത്തിക്കേണ്ട കാര്യമൊന്നുമില്ല. തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അതൊരു ഗവണ്മെന്റ് സംവിധാനത്തിന് കീഴിൽ പരിഹരിക്കപ്പെടുന്നതാണ് നല്ലത്. തൊഴിലാളി സംരക്ഷണവും ക്ഷേമനിധിയും പെൻഷനും ഒക്കെ അങ്ങനെതന്നെ. സർക്കാരുകൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുമ്പോഴാണ് ട്രേഡ് യൂണിയനുകൾ പിടിമുറുക്കുന്നത് എന്നതും വിസ്മരിക്കാനാവില്ല.
സിനിമ ഒരു തൊഴിൽ മേഖല മാത്രമല്ല കലാ മേഖലകൂടിയാണെന്ന് ഫെഫ്ക മനസ്സിലാക്കണം. അംഗങ്ങളുടെ തൊഴിൽ സംരക്ഷിക്കുന്നതിനായിരിക്കും ഏതൊരു തൊഴിൽ സംഘടനയും മുൻതൂക്കം കൊടുക്കുക. അവിടെ പുതിയ ആളുകളെ വെച്ച് സിനിമ ചെയ്യാനുള്ള ഒരു സംവിധായകന്റെ താൽപര്യത്തിന് എതിരുനിൽക്കാൻ പാടില്ല. സർഗാത്മകതയുള്ള മനുഷ്യരാണ് ഈ വ്യവസായത്തെയും കലയെയും താങ്ങിനിർത്തുന്നത്. ആത്യന്തികമായി സിനിമ ഉണ്ടെങ്കിൽ മാത്രമേ സിനിമാതൊഴിലാളികളും ഉണ്ടാവുകയുള്ളൂ.


പ്രതാപ്​ ജോസഫ്​

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, മാധ്യമപ്രവർത്തകൻ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ തുടങ്ങിയവ പ്രധാന സിനിമകൾ.

Comments