പ്രേക്ഷകരുടെ അഭിപ്രായത്തിന് കൂച്ചുവിലങ്ങിടാൻ സാധിക്കില്ല - പ്രതാപ് ജോസഫ്

നിർമ്മാതാവിന് മുടക്കിയ തുക നഷ്ടമാകുമ്പോൾ സ്വാഭാവികമായും അവർ അതിന്റെ കാരണക്കാരായി കണ്ടെത്തുന്നത് സ്വതന്ത്രമായി അഭിപ്രായം പറയുന്ന ആളുകളെയോ മാധ്യമങ്ങളെയൊ ആയിരിക്കും. ഒരു സിനിമയിറക്കി അതിൽ നിന്നും പൈസയുണ്ടാക്കാമെന്ന് എല്ലാവരും കരുതുന്നു, എന്നാൽ മോശം സിനിമയാണെങ്കിൽ സ്വാഭാവികമായും വിമർശനം വരും. സിനിമ പരാജയപ്പെടും, അത് സാമ്പത്തിക നഷ്ടമുണ്ടാക്കും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കാർത്തിക പെരുംചേരിൽ: സോഷ്യൽ മീഡിയ വഴിയുള്ള നെഗറ്റീവ് റിവ്യുകളിലൂടെ പുതുതായി ഇറങ്ങുന്ന മലയാള സിനിമകളെ തകർക്കുന്നു എന്ന ആരോപണമുയരുകയും ചില ഓൺലെൻ വ്ളോഗേഴ്സിനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുകയാണല്ലോ. സിനിമാ റിവ്യൂസിനെ നിയമം വഴി നിയന്ത്രിക്കാനുള്ള ശ്രമം ഓൺലൈൻ വ്ളോഗേഴ്സിനെ മാത്രം ബാധിക്കുന്ന കാര്യമായി കരുതാൻ കഴിയില്ല. ഗൗരവമായി സിനിമ കാണുകയും അതിനെ വിമർശാത്മകമായി വിലയിരുത്തുകയും ചെയ്യുന്ന കലാ വിമർശനശാഖക്കും അതിന് അനിവാര്യമായും വേണ്ട അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശത്തിന്മേലുമുള്ള കടന്നുകയറ്റമായി ഇപ്പോഴത്തെ നടപടികൾ മാറാനിടയുണ്ട് എന്ന ആശങ്ക പ്രകടിപ്പിക്കപ്പെടുന്നുണ്ട്. അത്തരമൊരാശങ്കക്ക് അടിസ്ഥാനമുണ്ടോ?

പ്രതാപ് ജോസഫ് : സിനിമ പണം മുടക്കി കാണുന്നയാൾക്ക് അതിനെ വിമർശിക്കാനുള്ള അവകാശമുണ്ട്. ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിതയിലാണ് അത് വരുന്നത്. ഇപ്പോഴത്തെ വിവാദങ്ങൾ, ഹൈക്കോടതി വിധിയടക്കം. കോടതി അക്കാര്യം കൃത്യമായി നിർവചിച്ചിട്ടില്ലെങ്കിൽ പോലും, റിവ്യൂസ് ഒരാഴ്ച കഴിഞ്ഞ് മതിയെന്നൊക്കെ പറയുന്നത് സിനിമ വ്യവസായത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്. അത്തരത്തിൽ പ്രേക്ഷകരുടെ അഭിപ്രായത്തിന് കൂച്ചുവിലങ്ങിടാൻ സാധിക്കില്ല. എന്നാൽ സിനിമ മേഖലയിൽ താരങ്ങളും അവരുടെ ഫാൻസ് അസോസിയേഷനുകളും വഴി പണം വാങ്ങിയും ഭീക്ഷണിപ്പെടുത്തിയും റിവ്യൂസ് മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് ഉറപ്പായും നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ അത് സിനിമകളെ വിലയിരുത്താനുള്ള അവകാശത്തെ നിയന്ത്രിച്ചുകൊണ്ടാവരുത്.

- ഓൺലൈൻ റിവ്യൂ സിനിമയെ നശിപ്പിക്കുന്നു എന്ന വാദം എത്രമാത്രം ശരിയാണ്? ഇപ്പോൾ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന ചില വ്ളോഗേഴ്സ് ആദ്യ ദിവസം തന്നെ മോശമെന്ന് മുദ്രകുത്തിയ ഒരു സിനിമ ആ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നായി മാറിയത് നമ്മൾ കണ്ടതാണ്. അതായത് സിനിമ വിജയിക്കുന്നതിലും പരാജയപ്പെടുന്നതിലും ഇത്തരം റിവ്യൂസ് ഒരു ഘടകമാകുന്നില്ല എന്നല്ലേ പല സിനിമകളുടെയും വിജയങ്ങൾ സൂചിപ്പിക്കുന്നത്?

നല്ല സിനിമാബോധമുള്ള പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ സിനിമയുടെ വിജയപരാജയങ്ങൾക്ക് റിവ്യൂസ് കാരണമാകുന്നുണ്ടെന്ന് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നില്ല. സിനിമ പുറത്തിറങ്ങി കഴിയുമ്പോൾ ഉറപ്പായും മൗത്ത് പബ്ലിസിറ്റിയുണ്ടാകും. അതോടൊപ്പം തന്നെ പലവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വരുന്ന റിവ്യൂസിനെ വിശകലനം ചെയ്തുകൊണ്ടും ആളുകൾക്ക് തീരുമാനത്തിലെത്താൻ കഴിയും. ചിലപ്പോൾ മൗത്ത് പബ്ലിസിറ്റി സിനിമക്ക് അനുകൂലമായി മാറും. ചില സിനികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്തായാലും നിയമം കൊണ്ട് നേരിടേണ്ട ഒരു കാര്യമല്ല റിവ്യു. സിനിമ കാണുന്നവർ തീർച്ചയായും അവരുടെ അഭിപ്രായങ്ങൾ പറയും. അത് സിനിമയെ ബാധിക്കുമെന്ന് ഞാൻ കരുതന്നില്ല. റിവ്യുകൊണ്ട് സിനിമ തകരുന്നു റിവ്യുകൊണ്ട് സിനിമ വിജയിക്കുന്നു എന്ന് പറയുന്നത് ഒരു അന്ധവിശ്വാസമാണ്. നമ്മുടെ കാണികളുടെ ട്രെന്റ് അനുസരിച്ച് സ്വാഭാവികമായും സിനിമ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും. ഒരു പക്ഷെ ഇതൊക്കെ കളക്ഷനെ ഗുണകരമായും പ്രതികൂലമായും ബാധിക്കുമായിരിക്കും. എന്നാൽ റിവ്യുകൊണ്ട് ഏതെങ്കിലും ഒരു സിനിമയെ തകർക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

Photo : IFFK, FB Page
Photo : IFFK, FB Page

പണം വാങ്ങിയാണ് പലരും മോശം റിവ്യൂസ് നൽകുന്നതെന്നാണല്ലോ പ്രധാന ആരോപണം. അങ്ങനെയാണെങ്കിൽ ഈ പണം ആരാണ് നൽകുന്നത് എന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ടല്ലോ? സിനിമക്കകത്ത് നിന്നും സിനിമയെ തർക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങളുടെ യഥാർത്ഥ സോഴ്സ് കണ്ടെത്തുക എന്നതാണല്ലോ പ്രശ്ന പരിഹാരത്തിനുള്ള വഴി?

റിവ്യു ചെയ്യുന്നവർക്ക് ഏതെങ്കിലും തരത്തിൽ പണം എത്തുന്നുണ്ടെങ്കിൽ അതിന് ഉറപ്പായും ഒരു സോഴ്‌സ് ഉണ്ടാകും. ഒരു സംശയവുമില്ല ആ സോഴ്‌സ് സിനിമക്കകത്ത് നിന്നും തന്നെയായിരിക്കും. കച്ചവട സിനിമ അതിന്റെ കിട മത്സരത്തിന്റെ ഭാഗമായിട്ടായിരിക്കാം, അങ്ങനെ പണം ഒഴുകുന്നുണ്ടെങ്കിൽ അത് സംഭവിക്കുന്നത്. അത് സിനിമക്ക് പുറത്ത് നിന്നാകാൻ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് തന്നെ കച്ചവട സിനിമ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാരും അവരവർ തന്നെയാണ്. കഴിഞ്ഞ ഒരു പത്തിരുപത് വർഷങ്ങൾ നോക്കി കഴിഞ്ഞാൽ പല രീതിയിൽ, സിനിമ മാസികകൾ റിവ്യു ചെയ്യുന്നതിനെതിരെ അല്ലെങ്കിൽ പത്രങ്ങൾ റിവ്യു ചെയ്യുന്നതിനെതിരെയൊക്കെ നിർമ്മാതാക്കൾ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യങ്ങൾ വിലക്കുക പോലെയുള്ള ശ്രമങ്ങൾ നിർമ്മാതാക്കൾ നടത്തിയിരുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രതിഭാസമല്ല. മറിച്ച് ഏതെങ്കിലും ഒരു നിർമ്മാതാവിന് മുടക്കിയ തുക നഷ്ടമാകുമ്പോൾ സ്വാഭാവികമായും അവർ അതിന്റെ കാരണക്കാരായി കണ്ടെത്തുന്നത് സ്വതന്ത്രമായി അഭിപ്രായം പറയുന്ന ആളുകളെയോ മാധ്യമങ്ങളെയൊ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത് പെട്ടന്നുണ്ടായ പ്രശ്‌നമല്ല. മറിച്ച് മലയാള സിനിമയിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്‌നം തന്നെയാണ്. ഒരു സിനിമയിറക്കി അതിൽ നിന്നും പൈസയുണ്ടാക്കാമെന്ന് എല്ലാവരും കരുതുന്നു, എന്നാൽ മോശം സിനിമയാണെങ്കിൽ പ്രേക്ഷകർ സ്വാഭാവികമായും അതിനെതിരെ പ്രതികരിക്കും. അപ്പോൾ അവരുടെ സിനിമ പരാജയപ്പെടും, അത് സാമ്പത്തിക നഷ്ടമുണ്ടാക്കും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ആദ്യ ദിവസം തന്നെ റിവ്യൂസ് പറയുന്നത് ഒഴിവാക്കണമെന്ന വാദം ഉയർന്നുവരുന്നുണ്ട്. അടിസ്ഥാനപരമായി ഈ നടപടി ബാധിക്കുന്നതും സിനിമകളെ തന്നെയാണല്ലോ? വലിയ തോതിലുള്ള പ്രൊമോഷനുകളില്ലാതെ വന്ന കണ്ണൂർ സ്‌ക്വാഡ് പോലൊരു സിനിമക്ക് ഇത്രയധികം വിജയം കൈവരിക്കാൻ സാധിച്ചതിന് പിന്നിൽ ഓൺലൈൻ റിവ്യൂസും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളും വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അത്തരത്തിൽ നോക്കുമ്പോൾ ഏഴ് ദിവസം കഴിഞ്ഞ് മതി റിവ്യു എന്നൊക്കെയുള്ള വാദം സിനിമകളെ പ്രതികൂലമായല്ലേ ബാധിക്കുക?

ഒരു സിനിമ ലൈവായിട്ട് നിൽക്കുക എന്നതാണ് പ്രധാനം. ഓൺലൈൻ റിവ്യൂകളും മാധ്യമങ്ങളും സിനിമയെ ലൈവാക്കി നിർത്താൻ സഹായിക്കുന്നുണ്ട്. പലപ്പോഴും പല സിനിമകളും വരുന്നതു പോലും പ്രേക്ഷകർ അറിയാറില്ല. ആ സമയത്ത് ഇത്തരം സോഷ്യൽ മീഡിയയിലൂടെയാണ് സിനിമ ലൈവായി നിൽക്കുന്നത്. അപ്പോൾ ഏഴ് ദിവസത്തേക്ക് റിവ്യു വേണ്ടായെന്ന തീരുമാനം എല്ലാവരും പാലിക്കാൻ തുടങ്ങിയാൽ വാസ്തവത്തിൽ അത് സിനിമക്ക് തന്നെയാണ് നഷ്ടമുണ്ടാക്കുന്നത്. കാരണം ഒരു തരത്തിലുള്ള ചർച്ചകളും സിനിമയുടെ പേരിൽ നടക്കാതെയാകും. റിവ്യൂസ് പോസിറ്റീവാണെങ്കിലും നെഗറ്റീവ് ആണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുകയാണ് നിർമാതാക്കൾ ചെയ്യേണ്ടത്.

തിയേറ്ററിലെത്തുന്ന ഒരു സിനിമയെ കുറിച്ചുള്ള ഭിന്നാഭിപ്രായമടക്കം അംഗീകരിക്കുക എന്നത് പ്രേക്ഷകജനാധിപത്യത്തിനുവേണ്ട അടിസ്ഥാന മര്യാദയാണ്. 'സിനിമ മോശമാണ്' എന്ന വിമർശനം, സിനിമക്ക് എതിരായ ആക്രമണമാണ് എന്ന തരത്തിൽ വിലയിരുത്തുന്നത് സിനിമാ ചർച്ചയ്ക്കുള്ള ഇടങ്ങളെ റദ്ദാക്കുകയല്ലേ ചെയ്യുക?

സിനിമ ഒരു കച്ചവടം മാത്രമല്ല. അതൊരു കലാസൃഷ്ടി കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ട് കഴിഞ്ഞാൽ അതിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവേണ്ടതുണ്ട്. കാരണം ഇതൊരു സാംസ്‌കാരിക ഉൽപന്നമാണ്. ആ അർത്ഥത്തിലുള്ള വിമർശനങ്ങൾ അതിന്മേലുണ്ടാകും. മറ്റേതെങ്കിലും പ്രൊഡക്ട് പോലെയല്ലല്ലോ സിനിമ. സമീപകാലത്ത് ഏറ്റവും ആക്ഷേപിക്കപ്പെട്ട ഒരു കാര്യമാണല്ലോ പൊളിറ്റിക്കൽ കറക്ട്‌നെസ്. നമ്മുടെ സമൂഹത്തിന്റെ വളർച്ചയുടെ ഭാഗമെന്ന നിലയിലും സിനിമയെ കാണണം. അതായത് ഒരു സിനിമയുടെ രാഷ്ട്രീയം ചർച്ചചെയ്യപ്പെടുന്നു, അത് ഏതൊക്കെ രീതിയിൽ സമൂഹത്തെ ബാധിക്കുന്നു, പലതരം ജനവിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു അങ്ങനെയുള്ള കാര്യങ്ങളൊക്കെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടാറുണ്ട്. ഇതൊക്കെ വാസ്തവത്തിൽ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്ന കാര്യങ്ങളാണ്.

എല്ലാ സിനിമകൾക്കും ലാഭമുണ്ടാക്കാൻ കഴിയില്ല. കാണികൾ ഡിമാന്റ് ചെയ്യുന്ന തരത്തിൽ സിനിമകൾ ഉണ്ടാകുമ്പോഴാണ് സാമ്പത്തിക വിജയമുണ്ടാകുന്നത്. എന്നാൽ സാമ്പത്തിക വിജയം മാത്രമല്ല ഒരു സിനിമയുടെ അടിസ്ഥാനം. കലാസൃഷ്ടിയെന്ന നിലക്കുകൂടി അത് വിലയിരുത്തേണ്ടതുണ്ട്. ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ കച്ചവട സിനിമക്ക് വലിയ പങ്കാണുള്ളത്. അത് മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

-സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നാണ് റിവ്യൂവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനത്തെ പോലും 'സിനിമക്കെതിരെയെന്ന' നറേറ്റീവിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കോടികൾ മുടക്കി എടുക്കുന്ന സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് എന്നൊരു വാദവും സിനിമാരംഗത്തുനിന്ന് ഉയരാറുണ്ട്. സിനിമക്കുവേണ്ടി മുടക്കുന്ന പണവും അതിന്റെ വിപണിയും മുൻനിർത്തി, കലാപരമായി എത്ര മോശം സൃഷ്ടിയായാലും അതിനെ വിജയിപ്പിക്കാനുള്ള ബാധ്യത പ്രേക്ഷകർക്കുണ്ട് എന്നൊരു നിർബന്ധിത ഉപാധി മുന്നോട്ടുവക്കുന്നത് എത്രത്തോളം അഭികാമ്യമാണ്?

സിനിമയിൽ ഒരുപാട് തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്നത് ശരിയാണ്. ആ തൊഴിലാളികളുടെ ഉപജീവന മാർഗം തന്നെയാണ് സിനിമ. അതിന് എന്താണ് ചെയ്യേണ്ടത്, ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള നല്ല സിനിമകൾ ഉണ്ടാക്കുക എന്നതാണ്. അത് ചെയ്യാതെ സിനിമകൾ പരാജയപ്പെടുമ്പോൾ നെഗറ്റീവ് റിവ്യുകൊണ്ടാണെന്ന് പറയുന്നത് വളരെ ബാലിശമാണ്. ഒരു സിനിമയുണ്ടാക്കുമ്പോൾ അതിന്റെ പലകാര്യങ്ങളും ശ്രദ്ധിക്കണം. ഏത് തരത്തിലുള്ള സിനിമകളാണ് ഇവിടെ വിജയിക്കുന്നത് എന്നതൊക്കെ അതിൽപെടും. എന്ന് കരുതി സാമൂഹ്യവിരുദ്ധ സിനിമകൾ ഉണ്ടാക്കുക എന്നല്ല. ഒരു സിനിമയുടെ പിന്നിൽ അതിന്റേതായ അധ്വാനവും അതിന്റേതായ സൂക്ഷ്മതയും കൃത്യതയും ആ മാധ്യമത്തെ കുറിച്ചുള്ള ധാരണയൊക്കെ ഉണ്ടാകുമ്പോഴാണ് സിനിമ നന്നാകുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് ചെയ്യാവുന്ന ഒന്നല്ല സിനിമ പോലൊരു കല. കൃത്യമായ ഹോം വർക്കില്ലാതെ സിനിമ ചെയ്താൽ ഉറപ്പായും പരാജയപ്പെടും. അതിൽ ദുഖിച്ചിട്ട് കാര്യമില്ല.


Summary: നിർമ്മാതാവിന് മുടക്കിയ തുക നഷ്ടമാകുമ്പോൾ സ്വാഭാവികമായും അവർ അതിന്റെ കാരണക്കാരായി കണ്ടെത്തുന്നത് സ്വതന്ത്രമായി അഭിപ്രായം പറയുന്ന ആളുകളെയോ മാധ്യമങ്ങളെയൊ ആയിരിക്കും


പ്രതാപ്​ ജോസഫ്​

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, മാധ്യമപ്രവർത്തകൻ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ തുടങ്ങിയവ പ്രധാന സിനിമകൾ.

കാർത്തിക പെരുംചേരിൽ

ജേണലിസ്റ്റ് ട്രെയിനി, ട്രൂകോപ്പി തിങ്ക്

Comments