Kill the Jockey, നൈസർഗ്ഗിക ബോധ്യങ്ങളുടെ ട്രാക്ക് തെറ്റിക്കുന്ന അർജന്റീനിയൻ സിനിമ. ലൂയിസ് ഓർട്ടേഗ (Luis Ortega) എന്ന അർജന്റീനിയൻ സംവിധായകൻ സകല ഴാനറും ഒരുമിച്ചു പൂട്ടിയ വാഹനത്തിൽ കയറ്റി സങ്കീർണവും അപരിചിതവുമായ ലോകത്തിലൂടെ കാണികളെ സഞ്ചരിപ്പിക്കുകയാണ്. സർറിയലിസം, മാജിക്കൽ റിയലിസം, അസ്തിത്വ നാടകം, ബ്ലാക്ക് കോമഡി, ത്രില്ലർ തുടങ്ങി പ്രവചനാതീതമായ നിമിഷങ്ങളുടെ കാർണിവൽകളത്തിൽ കറങ്ങുന്ന സിനിമ. ആരും കൈവെയ്ക്കാൻ ധൈര്യപ്പെടാത്ത പരീക്ഷണചിത്രം.
കാണികളെ കീഴ്മേൽ മറിക്കുന്ന സിംബോളിക് ഇമേജുകൾ, അതിനു ചേർന്നുനില്ക്കുന്ന സംഗീതം, അട്ടിമറിക്കുന്ന ദൃശ്യാനുഭവങ്ങൾ എന്നിവയാണ് സിനിമയുടെ ബ്യൂട്ടി സ്പോട്ട്. കുതിരപ്പന്തയങ്ങളിലെ അധോലോകം, മാഫിയ, ഗാംബ്ലിംഗ് ലോകത്തിലെ വന്യമായ ടെറിട്ടറികളിലേക്ക് എടുത്തെറിയുന്ന പ്ലോട്ട്. അക്കി കുറിസ്മാക്കി, ഡേവിഡ് ലിഞ്ച് പോലുള്ള സംവിധായകരുടെ സിനിമകളുടെ സ്വാധീനവും പിൻബലവുമുള്ളവർക്ക് പെട്ടെന്ന് വർക്ക് ഔട്ടാകും.
ലിഞ്ചിയൻ സ്ഥലകാലങ്ങളെ നിരാകരിക്കുന്ന, ശുഭാപ്തിയുടെ ആംബിഗ്വിറ്റിയിലും വിഷാദത്തിന്റെ വിഭ്രാന്തിയിലും സഞ്ചരിക്കുന്ന യുവാവാണ് നായക പാത്രം റെമോ (Nahuel Pérez Biscayart). നിഗൂഢമായ സ്വപ്നാടനങ്ങളിൽ സഞ്ചരിക്കുന്ന കഥാപാത്രം. സ്ഥലകാലങ്ങളുടെ ചുരുളിൽപെട്ട് അസ്തിത്വ വ്യതിയാനം സംഭവിക്കുന്നു. അയാൾ നായകനുമല്ല, ‘സോ കാൾഡ്’ വില്ലനുമല്ല. അതുകൊണ്ട് കഥാപാത്രങ്ങൾക്ക് പൂർണ്ണതയും വ്യക്തിത്വവുമില്ലാതെ ബിൽഡപ്പ് ചെയ്ത് നിരത്തിയിരിക്കുന്നതായി സിനിമക്കെതിരെ ആക്ഷേപമുണ്ട്.
റെമോ വിഷാദവാനെങ്കിലും പതിവ് മാസ്ക്വിലിൻ നായകരീതിയിലാണ് തുടങ്ങുന്നത്. പിന്നീട് സ്പോർട്സ് ഡ്രാമയുടെ വേഗം പിടിച്ച്, ഗാംഗ്സ്റ്റർ സിനിമയായി മാറുന്നു. പിന്നെ ഒരു ക്വിർ മനുഷ്യനായും, ആ മനുഷ്യനുള്ളിലെ മൾട്ടിറ്റ്യൂഡിനെ മരിക്കാൻ വിടാതെ പുനർജനിപ്പിക്കുന്ന കഥാപാത്രമായും മാറുന്നു. സിനിമ മാറുന്നു, ഒപ്പം റെമോയും മാറുന്നു.
Becoming എന്നത് ഒരു രക്ഷാവഴിതേടലാണെന്ന് സുഹൃത്തും ഫിലോസഫി ഖനനതൊഴിലാളിയുമായ സുനിൽകുമാർ അയാളുടെ FB പേജിൽ പറയുന്നുണ്ട്. അയാൾ തുടരുന്നു: നമ്മൾ എപ്പോഴും രണ്ടിൽ ഒന്നായിരിക്കും. ആൺ / പെൺ, മനുഷ്യൻ / മൃഗം ഇങ്ങനെ തേഞ്ഞുപോയ സംവർഗ്ഗങ്ങളിൽ ഉടലോടെ അടക്കം ചെയ്യപ്പെട്ടവർ. ആ ശവപ്പെട്ടിക്ക് പുറത്തു കടക്കലാണ് ആദ്യപടി. അതിന് ഉടൽ കൊണ്ട് ചിന്തിച്ചു തുടങ്ങണം. തൽക്കാലം നമുക്ക് തുടങ്ങാൻ ഈ ചത്ത ശരീരം മാത്രമേയുള്ളൂ.
ഐഡിയോളജിക്കപ്പുറം ഇമാജിനേഷനിലുള്ള തീവ്രമായ വിശ്വാസവും ഡിസൈനുമാണ് സിനിമയുടെ ഡ്രൈവ്.
നമുക്ക് നടക്കാനുള്ള വഴി നമ്മൾ തന്നെ വെട്ടണം. അപ്പോൾ ഉടലുണർവ് കൊണ്ട് ശരീരം അതിന്റെ അനന്തസാധ്യതകൾ തേടുന്നു. ശവപ്പെട്ടിയിൽ നിന്ന് പുറത്തുകടക്കുന്നത് മനുഷ്യൻ ആകില്ല. നമ്മൾ കണ്ടുമടുത്ത മൃഗവും ആകില്ല. ആണുമാകില്ല, പെണ്ണുമാകില്ല. പിന്നെ ചിദ്രശക്തികൾ (Molar Forces) ഏത് വ്യതിയാനത്തെയും വരുതിയിലാക്കാൻ നോക്കും. എത്ര മാറി ഒഴുകിയാലും നിങ്ങൾ പഴയ ഓടയിൽ തന്നെയാണെന്ന് തിരിച്ചറിയും. ആയിക്കൊണ്ടിരിക്കലിന് അവസാനമില്ലെന്ന് ചുരുക്കം. അതിന് ബുദ്ധിക്കപ്പുറം ഭാവനയാണ് അഭികാമ്യം. തികച്ചും പ്രായോഗികമാകാതെ ആയിക്കൊണ്ടിരിക്കൽ അസാധ്യമാണ്, അതിന് കുറുക്കുവഴികളില്ല.
ഐഡിയോളജിക്കപ്പുറം ഇമാജിനേഷനിലുള്ള തീവ്രമായ വിശ്വാസവും ഡിസൈനുമാണ് സിനിമയുടെ ഡ്രൈവ്.
അപകടത്തിനുശേഷം റെമോ ഒരു ട്രാൻസായും, ഗേയായും പരിണാമപ്പെടുന്നുണ്ട്.
കുതിരപ്പന്തയത്തിൽ മത്സരിച്ചു മുന്നിലെത്തുന്ന റെമോ റോക്കി ലഹരിയിൽ മുങ്ങി ട്രാക്കിൽനിന്ന് മാറി കുതിരയെ വേലിചാടിച്ച് അപകടപ്പെടുന്നു. അപകടത്തിനുശേഷം ആശുപത്രിയിലാകുന്ന റെമോ (റെമോ മാനിഫെഡിനി- അതാണയാളുടെ മുഴുവൻ പേര്) തലയിൽ കെട്ടിയ റിബൺ റീലും തൊട്ടടുത്ത ബെഡിലെ രോഗിയുടെ ബാഗും കോട്ടും എടുത്ത് നിഗൂഢമായി ആശുപത്രി വിടുമ്പോൾ അയാളുടെ സെക്ഷ്വൽ ഐഡന്റിറ്റിയിൽ ജനിതകമാറ്റം അഥവാ ദശാപരിണാമം സംഭവിക്കുന്നതായും സ്ഥലകാലങ്ങൾ നഷ്ടപ്പെടുന്നതായും ബോധ്യപ്പെടുന്നു.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ തെരുവിലേക്ക് അപ്രത്യക്ഷമാകുന്നത് അയാളുടെ മാഫിയാ ബോസിനോടുള്ള കടബാധ്യതയിൽ നിന്ന് രക്ഷതേടിയായിരുന്നില്ല. അയാളിൽ നിന്നുതന്നെയുള്ള ആത്മപലായനമായിരുന്നു. നഗരം അയാളിലെ അന്തരാള സംഘർഷങ്ങളുടെ സിംബോളിക് പ്രതീകമായിരുന്നു. പ്രപഞ്ചത്തിന്റെ കറക്കങ്ങളിൽ തുടർച്ചയായ ആത്മനാശവും ചിതറിത്തെറിക്കുന്ന ശരീരവുമായി സഞ്ചരിക്കുന്ന മനുഷ്യന് വിജയം, അധികാരം, അധഃപതനം മുതലായവ തമ്മിൽ പിരിക്കാനാകാത്ത സംഭവപരമ്പരകളുടെ പെരുക്കളാണെന്ന് സിനിമ സൂചന നൽകുന്നുണ്ട്. സംവിധായകൻ ഓർട്ടേഗ യാഥാർത്ഥ്യവും അബ്സേഡും കലർത്തി ഒരു സർറിയൽ നറേറ്റീവിലൂടെ കാണിയെ കയറ്റിവിടുന്ന പണി സംഗീതവും, കോസ്റ്റ്യൂമും ചമയവും വിദഗ്ധമായി ചേർത്തുവെച്ചാണ് നടത്തുന്നത്. ഐഡന്റിന്റി ക്രൈസിസ് ഒരു വശത്ത്, മറുവശത്ത് വിജയം നിലനിർത്താനുള്ള പ്രതിസന്ധികളെ നിരന്തരം പ്രതിരോധിക്കുന്ന മനുഷ്യാസ്തിത്വ പ്രഹരങ്ങൾ. ഇവയെ സർക്കാസ്റ്റിക് ഇമേജറികൾ നിരത്തി, അസാധ്യമായത് സാധിപ്പിക്കുന്ന ഓർട്ടേഗയുടെ പ്രതിഭ നൈസർഗ്ഗിക പാരമ്പര്യങ്ങളെ വെല്ലുവിളിച്ച് അർമാദിക്കുന്നുണ്ട്.
ജയിച്ച കുതിരയും പരാജിതനായ റോക്കിയും അനുഭവിക്കുന്ന സംഘർഷം കൂടിയാണ് സിനിമ. ഇന്റേണൽ ലോജിക്കുകൾ തിരയുന്നവർക്കുള്ളതല്ല ഈ സിനിമ.
നാഹുവൽ പെരെസ് ബിസ്കയാർട്ട് എന്ന നടന്റെ അനായാസവും മിതവുമായ പ്രകടനം റെമോ എന്ന കഥാപാത്രത്തിന്റെ അസ്തിത്വ വിച്ഛേദങ്ങളെ ഒരു നോട്ടത്തിലൂടെയും നിശ്ശബ്ദ ശരീരഭാഷയിലൂടെയും നെടുനീളൻ സംഭാഷണമില്ലാതെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ശരീരമില്ലാതെ (Corporeal) വികാരങ്ങളെ അനുഭവിക്കുക സാധ്യമല്ലെന്ന് റെമോ നേരിടുന്ന അപകടങ്ങളിലൂടെ ബോധ്യപ്പെടുത്തുന്നു. കുതിരപ്പന്തയത്തിൽ മത്സരിച്ചോടുന്ന കുതിരയെ വേലിചാടിക്കുന്ന റെമോ എന്ന ലഹരിപിടിച്ച റോക്കി മറ്റൊരു കുതിരയായിരുന്നു.
‘ആരൊരാളെൻ കുതിരയെക്കെട്ടുവാൻ, ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ’ എന്നു ചോദിക്കുന്ന വയലാറിനെപ്പോലെ, റെമോയോട്, ‘ദുരന്തങ്ങൾ പിടിക്കാനുള്ള നിന്റെ അടങ്ങാത്ത ദാഹം ഞങ്ങൾക്കു തിരിയുന്നുണ്ട്, ദുരന്തം പിടിച്ചവനേ’ എന്ന് സിറെനാ (ഡാനിയൽ ഗിമിനസ് കാസോ) എന്ന കഥാപാത്രം, മോബ് ബോസ് പറയുന്നത്, റെമോ സ്ലാപ്സ്ലിപ് അടിച്ച് കാണികളെ രസിപ്പിക്കുന്ന സന്ദർഭത്തിലാണ്. സിറെനയും അബ്രിലും തമ്മിലുള്ള ബന്ധത്തിൽ അബ്രിൽ സംതൃപ്തയാണ്. അബ്രിൽ സിറെനയോടുള്ള കടബാദ്ധ്യതയുടെ സമ്മർദ്ദത്തിൽ കുതിരപ്പന്തയത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. അവൾ അവരോടുള്ള ബന്ധത്തിൽ ആനന്ദം കണ്ടെത്തുന്നു. മനോഹരമായി ചിത്രീകരിച്ച ഗാനരംഗങ്ങളും കൊറിയോഗ്രാഫിയും പൊളിയായിരുന്നു.
റെമോയുടെ ഗർഭിണിയായ പ്രണയിനി അബ്രിൽ (ഉർസുല കോർബെറോ- Úrsula Corberó, Money Heist fame), അയാളെ പിന്തുടരുന്നത് അയാളെ തിരിച്ചുപിടിക്കാനാണെങ്കിൽ കുതിരപ്പന്തയ മാഫിയ റെമോയുടെ മരണം ഉറപ്പിക്കാനാണ്. ജയിച്ച കുതിരയും പരാജിതനായ റോക്കിയും അനുഭവിക്കുന്ന സംഘർഷം കൂടിയാണ് സിനിമ. ഇന്റേണൽ ലോജിക്കുകൾ തിരയുന്നവർക്കുള്ളതല്ല ഈ സിനിമ.
2024 വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ ഈ സിനിമക്കായിരുന്നു. അക്കാദമി അവാഡിനും മത്സരിച്ചെങ്കിലും പുറത്താകുകയായിരുന്നു.
അകി കൗറിസ്മാക്കിയുടെ (Aki Olavi Kaurismäki) സിനിമകൾക്ക് ക്യാമറ ചെയ്ത ടിമോ സാൽമിനനാണ് ക്യാമറ. ഇബ്രാൻ അസ്വാദ്, റൊസാരിയോ സുവാരസ് എന്നിവരാണ് എഡിറ്റിങ്. കോസ്റ്റ്യും ഡിസൈനർ ബിയാട്രിസ് ഡി ബെനഡറ്റോ, മ്യൂസിക് സ്യൂൻ റോസ് വാനർ, തിരക്കഥ സംവിധായകനടക്കം മൂന്നുപേർ: ലൂയിസ് ഒർട്ടേഗ, റോഡോൾഫോ പലേഷ്യസ്, ഫാബിയൻ കസാസ്. സൗണ്ട്.
Casts: Nahuel Pérez Biscayart, Ursula Corberó, Daniel Gimenez Cacho, Daniel Fanego, Osmar Núñez, Roberto Carnaghi, Luis Ziembrowski, Jorge Prado, Adriana Aguirre, Roly Serrano, Mariana Di Girolamo. (Spanish dialogue).