തിയേറ്ററിലെത്തുന്ന പ്രേക്ഷകക്കൂട്ടത്തെ ചിരിപ്പിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. അതും എല്ലാത്തരം പ്രേക്ഷകരെയും ചിരിപ്പിക്കുക എന്നത് എല്ലാവരാലും സാധ്യമാകുന്നതല്ല. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളിലൂടെ ഇത്തരത്തിൽ മലയാളിയെ ചിരിപ്പിക്കാൻ ഗിരീഷ് എ.ഡി എന്ന സംവിധായകന് കഴിഞ്ഞു. അതിന്റെ തുടർച്ചയാണ് മൂന്നാമത്തെ സിനിമയായ പ്രേമലു. ആദ്യവസാനം വരെ ചിരിയെ കൂട്ടുപിടിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. സിറ്റുവേഷണൽ കോമഡികളുടെ ആറാട്ടാണ് പ്രേമലു.
ഗിരീഷ് എ.ഡി തന്റെ മൂന്ന് സിനിമയും കൃത്യമായൊരു പ്രേക്ഷകകൂട്ടത്തെ മുന്നിൽക്കണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ടാർഗറ്റ് ഓഡിയൻസ് ചിത്രങ്ങൾ ഏറ്റെടുക്കുകയും, അവർ തിയേറ്ററിൽ ആൾകൂട്ടമായി മാറുകയും ചെയ്തു. തണ്ണീർമത്തൻ ദിനങ്ങൾ, പ്ലസ്ടു ജീവിതവും സൗഹൃദവും കൗമാര പ്രണയവുമെല്ലാം ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചു. തിയേറ്ററിലെത്തിയ ഓരോ പ്രേക്ഷകർക്കും സിനിമ നൊസ്റ്റാൾജിക്ക് അനുഭവമായിരുന്നു. സ്‌ക്രീനിൽ കാണുന്നത് തങ്ങളെത്തന്നെയല്ലേ, അല്ലെങ്കിൽ തങ്ങൾ തന്നെയാണ് എന്ന തോന്നൽ സിനിമ സൃഷ്ടിക്കുന്നുണ്ട്.
സൂപ്പർ ശരണ്യയും അങ്ങനെ തന്നെയായിരുന്നു. കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേക്ക് കടക്കുന്ന പെൺകുട്ടിയും അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രണയവും തുടർന്നുള്ള സംഭവവുമൊക്കെ മനോഹരമായി ഒരുക്കാൻ ഗിരീഷിനും കൂട്ടർക്കും കഴിഞ്ഞിരുന്നു. തന്റെ ആദ്യ രണ്ട് സിനിമയുടെയും തുടർച്ച തന്നെയാണ് പ്രേമലു. അവതരണത്തിലോ കഥയിലോ പുതുമയില്ല. അത്ര സക്സസല്ലാത്ത നായകൻ, അയാൾക്ക് നായികയോട് തോന്നുന്ന പ്രണയം, പ്രണയാഭ്യർഥന, പ്രണയം നിരസിക്കൽ ഒടുവിൽ ശുഭപര്യാവസായി. ഒരു സ്ഥിരം ടെംപ്ലേറ്റ് സിനിമ. എന്നാൽ റിലേറ്റബിലിറ്റിയാണ് പ്രേമലുവിനെ വിജയിപ്പിക്കുന്നത്. ഓരോ കഥാപാത്രവും നമ്മളോ നമ്മൾ മുമ്പ് കണ്ടിട്ടുള്ള ആരൊക്കെയോ ആണെന്ന് തിരക്കഥാകൃത്തുക്കളായ ഗിരീഷും കിരൺ ജോസും പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നു. സാഹചര്യങ്ങൾപോലും അത്തരത്തിലുള്ളവയാണ്.
തമിഴ്‌നാട്ടിലെ ഒരു കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി വിദേശത്ത് പോകാൻ കാത്തിരിക്കുന്ന, എന്നാൽ പണമില്ലാത്തതിനാൽ ആ സ്വപ്‌നം വൈകുന്ന നായകകഥാപാത്രമായ സച്ചിൻ നസ്ലിന്റെ കംഫേർട്ട് സോണാണ്. അത് രസകരമായി അയാൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശരാശരി മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന, അതിന്റെ സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന അയാൾ നമ്മുടെ അടുത്ത വീട്ടിലെ പയ്യനോ സുഹൃത്തോ ഒക്കെയായി തോന്നും. കഥാപാത്രനിർമിതി അത്ര മികച്ചതാണ്. സിനിമ ആദ്യ മിനിട്ടുകളിൽ തന്നെ എന്താണ് സച്ചിൻ എന്ന ധാരണ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. നസ്ലിനെ കുറിച്ച് പറയുമ്പോൾ തണ്ണീർ മത്തനിലെ മെൽവിൻ വളർന്ന് സച്ചിനായതുപോലെയാണ് തോന്നുക. ചില മൈന്യൂട്ട് എക്‌സ്പ്രഷനുകൾ, സൗണ്ട് മോഡുലേഷൻ എന്നിവയൊക്കെ നസ്ലിനിലെ നടനെ പുറത്തുകൊണ്ടുവരുന്നുണ്ട്.
സച്ചിന്റെ സുഹൃത്തായ അമൽ ഡേവിസ്, മമിത ബൈജു അവതരിപ്പിച്ച റീനു, ശ്യം പ്രസാദിന്റെ ആദി തുടങ്ങി വന്നവരും നിന്നവരുമൊക്കെ പ്രകടനത്തിൽ മത്സരിക്കുകയാണ്. ടീം വർക്കാണ് ഗിരീഷിന്റെ സിനിമകളുടെ വിജയ ഫോർമുല. അതിവിടെയും വർക്കാകുന്നുണ്ട്. പ്രേമലുവിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഹൃദയം സിനിമയുടെ റഫറൻസും, സോഷ്യൽ മീഡിയ വൈറൽ കണ്ടന്റുകളുടെ പ്ലേസ്‌മെന്റുമാണ്. ഇമോഷണൽ സീനുകളിൽ പോലും ഈ പുതിയ പരീക്ഷണം പ്രേക്ഷകരെ ചിരിപ്പിക്കും. ചിത്രത്തിന്റെ മൂഡിന് ചേർന്ന പശ്ചാത്തലസംഗീവും പാട്ടുകളും വിഷ്ണു വിജയിന്റെ കൈകളിൽ ഭദ്രമാണ്. അജ്മൽസാബുവിന്റെ ഛായാഗ്രഹണം സിനിമക്ക് എന്താണോ ആവശ്യം അത് നൽകുന്നു.
ചിരിമുഹൂർത്തങ്ങളും മികച്ച പ്രകടനങ്ങളും മാത്രമല്ല പ്രേമലു. തന്റെ സ്ഥിരംശൈലിയിൽ രാഷ്ട്രീയമായ ചില ശരികേടുകളെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ വലിയ രീതിയിൽആഘോഷിക്കപ്പെട്ട സ്ത്രീവിരുദ്ധ, എല്ലാ അർഥത്തിലും ടോക്‌സിക്കായ സിനിമയാണ് സന്ദീപ് റെഡ്ഡി വാങ്കയുടെ അർജുൻ റെഡ്ഡി. തമിഴിലും ഹിന്ദിയിലുമായി കബീർ സിങ്, ആദിത്യ വർമ എന്ന പേരിലും അതിന്റെ റിമേക്കുകളിറങ്ങി. ആ കഥാപാത്രമാകട്ടെ ‘ആണത്തത്തിന്റെ മൂർത്തിഭാവമായി’ സോഷ്യൽ മീഡിയ അടക്കിവാണു. എന്നാൽ മലയാളത്തിലേക്ക് വന്നപ്പോൾ ഊതിവീർപ്പിച്ച ആ ടോക്‌സിക് മസ്‌ക്കുലിനിറ്റിയെ സൂപ്പർ ശരണ്യയിലൂടെ ഗിരീഷ് തമാശയാക്കി മാറ്റി. അത്തരം അർജുൻ റെഡ്ഡിമാരും കബീർ സിങ്ങുമാരും കോമഡി പീസാണെന്ന് ഗിരീഷ് പറഞ്ഞുവെച്ചു. അജിത് മോനോൻ എന്ന സ്പൂഫ് കഥാപാത്രം തിയേറ്ററിനെ ചിരിപ്പിച്ചാണ് മടങ്ങിയത്.
അതിന്റെ തുടർച്ച പ്രേമലുവിലുമുണ്ട്. ശ്യം മോഹൻ അവരിപ്പിച്ച ആദി എന്ന കഥാപാത്രം അജിത് മേനോന്റെ പുതിയ വേർഷനാണ്. അടിമുടി ടോക്‌സിക്കായ വ്യക്തി. കൂട്ടത്തിന്റെ മധ്യത്തിൽ അയാൾ ജെന്റിൽമാനാണ്, നഷ്ടപ്പെടലിന്റെ വക്കിലയാൾ ഷമ്മിയാവും. ‘ഞാൻ ഫെമിനിസ്റ്റുകൾക്ക് എതിരല്ല, പക്ഷെ’ എന്ന് പറഞ്ഞുതുടങ്ങുന്ന ‘ലൈറ്റ് ഫെമിനിസ’ത്തിന്റെ വക്താക്കളുടെയും സോഷ്യൽ മീഡിയയിലെ ഏട്ടായിമാരുടെയും റീൽ രൂപമാണ് ആദി.
ആകെത്തുകയിൽ സിനിമയൊരു മികച്ച അനുഭവം തന്നെയാണ്. പോരായ്മകളോ പ്രശ്‌നങ്ങളോ ഉണ്ടോയെന്ന് ചിന്തിക്കുന്നതിനുമുമ്പ് ചിരിക്കുള്ള വകതന്ന് പ്രേക്ഷകരെ വഴിതിരിക്കുന്ന ഗിമ്മിക്കാണ് ഗിരീഷിന്റെ, അല്ല ഗിരീഷിന്റെയും കൂട്ടരുടെയും പ്രേമലു.