'മതിലുകൾ' എന്ന സിനിമയിൽ മമ്മൂട്ടി

നമ്മുടെ മമ്മൂട്ടിവർഷങ്ങൾ

കപടസദാചാരവും ഉൾക്കനമില്ലായ്മയും പാശ്ചാത്യാനുകരണവും മേക്ക് ബിലീഫുമെല്ലാം കൂടിക്കുഴഞ്ഞ നമ്മുടെ സമൂഹത്തിൽ ഒരാദർശ പുരുഷനായി എല്ലാവരുടെയും മനസിൽ മമ്മൂട്ടിയുണ്ട്.

യുസ്സിനെയും സൗന്ദര്യത്തെയും കുറിച്ചുള്ള പുരാതന ഭീതിയിൽ നിന്ന് മനുഷ്യർ കരകയറുന്നേയില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം സ്വയവും പൊതുവായും വിചാരപ്പെടുകയും വിചാരണപ്പെടുകയുമുണ്ടായി. "നര വന്ത പിറകേ... പുരിയിത് ഉലകൈ' എന്ന് പ്രദീപ്​കുമാർ പാടുന്നത് കേട്ടാലും എത്ര തത്വങ്ങളുടെ താടി വളർത്തിയാലും മനുഷ്യർ അതായിരിക്കുന്നിടത്തോളം ആ വിചാരത്തിൽ തന്നെ കഴിയുന്നു. പ്രിയ നടൻ മമ്മൂട്ടിയുടെ എഴുപത് വയസ്സും അദ്ദേഹത്തിന്റെ നിലയ്ക്കാത്ത യൗവനവും നമുക്കിടയിൽ ഏറെ പ്രധാനപ്പെട്ട മറ്റു പലതുമെന്നതുപോലെ ചർച്ചയായി ഉയരുന്നുവെന്നത് അദ്ദേഹത്തോടുള്ള ആരാധനയ്ക്കും സ്‌നേഹത്തിലുമപ്പുറം നമ്മിലെ സൗന്ദര്യമോ ആരോഗ്യമോ അറിവിന്റെ പരിധിയിലല്ലാത്ത അവസാനമോ നമുക്കു തന്നെ പ്രശ്‌നവത്കരിക്കാൻ അവസരമൊരുക്കുന്നു.

ഇടതുപക്ഷ നിഷ്പക്ഷ മതനിരപേക്ഷതയുടെ കൂടെത്തന്നെ നില്ക്കുന്ന മമ്മൂട്ടിയെ തികച്ചും മതനിരപേക്ഷത പുലർത്തുന്ന ഒരാളായി കോടിയേരി സഖാവ് അവതരിപ്പിക്കുന്നതിലെ അപകടവും അയാൾ മറികടക്കുമെന്ന് നമുക്കറിയാം

എഴുപതുകളുടെ അവസാനം ജനിച്ചവരുടെ അതേ പ്രായമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമാജീവിതത്തിന്. ഞങ്ങൾ സിനിമ കാണാൻ തുടങ്ങുന്ന ഓല തീയേറ്ററുകളിൽ നിന്ന് അപ്പോഴും നസീറും ജയനും ഒഴിഞ്ഞുപോയിരുന്നില്ല. മധു, സോമൻ, സുകുമാരൻ, വിൻസെൻറ്​, രാഘവൻ തുടങ്ങിയ താരവെട്ടങ്ങൾക്കിടയിലും ഇടവേളകളിലിടാറുള്ള സിനിമകളായി ജയനും നസീറും തോരാതെ നിന്നു. തൊട്ടുമുമ്പത് സത്യനും നസീറുമായിരുന്നു. ഏറെ മുമ്പ് ചമയമഴിച്ചുവച്ച് പോയതിനാൽ ഞങ്ങളുടെ തലമുറയ്ക്ക് സത്യൻ മാഷ് തറവാട്ടു വീടിന്റെ ഇറയത്ത് ആദരവോടെ ചില്ലിട്ടുവച്ച ഫോട്ടോയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവോ തുഷാരമോ സംഘർഷമോ ആയിരിക്കും ഓർമയുറയ്ക്കാത്ത സമയത്ത് ഞാനാദ്യം കണ്ട സിനിമ. ശങ്കറിനെയാഘോഷിക്കുന്നതിനൊപ്പം തന്നെ മലയാള സിനിമ മമ്മൂട്ടി, മോഹൻലാൽ, രതീഷ് എന്നിവരെ തുടങ്ങിവച്ചു. ഇടയ്ക്ക് വേണു നാഗവള്ളി ശോകവും പ്രേമവുമാടി. മലയാളം റഹ്​മാനിൽ എത്തിയപ്പോഴേക്കും പഴയ സത്യൻ- നസീർ പോലെ മമ്മൂട്ടി- മോഹൻലാൽ എന്ന് എല്ലാവരും പറയാൻ തുടങ്ങിയിരുന്നു. രാജാവിന്റെ മകൻ മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കി ഉയർത്തിയപ്പോൾ ന്യൂഡൽഹി മമ്മൂട്ടിയെയും താരമാക്കി. മലയാളികൾ തോളു ചെരിച്ചുള്ള നടത്തം ആഘോഷമാക്കി. മമ്മൂട്ടിയുടേതിനു കിടപിടിക്കുന്ന ഹെയർ സ്‌റ്റൈലിനുവേണ്ടി പുതിയ ബാർബർ ഷോപ്പുകൾ ഉണ്ടായി. എല്ലായിടങ്ങളിലും ‘നമസ്‌ക്കാരം പണിക്കരേട്ടാ’ എന്ന് മമ്മൂട്ടിയും ‘വിൻസൻറ്​ ഗോമസിനെ ചതിച്ചവരാരും...’ എന്ന് മോഹൻലാലും ശബ്ദരേഖ എന്ന ഇടപാടിലൂടെ പറഞ്ഞു. മുള്ളൻപന്നി മുടികൾ അർത്ഥം സ്‌റ്റൈലിൽ ചീകിവെക്കാൻ ഞങ്ങൾ മത്സരിച്ചു.

മമ്മൂട്ടിയും പി.എസ്​. റഫീക്കും

കിരീടവും വരവേൽപും അധിപനും പെരുവണ്ണാപുരവും വന്ദനവും നാടുവാഴികളും ദശരഥവുമായി തൊണ്ണൂറിനുതൊട്ടു മുമ്പ് മോഹൻലാൽ തിയറ്ററുകളിൽ നിറഞ്ഞപ്പോൾ അഥർവവും അർത്ഥവും നായർ സാബും അടിക്കുറിപ്പും ഉത്തരവും മൃഗയയും മഹായാനവും വടക്കൻ വീരഗാഥയും മമ്മൂട്ടിയിൽ ഭദ്രമായി. നടൻ എന്ന നിലയിൽ മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലായിരുന്നു ഒരു വടക്കൻ വീരഗാഥ. വമ്പിച്ച താരവിലയിലേക്കും നിലയിലേക്കും അത് അദ്ദേഹത്തെ ഉയർത്തി. തൊണ്ണൂറുകളോടെ അദ്ദേഹത്തിന്റെ താരനില ഉച്ചത്തിലാവുകയും അതിനു മുമ്പുണ്ടായിരുന്ന അഭിനയ താളം അദ്ദേഹം വ്യത്യാസപ്പെടുത്തുകയും ചെയ്തു. മതിലുകളും അമരവും വിധേയനും പൊന്തൻമാടയും സുകൃതവും വാത്സല്യവുമെല്ലാം അസാധ്യ പകർന്നാട്ടങ്ങളിലേക്ക് ആ നടനെ കൈപിടിച്ചുയർത്തി. എല്ലാത്തരം ആളുകളുമംഗീകരിക്കുന്ന ഒരു മോഡൽ ജന്റിൽമാനിലേക്കുള്ള ചെന്നെത്തലായിരുന്നു അത്.

സത്യത്തിൽ മലയാളി സമൂഹം ഇന്നും നായരും നമ്പൂതിരിയും ഈഴവനും മുസ്‌ലിമും ക്രിസ്ത്യാനിയും ദലിതനുമൊക്കെത്തന്നെയായി മാറ്റം വരാതെയിരിക്കുന്ന പഴയ ഗോത്രപദവിയിൽ തന്നെയാണുളളത്.

ഒരു സുഹൃത്ത് പറഞ്ഞ രസകരമായൊരു കഥ ഓർമ വരുന്നു. കോഴിക്കോട്ടുകാരനായ കടുത്ത മതവിശ്വാസിയായ മുസ്‌ലിം വൃദ്ധന്റെ കഥ. ജീവിതത്തിൽ സിനിമയോ സംഗീതമോ ഇല്ലാത്ത ഒരാൾ. ഹജ്ജിനു പോകാൻ എയർപോർട്ടിൽ ചെല്ലുമ്പോൾ അവിടെ മമ്മൂട്ടി വന്നിറങ്ങുന്നു. "ന്റെ പുലിക്കുട്ട്യല്ലേ ആ നിക്കണദ്' എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടിയുടെ അടുത്തേക്ക് പരിസര ബോധമില്ലാതെ അദ്ദേഹം പാഞ്ഞുവത്രേ. എനിക്കീ കഥയിൽ അതിശയോക്തിയൊന്നും തോന്നിയില്ല. 1921 എന്ന സിനിമ മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വടക്കൻ മലബാറിൽ മമ്മൂട്ടിക്കുണ്ടാക്കിയ വീരപരിവേഷവും അംഗീകാരവും ചെറുതല്ല. മുസ്‌ലിംകളിലെ എല്ലാത്തരം ആളുകളും അത് കണ്ടിട്ടുണ്ട്. അതിനു മുമ്പ് സിനിമ ഹറാമാണെന്ന് പറഞ്ഞിരുന്നവർ വരെ വീട്ടകങ്ങളിൽ നിന്നിറങ്ങി തീയേറ്ററിൽ പോയി കണ്ട പടം മണിയറയായിരുന്നു. മുസ്‌ലിം സമുദായത്തിനകത്തെയും കുടുംബങ്ങളിലെയും പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കാനുള്ള മമ്മൂട്ടിയുടെ പ്രാപ്തിയിൽ അവർക്ക് സംശയമൊന്നുമുണ്ടായില്ല. ശൗര്യത്തിന് മതാത്മകമായ പരിവേഷമുണ്ട്. എങ്കിലും ബ്രാഹ്മിൻ ക്ലാസിലുള്ള ഒരാളായും നായരായും അച്ചായനായും ദലിതനായും മമ്മൂട്ടി എന്ന നടൻ നിസ്സാരമായി അതിനെ മറികടന്നു.

സംവിധായകൻ കമൽ, പി.എസ്​. റഫീക്ക്​, മമ്മൂട്ടി; ഉ​ട്ടോപ്യയിലെ രാജാവ്​ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ

മലയാളിയെ സംബന്ധിച്ച് കുറേയധികം മൂല്യങ്ങളുടെ പ്രതിനിധിയാണ് മമ്മൂട്ടി. സൗന്ദര്യം, ധാർമികത, പൗരുഷം, ശൗര്യം എന്നിവകളുടെ മാതൃക. മലയാളി സമൂഹം കൂടുതൽ പുരുഷാധിപത്യപരമായതുകൊണ്ട് മമ്മൂട്ടിയിലെ മാസ്‌കുലിനിറ്റി അവരെ ത്രസിപ്പിക്കുന്നു. ശരീര ഘടനയും ശബ്ദഗാംഭീര്യവും ഉത്തമ പുരുഷനായി അദ്ദേഹത്തെ അവരുടെ മനസിൽ കുടിയിരുത്തുന്നു. സ്ത്രീകഥാപാത്രങ്ങളുമായുള്ള ഇടപഴകൽ രീതിയിലെ മാന്യത അവരുടെ മനസിൽ മമ്മൂട്ടിക്ക് മറ്റൊരിടം കൊടുക്കുന്നു. സത്യത്തിൽ മലയാളി സമൂഹം ഇന്നും നായരും നമ്പൂതിരിയും ഈഴവനും മുസ്‌ലിമും ക്രിസ്ത്യാനിയും ദലിതനുമൊക്കെത്തന്നെയായി മാറ്റം വരാതെയിരിക്കുന്ന പഴയ ഗോത്രപദവിയിൽ തന്നെയാണുളളത്. ഔപചാരികതയ്ക്കപ്പുറം മറ്റുള്ളവരുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥയിലേക്കത് വികസിച്ചുകൊണ്ടേയിരിക്കുന്നു. മലയാളി ഐഡൻറിറ്റി പലപ്പോഴും കപടമാണ്. ഏറെക്കുറെ നമ്മൾ പുലർത്തുന്ന പലതും ഒരു പുതപ്പാണ്. പുതപ്പിനുള്ളിലെ നമ്മൾ വേറെയാണ്. കപടസദാചാരവും ഉൾക്കനമില്ലായ്മയും പാശ്ചാത്യാനുകരണവും മേക്ക് ബിലീഫുമെല്ലാം കൂടിക്കുഴഞ്ഞ നമ്മുടെ സമൂഹത്തിൽ ഒരാദർശ പുരുഷനായി എല്ലാവരുടെയും മനസിൽ മമ്മൂട്ടിയുണ്ട്. അംബേദ്കറായും മാടയായും പട്ടേലരായും ആടിനിറഞ്ഞ് നമ്മുടെയുള്ളിലെ പല ഭാവങ്ങളെയും മമ്മൂട്ടി പുറത്തെടുക്കുന്നു.

ജുവൽ മേരി, ശ്രീകുമാർ, മമ്മൂട്ടി, പി.എസ്​. റഫീക്ക്​ എന്നിവർ ഉ​ട്ടോപ്യയിലെ രാജാവ്​ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ

അധോലോകത്തെ ആദർശശാലിയാവുന്നതിനൊപ്പം തന്നെയാണ് അദ്ദേഹം അംബേദ്കറാവുന്നതും.

മലയാളിയെ രേഖപ്പെടുത്തുന്നതിലും രൂപപ്പെടുത്തുന്നതിലും മറ്റു വലിയ നടന്മാരെപ്പോലെ മമ്മൂട്ടിക്കും കൃത്യമായ പങ്കുണ്ട്. ഗാംഭീര്യവും വീരവുമുള്ള ഏതൊരു കഥാപാത്രത്തെക്കുറിച്ചാലോചിക്കുമ്പോഴും ആദ്യം ചിന്തിക്കുക മമ്മൂട്ടിയെക്കുറിച്ചാണ്.

അമ്പത്തഞ്ചോ അറുപതോ വയസ്സിൽ തന്തവേഷം കെട്ടി മറഞ്ഞുപോകാതെ മമ്മൂട്ടി നില്ക്കുന്നു. പ്രേംനസീറിന് ആ ഗതികേടുണ്ടായിട്ടുണ്ട്. എഴുപതിലും മമ്മൂട്ടി നായകൻ തന്നെ.

മമ്മൂട്ടിക്ക് നൃത്തം ചെയ്യാനറിയില്ല എന്നതൊരു പൊള്ളയായ വാദമാണ്. മലയാളി അതിനെ നേരിടുന്നത് ‘മമ്മൂട്ടി കൂത്താടാറില്ലെന്നേ’ എന്ന മറുപടി കൊണ്ടാണ്. രാജാവ് നൃത്തം ചെയ്യുന്നത് ആനന്ദത്തേക്കാൾ അലോസരമാണുണ്ടാക്കുക. അതിപ്രതാപവാനായ ഒരാളുടെ നൃത്തത്തേക്കാളുപരി ആജ്ഞയാണ് ആളുകളാഗ്രഹിക്കുക. മലയാളിക്ക് മമ്മൂട്ടിയെ വിശ്വാസമാണ്. അവരുടെ മൂല്യങ്ങളെല്ലാം അയാളിൽ ഭദ്രമാണ്.

അമ്പത്തഞ്ചോ അറുപതോ വയസ്സിൽ തന്തവേഷം കെട്ടി മറഞ്ഞുപോകാതെ മമ്മൂട്ടി നില്ക്കുന്നു. പ്രേംനസീറിന് ആ ഗതികേടുണ്ടായിട്ടുണ്ട്. എഴുപതിലും മമ്മൂട്ടി നായകൻ തന്നെ. ഇടതുപക്ഷ നിഷ്പക്ഷ മതനിരപേക്ഷതയുടെ കൂടെത്തന്നെ നില്ക്കുന്ന മമ്മൂട്ടിയെ തികച്ചും മതനിരപേക്ഷത പുലർത്തുന്ന ഒരാളായി കോടിയേരി സഖാവ് അവതരിപ്പിക്കുന്നതിലെ അപകടവും അയാൾ മറികടക്കുമെന്ന് നമുക്കറിയാം. മമ്മൂട്ടി എല്ലാം മറികടന്നിട്ടുള്ളത് അഭിനയം കൊണ്ടാണ്. അഭിനയത്തോടുള്ള അടങ്ങാത്ത കൊതിയാണ് അദ്ദേഹത്തെ എഴുപതു വയസുള്ള ചെറുപ്പക്കാരനായി നിലനിർത്തുന്നത്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments