Obsession
പ്രണയാസക്തിയുടെ
ഭയനാകത

പ്രണയത്തിൻ്റെ മനോഹരമായ അനുഭൂതികളിലേയ്ക്ക് ഒരിക്കൽ പോലും എത്തിനോക്കാതെ, ആസക്തിയുടെ പേടിപ്പെടുത്തുന്ന മുഹൂർത്തങ്ങൾകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സിനിമയാണ് ‘ഒബ്സെഷൻ’- ഇ.വി. പ്രകാശ് എഴുതുന്നു.

വ്യക്തികേന്ദ്രിതമായ സമൂഹത്തെ, പ്രണയാസക്തിയുടെ ഭയാനകതയിലൂടെ വെളിപ്പെടുത്തുന്ന ചലച്ചിത്രമാണ് കറി ബാർക്കർ സംവിധാനം ചെയ്ത ഒബ്സഷൻ. പ്രണയത്തിൻ്റെ മനോഹരമായ അനുഭൂതികളിലേയ്ക്ക് ഒരിക്കൽ പോലും സിനിമ ഒന്നെത്തിനോക്കുകപോലും ചെയ്യുന്നില്ല. മറിച്ച്, ആസക്തിയുടെ പേടിപ്പെടുത്തുന്ന മുഹൂർത്തങ്ങൾകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു.

മ്യൂസിക് സ്റ്റോറിലെ ജീവനക്കാരനായ ബിയറിന് ബാല്യകാലസുഹൃത്തും സഹപ്രവർത്തകയുമായ നിക്കിയോട് കടുത്ത പ്രണയമുണ്ട്. എന്നാൽ, അത് തുറന്നുപറയുവാനുള്ള ധൈര്യം അവനില്ല. നിക്കിയ്ക്കാവട്ടെ അവനോട് നേരിയ പ്രണയം പോലും ഇല്ലതാനും. അപ്പോഴാണ് ബിയർ ഒരു ഗിഫ്‌റ്റ് ഷോപ്പിൽനിന്ന് One wish willo എന്ന അപൂർവ്വ സാധനം വാങ്ങുന്നത്. ആ വില്ലോ ഒടിച്ച് എന്താഗ്രഹിച്ചാലും അത് പരമാവധിയിൽ ലഭിക്കും. ബിയർ നിക്കിയുടെ പ്രണയത്തിനുവേണ്ടി വില്ലോ ഒടിക്കുന്നു. അതോടെ സിനിമ ആസക്‌തിയുടെ അപാരമാനങ്ങൾ കൈവരിക്കുകയാണ്.

വില്ലോയുടെ സ്വാധീനത്താൽ ബിയറിനെ നിക്കി പ്രണയിക്കുന്നത് അതിതീവ്രമായാണ്. അത് യഥാർത്ഥ നിക്കിയല്ലെന്നതും ബിയറിൻ്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അവൾ പാടുപെടുകയാണെന്നതും നിക്കിയോട് സഹതാപം തോന്നുന്നതിന് ഇടവരുത്തുന്നു.

ബിയറിൻ്റെ അരുമയായ സാൻഡി എന്ന പൂച്ച ചത്തപ്പോൾ നിക്കി, പൂച്ചമാംസം കൊണ്ട് ബിയറിന് സാൻവിച്ച് ഉണ്ടാക്കി കൊടുക്കുന്നുണ്ട്. പൂച്ചയെ അഗാധമായി സ്നേഹിക്കുന്ന ബിയർ പൂച്ചമാംസം കഴിക്കാൻ ഇഷ്‌ടപ്പെടുമെന്ന നിക്കിയുടെ വികലമായ ചിന്തയാണ് വിചിത്രമായ കാര്യങ്ങൾ ചെയ്യുന്നതിലേയ്ക്ക് നിക്കിയെ കൊണ്ടെത്തിക്കുന്നത്. ഒരാളിലേയ്ക്കുമാത്രം മറ്റൊരാൾ ചുരുങ്ങിപ്പോകുമ്പോൾ സംഭവിക്കുന്ന തീവ്രമായ അഭിനിവേശമാണ് നിക്കിയുടേത്. എന്നാൽ അത് ബിയറിൻ്റെ ആഗ്രഹത്തിൻ്റെ സാക്ഷാത്കാരമായിരുന്നു. ബിയറിൻ്റെ സുഹൃത്തായ സാറയെ നിക്കി കൊലപ്പെടുത്തുന്നതും ബിയറിനോടുള്ള സ്നേഹാധിക്യം നിമിത്തമാണ്.

വ്യക്തികേന്ദ്രിതമായ സമൂഹത്തെ, പ്രണയാസക്തിയുടെ ഭയാനകതയിലൂടെ വെളിപ്പെടുത്തുന്ന ചലച്ചിത്രമാണ് കറി ബാർക്കർ സംവിധാനം ചെയ്ത ഒബ്സഷൻ.
വ്യക്തികേന്ദ്രിതമായ സമൂഹത്തെ, പ്രണയാസക്തിയുടെ ഭയാനകതയിലൂടെ വെളിപ്പെടുത്തുന്ന ചലച്ചിത്രമാണ് കറി ബാർക്കർ സംവിധാനം ചെയ്ത ഒബ്സഷൻ.

സ്വാർത്ഥമായ പ്രണയവും ദാമ്പത്യവും മനുഷ്യരെ സ്വയം തീർത്ത തടവറകളിൽ അടയ്ക്കുകയും സ്നേഹത്തിൻ്റെ ആനന്ദാനുഭൂതികളെ ഇല്ലാതാക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന കാലത്ത് ഒബ്‌സഷൻ ഒരു ഓർമ്മപ്പെടുത്തലാണ്. എല്ലാവരേക്കാൾ കൂടുതൽ നിക്കി തന്നെ സ്നേഹിക്കണമെന്നാണ് ബിയർ ആഗ്രഹിച്ചത്. നിക്കി- അവൾ പോലുമറിയാതെ ബിയറിനെ മാത്രം ഭ്രാന്തമായി സ്നേഹിക്കുന്നു. ഇയാൻ്റെ വീട്ടിൽ നടക്കുന്ന പാർട്ടിയിൽ എല്ലാവരും ഒരു കളിയിൽ ഏർപ്പെടുന്നുണ്ട്. കളിയുടെ ഭാഗമായി ബിയർ തൻ്റെ സുഹൃത്ത് സാറയെ ചുംബിക്കണമായിരുന്നു. എന്നാൽ, അതിനോടുള്ള നിക്കിയുടെ പ്രതികരണം കണ്ട് അവിടെ കൂടിയവരെല്ലാം ഞെട്ടിപ്പോകുന്നു. പരിസരബോധം നഷ്‌ടപ്പെട്ട് അവൾ സ്വയം മുറിവേൽപ്പിക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്യുന്നു.നിക്കി ചുറ്റുപാടുമുള്ള ആരെയും ഒന്നിനെയും കണ്ടില്ല, അവൾ ബിയറിനുവേണ്ടിമാത്രമാണ് ജീവിക്കുന്നത്.

ബിയർ എവിടേയ്ക്കെങ്കിലും പോയിക്കളയുമെന്ന് വിചാരിച്ച്, നിക്കി രാത്രികളിൽ ഉണർന്നിരിക്കുന്നതും തീവ്രാനുരാഗത്താലാണ്. സ്വന്തം മനസ്സിലും ശരീരത്തിലും ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുന്ന നിക്കി, വലിയ ദുരന്തമായി മാറുകയാണ്. ബിയറിൻ്റെ സ്വാർത്ഥത തീർത്ത ഭ്രാന്തമായ അഭിനിവേശത്തിൻ്റെ ഇരയാണ് നിക്കി. അത് ബിയർ പോലും അറിയുന്നില്ല.

നിക്കിയായി ഇന്ദേ നവറെറ്റെയുടെ പ്രകടനം ഓസ്‌കറിനുപോലും യോഗ്യമാണ്. സ്വാഭാവികതയിൽ നിന്ന് വിചിത്രഭാവത്തിലേയ്ക്ക് അവരുടേത് പരകായപ്രവേശം തന്നെയാണ്. കഥാപാത്രത്തിൻ്റെ ആന്തരികഭാവത്തെ ഇന്ദേ നവറെറ്റെ അതിഗംഭീരമായി അവതരിപ്പിക്കുന്നു. മൈക്കിള്‍ ജോണ്‍സ്റ്റണാണ് ബിയറിന് ജീവൻ നൽകിയിരിക്കുന്നത്. അന്തർമുഖത്വവും അഭിനിവേശവും നിസഹായതയും ഭയവുമൊക്കെ കൃത്യമായി മൈക്കിളിലെ മുഖചലനങ്ങളിൽ കാണാം. ഇരുളും വെളിച്ചവും സൃഷ്‌ടിക്കുന്ന നിഗൂഢതയാണ് സിനിമയെ തീവ്രാനുഭവമാക്കി മാറ്റുന്നത്. ടെയ്ലർ ക്ലമൺസ് എന്ന സിനിമറ്റോഗ്രാഫർ സിനിമയുടെ വൈകാരികതലം കൃത്യമായി മനസ്സിലാക്കിയാണ് ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.

വ്യക്തികേന്ദ്രിതമായ, ലാഭാധിഷ്ഠിതമായ സാമൂഹ്യക്രമത്തിലെ ഇരകളാണ് ബിയറും നിക്കിയും. സ്വാർത്ഥത കൊടികുത്തി വാഴുന്ന മുതലാളിത്ത ലോകത്ത് മനുഷ്യർ അതിൻ്റെ ഇരകളായിത്തീരുന്നു. സാമൂഹ്യജീവിയായ മനുഷ്യർക്ക് പലതരം ബന്ധങ്ങൾ ഉണ്ടെന്നും അതിൽ ഒന്നുമാത്രമാണ് പ്രണയവും ദാമ്പത്യവുമെന്നും തിരിച്ചറിയേണ്ടതുണ്ട്. ബലൂണിലെ മനോഹരമായ ഒരു വർണ്ണപ്പൊട്ടാണ് പ്രണയമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ബലൂണിൽ മനോഹരങ്ങളായ അനവധി വർണ്ണപ്പൊട്ടുകൾ ഉണ്ടെന്നും അവയൊക്കെയും മനുഷ്യജീവിതത്തിന് അവശ്യമാണെന്നും പ്രണയികൾ തിരിച്ചറിയണം. വിശാലമായ ലോകബോധത്തോടെ മനുഷ്യർ പരസ്പരം മൂല്യങ്ങളെ ആദരിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ബന്ധം രൂപപ്പെടുത്തുകയും ചെയ്യുമ്പോൾ സ്വാർത്ഥം ഒഴിഞ്ഞുപോകും. സമൂഹത്തിലാകമാനം നിസ്വാർത്ഥമായ ബന്ധസങ്കൽപ്പങ്ങൾ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ലാഭാധിഷ്ഠിതമായ ഉൽപ്പാദനക്രമം അവസാനിക്കേണ്ടതുണ്ട്.

നിക്കിയായി ഇന്ദേ നവറെറ്റെയുടെ പ്രകടനം ഓസ്‌കറിനുപോലും യോഗ്യമാണ്. സ്വാഭാവികതയിൽ നിന്ന് വിചിത്രഭാവത്തിലേയ്ക്ക് അവരുടേത് പരകായപ്രവേശം തന്നെയാണ്.
നിക്കിയായി ഇന്ദേ നവറെറ്റെയുടെ പ്രകടനം ഓസ്‌കറിനുപോലും യോഗ്യമാണ്. സ്വാഭാവികതയിൽ നിന്ന് വിചിത്രഭാവത്തിലേയ്ക്ക് അവരുടേത് പരകായപ്രവേശം തന്നെയാണ്.

നടുക്കുന്ന ചില സാമൂഹ്യ യാഥാർത്ഥ്യങ്ങളിലേയ്ക്കാണ് 'ഒബ്സഷൻ' പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. One wish willo- യിലൂടെ 10 മില്യൺ ഡോളർ ലഭിച്ച ഇയാൻ അതുപറഞ്ഞുകൊണ്ട് നിക്കിയുടെ വീട്ടിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ, അവളുടെ വെടിയേറ്റ് മരിച്ച് വീഴുന്നു. പണത്തോടുള്ള അടങ്ങാത്ത ആർത്തിയെ ഒരു നിമിഷം കൊണ്ടാണ് സംവിധായകൻ അവസാനിപ്പിക്കുന്നത്. ഊഷ്മളമായ മാനുഷികബന്ധങ്ങളുടെ സ്ഥാനത്ത് ആസക്തികൾ സ്ഥാനം പിടിച്ചാൽ, കുറഞ്ഞുമറിഞ്ഞ അവസ്ഥയാകും മനുഷ്യരെ കാത്തിരിക്കുന്നതെന്ന് സിനിമ പറയുന്നു. വില്ലോ എന്നത് സ്നേഹത്തിൻ്റെ പ്രതീകമാണ്. അത് ഒടിക്കുമ്പോൾ ആസക്‌തികളുടെ പൂരമാണ് കൊടിയേറപ്പെടുന്നത്.

"സ്നേഹത്തിൽ നിന്നുദിക്കുന്നു, ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം സ്നേഹംതാനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ
-വ്യാഹതി തന്നെ മരണം."

എന്ന കുമാരനാശാൻ്റെ കാവ്യപാഠത്തെ അന്വർത്ഥമാക്കുന്ന ചലച്ചിത്രമാണ് 'ഒബ്‌സഷൻ’.

Comments