ഹൊറർ സിനിമകളിൽനിന്ന് കണ്ണകലം പാലിച്ചിരുന്ന ഞാനിതാ അതിൽ വീണ്ടും വീണിരിക്കുന്നു. അതിലെ സ്ത്രീവിരുദ്ധത, സ്ത്രീകളായ സോമ്പീ യക്ഷികൾ തുടങ്ങി മടുപ്പിക്കുന്ന ആവിഷ്കാര ആവർത്തന ങ്ങളായിരുന്നു അകലാനുള്ള കാരണം. ഹൊറർ ത്രില്ലറുകളെ അടിമുടി മാറ്റിമറിച്ച, 2025- ലിറങ്ങിയ സിന്നേഴ്സ് ആസ്വാദനത്തെയും വെല്ലുവിളിച്ച സിനിമയായിരുന്നു.
2026- ൽ ഇതാ കേരളത്തിലാകെയും, ലോകത്തെ റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും, വിജയകരമായി ഓടുന്ന ഒബ്സഷൻ (Obsession) എന്ന blockbuster ചിത്രത്തിൽ ഒബ്സസ്ഡ് ആയിരിക്കുന്നു. കോഴിക്കോട് കോറണേഷനിൽ സിനിമ കണ്ടു തുടങ്ങിയ നിമിഷത്തിനുള്ളിൽ സിനിമ ഒരു ഒബ്സഷൻ (obsession) കസേരയിട്ട് മസ്തിഷ്കത്തിലിരുപ്പ് ഉറപ്പിച്ചു.
അമേരിക്കൻ യുവ സംവിധായകൻ കറി ബാർക്കർ- (1999, 26) 26 വയസുകാരന്റെ മാസ്റ്ററി ബ്രില്ല്യന്റ് ബോക്സ് ഓഫീസ് പ്രതിഭാസം.
സിനിമയെക്കുറിച്ചുള്ള ‘വിഭാഗീയ തർക്ക’ങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം.
Spoiler
പ്രണയത്തിനുവേണ്ടി യാചിക്കുന്ന നിക്കി ഫ്രീമാന്റെ (inde Navarrette) സംഘർഷമാണ് സിനിമയിലുടനീളം. Obsession ആ രീതിയിൽ ലക്ഷണമൊത്ത ഫോണിംഗ് (fawning) സിനിമയാണ്. 21-ാം നൂറ്റാണ്ടിൽ പ്രണയത്തിനായി ഒരു പെൺകുട്ടി യാചിക്കുക? അങ്ങനെ സംഭവിക്കുമോ..? സംഭവിക്കും. അഥവാ സംഭവിപ്പിക്കും- അതാണ് ഡയറക്ടർ ബ്രില്യൻസ്. പ്രണയിക്കപ്പെടാനും പരിഗണിക്കപ്പെടാനും വേണ്ടി മാത്രം യാചിക്കുന്ന വ്യക്തിജീവിതങ്ങളുടെ പ്രതിനിധാനമാണ് നിക്കി.
ബാരൺ "ബിയർ" ബയ്ലി (Baron "Bear" Bailey, Michael Johnston) നായകൻ പൊതുവെ സന്ദേഹിയും പരുങ്ങലുള്ളവനും സ്ത്രീകളോട് സംസാരിക്കാൻ മുട്ടിടിക്കുന്നവനുമാണ്. നിക്കി (Nikki) ശലഭത്തെപ്പോലെ സ്മാർട്ട് ഗേൾ. ബിയറിന് നിക്കിയോട് ക്രഷ് (crush). അത് തുറന്നുപറയാൻ അവനാകുന്നില്ല.
ഒരിക്കൽ കാറിൽ നിക്കിയെ അവളുടെ വീട്ടിലിറക്കുമ്പോൾ അയാളുടെ ഹൃദയം അവൾക്കു മുന്നിൽ അൺലോഡ് ചെയ്തു. അവൾ അയാളെ നിരസിക്കുകയും ചെയ്തു. നിരസിക്കുമെന്നതായിരുന്നല്ലോ അയാളുടെ ഭയം!
“what’s so bad about being with a nice guy like me?”- അതൊരു ടിപ്പിക്കൽ പുരുഷചോദ്യമാണ്.

നിക്കി, അവൾ, വീടിനകത്തേക്ക് കയറിപ്പോകുന്നു. കോപം വന്ന ബിയർ, അവൻ കരുതിവച്ചിരുന്ന ‘one wish willow’ മാജിക് സ്റ്റിക് പാക്കറ്റ് തുറന്ന്, ‘നിക്കി അയാളെ ഈ ലോകത്തിലെ മറ്റെന്തിനേക്കാളും ഏറെ സ്നേഹിക്കണം’ എന്നാഗ്രഹിച്ച് സ്റ്റിക്ക് ഒടിക്കുന്നു. അത് വർക്കൗട്ടായി. (ഈ സ്റ്റിക്കിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ആമസോണിൽ തിരയുന്നവരുണ്ട്. ആരൊക്കെയോ മാർക്കറ്റിൽ ഇറക്കിയിട്ടുമുണ്ട്). വീടിനകത്തേക്കുപോയ നിക്കി പുറത്തുവന്നുനിൽക്കുന്നു. ഇപ്പോൾമുതൽ നിക്കിക്ക് കാരക്റ്റർ ഷിഫ്റ്റ് സംഭവിക്കുന്നുണ്ട്.
നിക്കിയുടെ traits രണ്ടായി പിളരുന്നു. യഥാർത്ഥ നിക്കി അവളുടെ അകത്ത് ലോക്കായി. ബിയർ ആഗ്രഹിച്ച, അവനുവേണ്ടി എന്തും ചെയ്യുന്ന നിക്കി വേർഷൻ ഓണാകുന്നു. നിക്കി സോമ്പിവേർഷൻ (Zombie version). അവൾക്ക് അവളെ നഷ്ടപ്പെടുന്നു. അവൾക്ക് അവളെ തിരിച്ചുകിട്ടാനുള്ള സംഘർഷമാണ് സിനിമയുടെ ട്രിഗർ.
നിക്കിക്ക് ബിയറിനെ ഇഷ്ടമല്ല. അയാളെ വിവാഹം ചെയ്യാനോ ശാരീരികബന്ധത്തിനോ താത്പര്യമില്ല. എന്നിട്ടും അന്നു രാത്രി അവനെമാത്രം സ്നേഹിക്കുന്ന നിക്കിയായി മാറിയ നിക്കി അവന്റെ വീട്ടിലേക്കു പോകുന്നു. One Wish Willow ഒടിക്കുന്നതോടെ സ്നേഹിക്കപ്പെടാനുള്ള അവളുടെ ഫോണിംഗ് (fawning) തുടങ്ങി.
അവനുമായി സെക്സിലേർപ്പെടുമ്പോൾ അവൾ ഞെട്ടിമാറുന്നുണ്ട്. അവളിലെ split personality യഥാർത്ഥ നിക്കിയെയും, Wished നിക്കിയെയും മാറി മാറി അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. നിക്കി ഇപ്പോൾ ഒരു ‘limerence object’ മാത്രമായിക്കഴിഞ്ഞു. നിക്കിയുടെ ‘obsession for Love’ യഥാർത്ഥ നിക്കിയെ അകത്ത് ലോക്കാക്കി സംഘർഷത്തിലാക്കുന്നു. നിക്കി ബിയറിന്റെ ഇരയായിക്കഴിഞ്ഞു.
യഥാർത്ഥ നിക്കിയും ബിയറിനെ മാത്രം സ്നേഹിക്കുന്ന നിക്കിയുടെ പേഴ്സണാലിറ്റി ഡിസോർഡറും വിഷമിച്ചേ കണ്ടു തീർക്കാനാകൂ. അവൾക്കുള്ളിലെ സംഘർഷം ബിയറിനോട് പലരൂപത്തിൽ നിക്കി അവതരിപ്പിക്കുന്നുണ്ട്. അവൻ അതൊന്നും ശ്രദ്ധിക്കുന്നില്ല.
അവൾക്ക് അവനെ സ്നേഹിക്കണ്ട, അവൾക്ക് അവന്റെ ഗേൾഫ്രണ്ട് ആവണ്ട, അവൾക്ക് അവനോടൊപ്പം ജീവിക്കണ്ട, സെക്സ് ചെയ്യേണ്ട, Zombie അവസ്ഥയിൽ നിന്ന് മോചിക്കപ്പെട്ടാൽ മതി. സമൂഹത്തിലും ഈ അവസ്ഥയുണ്ട്- താല്പര്യമില്ലാത്ത ആളുകളുടെ കൂടെ സന്തോഷമാണെന്ന് നടിച്ച് ജീവിക്കുന്നവരുണ്ട്. ഇറങ്ങിപ്പോരുന്നവരും പിരിയുന്നവരും ആത്മഹത്യചെയ്യുന്നവരുമുണ്ട്.
ബിയറിനെ സംബന്ധിച്ച് നിക്കി അയാളുടെ ഇമോഷനൽ പരിഗണനാ പരിധിയിലില്ല. അവന് അവനെമാത്രം സ്നേഹിക്കുന്ന ഒരാളാണ് നിക്കി. നിക്കി അതിനപ്പുറം, അവളെ പരിഗണിക്കണമെന്നും മനസിലാക്കണമെന്നും യാചിക്കുന്നുണ്ട്. അവനു മാത്രമേ ഈ ലോകത്ത് അവളെ മനസിലാക്കാനാകു. അവന്റെ wished version ആകുമ്പോഴെല്ലാം സഹിക്കാനാകാതെ നിക്കി സ്വയം മുറിവേൽപ്പിക്കുന്നു. ആദ്യം വീട്ടിലും പിന്നീട് പൊതു ഇടങ്ങളിലും അപകടകരമായി ആവർത്തിക്കുന്നു. എന്തുകൊണ്ട് അവളിങ്ങനെ വിരുദ്ധ ബിഹേവിയറിന് അടിപ്പെടുന്നു എന്നറിയാവുന്ന ബിയറിന് പരിശുദ്ധ മൗനം. അത് അവളെ കൂടുതൽ അഗ്രസ്സീവ് ആക്കുന്നുണ്ട്.

നിക്കിയുടെ താത്പര്യങ്ങളെക്കുറിച്ചും ബയോളജിക്കൽ ഘടനകളെക്കുറിച്ചും ബിയറിന് അറിവില്ല. ബാഹ്യശരീരഭാഷകളിൽനിന്ന് ഒരാളുടെ ജൻഡർ & സെക്ഷ്വാലിറ്റി കണ്ടെത്തുകയോ ജഡ്ജ് ചെയ്യാനോ സാധ്യമല്ല. അവരോടുള്ള വിനിമയത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. സാന്ദ്ര ബേമിന്റെ ആൻഡ്രോജിനസ് സെക്സ് റോൾ ഐഡന്റിറ്റി ബൈനറികൾക്കപ്പുറമുള്ള മനുഷ്യരുടെ സയന്റിഫിക്കലായ പ്രൂഫുകൾ ഈ വിഷയത്തിൽ ഡവലപ്പ് ചെയ്തിട്ടുണ്ട്.
സംവിധായകൻ കറി ബാർക്കർ സിനിമയിലൂടെ ആവിഷ്കരിക്കുന്ന ആശയം ടോക്സിക് റിലേഷൻഷിപ്പും (Toxic Relationship) കൺസന്റുമാണ് (Consent). ബിയറിന് നിക്കിനോടാണ് Crush, മറിച്ചല്ല. അത് തുറന്നു പറഞ്ഞ്, അവളെ കെട്ടിപ്പിടിച്ച് പരിഗണിക്കാനാണ് നിക്ക്, ബിയറിനോട് ആവശ്യപ്പെടുന്നത്. ബിയർ നിക്കിനെ ആ രീതിയിൽ പരിഗണിക്കുന്നില്ല. അവളെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിക്കിയുടെ Wished version അടങ്ങുന്നത് അവൻ പരിഗണിച്ചു പരിലാളിക്കുമ്പോൾ മാത്രമാണ്. കാരണം ബിയറിന്റെ സൃഷ്ടിയാണ് wished version. അയാൾക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാകു.
ലോകത്ത് Incel Subculture സജീവവും ശക്തവുമാകുന്ന കാലഘട്ടമാണ്. ബിയർ അവരുടെ പ്രതിനിധാനമാണെന്നും പറയാം.
നിക്കിക്ക് നഷ്ടപ്പെടുന്നത് ഏതൊരു സ്ത്രീകളെയുംപോലെ സ്വയംനിർണ്ണയാവകാശം അഥവാ സ്വച്ഛാധികാരമാണ്. അങ്ങനെയുള്ള നിക്കി സംഘർഷത്തിലാകുന്നു. ശാരീരികവും സെക്ഷ്വലും സാമ്പത്തികവും മാനസികവുമായി, നമ്മെ സ്വയം നിർണ്ണയിക്കാനുള്ള തിരഞ്ഞെടുപ്പിനുള്ള അവകാശം നഷ്ടപ്പെട്ടാൽ കൊഗ്നിഷ്യൻ (Cognition) അവബോധത്തെ ബാധിക്കും, നട്ടം തിരിഞ്ഞുപോകും.
ബിയർ നിക്കിനെ റേപ് ചെയ്യുന്ന രംഗങ്ങൾ കേരളത്തിൽ റിലീസ് ചെയ്ത പ്രദർശനങ്ങളിൽനിന്ന് മുറിച്ച് മാറ്റിയിട്ടുണ്ട്.
വയലൻസിന്റെ കൊടുമുടിയിൽ ബിയർ അവന്റെ One Wish willow തിരിച്ചെടുക്കാനായി, അവസാനിപ്പിക്കാനായി വാങ്ങിയ കടക്കാരനോട് ആവശ്യപ്പെടുന്നുണ്ട്. അത് അസാധ്യമായിരുന്നു. രണ്ടുപേരിലൊരാൾ മരണപ്പെടാതെ Wish ന്യൂട്രൽ മോഡിലാകില്ല- അതായിരുന്നു അയാളുടെ മറുപടി.
നിക്കിയുടെ wished version പാരമ്യത്തിലെത്തുന്നു. ബിയറുമായി കാറിൽ സംസാരിച്ചുകൊണ്ടിരുന്ന അവരുടെ സുഹൃത്ത് സാറാ ഹാർപറിനെ (Megan Lawless) കൊല്ലുന്നു. അവിടേക്ക് കടന്നുവരുന്ന നെയിലിനെ (Cooper Tomlinson, സുഹൃത്ത്) നിക്കി അലക്ഷ്യമായി വെടിവെച്ചുകൊന്നു. നിക്കി രണ്ടു കൊലപാതകങ്ങളുടെ ഭാഗമായി. ഇതൊന്നും അവളല്ല, അവളുടെ wished version നാണ് ചെയ്യുന്നതെന്ന് അറിയാവുന്ന ഒരേയൊരാൾ ബിയർ ആണ്. ബിയർ സ്ലീപ്പിംഗ് പിൽസ് കഴിച്ചു മരിക്കുന്നു. നിക്കിയുടെ പ്രാണനാണ് പിടഞ്ഞുമരിക്കുന്നത്. അവളനുഭവിക്കുന്ന തീവ്രവേദന ഇൻഡ് നവറിറ്റ ((inde Navarette) മനോഹരമായി അഭിനയിച്ചിട്ടുണ്ട്.

ബിയർ മരിച്ചുകഴിയുമ്പോൾ വേദന താങ്ങാനാവാതെ നിക്കി തോക്കെടുത്ത് വെടിയുതിർത്ത് മരിക്കാൻ ശ്രമിക്കുന്നുണ്ട്. ആ ശ്രമം ഉപേക്ഷിക്കുന്ന ക്യാരക്ടർ ട്രാൻസിഷൻ അടിപൊളിയാണ്. limerence object- ൽനിന്ന് നിക്കി സ്വതന്ത്രയായി, സ്വതസിദ്ധമായ ജീവിതത്തിലേക്ക് തിരിച്ചുകയറുന്നു. ശുഭം.
ടെയ്ലർ ക്ലി മോൺസിന്റെ (tailor clemons) ക്യാമറ & പ്രകാശം- ഒരു രക്ഷയുമില്ല. ഹാറ്റ്സ് ഓഫ് റ്റു ദ വോൾ ക്രൂ.
