പുരുഷപ്രേതങ്ങളുടെ ആവാസവ്യൂഹം

കൃഷാന്തിന്റെ മൂന്ന് സിനിമകൾ ഒരേ സമയം സർകാസവും വേദനജനകമായ ജീവിതാവസ്ഥയുടെ പരിപ്രേക്ഷ്യവും ഉൾച്ചേർന്ന ട്രാജി- കോമഡികളാണ്. മനുഷ്യവസ്ഥയുടെ വേദനകളും ദുഃഖങ്ങളും ഹാസ്യത്തിന്റെ ചരടിൽ കോർത്ത് പറയുന്നത് പോലെയുള്ള പരീക്ഷണങ്ങളാണ് കൃഷാന്ത് ചെയ്യുന്നത്. ‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ സിനിമകളെ ചേർത്തുവച്ചൊരു കാഴ്​ച.

കൃഷാന്ത് സംവിധാനം ചെയ്ത പുരുഷപ്രേതം, സാമാന്യ കാഴ്ചാശീലങ്ങളെ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത മികച്ച സിനിമയാണ്. സിനിമയ്ക്ക് സാധ്യമായ ട്രിക്കുകൾ കൃത്യമായി ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത മിസെൻ സീനുകൾക്കടിയിൽ വളരെ ആഴത്തിലാണ് കഥയുടെ ഒഴുക്ക്. ക്ലീഷേ ഡയലോഗുകൾ പറയുന്ന ഒരു ടി.വി സീരിയൽ സ്‌ക്രീനിൽ നിന്നാണ് സിനിമ തുടങ്ങുന്നത് (അവസാനിക്കുന്നതും അത്തരമൊരു സ്‌ക്രീനിലാണ്). പൊലീസുകാരൻ ദിലീപൻ (ജഗദീഷ്) മേലുദ്യോഗസ്ഥനായ എസ്.ഐ സൂപ്പർ സെബാസ്റ്റ്യന്റെ (പ്രശാന്ത് അലക്‌സാണ്ടർ) ആയിടെ നടന്ന ഒരു വീര്യകൃത്യം ഒരു ബാർ കൗണ്ടറിൽ നിന്ന് പറയുന്നതാണ് ആദ്യ രംഗം. നായകകഥാപാത്രങ്ങൾക്ക് സ്‌ക്രീനിലേക്ക് പ്രവേശിക്കുവാൻ കച്ചവട സിനിമകളിൽ സ്ഥിരം ഉപയോഗിക്കാറുള്ള ഒരു അന്തരീക്ഷമാണിതും. നായകനെ കാണികളിൽ പ്രതിഷ്ഠിക്കാനുള്ളതൊക്കെ ദിലീപൻ പറയുന്നുണ്ട്. ഈ കഥയുടെ അവസാനഭാഗത്ത് ജയിക്കാൻ ശേഷിയുള്ള ആളാണ് നായകനെന്ന ബോധ്യം കാണികളിൽ സൃഷ്ടിച്ചെടുക്കുന്ന പണിയാണിത്.

രണ്ട് ഗുണ്ടകളെ ഒറ്റയ്ക്ക് നേരിട്ട കഥ ദിലീപന്റേയും സെബാസ്റ്റ്യന്റേയും സിനിമയ്ക്കുള്ളിലെ കേൾവിക്കാരെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ കാണിയ്ക്ക് മുന്നിൽ ശരിക്കും സംഭവിച്ചതെന്തെന്ന് കാണിച്ച്, തള്ളുകളിലൂടെ നിലനിൽക്കുന്ന ആണത്ത പ്രകടനങ്ങളുടെ സാധ്യത കാണിച്ചുതരികയാണ് കൃഷാന്ത്.

കാണിക്കുന്നത് സിനിമയാണെന്ന് പ്രക്ഷകരെ ബോധ്യപ്പെടുത്തി കഥയും അതിൽനിന്ന് പിരിച്ചുവെക്കാനാകാത്ത വിധം കാര്യവും പറയുന്ന രീതിയിലാണ് പുരുഷപ്രേതത്തിന്റെ കഥപറച്ചിൽ. ത്രസിപ്പിക്കുന്ന റാപ്പ് സംഗീതം, സ്ലോ മോഷൻ, വർണസമ്പുഷ്ടമായ ലൈറ്റിംഗ് എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കുന്നുണ്ട്. സമൂഹം നേരിടുന്ന ഒരു സുപ്രധാന പ്രശ്‌നത്തെ ഗഹനമായി പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴും കാഴ്ചയുടേയും സംഗീതത്തിന്റേയും സാധ്യതകളെ ഉൾച്ചേർത്തുകൊണ്ടാണ് സിനിമയുടെ നിർമിതി. കൃഷാന്തിന്റെ മുൻ സിനിമയായ ആവസാവ്യൂഹവും വ്യക്തമായ പഠനത്തിനുശേഷമുണ്ടായ സൃഷ്ടിയാണ്. റിസർച്ച് റിസൾറ്റുകളെ സിനിമയിൽ മുഴച്ചുനിൽക്കാതെ സന്നിവേശിപ്പിക്കാൻ ഒരു പരിധി വരെ ഈ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

ദിവസങ്ങൾ പഴക്കമുള്ള ഒരു മൃതദേഹം, പൊലീസ് ഭാഷയിൽ ‘പുരുഷപ്രേതം', എസ്.ഐ സൂപ്പർ സെബാസ്റ്റ്യന്റെ സ്റ്റേഷൻ പരിധിയിൽ എത്തുന്നതോടെയാണ് സിനിമ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്ത് തുടങ്ങുന്നത്. പൊലീസ് നടപടിക്രമങ്ങൾ ആധാരമാക്കി ചെയ്യുന്ന ഒരു സിനിമയുടെ കൃത്യത ഉണ്ടെങ്കിലും യാഥാർത്ഥ്യത്തെ ഒരു വശത്തേക്ക് മാറ്റി കയറിവരുന്ന റാപ്പ് സംഗീതത്തിലൂടെയും, ദുർഗന്ധപൂരിതമായ മൃതദേഹം എടുക്കാൻ വന്ന്, ആ നിമിഷത്തെ ഹീറോയായി മാറിയ കേശവന്റെ സ്ലോ മോഷനിലൂടെയും, ‘ദേ! നിങ്ങളൊരു സിനിമ കാണുകയാണ്’ എന്ന് സംവിധായകൻ പറയുന്നുണ്ട്.

ഗൗരവമായി കഥപറയുന്നതിനിടയിൽ റിയലിസ്റ്റിക് കാഴ്ചകളെ റദ്ദാക്കി ഒരുതരത്തിൽ ആസ്വാദനഭംഗം വരുത്തുകയോ മറ്റൊരുതരത്തിൽ പ്രേക്ഷകരെ ത്രസിപ്പിക്കുകയോ ചെയ്യുന്ന റാപ്പ് സംഗീതവും സ്ലോ മോഷനും വരുന്നത് ഏകതാനമായ കഥ പറച്ചിലിന്റെ മുഷിപ്പിനെ ഇല്ലാതാകുന്നു. മാത്രമല്ല, പതിവ് പിരിമുറുക്ക രംഗങ്ങൾക്ക് തയ്യാറെടുത്ത കാണികളെ ആശയക്കുഴപ്പത്തിലാക്കാനും ചിലപ്പോൾ ആശ്വസിപ്പിക്കാനും ഈ ട്രീറ്റ്‌മെന്റിനു സാധിക്കുന്നു. എനിക്കുതോന്നിയത്, കഥ മുന്നോട്ട് നീങ്ങുമ്പോൾ മനസാകെ നിറയാൻ പോകുന്ന അനാഥമൃതദേഹങ്ങളുടെ ദുർഗന്ധം കുറയ്ക്കാനുള്ള കുന്തിരിക്കമാണ് ഈ റാപ്പും സ്ലോ മോഷനുമെല്ലാം എന്നാണ്.
കഥാപാത്രങ്ങളുടെ മുഖവും അവരുടെ ചലനങ്ങൾക്കും ഒപ്പം ചലിച്ചിരുന്ന ക്യാമറ ഈ സിനിമയിൽ അല്പം കൂടി റീലാക്‌സ്ഡ് ആയാണ് സെറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ക്യാമറയുടെ കാഴ്ച കുറച്ചുകൂടി വിശാലമാണ്. കഥാപാത്രം മാത്രമല്ല ആയാളിരിക്കുകയോ നിൽക്കുകയോ ചെയ്യുന്ന ഇടത്തിനും ചിലത് പറയാനുണ്ടാകും, കാണികൾ അതും ശ്രദ്ധിക്കണമെന്ന് സംവിധായകൻ ആഗ്രഹിക്കുന്നതുകൊണ്ടാകാം ഇത്. സെബാസ്റ്റ്യന്റെ മേശക്കരികെ ഒരു വശത്തേക്ക് ചെരിഞ്ഞിരിക്കുന്ന ഗാന്ധിത്തലയും, സൂസന്നയുടെ ഒരുവശത്തു പലപ്പോഴും കാണുന്ന റോസാച്ചെടിക്കും ചിലതൊക്കെ പറയാനുണ്ടായിരുന്നല്ലോ.

ആവാസം നഷ്ടപെട്ട ആണത്ത പ്രകടനങ്ങൾ

ആണത്ത പ്രകടനത്തിന് പേരുകേട്ട ആളാണ് സൂപ്പർ സെബാസ്റ്റ്യൻ. തന്റെ ഹീറോ ബ്രാൻഡ് നിലനിർത്താൻ കേൾവിക്കാരിലേക്ക് ഒരു സിനിമാകാഴ്ച കണക്കെ കഥകൾ പറയുന്നതാണ് അയാളുടെ രീതി. കമീഷണർ സിനിമയിലെ ‘തന്തക്ക് പിറന്ന' പൊലീസ് ഓഫീസർ ഭരത്ചന്ദ്രന്റെ ബാക് ഗ്രൗണ്ട് സ്‌കോറാണ് സെബാസ്റ്റ്യന്റെ റിംഗ് ടോൺ. ആൽഫാ മെയ്ൽ നായകന്റെ റോളിലേക്ക് സ്വയം പ്രതിഷ്ഠിക്കാനാഗ്രഹിക്കുന്ന ഒരാളാണ് അയാൾ. ജീവിതത്തിൽ നന്മയുള്ള ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും സമൂഹം ‘ആണ്​' എന്ന്​ തികച്ചു വിളിക്കുന്ന സിനിമയിലെ വാർപ്പുമാതൃക നായകനാകാനുള്ള കേവല മനുഷ്യന്റെ ആഗ്രഹം അയാൾക്കുമുണ്ട്.

തന്റെ തോൽവികളെ അങ്ങനെ മറികടക്കാനാണ് അയാൾ ശ്രമിക്കുന്നത്. മനുഷ്യന്റെ സ്വാഭാവിക പരിമിതികളെ അംഗീകരിക്കുമ്പോഴും സൂപ്പർ ആവാനുള്ള തൃഷ്ണയാണ് ജീവിതത്തിൽ അയാൾ നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമ മുന്നോട്ട് നീങ്ങുമ്പോൾ പക്ഷേ ആണത്ത പ്രകടനത്തിന്റെ മുൾകിരീടം ചൂടി വാടി നിൽക്കുന്ന സെബാസ്റ്റ്യനെ കാണാം. തളർന്ന അമ്മയെ നോക്കാൻ പാടുപെടുന്ന, ഹോം നഴ്‌സിന്റെ മുന്നിൽ നിസ്സഹായനായ ഇടത്തരക്കാരനെ കാണാം. സെക്‌സ് ആസ്വദിക്കാൻ ഇടമില്ലാതെ അലയുന്ന, ഇടം കിട്ടിയപ്പോൾ സ്ഖലനത്തിനുശേഷം എന്തുകൊണ്ടെക്കൊയോ പൊട്ടിക്കരയുന്ന നിഷ്‌കളങ്കനെ കാണാം (അതിനിടയിലും തന്റെ ആണത്ത വീമ്പുകൾ വിളമ്പാൻ അയാൾ ഉത്സാഹിയാണെന്നതാണ് കൗതുകം). ഏറ്റവും നിസ്സഹായമായ അവസ്ഥയിൽ ഉള്ളുതുറന്ന് കരയാനാകാത്ത തരത്തിൽ ആൺബോധം അയാളെ ചുഴലുന്നത് കാണാം.

സത്യങ്ങളൊക്കെ അറിയാവുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീപൻ സെബാസ്റ്റ്യനെ പിന്തുണയ്ക്കുന്നുണ്ട്. പലഘട്ടത്തിലും അപഹസിക്കുന്നുണ്ടെങ്കിലും സൂപ്പർ സെബാസ്റ്റ്യന്റെ പിന്നിലെ നിസ്സഹായനെ ഒരു പരിധിവരെ തിരിച്ചറിഞ്ഞ ഒരാൾ ദിലീപൻ മാത്രമായിരിക്കണം.മറ്റൊരു തരത്തിൽ ജീവിതത്തിന്റെ അപ്പോഴത്തെ അധ്യായത്തിൽ ദിലീപനും സെബാസ്റ്റ്യന്റെ അതെ ഭാഗധേയം തന്നെയാണ്.

ജാതിനാറ്റവും അലക്കിയിട്ടും വെളുക്കാത്ത പാട്രിയാർക്കിയും

നഗരങ്ങളിൽ ജാതി തൊഴിലുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുക. തൊഴിലിടങ്ങളിൽ അന്യവത്കരിക്കപ്പെടുമ്പോഴും, തഴയപ്പെടുമ്പോഴുമാണ് ജാതിയുടെ ഇടപെടൽ മനസിലാകുക. പൊലീസിനെപ്പോലെ കൃത്യമായ അധികാരശ്രേണിയുള്ളിടത്ത് ജാതിയ്ക്ക് പ്രവർത്തിക്കാൻ താരതമ്യേന എളുപ്പമാണ്.അതീവ ദുർഗന്ധമുള്ള അജ്ഞാത മൃതദേഹം പുഴയിൽ നിന്ന് വലിച്ചുകേറ്റാൻ സെബാസ്റ്റ്യൻ ദിലീപനെ തന്നെ നിർബന്ധിക്കുന്നിടത്താണ് ജാതി പ്രവർത്തിക്കുന്നത്. പല ആവർത്തി ദിലീപൻ സെബാസ്റ്റ്യന്റെ ഉത്തരിവിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റുള്ള പൊലീസുകാരുടെ പേരുകൾ സൂചിപ്പിച്ച് അവർക്ക് ഈ ഡ്യൂട്ടി കൊടുക്കരുതോ എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ അത് നിരാകരിച്ച് സെബാസ്റ്റ്യൻ ദിലീപന്റെ തലയിൽ തന്നെ ആ ജോലി കെട്ടിവെക്കുകയാണ് ചെയ്യുന്നത്.

ആ ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്ന് ദിലീപൻ നിസ്സഹായനായി പോകുന്നതുകാണാം. വീട്ടിലെത്തുമ്പോൾ ‘ഇത്തരം ജോലികളൊക്കെ ഇപ്പോഴും നമ്മൾ തന്നെ ചെയ്യണോ അച്ഛാ’ എന്ന് അയാളുടെ മരുമകന്റെ ചോദ്യത്തിലൂടെയാണ് ദിലീപന്റെ ജാതി വ്യക്തമാകുന്നത്. ചതിയിലൂടെ സൃഷ്ടിച്ചെടുത്ത ജാതിഘടനയിൽ, പൂർവികർ പണ്ട് ചെയ്തിട്ടുണ്ടാകാവുന്ന തൊഴിലിൽ നിന്ന് വർഷങ്ങളുടെ സർവീസുള്ള, മേലുദ്യോഗസ്ഥന്റെ പ്രീതിയുള്ള ദിലീപന് പോലും രക്ഷയില്ല. യൂണിഫോമിൽ നിൽക്കുമ്പോൾ പോലും അയാളുടെ ജാതി അയാളെ ഒറ്റിക്കൊടുക്കുന്നു. അനാഥ മൃതദേഹവുമായി മോർച്ചറിക്കുമുന്നിൽ നിൽക്കുന്ന സമയം ഭയങ്കര നാറ്റമാണല്ലോ എന്ന് സഹപ്രവർത്തകൻ ചോദിക്കുമ്പോൾ, ‘ഇതൊക്കെ ശീലമായടേയ്, ഇപ്പൊ സോപ്പിന്റെ മണമാണ് എനിക്ക് അലർജി’യെന്ന് ദിലീപൻ പറയുന്നുണ്ട്. വർഷങ്ങളായി അയാൾ അനുഭവിക്കുന്ന വിവേചനത്തിന്റെ കയ്പാണ് അവിടെ തികട്ടി വരുന്നത്.

സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനം എന്തായാലും, പാട്രിയാർക്കിയുള്ള കുടുംബം അവരെ ഏറ്റവും അടിത്തട്ടിലേ കാണൂ എന്ന് ബോധ്യപ്പെടുത്തുന്ന സന്ദർഭമാണ് പബ്ലിക്‌ പ്രോസിക്യൂട്ടറെ കേസിന്റെ ആവശ്യത്തിനായി പൊലീസുകാർ കാണാനെത്തുന്ന രംഗം.കുളിച്ച് കസവുമുണ്ടും ദേഹത്തിട്ട് പൂമുഖത്തു നിന്ന്, ‘ഭാര്യ വീടിന് പുറകിൽ തിരക്കിട്ട ജോലിയിലാണെന്ന്' പറയുന്ന ഭർത്താവ് മാറാത്ത ഇന്ത്യൻ പാട്രിയാർക്കിയുടെ നേർ പ്രതിനിധിയാണ്.പുറകിലെ ‘തിരക്കിട്ട ജോലി' കല്ലിൽ തുണികൾ അലക്കുന്നതാണ്. സഹായത്തിന് ഒരു അതിഥിത്തൊഴിലാളിയും ഉണ്ട്. (വീട്ടിലെ ജോലിഭാരം കാരണം ഒരുപക്ഷേ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ നിയമിച്ചതാകണം). ഭർത്താവിന്റെ സാമ്പ്രദായിക വേഷവും വീടിന്റെ പഴമയും ആ കുടുംബത്തിന്റെ പാട്രിയാർക്കി മീറ്റർ ആണ്.

വാഷിംഗ് മെഷീൻ വ്യാപകമായ ഈ കാലത്ത് കല്ലിൽ തന്നെ അലക്കണമെന്ന പാരമ്പര്യവാദത്തെ നിയമജ്ഞയായ സ്ത്രീക്കുപോലും പലപ്പോഴും എതിർക്കാനാവുന്നില്ല. ഇതിനിടെ പുറകിലേക്ക് വരുന്ന ഭർത്താവ് മുറിയിലെ ഫാനിന്റെ സ്പീഡ് കുറയ്ക്കാനായി അതിഥിത്തൊഴിലാളിലെ വിളിച്ചുകൊണ്ടുപോകുന്നുമുണ്ട്. പുതിയ പൊലീസ് മേധാവി സ്ത്രീയാകുമ്പോൾ കീഴ്‌ദ്യോഗസ്ഥർ വരെ അവരെ ‘അവൾ' എന്ന് പരസ്യമായി വിളിക്കുന്നത് (അവർ കേൾക്കാത്ത സന്ദർഭങ്ങളിൽ) ആൺ ബോധത്തിന്റെ അടക്കാനാവാത്ത പ്രകടനമാണ്. ഇത്തരത്തിൽ സൂക്ഷ്മമായി പാട്രിയാർക്കിയേയും ജാതിയേയും വിമർശിക്കാൻ കൃഷാന്ത് സിനിമയിൽ നിരന്തരം ശ്രമിക്കുന്നുണ്ട്.

അതേസമയം, ഈ കഥയിൽ, സ്ത്രീകഥാപാത്രങ്ങൾ പൊതുവിൽ മറ്റ് പുരുഷകഥാപാത്രങ്ങളേക്കാൾ സ്ഥൈര്യവും മനോബലവും ഉള്ളവരാണ്. സെബാസ്റ്റ്യനെ നിരന്തരം ഭർത്സിക്കുന്ന അമ്മയായാലും, സെബാസ്റ്റ്യന്റെ തൃഷണകളെ അല്പം കുസൃതിയോടെ കാണുന്ന കാമുകി സുജാതയായാലും, സെബാസ്റ്റ്യനെ വട്ടം കറക്കുന്ന സൂസന്നയായാലും, അവർ കൃത്യമായ തീർപ്പുള്ളവരാണ്. സെബാസ്റ്റ്യനുമായുള്ള സ്‌നേഹപ്രകടനത്തിനുശേഷം തന്റെ മൊബൈലിൽ ഗെയിം കളിച്ചിരിക്കുന്ന കാമുകി സുജാതയ്ക്ക് മറ്റൊരു സന്ദർഭത്തിൽ അയാളെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോകാൻ അത്ര ആലോചിക്കേണ്ടി വന്നില്ല. ശക്തമായ പൊലീസ് സംവിധാനത്തിനെ ഒന്നടങ്കം മുൾമുനയിൽ നിർത്താനും അവരുടെ പതിവ് വിരട്ടലുകളെ പതിഞ്ഞ വാക്കുകളെ കൊണ്ട് വിറപ്പിക്കാനും സൂസന്നക്ക് കഴിഞ്ഞു. തന്റെ നിസ്സഹായാവസ്ഥയിൽ ഏറ്റവും കരുണയോടെ പെരുമാറുന്ന മകനെ പോലും മറയില്ലാതെ തെറി വിളിക്കാൻ സെബാസ്റ്റ്യന്റെ അമ്മക്ക് മടിയില്ല. സന്ദർഭം ആവശ്യപ്പെടുന്ന സ്വഭാവം ഒരാൾ കാണിക്കുന്നത് സ്വഭാവികതയല്ലേ.
കഥയുടെ വൃത്തവും ആഖ്യാനത്തിന്റെ ചതുരവും പ്രേക്ഷരിലേക്ക് സിനിമയിൽ നിന്ന് എന്താണ് അരിച്ചിറങ്ങേണ്ടതെന്ന് കൃഷാന്തിന് വ്യക്തതയുണ്ട്. ആ കാര്യം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ നിരന്തരം സിനിമയിൽ ആവർത്തിക്കപ്പെടുന്ന ഒരു ശൈലി ഈ സംവിധായകൻ സ്വീകരിക്കാറുണ്ട്. ശവമായെങ്കിലും അതൊരു മനുഷ്യനല്ലേ എന്ന ചിന്തയാണ് പുരുഷപ്രേതത്തിൽ ആവർത്തിക്കുന്നത്.

വെൻ പിഗ്‌സ് ഹാവ് വിങ്‌സ്

വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രത്തിൽ ചീഞ്ഞളിഞ്ഞ് നാറ്റം വരുന്ന അച്ഛന്റെ ‘ശവത്തിന്റെ നാറ്റം' സംഭാഷണങ്ങളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. മകനിലേക്കും ക്രമേണ കാണികളിലേക്കും കുറ്റബോധം അരിച്ചിറക്കുന്ന ഒരു പ്രക്രിയയാണിത്. പുരുഷപ്രേതത്തിലേക്ക് വന്നാൽ സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും,ആ സംവിധാനങ്ങളിൽ ഇടപെടുന്ന ഉദ്യോഗസ്ഥരുടെ നിസംഗതയോടുമാണ്, സിനിമ, അനാഥ ശവമാണെങ്കിലും അതൊരു മനുഷ്യനല്ലേ എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത്.
കൃഷാന്തിന്റെ മൂന്ന് സിനിമകൾ ഒരേ സമയം സർകാസവും വേദനജനകമായ ജീവിതാവസ്ഥയുടെ പരിപ്രേക്ഷ്യവും ഉൾച്ചേർന്ന ട്രാജി- കോമഡികളാണ്. സിൽവായിൻ എസ്ടിബാൾ സംവിധാനം ചെയ്ത ‘വെൻ പിഗ്‌സ് ഹാവ് വിങ്‌സ്', പോലെയുള്ള പൊളിറ്റിക്കൽ കോമഡികൾ മനുഷ്യവസ്ഥയുടെ വേദനകളും ദുഃഖങ്ങളും ഹാസ്യത്തിന്റെ ചരടിൽ കോർത്ത് പറയുന്നത് പോലെയുള്ള പരീക്ഷണങ്ങളാണ് മലയാളത്തിൽ കൃഷാന്ത് ചെയ്യുന്നത്.

എലിയ സുലൈമാന്റെ ‘ഇറ്റ് മസ്‌റ് ബി ഹെവൻ' പോലുള്ള സിനിമകൾ അതീവ ഗൗരവമുള്ള വിഷയങ്ങളെ ആകർഷകമായ ദൃശ്യങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം കൊണ്ടും ഉൾചേർന്നുനിൽക്കുന്ന ഹാസ്യം കൊണ്ടും കൂടുതൽ പ്രഭാവമുള്ളതാകുന്നതുപോലെ കേരളത്തിൽ അധികമാരും സ്പർശിക്കാത്ത വിഷയങ്ങളെ സിനിമയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പുറത്ത് കൊണ്ടുവരികയാണ് കൃഷാന്ത്.

Comments