ലീന മണിമേകലൈ

ഈ നശിച്ച സർക്കാർ അക്ഷരാർത്ഥത്തിൽ ജനങ്ങളെ കൊല്ലുകയാണ്

ഇപ്പോൾ കോവിഡ് കൂട്ടക്കൊലയാണ് ഭരണകൂടം നടപ്പാക്കുന്നത്. സംസാരിക്കുന്നവരെല്ലാം ആശുപത്രികളിൽ ബെഡിനും പ്‌ളാസ്മയ്ക്കും ഓക്‌സിജൻ സിലിണ്ടറുകൾക്കും വേണ്ടിയുള്ള പിടച്ചിലിലാണ്.

കമൽറാം സജീവ്‌: കവിതകളാവട്ടെ സിനിമകളാവട്ടെ സമൂഹമാണ് ലീനയുടെ കൃതികളുടെ കേന്ദ്ര ബിന്ദു. ഒരു "ഇന്റർവെൻഷനിസ്റ്റ് ഫിലിം മേക്കറാ'യി മുമ്പൊരു സംഭാഷണത്തിൽ ലീന ഒരിക്കൽ സ്വയം നിർവചിച്ചതായി ഞാനോർക്കുന്നു. സിനിമയെടുക്കുന്നു, നേരെ ജനങ്ങളുടെ അടുത്തേക്ക് സിനിമയുമായി പോവുന്നു, സംവാദങ്ങളിലേർപ്പെടുന്നു. മത്തമ്മ, പറൈ തുടങ്ങിയ ഡോക്യുമെന്ററികളിൽ, അല്ലെങ്കിൽ സെങ്കടൽ പോലത്തെ ഫീച്ചർ ഫിക്ഷനിൽ, ലോക്കൽ കമ്യൂണിറ്റികളും സാധാരണ മനുഷ്യരുമുൾപ്പെടുന്ന ജനസഞ്ചയവുമായി ധാരാളമായി ഇടപെടുന്ന ഒരു ഫിലിം മേക്കറാണ് താങ്കൾ. കർത്താവും ആഖ്യാനവും ജനങ്ങളുമായി അത്രമേൽ അടുത്തു നിൽക്കുന്നത് താങ്കളുടെ സിനിമകളുടെ ഒരു പ്രത്യക്ഷ ലക്ഷണമായിത്തന്നെ പറയാം. ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. മഹാമാരി അടിച്ചേൽപ്പിച്ച വിലക്കും ഏകാന്തവാസവും നിങ്ങളുടെ ഇടപെടലുകളെ, യാത്രകളെയൊക്കെ വല്ലാതെ നിയന്ത്രിക്കുന്നുണ്ട്. തീർച്ചയായും, അത് ലീനയുടെ സോഷ്യൽ സ്റ്റിമുലേഷനെയോ മനുഷ്യത്വത്തോടുള്ള ആസക്തിയേയോ ബാധിച്ചിട്ടുണ്ടാവില്ല. എങ്ങനെയായിരുന്നു കോവിഡ് കാലത്തെ ബൗദ്ധിക ജീവിതം?

ലീന മണിമേകലൈ: "ഇരുണ്ട കാലത്ത് പാട്ടുണ്ടാവുമോ? ഉണ്ടാവും. ഇരുണ്ട കാലത്തിന്റെ പാട്ട്'- ബ്രഹ്തിന്റെ ഈ വരികൾ എനിക്ക് വലിയ ഇഷ്ടമാണ്. ഏറ്റവും മോശം സാഹചര്യത്തിലും രസകരമായ, ശ്രദ്ധേയമായ കലാവിഷ്കാരങ്ങൾ ഉണ്ടാക്കാൻ പറ്റുമെന്ന് കാലമിതാ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും ജീവശാസ്ത്രപരവുമായ കാരണങ്ങൾകൊണ്ട് അടിച്ചേൽപ്പിക്കപ്പെട്ട ഏകാന്തതയിലും ആർടിസ്റ്റുകൾ ആവിഷ്കരണം നടത്തുന്നുണ്ടായിരുന്നു. സംവിധായകനായ ജാഫർ പനാഹിയെ ഇറാൻ ഭരണകൂടം ആറു വർഷത്തേയ്ക്ക് ജയിലിലടയ്ക്കുകയും സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്ന് 20 വർഷം വിലക്കുകയും ചെയ്തപ്പോൾ അദ്ദേഹം തന്റെ അറസ്റ്റിന്റെ നിയമസങ്കീർണതകളിലേക്ക് പോവുകയല്ല ചെയ്തത്. മറിച്ച്, " This is not a film " എന്ന പേരിൽ വീഡിയോ ഡയറിയുടെ ഫോമിലുള്ള ഒരു ഡോക്യുമെന്ററി ഉണ്ടാക്കുകയാണ്.

എന്റെ കസേര സ്റ്റുഡിയോ ആയും മാക്ബുക്കിനെ മീറ്റിങ്ങ് റൂമായും സ്വീകരിക്കുകയാണ്. ഈ വെല്ലുവിളിയെ നേരിടുകയും എന്താവിഷ്‌കരിക്കാനാവുമെന്ന് നോക്കുകയുമാണ് ഞാൻ.

കയ്യിലെന്താണോ ഉള്ളത്, അതുവെച്ച് സക്രിയമാവുക എന്നതാണ് എന്റെ കലാശീലങ്ങളെ പിളർക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നതിനുള്ള എന്റെ മാർഗ്ഗം. ഞാനെനിക്കുള്ളിലേക്ക് നോക്കാനാരംഭിച്ചിട്ടുണ്ട്, കാരണം സമൂഹത്തിൽ നിന്ന് ശാരീരികമായി ഞാൻ വേർപെട്ടിരിക്കുന്നു. ഭാവനകളെ ഉദ്ദീപിപ്പിക്കുന്നതിന് സ്ഥിരമായി ലഭിച്ചിരുന്ന ഉത്തേജനങ്ങളിൽ നിന്നും. അടച്ചിടപ്പെട്ട സ്‌പെയ്‌സുകളുമായും അകലങ്ങളുമായും ഇടപെടുകയെന്നല്ലാതെ എനിക്കൊന്നും ചെയ്യാനില്ല. എന്റെ കസേര സ്റ്റുഡിയോ ആയും മാക്ബുക്കിനെ മീറ്റിങ്ങ് റൂമായും സ്വീകരിക്കുകയാണ്. ഈ വെല്ലുവിളിയെ നേരിടുകയും എന്താവിഷ്‌കരിക്കാനാവുമെന്ന് നോക്കുകയുമാണ് ഞാൻ.

ജീവിത വേഗം കുറയുകയും അവബോധം ഉയരുകയും ചെയ്യുമ്പോൾ ആ പെരുമാറ്റ രീതി ഒരു പ്രചോദനമായി മാറുമോ? എനിക്ക് ഞാനുമായിത്തന്നെ ഒരു സബ്ജക്റ്റ് എന്ന രീതിയിൽ ഇടപെടാൻ പറ്റുമോ? എനിക്കെന്റെ പിന്നാമ്പുറ മുറ്റത്തെ ഗർഭിണിപ്പൂച്ചയെ നിരീക്ഷിക്കാമോ? സർവ്വവ്യാപിയായി വർത്തിക്കുന്ന നിശ്ശബ്ദതയെ പുതിയ നായകത്വമായി എനിക്ക് രേഖപ്പെടുത്താമോ? ജനാലകൾ എന്റെ കാവ്യദേവതയായി മാറുമോ? എന്റെ തന്നെ ആവിഷ്‌കാരങ്ങളിലേക്ക്, ആർക്കൈവുകളിലേക്ക്, ഫൂട്ടേജുകളിലേക്ക് പരതിയെത്തി ആ ഓർമകളുമായി ഒരു സംവാദം നടത്താനാവുമോ? ഒരാളുടെ ഒറ്റപ്പെടലിന്റെ അവസ്ഥയിൽ അചേതനമായ വസ്തുക്കൾക്ക് അവയുടെ സാന്നിധ്യം കൊണ്ട് മാത്രം തീവ്രമായ വൈകാരികാർത്ഥങ്ങൾ ഉണ്ടാക്കാനാവുമോ? ഞാനീ ചോദ്യങ്ങൾക്കു പിന്നാലെയാണ്, അവയിൽ നിന്നും ഒരു ആവിഷ്‌കാരം ഉണ്ടാവുമോ എന്ന ആലോചനയിൽ.

സിനിമയിൽ പ്രാക്ടീസ് ബെയ്‌സ്ഡ് ആയിട്ടുള്ള മാസ്റ്റഴ്‌സ് ഡിഗ്രി ചെയ്യുന്നതിന് ഫെല്ലോഷിപ്പിന് (GFAD- Graduate Fellowship for academic distinction) ഞാൻ നന്ദി പറയുന്നു, ഫുൾ സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. വിവിധ പ്രാദേശികതകളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമുള്ള പതിനാറ് ഫിലിം മേക്കേഴ്‌സ് ഉൾപ്പെട്ട ഒരു ക്രിയേറ്റീവ് ബൂട്ട് ക്യാംപാണ് അത്. കലാന്വേഷണങ്ങളിൽ പുതിയ ഭാഷ കണ്ടെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ട്രെയിനിങ്ങും ലഭിക്കുന്ന ഒരിടം. കഴിഞ്ഞ ആറുമാസമായി ഒരു ദയയുമില്ലാതെ എല്ലാതരത്തിലും പെട്ട പല പല ദൈർഘ്യത്തിലുള്ള സിനിമകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രോസസ്സ് സിനിമയുടെ മെയ്ക്കിംഗിലാണിപ്പോൾ. എന്റെ ബെഡ്‌റൂം ഇപ്പോൾ ഡാർക്ക് റൂമാണ്. ഞാനുണ്ടാക്കിയ രണ്ട് പ്രോസസ്സ് സിനിമകളിലൊന്ന് 1983 ലെ കലാപത്തെക്കുറിച്ചാണ്. മറ്റൊന്ന് ശ്രീലങ്കയിലെ മാസ്സ് ഗ്രേവുകളെക്കുറിച്ചും. ഇവ രണ്ടും Archive mediation/ found footage സിനിമകളാണ്. ഫാൾ സെമസ്റ്ററിൻ ഞാനൊരു മനോഹരമായ കാഡവർ ഫിലിം പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു. പതിനാറ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള 16 ഫിലിം മേക്കേഴ്‌സ് ചേർന്ന് നിർമിച്ച ഐസൊലേഷനെ കുറിച്ചുള്ള ഒരു ഫീച്ചർ ലെങ്ത് സിനിമ. ഒരു 3D ലോങ്ങ് ടേക്ക് സിനിമയും ഞാനെടുത്തു. ഇപ്പോൾ ഒരു ഹൈബ്രിഡ് ഫിക്ഷൻ സിനിമയുടെ പണികളിലാണ്. ഒരു ക്വീർ ഡാൻസർ കേന്ദ്ര കഥാപാത്രമായി വരുന്ന പടം. ഡാൻസും കവിതയും ഓട്ടോ എത്ത്‌നോഗ്രഫിയും ചേർന്നുള്ള ഫിക്ഷൻ.

ലീന മണിമേകലൈ സംവിധാനം ചെയ്ത മാടത്തി എന്ന ചിത്രത്തിൽ നിന്ന്‌

ചിലയവസരങ്ങളിൽ ഒരു ആർടിസ്റ്റിന് പുതിയ ടൂൾസ് കണ്ടു പിടിക്കേണ്ടി വരും, സ്വന്തം ഭാഷയ്ക്കും ആവിഷ്‌കാരത്തിനും മേൽ പണിയെടുക്കേണ്ടിയും വരും. ആത്മത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായി സ്വയം മാറേണ്ടിവരും. ചിലപ്പോൾ ചരിത്രത്തിലും പാരമ്പര്യത്തിലും സ്വന്തം പിൻതുടർച്ചയെ കുഴിച്ചെടുക്കാൻ സമയം കണ്ടെത്തേണ്ടി വരും ഒരാർടിസ്റ്റിന്. ഉന്നതാശയങ്ങൾ പേറുന്നവരും മാർഗ്ഗദർശികളുമായ സമാനമനസ്‌കരുമായി ഒത്തുചേർന്ന്, ആശയങ്ങളെ സിനിമയിലേക്ക് പരിവർത്തിപ്പിക്കുന്ന പ്രക്രിയ എനിക്കൊരു പുതുപ്പിറവി പോലെയാണ് അനുഭവിക്കാനാവുന്നത്.

കോവിഡിന്റെ ഈ ഉച്ചസ്ഥായിയിലും അപ്രതീക്ഷിതമായ വിധത്തിൽ പിന്തിരിപ്പനായ ഒരു ഡെമോക്രസി മിത്ത് ഹിംസാത്മകമായ രീതിയിൽ പ്രകടമാണ് ഇന്ത്യയിൽ. നാനാത്വത്തിന്റെ ഇന്ത്യ എന്നെങ്കിലുമൊരിക്കൽ റീസ്റ്റോർ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

സാമുദായിക സ്പർധയ്ക്കും മതഭ്രാന്തിനുമുപരി, ഭൂരിപക്ഷ ഹുങ്കിനേക്കാളും വിസമ്മതങ്ങളുടെ ക്രിമിനൽവത്കരണത്തേക്കാളും മേലെയായി, നോട്ട് നിരോധനത്തെ മുൻനിർത്തിയുള്ള എക്കണോമിക് ജിങ്കോയിസത്തേക്കാളുമധികം ഇപ്പോൾ കോവിഡ് കൂട്ടക്കൊലയാണ് ഭരണകൂടം നടപ്പാക്കുന്നത്. സംസാരിക്കുന്നവരെല്ലാം ആശുപത്രികളിൽ ബെഡിനു വേണ്ടി, പ്‌ളാസ്മയ്ക്കും ഓക്‌സിജൻ സിലിണ്ടറുകൾക്കും വേണ്ടിയുള്ള പിടച്ചിലിലാണ്. ഈ നശിച്ച സർക്കാർ അക്ഷരാർത്ഥത്തിൽ ജനങ്ങളെ കൊല്ലുകയാണ്. ഇലക്ഷനു വേണ്ടിയും മീഡിയ മാനേജ്‌മെന്റിനുവേണ്ടിയും രാഷ്ട്രീയ എതിരാളികളെ വാങ്ങുന്നതിനു വേണ്ടിയും പണം ചെലവഴിക്കുന്ന സർക്കാരാണ് പകർച്ചാവ്യാധിയുടെ സമയത്ത് പണം അപഹരിക്കുന്നത്.

പാവപ്പെട്ടവർക്കായി ഇന്ത്യയിൽ ഇന്ന് ഒരു സ്ഥലവും അവശേഷിക്കുന്നില്ല. കഴിഞ്ഞ വർഷം അവർ അറ്റമില്ലാത്ത മൈലുകൾ നടന്ന് മരിച്ച് വഴിയിൽ വീണു. ഇന്ന്, മരിച്ചു വീഴുന്ന മനുഷ്യർ ശ്മശാനങ്ങളിൽ പോലും സ്ഥലമില്ലാതെ തെരുവുകളിൽ കത്തുന്നു. ​ഈ ചിതാ വെളിച്ചത്തിൽ, എത്ര ഹൃദയശൂന്യമായ, നീതിരഹിതരായ, കൊലയാളികളായ, അഴിമതിക്കാരായ, കഴിവുകെട്ട, അൽപ ബുദ്ധികളായ സർക്കാരിനെയാണ് തങ്ങൾ തെരഞ്ഞെടുത്തത് എന്ന് ജനങ്ങൾ തിരിച്ചറിയും. അവരുടെ സമയം വന്നിരിക്കുന്നു.▮


ലീന മണിമേകലൈ

സിനിമ- ഡോക്യുമെന്ററി സംവിധായിക, കവി, നടി, ആക്റ്റിവിസ്റ്റ്. Sengadal (ഫീച്ചർ ഫിക്ഷൻ), White Van Stories, Is it too much to Ask​​​​​​​(ഡോക്യുമെന്ററികൾ), മാടത്തി എന്നിവയാണ് പ്രധാന സിനിമകൾ. Ottrailaiyena, Ulakin Azhakiya Muthal Penn, Chichili എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. നിരവധി ദേശീയ- അന്താരാഷ്​ട്ര പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments