റിമ കല്ലിങ്കൽ / Photo: Rima Kallingal, Fb

ഞങ്ങൾ ഭാവിയിലേക്ക്​ ടിക്കറ്റെടുത്തിട്ടുണ്ട്​,
​വേണമെങ്കിൽ കൂടെ പോന്നോ...

മാറ്റം തുടങ്ങിക്കഴിഞ്ഞു, അതൊരു പ്രസ്ഥാനമായി മാറുകയാണ്. ഇപ്പോൾ നമ്മൾ കണ്ട ഈയൊരു പിന്തുണ പ്രധാനമാണ്​. നമ്മുടെയൊപ്പം വലിയ വിഭാഗം ആണുങ്ങളും ട്രാൻസ്‌ജെൻഡേഴ്‌സുമെല്ലാമുണ്ട്​. വലിയൊരു വിഭാഗം ശക്തമായി നമ്മുടെ കൂടെ നിൽക്കുന്നുണ്ട്. ബാക്കിയുള്ള ആളുകളാണ് ന്യൂനപക്ഷമാകാൻ പോകുന്നതും അവരാണ് കാലഹരണപ്പെടാൻ പോകുന്നതും.

മനില സി. മോഹൻ: പറഞ്ഞ് മടുത്ത വിഷയമാണ്. ഒരു വ്യക്തിയുടെ ശരീരത്തിനുമേലുള്ള അവകാശം ആ വ്യക്തിയ്ക്ക് മാത്രമാണ് എന്നുള്ളത്. വസ്ത്രം, ലൈംഗികത, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ വരും. നിസ്സഹായതയോടെത്തന്നെ ചോദിക്കുകയാണ്, എപ്പോഴായിരിക്കും, എങ്ങനെയായിരിക്കും ആൺനോട്ടം നോക്കുന്ന പുരുഷൻമാർക്കും സ്ത്രീകൾക്കും, ഈ അവകാശബോധത്തെക്കുറിച്ച് ധാരണയുണ്ടാവുക? പുതിയ തലമുറയെ പ്രതീക്ഷയോടെ കാണുന്നുണ്ടോ?

റിമ കല്ലിങ്കൽ: ഐ.എഫ്​.എഫ്​.കെ റീജ്യണൽ ഫെസ്റ്റിവൽ ഓപൺ ഫോറത്തിൽ പങ്കെടുത്തപ്പോഴുള്ള എന്റെ വേഷം സംബന്ധിച്ച വിവാദം ഒരുപാട് ആളുകൾ പിന്നീട് പറയുമ്പോഴാണ് ഇങ്ങനെയൊരു ഇഷ്യൂ നടക്കുന്നുണ്ടെന്നുപോലും ഞാൻ അറിയുന്നത്. ഞാൻ ഉടൻ അതിനെ തള്ളിക്കളയുകയാണ് ചെയ്തത്, എന്നെ അത് ഒരു രീതിയിലും ബാധിക്കുന്നില്ല എന്നതുകൊണ്ടുതന്നെ. എന്തുപറഞ്ഞാലും അവർക്കെന്നെ തൊടാൻ പോലും കഴിയില്ല. വൈകാരികമായോ ഇതിന്റെ ഒരു പ്രത്യാഘാതം എന്ന രീതിയിലോ എന്നെ അത് ബാധിക്കില്ല എന്ന ബോധ്യം എനിക്കുള്ളതുകൊണ്ട്​ ഞാനത് പൂർണമായും തള്ളിക്കളഞ്ഞു. പക്ഷെ അതിനുശേഷമുണ്ടായ ഒരുപാട് ചർച്ചകളും സംഭാഷണങ്ങളും ഇപ്പോഴത്തെ യഥാർഥ വിഷയത്തിന് എതിരായിരുന്നു. അതുകൊണ്ട് ആ വിഷയം ആംപ്ലിഫൈ ചെയ്യണമെന്നും അതാണ് ഇതിന്റെ മുകളിൽ നിൽക്കേണ്ടത് എന്നതുകൊണ്ടുമാണ് ഞാൻ അത് സോഷ്യൽ മീഡിയയിലൊക്കെ റീഷെയർ ചെയ്​തത്​.

ഈ കൗണ്ടർ കറന്റാണ് ഇന്ന് മുകളിൽ നിൽക്കുന്നത് എന്നത് അടിവരയിട്ടു പറയാനും ഇതെന്നെ തൊടുന്നില്ല എന്നുപറയാനും എനിക്ക് വളരെ എളുപ്പമാണ്. കാരണം, ഞാനിന്ന് ജീവിക്കുന്ന സാഹചര്യങ്ങളും ഞാനുണ്ടാക്കിയെടുത്ത ഒരു സപ്പോർട്ട് സിസ്റ്റവും അതിനുകാരണമായ വേറെ ഒരുപാട് ഘടകങ്ങളുമുണ്ട്. അത് ഇവിടത്തെ എല്ലാ സ്ത്രീകൾക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതിന്റെ മറുവശം, ഇന്ന് നമ്മൾ ജീവിക്കുന്ന കേരളത്തിൽ എത്ര ശക്തമാണെന്നത് ഇവിടെ പറഞ്ഞുവെക്കേണ്ടതുണ്ട്. സ്ത്രീകൾ ഇതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതോടൊപ്പം തന്നെ മാറ്റം തുടങ്ങിക്കഴിഞ്ഞു.

ഞാൻ ഇത് ചെയ്യുമ്പോഴും, സ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ചോയ്‌സിനെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോഴും, അതിനനുസരിച്ച് എന്റെ ജീവിതം ഞാൻ സ്വന്തമാക്കി അത് ജീവിക്കുമ്പോഴും ഇവിടെ ഇത്ര പ്രശ്‌നമുണ്ടാകുന്നത്, ബാക്കിയുള്ള സ്ത്രീകൾക്ക് അത് പ്രചോദനമാകും, അല്ലെങ്കിൽ ഞങ്ങൾക്കും ഇതാവാമല്ലോ എന്ന് അവർ ചിന്തിക്കുമെന്നുള്ള പേടികൊണ്ടാണല്ലോ? അതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. പക്ഷെ ഞാനത് ചെയ്യുന്നതും പറയുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്. ഞാൻ ഇത് തുടരുക തന്നെ ചെയ്യും.

റിമ കല്ലിങ്കൽ കൊച്ചി റീജ്യനൽ ഐ.എഫ്.എഫ്.കെ. വേദിയിൽ. / Photo: IFFK, Fb

വലിയൊരു വിഭാഗം സ്ത്രീകൾ ഇതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് എനിക്കറിയാം. മാറ്റം തുടങ്ങിക്കഴിഞ്ഞു, അതൊരു പ്രസ്ഥാനമായി മാറുകയാണ്. ഇപ്പോൾ നമ്മൾ കണ്ട ഈയൊരു പിന്തുണ പ്രധാനമാണ്​. നമ്മുടെയൊപ്പം വലിയ വിഭാഗം ആണുങ്ങളും ട്രാൻസ്‌ജെൻഡേഴ്‌സുമെല്ലാമുണ്ട്​. വലിയൊരു വിഭാഗം ശക്തമായി നമ്മുടെ കൂടെ നിൽക്കുന്നുണ്ട്. ബാക്കിയുള്ള ആളുകളാണ് ന്യൂനപക്ഷമാകാൻ പോകുന്നതും അവരാണ് കാലഹരണപ്പെടാൻ പോകുന്നതും.

എനിക്ക് തോന്നുന്നു, അറേഞ്ച്ഡ് വിവാഹങ്ങൾ കൂടി നിർത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ഡീസൻറ്​ മനുഷ്യനാകാനും മറ്റൊരു മനുഷ്യനെ സ്‌നേഹിക്കാനുമാകുന്ന തലത്തിലേക്ക് സമൂഹം തീർച്ചയായും വളരും എന്ന്. സ്ത്രീകൾ ഇനി അങ്ങനെ ആർക്കെങ്കിലും വേണ്ടി സെറ്റിലാകാൻ തയ്യാറാകാത്ത തലത്തിലേക്കുകൂടി വന്നുകഴിഞ്ഞിട്ടുണ്ടെങ്കിൽ കാലഹരണപ്പെട്ടുപോകുന്നത് ഈയൊരു ആറ്റിറ്റ്യൂഡും അത്​ കൊണ്ടുനടക്കുന്ന ആളുകളുമായിരിക്കും. ഞാനതിനെ വളരെ പോസിറ്റീവായി കാണുകയാണ്. നമ്മൾ മുന്നോട്ട് പോവുകയാണ്. അതിനൊപ്പം എത്താൻ സാധിക്കാത്തവർ പുറകിലേക്ക് തള്ളപ്പെടും.

മലയാളത്തിലെ സിനിമ, നാടകം, നൃത്തം, പാട്ട്, എഴുത്ത് തുടങ്ങിയ എല്ലാ ക്രിയാത്മക കലാരൂപങ്ങളും പതുക്കെപ്പതുക്കെ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ രാഷ്ട്രീയത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് പുരോഗമനപരമാണ്. പക്ഷേ, അപ്പോൾത്തന്നെയാണ് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി, സിനിമാ പ്രൊഡക്ഷൻ കമ്പനികൾക്കകത്ത് വേണമെന്ന് നിരന്തരം ആവശ്യപ്പെടേണ്ടി വരുന്നത്, അതിനെക്കുറിച്ച് പറയുന്ന ആളുടെ ഉടുപ്പിന്റെ നീളം ചർച്ചയാവുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടൂ എന്ന് നിലവിളിക്കേണ്ടി വരുന്നത്. ഈ ഇരട്ടത്താപ്പ് ഒരു പുരുഷന്റെ ബൗദ്ധിക ഇരട്ടത്താപ്പാണ് എന്ന് തോന്നിയിട്ടുണ്ടോ?

വളരെ പ്രത്യക്ഷമായ ഇരട്ടത്താപ്പായിട്ടുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. 90 വർഷത്തിലേറെ ചരിത്രമുള്ള മലയാള സിനിമയിൽ ഒരു ഇന്റേണൽ കംപ്ലെയ്ൻറ്​സെൽ വേണം എന്ന ചർച്ച പോലും ഉണ്ടാകാൻ തുടങ്ങിയത് കഴിഞ്ഞ അഞ്ചുവർഷമായിട്ടാണ്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമെല്ലാം വളരെ ശക്തമായി സംസാരിക്കുന്ന ഒരു സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇത്രയും സ്‌ട്രോങ്ങായ ഒരു കൾച്ചറൽ ഇൻഡസ്ട്രിക്ക് അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഡബ്ല്യു.സി.സി. വന്ന്​ സംസാരിക്കേണ്ടി വന്നു എന്നത് ഇരട്ടത്താപ്പായിട്ട് തന്നെയാണല്ലോ കാണേണ്ടത്.

അത് മുന്നോട്ടുവെച്ച ഡബ്ല്യു.സി.സി.യെ, ആ കമ്മിറ്റി റിപ്പോർട്ട് എന്താണെന്നുള്ളത്, ഞങ്ങൾ തന്നെ കൊടുത്ത വിവരങ്ങളിൽ നിന്ന് അവരെന്താണ് കണ്ടെത്തിയത് എന്നത് അറിയിക്കാൻ ബാധ്യസ്ഥരല്ല എന്ന തലത്തിൽ നിൽക്കുകയാണ്. അത് നടപ്പിലാക്കാൻ പറയുമ്പോൾ ഇൻഡസ്ട്രി കാണിക്കുന്ന വിമുഖതയുണ്ട്. അതായത് തൊഴിലിടത്തിൽ കൂടുതൽ ഫെയർനെസ് ഉണ്ടാകുമെന്നല്ലാതെ തെറ്റായൊന്നും ഇത് നടപ്പാക്കുന്നതിലൂടെ സംഭവിക്കുകയില്ല. അത് നടപ്പിലാക്കാൻ ഇത്ര പ്രശ്‌നം എന്തുകൊണ്ടാണുണ്ടാകുന്നത്. ഇവരെല്ലാവരും ഇവരുടെ സിനിമയിലൂടെയും ഇവരുടെ പാർട്ടി പൊളിറ്റിക്‌സിലൂടെയുമെല്ലാം തുല്യതയുടെയും അവകാശങ്ങളുടെയും ന്യായത്തിന്റെയുമെല്ലാം തത്വശാസ്ത്രം വെച്ചിട്ടുതന്നെയാണ് കൈയടി വാങ്ങുന്നത്. പക്ഷെ യാഥാർഥ്യത്തിലേക്ക് വരുമ്പോൾ ഒന്നും സംഭവിക്കുന്നില്ല.

എവിടെ ഇതിനെക്കുറിച്ച് ഒരു ചർച്ചയുണ്ടായാലും സെഡ്‌സ്റ്റെപ്പ് ചെയ്യുന്നത് പൊള്ളയായ കുറേ വാചകങ്ങൾ പറഞ്ഞും സെക്‌സിസത്തിന്റെയും പാട്രിയാർക്കിയുടെയും കാലങ്ങളായുള്ള, സിസ്റ്റമിക്കായ അടിച്ചമർത്തലിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റാത്ത പോലെ അഭിനയിച്ചുകൊണ്ടുമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അവർക്ക് അത് കൂടുതൽ എളുപ്പമാണ്. കാരണം കാശുണ്ടാക്കുക എന്നത് മാത്രമാണല്ലോ ആണുങ്ങളുടെ ജോലി. ബാക്കിയുള്ളതൊന്നും അവരുടെ ജോലിയല്ല. അതുകൊണ്ടാണല്ലോ എന്ത് പ്രശ്‌നമുണ്ടായാലും എന്താ ഡബ്ല്യു.സി.സി. പ്രതികരിക്കാത്തത് എന്ന് ചോദിക്കുന്നത്. വേറെ ആരും പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ. കാരണം അവർ വേറെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുകയാണ്. നമ്മുടെ ജോലി മാത്രമാണല്ലോ ഇത്. ഇത് ഒരു ഇരട്ടത്താപ്പാണെന്ന് ഞാൻ ഉറപ്പായും കരുതുന്നു.

ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യുന്ന ഡബ്ല്യു.സി.സി. അംഗങ്ങൾ. ഈ കൂടിക്കാഴ്ചയുടെ ഫലമായാണ് സർക്കാർ ഹേമ കമ്മീഷൻ രൂപീകരിച്ചത്. / Photo: Pinarayi Vijayan, Fb

പക്ഷെ അത് ഇനി വിലപ്പോവുമെന്ന് തോന്നുന്നില്ല. വിദ്യാഭ്യാസവും അറിവും ബോധവുമുള്ള വേറെ ഒരുപാട് പേരുണ്ടല്ലോ. മാത്രമല്ല, ഇനി അങ്ങനെ ഇത് അവഗണിക്കാൻ കഴിയുകയുമില്ല. കുറച്ച് സ്ത്രീകൾ മാത്രമല്ല പറയുന്നത്. കേരള സമൂഹത്തിലെ വലിയൊരു ഭാഗം, വലിയൊരു വോട്ട് ബാങ്ക് (വോട്ട് ബാങ്ക് എന്ന് പറയുന്നത്, ഇനി അതുകൊണ്ടു മാത്രമെ ഇവർ ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്യൂ എന്നുണ്ടെങ്കിൽ) എന്താണ് നടക്കുന്നതെന്ന് ഇന്ന് മനസ്സിലാക്കുന്നുണ്ട്. അവർ ഇതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറുമാണ്. മീഡിയയിലുള്ള സ്ത്രീകളുടെ സാന്നിധ്യം, സിനിമയിലെ സ്ത്രീകളുടെ സാന്നിധ്യം, അതുപോലെ, സാമൂഹ്യ ഇടങ്ങളിൽ ഇന്ററസ്റ്റിങ്ങായി ജീവിതത്തെ കാണുന്ന സ്ത്രീകളുടെ സാന്നിധ്യം എല്ലാം കൂടിവരികയാണല്ലോ.

ഈ സമ്പദ് വ്യവസ്ഥയിൽ ഒഴുകുന്ന പണത്തിൽ നമുക്കു കൂടി പങ്കുണ്ട്. അവരിലേക്ക് മാത്രം ചുരുങ്ങിയിരുന്ന ആ അധികാരവും നമുക്കുണ്ട്. ആ മണിപവർ കൂടി ഉപയോഗിച്ചിട്ടാണ് അത് സാമൂഹിക തുല്യതയാണെങ്കിലും വിദ്യാഭ്യാസമാണെങ്കിലും നേടിയെടുക്കാനാകുന്നത്. നമുക്ക് തരില്ല എന്നുപറയുമ്പോഴും, തരാതിരിക്കാൻ ഇത്രയധികം വ്യവസ്ഥകൾ കെട്ടിപ്പടുത്തിട്ടും, അതിനിടയിലൂടെ നമ്മൾ പൊരുതിയിട്ടാണ് എല്ലാ അർഥത്തിലും ഇന്നിവിടെ എത്തിയിട്ടുള്ളത്. ഇനിയൊരു തിരിച്ചുപോക്കില്ല.

ഇന്ത്യയിലാകെ നടക്കുന്ന ഹിന്ദു, മുസ്‌ലിം തീവ്രവാദങ്ങളുടെയെല്ലാം വിശാലാടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ, ഹിജാബ് വിലക്കിനെക്കുറിച്ചുള്ള ചർച്ചകൾ കർണാടകയിൽ നടക്കുമ്പോൾ, കോൺടെക്‌സ്റ്റിലല്ലാതെ മുസ്‌ലിം മത പാർട്ടികൾ അതിനെ കൂടുതൽ സ്ത്രീകളെ ഹിജാബ് ഇടീക്കാനുള്ള അവസരമാക്കുന്നുണ്ട്. വിശാലാർഥത്തിൽ നോക്കുമ്പോൾ സ്ത്രീയുടെ ശരീരം എപ്പോഴും വാർഗ്രൗണ്ടായാണ് കാണുന്നത്. ആ അർഥത്തിലും ഈ സംഭാഷണങ്ങളും ചർച്ചകളുമെല്ലാം വളരെ പ്രധാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

We have a ticket to the future. വേണമെങ്കിൽ ടിക്കറ്റെടുത്ത് ഞങ്ങളുടെ കൂടെ പോന്നോ എന്നാണ് ഇന്നത്തെ സ്ത്രീകൾ പറയുന്നത്. ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 72-ൽ പ്രസിദ്ധീകരിച്ചത്.

Comments