എഡ്വേഡോ മൊറീനോ ഫെർനാണ്ടസ്

നമുക്ക്​ വയലൻസിനെക്കുറിച്ച്​ സംസാരിക്കാം

രണ്ട് ചോദ്യങ്ങൾ, രണ്ട് ഉത്തരങ്ങൾ. ട്രൂ കോപ്പി വെബ്സീനിൽ പുതിയ പംക്തി ആരംഭിക്കുന്നു. വിഷയങ്ങൾ പലതായിരിക്കും. മെക്സിക്കൻ സംവിധായകനും ട്രൂ കോപ്പി തിങ്ക് നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2020 ലെ വിജയിയുമായ എഡ്വേഡോ മൊറീനോ ഫെർണാണ്ടസ് ആണ് ഈ പാക്കറ്റിൽ

കമൽറാം സജീവ്: സ്പാനിഷ് ഭാഷ സംസാരിക്കുന്നതിൽ ലോകത്തിലെ തന്നെ മഹത്തായ നഗരങ്ങളിലൊന്നാണ് മെക്​സിക്കോ സിറ്റി. ഒരുപാടു കാലം ഗബ്രിയേൽ ഗാർസ്യ മാർകേസ് താമസിച്ച നഗരം.1982ൽ ഡങ്കൻ ഫാലൊവെല്ലുമായി നടത്തിയ ഒരഭിമുഖത്തിൽ, ‘എഴുതാൻ പ്രശാന്തവും ഏകാന്തവുമായ സ്ഥലങ്ങൾ തന്നെ വേണം’ എന്ന മിത്തിനെയും ‘എന്തെങ്കിലും എഴുതാൻ പറ്റിയ മനോഹരമായ സ്ഥലം' തുടങ്ങിയ മാനസികാവസ്ഥകളെയും തള്ളിക്കളഞ്ഞ്​ ‘എനിക്ക് മെക്​സിക്കോ സിറ്റിയാണ് വർക്കിനു പറ്റിയ മാതൃകാ സ്ഥാനം' എന്ന് മാർകേസ് പറയുന്നുണ്ട്. ‘ഉൾനാടുകളിലോ മരുഭൂമിയിലോ ഇരുന്നുള്ള എഴുത്ത് എനിക്ക് ഭയങ്കര ബോറടിയാണ്, കാരണം എഴുതിക്കഴിയുമ്പോൾ എനിക്ക് ജീവിതവുമായി സമ്പർക്കം വേണം.' പ്രതികരണമായി ആത്മഗതമെന്നോണം ഫാലോവെൽ എഴുതുന്നുണ്ട്: ""ഹാ, ജീവിതം, ജീവിതം! മെക്സിക്കോ ഈസ് സെർട്ടൻലി സ്ട്രോങ് ഓൺ ലൈഫ്, ഓർ, റ്റു ബി മോർ അക്കുറേറ്റ് സ്ട്രോങ് ഓൺ ഡെത്ത്''. ഇന്ത്യയിൽ ജീവിക്കുന്ന ഒരു ലാറ്റിനമേരിക്കൻ നിരീക്ഷകന്, അവിടുത്തെ സംസ്‌കാരവും സാഹിത്യവും തെല്ല് ആരാധനയോടെ നിരീക്ഷിക്കുന്ന ഒരാൾക്ക്, മെക്​സിക്കോ രക്തത്തിൽ കുതിർന്ന ഒരു രാഷ്ട്രമാണ്. ഒരു പക്ഷേ, ഞാൻ ഒരിക്കലും സന്ദർശിക്കാൻ ആഗ്രഹിക്കാത്ത രാജ്യം. അക്രമങ്ങളുടെ രാജ്യം എന്ന് മെക്​സിക്കോയെ വിളിച്ചാൽ എന്തായിരിക്കും പ്രതികരണം ?

എഡ്വേഡോ മൊറീനോ ഫെർനാണ്ടസ് : ആദ്യമേ പറയാം, ഏതു തരത്തിലുള്ള വയലൻസും അപ്രതിരോധ്യമായ ഒന്നാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിയോജിപ്പുകൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാന മാർഗം സംവാദങ്ങളാണ് എന്നു കരുതുന്ന ആളുമാണ്. അങ്ങനെ കരുതുന്നവരാണ് ഭൂരിപക്ഷം മെക്‌സിക്കോക്കാരും എന്നും എനിക്കറിയാം. ഗാർസിയാ മാർകേസ് പറഞ്ഞത് ശരിയാണ്, മിസ്റ്റർ ഫാലോവെൽ പറഞ്ഞതിനോടും ഞാൻ യോജിക്കുന്നു. മെക്‌സിക്കോ രാജകീയ സൗന്ദര്യമുള്ള രാജ്യമാണ്. അത്ഭുതകരമായ പ്രകൃതിയും അനന്യമായ കാഴ്ചകളുമുള്ള നാട്.

മരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഞങ്ങൾ മെക്‌സിക്കോക്കാർക്ക് മരണത്തോടൊത്ത് ജീവിക്കാൻ ഞങ്ങളുടേതുമാത്രമായ രീതികളുണ്ട് എന്നത് എല്ലാവർക്കുമറിയുന്ന കാര്യമാണ്. ദിവസവും ഞങ്ങളിത് അഭിമുഖീകരിക്കുന്നതാണ്. ഞങ്ങൾ വളർന്നു വരുന്നതു തന്നെ ഒരവസ്ഥയായും ആശയമായും ഇതോടൊപ്പമാണ്. മരണത്തെ ആരാധനയോടെയും തമാശയായുമൊക്കെ ഞങ്ങൾക്ക് കാണാനാവും.

ഗബ്രിയേൽ ഗാർസ്യ മാർകേസ്​ മെക്‌സിക്കോയിലെ ഗൗതലജാറ ബുക് ഫെസ്റ്റിവലിൽ

മതം ഏതുതന്നെയായാലും മെക്‌സിക്കോക്കാർ വിശ്വസിക്കുന്നത്, തങ്ങൾ ഒരിക്കലും ശരിക്കും മരിക്കില്ല എന്നാണ്. ഈ സ്ഥലത്തല്ലെങ്കിൽ മറ്റൊരിടത്ത് തങ്ങളുടെ ഓരോ ചെറിയ അംശം പോലും എന്നന്നേയ്ക്കുമായി ജീവിക്കും എന്നാണവർ കരുതുന്നത്. പല തരം വിശ്വാസങ്ങളുടെ സമ്മേളനമായി കെട്ടിപ്പെടുത്ത സമകാലീന മെക്‌സിക്കോയിൽ ഇത്തരം ആശയങ്ങൾ കടന്നു വന്നിട്ടുള്ളത്, ഞങ്ങളുടെ പ്രീ ഹിസ്പാനിക് പൂർവ്വികരുടെ പാപബോധങ്ങളിൽ നിന്നും അവർക്ക് നിർബന്ധപൂർവ്വം സ്വാംശീകരിക്കേണ്ടിവന്ന കാത്തലിക് ആശയങ്ങളിൽ നിന്നുമായിരിക്കണം എന്നാണ് ഞാൻ വിചാരിക്കുന്നത്.

ഇനി, വയലൻസിനെക്കുറിച്ച് പറയുകയാണെങ്കിൽ, എനിക്ക് സത്യസന്ധമായിത്തന്നെയേ സംസാരിക്കാനാവൂ. മെക്‌സിക്കോ ഗുരുതരമായ വയലൻസും - എല്ലാ തരത്തിലുമുള്ള - സുരക്ഷാ പ്രശ്‌നങ്ങളും നേരിടുന്ന രാജ്യമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയും മോശം അഡ്മിനിസ്‌ട്രേഷനും കാരണമുള്ള ചരിത്രപരമായ സംഘർഷം പോലുമാണത്. എന്റെ സ്വന്തം അനുഭവം പറയുകയാണെങ്കിൽ ശാന്തമായ അന്തരീക്ഷത്തിൽ വളരാനുള്ള ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. പക്ഷേ എന്നിട്ടുപോലും ഒരിക്കൽ തട്ടിക്കൊണ്ടുപോകലിനടുത്തെത്തിയ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. വയലൻസിന്റെ സാഹചര്യങ്ങളിൽ നിന്ന് മാറി നടക്കാനും എല്ലാവരെയും വിശ്വസിക്കാതിരിക്കാനുമുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതിന് അത്തരം സംഭവങ്ങൾ കാരണമായി എന്നതുകൊണ്ടുതന്നെ അവയോടെനിക്ക് നന്ദിയുണ്ട്.

തീർച്ചയായും ഞാനൊരു പ്രിവിലേജ്ഡ് പൊസിഷനിൽ നിന്നാണ് ഇത് സംസാരിക്കുന്നത്. കാരണം സ്ത്രീകളും ഇൻഡിജിനസ് കമ്മ്യൂണിറ്റികളും ഉൾപ്പെട്ട ദുർബല വിഭാഗങ്ങളുടെ അവസ്ഥ ഇതേയല്ല. ഒരു വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് അധികമൊന്നും ചെയ്യാൻ പറ്റില്ലായിരിക്കും, ദേശീയതയ്ക്കു വേണ്ടി രാജ്യത്തെ പ്രതിരോധിച്ച്​ സംസാരിക്കണം എന്ന ആശയത്തോട് എനിക്ക് താത്പര്യവുമില്ല. പക്ഷേ രാജ്യത്തെ ജനങ്ങൾ ആരാണ്, ആരാണ് രാഷ്ട്ര നിർമാണം നടത്തുന്നത്, അവർക്കു വേണ്ടി രാജ്യത്തെ എനിക്ക് പ്രതിരോധിച്ചേ പറ്റൂ.

ഭാവനാത്മകമായ കഥാഖ്യാനങ്ങൾ ആർട്ടിസ്റ്റിന് നൽകുന്ന ചില ക്രിയാത്മക സ്വാതന്ത്ര്യങ്ങളുണ്ട്. വയലൻസുമായി ബന്ധപ്പെട്ട ടോപ്പിക്കുകൾക്ക് എന്റെ വർക്കിൽ ഇടം കണ്ടെത്തുന്നത് അങ്ങനെയാണ്. Moreton (Bruise) എന്ന എന്റെ ഷോട്ട് ഫിലിം ഇതിനുദാഹരണമാണ്. ജൻഡർ വയലൻസിനോട് മുഖം തിരിഞ്ഞു നിൽക്കുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങളെ കുറിച്ചാണ് ആ പടം സംസാരിക്കുന്നത്. സ്വയം പ്രതിരോധിക്കാനാവാത്ത, പ്രതിരോധം തീർക്കാൻ അവസരങ്ങളില്ലാത്ത മനുഷ്യർക്കു വേണ്ടി ശബ്ദമുയർത്താൻ ഓരോ ഘട്ടത്തിലും കൂടുതൽ യുവാക്കൾ രംഗത്തുവരുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതിരോധമർഹിക്കുന്നത് ആ ജനങ്ങളാണ്. കാരണം ആ ജനതയ്ക്ക് അന്തസ്സോടെ ഭയമില്ലാതെ ജീവിക്കാൻ അവസരങ്ങൾ കിട്ടുകയാണെങ്കിൽ, നമ്മുടെ ചില പ്രശ്‌നങ്ങളെങ്കിലും അപ്രത്യക്ഷമാവുമെന്ന് ഞാൻ കരുതുന്നു.

ഒറ്റക്കാര്യം കൂടി പറഞ്ഞ് ഇക്കാര്യത്തിലുള്ള പ്രതികരണം അവസാനിപ്പിക്കാം. മേലെ എഴുതിയതിനൊക്കെയപ്പുറത്ത്, കൃത്യമായ മുൻകരുതലുകളെടുക്കുകയാണെങ്കിൽ മെക്‌സിക്കോ, സന്ദർശനമർഹിക്കുന്ന, അനുഭവങ്ങൾ നൽകുന്ന രാജ്യമാണ്. അത്തരം വിദേശികളായ സന്ദർശകരെ ഞാൻ കണ്ടിട്ടുണ്ട്. ഉത്കണ്ഠയും ഭയവുമായി എത്തുന്നവർ. പക്ഷേ മടങ്ങുമ്പോഴേയ്ക്ക് എന്റെ രാജ്യത്തിന്റെ സംസ്‌കാരത്തിലും ജനതയിലും ഭൂപ്രകൃതിയിലും അടിയറവു പറയുന്നവർ.

അലെക്​സാണ്ട്രോ ഗൊൺസാലസ് ഇനാറിറ്റു

അലെക്​സാണ്ട്രോ ഗൊൺസാലസ് ഇനാറിറ്റുവിന്റെ കടുത്ത ഫാൻ ആണ് ഞാൻ, ഗില്ലെർമോ അറിയാഗയുടെയും. അവരുടെയൊക്കെ സീരിയസ് മൂവികൾ നോക്കാം, അല്ലെങ്കിൽ നാർകോസ് മെക്സിക്കോ, ക്വീൻ ഒഫ് സൗത്ത് പോലുള്ള കമേഴ്സ്യൽ സീരീസുകൾ നോക്കാം, സംഹാരത്തിന്റെ, അറുകൊലകളുടെ, രക്തച്ചൊരിച്ചിലിന്റെ ദൃശ്യങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. മെക്സിക്കോയിൽ, ഒരു സാധാരണ മനുഷ്യന് ദൈനംദിന ജീവിതം എന്താണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. മരണത്തെക്കുറിച്ചുള്ള പരിഭ്രാന്തിയും ഭയവും എന്താണ് താങ്കൾക്ക് ?

നാടകീയതയും അതിഭാവുകത്വവും സ്വാഭാവികമായ ജനതയാണ് മെക്‌സിക്കോയിലേതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം കഠിന യാഥാർത്ഥ്യങ്ങളും വലിയ സ്വപ്നങ്ങളും പേറിയാണ് ഞങ്ങളുടെ ഓരോ ദിവസവും കടന്നു പോകുന്നത്. അതു കൊണ്ടു തന്നെ യാഥാർത്ഥ്യത്തിൽ നിന്ന്​ അൽപം മാറിയ യാഥാർത്ഥ്യത്തിന്റെ വേർഷൻ ഞങ്ങൾ ജീവിക്കും. കാരണം സ്വയം ഒരു നല്ല കഥ പറയാൻ പറ്റുമോ എന്ന് എപ്പോഴും നോക്കിയിരിക്കുന്നവരാണ് ഞങ്ങൾ, അങ്ങനെയൊന്നില്ലെങ്കിലും. ഞങ്ങളെക്കുറിച്ച് ഞങ്ങൾ തന്നെ പറയുന്ന ഇല്ലാത്ത നല്ല കഥകൾ ചിലപ്പോൾ ശരിക്കും സംഭവിച്ചെങ്കിലോ എന്ന ആഗ്രഹം കൂടിയാണത്. യാഥാർത്ഥ്യത്തിന്റെ ഈ ‘കാൽപനികവത്കരണം' ഞങ്ങൾക്ക് സ്വയം താതാദ്മ്യം പ്രാപിക്കാൻ കഴിയുന്ന കഥകളുണ്ടാക്കാൻ പ്രേരിപ്പിക്കും, അത് ചിലപ്പോൾ കൊലപാതകിയുമായോ മയക്കുമരുന്ന് വില്പനക്കാരനുമായിപ്പോലുമോ ആകാം.

മയക്കുമരുന്നു മാഫിയ തട്ടിക്കൊണ്ടുപോയ മെക്​സിക്കോക്കാരുടെ ചിത്രങ്ങൾ

ഒരു ക്രിമിനൽ പൊടുന്നനെ, അവനോ അവളോ ചെയ്യുന്ന കാര്യങ്ങൾ ചെയ്യും. അർബുദത്തോട് പൊരുതി മരിച്ചു കൊണ്ടിരിക്കുന്ന മകനെ അവളോ അവനോ സഹായിക്കുന്നതു പോലെ സഹായിക്കും. അല്ലെങ്കിൽ പ്രണയത്തേയോ ജീവിതത്തേയോ വിജയിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും, അതുമല്ലെങ്കിൽ തന്നെ, തന്റെ വയലന്റായ രൂപഭാവങ്ങളെ സീരിയസായി എടുക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്താനുള്ള പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കും. വയലൻസിനൊപ്പം നടന്ന മനുഷ്യർ ഒടുക്കം തങ്ങളുടെ ജീവിതത്തിന്റെ നീലാകാശങ്ങൾ തിരികെ പിടിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് അവ. അടുത്ത തലമുറയ്ക്ക് വേണ്ടി ആശയങ്ങളേയും മാതൃകകളേയും സൃഷ്ടിച്ചു വെച്ച ശേഷമായിരിക്കുമത് എന്ന് മാത്രം. ഞങ്ങൾ മെക്‌സിക്കോക്കാരുടെ ഒരു കുഴപ്പം യാഥാർത്ഥ്യത്തെയും ഫാന്റസിയേയും വേർതിരിക്കാൻ ഞങ്ങൾക്ക് ശരിക്കും കഴിയാറില്ല എന്നതാണ്. അത്തരം കഥകളോട് എനിക്കെതിർപ്പൊന്നുമില്ല. പക്ഷേ അതിന് ചില മാനദണ്ഡങ്ങൾ വേണ്ടതുണ്ട്. അതില്ല എന്നിടത്താണ് എനിക്കെതിർപ്പ്. വിദ്യാഭ്യാസത്തിലൂടെയും കണ്ണുകൾ തുറന്നു വെച്ചും മാത്രമേ അത് സാധ്യമാവുകയുള്ളൂ.

എല്ലാ ദിവസവും ഒരാൾക്ക് വീട്ടിൽ നിന്ന് പുറത്തു പോകേണ്ട അവസ്ഥയുണ്ട് എന്ന് കരുതുക, അവരോട് സംസാരിച്ചാൽ, വയലൻസിനോടും അരക്ഷിതാവസ്ഥയോടുമുള്ള വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് പിടി കിട്ടും. ലോകത്തെ മറ്റനേകം രാജ്യങ്ങളെപ്പോലെത്തന്നെ സാമൂഹികാസമത്വം ദൈനംദിന ജീവിതത്തിൽ നിലനിൽക്കുന്ന രാജ്യമാണ് മെക്‌സിക്കോ. ജൻഡർ, എത്‌നിസിറ്റി എന്നിവയ്ക്ക് പുറമേ, ആ അസമത്വം നിങ്ങൾ എവിടെ ജീവിക്കുന്നു, എന്ത് ജോലി ചെയ്യുന്നു എന്നതിനെ നിശ്ചയിക്കുന്നുണ്ട്. നേരത്തെ എഴുതിയതു പോലെ എന്റെ വ്യക്തിപരമായ സാഹചര്യം മറ്റൊന്നാണ്. പക്ഷേ നിർഭാഗ്യവശാൽ എന്റെ രാജ്യത്ത് ഒരേ ചോദ്യത്തിന് താരതമ്യേന മികച്ചതും അങ്ങേയറ്റം മോശപ്പെട്ടതുമായ ഉത്തരങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. ജാഗ്രത്തോടും വിവേകത്തോടും കൂടി ജീവിതയാഥാർത്ഥ്യത്തിന്റെ ഇത്തരം മെക്‌സിക്കൻ വ്യത്യസ്തതകളോട് പ്രതികരിക്കേണ്ടത് ഒരാളുടെ കടമയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.▮


എഡ്വേഡോ മൊറീനോ ഫെർനാണ്ടസ്

സംവിധായകൻ, തിരക്കഥാകൃത്ത്. 2019 സിയോൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്‌കാര ജേതാവ്. 2019 ൽ ഫോർബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 100 Most Creative Mexicans In The World ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ട്രൂകോപ്പി തിങ്ക് നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments