“ക്രോധത്തിൻ്റെ ആ ദിവസം, ഈ ലോകത്തെ ചാരം പോലെ ശിഥിലമാക്കും.” ‘ഡീയസ് ഈറെ’ എന്ന പദം ലാറ്റിൻ ഭാഷയിൽ ‘കോപത്തിന്റെ ദിവസം’ എന്നാണ് അർത്ഥം. പതിമൂന്നാം നൂറ്റാണ്ടിലെ ഗ്രിഗോറിയൻ മന്ത്രമായ ഈ ഗാനം ആദ്യം കത്തോലിക്കാ സന്യാസിമാർ ശവസംസ്കാര ചടങ്ങുകളിൽ പാടിയിരുന്നതാണ്. മരണത്തെയും ദൈവന്യായദിനത്തെയും പ്രതിനിധാനം ചെയ്തിരുന്ന ഈ സംഗീതഭാഷ മനുഷ്യന്റെ അനന്തരചോദ്യങ്ങളിലേക്ക് നിരന്തരം കണ്ണോടിച്ചു. ശവഗാനത്തിന്റെ താളം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഭയച്ചിന്തയുടെയും അവ്യക്തമായ ചിന്തകളുടെയും പ്രതിധ്വനിയായി ഇന്നും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ, “ഡീയസ് ഈറെ” എന്ന പേരിൽ ഇറങ്ങിയ ഈ സിനിമയും അതേ ആത്മസംഗീതത്തോട് സംസാരിക്കുന്നു. ഇവിടെ മരണത്തിന്റെ ഭാവന, ആത്മധ്വനിയുമായും നിശ്ശബ്ദതയുമായും ചേരുമ്പോൾ, അത് വെറും കഥയല്ല - മനുഷ്യന്റെ പാപബോധവും വീണ്ടെടുപ്പിനായുള്ള ആന്തരിക യാത്രയുമാണ്. മൂലകഥയുടെ ഗംഭീരതയും ഇരുട്ടും അടിത്തട്ടായി നിലനിൽക്കുന്ന ഈ ചിത്രത്തിൽ, ദൃശ്യങ്ങൾ അനന്തമായ ശബ്ദം പോലെ വിങ്ങിയും പാളിയും വരുന്നു. അതിന്റെ ലോകത്തിലേക്ക് പ്രവേശിക്കുമ്പോൾ ഓരോ നിമിഷവും പ്രേക്ഷകന് അത് ഉൾതോന്നലുകളുടെ ക്ഷണമുണ്ടാക്കുന്നു.
ഹൊറർ സിനിമകളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ രാഹുൽ സദാശിവൻ മറ്റൊരു ട്രീറ്റ്മെന്റുമായി മലയാളികളിലേക്ക് കടന്നുവരുന്നു. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയെ നായകനാക്കി ‘ഭ്രമയുഗം’ തിയേറ്ററുകളിൽ തീ പടർത്തിച്ച്, ഇന്ന് പ്രണവ് മോഹൻലാലിലൂടെ മറ്റൊരു വിസ്മയം ഒരുക്കുന്നു സംവിധായകൻ. ഒരു എക്സ്ട്രാ ഓർഡിനറി സിനിമ എന്ന നിലയിൽ അല്ല ‘ഡീയസ് ഈറെ’ മുന്നിട്ട് നിൽക്കുന്നത്, മറിച്ച് സംവിധാനത്തിലും സാങ്കേതിക തികവിലും ഉള്ള കയ്യടക്കത്തിലൂടെയാണ്.

'ക്രോധത്തിൻ്റെ ആ ദിവസം, ഈ ലോകത്തെ ചാരം പോലെ ശിഥിലമാക്കും' എന്ന് തുടങ്ങുന്ന സങ്കീർത്തനം പോലെ ‘ഡിയസ് ഈറെ’ ഒരു ഭീതി കാഴ്ചക്കാരിൽ പടർത്തി വിടുന്നു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ, ലളിതമായ സംഭാഷണങ്ങൾ, അതിരുകൾ വിഭജിക്കുന്ന അന്തരീക്ഷം. ചിത്രത്തിൽ ഭയവും ആകാംക്ഷയും ഉൾച്ചേർന്നിരിക്കുന്നത് ഇതിലൊക്കെയാണ്. സംഭാഷണങ്ങളുടെ കുറവ് തന്നെ ഭയത്തിന്റെ ആഴം പകർന്നു നൽകുവാൻ തക്കവണ്ണം ഒരുക്കിയിരിക്കുന്നു സംവിധായകൻ രാഹുൽ. ചിത്രത്തിലെ വീടുകൾ ‘ഹോണ്ടിംഗ്’ അനുഭവം സൃഷ്ടിക്കാൻ കാര്യക്ഷമമായി ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമാകുന്നു.
പ്ലോട്ടിലും, ലോക്കേഷനുകളിലും, ക്യാമറ നീക്കത്തിലും, സൗണ്ട് ഡിസൈൻ ഘടനയിലും നടത്തിയ മികവാർന്ന സമീപനം മികച്ച സിനിമാ അനുഭവം ഉണ്ടാക്കുന്നു. “മിനിമൽ ഹൊറർ” എന്ന ശൈലിയിലൂടെ സിനിമയെ ഭംഗി ആയി കൈകാര്യം ചെയ്യുന്ന സംവിധാന മികവ് തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. കുറഞ്ഞ ഘടകങ്ങൾ കൊണ്ട് പ്രതീക്ഷയും ഭയവും എങ്ങനെ തോന്നിപ്പിക്കാം എന്നതിന് 'ഡീയസ് ഈറെ' ഒരു നേർസാക്ഷ്യമാണ്. ദൃശ്യാംഗങ്ങൾക്ക് ഒടുവിൽ സംഭാഷണത്തിന്റെ അഭാവം പോലും ഭീതിയുടെ ഭാവമായി ഉപയോഗിക്കപ്പെടുന്നു. തികഞ്ഞ സംയമനവും കയ്യടക്കവും പ്രേക്ഷകനിൽ ആഴമുള്ള ഭയം ഉണർത്തുന്നു.
ക്രിസ്റ്റോ സേവിയറിന്റെ സംഗീതവും ജയദേവൻ ചക്കാടത്തിന്റെ സൗണ്ട് ഡിസൈനും ‘ഡീയസ് ഈറെ’യുടെ ഹൊറർ മൂഡിന് വലിയ ആക്കം നൽകുന്ന ഘടകങ്ങളാണ്. ഓരോ ശബ്ദവും നിശബ്ദതയും പ്രേക്ഷകരെ അസ്വസ്ഥമാക്കും വിധം നിർമിക്കപ്പെട്ടിരിക്കുന്നു. ഭീതിയുടെ അന്തരീക്ഷം നേർക്കാഴ്ചയായി മാറ്റുമ്പോൾ ഷെഹ്നാദ് ജലാലിന്റെ ക്യാമറ ചലനങ്ങളും ലൈറ്റിംഗും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോട് ചേർന്ന് ദൃശ്യാനുഭവം സമ്പന്നമാക്കുന്നു. എഡിറ്റിങ് വകുപ്പിൽ ഷഫീഖ് മുഹമ്മദും ആർട്ട് ഡിപ്പാർട്ട്‌മെന്റിൽ ജ്യോതിഷ് ശങ്കറും ചേർന്ന് ഈ ചിത്രത്തിന് സാങ്കേതികമായ കരുത്ത് നൽകുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് ബാനറുകളിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് ഈ സിനിമ നിർമിച്ചിരിക്കുന്നു. എല്ലാ സാങ്കേതിക വിദ്യകളും സംയുക്തമായി ഈ ചിത്രത്തെ ഭയത്തിന്റെ മനഃശാസ്ത്രത്തിലേക്ക് കൊണ്ട് പോകുന്ന അനുഭവമായി മാറ്റുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.
ഈ ചിത്രം ഒരു സാധാരണ സിനിമാ കാഴ്ച എന്നതിലുപരി, ഒരു തിയേറ്റർ അനുഭവമാണ് മുന്നോട്ട് വെക്കുന്നത്. അതിനാൽ, മികച്ച സൗണ്ട് സിസ്റ്റമുള്ള തിയേറ്ററുകളിൽ, സാധിക്കുമെങ്കിൽ രാത്രി ഷോകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. അത് ഈ സിനിമയുടെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് നയിക്കാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.

