ബേലാ താർ / Photo: Bollywooddirect

ബേലാ താർ എന്ന‘ബ്ലാക്ക് ആൻറ്​ വൈറ്റ്' ചലച്ചിത്രകാരൻ

2011 ലെ ന്യൂയാർക്ക് ഫെസ്റ്റിവലിൽ ‘ദി ടൂറിൻ ഹോഴ്‌സ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം പ്രേക്ഷകരോട് ബേലാ താർ പറഞ്ഞു: ‘ഇതെന്റെ അവസാന സിനിമയാണ്. ചലച്ചിത്രമൊരുക്കൽ ഒരു ബൂർഷ്വാപ്പണിയാണ്. വേണമെങ്കിൽ എനിക്ക് പത്തോ പതിനഞ്ചോ സിനിമകൾ ചെയ്യാം. അങ്ങനെ എന്നെ സ്വയം അനുകരിക്കാം. പക്ഷേ ഞാനത് ആഗ്രഹിക്കുന്നില്ല. ഞാൻ പ്രേക്ഷകരെ ബഹുമാനിക്കുന്നു'.

27-ാമത്​ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്​.എഫ്​.കെ -2022) ‘ലൈഫ് ടൈം അച്ചീവ്‌മെൻറ്​' അവാർഡ് ലഭിച്ചത് വിഖ്യാത ഹംഗേറിയൻ ചലച്ചിത്രകാരനായ ബേലാ താറി (Bela Tarr) നാണ്. സമകാലിക ചലച്ചിത്ര പ്രതിഭകളിൽ സവിശേഷ ശ്രദ്ധ നേടിയ സംവിധായകനാണ് താർ. കാലം (time), ഇടം (space) എന്നിവയെ അപനിർമിച്ച്​ സിനിമയിൽ പുതിയൊരു സൗന്ദര്യശാസ്ത്രം അദ്ദേഹം വികസിപ്പിച്ചെടുത്തു. ബേലാ താറിന്റെ മിക്ക സിനിമകളും ബ്ലാക്ക് ആൻറ്​ വൈറ്റിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അതിനെക്കുറിച്ച് ഒരു സംവാദത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘ഞാൻ കറുപ്പും വെളുപ്പും ഇഷ്ടപ്പെടുന്നു. നിങ്ങൾ ഒരു ബ്ലാക്ക് ആൻറ്​ വൈറ്റ് ചിത്രം കാണുമ്പോൾ അതൊരു യഥാതഥ ചിത്രമല്ലെന്ന് നിങ്ങൾക്ക് മനസ്സിലാവും. അത് യാഥാർത്ഥ്യമല്ല, ഒന്നിൽ നിന്ന് രൂപാന്തരപ്പെട്ട മറ്റൊന്ന്'.

ഹംഗറിയിലെ പെക്‌സ് നഗരത്തിൽ 1955നാണ് ബേലാ താർ ജനിച്ചത്. കൗമാര കാലം മുതൽക്കേ നാടക ട്രൂപ്പുകളിലും സംഗീത സംഘങ്ങളിലും ചേർന്നു പ്രവർത്തിച്ചു. 14-ാം ജന്മദിനത്തിൽ പിതാവ് സമ്മാനിച്ച എട്ട്​ എം.എം ക്യാമറയിൽ താർ ആദ്യമായി ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തു. അന്ന് അദ്ദേഹത്തിന് 16 വയസ്സായിരുന്നു. ഗസ്റ്റ് വർക്കേഴ്‌സ് എന്ന പേരിലുള്ള ഡോക്യുമെന്ററി ജിപ്‌സി തൊഴിലാളികളെക്കുറച്ചാണ് സംസാരിക്കുന്നത്.

ബേലാ താറിന്റെ ‘ഫാമിലി നെസ്റ്റ്’ എന്ന സിനിമയിൽ നിന്ന്. / Photo: MUBI
ബേലാ താറിന്റെ ‘ഫാമിലി നെസ്റ്റ്’ എന്ന സിനിമയിൽ നിന്ന്. / Photo: MUBI

1977 ൽ പുറത്തിറങ്ങിയ ‘ഫാമിലി നെസ്റ്റ്' (Family Nest) ആണ് ബേലാ താറിന്റെ ആദ്യ ഫീച്ചർ സിനിമ. 1970 കളുടെ അവസാനത്തിൽ, കമ്യൂണിസ്റ്റ് ഹംഗറിയിലെ ഒരു കുടുംബത്തിന്റെ സംഘർഷങ്ങളും സാവധാനത്തിലുള്ള ശിഥിലീകരണവുമാണ് ഈ സിനിമ ആവിഷ്‌കരിക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലേക്കാണ് അക്കാലത്ത് താർ ക്യാമറ തിരിച്ചു വെച്ചത്. ‘സാമൂഹ്യ സിനിമ' എന്നാണ് ഇത്തരം സിനിമകള അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. എന്നാൽ പിന്നീട് അത്തരമൊരു രീതിയിൽ നിന്ന് താർ ക്രമേണ മാറുകയായിരുന്നു.

ഇരുണ്ടതും വിജനവുമായ ഇടങ്ങൾ ബേലാ ടാറിന്റെ ചിത്രങ്ങളിലുണ്ട്. രാത്രിയിലെ കുശുകുശുപ്പ്, മഴ നനഞ്ഞുള്ള നടത്തം എന്നിങ്ങനെ അത് ഒരേ സമയവും കാവ്യത്മകതയുടെയും യാഥാർത്ഥ്യത്തിന്റെയും കാഴ്ചാനുഭവം നല്കുന്നു.

ഒരഭിമുഖത്തിൽ; സിനിമ ചെയ്യാനുള്ള പ്രേരണ എന്താണെന്ന ചോദ്യത്തിന് ബേലാ താർ പറയുന്ന മറുപടിയിൽ ഇതിന്റെ പരിണാമ സൂചനകളുണ്ട്: ‘പതിനാറാം വയസ്സിൽ ഞാനെന്റെ ആദ്യ സിനിമ ചെയ്തു. ക്യാമറ കൊണ്ട് ലോകത്തെ മാറ്റാൻ കഴിയുമെന്ന് ഞാൻ കരുതി. 22-ാം വയസ്സിൽ, എന്റെ ആദ്യ ഫീച്ചർ സിനിമ ചെയ്യുന്നതുവരെ ഞാനങ്ങനെ വിശ്വസിച്ചു. സിനിമ കൊണ്ട് ലോകത്തെ മാറ്റാനാവില്ലെന്ന് പതുക്കെ എനിക്കു മനസ്സിലായി'.

1984 ൽ സംവിധാനം ചെയ്ത ‘അൽമാനാക് ഓഫ് ഫാൾ' (Almanac of Fall) ടാറിന്റെ ചലച്ചിത്ര ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ധനികയായ ഒരു മുതിർന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിൽ അവരുടെ മകൻ, അവരുടെ നേഴ്‌സ്, നേഴ്‌സിന്റെ അസംതൃപ്തനായ കാമുകൻ, പുതിയ താമസക്കാരൻ എന്നിവരാണ് നിവാസികൾ. അവരുടെ നിഗൂഢതകളും ഭയവും ആസക്തിയും ചിത്രം കൈകാര്യം ചെയ്യുന്നു. തന്റെ ആദ്യകാല ചിത്രങ്ങളിലെ ഡോക്യുമെന്ററി സ്വഭാവത്തിൽ നിന്നുള്ള വിഛേദനമായിരുന്നു ഈ സിനിമ. നിരൂപകരിൽ നിന്ന് നല്ല അഭിപ്രായങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്.

അൽമാനാക് ഓഫ് ഫാൾ എന്ന സിനിമയിൽ നിന്ന്
അൽമാനാക് ഓഫ് ഫാൾ എന്ന സിനിമയിൽ നിന്ന്

ഇരുണ്ടതും വിജനവുമായ ഇടങ്ങൾ ബേലാ ടാറിന്റെ ചിത്രങ്ങളിലുണ്ട്. രാത്രിയിലെ കുശുകുശുപ്പ്, മഴ നനഞ്ഞുള്ള നടത്തം എന്നിങ്ങനെ അത് ഒരേ സമയവും കാവ്യത്മകതയുടെയും യാഥാർത്ഥ്യത്തിന്റെയും കാഴ്ചാനുഭവം നല്കുന്നു.

ബേലാ ടാറിന്റെ ആറു ചിത്രങ്ങളാണ് ഐ.എഫ്.എഫ്.കെ യിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ ‘ദ ഔട്ട് സൈഡർ' (The Outsider -1981) മാത്രമാണ് കളർ ചിത്രം. ‘വെർക്ക്മീസ്റ്റർ ഹാർമണീസ്' (Werckmeister Harmonies- 2000), ഫാമിലി നെസ്റ്റ് (Family Nest -1979), ഡാംനേഷൻ (Damnation-1988), തന്റെ ജീവിത പങ്കാളിയും എഡിറ്ററും സംവിധായികയുമായ ആഗ്‌നസ് ഹ്രാനിറ്റ്സ്‌കിയ്‌ക്കൊപ്പം സംവിധാനം ചെയ്ത ‘ദി മാൻ ഫ്രം ലണ്ടൻ’ (The Man from London -2007), ദി ടൂറിൻ ഹോഴ്‌സ് (The Turin Horse -2011) എന്നിവയാണ് മേളയിൽ പ്രദർശിപ്പിക്കുന്ന മറ്റ് താർ ചിത്രങ്ങൾ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരൻ എന്നാണ് സൂസൻ സൊൻടാഗിനെപ്പോലുള്ളവർ ബേലാ ടാറിനെ വിശേഷിപ്പിച്ചത്. ടാറും അദ്ദേഹത്തിന്റെ ചിത്രങ്ങളും കേരളത്തിന്റെ മണ്ണിലേക്ക് വരുമ്പോൾ പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക

‘ദി ടൂറിൻ ഹോഴ്‌സ്' എന്ന ചിത്രം തത്വചിന്താപരമായ തലങ്ങളിലാണ് ഊന്നുന്നത്. 1889 ൽ ഇറ്റലിയിലെ ടൂറിനിൽ ഒരാൾ തന്റെ കുതിരയെ നിർത്താതെ ചമ്മട്ടി കൊണ്ട് പ്രഹരിക്കുന്നതു കണ്ട ജർമൻ ചിന്തകനായ ഫ്രീഡ്രിക്​ നീച്ചയ്ക്ക് (Friedrich Nietzsche) മാനസിക തകർച്ചയുണ്ടായ സംഭവത്തെക്കുറിച്ച് ആഖ്യാതാവ് വിശദീകരിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഈ തുടക്കം നിരവധി സംവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായി. നീച്ച കലയെ സൗന്ദര്യാത്മകമായി മാത്രം കാണുന്നു. ഒരു സന്ദേശത്തിനുവേണ്ടി കലയെ ഉപയോഗിക്കുന്നത് തെറ്റാണെന്ന നീച്ചയുടെ കാഴ്ചപ്പാടിനോടുള്ള ബേലാ താറിന്റെ പ്രതികരണമെന്തായിരിക്കും? പല കോണിൽ നിന്നും ചോദ്യങ്ങളുണ്ടായി.‘ക്യാമറയ്ക്ക് വസ്തുനിഷ്ഠമായ ഒരു വീക്ഷണമുണ്ട്. അതുകൊണ്ട് നിങ്ങളുടെ മുമ്പിൽ യാഥാർത്ഥ്യം മാത്രമേ കാണിക്കാൻ കഴിയൂ. സിനിമ സാഹിത്യം പോലെയല്ല, ലെൻസിനുമുന്നിലുള്ളത് മാത്രമാണ് അത് കാണിച്ചു തരുന്നത്' എന്നാണ് അദ്ദേഹം അതിന് മറുപടി പറഞ്ഞത്.

ദി ടൂറിൻ ഹോഴ്‌സ് എന്ന സിനിമയിൽ നിന്ന്
ദി ടൂറിൻ ഹോഴ്‌സ് എന്ന സിനിമയിൽ നിന്ന്

‘ദി ടൂറിൻ ഹോഴ്‌സ്' തന്റെ അവസാന ചിത്രമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2011 ലെ ന്യൂയാർക്ക് ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരോട് ബേലാ താർ പറഞ്ഞു: ‘ഇതെന്റെ അവസാന സിനിമയാണ്. ചലച്ചിത്രമൊരുക്കൽ ഒരു ബൂർഷ്വാപ്പണിയാണ്. വേണമെങ്കിൽ എനിക്ക് പത്തോ പതിനഞ്ചോ സിനിമകൾ ചെയ്യാം. അങ്ങനെ എന്നെ സ്വയം അനുകരിക്കാം. പക്ഷേ ഞാനത് ആഗ്രഹിക്കുന്നില്ല. ഞാൻ പ്രേക്ഷകരെ ബഹുമാനിക്കുന്നു'.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരൻ എന്നാണ് സൂസൻ സൊൻടാഗിനെപ്പോലുള്ളവർ ബേലാ ടാറിനെ വിശേഷിപ്പിച്ചത്. ടാറും അദ്ദേഹത്തിന്റെ ചിത്രങ്ങളും കേരളത്തിന്റെ മണ്ണിലേക്ക് വരുമ്പോൾ പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക. ▮


രാജേഷ് ചിറപ്പാട്

ചിത്രകാരനും എഴുത്തുകാരനും. ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു വർഷമായി IFFK ഒഫീഷ്യൽ ഡെയ്​ലി ബുള്ളറ്റിന്റെയും ഫെസ്റ്റിവൽ ഹാൻറ്ബുക്കിന്റെയും എക്സിക്യൂട്ടീവ്​ എഡിറ്ററാണ്.

Comments