ഏറ്റവും കുറവ് സിനിമകൾ കണ്ട വർഷങ്ങളിൽ ഒന്നായിരിക്കും, 2024. ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കാണ് അതിൽ പ്രധാന കാരണം. കണ്ട കുറച്ച് മലയാളം സിനിമകളാണ് മനസ്സിലുള്ളത്. ആവേശം, മഞ്ഞുമ്മൽ ബോയ്‌സ്, കിഷിക്കിന്ധാകാണ്ഡം, എ.ആർ.എം എന്നീ സിനിമകൾ വളരെ ഇഷ്ടപ്പെട്ടവയാണ്.
2024-ൽ ഏറ്റവും കൂടുതൽ റീവാച്ച് ചെയ്ത സിനിമകളിൽ ഒന്നാണ് വിം വെൻഡേഴ്‌സിന്റെ (Wim Wenders) പെർഫെക്റ്റ് ഡെയ്‌സ് (Perfect Days).
ഭയങ്കരമായ ഒരു ഊർജവും പോസിറ്റിവിറ്റിയും തരുന്ന സിനിമയാണിത്. വിദ്വേഷം മാത്രം കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലത്ത് സ്‌നേഹത്തെയും ജീവിതത്തെയും കുറിച്ചും ഫിലോസഫിക്കലായുമെല്ലാം വേറിട്ടൊരു അനുഭവം തരുന്ന സിനിമയാണിത്. എത്ര തവണ കണ്ടാലും, ഓരോ തവണയും അതേ ഇന്റൻസിറ്റിയോടെ നോക്കിയിരിക്കാൻ കഴിയുന്ന സിനിമ. അതുകൊണ്ട് ഈ സിനിമയോട് വലിയ സ്‌നേഹമാണെനിയ്ക്ക്.
വിം വെൻഡേഴ്‌സിന്റെ അധികം സിനിമകൾ മുമ്പ് കണ്ടിട്ടില്ല. അദ്ദേഹം നിരവധി നല്ല പടങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാം കിടിലൻ പടങ്ങൾ. ഈ സിനിമ കണ്ടതോടെ ഞാൻ ‘കട്ട വിം വെൻഡേഴ്‌സ് ഫാനാ’യി മാറി.