സാമൂഹ്യ പ്രവർത്തകരെ വെടിവെച്ചു കൊല്ലാനായി ഇരുട്ടിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാതൻ ആനന്ദ് പടവർദ്ധന്റെ റീസൺ എന്ന ചിത്രത്തിൽ ആവർത്തിച്ചു വരുന്ന നടുക്കുന്ന ഒരു ദൃശ്യമാണ്.
ഗോവിന്ദ്പൻസാരെ, നരേന്ദ്ര ധബോൾക്കർ, എം. എം. കൽബുർഗി, ഗൗരി ലങ്കേഷ് ഇവരൊക്കെയും ഹിന്ദുത്വത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത സംഘപരിവാറിന്റെ ഭടന്മാരുടെ കൈകളാൽ വധിക്കപ്പെടുകയായിരുന്നു. സനാതൻ സംസ്ഥ, വിശ്വഹിന്ദു പരിഷദ്, ആർ.എസ്.എസ് പോലുള്ള സംഘങ്ങളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യപ്പെട്ട ശ്രദ്ധേയമായ ഇത്തരം കൊലകളിൽ അവസാനം നടന്നത് കർണാടകയിലെ ഗൗരി ലങ്കേശിന്റെ കൊലയായിരുന്നു. കൊല നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരായിരുന്നു ഗൗരിലങ്കേശ്, എന്തിനാണ് അവർ കൊല ചെയ്യപ്പെട്ടത് എന്നൊക്കെ അടുത്തറിയാനുള്ള ഒരന്വേഷണമാണ് ദീപു എന്ന സംവിധായകൻ പെഡെസ്ട്രിയൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ നമ്മുടെ ഗൗരി (Our Gauri) എന്ന ഡോക്യുമെന്ററിയിലൂടെ നടത്തുന്നത്. ജേണലിസ്റ്റും ആക്റ്റിവിസ്റ്റുമായ ഗൗരിയെക്കുറിച്ച് പ്രേക്ഷകരുടെ ഹൃദയത്തിൽ തട്ടുന്ന വിധത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രമാണിത്. വധിക്കപ്പെട്ട ഗൗരിക്കുള്ള ഒരു ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രം. ഒപ്പം, വിമർശനങ്ങളോടും വിരുദ്ധാഭിപ്രായങ്ങളോടും ഹൈന്ദവ വർഗീയത പുലർത്തുന്ന അസഹിഷ്ണുതയും വിദ്വേഷവും എത്ര തീവ്രമാണ് എന്നതിന്റെ ദൃഷ്ടാന്തമായും, ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിന്റെ ചരിത്രരേഖയായും ചിത്രം പരിണമിക്കുന്നു.
കർണ്ണാടകത്തിലെ വലതുപക്ഷ- വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് ഗൗരിയുടെ ജീവിതം. ദീപു എന്നറിയപ്പെടുന്ന, കെ.പി. പ്രദീപ് എന്ന സംവിധായകൻ പറയുന്നു: ‘ഗൗരിക്ക് വ്യക്തിപരമായുള്ള ഒരു ആദരാഞ്ജലി എന്നതിലുപരി അവരുടെ രാഷ്ട്രീയ യാത്ര, അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ, സാമുദായിക ഐക്യത്തിന് വേണ്ടി അവസാനശ്വാസം വരെയും അവർ നടത്തിയ പോരാട്ടം ഇവയെ പിന്തുടരുന്ന ചിത്രമാണത്. ഗൗരിയുടെ ജീവിതത്തിലെ 16 വർഷങ്ങളിൽ ചിത്രീകരിക്കപ്പെട്ട ഭാഗങ്ങൾ, അവരുമായി അടുത്തിടപഴകിയ ഏതാനും വ്യക്തികളുടെ സ്മരണകൾ എന്നിവയുടെ സഹായത്തോടെയാണ് നമ്മ ഗൗരി രചിച്ചിട്ടുള്ളത്.'
ദുഃഖവും ഞെട്ടലുമാണ് ഈ ചിത്രം നിർമ്മിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും ദീപു പറയുന്നുണ്ട്. ഗൗരി കൊല്ലപ്പെട്ട ഉടൻ സോഷ്യൽ മീഡിയയിൽ വന്ന വെറുപ്പു കലർന്ന കമൻറുകൾ. ‘കമ്യൂണിസ്റ്റ് ശൂർപ്പണഖ' എന്നൊക്കെ അവരെക്കുറിച്ച് എഴുതിയവരുണ്ട് - ആദ്യം രോഷമാണുണ്ടാക്കിയത്. എങ്കിലും വാസ്തവത്തിൽ ഗൗരി ആരായിരുന്നു എന്ന് സിനിമയിലൂടെ പറയണമെന്ന് തോന്നിയത് അതുകൊണ്ടായിരുന്നു. 20 ദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കി. പെട്ടെന്ന് തന്നെ 600 ലധികം പ്രദർശനങ്ങൾ നടക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ഗൗരിക്ക് ആദരമർപ്പിച്ചു കൊണ്ടുള്ള ‘ധട ധടാ ധട ധടാ എസി ഗുണ്ടു ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തോടെയാണ് ചിത്രത്തിന്റെ തുടക്കം: ' ‘ധട ധടാ ധട ധടാ എന്നു ചീറുന്നു വെടിയുണ്ട; ഒന്നല്ല, രണ്ടല്ല, മൂന്നല്ല, തുടരെത്തുടരെ ഏഴ്.
ഗിരീഷ് കർണാട്, പട്ടാഭിരാമ റെഡ്ഡി, യു.ആർ. അനന്തമൂർത്തി തുടങ്ങിയ പ്രതിഭാശാലികൾ അടങ്ങിയ കർണാടകത്തിലെ പുരോഗമനാത്മക കൂട്ടായ്മയുടെ അവിഭാജ്യഘടകമായിരുന്നു പി. ലങ്കേശ്. പ്രശസ്തനായ ഇംഗ്ലീഷ് പ്രൊഫസർ, കവി, തിരക്കഥാകൃത്ത്, നാടക-സിനിമാ സംവിധായകൻ, നടൻ, സാഹിത്യകാരൻ, വിവർത്തകൻ, പത്രാധിപർ എന്നിങ്ങനെ നാനാമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഒരു പ്രതിഭയായിരുന്നു അദ്ദേഹം. നിർഭയവും സ്വതന്ത്രവുമായ പത്രപ്രവർത്തനത്തിനുവേണ്ടി നിലകൊണ്ട ഒരു പ്രസിദ്ധീകരണമായിരുന്നു അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചു വന്ന ‘ലങ്കേശ് പത്രികെ'. 2000ത്തിൽ ലങ്കേശിന്റെ മരണശേഷം പത്രികയുടെ പത്രാധിപച്ചുമതല ഗൗരി ഏറ്റെടുക്കുകയായിരുന്നു. 1984 തൊട്ട് ജേണലിസ്റ്റായിരുന്ന അവർ ടൈംസ് ഒഫ് ഇന്ത്യ, സൺഡെ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിരുന്നു.
ഗൗരിയുടെ സഹോദരിയും പ്രശസ്ത സിനിമാസംവിധായികയുമായ കവിതാ ലങ്കേശ് പറയുന്നു: ‘അവളെ ഇപ്പോഴും ചിലർ അർബൻ നക്‌സലൈറ്റ് എന്ന് വിളിക്കുന്നു. തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സായുധ സമരം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാനുമാണ് അവൾ ശ്രമിച്ചത്. അവളെ ഹിന്ദുവിരുദ്ധ എന്ന് ചിലർ വിളിക്കുന്നു. അവൾ ഹിന്ദുവായിരുന്നു. ഹിന്ദുമതത്തിനെതിരായിരുന്നില്ല; ഹിന്ദുത്വത്തെയാണ് എതിർത്തത്. രണ്ടും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല.’
2017 സപ്തംബർ 5നാണ് ബാംഗ്‌ളൂർ രാജരാജേശ്വരി നഗറിലുള്ള വീട്ടിൽ വച്ച് രാത്രി 8 മണിക്ക് ഹോണ്ട മോട്ടോർ സൈക്കിളിലെത്തിയ ഹെൽമെറ്റിട്ട മൂവർ സംഘം ഗൗരിയെ വധിക്കുന്നത്. ഗൗരി വധത്തെത്തുടർന്ന് അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നാനാതുറകളിലുള്ള ജനങ്ങൾ അതീവ ദുഃഖത്തോടെ അവിടേക്ക് ഒഴുകിയെത്തുകയാണ്. ഗൗരിയുടെ ബഹുമുഖ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്‌നേഹവും ഒട്ടേറെ ആളുകളെ അവരോട് മമതയുളളവരാക്കിയിരുന്നു. കവിതാ ലങ്കേശ്, ശിവസുന്ദർ, ടീസ്റ്റാ സെതൽവാദ് തുടങ്ങിയ, അവരോട് ഏറ്റവും അടുപ്പമുള്ള ഏതാനും പ്രശസ്തവ്യക്തികളും അനേകം ആക്റ്റിവിസ്റ്റുകളും അവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കുമ്പോൾ ഗൗരിയുടെ ജീവിതത്തിലെ ഏതാനും ഏടുകൾ ചിത്രത്തിൽ ചുരുൾ നിവരുന്നു.
കൊല്ലപ്പെട്ട ഗൗരിക്ക് ആദരമർപ്പിച്ചു കൊണ്ടുള്ള ‘ധട ധടാ ധട ധടാ എസി ഗുണ്ടു ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തോടെയാണ് ചിത്രത്തിന്റെ തുടക്കം: ' ‘ധട ധടാ ധട ധടാ എന്നു ചീറുന്നു വെടിയുണ്ട; ഒന്നല്ല, രണ്ടല്ല, മൂന്നല്ല, തുടരെത്തുടരെ ഏഴ്. നിറയൊഴിച്ചത് ഗൗരിക്ക് നേരെയാണെങ്കിലും അത് കൊണ്ടത് നമ്മുടെ നെഞ്ചിലാണ്’ എന്നാണ് ആവർത്തിക്കുന്ന പല്ലവി. അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച ലങ്കേശിന്റെ നവോത്ഥാന- സോഷ്യലിസ്റ്റ് പൈതൃകം മുന്നോട്ട് കൊണ്ടുപോകാനുള്ള ദൃഢനിശ്ചയം ഗൗരിക്കുണ്ടായിരുന്നു. അതിശക്തമായ ഭാഷയിൽ ഭരണതലത്തിലെ അഴിമതികളെയും അനീതികളെയും അവർ തുറന്നു കാട്ടിക്കൊണ്ടിരുന്നു. ഇത് അവർക്ക് ഉന്നതതലത്തിൽ ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ, സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിനും അന്യമത വിദ്വേഷത്തിനുമെതിരെ, അവർ മതേതരത്വത്തിലും ജനാധിപത്യത്തിലുമധിഷ്ഠിതമായ നിലപാടുകൾ ധീരമായി കൈക്കൊണ്ടത് വലതുപക്ഷങ്ങളെ വിറളിപിടിപ്പിച്ചു. കർണാടകയിലെ ഗോവധ നിരോധനബില്ലിനെ എതിർത്തതും വർഗ്ഗീയ അക്രമത്തിന് പ്രേരണ നൽകിയ ഉമാഭാരതിയെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കുന്നതിനെതിരെ പ്രതിഷേധിച്ചതും എരിതീയിൽ എണ്ണയൊഴിച്ചു.
ബി. ജെ. പിയുടെ യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഒറ്റ ദിവസം 27 ക്രിസ്ത്യൻ പള്ളികൾക്കെതിരെ ആക്രമണമുണ്ടായി. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഇതിനെതിരെ പരക്കെ ഉയർന്ന പ്രതിഷേധങ്ങളിൽ ഗൗരി നേതൃത്വപരമായ പങ്ക് വഹിച്ചു.
നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടൽ നടത്തി കൊലചെയ്യുന്ന ഭരണകൂടത്തെ അവർ വിമർശിച്ചു. ആക്ടിവിസം പത്രം നടത്തുന്നതിൽ തടസ്സമാണെന്ന ന്യായം പറഞ്ഞ് ഗൗരിയെ പാത്രത്തിൽനിന്ന് അവരുടെ സഹോദരൻ പുറത്താക്കി. തുടർന്ന് ലങ്കേശ് പത്രികെയുടെ പൂർണ നിയന്ത്രണം ഇന്ദ്രജിത്തിന്റെ കൈയിലായി. തുടർന്നു ഏതാനും സഹായികളോടൊപ്പം 2003 ൽ അവർ പുറത്ത് വന്നു സ്വതന്ത്രമായി ഗൗരി ലങ്കേഷ് പത്രികെ ആരംഭിച്ചു. സമൂഹത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയായിക്കൊണ്ടിരുന്ന ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ സ്വന്തം പത്രത്തിലൂടെയും ജനകീയസമരങ്ങളിലൂടെയും ശക്തമായി അവർ പ്രതികരിച്ചു. ബാബാ ബുധൻഗിരിയിലെ സൂഫി ദേവാലയം ‘ദത്താത്രേയ പീഠ'മാണെന്നും അവിടെ ദത്താത്രേയയജ്ഞം ആരംഭിക്കുമെന്നും പറഞ്ഞ് വിശ്വഹിന്ദു പരിഷത് കൊണ്ടു പിടിച്ച പ്രചരണമാരംഭിച്ചു. മുസ്ലിംവിരുദ്ധ വികാരം ഇളക്കിവിട്ട് ഹിന്ദുത്വ ഏകീകരണം നടത്താനുള്ള ഈ ശ്രമം ഗൗരി തുറന്നുകാട്ടി. അവിടെ പ്രതിഷേധം നത്തിയ ഗൗരിയെ ഉൾപ്പെടെ ധാരാളം ആളുകളെ ചിക്കമഗളൂരിലെ പുതിയ ജയിലിട്ടു. ജയിലിലും അവർ പ്രതിഷേധിച്ചു. രാമായണത്തിൽ മാരീചനും സുബാഹുവും ബ്രാഹ്മണരുടെ യജ്ഞം തടസ്സപ്പെടുത്തിയത് പോലെ അവരുടെ പിന്തുടർച്ചക്കാർ ഇപ്പോഴും യജ്ഞങ്ങൾ തടയുകയാണെന്നും അവരെ നശിപ്പിക്കാൻ ഹിന്ദു സമൂഹം ശക്തി നേടുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് കേശവ് ഹെഗ്‌ഡെ അവിടെ പ്രസംഗിക്കുന്നത് ചിത്രത്തിലുണ്ട്.
ബി. ജെ. പിയുടെ യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഒറ്റ ദിവസം 27 ക്രിസ്ത്യൻ പള്ളികൾക്കെതിരെ ആക്രമണമുണ്ടായി. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഇതിനെതിരെ പരക്കെ ഉയർന്ന പ്രതിഷേധങ്ങളിൽ ഗൗരി നേതൃത്വപരമായ പങ്ക് വഹിച്ചു. പൊലീസ് പ്രകടനക്കാരെ തല്ലിച്ചതച്ചു. ബസവണ്ണയെപ്പോലുള്ള ഉന്നതനായ ലിംഗായത് ദാർശനികന്നെതിരെയും ഇത്തരം ആരോപണം വേണമെങ്കിൽ ഇവർ ഉന്നയിക്കുമായിരുന്നു എന്ന് ഗൗരി പരിഹസിക്കുന്നുണ്ട്.
സാകേത് രാജൻ എന്ന നക്‌സലൈറ്റ് നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഫാക്റ്റ് ഫൈൻഡിങ് കമ്മിറ്റിയിൽ കോൺഗ്രസ് ഗവൺമെൻറ് അവരെ അംഗമാക്കി. അവർ നക്‌സൽ അനുഭാവിയാണെന്നാരോപിച്ച് ബി. ജെ. പി ഇതിനെ എതിർത്തെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ അവരുടെ എതിർപ്പ് ഗൗനിച്ചില്ല. വലതുപക്ഷ രാഷ്ട്രീയ നിലപാടുകളെ എതിർക്കുന്നതിനോടൊപ്പം തന്നെ ജാതി വ്യവസ്ഥയെയും വർഗീയ ചേരിതിരിവുകളെയും ലിംഗവിവേചനത്തെയും എതിർക്കുന്നതിൽ അവർ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. ദലിതുകളുടെ അവകാശ സമരങ്ങളിലും ട്രാൻസ്‌ജെൻഡറുകളെ മുഖ്യാധാരയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളിലും അവർ പങ്കെടുത്തു. വർഗ്ഗീയതക്കെതിരായി കമ്യൂണലിസം കോമ്പാറ്റ് എന്ന മാസികയിലും അവർ ലേഖനങ്ങളെഴുതിയ കാര്യം ടീസ്റ്റാ സെതൽവാദ് അഭിമുഖത്തിനിടയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഷിമോഗയിൽ വച്ച് നടന്ന കന്നഡ സാഹിത്യ സമ്മേളനത്തിൽ എ.ബി.വി.പി ക്കാർ ഗൗരിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധം നടത്തുന്നുണ്ട്. എന്നാൽ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളിൽ കൂസലില്ലാതെ അവർ കാൽ മണിക്കൂറിലധികം പിന്നെയും പ്രഭാഷണം തുടരുക തന്നെ ചെയ്തു.
ഗൗരി ഒട്ടേറെ സവിശേഷതകളുള്ള, സങ്കീർണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സുഹൃത്തുക്കളുടെ മുന്നറിയിപ്പുകളെയും സുരക്ഷാ ഭീഷണികളെയും അവർ വേണ്ടത്ര പരിഗണിച്ചിരുന്നില്ല.
ചെറുപ്പക്കാരായ സോഷ്യൽ ആക്റ്റിവിസ്റ്റുകളെ സ്വന്തം മക്കളായിത്തന്നെയാണ് ഗൗരി പരിഗണിച്ചിരുന്നത്. കനൈയ്യ കുമാറും ജിഗ്നേഷ് മേവാനിയും അവരുടെ ഈ കറകളഞ്ഞ സ്‌നേഹത്തെക്കുറിച്ചുള്ള അനുഭവം പങ്കിടുന്നുണ്ട്. കവിതാ ലങ്കേഷ്, അവരുടെ മകൾ, മാസികയിലെ സഹപ്രവർത്തകർ, സോഷ്യൽ ആക്റ്റിവിസ്റ്റുകൾ എന്നിവരെല്ലാം ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുന്ന ഒരു സംഗതി അവർ ഒരിക്കലും ഒരു വരട്ടുതത്വവാദിയായിരുന്നില്ലെന്നും ഊഷ്മളമായ സ്‌നേഹവും കരുതലും അനുതാപവുമുള്ള സ്ത്രീയായിരുന്നു എന്നും ആണ്. ഒരു പക്ഷേ ഇതുകൂടിയായിരിക്കാം ഇത്രയധികം ആളുകളെ അവരുടെ മരണം ആഴത്തിൽ സ്പർശിച്ചതിന് കാരണം. ‘നക്സലൈറ്റുകളുടെ അക്രമമാർഗം അംഗീകരിക്കുന്നില്ല; എന്നാൽ അവർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പലതും നമ്മൾ പരിഗണിക്കേണ്ടവയാണ്' എന്നതായിരുന്നു അവരുടെ രാഷ്ട്രീയസമീപനം. എന്നാൽ ഗൗരി മരിച്ചു കഴിഞ്ഞ ഉടൻ വലതുപക്ഷ മാധ്യമങ്ങൾ അച്ചു നിരത്തിയത് മാവോയിസ്റ്റുകളാണ് അവരെ കൊന്നതെന്നുള്ള, ആർ.എസ്.എസ് പ്രചരിപ്പിച്ച നുണയാണ്. സൈദ്ധാന്തിക ഭിന്നത കാരണം നക്‌സലൈറ്റ് ആയ ഗൗരി കൊലചെയ്യപ്പെട്ടു എന്നായിരുന്നു ഒരു ദിവസം തലക്കെട്ട്.
ഗൗരി ഒട്ടേറെ സവിശേഷതകളുള്ള, സങ്കീർണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സുഹൃത്തുക്കളുടെ മുന്നറിയിപ്പുകളെയും സുരക്ഷാ ഭീഷണികളെയും അവർ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. ധീരതയും തന്റേടവും വേണ്ടുവോളമുണ്ടായിരുന്ന അവർ അന്ധകാരത്തിന്റെയും അസഹിഷ്ണുതയുടെയും കൊലവിളികളെ അവഗണിച്ചു. ‘അഛനും ഇതുപോലെ നിർഭയമായി വെട്ടിത്തുറന്നു വിമർശിക്കുന്ന ആളായിരുന്നു. എങ്കിലും അദ്ദേഹത്തെ ആരും കൊല്ലാതിരിരുന്നത് കാലം അന്നങ്ങിനെയായത് കൊണ്ടാണ്. ഇത് അസഹിഷ്ണുതയുടെ കാലമാണ് ' എന്ന് കവിതാ ലങ്കേശ് വികാരവിവശയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനി നമുക്ക് എന്തിനെക്കുറിച്ചെങ്കിലും ഇവിടെ അഭിപ്രായം പറയാൻ കഴിയുമോ എന്ന് കവിതയുടെ മകൾ ആശങ്കയോടെ അമ്മയോട് ചോദിക്കുന്നുണ്ട്.
യുക്തിസഹമായ ഒരു കാഴ്ചപ്പാട്, ബഹുത്വം, വൈവിദ്ധ്യം, ജാതി-മത-വർഗ- ലിംഗ പക്ഷപാതങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട്, സ്‌നേഹം, സാഹോദര്യം, ജനാധിപത്യം തുടങ്ങിയവയാണ് ഗൗരി ലങ്കേഷ് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ.
ഗൗരിയുടെ അന്ത്യയാത്രയിൽ പങ്കെടുത്തത് ആയിരങ്ങളാണ്. ഒരാഴ്ച കഴിഞ്ഞ് സപ്തംബർ 12ന് നടന്ന പ്രതിഷേധപ്രകടനവും അനുസ്മരണയോഗവും ജനനിബിഡമായിരുന്നു. ‘ഞാനാണ് ഗൗരി' എന്നഴുതിയ പ്ലാക്കാർഡുകൾ ഏന്തിയാണ് മിക്കവരും ജാഥയിൽ അണിനിരന്നത്. ‘ഗൗരി നമ്മളാണ്; ഗൗരിക്ക് മരണമില്ല’ എന്ന് മിക്ക ആളുകളും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടായിരുന്നു. പൂർണമായും ഒരു വ്യക്തിയോട് താദാത്മ്യം പ്രകടിപ്പിക്കുന്ന വൈകാരികമായ ഈ സഹഭാവം, അടിമകളുടെ നേതാവിനെ ശിക്ഷിക്കാനായി ആരാണ് ഇതിൽ സ്പാർടാക്കസ് എന്ന് അധികാരികൾ ചോദിച്ചപ്പോൾ ‘ഞാനാണ് സ്പാർട്ടാക്കസ് ' എന്നുപറഞ്ഞ് എല്ലാവരും ഓരോരുത്തരായി എഴുന്നേറ്റുനിന്ന രോമാഞ്ചജനകമായ അനുഭവമാണോർമയിൽ കൊണ്ട് വരുന്നത്.
ശാന്തിയും സൗഹാർദ്ദവും സമാധാനപരമായ സഹവർത്തിത്വവും കൊതിക്കുന്നവരുടെ ആ മഹാസമ്മേളനത്തിൽ ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേശും ഗദ്ഗദകണ്ഠയായി ഏതാനും വാക്കുകൾ സംസാരിക്കുന്നുണ്ട്: ‘അവൾ എന്റെ ഗൗരി മാത്രമല്ല, നിങ്ങളുടെയെല്ലാം ഗൗരിയാണ് എന്ന് മനസ്സിലാക്കുന്നു; നമ്മുടെ ഗൗരിയാണവൾ.'
യുക്തിസഹമായ ഒരു കാഴ്ചപ്പാട്, ബഹുത്വം, വൈവിദ്ധ്യം, ജാതി-മത-വർഗ- ലിംഗ പക്ഷപാതങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട്, സ്‌നേഹം, സാഹോദര്യം, ജനാധിപത്യം തുടങ്ങിയവയാണ് ഗൗരി ലങ്കേഷ് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ. ‘ഞാൻ ഗൗരിയാണ്' എന്ന് പ്രസ്താവിച്ച് അവരുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടിനോട് ആളുകൾ ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചത് അത്‌കൊണ്ടാണ്. ആരായിരുന്നു ഗൗരി, എന്തായിരുന്നു അവരുടെ ദൗത്യം എന്ന് സാമാന്യമായ ഒരു ധാരണ സ്വാംശീകരിക്കാൻ ഇപ്പോഴും ഏറെ പ്രസക്തമായ ഈ ചിത്രം നമ്മെ പ്രാപ്തരാക്കുന്നു. ▮