‘കാതൽ’ കാലത്ത് ഓർക്കാം,
‘രണ്ട് പെൺകുട്ടികളു’ടെ 45 വർഷങ്ങൾ

അന്നുവരെയുള്ള എല്ലാ പ്രണയസങ്കൽപ്പങ്ങളെയും തച്ചുടച്ച് മലയാള സിനിമയിൽ ആദ്യമായി സ്വവർഗപ്രണം ഇതിവൃത്തമാക്കിയത് രണ്ട് പെൺകുട്ടികളാണ്.

സിനിമാലോകവും മലയാളികളും കാതൽ എന്ന സിനിമയെ കാതലായി തന്നെ ചർച്ച ചെയ്യുമ്പോൾ, ഓർക്കേണ്ട ഒരു ചരിത്രവസ്തുത കൂടിയുണ്ട്. സ്വവർഗാനുരാഗം പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ സിനിമ രണ്ടു പെൺകുട്ടികൾക്ക് 45 വർഷം തികയുന്നു, 2023ൽ. 1978- ലാണ് മോഹൻ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമ പുറത്തിറങ്ങിയത്.

സ്വവർഗ പ്രണയ സിനിമകൾ ഇന്ന് മലയാളത്തിൽ പുതിയ കാര്യമല്ല. മുഖ്യധാരാ വാണിജ്യ സിനിമകളിലുൾപ്പെടെ സ്വവർഗപ്രണയം ഇന്ന് പ്രധാന വിഷയമാണ്. എന്നാൽ അന്നുവരെയുള്ള എല്ലാ പ്രണയസങ്കൽപ്പങ്ങളെയും തച്ചുടച്ച് മലയാളത്തിലാദ്യമായി സ്വവർഗപ്രണം ഇതിവൃത്തമാക്കിയത് രണ്ട് പെൺകുട്ടികളാണ്. എൻ. സി. മേനോൻ, ഗോപീകൃഷ്ണൻ എന്നിവർ ചേർന്നു നിർമിച്ച ഈ സിനിമ, ഇതിവൃത്തത്തിലെ വിപ്ലവവാത്മക സമീപനം കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ ആഴത്തിൽ അടയാളപ്പെടുത്തെണ്ടതു തന്നെയാണ്. രണ്ടു പെൺകുട്ടികൾക്ക് ശേഷം സ്വവർഗപ്രണയം പ്രമേയമാക്കി പുറത്തിറങ്ങിയ പല സിനിമകളും വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചെങ്കിലും അർഹമായ പരിഗണന ഈ സിനിമക്ക് ലഭിച്ചില്ല.

രണ്ട് പെൺകുട്ടികൾ

സിനിമ ഒരു മാധ്യമായി രൂപം കൊണ്ട കാലം മുതൽ പ്രണയം അതിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നുതന്നെയായിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ സിനിമകൾ വളർന്നതു തന്നെ പ്രണയ സിനിമകളുടെ ചുവടുപിടിച്ചായിരുന്നു. മലയാള സിനിമയിലും പ്രണയതരംഗത്തിന് മാറ്റമുണ്ടായിരുന്നില്ല. ബാലാരിഷ്ടതകൾ കടന്ന് മലയാള സിനിമ വളർന്നു പന്തലിച്ചതുതന്നെ മരം ചുറ്റിപ്രേമം പ്രമേയങ്ങളാക്കിയ സിനിമകളിലൂടെയായിരുന്നു. സ്ത്രീ പുരുഷ പ്രേമത്തിന്റെ വിവിധ തലങ്ങളും അവയിലെ വിരഹവും ചതിയും പകയും വൈരാഗ്യവുമെല്ലാം വിവിധങ്ങളായ സിനിമകൾക്ക് പ്രമേയമായെങ്കിലും സ്ത്രീയ്ക്കും പുരുഷനുമപ്പുറമുള്ള ഒരു പ്രണയ സങ്കൽപ്പത്തിലേക്ക് മലയാള സിനിമ കടന്നിരുന്നില്ല. അവിടെയാണ് 1978- ലിറങ്ങിയ രണ്ട് പെൺകുട്ടികൾ എന്ന സിനിമ ചരിത്രത്തിൽ ഇടം പിടിക്കുന്നത്.

സ്‌കൂളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികളുടെ- കോകിലയുടെയും ഗിരിജയുടെയും പ്രണയകഥയാണിത്. 1974- ൽ പുറത്തിറങ്ങിയ വി.ടി. നന്ദകുമാറിന്റെ രണ്ട് പെൺകുട്ടികൾ എന്ന നോവലാണ് സിനിമക്ക് പ്രചോദനം. നോവൽ അതേപടി സിനിമയാക്കുകയായിരുന്നില്ല സംവിധായകൻ ചെയ്തത്. എങ്കിലും 8000 രൂപ കൊടുത്ത് നേവലിന്റെ പകർപ്പവകാശം അദ്ദേഹം വാങ്ങിയിരുന്നു. നോവലിലേതുപോലെ കോകില ഗിരിജ എന്നീ രണ്ട് പെൺകുട്ടികളുടെ ജീവിതമാണ് സിനിമ പറയുന്നതെങ്കിലും സുരാസു തയ്യാറാക്കിയ തിരക്കഥ നോവലിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതായിരുന്നു.

കാതൽ സിനിമയിൽ നിന്ന്

പേരുപോലെ തന്നെ രണ്ട് പെൺകുട്ടികളുടെ ജീവിതം കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കോകിലക്ക് ഗിരിജയോട് ഇഷ്ടം തോന്നുകയും അവൾ ഗിരിജയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇരുവരും തമ്മിൽ അടുപ്പമുള്ള സമയത്തുതന്നെ ഗിരിജക്ക് മറ്റൊരു പുരുഷകഥാപാത്രത്തോട് പ്രണയം തോന്നുന്നുണ്ട്. ഈ പ്രണയം ഇരുവരുടെയും ജീവിതത്തെ വ്യത്യസ്തദിശകളിലേക്കാക്കുന്നു. കോകിലയുടെയും ഗിരിജയുടെയും ബന്ധം ഇല്ലാതാവുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്. മറ്റൊരു പുരുഷനോടൊത്തുള്ള ജീവിതത്തിന് ഇരുവരും നിർബന്ധിതരാവുമ്പോൾ അത് സ്വാഭാവികതയോടുകൂടിയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളുടെ അസാധാരണ ബന്ധത്തിന്റെ കഥ ലൈംഗികതയുടെ സ്പർശമില്ലതെയാണ് സിനിമയിൽ ആവിഷ്ക്കരിച്ചത്. ഗിരിജയെ ചേച്ചി എന്നാണ് കോകില വിളിക്കുന്നത്. ചേച്ചിയോടൊപ്പം കിടന്നുറങ്ങണം എന്നൊക്കെ പറയുന്ന ഗിരിജയാണ് മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ, ആദ്യ ലെസ്ബിയൻ കഥാപാത്രം. ശോഭ, അനുപമ മോഹൻ എന്നിവരാണ് ഗിരിജ, കോകില എന്നീ പെൺസുഹൃത്തുക്കളെ അവതരിപ്പിച്ചത്.

ശോഭ, അനുപമ മോഹൻ

ഒരുപാടൊന്നുമുണ്ടായിട്ടില്ലെങ്കിലും രണ്ടു പെൺകുട്ടികൾക്ക് മലയാളത്തിൽ ചില പിൻതുടർച്ചകളുണ്ടായിട്ടുണ്ട്. 1986-ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രമായിരുന്നു അടുത്ത പരീക്ഷണം. വ്യവസ്ഥാപിത പ്രണയസങ്കൽപങ്ങളെ ഉടച്ചുവാർക്കുകയായിരുന്നു പത്മരാജൻ. സ്കൂൾ വിദ്യാഭ്യാസകാലം ബോർഡിങ്ങിന്റെ കെട്ടുപാടുകൾക്കുള്ളിൽ തളച്ചിടാൻ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും കഥയായിരുന്നു ഈ സിനിമ. വൈകാരികമായാണ് ഇരുവരുടെയും സ്നേഹബന്ധം ചിത്രത്തിലൂടനീളം അവതരിപ്പിച്ചിട്ടുള്ളത്. കാർത്തിക നിമ്മിയായി വേഷമിട്ടപ്പോൾ ശാരിയാണ് സാലിയായി എത്തിയത്.

കാര്‍ത്തിക, ശാരി - ദേശടനക്കിളി കരയാറില്ല

2004-ൽ ലിജി ജെ. പുൽപള്ളി സംവിധാനം ചെയ്ത സഞ്ചാരം ആണ് ഈ വിഭാഗത്തിൽ പെടുത്താവുന്ന അടുത്ത സിനിമ. ഡെലില, കിരൺ എന്നീ ബാല്യകാല സുഹൃത്തുക്കളുടെ പ്രണയമാണ് ചിത്രത്തിന്റെ കാതൽ. സുഹാസിനി വി. നായർ ആണ് കിരൺ ആയി വേഷമിട്ടത്. ശ്രുതി മേനോൻ ആണ് ഡെലില ആയി എത്തിയത്. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവവും ലിജിയുടെ തന്നെ ഉലി എന്ന ഹ്രസ്വചിത്രവും അടിസ്ഥാനമാക്കിയാണ് സഞ്ചാരം നിർമ്മിച്ചിരിക്കുന്നത്.

സഞ്ചാരം

ബോബി- സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് മുംബൈ പോലീസ്. ചിത്രത്തിൽ സ്വവർഗാനുരാഗിയായി വേഷമിടുന്നത് പൃഥ്വിരാജാണ്. ജയസൂര്യ, റഹ്‌മാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിഷാദ് ഹനീഫയാണ്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡ് മുംബൈ പോലീസിനായിരുന്നു.

മുംബൈ പൊലീസ്

2014-ൽ പുറത്തിറങ്ങിയ മൈ ലൈഫ് പാർട്ണർ സ്വവർഗ്ഗനുരാഗ പങ്കാളികളുടെ ദത്തെടുക്കൽ അവകാശത്തെ കുറിച്ചുകൂടി ചർച്ച ചെയ്യുന്ന സിനിമയാണ്. കോളേജിൽ ഒന്നിച്ചു പഠിക്കുന്ന റിച്ചാർഡും കിരണും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതുമാണ് ഇതിവൃത്തം. പിന്നീട് ഒരു കുട്ടിയെ ദത്തെടുത്തു വളർത്താനായി ദമ്പതികളിൽ ഒരാൾ വിവാഹിതനാവാൻ തയ്യാറാവുകയാണ്. സുദേവ് നായർ, അമീർ നിയാസ്, അനുശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മലയാള ചിത്രമായിരുന്നു 'മൈ ലൈഫ് പാർട്ണർ'.

മൈ ലൈഫ് പാർട്ണർ

നിരൂപക പ്രശംസ നേടിയ പാപിലിയോ ബുദ്ധ എന്ന ചിത്രത്തിനുശേഷം ജയൻ ചെറിയാൻ സംവിധാനം ചിത്രമാണ് ക ബോഡി സ്‌കേപ്‌സ്. 2016-ൽ ചിത്രീകരണം പൂർത്തിയായെങ്കിലും നിയമക്കുരുക്കുകളിൽ പെട്ട് പ്രദർശനാനുമതി നീണ്ടു. സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി സെൻസസർ ബോർഡ് പലതവണ റിലീസിങ്ങ് തള്ളി. സ്വവർഗ്ഗരതി ക്രിമിനൽകുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ് പ്രദർശനാനുമതി ലഭിച്ചത്. രണ്ട് വർഷവും രണ്ട് മാസവും നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ക ബോഡി സ്‌കേപ്‌സ്

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ മൂത്തോനിലൂടെ സ്വവർഗപ്രണയം മലയാള സിനിമയിൽ വീണ്ടും സജീവ ചർച്ചയായി. രണ്ടു 'പുരുഷന്മാർ' തമ്മിലുള്ള പ്രണയത്തെ മനോഹരമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പ്രേക്ഷകസമൂഹം മൂത്തോനിലൂടെ സൃഷ്ടിക്കപ്പെട്ടു. നിവിൻ പോളി അവതരിപ്പിക്കുന്ന അക്ബറിന്, അമീർ എന്ന സംസാരശേഷിയില്ലാത്ത തന്റെ സുഹൃത്തിനോട് തോന്നുന്ന പ്രണയവും സ്നേഹവുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

മൂത്തോന്‍

അന്നുവരെ മലയാള സിനിമ ചർച്ച ചെയ്യാത്ത കാലത്തെ പോലും അതിജീവിക്കുന്ന വിഷയം എന്നതു തന്നെയാണ് രണ്ടു പെൺകുട്ടികൾ എന്ന സിനിമയെ ചരിത്രപ്രാധാന്യമുള്ള ഒന്നാക്കി മാറ്റുന്നത്. അതിന്റെ എല്ലാവിധ അംഗീകാരങ്ങളും അർഹിക്കുന്നത് സംവിധായകൻ മോഹനു തന്നെയാണ്. കുടുംബബന്ധങ്ങളുടെ കഥാ പശ്ചാത്തലത്തിലൂടെ മലയാള സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഒരു പ്രമേയവുമായി സിനിമയുടെ മുഖ്യധാരയിലേക്ക് ധൈര്യപൂർവ്വം കടന്നുവന്ന ചെറുപ്പക്കാരനാണ് മോഹൻ. ആ കാലത്തെ വാണിജ്യ സിനിമയുടെ എല്ലാവിധ സാധ്യതകളും മുൻപിലുണ്ടായിട്ടും ആദ്യ ചലച്ചിത്രമായി തെരഞ്ഞെടുത്തത് അതുവരെ ആരും പറയാത്ത കാമ്പുള്ള കഥയായിരുന്നു. നോവലിൽ നിന്ന് കണ്ടെത്തിയ കഥാതന്തു സുരാസ്സുവിനെക്കൊണ്ട് തിരക്കഥയാക്കുകയും നിർമ്മാതാക്കളെ കണ്ടെത്തി സിനിമയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയതും സംവിധായകൻ തന്നെയായിരുന്നു. ഇപ്പോൾ സിനിമയിൽ സജ്ജീവമല്ലെങ്കിലും. എഴുപതുകളിലും എൺപതുകളിലും കെ.ജി. ജോർജും ഭരതനും പത്മരാജനുമൊക്കെ ചേർന്നു രൂപപ്പെടുത്തിയ പുതുധാരക്ക് മോഹന്റെയും സംഭാവനയുണ്ട്. പിന്നീട്, 80- 90 കളിൽ വൈവിധ്യങ്ങളായ പ്രമേയങ്ങൾ കൊണ്ട് മലയാള സിനിമയെ അടയാളപ്പെടുത്തിയതിൽ മോഹൻ എന്ന സംവിധായകന് വലിയ പങ്കുണ്ട്. വിടപറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ സിനിമകൾ ഉദാഹരണം.
ഇതിവൃത്തത്തിലെ വിപ്ലവാത്മക സമീപനമാണ് രണ്ട് പെൺകുട്ടികൾ എന്ന സിനിമയെ ഇന്നും പ്രസക്തമാക്കുന്നത്.

Comments