കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള ഡോക്യുമെന്ററി സംവിധായകനാണ് ബിലാൽ എ.ജാൻ. പൂനെയിലെ എഫ്ടിഐഐയിൽ നിന്ന് ഫിലിം അപ്രീസിയേഷൻ കോഴ്സ് പഠിച്ച അദ്ദേഹം ശ്യാം ബെനഗലിന്റെ സിനിമകളിൽ പ്രവർത്തിച്ചുകൊണ്ട് അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം ആരംഭിച്ചത്. 'ദി ലോസ്റ്റ് ചൈൽഡ്ഹുഡ്', 'ഡോട്ടേഴ്സ് ഓഫ് പാരഡൈസ്' 'പോയറ്റ് ഓഫ് സൈലൻസ്’, 'കശ്മീർ ഫ്ലഡ്ഡ് ഹെൽപ്പ് ദ വേൽ റൈസ്', 'ജെ.എൽ. കൗൾ: എ മാൻ ഓഫ് ആക്ഷൻ' ‘ഓ! ഷി’, എന്നിവ അദ്ദേഹത്തിൻെറ ചിത്രങ്ങളാണ്.
ബിലാലിൻെറ ഡോക്യുമെന്ററി ചിത്രം 'ദി ലോസ്റ്റ് ചൈൽഡ്ഹുഡ്' ടെഹ്റാൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കും 2008-ലെ പത്താമത് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും (എംഐഎഫ്എഫ്) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010-ൽ ജമ്മു ആൻറ് കശ്മീർ കൾച്ചറൽ അക്കാദമി ഫോർ ആർട്ട്, കൾച്ചറൽ ആൻഡ് ലാംഗ്വേജസ് നടത്തിയ ആദ്യ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.
ബിലാൽ എ ജാനുമായി റാഷിദ നസ്രിയ നടത്തിയ അഭിമുഖത്തിൽ നിന്നും…
റാഷിദ നസ്രിയ: ‘കാശ്മീർ ഫ്ളഡ് ഹെൽപ്പ് ദി വേൽ റൈസ്' എന്ന താങ്കളുടെ സിനിമ നൽകുന്ന സന്ദേശവും അത് മുന്നോട്ട് പോവുന്ന രീതിയും വളരെ വ്യത്യസ്തമാണ്. പ്രളയത്തിന്റെ ഇരയെന്ന നിലയിൽ ഈ ഡോക്യുമെൻററി നിങ്ങളുടെ കാഴ്ചപ്പാട് രൂപപ്പെടുത്തിയത് എങ്ങനെയാണ്?
ബിലാൽ എ.ജാൻ: 2014-ൽ കശ്മീരിൽ വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായി. ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. ഭയാനകമായ ഒരു അനുഭവമായിരുന്നു അത്. വൈദ്യുതി നിലച്ചു. പ്രളയക്കെടുതിയുടെ ഇര എന്ന നിലയിൽ ഞാൻ സിനിമയെ എൻേറതായ കാഴ്ചപ്പാടിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. ഞാൻ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിച്ചു. പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷകളുടെയും കഥകൾ ഞാൻ പങ്കുവെച്ചു. പ്രളയകാലത്ത് ഏറ്റവും വേഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതായിരുന്നു പ്രധാന കാര്യം. പ്രളയത്തെ കശ്മീർ ജനത എങ്ങനെ അതിജീവിച്ചു എന്ന അന്വേഷണമാണ് ‘കശ്മീർ ഫ്ലഡ്ഡ് ഹെൽപ്പ് ദ വേൽ റൈസ്' എന്ന ഡോക്യുമെന്ററിയിലൂടെ പറഞ്ഞിരിക്കുന്നത്.
റാഷിദ നസ്രിയ: ഗാർഹിക പീഡനത്തെക്കുറിച്ചുളള ‘ഡോട്ടേർസ് ഓഫ് പാരഡൈസ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യാനുള്ള സാഹചര്യം എന്തായിരുന്നു?
ബിലാൽ എ.ജാൻ: ഗാർഹിക പീഡനത്തെക്കുറിച്ചുള്ള എന്റെ ഗവേഷണത്തിനിടയിൽ, നമ്മുടെ ചലച്ചിത്രങ്ങളിൽ അക്കാര്യം വളരെ കുറച്ച് മാത്രമേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ എന്നെനിക്ക് ബോധ്യമായി. ഞാൻ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ വായിക്കുകയും അതിജീവിച്ചവരുമായി സംസാരിക്കുകയും ചെയ്തു. ഗാർഹിക പീഡനം സിനിമയിലൂടെ അഭിസംബോധന ചെയ്യേണ്ട ഒരു നിർണായക വിഷയമാണെന്ന് അങ്ങനെ എനിക്ക് ബോധ്യമായി. ഈ ഡോക്യുമെന്ററി കേരള ഇന്റർനാഷണൽ ഡോക്യുമെന്ററി ആന്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് (IDSFFK) 2018-ലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
റാഷിദ നസ്രിയ: സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടാൻ ഡോക്യുമെന്ററി എന്ന മാധ്യമം ഏത് തരത്തിലാണ് സഹായകരമാകുന്നതെന്ന് പറയാമോ?
ബിലാൽ എ.ജാൻ: ഡോക്യുമെന്ററികൾ ചരിത്ര സംഭവങ്ങളെ രേഖപ്പെടുത്തി വെക്കുന്നുണ്ട്. സമൂഹത്തിൽ ഉണ്ടാവുന്ന വിഷയങ്ങളെ വിമർശനാത്മകമായി സമീപിക്കാൻ അവ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ വലിയ ചർച്ചകൾക്കും ഇത് തുടക്കമിടുന്നു. ഈ ചർച്ചകളിലെല്ലാം പ്രേക്ഷകനും വലിയ പങ്കാളിത്തം ഉണ്ടാവുന്നുണ്ട്. സങ്കീർണ്ണമായ വിഷയങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാനും ഡോക്യുമെന്ററികൾ നമ്മെ സഹായിക്കുന്നു.
റാഷിദ നസ്രിയ: ‘പോയറ്റ് ഓഫ് സൈലൻസ്' എന്ന നിങ്ങളുടെ ഡോക്യുമെൻററി കാശ്മീരി കവിയായ റഹ്മാൻ റാഹിയുടെ ജീവിതത്തെയും സൃഷ്ടികളെയും കുറിച്ചുള്ള ഒരു ജീവചരിത്ര സിനിമയാണ്. കാശ്മീർ സംഘർഷത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ റഹ്മാൻ റാഹിയുടെ കവിതയും കാഴ്ചപ്പാടും പ്രേക്ഷകരെ എങ്ങനെ സഹായിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?
ബിലാൽ എ.ജാൻ: കശ്മീരിൽ ധാരാളം സൂഫി കവികളുണ്ട്. റഹ്മാൻ റാഹിയുടെ കവിതകൾ മനുഷ്യന്റെ ദുരവസ്ഥകളെക്കുറിച്ചും ബുദ്ധിമുട്ടുകളെ പറ്റിയും സംസാരിക്കുന്നു. ഞാൻ റാഹിയിൽ എന്നെ കാണുന്നു. അദ്ദേഹം സാധാരണക്കാരെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഡോക്യുമെൻററി നിർമ്മിച്ചത്. അദ്ദേഹം തന്റെ കവിതയിലൂടെ മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അത് കൂടുതൽ ആളുകളിലേക്ക് എത്തണമെന്ന എൻെറ ഉറച്ച ബോധ്യം കൊണ്ടാണ് ഡോക്യുമെൻററി ചെയ്യാൻ തീരുമാനിച്ചത്.
റാഷിദ നസ്രിയ: നിങ്ങളുടെ ഏറ്റവും പുതിയ സൃഷ്ടിയായ 'ജെ.എൽ കൗൾ; എ മാൻ ഓഫ് ആക്ഷൻ' എന്ന ഡോക്യുമെൻററിയെക്കുറിച്ച് പറയാമോ?
ബിലാൽ എ.ജാൻ: ജവഹർ ലാൽ കൗളിനെ അവിചാരിതമായാണ് ഞാൻ കണ്ടുമുട്ടുന്നത്. അദ്ദേഹം കാഴ്ചവൈകല്യമുള്ള വ്യക്തിയാണ്. മറ്റുള്ളവർക്ക് വേണ്ടിയാണ് കൗൾ ജീവിക്കുന്നത്. അദ്ദേഹത്തിൻെറ നിശ്ചയദാർഢ്യവും സഹിഷ്ണുതയും എനിക്ക് പ്രചോദനമായി. അങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാൻ ഞാൻ ആലോചിക്കുന്നത്. അതാണ് ‘ജെ.എൽ കൗൾ; എ മാൻ ഓഫ് ആക്ഷൻ’ എന്ന ഡോക്യുമെൻററി.
റാഷിദ നസ്രിയ: നിങ്ങളുടെ 'ലോസ്റ്റ് ചൈൽഡ്ഹുഡ്’' എന്ന ഡോക്യുമെന്ററി കശ്മീരിലെ ബാലവേലയെ കുറിച്ചാണല്ലോ. ഈ ഒരു പ്രമേയത്തിലേക്ക് നിങ്ങളെ എത്തിച്ചത് എന്താണ്?
ബിലാൽ എ.ജാൻ: ബാലവേല പലപ്പോഴും സാമൂഹികവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. എന്റെ ഡോക്യുമെന്ററി കാശ്മീരിലെ ബാലവേലയെയാണ് ചിത്രീകരിക്കുന്നത്. ബാലവേലയിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന് തടയുന്നതിനുള്ള ബോധവൽക്കരണം സൃഷ്ടിക്കാൻ ‘ദ ലോസ്റ്റ് ചെൽഡ് ഹുഡ്’ എന്ന ഡോക്യുമെൻററി സഹായിക്കുമെന്ന് കരുതുന്നു.
റാഷിദ നസ്രിയ: 'ഓ! ഷി’ എന്ന ഹ്രസ്വ ഡോക്യുമെന്ററി പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതത്തെയും പോരാട്ടത്തെയും കുറിച്ചാണ്. ഇങ്ങനെയൊരു സ്ത്രീപക്ഷ ചിത്രം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?
ബിലാൽ എ.ജാൻ: പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ സങ്കീർണ്ണമായ ജീവിതത്തെക്കുറിച്ചാണ് ‘ഓ! ഷി’ എന്ന ഡോക്യുമെന്ററി. സ്ത്രീകളുടെ പോരാട്ടങ്ങൾ, സ്വപ്നങ്ങൾ, പ്രതിരോധം എന്നിവ ചർച്ച ചെയ്ത് കൊണ്ടാണ് ഡോക്യുമെൻററി കടന്നുപോവുന്നത്. സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി സമകാലിക കാലത്ത് ഏറെ പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.