'നച്ചത്തിരം നഗർഗിരത്' സിനിമയിൽ നിന്ന്

കാലത്തിന്റെ കാഴ്ചകളും
സംസ്‌കാരത്തിന്റെ സംവാദങ്ങളും

നച്ചത്തിരം നഗർഗിരത്

മുഖ്യധാരാ ഇന്ത്യൻ സിനിമയുടെ സൗന്ദര്യശാസ്ത്രസംവേദനത്തിന്​ പുത്തൻ മാനങ്ങൾ നൽകി സിനിമയുടെ രാഷ്ട്രീയം സുവ്യക്തമാക്കിയ പാ രഞ്ജിത്തിന്റെ പുതിയ ചിത്രം നച്ചത്തിരം നഗർഗിരത് സംസ്‌കാരത്തിന്റെ രാഷ്ട്രീയചരിത്രത്തെയാണ് സമഗ്രമായി അഭിസംബോധന ചെയ്യുന്നത്.

കാടാകൊന്റോ നാടാകൊന്റോ അവലാകൊന്റോ മിചെയാകൊന്റോ എവ്വഴി,നല്ലവരാടവർ അവ്വഴി നല്ലൈ വാഴിയനിലനെ- ഔവ്വയാർ; പുറനാന്നൂറ്.
(‘‘അല്ലയോ ഭൂമി, നീ ഒന്നുകിൽ നാട് തന്നെയാവുക; അല്ലെങ്കിൽ കാട് തന്നെയാവുക, ഒന്നുകിൽ കുഴിയാവുക, അല്ലെങ്കിൽ കുന്നാവുക, എങ്ങനെയായാലും എവിടെ നല്ലവർ വസിക്കുന്നു, അവിടെ നീയും നല്ലതാണ്, നിനക്കായിട്ട് മാത്രം ഒരു നന്മയുമില്ല.'' )

നാം ജീവിക്കുന്ന ഇടം അസുന്ദരമായ അനുഭവങ്ങൾ കൊണ്ട് നിഷേധാത്മകമോ, ഹൃദ്യമായ അനുഭൂതികൾ കൊണ്ട് സ്വീകാര്യമോ ആയി വിധിനിർണയനം നടത്തുന്നത് അനുചിതമാണ്. ഇടം ചലനാത്മകമാണോ എന്നാണ് നാം അഭിസംബോധന ചെയ്യേണ്ട പ്രശ്‌നം. സംസ്‌കാരം ചലനസഹിതമാണോ അതോ ആരോപിതവിശുദ്ധിയാൽ അത് ചലനരഹിതമാണോ എന്നു പരിശോധിച്ചുകൊണ്ടാണ് ഈ വിഷയത്തിലേക്ക് കടക്കാനാവുക. ഇടം ഇടമായി തന്നെ നിലനിൽക്കുന്നതാണ്. ഇടത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്നതാണ്​ പ്രധാനം. നമ്മെ ചൂഴ്​ന്നുനിൽക്കുന്ന ഇടം ഭൂമിശാസ്ത്രപരമായ വ്യത്യസ്തതകൾ എന്നതിനേക്കാളുപരി സാംസ്‌കാരിക വൈജാത്യങ്ങൾ കൊണ്ടാണ് അതിന്റെ ദേശപരമായ സ്വത്വം ആർജിക്കുന്നത്.

സിനിമയുടെ അകവും പുറവും സംവാദാത്മകതയുടെ സൗന്ദര്യശാസ്ത്രം കൊണ്ടാണ് നയിക്കപ്പെടെണ്ടതെന്ന നിലപാടിനെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് 'നച്ചത്തിരം നഗർഗിരത്' പ്രേക്ഷകാഭിമുഖമാകുന്നത്.

ജാതി, മതം, ആചാരങ്ങൾ, ദൈവസങ്കൽപങ്ങൾ, ആരാധനാക്രമങ്ങൾ തുടങ്ങി അനവദ്യമായ അടരുകളാൽ കൽപന ചെയ്യപ്പട്ട പ്രത്യയശാസ്ത്രഭൂമികയായ ഇടം സംസ്‌കാരത്തെ എങ്ങനെയാണ് ക്രമീകരിക്കുന്നത് എന്നാണ്​ നമുക്ക് പരിശോധിക്കേണ്ടത്. വ്യത്യസ്ത പ്രത്യയശാസ്ത്രനിലകളെ ചൂഴ്​ന്നുനിൽക്കുന്ന മനുഷ്യരുടെ ഭാവനകളെ നിരന്തരം സംവാദാത്മകമാക്കുന്ന രാഷ്ട്രീയകേന്ദ്രമായി ഇടത്തെ പുനഃക്രമീകരിക്കുകയാണ് പ്രധാനം. മുഖ്യധാരാ ഇന്ത്യൻ സിനിമയുടെ സൗന്ദര്യശാസ്ത്രസംവേദനത്തിന്​ പുത്തൻ മാനങ്ങൾ നൽകി സിനിമയുടെ രാഷ്ട്രീയം സുവ്യക്തമാക്കിയ പാ രഞ്ജിത്തിന്റെ പുതിയ ചിത്രം നച്ചത്തിരം നഗർഗിരത് (the stars are moving) ആ നിലയിൽ സംസ്‌കാരത്തിന്റെ രാഷ്ട്രീയചരിത്രത്തെയാണ് സമഗ്രമായി അഭിസംബോധന ചെയ്യുന്നത്. പൗരസ്വാതന്ത്ര്യത്തെ കുറിക്കുന്ന ആധുനികമൂല്യങ്ങളും സമത്വോന്മുഖമൈത്രീഭാവനകളുടെ ബൗദ്ധസങ്കൽപങ്ങളുമൊക്കെ യഥോചിതം സന്നിവേശിപ്പിക്കുന്ന കാലോചിതത്വമാണ് ഈ സിനിമയുടെ ഉൾക്കാമ്പ്. തീയേറ്റർസംഘം എന്ന ഇടവും പ്രണയം എന്ന ചർച്ചയും കേന്ദ്രമാക്കികൊണ്ടാണ് സിനിമ സംവദിക്കുന്നത്. സിനിമയുടെ അകവും പുറവും സംവാദാത്മകതയുടെ സൗന്ദര്യശാസ്ത്രം കൊണ്ടാണ് നയിക്കപ്പെടെണ്ടതെന്ന നിലപാടിനെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് ഈ സിനിമയും പ്രേക്ഷകാഭിമുഖമാകുന്നത്.

'നച്ചത്തിരം നഗർഗിരത്' സിനിമയിൽ ഇനിയനായി കാളിദാസ് ജയറാമും റെനെയായി ധുഷാര വിജയനും

നച്ചത്തിരം നഗർഗിരത് പ്രണയത്തെക്കുറിച്ചുള്ള ചർച്ചകളിലൂടെ മാനവികവും ആധുനികവുമായ മൂല്യങ്ങളെ മുൻനിർത്തുന്ന സിനിമയാണ്. ജാതിഭേദം, ലിംഗഭേദം, മറ്റ് സങ്കുചിതധാരണകൾ തുടങ്ങിയവ പരിഗണനീയമാവാത്ത കമിതാക്കളുടെ സംഘം കൂടിയാണ് സിനിമയിലെ തീയേറ്റർ കൂട്ടം. ഇനിയന്റെ (കാളിദാസ് ജയറാം) ഉറക്കത്തിൽ നിന്നും റെനെ (ധുഷാര വിജയൻ) യുടെ ഉറക്കമില്ലായ്മയിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. വിവാഹം, അതിലുണ്ടായേക്കാവുന്ന ഉടമ്പടിപ്രശ്‌നങ്ങൾ, അധീശവ്യവഹാരങ്ങൾ തുടങ്ങിയ ആശങ്കകളിലൂടെ ജാതിയുടെ അബോധനിലകളെ കൂടി സംഘർഷത്തിലാക്കികൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. തീയേറ്റർ സംഘം ഒരു സമൂഹത്തെ കൂടിയാണ് പ്രതിനിധീകരിക്കുന്നത്. അതിൽ ജാതീയമേൽക്കോയ്മയെ പിൻപറ്റി വരുന്നവരുണ്ട്, അംബേദ്കറൈറ്റുകളുണ്ട്, ക്വീർ ദമ്പതികളുണ്ട്, സ്വവർഗാനുരാഗികളുണ്ട്, തുടങ്ങി വ്യത്യസ്ത മൂല്യബോധമുള്ളവർ അഭിനേതാക്കളായി സംഗമിക്കുകയാണ്.

'നച്ചത്തിരം നഗർഗിരത്' സിനിമയിൽ നിന്ന്

പ്രണയത്തിന് സ്വച്ഛന്ദമായ ഒരു ഒഴുക്കുണ്ട്. ആ ഒഴുക്ക് തന്നെയാണ് അതിന്റെ കാതൽ. കർശനവും ജടിലവുമായ സാമൂഹ്യമര്യാദകളും കുലമുറകളും കൊണ്ട് ജീവിതം തന്നെ നിഷേധിക്കപ്പെടുന്ന ഹിംസാത്മകമായ ഒരു വ്യവസ്ഥയെയാണ് ഇന്ത്യൻസമൂഹങ്ങൾ പ്രതിനിധീകരിക്കുന്നത്. സങ്കുചിതമായ ആ സാമൂഹികവ്യവസ്ഥയുടെ അനുരണനങ്ങളാണ് പ്രണയം, കുടുംബം, ദാമ്പത്യം, തുടങ്ങിയ ജീവിതാസ്പദമായ ഓരോ വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നത്. സഹസ്രാബ്ദങ്ങളായി നിർമിക്കപ്പെട്ട പാരമ്പര്യശീലങ്ങളുടെ ഒരു ഇടത്തെ പുനഃക്രമീകരിക്കുന്നതിനാണ് സംവാദം എന്ന പ്രക്രിയ നിർണായകമായി വരുന്നത്. റെനെയുടെ നിലപാടുകൾ തന്നെയാണ് സിനിമയുടെ രാഷ്ട്രീയം. അവരുടെ ഭൂതകാലജീവിതം തന്നെ ഒരു പൊട്ടിയ കണ്ണാടിയായി പ്രഖ്യാപിക്കുന്നുണ്ട്. റെനെയുടെ കുട്ടിക്കാലം ജാതിഗ്രാമങ്ങളിലെ അസ്​പൃശ്യതയുടെ ഹിംസകൾകൊണ്ട് നിറഞ്ഞതാണ്. അങ്ങനെ തീവ്രമായ പുറന്തള്ളൽ അനുഭവങ്ങളാൽ ഉടയ്ക്കപ്പെട്ട കണ്ണാടിജീവിതമാണ് അവളുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നത്.

റെനെ സമകാലിക ഇന്ത്യൻ ഭീഷണ രാഷ്ട്രീയത്തിന്റെ എതിർരൂപമായി ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.

നൈന സൈമൺ (അമേരിക്കൻ പോപ് ഗായിക, ഗാനരചയിതാവ്, പിയാനിസ്റ്റ്, പൗരാവകാശ പ്രവർത്തക), ഇളയരാജ എന്നിവരെ അത്യധികമായി ഇഷ്ടപെടുന്ന റെനെ ഒരു അംബേദ്കറൈറ്റ് ആണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. വർഗരാഷ്ട്രീയം കൊണ്ട് ജാതി ഉന്മൂലനം എന്ന പരമ്പരാഗത മാർക്‌സിയൻ വാദത്തെ അവർ നിരാകരിക്കുന്നു. സമകാലിക ഭരണകൂട ഹിന്ദുത്വ അധീശത്വത്തെ ധൈഷണികവും പ്രവൃത്യുന്മുഖവുമായി പ്രതിരോധിക്കുന്ന രാഷ്ട്രീയസൂക്ഷ്മത റെനെയിൽ കാണാം. ബീഫ് കഴിച്ച്​ അതിന്റെ വിശാലമായ പ്രതിരോധമൂല്യം വെളിപ്പെടുത്തുകയും, സദാചാരസംരക്ഷണ ആൾക്കൂട്ടവിചാരണകളെ നിരന്തരമായി ചോദ്യംചെയ്യുകയും ചെയ്തുകൊണ്ട് റെനെ സമകാലിക ഇന്ത്യൻ ഭീഷണരാഷ്ട്രീയത്തിന്റെ എതിർരൂപമായി ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.

സംസ്‌കാരമെന്നത് ഇന്ത്യൻ ജനതയെ ഏകീകരിക്കുകയും നയിക്കുകയും ചെയ്യേണ്ട ശക്തിസ്രോതസ്സാണെന്നും അത് പാവനവും നിശ്ചലവുമായ ഗുണങ്ങളാൽ നിർണീതമാണെന്നും പ്രഖ്യാപിച്ച സംസ്‌കാരപക്ഷം ഇന്ത്യൻ ദേശീയതയ്ക്കകത്ത് വളരെ ശക്തമായിരുന്നു.

പ്രണയത്തെ അംഗീകരിക്കുകയെന്നാൽ അതിലെ വിപ്ലവത്തെ അനുഗമിക്കുകയെന്നതാണ്. ഭരണകൂടകേന്ദ്രീകൃതമായ ബാഹ്യപ്രേരണകളാലും, സാമൂഹികമര്യാദകളെ ഭൂതകാലാവശിഷ്ടങ്ങളിൽ നിന്ന്​ പുനരാനായിക്കുന്ന സാംസ്‌കാരിക വ്യഗ്രതകളിൽ നിന്നും ഇന്ത്യൻ സമൂഹങ്ങളെ ആധുനികീകരിക്കുകയെന്നത് എക്കാലത്തെയും വെല്ലുവിളിയാണ്. കാരണം ജാതിബദ്ധവും പൗരാണികവുമായ ഭൂതകാലാഭിരതികളിലേക്ക് ചെന്നടുക്കാനുള്ള ഒരു അനുഭൂതിപ്രപഞ്ചം ഇന്ത്യൻ മുഖ്യധാരയിൽ എല്ലായ്‌പ്പോഴും നിലനിൽക്കുന്നുണ്ട്.

'നച്ചത്തിരം നഗർഗിരത്' സിനിമയിലെ ഒരു രംഗം

ബാഹുബലികളും മഹാവീര്യരുമൊക്കെ അർഥശാസ്ത്രം പോലുള്ള കൃതികളെ ഉദ്ധരിച്ച്​ പൗരാണിക മഹത്വവത്കരണത്തിനായി പ്രത്യക്ഷപ്പെടുന്നതിന്റെ മനഃശാസ്ത്രം അതാണ്. പ്രണയത്തെ ഒരു ആധുനികമൂല്യമായി തിരിച്ചറിയുകയെന്നത് ഇവിടെ പ്രധാനമാകുന്നു. പ്രണയനിരാകരണമെന്നാൽ ജാതിദൃഢീകരണം, അപരദ്വേഷം, സ്വജനാഭിമുഖ്യം തുടങ്ങി സങ്കുചിതത്വത്തിന്റെ സാംസ്‌കാരിക വംശീയമേൽക്കോയ്മയെ ഉറപ്പിക്കുകയെന്നതാണ്. പ്രണയവും അതിലെ കാൽപനിക അധികാരബന്ധങ്ങളെയും പ്രശ്‌നവത്കരിക്കുന്നതിൽ നച്ചത്തിരം നഗർഗിരത് ബഹുദൂരം മുന്നിലാകുന്നുണ്ട്.

സംസ്‌കാരം; ജഡത്വവും ചലനാത്മകതയും

സംസ്‌കാരത്തെക്കുറിച്ചുള്ള സിദ്ധാന്തരൂപീകരണങ്ങളും ചർച്ചകളും ഇന്ത്യൻ ദേശീയതയിലെ മുഖ്യവിഷയങ്ങളായിരുന്നു. കൊളോണിയലും തദ്ദേശീയവുമായ താത്പര്യങ്ങളും പരിപ്രേക്ഷ്യങ്ങളും സമ്മേളിക്കുന്ന ഒന്നായിരുന്നു സംസ്‌കാരവിശകലനങ്ങൾ. സംസ്‌കാരമെന്നത് ഇന്ത്യൻ ജനതയെ ഏകീകരിക്കുകയും നയിക്കുകയും ചെയ്യേണ്ട ശക്തിസ്രോതസ്സാണെന്നും അത് പാവനവും നിശ്ചലവുമായ ഗുണങ്ങളാൽ നിർണീതമാണെന്നും പ്രഖ്യാപിച്ച സംസ്‌കാരപക്ഷം ഇന്ത്യൻ ദേശീയതയ്ക്കകത്ത് വളരെ ശക്തമായിരുന്നു.

പാ രഞ്ജിത്ത്. / Photo : Instagram

സനാതനം, ആർഷം, പുരാതനം എന്ന മട്ടിൽ ഏകപക്ഷീയവും ചലനരഹിതവുമായ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ടാണ് സംസ്‌കാരദേശീയവാദികൾ സംസ്‌കാരത്തിന് അർഥം നൽകാൻ ശ്രമിച്ചത്. എന്നാൽ, ബ്രാഹ്മണ്യ സാംസ്‌കാരിക വംശാവലികളിലൂന്നികൊണ്ട് ഹിന്ദുത്വദേശീയതയെ കാംക്ഷിച്ച സാംസ്‌കാരികബോധം കൊളോണിയൽവിരുദ്ധ പൊതുബോധമായി വിപുലമാകുന്ന സാഹചര്യമാണ് പിന്നീട് ഇന്ത്യൻ ദേശീയതയ്ക്കകത്ത് കാണാനാവുക. അതുകൊണ്ടുതന്നെ, ഉള്ളടക്കം കൊണ്ട് വൈരുദ്ധ്യാത്മകമായ കൊളോണിയൽ ദേശീയതാസങ്കൽപനങ്ങളും സാംസ്‌കാരിക ദേശീയതയും സംസ്‌കാരവിശകലന സന്ദർഭങ്ങളിൽ ഏകഭാവം പുലർത്തുന്നതായി കാണാൻ സാധിക്കും. എങ്കിലും ഹിന്ദുരാഷ്ട്രദേശീയവാദികൾ സംസ്‌കാരത്തിന് യാതൊരുവിധത്തിലുള്ള ഇളക്കവും തട്ടാത്തവിധത്തിൽ അതിന്റെ വിശുദ്ധജഡത്വത്തെ അടിയുറപ്പിക്കുന്നതിൽ അന്നും ഇന്നും കൃത്യമായ നിലപാട് പിന്തുടരുന്നു. പാശ്ചാത്യമായ സാംസ്‌കാരികസങ്കലനങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ‘സംസ്‌കാരദൂഷണ'മായിരൂന്നു അവരുടെ ഭയം. ആ സംസ്‌കാരസംരക്ഷണവാദത്തെ സാഹിതീയവും കലാത്മകവും ചരിത്രപരവുമായ ആഖ്യാനങ്ങളിലൂടെ വിപുലമായി ആവിഷ്‌കരിക്കുന്നതിലൂടെയാണ് ‘അചഞ്ചല/സനാതന സംസ്‌കാരമാതൃക' ഒരു പൊതുബോധമായി വികസിക്കുന്നത്.

'നച്ചത്തിരം നഗർഗിരത്' സിനിമയിലെ തീയേറ്റർ കൂട്ടായ്മ

സംസ്‌കാരത്തിന്റെ ഈ ‘ചലനരഹിത/സനാതനഭാഷ്യ'ങ്ങളെ സമഗ്രമായി എതിരിടുന്ന ധാരകളെ അടയാളപ്പെടുത്തുന്നതിലൂടെയാണ് സംസ്‌കാര വിശകലനങ്ങളുടെ വൈരുധ്യങ്ങളെ സൂക്ഷ്മമായി കാണാനാവുക. ഫൂലെ, അംബേദ്കർ, പെരിയാർ അടങ്ങുന്ന പ്രബുദ്ധദേശീയധാരയുടെ സംസ്‌കാരചിന്തകൾ ആ നിലയിൽ എക്കാലവും പ്രസക്തമാകുന്നു. സംസ്‌കാരമെന്നത് ആദാനപ്രദാനങ്ങളുടെ ഒരു കേന്ദ്രമായി കാണുകയും, സാമൂഹികചലനങ്ങളുടെ ഭാഗധേയമായി അത്തരം ചിന്തകളെ വികസിപ്പിക്കുകയും ചെയ്തുകൊണ്ടാണ് പ്രബുദ്ധദേശീയധാര ചരിത്രത്തിലിടപെടുന്നത്. സഹസ്രാബ്ദങ്ങളായി കൈയടക്കപ്പെട്ട ഒരു സാമൂഹിക മേൽകോയ്മാവ്യവസ്ഥയെ അട്ടിമറിക്കാനുതകുന്ന ആധുനികസന്ദർഭമായി കൊളോണിയൽ ഘട്ടത്തെ കാണുകയും സംസ്‌കാരത്തിന്റെ ഘടനയെ തന്നെ പുനഃക്രമീകരിക്കുന്നതിന്റെ അനിവാര്യതയെ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ചലനാത്മകമായ സംസ്‌കാരചിന്തകൾ ഇടപെടുന്നത്. സംസ്‌കാരം നിരന്തരപരിണാമിയാണ്, സങ്കലനങ്ങൾ അതിൽ പ്രധാനമാണ്. അപരനെ ഉൾക്കൊള്ളുന്ന ആത്മസുഖം എന്ന ഗുരുവചനമൊക്കെ വിഭാവനം ചെയ്യപ്പെടുന്നത് അതുവഴിയാണ്. സംസ്‌കാരത്തിന്റെ സദാചാരവാദം നിലനിർത്താൻ ശ്രമിക്കുന്നത് ജാതീയക്രമങ്ങളെയും തീവ്രദേശീയതാ സങ്കല്പനങ്ങളെയുമാണ്. ഹിന്ദുരാഷ്ട്രഭാവനകളുടെ ആരംഭഘട്ടത്തിലും സമകാലികമായ അതിന്റെ രൂപീകരണഘട്ടത്തിലുമൊക്കെ സംസ്‌കാരഭദ്രത ശക്തമായ രാഷ്ട്രീയനയമാകുന്നു. സംസ്‌കാരത്തെ നിരന്തരമായി പുനർനിർവചിക്കുക, പുനഃക്രമീകരിക്കുക മുതലായ പ്രബുദ്ധമൂല്യങ്ങൾ പ്രസക്തമാവുന്നതിവിടെയാണ്. സിനിമ ഒരു സംവാദമാകുന്നതും സംവാദം സിനിമയാകുന്നതും ചലിത സംസ്‌കാരത്തിന്റെ ഭാഗമാണ്. നച്ചത്തിരം നഗർഗിരത് ആ നിലയിൽ പ്രബുദ്ധദേശീയതയെ സംവഹിക്കുന്നു.

'നച്ചത്തിരം നഗർഗിരത്' ൽ നിന്ന്

സ്വജാതിവിവാഹമാണ് ജാതിവ്യവസ്ഥയുടെ പരമമായ രഹസ്യമെന്ന് അംബേദ്കർ വിലയിരുത്തുന്നുണ്ട്. അതായത്, മിശ്രവിവാഹനിരോധനം ജാതീയതയുടെ അടിത്തറയാണ്. നിർബന്ധിതവൈധവ്യം, വിധവാദഹനം തുടങ്ങിയ ആചാരസ്ഥാപനങ്ങളിലൂടെ മിശ്രവിരോധത്തെയാണ് ബലവത്താക്കാൻ ശ്രമിച്ചത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ വ്യവസ്ഥയായിരുന്നു സതി. ഭർത്താവിന്റെ മരണശേഷം ഭാര്യ ചിതയിൽ ജീവനർപ്പിക്കുന്ന പ്രക്രിയയുടെ അന്തഃചോദന മിശ്രവിവാഹഭയമാണ്. സതിയുടെ വർത്തമാനകാലരൂപമായി കാണേണ്ടതാണ് ദുരഭിമാനക്കൊലകളെ. അന്യജാതിയിൽപെട്ടവരുമായുള്ള പ്രണയംമൂലം സ്വന്തം കുടുംബങ്ങളിൽനിന്നും കൊലയ്ക്കിരകളായ യുവതികൾ സതിസമ്പ്രദായത്തിന്റെ വർത്തമാന ഇരകളാണ്. ഇന്ത്യയിലങ്ങിങ്ങായി നടന്നിട്ടുള്ള ദുരഭിമാനക്കൊലകളുടെ സി.സി.ടി.വി. ഫൂ​ട്ടേജുകൾ കൊണ്ട് ദുരഭിമാന/ജാതിക്കൊലകളുടെ ഭീകരയാഥാർഥ്യങ്ങളെ വെളിപ്പെടുത്തുകയാണ് പ്രസ്തുത സിനിമ. സിനിമയിലെ പ്രധാന കഥാപാത്രമായ അർജുൻ (കലൈയരസ്സൻ) തുടക്കത്തിൽ പരജാതി വിവാഹത്തെ ‘നാടക കല്യാണ'മെന്ന് ആക്ഷേപിക്കുന്നുണ്ട്. പിന്നീട് അതിന്റെ നിരർഥകത കൃത്യമായി തിരിച്ചറിയുകയും സാഭിമാന പോരാട്ടങ്ങളുടെ ഭാഗമാകുകയും ചെയ്യുന്നു. ജാതിഹിന്ദുത്വം സംസ്‌കാരത്തിന്റെ ജഡത്വവിശുദ്ധിയെയാണ് എക്കാലവും അലങ്കാരമാക്കുന്നത്. സംസ്‌കാരത്തിന്റെ ചലനാത്മകതയും മിശ്രത്തിന്റെ രാഷ്ട്രീയവും ക്ഷേമരാഷ്ട്ര നിർമിതിയിലെ പ്രധാനഘടകങ്ങളാണ്.

ഏറ്റവും നവീനമായ സാങ്കേതിക തികവുകളും വിപണനവിദ്യകളും ജ്ഞാനാനാത്മകമാതൃകകളും മുന്നോട്ടുവച്ചുകൊണ്ടുള്ള ചലച്ചിത്ര മുന്നേറ്റങ്ങൾ വിശാലമായ ഗ്ലോബൽ സൗത്തിനെയാണ് പ്രധിനിധീകരിക്കുന്നത്.

ദേശീയചരിത്രത്തിൽ സഹോദരൻ അയ്യപ്പനും പള്ളത്ത് രാമനുമൊക്കെ ജാതിനിർമൂലന മിശ്രഭാവനകളെ അത്രകണ്ട് രാഷ്ട്രീയവത്കരിച്ചിരുന്നു. പ്രാതിനിധ്യത്തിന്റെയും സാംസ്‌കാരിക ആഖ്യാനങ്ങളുടെയും പങ്കിനെ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്തുകൊണ്ടാണ് അത്തരം ഇടപെടലുകൾ സക്രിയമാകുന്നത്. അവർ കേരളമണ്ണിൽ സമുജ്വലമാക്കിയ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ബൗദ്ധികമായ അനുരണനങ്ങളെ നവമലയാളസിനിമകൾ പിൻപറ്റുന്നുണ്ടോ എന്ന ചോദ്യങ്ങൾ ഇവിടെ ആനുഷംഗികമാണ്. കീഴാളപശ്ചാത്തലമുള്ള നായകനെ കാണിച്ചുതേഞ്ഞ വാർപ്പുമാതൃകകളിലൂടെ അവതരിപ്പിക്കുന്നതുകൊണ്ടാണ് ‘പുഴു’മുതലായ ജാതിനിർമൂലന സിനിമകളുടെ രാഷ്ട്രീയം അപൂർണമാകുന്നത്. കഥാന്ത്യത്തിൽ ദുരന്തത്തിന്റെ പാരമ്യങ്ങൾ ബാക്കിയാക്കികൊണ്ടുള്ള തീർപ്പുകല്പനകളല്ല ഇനിയും വേണ്ടത്. ഹിംസാത്മക സാമൂഹികഘടനകളിൽ മിഴിച്ചുനിൽക്കുന്ന കഥകളും കാഴ്ചകളുമല്ല സമകാലിക ഇന്ത്യൻ ദലിത് ഭാവുകത്വങ്ങളിൽ നിന്നും പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും നവീനമായ സാങ്കേതികത്തികവുകളും വിപണനവിദ്യകളും ജ്ഞാനാത്മകമാതൃകകളും മുന്നോട്ടുവച്ചുകൊണ്ടുള്ള ചലച്ചിത്രമുന്നേറ്റങ്ങൾ വിശാലമായ ഗ്ലോബൽ സൗത്തിനെയാണ് പ്രധിനിധീകരിക്കുന്നത്. ഇന്ത്യൻ ആധുനികീകരണത്തിന്റെ അടിപ്പടവുകളായിരുന്ന ജാതിനിർമൂലന/ആഭ്യന്തര നവീകരണമുന്നേറ്റങ്ങളുടെ തുടച്ചയിലാണ് പാ രഞ്ജിത്തും അദ്ദേഹത്തിന്റെ പുതിയ സിനിമയും എന്നിവിടെ സംഗ്രഹിക്കാം. ▮

1. എൻ.കൃഷ്ണപിള്ള, കൈരളിയുടെ കഥ, 2002,ഡി സി ബുക്‌സ് കോട്ടയം പുറം:15


രതീഷ് ശങ്കരൻ

കാലിക്കറ്റ് സർവകലാശാലയിലെ മലയാള കേരള പഠനവിഭാഗത്തിൽ ഗവേഷകൻ.

Comments