ഹെറ്ററോനോർമേറ്റീവ് സിനിമാസ്വാദാനത്തിന് അമൽനീരദിന്റെ ചെക്ക്‌

Truecopy Webzine

ലയാള സിനിമകളിലേയും മറ്റും ഇറോട്ടിക് അവതരണങ്ങൾ കാലങ്ങളായി ഹെറ്ററോ സെക്ഷ്വൽ പുരുഷന്റെ നോട്ട- അവലോകന- അഭിവാഞ്ചകളുടെ പുറത്ത് ഉരുത്തിരിഞ്ഞുനിൽക്കുന്നവയാണ്. ക്യാമറ- കഥാപാത്രം -പ്രേക്ഷകർ എന്ന ത്രയത്തിന്റെ നിയന്ത്രണ നിർവ്വഹണങ്ങളും മറ്റൊന്നിലല്ല കേന്ദ്രീകൃതം.

"മറ്റു രാജ്യങ്ങളിലെ സിനിമകൾ പൊതുജനത്തിനു വേണ്ടി നിർമിക്കപ്പെടുമ്പോൾ ഇന്ത്യൻ സിനിമകളുടെ ലക്ഷ്യം ഇന്നും ആണുങ്ങളുടെ മാത്രം കാഴ്ചയെ പ്രീണിപ്പിക്കലാണ്'- എന്ന് സിനിമയുടെ സാമൂഹ്യ വെളിപാടുകൾ എന്ന പുസ്തകത്തിൽ എതിരൻ കതിരവൻ സൂചിപ്പിച്ചിട്ടുണ്ട്. ഈ ആശയത്തിന്റെ ഒരു സ്ത്രീപക്ഷ നിരീക്ഷണം ബ്രിട്ടീഷ് ഫെമിനിസ്റ്റ്- സിനിമാ നിരൂപകയായ ലോറ മുൾവേയുടെ "വിഷ്വൽ പ്ലെഷർ ആൻഡ് നരേറ്റീവ് സിനിമ' (1975) എന്ന വിഖ്യാത ലേഖനത്തിൽ വായിക്കാം. ആൺ മുഖ്യകഥാപാത്ര കേന്ദ്രീകൃത സിനിമകളിൽ ആൺനോട്ടങ്ങൾ നിർവഹിക്കുന്ന ശരീരാവതരണങ്ങളെക്കുറിച്ച് നിരൂപക പരാമർശങ്ങളുണ്ട്. തന്റെ/തങ്ങളുടെ നോട്ടങ്ങൾക്കനുബന്ധിയായ ഫാന്റസികൾ സ്ത്രീശരീരങ്ങൾ വഴി ദൃശ്യ- നൃത്ത- ഇറോട്ടിക് സുഖത്തിനായി എങ്ങനെ ഹെറ്ററോ സെക്ഷ്വൽ ആൺ കഥാപാത്രങ്ങളാൽ അവതരിപ്പിക്കപ്പെടണമെന്ന് സിനിമാപുരാവൃത്തങ്ങളും ചലച്ചിത്ര സന്ദർഭാഖ്യാനങ്ങളും കഥാപാത്രങ്ങളും നിശ്ചയിക്കുന്നു എന്നതിന്റെ സൈദ്ധാന്തിക വിശദീകരണം ലോറ ലേഖനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ നോട്ടം (gaze) എന്നതിന്റെ മറ്റൊരു തലമാണ്? "രതിപുഷ്പ'ത്തിൽ ആവിഷ്കരിക്കുന്നത്. ആണിന്റെ നോട്ടം പേറുന്ന മറ്റൊരു ആണും, തന്നെ നോക്കുന്ന ആണിനെ നാണം നിറഞ്ഞ കണ്ണിനാൽ ശരമെയ്യുന്ന നർത്തകനും തമ്മിലുള്ള ആത്മ സംഭാഷണങ്ങൾ പാട്ടിന്റെ വരികളായി അലതല്ലുന്നു. ഒപ്പം നൃത്തവേദി പകരുന്ന ഹോമോ ഇറോട്ടിസം ക്വിയർ ദൃശ്യവിരുന്നായി മാറുകയും ചെയ്യുന്നു.

നൃത്ത ഇടം, നൃത്തം ചെയ്യുന്ന ആൾ/ആളുകൾ, നൃത്തം വീക്ഷിക്കുന്ന ആൾ/ആളുകൾ എന്നീ ത്രിമാനത്തിൽ നിരീക്ഷിച്ചാൽ പല തരം നൃത്തവിന്യാസം സിനിമകളിലെ ഐറ്റം - ദർബാർ നൃത്തരംഗങ്ങളിൽ കാണാം. കുറെ ആളുകൾക്കു മുന്നിൽ ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന നർത്തകി (ഉദാ: ഉംറാഓ ജാൻ എന്ന സിനിമയിലെ "ഇൻ ആംഖോൻ കി മസ്തി കെ'), കൊള്ള/ഗുണ്ടാ സങ്കേതങ്ങളിൽ പരിമിത ആളുകൾക്കുമുന്നിൽ ആടുന്ന പെണ്ണ് (ഷോലേയിലെ "മെഹ്ബൂബ മെഹ്ബൂബ', തടവറ എന്ന സിനിമയിലെ "നീ മായല്ലേ എൻ മഴവില്ലേ' ) എന്നീ ഗാനങ്ങൾ ആൾപരിമിത ഇടങ്ങളിലെ ആനന്ദനൃത്തവേളകളായി കാണാം. കുറെയേറെ ആണുങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിൾ (മദ്യശാല- ഉല്ലാസകേന്ദ്രങ്ങൾ മുതലായവ) ഹർഷോന്മാദയായ നർത്തകി/നർത്തകികൾ ഹർഷോന്മാദരായി ആടിപ്പാടുന്ന "ഇന്നീ തീരം തേടും' (പ്രഭു/1979), "ഇത്തിരി ചക്കര നുള്ളി ഒത്തിരി സ്നേഹം താ' (സീനിയേഴ്സ്/2011), "മനോഹരീ' (ബാഹുബലി ദി ബിഗിനിങ്/2015) മുതലായ ഗാനങ്ങളിലെയും ഐറ്റം അംശങ്ങളിൽ നിന്ന് "ഐറ്റം' എന്ന വിഭാവന റംസാന്റെ നൃത്തത്തിൽ എത്തിനിൽക്കുമ്പോൾ ആണാധിപത്യ ഇടങ്ങളിലെ ക്വിയർ പ്രതീകമായി "രതിപുഷ്പം' നിർവൃതി പടർത്തുന്നു. സിനിമയിലെ അവിവാഹിതനായ മൈക്കിൾ, മൈക്കിളിന്റെ പുരോഹിതനായ സഹോദരൻ സൈമൺ, പിന്നെ പീറ്റർ എന്നിവർ വ്യത്യസ്ത ആണ്മകളെ പ്രതിനിധീകരിക്കുന്നവരാവുമ്പോൾ എല്ലാ ആണുങ്ങളും നിർബന്ധമായും ഹെറ്ററോ സെക്ഷ്വൽ ആവണമെന്നില്ല എന്ന് പീറ്ററിന്റെ കാമാഭിലാഷം ഗാനപശ്ചാത്തലമായി വരുന്ന "രതിപുഷ്പം' നമ്മെ ഓർമിപ്പിക്കുന്നു.

മദ്യശാലാ വേദിയിൽ ആൺ സംഘനൃത്തം ഇതിനു മുമ്പും മലയാള സിനിമാഗാനരംഗമായി വന്നിട്ടുണ്ട്, "പീലിയേഴും വീശി വാ' (പൂവിന് പുതിയ പൂന്തെന്നൽ/1986) എന്ന ഗാനത്തിൽ. സ്വവർഗ സാമൂഹിക (ഹോമോ സോഷ്യൽ) ഇടങ്ങളിൽ ഒന്നായ മദ്യശാലയിലെ നൃത്തം എന്ന തരത്തിൽ നൃത്തം മനോഹരമെങ്കിലും ശാസ്ത്രീയേതര ആൺനൃത്തം വരുന്ന ഈ ഗാനം പക്ഷേ ഹോമോ ഇറോട്ടിക് അംശങ്ങൾ പേറുന്നവയല്ല. ഹോമോ സോഷ്യൽ അംശങ്ങൾ തന്നെയാണ് ഹോമോ ഇറോട്ടിക് കലാശാഖയ്ക്കും അനുബന്ധ ഉപസംസ്‌കാര ഇടപെടലുകൾക്കും തുടക്കം കുറിച്ചത്.

പുരാതന ഗ്രീക്ക്- ഈജിപ്ത്യൻ സംസ്‌കാരവശേഷിപ്പുകളിൽ ചിലതായ, കളിമൺ പാത്രങ്ങളിൽ കാണുന്ന സ്വവർഗകേളീ അടയാളങ്ങൾ, മധ്യകാല-നവോത്ഥാനകാലത്തെ സുകുമാരകലാശില്പങ്ങളിലും ചിത്രങ്ങളിലും പ്രമേയമായി വന്നിട്ടുള്ള സ്നാനരംഗങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ. ആണുങ്ങൾ കുളിക്കുന്ന ഹോമോ ഇറോട്ടിക് ദൃശ്യം ആവേശകരമായ പ്രമേയമാക്കിയ അനേകം ഗേ-ചിത്രകലാകാരൻമാരുണ്ട്. ഇവിടെയും നോട്ടം ആണ് ഹോമോ ഇറോട്ടിക് ഘടകമായി വർത്തിക്കുന്നത്.

ലേഖനത്തിന്റെ പൂർണ രൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 71 ൽ വായിക്കാം

‘രതിപുഷ്പ’വും ഹോമോ ഇറോട്ടിസവും ആൺശരീരങ്ങളുടെ സജലസ്വപ്​നരസങ്ങൾ | ജിജോ ലിയോ കുരിയാക്കോസ്

Comments