കോളനി സ്റ്റീരിയോടൈപ്പിങ്ങിന്റെ ആർ.ഡി.എക്സ് മുഖം

പലതരം പ്രതിനിധാനങ്ങളെ പുരോഗമനപരമായി ആവിഷ്കരിക്കുന്ന പ്രമേയങ്ങൾ തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെടുന്ന അത്ര ആഴത്തിലല്ലെങ്കിലും മലയാളത്തിലെയും ചില പുതിയ സിനിമയിൽ കാണാറുണ്ട്. അത്തരം തിരിച്ചറിവുകളെ റദ്ദാക്കുന്നതാണ് ആർ.ഡി.എക്സിലേതുപോലുള്ള കോളനി നിർമിതികൾ.

കോളനികളിൽ താമസിക്കുന്ന മനുഷ്യരെ സമൂഹം ‘പരിഗണിക്കുന്ന’ രീതിയിൽ ഇന്നും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. നവമാധ്യമങ്ങളുടെ കാലത്ത്, അത്തരം അധിക്ഷേപങ്ങൾ ഈ പ്ലാറ്റ്ഫോമുകളിലേക്കുകൂടി വ്യാപിച്ചു എന്നുമാത്രം. അവിടെ, ഏറ്റവുമധികം വംശീയ അധിക്ഷേപത്തിന് വിധേയരാകുന്നത് കോളനി നിവാസികളാണ്. 'കണ്ണാപ്പി', 'കോളനി' തുടങ്ങി, സവർണ പ്രൊഫൈലുകളുടെ അധിക്ഷേപ പ്രയോഗങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. ഒരു വ്യക്തി ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ ഭാഗമാകുമ്പോഴോ, പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോഴാ ഒക്കെയാണ് അയാൾ 'കോളനിയായി' തരംതിരിക്കപ്പെടുന്നത്. അതായത് കോളനിയിലെ മനുഷ്യർ കേവലമൊരു താമശയായും അധിക്ഷേപ ഉപാധിയായും മാറുന്ന കാഴ്ച ഇന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

കോളനികളെ കുറിച്ചും അവിടുത്തെ മനുഷ്യരെ കുറിച്ചും ഇത്തരം പൊതുബോധങ്ങൾ നിർമിക്കപ്പെട്ടതിനുപിന്നിൽ സാമൂഹ്യമായും സാമ്പത്തികമായുമുള്ള കാരണങ്ങളോടൊപ്പം ജാതിയും ഒരു പ്രധാന ഘടകമാണ്. ജാതിശ്രേണിയിലെ ഏറ്റവും താഴെത്തട്ടിനെ പ്രതിനിധീകരിക്കുന്നവരോട് കാലാകാലങ്ങളായി നിലനിൽക്കുന്ന വിദ്വേഷത്തിന്റെ മറ്റൊരു മുഖമാണ് ഇത്തരം വംശീയ അധിക്ഷേപങ്ങൾ. ഭരണഘടനയുടെ അനുഛേദം 15 പ്രകാരം മതം, ജാതി, വംശം, ലിംഗം, 'ജനിച്ച സ്ഥലം' എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൗരർ യാതൊരു വിവേചനങ്ങൾക്കും വിധേയരാകാൻ പാടില്ലെന്നുണ്ട്. പ്രിവിലേജുകളുടെ തലപ്പത്തിരിക്കുന്നവർക്ക് പരസ്യമായി ലംഘിക്കാനുള്ളതായി മാറിയിരിക്കുകയാണ് ഈ വകുപ്പുകൾ.

ആർ.ഡി.എക്സ് എന്ന സിനിമയിൽ ക്രൂരമായ വില്ലന്മാർ താമസിക്കുന്ന 'മഹാരാജാസ് കോളനി' പൊതുബോധത്തിന്റെ പുത്തൻ രൂപമാണ്. കോളനിയിലെ മനുഷ്യരെല്ലാം ക്രിമിനലുകളാണെന്ന സ്ഥിരം ആഖ്യാനം ഇവിടെയും ആവർത്തിക്കപ്പെടുന്നു.

അരികുവൽക്കരിക്കപ്പെട്ടവരെയും അവർ അധിവസിക്കുന്ന ഇടങ്ങളെയും മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയുമൊക്കെ താവളങ്ങളായി ചിത്രീകരിക്കുന്നതിൽ സിനിമക്ക് വലിയ പങ്കുണ്ട്. മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ട കോളനികൾ എല്ലാം ഈ പൊതുബോധനിർമിതിയിൽ വലിയ തോതിലുള്ള ‘സംഭാവന’ നൽകിയിട്ടുണ്ട്. വിയറ്റ്‌നാം കോളനികളും അന്ധകാര കോളനികളും എല്ലാം ഇത്തരം സ്റ്റീരിയോടൈപ്പുകളുടെ നിർമിതികളാണ്. വൃത്തിഹീനമായ പരിസരങ്ങളുള്ള, ജീവിക്കാൻ ഏത് തരത്തിലുമുള്ള ഉടായിപ്പുകളും നടത്തുന്ന, കുറ്റകൃത്യങ്ങളുടെ ഉറവിടമായി കോളനികളെ ചിത്രീകരിക്കുന്നതിൽ പുതിയ മലയാള സിനിമയും മുമ്പിൽ തന്നെയാണ്.

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആർ.ഡി.എക്സാണ് ഇത്തരം സ്റ്റീരിയോടൈപ്പിങ്ങിനെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന പുതിയ കാല സിനിമ. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സിനിമക്ക് പൊസിറ്റീവ് റിവ്യൂവാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആന്റണി വർഗീസ് പെപ്പൈ, ഷെയ്ൻ നിഗം, നീരജ് മാധവ്, വിഷ്ണു അഗസ്ത്യ തുടങ്ങിയ യുവനിര തീർക്കുന്ന ആഘോഷങ്ങൾക്കിടയിൽ കാണാതെ പോകുന്ന ചില വസ്തുതകളുണ്ട്.

ഈ സിനിമയിൽ ക്രൂരമായ വില്ലന്മാർ താമസിക്കുന്ന 'മഹാരാജാസ് കോളനി' മുമ്പ് പറഞ്ഞ പൊതുബോധത്തിന്റെ പുത്തൻ രൂപമാണ്. കോളനിയിലെ മനുഷ്യരെല്ലാം ക്രിമിനലുകളാണെന്ന സ്ഥിരം ആഖ്യാനം ഇവിടെയും ആവർത്തിക്കപ്പെടുന്നു. എല്ലായിടത്തും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന, പോകുന്നിയിടങ്ങളിലൊക്കെ തല്ലുണ്ടാക്കുന്ന, മനുഷ്യത്വം അരികിലൂടെ പോകാത്ത ഒരു കൂട്ടം ആളുകളാണ് സിനിമയിൽ തിന്മയുടെ പക്ഷം. അതുകൊണ്ടുതന്നെ തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർക്ക്, അവർക്ക് രണ്ടടി കൊള്ളണമെന്ന ചിന്തയുണ്ടാകും. ഇമോഷണലി സിനിമ പ്രേക്ഷകരുമായി അത്രയേറെ സംവദിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

സാമൂഹ്യവും സാമ്പത്തികവുമായി മുന്നാക്കം നിൽക്കുന്ന സവർണരൂപമുള്ള നായകന്മാർക്ക് ഹീറോയിക് ഇമേജ് ലഭിക്കുകയും, കോളനിയിലുള്ളവർ അടിമുടി ക്രിമിനലുകളായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത് അപരവൽക്കരണത്തിന്റ പ്രതിലോമകരമായ ആഖ്യാനമായി മാറുന്നു.

ക്രിമിനൽ ബുദ്ധിയുള്ള എല്ലാ മനുഷ്യരെയും ഒരേയിടത്ത് പ്ലേസ് ചെയ്യുകയും അവിടം മഹാരാജാസ് കോളനിയായി ചിത്രീകരിക്കുകയും ചെയ്യുക വഴി, അതൊരു രാഷ്ട്രീയപ്രശ്‌നമായി മാറുകയാണ്. മുമ്പ് പറഞ്ഞ മുൻവിധികൾ തന്നെയാണ് ആർ.ഡി.എക്‌സിലെ വില്ലന്മാരെയും കോളനികളിലേക്ക് എത്തിച്ചത്. സിനിമയിലെ പ്രധാനപ്പെട്ട ഒരു സംഘട്ടനരംഗം നടക്കുന്നത് മേൽപറഞ്ഞ കോളനിയിലാണ്. അവിടെയുണ്ടാകുന്ന ചില സംഭവങ്ങൾ ഈ പ്രശ്‌നത്തിന്റെ ആക്കം കൂട്ടുന്നതാണ്. പ്രായമായവർ പോലും തക്കം കിട്ടുമ്പോൾ മറ്റൊരാളുടെ തലക്കടിക്കാൻ പാകത്തിൽ ബിയർ കുപ്പി കയ്യിൽ കരുതുന്നവരാണെന്ന തരത്തിലാണ് സിനിമയുടെ ആഖ്യാനം.

ഇതേ സിനിമയിൽ നായകന്മാരായെത്തുന്ന റോബട്ടും ഡോണിയും സേവിയറും കരാട്ടെ പരിശീലകരാണ്. അവരാകട്ടെ പറ്റുന്നിടങ്ങളിലൊക്കെ അടിക്കാനും ഇടിക്കാനുമുള്ള തങ്ങളുടെ കഴിവിനെ കൃത്യമായി ഉപയോഗിക്കുന്നവരുമാണ്. സാമൂഹ്യവും സാമ്പത്തികവുമായി മുന്നാക്കം നിൽക്കുന്ന സവർണരൂപമുള്ള നായകന്മാർക്ക് ഹീറോയിക് ഇമേജ് ലഭിക്കുകയും, കോളനിയിലുള്ളവർ അടിമുടി ക്രിമിനലുകളായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത് അപരവൽക്കരണത്തിന്റ പ്രതിലോമകരമായ ആഖ്യാനമായി മാറുന്നു.

ആർഡിഎക്‌സ് സിനിമയിൽ നിന്ന്

ആർഡിഎക്‌സിൽ മാത്രമല്ല അടുത്തിടെ ഇറങ്ങിയ മറ്റു ചില മലയാള സിനിമകളിലും ഇ​തേ ആഖ്യാനങ്ങൾ ആവർത്തിക്കുന്നുണ്ട്. പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറോണ പപ്പേഴ്‌സ് എന്ന സിനിമ വംശീയ സ്റ്റീരിയോടൈപ്പിങ്ങിന്റെ മറ്റൊരു ഉദാഹരണമാണ്. ഇവിടെ ജാതിയും തെളിഞ്ഞുകാണാം. ചിത്രത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നവരെല്ലാം വെളുത്ത നായരും നമ്പ്യാരും പിള്ളയുമൊക്കെയാകുമ്പോൾ, പോക്കറ്റടിയും മറ്റ് ക്രിമിനൽ പ്രവൃത്തികളും ചെയ്യുന്നവരെല്ലാം കറുത്ത നിറമുള്ള കോളനിവാസികളാകുന്നത് യാദൃച്ഛികമല്ല.

പ്രഷോഭ് വിജയൻ സംവിധാനം ചെയ്ത അടി എന്ന സിനിമയിലും സ്റ്റീരിയോടൈപ്പിങ്ങിന്റെ ആവർത്തനം കാണാം. മെയിൽ ഈഗോ, സവർണബോധം എന്നിവക്കെതിരെ സംസാരിക്കുന്ന സിനിമയാകട്ടെ, ക്രിമിനലുകളായ വില്ലൻ പക്ഷത്തെ പ്ലേസ് ചെയ്തിരിക്കുന്നത് കോളനികളിൽ തന്നെയാണ്. ഇത്തരം നി​ർമിതികൾ ഈ മനുഷ്യരെ കാലാകാലങ്ങളായി ഏതൊക്കെ തരത്തിലാണ് വേട്ടയാടുന്നതെന്ന കാര്യം, ഇത്തരം ആഖ്യാനങ്ങളിലൂടെ ക്രൂരമായി മറച്ചുപിടിക്കുകയാണ്.

കോളനികള്‍ പശ്ചാത്തലമാകുന്ന തമിഴ് സിനിമകൾ, അവിടുത്തെ മനുഷ്യര്‍ നേരിടുന്ന സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

സ്റ്റീരിയോടൈപ്പിങ് ആഖ്യാനങ്ങളെ പുറത്ത് നിർത്തി, ആഴത്തിൽ ജാതീയവും വംശീയവുമായ പ്രശ്‌നങ്ങളെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നതിൽ തമിഴ് സിനിമകൾ ഏറെ മുന്നേറുന്നുണ്ട്. കോളനികൾ പശ്ചാത്തലമാകുന്ന സിനിമകളാകട്ടെ, അവിടുത്തെ മനുഷ്യർ നേരിടുന്ന സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അത്തരം മനുഷ്യരോടുള്ള ജാതീയ വിവേചനങ്ങളെയും അതിനിരയാകുന്നവരുടെ വേദനകളെയും സവർണബോധത്തിന്റെ ക്രൂര മുഖങ്ങളെയുമെല്ലാം തമിഴ് സിനിമ തുറന്ന് കാണിക്കുന്നു. പാ രഞ്ജിത്ത്, വെട്രിമാരൻ, മാരി സെൽവരാജ് തുടങ്ങിയവരുടെ സിനിമകൾ ഇത്തരം അരികുവൽക്കരിപ്പെടുന്ന, ക്രൂരമായ വിവേചനങ്ങൾക്കിരയാകുന്നവരുടെ പക്ഷം ചേരുന്നവയാണ്. 'തേവർമകൻ' പറഞ്ഞ രാഷ്ട്രീയത്തെ പൊളിച്ചെഴുതി തൽസ്ഥാനത്തേക്ക് മാമന്നന്റെ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നതുവഴി മാരിസെൽവരാജ് പറയാൻ ശ്രമിക്കുന്നതും ഇതേ കാര്യം തന്നെയാണ്.

പലതരം പ്രതിനിധാനങ്ങളെ പുരോഗമനപരമായി ആവിഷ്കരിക്കുന്ന പ്രമേയങ്ങൾ തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെടുന്ന അത്ര ആഴത്തിലല്ലെങ്കിലും മലയാളത്തിലെയും ചില പുതിയ സിനിമയിൽ കാണാറുണ്ട്. അത്തരം തിരിച്ചറിവുകളെ റദ്ദാക്കുന്നതാണ് ആർ.ഡി.എക്സിലേതുപോലുള്ള കോളനി നിർമിതികൾ.

Comments