‘റെഡ് പാത്ത്’ മുതൽ ‘ഗുലിസർ’ വരെ, മനുഷ്യാവസ്ഥയുടെ സങ്കീർണതകൾ പ്രമേയമാക്കിയ IFFI ചിത്രങ്ങൾ

പുതിയ കാലത്തോട് സംവദിക്കുന്ന വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളായിരുന്നു ഇത്തവണത്തെ IFFI-യുടെ പ്രത്യേകത. ലോഫ്റ്റി അച്ചോർ സംവിധാനം ചെയ്ത ‘റെഡ് പാത്ത്’ മുതൽ മുതൽ സ്ലോവാക്യൻ ചിത്രമായ ‘ദി സ്ലഗ്ഗാർഡ് ക്ലാൻ’, ടർക്കിഷ് ചിത്രം ‘ഗുലിസർ’ തുടങ്ങിയവയെല്ലാം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും മേളയുടെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. 2024-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച സിനിമകളെ വിലയിരുത്തുകയാണ് ഡോ.ഓംകാർ ഭട്കർ

ത്തവണ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളുടെ സൗകര്യം കണക്കിലെടുത്തുള്ള ചില മാറ്റങ്ങൾ അവതരിപ്പിച്ചിരുന്നു. രജിസ്ട്രേഷനും ബുക്കിങ്ങും എളുപ്പത്തിലാക്കാൻ വേണ്ടി കൊണ്ടുവന്ന ആപ്ലിക്കേഷനും സിനിമകളുടെ സ്ക്രീനിങ് നടക്കുന്ന വേദികളിലേക്കുള്ള ഗതാഗത സൗകര്യവുമെല്ലാം അവയിൽ ചിലത് മാത്രമാണ്.

വിദ്യാർഥികളടക്കം മേളയിലെ ജനപങ്കാളിത്തത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡെലിഗേറ്റുകൾ വന്ന സംസ്ഥാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് കേരളമാണ്. കേരളത്തിൻെറ ചലച്ചിത്ര ഭാവിയെക്കുറിച്ച് കൂടുതൽ പ്രതീക്ഷയ്ക്ക് വക നൽകുന്ന സൂചനയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.

ഇത്തവണ, ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സിനിമകൾ കൂടുതലായി ഉൾപ്പെടുത്തിയിരുന്നു. വ്യത്യസ്ത പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന നിലവാരം പുലർത്തുന്ന മികച്ച സിനിമകളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നത്.

iffi ഫോട്ടോകൾ: ബിജു ഇബ്രാഹിം.
iffi ഫോട്ടോകൾ: ബിജു ഇബ്രാഹിം.

പ്രദർശിപ്പിച്ച സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുമ്പോൾ നിലവാരം ഉയർന്നിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തൽ. മുൻ എഡിഷനുകളേക്കാൾ സംഘാടനത്തിലും സൗകര്യങ്ങളിലുമെല്ലാം 2024-ലെ മേള കൂടുതൽ മെച്ചപ്പെട്ടതായിരുന്നു.

IFFI 2024 ചലച്ചിത്ര മേളയിൽ നിന്നും ഞാൻ തെരഞ്ഞെടുത്ത കുറച്ച് ചിത്രങ്ങളെക്കുറിച്ച് പറയാം:

റെഡ് പാത്ത് - (Red Path (Les Enfants Rouges)

സംവിധായകൻ: ലോഫ്റ്റി അച്ചോർ
രാജ്യം: ടുണീഷ്യ, ബെൽജിയം, ഫ്രാൻസ്, പോളണ്ട്, സൗദി അറേബ്യ, ഖത്തർ.
വർഷം: 2024
ഭാഷ: അറബിക്
100 മിനിറ്റ്

ട്ടിടയരായ നിസാറും അഷ്റഫും ഒരു പുൽമേട്ടിൽ ആടുകളെ മേയ്ക്കുന്നു. ഇതൊരു സൈനികമേഖലയാണെന്ന് തിരിച്ചറിയാതെയാണ് ഇവർ ആടുകളെ മേയ്ക്കുന്നത്. പെട്ടെന്ന്, ഒരു തീവ്രവാദി സംഘം ഇവരെ ആക്രമിക്കുന്നു. രക്തരൂഷിതമായ സംഘർഷത്തിനൊടുവിൽ അക്രമകാരികൾ നിസാറിൻെറ തല അറുക്കുന്നു. ഈ ഹീനകൃത്യത്തിന് സാക്ഷിയായി ഒന്നും ചെയ്യാനാവാതെ നിൽക്കുകയാണ് അഷ്റഫ്.

സംഭവത്തിന് ശേഷം വല്ലാത്ത മാനസികാവസ്ഥയിലായ അഷ്റഫ്, നിസാറിൻെറ തലയുമായി കുന്നിറങ്ങുന്നു. താഴെയെത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ ബന്ധുക്കളോടും നാട്ടുകാരോടും വിശദീകരിക്കുന്നു. സഹോദരൻെറ കൊലപാതകത്തിന് നിസ്സഹായനായി സാക്ഷ്യം വഹിക്കാൻ മാത്രമേ തനിക്ക് സാധിച്ചുള്ളൂവെന്ന് അവൻ പറയുന്നു.

തൻെറ മകൻെറ മൃതശരീരം മാന്യമായി സംസ്കരിക്കണമെന്ന് നിസാറിൻെറ അമ്മ ആഗ്രഹിക്കുന്നു. “ഞാൻ മുഴുവൻ ശരീരമാണ് പ്രസവിച്ചത്. എൻെറ മകൻെറ ശവസംസ്കാരം എല്ലാവിധ മാന്യതയോടെയും ചടങ്ങുകളോടും കൂടി നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവൻെറ പൂർണശരീരമാണ് മറവ് ചെയ്യേണ്ടത്,” അവർ പറഞ്ഞു.

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ക്രൂരമായ സാമൂഹ്യ യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്ന ‘റെഡ് പാത്ത്’, ഒരു കുട്ടിയുടെ മുറിവേറ്റ മനസ്സിലേക്കുള്ള സ്വപ്ന സഞ്ചാരമാണ്. നിസ്സഹായരായിപ്പോയ കുടുംബവും എന്ത് സംഭവിച്ചാലും അശ്രദ്ധമായി നോക്കിനിൽക്കുന്ന അധികൃതരും തമ്മിലുള്ള സംഘർഷത്തിൻെറ കഥയാണിത്. അതിക്രൂരമായ ഒരു ലോകത്തിൽ ജീവിതത്തിൻെറ മൂല്യത്തെയും സാധ്യതകളെയും ചോദ്യം ചെയ്യുകയാണ് സിനിമ. ഒരു ഫീച്ചർ സിനിമയാണെങ്കിലും ഡോക്യുമെൻറേഷൻ സ്വഭാവത്തിൽ ഓരോ സംഭവങ്ങളും നിമിഷങ്ങളും ചിത്രീകരിക്കുന്നതാണ് സിനിമയുടെ ആഖ്യാനരീതി.

എൽസ് (Else)

സംവിധായകൻ: തിബോൾട്ട് എമിൻ
സംവിധായകൻ: ലോഫ്റ്റി അച്ചൂർ
രാജ്യം: ബെൽജിയം, ഫ്രാൻസ്
വർഷം - 2024, ഭാഷ - ഫ്രഞ്ച്, 100 മിനിറ്റ്.

നിഗൂഢമായ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്താണ് ആൻക്സ് കാസ്സിനെ കണ്ടുമുട്ടുന്നത്. അപ്പാർട്ട്മെൻറിൽ കുടുങ്ങിപ്പോയ ഇരുവരും ഭയാനകമായ കാലത്തെ നേരിടുകയാണ്. മാസ്മരികമായ ബോഡി - ഹൊറർ - റൊമാൻസ് ചിത്രമായ എൽസ്, ഏതൊരു കാര്യത്തിൻെറയും അവസാനഘട്ടത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു വീക്ഷണം അവതരിപ്പിക്കുകയും, പരിണാമത്തിൻെറ യാത്രയിലെ നിലനിൽപ്പിനായുള്ള പോരാട്ടത്തെ കാണിച്ചുതരികയും ചെയ്യുന്നു. ഫ്രഞ്ച് റൊമാൻസിൻെറ ഒരു സിഗ്നേച്ചർ സ്വഭാവം ഈ സിനിമ നിലനിർത്തുന്നുണ്ട്. ബോഡി ഹൊറർ എന്ന പ്രത്യേക വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. ഫ്രാൻസ് കാഫ്കയുടെയും യൂജീൻ ലൊനെസ്കോയുടെയും എഴുത്തുകളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള രൂപാന്തരീകരണത്തെക്കുറിച്ച് (Metamorphosis) സാമൂഹ്യ വ്യാഖാനമൊന്നും തന്നെ നൽകാൻ ശ്രമിക്കുന്നില്ലെങ്കിലും, വലിയ പ്രതിസന്ധി നേരിടുന്ന നിഗൂഢമായ ഒരു അന്തരീക്ഷത്തിൽ പ്രണയത്തിൻെറ സാധ്യതകളെയാണ് ചിത്രം തുറന്നുവെക്കുന്നത്.

ഒരു പകർച്ചവ്യാധി കാലത്തെ ചിത്രീകരിക്കുന്ന സിനിമ, പ്രതിസന്ധി കാലത്ത് മനുഷ്യർക്ക് പരസ്പരം എത്രത്തോളം പരസ്പരം പരിചരിക്കാൻ കഴിയുമെന്നും വൈറസ് ബാധിച്ച, അല്ലെങ്കിൽ രോഗബാധയുള്ള ഒരാളെ എത്രത്തോളം ശുശ്രൂഷിക്കാൻ സാധിക്കുമെന്നുമുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നു. നമ്മുടെ ശ്രദ്ധയെ മുഴുവൻ കവർന്നെടുക്കുന്ന, കാഴ്ചക്കാരെ സ്വപ്നലോകത്തിലൂടെയെന്ന പോലെ സഞ്ചരിപ്പിക്കുന്ന ചിത്രമാണ് എൽസ്.

ഹണ്ടേഴ്സ് ഓൺ എ വൈറ്റ് ഫീൽഡ് (Hunters On A White Field)

സംവിധായിക: സാറ ഗില്ലെൻസ്റ്റിയേർണ.
രാജ്യം: സ്വീഡൻ, വർഷം - 2024, 97 മിനിറ്റ്, ഭാഷ - സ്വീഡിഷ്.

സ്വീഡനിലെ ഒരു ഉൾവനത്തിൽ വാരാന്ത്യത്തിൽ വേട്ടയ്ക്കായി ഇറങ്ങിയിരിക്കുകയാണ് മൂന്ന് പുരുഷൻമാർ. സംഘത്തിലുള്ള ഗ്രിഗറും ഹെൻറിക്കും പണ്ടുകാലം മുതലേ സുഹൃത്തുക്കളും നായാട്ടിൽ പരിചയസമ്പന്നരുമാണ്. എന്നാൽ മൂന്നാമനായ അലക്സ് തുടക്കക്കാരനാണ്. ആദ്യത്തെ നായാട്ടിന് ശേഷം മൂവരും വലിയ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. എന്നാൽ പിന്നീട് മൂവർക്കുമിടയിൽ കിടമത്സരം ഉണ്ടാവുന്നു. മറ്റൊരു ദിവസം ഇവർ വേട്ടയ്ക്കെത്തിയപ്പോൾ കാട് ഒരു മൃഗം പോലുമില്ലാതെ ശൂന്യമായിരുന്നു. മൃഗങ്ങളൊന്നുമില്ലാത്ത ശാന്തമായ കാട്... വേട്ടയാടാൻ ഒന്നും തന്നെ അവർക്ക് കണ്ടുകിട്ടിയില്ല.

IFFI വേദിയില്‍ നിന്ന് / Photo: Biju Ibrahim
IFFI വേദിയില്‍ നിന്ന് / Photo: Biju Ibrahim

പുരുഷത്വബോധം അവരിലെ അമിത ധൈര്യമുള്ള അഹങ്കാരികളെ പുറത്ത് കൊണ്ടുവരുന്നു. പുരുഷൻമാരെന്ന നിലയിൽ തങ്ങൾ ഇതൊന്നും കണ്ട് പിൻമാറേണ്ടവരല്ലെന്ന് അവർക്ക് തോന്നുന്നു. അങ്ങനെ, മൃഗങ്ങളില്ലെങ്കിൽ പോലും കാട്ടിൽ നായാട്ടിന് അവർ വഴി കണ്ടെത്തുന്നു. അമിതമായ പുരുഷാധികാര ചിന്തയാണ് അവരെ നയിക്കുന്നത്. സഹജീവികളെ പരസ്പരം കൊല്ലാൻ മനുഷ്യർ തയ്യാറാവുമോയെന്ന ചോദ്യമാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അവസാന മുപ്പത് മിനിറ്റിൽ വ്യത്യസ്തമായ വഴികളിലൂടെ സിനിമ സഞ്ചരിക്കുന്നു. ഓരോ സംഭവം കാണുമ്പോഴും സിനിമ അവസാനിച്ചുവെന്ന് നമുക്ക് തോന്നും.

Lillies Not For Me (ലില്ലീസ് നോട്ട് ഫോർ മീ)

സംവിധാനം: വിൽ സീഫ്രൈഡ്.
രാജ്യം: ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ്എ.
വർഷം: 2024
ഭാഷ: ഇംഗ്ലീഷ്
99 മിനിറ്റ്.

1920-കളിലെ ഇംഗ്ലണ്ടിൽ ഒരു ഗേ നോവലിസ്റ്റും സൈക്യാട്രിക് നഴ്സും തമ്മിൽ അസാധാരണമായ ഒരു സൗഹൃദം ഉണ്ടാവുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ അവൻ തൻെറ പഴയ സുഹൃത്തുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാവുകയും പരസ്പരം സഹായിക്കാൻ തീരുമാനിക്കുകയും, അവരുടെ വൈകാരികമായ അടുപ്പം നിയന്ത്രണം വിടുകയും ചെയ്യുന്നു. 1910-20 കാലത്തെ് സ്വവർഗാനുരാഗ താൽപര്യങ്ങളെ ജനനേന്ദ്രിയ ശസ്ത്രക്രിയയിലൂടെ മാറ്റുന്നതിൻെറ ചിന്തോദ്ദീപകമായ കഥയാണ് ‘ലില്ലീസ് നോട്ട് ഫോർ മീ’ വിവരിക്കുന്നത്.

ചരിത്രപരമായ ക്രൂരതയെയാണ് സിനിമ തുറന്നുകാണിക്കുന്നതെങ്കിലും കാവ്യാത്മകമായ ആഖ്യാനമാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. സന്തോഷത്തിലൂടെയും പ്രതിസന്ധിയിലൂടെയും മാറിമാറി പോവുന്ന കഥാപാത്രങ്ങളുടെ ഒരു ഹിപ്നോട്ടിക് യാത്രയാണ് ചിത്രം. ശക്തമായ കഥാഖ്യാനത്തിലൂടെ ഗംഭീരമായാണ് സിനിമ അവസാനിക്കുന്നത്. മിഷേൽ ഫൂക്കോയുടെ 'ദ ബർത്ത് ഓഫ് ക്ലിനിക്ക്' (1973) എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന പോലെ ശാസ്ത്രത്തിൻെറ ഭയാനകമായ ഇടപെടലിൻെറ, ചരിത്രത്തിലെ വിഷമകരമായ ഘട്ടങ്ങളെ കാവ്യാത്മകമായി ഡോക്യുമെൻറ് ചെയ്തിരിക്കുകയാണ് ലില്ലീസ് നോട്ട് ഫോർ മീ.

ലവബിൾ (Loveable)

സംവിധാനം: ലിൽജ ഇൻഗോൾഫ്സ്‌ഡോട്ടിർ
രാജ്യം: നോർവേ
വർഷം: 2024
100 മിനിറ്റ്
ഭാഷ: നോർവീജിയൻ.

ഗാഢമായ പ്രണയത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ച മരിയ, ഏറെക്കാലത്തിന് ശേഷം തൻെറ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ആകെ ആശയക്കുഴപ്പത്തിലാവുന്നു. തങ്ങളുടെ ബന്ധത്തിൽ എന്താണ് കുഴപ്പം സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലാവുന്നില്ല. മുൻ ഭർത്താവും സ്വന്തം കുട്ടികളും അമ്മ പോലും വിവാഹമോചനത്തിന് കാരണക്കാരി അവളാണെന്ന് കുറ്റപ്പെടുത്തുന്നു.

നിസ്സഹായയായ മരിയയെന്ന സ്ത്രീയെ ഗംഭീരമായാണ് ഗുരേൻ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ലിൽജ ഇൻഗോൾഫ്സ്‌ഡോട്ടിറിൻെറ ആദ്യചിത്രമായ ലവബിൾ, നമ്മുടെ കാലത്തെ പ്രണയം, ബന്ധങ്ങൾ, സമത്വം, സ്ത്രീകളുടെ ഇച്ഛാശക്തി എന്നിവയുമായി ബന്ധപ്പെട്ട് വളരെ പുതുമയുള്ളതും സൂക്ഷ്മവുമായ ഒരു സിനിമാ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. സ്നേഹം പലപ്പോഴും അമിതമായി പരിഗണിക്കപ്പെടുന്ന വികാരമായി ഇവിടെ മാറുന്നു. സങ്കീർണമായ, ഏറെ അടരുകളുള്ള വിഷയമാണത്. മനുഷ്യബന്ധങ്ങളുടെ പുറംതൊലി പൊളിച്ച് അടരടരുകളായി അനാവരണം ചെയ്യുന്ന ലവബിൾ, പുതിയ കാലത്തെ മനുഷ്യരുടെ നിശബ്ദ വേദനയുടെ നിലവിളിയായും മാറുന്നു.

മരിയ തന്നിലേക്ക് തന്നെ നോക്കുന്നു. കണ്ണാടിയിൽ പ്രതിബിംബം കാണുമ്പോൾ തൻെറ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ യാഥാർഥ്യങ്ങൾ അവൾക്ക് മുന്നിൽ വെളിവാക്കപ്പെടുന്നു. സങ്കീർണമായ ജീവിതത്തിലേക്കുള്ള ഒരു നുഴഞ്ഞുകയറ്റമായി ഈ ഓരോ കണ്ടുപിടിത്തങ്ങളും മാറുന്നു. മരിയയുടെ മനസ്സിനെയും ജീവിതത്തെയും മാത്രം തുറന്നുവെക്കാനാണ് സംവിധായിക ശ്രമിക്കുന്നത്. മറുഭാഗത്തെ പുരുഷനെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം പ്രേക്ഷകർക്ക് വിട്ടുനൽകുന്നു. പ്രണയം, വിരഹം, അഭിവാഞ്ഛ എന്നിവയുടെ നിസ്സഹായവും വൈകാരികവുമായ തലങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ടുതന്നെ ലവബിൾ ഓരോരുത്തർക്കും തങ്ങളുടെ ജീവിതവുമായി ചേർത്തുവെക്കാവുന്ന ചിത്രം കൂടിയായി മാറുന്നു.

ദി സ്ലഗ്ഗാർഡ് ക്ലാൻ (The Sluggard Clan)

സംവിധാനം: റസ്റ്റിസ്ലാവ് ബോറോസ്
രാജ്യം: സ്ലൊവാക്യ
വർഷം: 2024
100 മിനിറ്റ്
ഭാഷ: സ്ലൊവാക്.

ധ്യ സ്ലോവാക്യയിലെ ഒരു കുന്നിൻചെരിവിൽ മൂന്ന് സഹോദരങ്ങൾ വളരെ അലസമായി ജീവിച്ച് പോവുന്നു. സ്വപ്നങ്ങളിൽ അഭിരമിച്ച്, നിഷ്കളങ്കമായി, മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടി യഥാർഥലോകത്ത് നിന്ന് വേറിട്ട്, തങ്ങളുടെ പൂർവികരുടെ ജീവിതത്തോട് കൂടുതൽ അടുത്താണ് അവർ കാലം കഴിച്ചുകൂട്ടുന്നത്. അവരുടെ വ്യർഥമായ ജീവിതത്തിന് അൽപമെങ്കിലും ഊർജ്ജം പകരുന്നത്, പ്രണയത്തിന് വേണ്ടി ജീവൻ പോലും പകരം നൽകാൻ തയ്യാറുള്ള സ്ത്രീകളുമായുള്ള അവരുടെ ബന്ധം മാത്രമാണ്. അതൊരു ചിലന്തിവല പോലെ എപ്പോഴും അവർക്ക് ചുറ്റുമുണ്ട്.

സ്ലോവാക്യയെന്ന രാജ്യത്തിൻെറ കമ്മ്യൂണിസ്റ്റ് - നാസി പോരാട്ടങ്ങളുടെ ഭൂതകാലത്തിൻെറ സാങ്കൽപിക പെയിൻറിങ് പോലെ തോന്നുന്ന ചിത്രം മാജിക്കൽ റിയലിസത്തിൻെറ കാവ്യാത്മകമായ ആഖ്യാനം കൊണ്ട് കൂടുതൽ ആകർഷകമാണ്. ഏറെ പുതുമയുള്ള, നിഷ്കളങ്കമായ, അബ്സേഡ് ആയ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു.

പ്രതീകാത്മകമായ രംഗങ്ങൾ, മനോഹരമായ ഛായാഗ്രണം, മികച്ച കാസ്റ്റിങ് എന്നിവയെല്ലാം സിനിമയുടെ നിലവാരമുയർത്തുന്നു. ഒരു പ്രത്യേക വിഭാഗം ആസ്വാദകരെ മാത്രം ലക്ഷ്യമിടാതെ, എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള പോസ്റ്റ്മോഡേൺ എൻറർടെയിൻമെൻറ് സിനിമയുടെ ഗംഭീര ഉദാഹരമാണ് ‘ദി സ്ലഗ്ഗാർഡ് ക്ലാൻ.’ വിസ്മയിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിൻെറ കാഴ്ചാനുഭവത്തിൻെറ തലം കൂടുതൽ മനോഹരമാക്കുന്നു.

ജികുരി: ജേർണി ടു ദി ലാൻറ് ഓഫ് താരാഹുമാര (Jikuri: Journey to the land of Tarahumara)

സംവിധാനം: ഫെഡറിക്കോ സെച്ചെറ്റി
രാജ്യം: മെക്സിക്കോ, ഫ്രാൻസ്, യുഎസ്എ
വർഷം: 2023
95 മിനിറ്റ്.
ഭാഷ: ഫ്രഞ്ച്, അറബിക്, സ്പാനിഷ്.

വിയായ അൻ്റോണിൻ അർട്ടോഡിന് താരാഹുമാരയെന്ന ആത്മീയ യാത്രയിലൂടെ ജികുരിയെന്ന ആചാരത്തിന് കീഴടങ്ങി ആത്മാവ് നഷ്ടപ്പെടുന്നതോടെ റായെനരിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാകുന്നു. റായെനരി പിന്നീട് തൻെറ സ്വപ്നത്തിൽ അർട്ടോഡിനെ ഒരു അഭയകേന്ദ്രത്തിൽ കാണുകയും ആത്മാവിനെ വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അൻ്റോണിൻ അർട്ടോഡിൻെറ ജീവിതരീതിയെക്കുറിച്ച് അറിവുള്ളവർക്ക് ഒരു ഗംഭീര സിനിമാ അനുഭവമായിരിക്കും ജികുരി. വളരെ വ്യത്യസ്തമായ പ്രമേയവും ആഖ്യാനരീതിയും കൊണ്ട് ഇത് നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമായി മാറുന്നു.

ഗുലിസർ (Gulizar)

സംവിധാനം: ബെൽകിസ് ബൈറാക്ക്
രാജ്യം: തുർക്കി, കൊസോവോ
വർഷം: 2024
84 മിനിറ്റ്
ഭാഷ: അൽബേനിയൻ, ടർക്കിഷ്.

രു യാഥാസ്ഥിതിക ടർക്കിഷ് കുടുംബത്തിൽ ജനിച്ച് വളർന്ന യുവതിയാണ് 22-കാരിയായ ഗുലിസർ. അവൾ വളരുന്തോറും കുടുംബത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. താൻ ഇതുവരെ ജീവിച്ച, തനിക്ക് ചുറ്റുമുള്ള സ്ത്രീകൾക്കുമപ്പുറത്ത് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിക്കുകയും അറിയുകയും വേണമെന്ന് അവൾ ആഗ്രഹിക്കുന്നു. എല്ലാം ഉപേക്ഷിച്ച്, തൻെറ ഭാവിവരനായ എംറിയെ വിവാഹം ചെയ്ത് കോസോവോയിൽ ഒരു പുതിയ ജീവിതം തുടങ്ങാൻ അവൾ ലക്ഷ്യമിടുന്നു. എന്നാൽ, അതിനിടയിൽ ഒരു അക്രമകാരിയാൽ ലൈംഗികമായി ആക്രമിക്കപ്പെടുന്നതോടെ ഗുൽസറിൻെറ ജീവിതം ദുരന്തമായി വഴിമാറുകയാണ്. തനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി അവൾക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഗംഭീരമായി പുരോഗമിക്കവേ, സന്തോഷകരമായ ജീവിതത്തിനായുള്ള അവളുടെ ആഗ്രഹമെല്ലാം പതുക്കെ ഇല്ലാതാവുകയാണ്. ചുറ്റുപാടും അടുത്ത ബന്ധുക്കൾ ഉള്ളപ്പോൾ രഹസ്യങ്ങൾ സൂക്ഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. ഒരു സ്ത്രീയെന്ന നിലയിൽ സ്വന്തം സ്വത്വം കണ്ടെത്തി ജീവിക്കാനാഗ്രഹിച്ച ആ പെൺകുട്ടി പിന്നീട് സമൂഹത്തിൻെറ പ്രതീക്ഷകളും സമ്മർദ്ദങ്ങളും താങ്ങാനാവാതെ സങ്കീർണമായ ജീവിതാവസ്ഥയിലൂടെ ആത്മസംഘർഷം നേരിടുകയാണ്. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ പ്രമേയം അർഹിക്കുന്ന രീതിയിൽ തന്നെ ബെൽകിസ് ബൈറാക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. ഗുലിസർ എന്ന കഥാപാത്രത്തെ ആഴത്തിൽ അവതരിപ്പിക്കാൻ അഭിനേത്രിക്ക് സാധിച്ചിട്ടുണ്ട്. പ്രതിരോധത്തിൻെറ പ്രതീകമാവുകയാണ് ഗുലിസർ.

ഇതിന് പുറമേ, ഫർഷദ് ഹാഷെമിയുടെ ‘മറിയം ദി ചിൽഡ്രൻ ആൻറ് 26 അദേഴ്സ് ഓർ മാൻ’, പെഡ്രോ അൽമോദോവറിൻെറ ‘ദി റൂം നെക്സ്റ്റ് ഡോർ’, പായൽ കപാഡിയയുടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’, സ്കാൻഡർ കോപ്റ്റിയുടെ ‘ഹാപ്പി ഹോളിഡേയ്സ്’, മാറ്റി ഡിയോപിൻെറ ദഹോമെയ്, ജയൻ ചെറിയാൻെറ റിഥം ഓഫ് ദമ്മാം എന്നീ സിനിമകളും ഇത്തവണത്തെ ചലച്ചിത്രമേളയിൽ എന്ന ആകർഷിച്ചിട്ടുള്ളവയാണ്.


Summary: Red Path, Else, Hunters on A White Field, Lillies Not For Me, Loveable, The Sluggard Clan, Journey to the land of Tarahumara, Gulizar, Dr Omkar Bhatkar picks his best IFFI 2024 movies.


ഡോ. ഓംകാർ ഭട്കർ

മുംബൈ കേന്ദീകരിച്ച് പ്രവർത്തികുന്ന നാടകകാരനും അധ്യാപകനും. സ്വതന്ത്ര ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കുന്നു. ഒരു ദശാബ്ദമായി സിനിമയും സൗന്ദര്യശാസ്ത്രവും പഠിപ്പിക്കുകയും നാടകപ്രവർത്തനങ്ങളിലും കവിതയിലും സിനിമയിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. മെറ്റമോർഫോസിസ് തിയറ്റർ ആന്റ് ഫിലിംസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും സെന്റ് ആൻഡ്രൂസ് സെന്റർ ഫോർ ഫിലോസഫി ആന്റ് പെർഫോമിങ് ആർട്സിന്റെ സഹസ്ഥാപകനുമാണ്).

Comments