നിഗൂഢതയ്ക്കും ആകാംക്ഷയ്ക്കും ശേഷം രേഖാചിത്രം അവശേഷിപ്പിച്ച ചിന്തകൾ

മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി മുതൽ റാണി പദ്മിനിയും സിൽക്ക് സ്മിതയും ശോഭയുമടക്കം ആട്ടിയോടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്ത അനേകം നഷ്ടനായികമാർക്കുള്ള ആദരമാണ് 'രേഖാചിത്രം'.

'Mystery is when the spectator knows less than the characters in the movie. Suspense is when the spectator knows more than the characters in the movie.' - Alfred Hitchcock

വിഖ്യാത ചലച്ചിത്രകാരൻ ആൽഫ്രഡ് ഹിച്ച്കോക്ക് നിഗൂഢതയ്ക്കും ആകാംക്ഷയ്ക്കും നൽകിയ നിർവചനങ്ങൾ കൃത്യമായ അനുപാതത്തിൽ ചേരുന്ന ചലച്ചിത്രമാണ് വേണു കുന്നപ്പിള്ളി നിർമ്മിച്ച് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’. സാങ്കൽപ്പിക ചരിത്രത്തിന്റെ നിഗൂഢതകളും ആകാംക്ഷയും രേഖാചിത്രത്തിന്റെ ആഖ്യാന വഴിയെ വേറിട്ടതാക്കുന്നു. ഈ വേറിട്ട് നടത്തം സൗന്ദര്യ ശാസ്ത്രപരമായി മലയാള സിനിമയുടെ ചരിത്രത്തോടുള്ള ആദരവായി മാറുന്നു. ഒറ്റക്കാഴ്ചയിൽ രേഖാചിത്രം വെറുമൊരു കുറ്റാന്വേഷണ ചിത്രത്തിന്റെ രൂപം പേറുന്നെങ്കിലും, 'രേഖ'യുടെ സാങ്കൽപ്പിക ജീവചരിത്രത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെ ജോഫിൻ ടി ചാക്കോയും സംഘവും അടയാളപ്പെടുത്താൻ ശ്രമിക്കുന്നത് സെല്ലുലോയ്ഡിൽ നിന്നും ചരിത്രഹത്യ ചെയ്യപ്പെട്ട അനേകം നായികമാരുടെ ജീവിതങ്ങളാണ്. മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി മുതൽ റാണി പദ്മിനിയും സിൽക്ക് സ്മിതയും ശോഭയുമടക്കം ആട്ടിയോടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്ത അനേകം നഷ്ടനായികമാർക്കുള്ള ആദരമാണ് 'രേഖാചിത്രം'. ഈ അർത്ഥത്തിൽ 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്' എന്ന കെ.ജി.ജോർജ് സിനിമയുടെ രാഷ്ട്രീയം പേറുന്ന സിനിമയാണ് രേഖാചിത്രം.

'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്' എന്ന കെ.ജി.ജോർജ് സിനിമയുടെ രാഷ്ട്രീയം പേറുന്ന സിനിമയാണ് രേഖാചിത്രം.
'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്' എന്ന കെ.ജി.ജോർജ് സിനിമയുടെ രാഷ്ട്രീയം പേറുന്ന സിനിമയാണ് രേഖാചിത്രം.

'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് (1983), യവനിക (1982), എന്നീ കെ.ജി.ജോർജ് സിനിമകളുടെ സ്വാധീനവും കൂടിച്ചേരലുകളും പുതിയ കാലത്തോടും സാങ്കേതിക വിദ്യയോടും ചേർത്തുവെച്ച് സൃഷ്ടിക്കപ്പെട്ട സിനിമയായി 'രേഖാചിത്രം' അനുഭവപ്പെട്ടു. ഈ ചേർത്തുവെക്കൽ രേഖാചിത്രത്തിന്റെ മേന്മയായി മാറുന്നു. ലേഖ എന്ന നടിയുടെ അസ്വാഭാവിക മരണത്തിന്റെ ഫ്ളാഷ്ബാക്ക് കഥയിൽ ആവിഷ്ക്കരിക്കപ്പെട്ട സാങ്കൽപ്പിക ചരിത്രത്തിന് സമാനമാണ്, രേഖാചിത്രത്തിൽ ആവിഷ്ക്കരിക്കപ്പെടുന്ന സാങ്കൽപ്പിക ചരിത്രം. 'കാതോട് കാതോരം (ഭരതൻ - 1985)' എന്ന സിനിമയുമായി ബന്ധപ്പെടുത്തി രേഖ എന്ന എക്സ്ട്രാ നടിയുടെ ജീവിതത്തെ ജോഫിൻ ടി ചാക്കോ ആവിഷ്ക്കരിച്ചിരിക്കുന്നതിൽ ഒരു കെ.ജി.ജോർജ് സ്പർശമുണ്ട്. തബലിസ്റ്റ് അയ്യപ്പന്റെ കൊലപാതകിയെ തേടി ജേക്കബ് ഈരാളിയെന്ന ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം, നാടക പ്രവർത്തകരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്. കുറ്റവാളിയെ തേടി നാടകത്തിലൂടെയാണ് 'യവനിക' എന്ന ചിത്രത്തിലെ നായകൻ ജേക്കബ് ഈരാളിയുടെ യാത്രയെങ്കിൽ, 'രേഖാചിത്ര'ത്തിലെ നായകന്റെ യാത്ര സിനിമയിലൂടെയാണ്. ജേക്കബ് ഈരാളിയ്ക്ക് കണ്ടെത്തേണ്ടത് തബലിസ്റ്റ് അയ്യപ്പന്റെ കൊലയാളിയെ ആയിരുന്നെങ്കിൽ, മലക്കപ്പാറ സി.ഐ വിവേകിന് കണ്ടെത്തേണ്ടത് കൊലചെയ്യപ്പെട്ട പെണ്ണിന്റെ അസ്തിത്വത്തെയാണ്. ഈ വ്യത്യാസം ശരാശരിയൊരു അപസർപ്പക സിനിമയുടെ ഉപരിപ്ലവതയെ ഇല്ലാതാക്കുകയും രേഖാചിത്രത്തെ ക്ലാസിക് തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

'കാതോട് കാതോരം (ഭരതൻ - 1985)' എന്ന സിനിമയുമായി ബന്ധപ്പെടുത്തി രേഖ എന്ന എക്സ്ട്രാ നടിയുടെ ജീവിതത്തെ ജോഫിൻ ടി ചാക്കോ ആവിഷ്ക്കരിച്ചിരിക്കുന്നതിൽ ഒരു കെ.ജി.ജോർജ് സ്പർശമുണ്ട്.
'കാതോട് കാതോരം (ഭരതൻ - 1985)' എന്ന സിനിമയുമായി ബന്ധപ്പെടുത്തി രേഖ എന്ന എക്സ്ട്രാ നടിയുടെ ജീവിതത്തെ ജോഫിൻ ടി ചാക്കോ ആവിഷ്ക്കരിച്ചിരിക്കുന്നതിൽ ഒരു കെ.ജി.ജോർജ് സ്പർശമുണ്ട്.

സ്വതന്ത്ര കേരളത്തിലെ ആദ്യത്തെ ബലാത്സംഗ കൊലപാതകത്തിന് ഇരയായ പാലേരി മാണിക്യത്തിന്റെ ജീവിതവും, പാലേരി മാണിക്യം കൊലക്കേസിന്റെ നാൾവഴികളും ടി.പി.രാജീവന്റെ നോവലിലെ സാങ്കൽപ്പിക ചരിത്രമായും രഞ്ജിത്തിന്റെ സിനിമയായും മാറിയപ്പോൾ (പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ) കൊലയാളിയെ കണ്ടെത്താനായിരുന്നു, അന്വേഷകനായ ഹരിദാസിന്റെ ശ്രമം. 2009-ൽ പുറത്തിറങ്ങിയ സാങ്കൽപ്പിക ചരിത്രത്തെ മുൻനിറുത്തിയുള്ള കുറ്റാന്വേഷണ സിനിമയിൽ കുറ്റവാളിയെ തേടുന്നതിനാണ് പ്രാധാന്യം നൽകിയതെങ്കിൽ, 16 വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ സമാന സ്വഭാവമുള്ളൊരു കുറ്റാന്വേഷണ സിനിമ പ്രാധാന്യം നൽകുന്നത് ഇരയെ കണ്ടെത്താനാണ്. അപസർപ്പക സിനിമകളിലും സാഹിത്യത്തിലും ഉപരിപ്ലവമായ പൂർവ്വ മാതൃകകൾ കാലഹരണപ്പെട്ടതിന്റെ സൂചനയായി ഈ മാറ്റത്തെ കണക്കാക്കാം. 2024-ൽ പുറത്തിറങ്ങിയ മാനുവൽ ജോർജിന്റെ 'സനാരി' എന്ന നോവലിലും ഈ മാറ്റം ദർശിക്കാൻ കഴിയും. 'സനാരി' എന്ന നോവലിലും 'രേഖാചിത്രം' എന്ന സിനിമയിലും കുറ്റവാളിയെ തേടിയല്ല അന്വേഷണം നടക്കുന്നത്. 'സനാരി'യിലെയും 'രേഖാചിത്ര'-ത്തിലേയും നായകന്മാർ കുറ്റത്തെയും ഇരയേയുമാണ് അന്വേഷിക്കുന്നത്. ആഖ്യാനത്തിലെ ഈ പരിണാമം, ജനപ്രിയ സാഹിത്യത്തിലേയും സിനിമയിലേയും അപസർപ്പക ആഖ്യാനങ്ങളുടെ പരമ്പരാഗത ശൈലിയെ ഉടച്ചുവാർക്കുകയും നവീകരിക്കുകയും ചെയ്യുകയാണ്. ഈ അർത്ഥത്തിൽ ഇരകളുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നൊരു രാഷ്ട്രീയ സിനിമ കൂടിയായി രേഖാചിത്രം പരിണമിക്കുന്നുണ്ട്.

'The Girl with the Dragon Tattoo' എന്ന ഡേവിഡ് ഫിഞ്ചറിന്റെ (David Fincher) സിനിമയിലെ നായകനായ പത്രപ്രവർത്തകൻ മൈക്കൽ ബ്ലോംക്വിസ്റ്റ് ( Mikael Blomkvits), നാല്പത് വർഷം മുമ്പ് കാണാതായ കൊല്ലപ്പെട്ടെന്ന് കരുതുന്ന 16 വയസ്സുകാരി ഹാരിയറ്റിനെ (Harriet) തേടി നടത്തുന്ന അന്വേഷണത്തിന് സമാനമാണ് രേഖാചിത്രത്തിലെ സി.ഐ. വിവേകിന്റെ അന്വേഷണവും. ഇരുവരും തേടുന്നത് കൊലയാളിയേക്കാൾ ഉപരി കൊലപാതകത്തിന് ഇരയായ പെൺകുട്ടിയുടെ സ്വത്വത്തെയാണ്. ജോഫിൻ ടി ചാക്കോയ്ക്കും ഡേവിഡ് ഫിഞ്ചറിനും മുൻപ് ഇത്തരത്തിൽ അസ്വാഭാവിക മരണം സംഭവിച്ച സ്ത്രിയുടെ സ്വത്വത്തെ മുൻനിറുത്തിയുള്ള അന്വേഷണം നടന്നൊരു സിനിമ കെ.ജി.ജോർജിന്റെ 'ഈ കണ്ണികൂടി'യാണ്. ‘ഉത്തരം’ (പവിത്രൻ - 1989), ‘ഈ കണ്ണികൂടി’ (കെ.ജി ജോർജ് - 1990), ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ (ജോഷി - 1990) തുടങ്ങിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് ക്രൈം ത്രില്ലർ സിനിമകളുടെ ഇടയിലേക്ക് സവിശേഷ പ്രാധാന്യത്തോടെ 'രേഖാചിത്രം' ഇടം പിടിക്കുകയാണ്. ഉപരിപ്ലവമായ പരമ്പരാഗത അപസർപ്പക സിനിമ ഫോർമുലകളെയും സങ്കേതങ്ങളേയും 'രേഖാചിത്രം' നിരാകരിക്കുന്നു. ഈ കുറ്റാന്വേഷണ ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റവാളിയെ അല്ല തേടുന്നത്, ഇരയെ ആണ്. ഇരയാക്കപ്പെട്ട സ്ത്രീയുടെ ജീവിതത്തെയാണ്.

രേഖാചിത്രത്തിൽ ആസിഫ് അലി
രേഖാചിത്രത്തിൽ ആസിഫ് അലി

സാങ്കൽപ്പിക ചരിത്രത്തെ പിൻപറ്റി സൃഷ്ടിക്കപ്പെട്ട ‘ഒരു വടക്കൻ വീരഗാഥ’ (ഹരിഹരൻ - 1989), നമ്പർ 20; മദ്രാസ് മെയിൽ (ജോഷി - 1990), ഹേറാം (കമൽഹാസൻ - 2000), Inglourious Basterds (Quentin Tarantino - 2009) , Once Upon a Time in Hollywood (Quentin Tarantino þ 2019) എന്നീ ക്ലാസിക് സിനിമകളുടെ പിന്തുടർച്ച അവകാശപ്പെടാനുള്ള മികവ് രേഖാചിത്രത്തിനുണ്ട്. സാങ്കൽപ്പികവും അതേ സമയം യാഥാർത്യവുമായി സമയകാലങ്ങളെ കുരുക്കിയിടുകയും ചെയ്യുന്നുണ്ട് ചിത്രത്തിൻെറ തിരക്കഥ.

കഥയേക്കാൾ സങ്കീർണ്ണമായ തിരക്കഥയൊരുക്കാൻ രാമു സുനിലിനും ജോൺ മന്ത്രിക്കലിനും കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗതമായ അപസർപ്പക സിനിമകളിൽ നിന്നും വിഭിന്നമായി ഏറെ സങ്കീർണതകളും യാഥാർത്യവും അതിലേറെ കള്ളങ്ങളും കഥയുമുള്ളൊരു തിരക്കഥ തന്നെയാണ് രേഖാചിത്രത്തിന്റെ നട്ടെല്ല്. വർത്തമാനകാലവും 'കാതോട് കാതോരം' സിനിമയുടെ ഷൂട്ടിങ് നടന്ന ഭൂതകാലവും മനോഹരമായി ദൃശ്യവൽക്കരിക്കാൻ അപ്പു പ്രഭാകറിന്റെ ക്യാമറക്കാഴ്ചയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 'കിഷ്കിന്ധാ കാണ്ഡം (ദിൽജിത്ത് അയ്യത്താൻ - 2024)' സിനിമയിലൂടെ സുപരിചിതനായ മുജീബ് മജീദിന്റെ സംഗീതം 'രേഖാചിത്ര'ത്തിന്റെ ആത്മാവ് ആകുന്നു. സാങ്കൽപ്പിക ചരിത്രകഥയെ തികഞ്ഞ യാഥാർത്യ ബോധത്തോടെ എഡിറ്റ് ചെയ്ത ഷെമീർ മുഹമ്മദിന്റെ മികവ് 'രേഖാചിത്ര'ത്തിന് മാറ്റ് കൂട്ടുന്നു. ആസിഫ് അലി, സെറിൻ ശിഹാബ്, അനശ്വര രാജൻ, മനോജ് കെ ജയൻ തുടങ്ങി എല്ലാ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്. രേഖ പത്രോസിന്റെ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും അറിയാനുള്ള ആകാംക്ഷയും നിഗൂഢതയും പ്രേക്ഷകനിലേക്ക് എത്തിക്കാൻ മലക്കപ്പാറ സി.ഐ. ആയി വേഷമിട്ട ആസിഫ് അലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജോഫിൻ ടി ചാക്കോ
ജോഫിൻ ടി ചാക്കോ

AI സാങ്കേതികവിദ്യയിൽ മമ്മുട്ടിയെ സ്ക്രീനിലെത്തിച്ച പരീക്ഷണത്തിന് നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും സംവിധായകൻ ജോഫിൻ ടി ചാക്കോയും അഭിനന്ദനം അർഹിക്കുന്നു. പാളിപ്പോകാവുന്ന സാധ്യതകളുണ്ടായിട്ടും, കയ്യടക്കത്തോടെയൊരു ക്ലാസിക് കുറ്റാന്വേഷണ സിനിമയൊരുക്കാൻ രേഖാചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.


Summary: New malayalam movie Rekhachithram directed by jofin t chacko starring Asif Ali, Anaswara Rajan. P Jimshar writes review.


പി. ജിംഷാർ

കഥാകൃത്ത്, മാധ്യമപ്രവർത്തകൻ. 10 വര്‍ഷത്തിലധികമായി ചലച്ചിത്ര രംഗത്ത് തൊഴിലെടുക്കുന്നു. ദൈവം വല നെയ്യുകയാണ്, ഭൂപടത്തിൽനിന്ന് കുഴിച്ചെടുത്ത കുറിപ്പുകൾ, പടച്ചോന്റെ ചിത്രപ്രദർശനം, എഡിറ്റിങ് നടക്കുന്ന ആകാശം, ആണ്‍കഴുതകളുടെ Xanadu, ലൈലാക്കുല്‍സു എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments