സ്വന്തം ശരീരത്തെ ഇത്രമാത്രം ഒരുക്കിനിർത്തിയ മറ്റൊരു നടനുണ്ടോ

മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ

സ്വന്തം ശരീരത്തെ ഇത്രമാത്രം ഒരുക്കിനിർത്തിയ മറ്റൊരു നടനുണ്ടോ എന്ന് സംശയം. ഒതുക്കിയും നിർത്തിയിട്ടുണ്ട് ആ ശരീരത്തെ. അഭിനയവും ശരീരവും ക്യാമറയ്ക്ക് അനുരൂപപ്പെടുത്തിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. കാമറയ്ക്കുമുന്നിലെ പെരുമാറ്റം സ്‌ക്രീനിൽ എന്ത് പ്രതിഫലിപ്പിക്കും എന്നത് കൃത്യമായി തിരിച്ചറിയുക എന്നത് സിനിമാ അഭിനയത്തെ സംബന്ധിച്ച് ഏറ്റവും വലിയ പാഠമാണ്. സംഭാഷണങ്ങൾ ഉരുവിടുന്നതിൽ ഭാവാത്മകത സന്നിവേശിക്കപ്പെട്ടതും ഇതുപോലെ തപസ്യാരീതിയിൽ അനുവർത്തിച്ച നിഷ്ഠകളുടെ പരിണതിയായിരിക്കണം. പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ മുഖമാംസപേശികൾ എത്രമാത്രം, എങ്ങനെ ചലിപ്പിക്കണം എന്നത് സ്വയം പഠിപ്പിച്ചിരിക്കണം. അതുകൊണ്ടാണ് 'കരിയിലക്കാറ്റുപോലെ' യിൽ സ്റ്റേജിലിരുന്ന്പണ്ട് പീഡിപ്പിച്ച സ്ത്രീയെ കാണുമ്പോഴുള്ള മനോവിഭ്രാന്തി തന്മയത്വമാർന്നതാകുന്നത്. 'തനിയാവർത്തന'ത്തിൽ സ്വന്തം അനുജത്തിയെ പെണ്ണുകാണാൻ വന്നവരോട് അയൽപക്കക്കാരനാണെന്ന് പറയുമ്പോഴുള്ള ദയനീയത ആന്തരസ്പർശിയായത്. അവനവനെ പഠിച്ചെടുക്കുക, അത് പ്രായോഗികമാക്കുക, ഇതൊക്കെയായിരിക്കണം മമ്മൂട്ടിയുടെ നീണ്ടകാല സ്വീകാര്യതയുടെ പിന്നിൽ.

ഇങ്ങനെ ക്യാമറയ്ക്കും വെള്ളിത്തിരയിലെ പ്രതിഛായയ്ക്കും വേണ്ടി പാകപ്പെടുത്തിയ മൃദുചടുലവും അനുകൂലവും ശാഠ്യമില്ലാതെ മയപ്പെടുത്താവുന്നതുമായ ശരീരം അതിന്റേതായ ഭാഷ നിർമിച്ചെടുത്ത് കൂടുവിട്ട് കൂടുമാറുന്ന കളികളിൽ അയത്നലളിതമായി പങ്കെടുത്തു, അതിന്റെ പരിണിതപത്രമാണ് അൻപതുകൊല്ലത്തെ അനുസ്യൂത വിജയം. ഒരു കാലിന്റെ നീളക്കുറവുപോലെയുള്ള ചില ശാരീരികവൈകല്യങ്ങൾ അതിസമർഥമായാണ് ഒളിപ്പിക്കപ്പെട്ടത്. ആകാരസൗഷ്ഠവത്തിന്റെ ആകർഷണീയത ഇതോടൊപ്പം കാഴ്ചാശീലങ്ങളെ മെരുക്കിനിർത്തുകയും ചെയ്തു. സ്‌ക്രീൻപ്രസൻസ് എന്നത് താനേ വന്നുഭവിച്ചതല്ല, നൈസർഗ്ഗികമായ ചാതുരിയും അനുഷ്ഠാനപരമെന്നപോലെയുള്ള പരിപാലനവും പിന്നിലുണ്ട്

ഇപ്രകാരം സൂക്ഷ്മമമായും അവധാനതയോടും കൂടി ക്യാമറയ്ക്ക് അനുരൂപപ്പെടുത്തിയ ശരീരം കൂടുതൽ വഴക്കിയെടുത്തതിലൂടെയാണ് മമ്മൂട്ടി കഥാപാത്രങ്ങൾ വൈപുല്യത്തിന്റെ സാധ്യതയിലേക്ക് വികസിച്ചത്. നീണ്ടുനിവർന്ന് വെറുതെ നിന്നാലും ആ ശരീരത്തിന് ഒരു ഭാഷയും നിശ്ചിത രാഷ്ട്രീയവും ഉണ്ടെന്ന് പ്രഖ്യാപിക്കുന്നതരത്തിലേക്ക് ആ ശരീരം ഇണക്കിയെടുക്കപ്പെട്ടു. പൊലീസ് വേഷം അദ്ദേഹത്തിന്റേയോ പ്രേക്ഷകരുടേയോ ഇഷ്ടവേഷം എന്ന് വേർതിരിക്കാനാവാതെ സമ്മേളിതമായി. വാത്സല്യനിധിയായ വല്യേട്ടന്മാർക്കോ, ദാമ്പത്യത്തിന്റെ നിഗൂഢകളിൽ തോറ്റുപോകുന്ന ഭർത്താക്കന്മാർക്കോ, പ്രേമനാടകങ്ങളിൽ ചതിക്കപ്പെട്ടുപോകുന്ന ചന്തുമാർക്കോ, കാമമോഹിതനായിച്ചമയുന്ന യൗവനയുക്തർക്കോ, ആർക്കുവേണ്ടിയും ആ ശരീരം വിട്ടുകൊടുക്കപ്പെട്ടു. അതേസമയം, സൂക്ഷ്മതയോടെ ആ ശരീരത്തിൽ കാലത്തിന്റെ അടയാളങ്ങൾ പതിയാതിരിക്കാൻ വ്യക്തിപരമായി കഠിനപ്രയത്നവും നടത്തി. അതുകൊണ്ടാണ് സ്വന്തം ശരീരഭാഷ പല കഥാപാത്രങ്ങളുടേതായി എളുപ്പം മാറ്റിയെടുക്കാൻ സാധിച്ചത്. പുരുഷശരീരത്തെ പ്രതിനിധീകരിക്കാനും അതിന്റെ രാഷ്ട്രീയത്തെ സമർഥമായി ഉപയോഗപ്പെടുത്താനും മമ്മൂട്ടിയ്ക്ക് ഇപ്രകാരം സാധ്യമായി.

ആദ്യസിനിമകളിലെ പ്രേമനായകവേഷങ്ങൾ, 'തൃഷ്ണ'യിലെപ്പോലെ, സാധാരണ ഇന്ത്യൻ സിനിമാനായകരുടെ ഗതാനുഗതികത്വാഭിനയശീലങ്ങളിൽ വാർത്തെടുക്കപ്പെട്ടെങ്കിൽ, ഉദാരമായ രീതികളിൽ പിന്നീട് സ്വശരീരത്തെ വിട്ടുകൊടുക്കുന്ന പ്രകൃതിയിലേക്ക് മാറ്റിയെടുത്തു, മമ്മൂട്ടി. 1985-ൽ, 'നിറക്കൂട്ടി'നും 'യാത്ര'ക്കും വേണ്ടി, പാടേ തല മൊട്ടയടിച്ച നായകനായി സ്വയം പ്രത്യക്ഷപ്പെടുത്തി. സുന്ദരമായ പ്രത്യക്ഷശരീരത്തിന്റെ അപനിർമ്മാണത്തിന്റെ ഉദാഹരണം പോലെ. 'നിറക്കൂട്ടി'ൽ മേൽവസ്ത്രമില്ലാതെ, കട്ടിലിൽ കെട്ടിയിടപ്പെട്ട നിസ്സഹായനായിട്ടാണ് ആ ശരീരം പ്രദർശിക്കപ്പെട്ടത്. അതും സ്ത്രീകളായിരുന്നു ആ നിരാലംബത സൃഷ്ടിച്ചത്. കഥാപാത്രസാക്ഷാത്കാരത്തിന് അനാവൃതമായ ശരീരത്തെ വിട്ടുകൊടുക്കുന്നത് ഇവിടെ തുടങ്ങിയിരിക്കണം. 'യാത്ര'യിലെ നായകന്റെ നിസ്സഹായതയും ശരീരചലനങ്ങളിലൂടെയാണ് കൂടുതലും വ്യക്തമാക്കപ്പെട്ടത്. ഈ സമയത്ത് 150 ഓളം സിനിമകളിൽ അഭിനയിച്ച പരിചയം ഈ ഉദാരതയ്ക്കുപിന്നിലുണ്ടായിരുന്നിരിക്കണം.

1987ൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ റിലീസ് ചെയ്യപ്പെട്ട 'ന്യൂഡൽഹി' (ജൂലൈ 24) യും 'തനിയാവർത്തന'വും (ആഗസ്റ്റ് 15) വ്യത്യസ്തമായ ശരീരഭാഷണങ്ങൾ ഉൾച്ചേർത്തവയാണ്. "ന്യൂഡൽഹി'യിലെ അതിശക്തനായ ജി. കെ.യുടെ നേർവിപരീതനാണ് 'തനിയാവർത്തന'ത്തിലെ മാനസികനില നഷ്ടപ്പെട്ട പാവം ബാലൻ മാഷ്. ഈ രണ്ട് സിനിമകളുടെയും ഷൂട്ടിങ് വേളകൾ ഇടകലർന്നിട്ടുണ്ട്, പക്ഷേ അതിസൂക്ഷ്മതയോടെയാണ് സ്വശരീരത്തെ ഈ പകർന്നാട്ടത്തിൽ പങ്കെടുപ്പിക്കുന്നത്. 'പാലേരി മാണിക്യ'ത്തിലെ മൂന്ന് മമ്മൂട്ടിക്കഥാപാത്രങ്ങൾക്കും (അഹമ്മദ് ഹാജി, മക്കൾ ഖാലിദ്, ഹരിദാസ്) മൂന്ന് ശരീരഭാഷകളാണ്, അല്ലെങ്കിൽ സംഭാഷണം കൊണ്ടോ മുഖം കൊണ്ടോ അങ്ങനെ തോന്നിപ്പിക്കുന്നവയാണ്.

"പൊന്തൻ മാട'യിൽ ഒരു മുണ്ട് മാത്രമുടുത്ത് നിഷ്‌കളങ്കനായ ഒരു ദലിതന്റെ ശരീരം നിർമിച്ചെടുക്കപ്പെട്ടിട്ടുണ്ട്. കമുകിൽ കയറി അള്ളിപ്പിടിച്ചിരുന്ന് രണ്ടാം നിലയിലെ സായിപ്പിനെ നോക്കുന്നത് രസാവഹമായി അവതരിപ്പിച്ച അതേ ശരീരം തന്നെയാണ് ഗർവും കാമവും ഉടലെടുത്ത ഭാസ്‌കരപട്ടേലരുടേതാക്കി മാറ്റിയെടുത്തത് (വിധേയൻ). പട്ടേലർക്കും മേൽവസ്ത്രങ്ങളില്ല ചിലപ്പോൾ. അതേ ശരീരം കാമമോഹിതനും വീരാളിയുമായ ചന്തുവിനുവേണ്ടി സ്വരൂപിച്ചെടുക്കുണ്ട്, ഒരു വടക്കൻ വീരഗാഥയിൽ. ആത്മപതനത്തിനുശേഷം അവസാനരംഗത്ത് വരുന്ന ചന്തുവിനുവേണ്ടി ഈ ശരീരം മയപ്പെടുത്തുന്നുണ്ട്, ""ഈ ശരീരത്തെ തോൽപ്പിക്കാനാവില്ല മക്കളേ'' എന്നുപ്രഖ്യാപിക്കുന്ന രീതിയിൽ.

അതുകൊണ്ടുതന്നെയാണ്, ആ ശരീരത്തെ സ്വയംനശിപ്പിക്കുന്നത് തീക്ഷ്ണമായ ആഘാതമുളവാക്കുന്നതായി അനുഭവപ്പെടുന്നത്. ഒരു തോർത്തു മാത്രമുടുത്ത, പാലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ ഉടൽ അഹങ്കാരത്തിന്റെയും അധീശത്വത്തിന്റെയും നിറഞ്ഞുകവിയുന്ന ആസക്തിയുടേയും കുടിയിരിപ്പിടമാണ്. അഹമ്മദ് ഹാജിയുടെ അനാവൃതശരീരമല്ല ചന്തുവിന്റെ അനാവൃതശരീരം, ഭാസ്‌കരപട്ടേലരുടേയും. ഇതേ ശരീരമല്ല ആഢ്യത്തം തെളിയിക്കാൻ പ്രത്യക്ഷപ്പെടുത്തുന്ന, മേൽവസ്ത്രമില്ലാത്ത, നരസിംഹത്തിലെ അതിഥിവേഷമായ നന്ദഗോപാൽ മാരാർക്ക്.

മതിലുകളിലെ ഈ പ്രപഞ്ചത്തെ മുഴുവൻ സ്നേഹിക്കുന്ന, അയഞ്ഞ ശരീരപ്രകൃതിയുള്ള ബഷീർ ആകാനും തന്ത്രങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്. "മുന്നറിയിപ്പി'ലെ രാഘവൻ കൈ അധികം അനക്കാത്ത ആളാണ്, ബലംപിടിച്ചുള്ള ചലനങ്ങളുമാണ് അയാൾക്ക്. എന്നാൽ "പുഴു' വിലെ കുട്ടന് തികച്ചും വ്യത്യസ്തമാർന്ന ശരീരവിന്യാസങ്ങളാണ്. പൊലീസ് വേഷങ്ങൾക്ക് പ്രസിദ്ധിപെറ്റ ശരീരം പൊന്തൻമാടയ്ക്ക് നിർബ്ബാധം വിട്ടുകൊടുക്കുന്നത് എളുപ്പവഴിയിലായിരുന്നു എന്നുമാത്രമല്ല, പ്രതീതിജനകവും വിശ്വസനീയവുമായി പ്രേക്ഷകർക്ക് അനുഭവപ്പെടുത്തുന്നു.
ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ പൂർണ രൂപം വായിക്കാം
ഈ ശരീരത്തെ തോൽപ്പിക്കാനാവില്ല മക്കളേ...| എതിരൻ കതിരവൻ


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments