മമ്മൂട്ടി രാഷ്ട്രീയം പറയണോ

മ്മൂട്ടി തന്നെയാണ് അദ്ദേഹത്തെ ഉണ്ടാക്കിയത്. അദ്ദേഹം സുന്ദരനാണ് എന്നത് നമ്മുടെ തോന്നലാണ്. നമ്മളിൽ ആ തോന്നലുണ്ടാക്കാനുള്ള പണിയിൽ അദ്ദേഹം ആദ്യഘട്ടത്തിലൊക്കെ വിജയിച്ചു എന്നേയുള്ളൂ. ആ വിജയാനന്തരം പിന്നീടുള്ള ഘട്ടങ്ങളിൽ മമ്മൂട്ടിയെ പോലെ എന്നത് കേരളത്തിന്റെ ആൺസൗന്ദര്യത്തിന്റെ മാനദണ്ഡമായിത്തന്നെയും മാറിപ്പോയി. മമ്മൂട്ടിയെ പോലെ സുന്ദരൻ എന്ന താരതമ്യത്തിൽ ഏറ്റവും വിജയിക്കുക മമ്മൂട്ടി തന്നെയാകുമല്ലോ. അങ്ങനെ അദ്ദേഹം വിജയിച്ച് നിൽക്കുന്നു, ഓരോ ജന്മദിനത്തിലും നമ്മൾ അദ്ദേഹത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പോസ്റ്റിടുന്നു. ഈ വിഷയത്തിലും ഇദ്ദേഹത്തിന്റെ ശ്രദ്ധാപൂർവമായ കഠിനാധ്വാനം നമ്മൾ കാണാതിരിക്കരുത്. ഏതു മേഖലയിലും പ്രവർത്തിക്കുന്നവർക്ക് മമ്മൂട്ടിയിൽ നിന്ന് പഠിക്കാനുള്ളത്, ശ്രദ്ധാപൂർവമായ കഠിനാധ്വാനം എന്ന സംഗതിയാണ്.

അഭിനയിക്കുമ്പോൾ തിയറിയും രാഷ്ട്രീയവും ഒക്കെ ഉള്ളയാൾ ആവശ്യത്തിന് രാഷ്ട്രീയം പറയാത്തതെന്താണ് എന്ന സംശയം പൊതുവിൽ അന്തരീക്ഷത്തിലുണ്ട്. മമ്മൂട്ടി രാഷ്ട്രീയം ഇപ്പോൾ പ്രകടിപ്പിച്ചതിലേറെ കാണിക്കേണ്ടതില്ല എന്ന തോന്നലുള്ളയാളാണ് ഞാൻ. മമ്മൂട്ടിയുടെ പണി വേറെയാണ്. 2016-ൽ ഷാരൂഖ് ഖാനുമായി ഒരു അഭിമുഖം ഗാർഡിയനിൽ വന്നിരുന്നു. ഷാരൂഖിന്റെ മാനേജർ ആദ്യം തന്നെ അഭിമുഖകാരിയോട് പറയും, വിവാദചോദ്യങ്ങളൊന്നും ചോദിക്കരുത് എന്ന്. മോദി സർക്കാർ വന്ന ശേഷമാണിത്. അഭിമുഖകാരി പക്ഷെ അത് തന്നെ ചോദിക്കും. എന്തുകൊണ്ടാണ് നിങ്ങൾ രാഷ്ട്രീയവിഷയങ്ങളെക്കുറിച്ച് മിണ്ടില്ല എന്ന സ്റ്റാൻഡ് എടുത്തിരിക്കുന്നത് എന്ന്. ഷാരൂഖിന്റെ മറുപടി ഇങ്ങനെ: നോക്കൂ, ഷാരൂഖ് ഖാൻ എന്ന ബിസിനസിനോടുചേർന്ന് പത്ത് മുന്നൂറോളം ആളുകളും അവരുടെ കുടുംബങ്ങളും ജീവിതം പുലർത്തുന്നുണ്ട്, അത്രയുമാളുകളുടെയും വലിയൊരു ഇൻഡ്‌സ്ട്രിയുടെ വലിയൊരു ഭാഗത്തെയും എന്റെ ഒരൊറ്റ കമന്റ് ദോഷകരമായി ബാധിക്കുന്നുവെങ്കിൽ ഞാനത് പറയാതിരിക്കുകയല്ലേ വേണ്ടത്. എനിക്ക് പറയാനുള്ള അത്തരം അഭിപ്രായങ്ങൾ ഞാനിപ്പോൾ എന്റെ കുട്ടികളോട് മാത്രമേ പറയാറുള്ളൂ.

ഷാരൂഖിന്റെ മറുപടി അവിടെ മതിയായതാണ്. ആ മറുപടി തന്നെയും രാഷ്ട്രീയസാഹചര്യത്തെയും അതിൽ അദ്ദേഹത്തിന്റെ നിലപാടിനെയും വെളിവാക്കുന്നുണ്ട്. അവിടെ ഷാരൂഖ് എന്ന പോലെ ഇവിടെ മമ്മൂട്ടി അത്ര വലിയ വെല്ലുവിളിയൊന്നും നേരിടുന്നില്ല. എന്നാലും, ഷാരൂഖ് ഉദ്ദേശിച്ച അതേ അർഥത്തിൽ തന്നെ നോക്കിയാൽ എപ്പോഴുമെപ്പോഴും മമ്മൂട്ടി രാഷ്ട്രീയം പറയേണ്ടതില്ല എന്ന തോന്നൽ തന്നെയാണെനിക്ക്. ഇപ്പോൾ അദ്ദേഹത്തിനുണ്ട് എന്ന് ജനം മനസ്സിലാക്കി വെച്ചിരിക്കുന്ന രാഷ്ട്രീയനിലപാടിനെ തള്ളിപ്പറയാതിരുന്നാൽ തന്നെയും മതി എന്നാണ് തോന്നാറ്. പക്ഷെ, മലയാള സിനിമയിലെ ഇക്കാലത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വർത്തമാനങ്ങൾ ഇത്രയ്ക്ക് പോരാ എന്ന അഭിപ്രായവും എനിക്കുണ്ട്. പത്ത് നാൽപ്പത്തിരണ്ട് വർഷക്കാലം പ്രവർത്തിച്ച, ഇപ്പോഴും പ്രവർത്തിക്കുന്ന ഇൻഡ്‌സ്ട്രിയിലെ പ്രശ്‌നങ്ങളിൽ അദ്ദേഹം കുറേക്കൂടി ഉറച്ച് സംസാരിക്കുമെന്നാണ് നമ്മൾ ആഗ്രഹിക്കുക. അതിൽ പക്ഷെ തീരുമാനം അദ്ദേഹം എടുക്കുന്നതുതന്നെയാണ് ഭംഗി. അതിനുമ്മാത്രം പരിചയം മമ്മൂട്ടിക്ക് ഈ സമൂഹത്തിലൊക്കെ ജീവിച്ചിട്ട് ഉണ്ടല്ലോ എന്നുവിചാരിക്കുക, അത്ര തന്നെ.

മമ്മൂട്ടി നമ്മളെയൊക്കെ പോലെയൊരാളാണ്. വിശ്വാസിയാണ്, പെരുന്നാൾ നമസ്‌കാരത്തിന് പള്ളിയിൽ കാണും. അത്ര മതം ഉണ്ട്, നമ്മളെയൊക്കെ പോലെ തന്നെ. അത്രയേയുള്ളൂ. ആ മതം തന്നെ രാഷ്ട്രീയമാക്കുന്ന ഏർപ്പാടിന് ആളെ കിട്ടില്ല. മതേതര രാഷ്ട്രീയത്തിന്റെ (മതേതര കേരളത്തിന്റെ) മുന്നണിമുഖം എന്നതിൽ നിന്ന് മാറിപ്പോകുന്ന ഒരിടത്തും ഇദ്ദേഹത്തെ നമ്മൾ കാണില്ലല്ലോ. മതരാഷ്ട്രീയത്തിന്റെ പോസ്റ്റർ ബോയ് ആകാവുന്നയിടങ്ങൾക്ക് ഇങ്ങേരെ വരുംകാലത്തിനും കിട്ടില്ല എന്നുറപ്പാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം പേരെയും പോലെ തന്നെയുള്ളൊരാളായേ മമ്മൂട്ടി ഈ വിഷയത്തിലും ഇതുവരെയുള്ളൂ, ഇനിയും അങ്ങനെയേ കാണൂ. ഇതുകൊണ്ടുകൂടിയാണ് വളരെ ഉയരത്തിൽ നിൽക്കുമ്പോഴും ഇദ്ദേഹം നമ്മളിലൊരാളാണ് എന്ന് കൂടെ തോന്നുന്നത്.

ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം ഒരു മലയാളിയുടെ മമ്മൂട്ടിത്തോന്നലുകൾ | സനീഷ്​ ഇളയടത്ത്​

Comments