എന്തുകൊണ്ടാണ് ഇർഫാൻ നമ്മളെ ഇത്രയേറെ ബാധിക്കുന്നത്?

ഒരു ടെക്നിഷ്യനും നടനും തമ്മിൽ ഇങ്ങനെയൊരു ഇടപെടൽ എങ്ങനെ സാധ്യമാവും എന്ന് സ്ലംഡോഗ് മില്യനെയറിന്റെ സംവിധായകൻ ഡാനി ബോയ്ൽ റസൂൽ പൂക്കുട്ടിയോട് ചോദിച്ചിരുന്നു. ഇർഫാൻ ഖാനും റസൂലും തമ്മിൽ അത്രയും ആത്മബന്ധമുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടങ്ങിയ ബന്ധമാണ്. രക്തം കിനിയുന്ന ആ സ്നേഹത്തിന്റെ ഓർമ റസൂൽ പൂക്കുട്ടി ട്രൂ കോപ്പി തിങ്കിനു വേണ്ടി എഴുതുന്നു.

ലിയ സിനിമാ സ്വപ്‌നവുമായിട്ടാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. അവിടെവെച്ചാണ് ആദ്യമായി ഇർഫാനെ കാണുന്നത്. എന്റെ ആദ്യത്തെ വർഷം സൂപ്പർസീനിയേഴ്‌സിന്റെ കൂടെ അവരുടെ ഡിപ്ലോമ ഫിലിമിൽ ഞാൻ അസിസ്റ്റു ചെയ്തിരുന്നു. ഇർഫാനും ആ സിനിമയുടെ ഭാഗമായിരുണ്ടായിരുന്നു. പരിചയം എന്നതിനപ്പുറം അടുത്ത ബന്ധമൊന്നുമായിരുന്നില്ല അത്.

ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെങ്കിലും നെഗറ്റീവെല്ലാം ചീത്തയായിപ്പോയതു കാരണം അത് രണ്ടാമതും ഷൂട്ട് ചെയ്യേണ്ടി വന്നു. രണ്ടാമത് വരുമ്പോഴാണ് ഞാനും ഇർഫാനും സുഹൃത്തുക്കളാവുന്നത്. അതുവരെ ആക്ടറാണ്, ബോംബെയിൽ നിന്നു വന്നതാണ് എന്നറിയാം. ഇർഫാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് കുറച്ച് ദൂരെ നിന്നേ ഇടപെട്ടിരുന്നുള്ളൂ. ചിത്രത്തിന്റെ പാക്ക് അപ്പ് പാർട്ടിയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

പിന്നീട് പല ഡിപ്ലോമ സിനിമകൾക്കിടയിലും ഇർഫാൻ വന്നിട്ടുണ്ട്, അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഞാൻ ബോംബെയിലേക്ക് വരുന്നു. ബോംബെയിൽ സീമ ബിശ്വാസ്, മനോജ് ബാജ്പായ്, നീരജ് പാണ്ഡെ, സൗരവ് ശുക്ല, ഇർഫാൻ എന്നിവരൊക്കെ താമസിക്കുന്നത് ഗൊരേഗാവിലാണ്. 92ലെ കലാപം വരെ ബോംബെയിൽ തന്നെ മറ്റൊരിടത്തായിരുന്നു ഇർഫാൻ താമസിച്ചിരുന്നത്. അവിടെ ഒരു വൺറൂം കിച്ചണിലാണ് ഞാനും താമസിച്ചിരുന്നത്. കലാപ സമയത്ത് ഇർഫാന്റെ വീട്ടിലേക്ക് കലാപകാരികൾ കയറിവന്നപ്പോൾ പേടിച്ച് അവിടെ നിന്ന് പോയതാണ്. പിന്നീട് ആ സ്ഥലമൊക്കെ വിറ്റാണ് ഗൊരേഗാവിലേക്ക് മാറിയത്.

97ൽ ഞാനും അവിടെ എത്തുന്നു. 97ലാണ് എന്റെ ആദ്യ സിനിമ 'പ്രൈവറ്റ് ഡിറ്റക്ടീവ്' ന്റെ ഷൂട്ട് തുടങ്ങുന്നത്. എഫ്.ടി.ഐയ്ക്കുശേഷം ആ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് വർക്കു ചെയ്യുന്നത്. അവിടെവെച്ചാണ് ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത്. എഫ്.ടി.ഐയിൽ നിന്ന് പഠിച്ചിറങ്ങിയവരും എഫ്.ടി.ഐയുടെ സിനിമയിൽ അഭിനയിച്ചിട്ടുള്ളവരും, സിനിമാ മോഹികളുമെല്ലാമുള്ള വലിയൊരു ഗ്രൂപ്പായിരുന്നു അവിടെ ഞങ്ങളുടേത്. ഇതിനിടയിലെ നടക്കുന്ന ചർച്ചകളും ഞായറാഴ്ചത്തെ ക്രിക്കറ്റ് കളിയുമെല്ലാമായി ആ ബന്ധം വളർന്നു.

ഈസമയത്ത് ഇർഫാൻ ടി.വി സീരിയലുകളിൽ സജീവമായി. അദ്ദേഹം സംവിധാനം ചെയ്ത സീരിയലിൽ മറ്റൊരോ സൗണ്ട് ചെയ്തത് ഇഷ്ടപ്പെടാഞ്ഞിട്ട് സഹായത്തിനായി എന്നെ വിളിക്കുകയായിരുന്നു. മുഖത്തേക്ക് കാറ്റടിക്കുന്ന ശബ്ദമായിരുന്നു അദ്ദേഹത്തിനുവേണ്ടത്. എന്നാൽ മൈക്കിൽ ശബ്ദമടിച്ച് അത് വലിയ നോയിസ് ആയി. ഞാൻ പറഞ്ഞു, "നമുക്കത് റിക്രിയേറ്റ് ചെയ്യാം' എന്ന്. അന്ന് മുതൽ എന്തോ ഒരു വിശ്വാസം ഇർഫാന് എന്നോടുള്ളതായി തോന്നിയിട്ടുണ്ട്.

97ൽ ആദ്യ സിനിമ ചെയ്‌തെങ്കിലും അതിനുശേഷം ചില ചിത്രങ്ങളിൽ ചെറിയ ചില റോളുകളൊഴിച്ചാൽ സിനിമയിൽ ഇർഫാന് വലിയ തോതിൽ തിളങ്ങാനായിരുന്നില്ല. ഇതേത്തുടർന്നാണ് സീരിയൽ രംഗത്തേക്ക് വരുന്നത്. ടെലിവിഷൻ കത്തിനിൽക്കുന്ന കാലമായിരുന്നു അത്. മൂന്നുവർഷത്തോളം അദ്ദേഹം സീരിയൽ രംഗത്ത് തുടർന്നു. അപ്പോഴേക്കും അവനത് മടുത്തിരുന്നു. ഞങ്ങൾ പലപ്പോഴും ഡിസ്‌കഷനിലൊക്കെ പറയുമായിരുന്നു, "ടെലിവിഷൻ ഒരു ട്രാപ്പാണെന്ന്.'

ടെലിവിഷൻ വേണ്ട, പട്ടിണി കിടന്നാലും അവിടെ തുടരില്ല എന്ന മാനസിക നിലയിലായിരുന്നു ഞങ്ങൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇറങ്ങി വന്നത്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നിറങ്ങിയ ആൾ ടെലിവിഷൻ ഇന്റസ്ട്രിയിൽ നിൽക്കുകയെന്ന താൽപര്യം ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. ഇർഫാൻ അന്ന് തിയേറ്ററും ചെയ്തിരുന്നു. ഞങ്ങൾക്കൊരു തിയേറ്റർ ഗ്രൂപ്പുണ്ടായിരുന്നു. അതിലെല്ലാം ഇർഫാൻ വളരെ ആക്ടീവായിരുന്നു.

സീരിയൽ രംഗത്തുനിന്നും ഇർഫാൻ മുക്തനാകാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ ഭാര്യ സുതപയാണ്. അവർ എഴുത്തുകാരിയാണ്. ഇർഫാൻ പണിയെടുത്തില്ലെങ്കിലും എഴുത്തിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് മുന്നോട്ട് പോകാൻ കഴിയുമെന്ന് സുതപ ധൈര്യം കൊടുത്തു. ടെലിവിഷൻ ഫീൽഡ് വിട്ട് ഇർഫാൻ തിരികെ സിനിമയിലേക്ക് വരുന്നതിന് പ്രധാന കാരണം തീർച്ചയായും സുതപയാണ്. 2018ൽ ഇർഫാന് രോഗം സ്ഥിരീകരിച്ചതു മുതൽ അദ്ദേഹത്തിന്റെ മരണം വരെ ഒരുപക്ഷേ ഇർഫാനെക്കാൾ കൂടുതൽ സ്ട്രഗിൾ ചെയ്തിട്ടുണ്ടാവുക അവരാണ്. ഇമോഷണലി, അവരില്ലായിരുന്നെങ്കിൽ ഇർഫാൻ ഒന്നുമല്ല .

"ദ വാരിയർ' ആണ് ഇർഫാന്റെ ആദ്യത്തെ ഇന്റർനാഷണൽ പ്രോജക്ട്. ആ ചിത്രത്തിന്റെ സൗണ്ട് ചെയ്തത് ലണ്ടനിലെ എന്റെ അടുത്ത സുഹൃത്താണ്. ചില ഡബ്ബിങ് വർക്കുകൾക്കായിട്ട് അവരെന്നെ കോണ്ടാക്ട് ചെയ്യുന്നു. ആ സമയത്ത് ലണ്ടനിൽ ഞാൻ ചില വർക്കുകളൊക്കെ ചെയ്തിരുന്നു. അങ്ങനെ അവിടേക്ക് വന്നപ്പോഴാണ് ഞാൻ ഇർഫാനെ വീണ്ടും കാണുന്നത്. ഒരുപാട് അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു അത്. ഇർഫാന്റെ ഇന്റർനാഷണൽ കരിയർ ടേക്ക് ഓഫ് ചെയ്യുന്നത് ദ വാരിയറിലൂടെയാണ്. അതിനുശേഷമാണ് നടനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതും ഇവിടെയുള്ള അനൂപ് സിങ്, രജത് കപൂർ തുടങ്ങിയവർ ഇർഫാനെ സമീപിക്കുന്നതും.

വർഷങ്ങൾക്കുശേഷം സ്ലംഡോഗ് മില്ല്യണയറിലാണ് പിന്നീട് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. ഞാൻ ആദ്യത്തെ സിനിമയിൽ കണ്ട ഇർഫാൻ ഖാനെയല്ല സ്ലംഡോഗ് മില്ല്യണയറിൽ കണ്ടത്. ഒരു പ്രഫഷണൽ ആക്ടർ എന്ന നിലയിൽ അയാൾ ഏറെ വളർന്നിരുന്നു. ഞാനിപ്പോഴും പറയുന്നത് സ്ലംഡോഗിലെ ഇർഫാന്റെ ഏറ്റവും നല്ല സീൻ ആ ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയതാണ്. ഓപ്പണിങ് സീനിൽ ഇർഫാൻ അഭിനയിച്ച ഒരു ഇന്ററോഗേഷൻ സീനുണ്ട്. അതിന്റെ ചെറിയൊരു ഭാഗം മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അതൊരു വലിയ സീനാണ്. ബോംബെ പോലുള്ള സ്ഥലത്ത് പല തരത്തിലുള്ള ക്രിമിനലുകളെ ഡീൽ ചെയ്യുന്ന ഒരു സബ് ഇൻസ്‌പെക്ടറുടെ സീനായിരുന്നു അത്. അദ്ദേഹം ഒരു മോണോലോഗ് പോലെ സംസാരിക്കുന്ന സീനാണത്.

ബോംബെ വളരെ ബഹളമയമായ സ്ഥലമാണെന്ന് ഞാൻ ഇടയ്ക്കിടെ ഇർഫാനോട് പറയുമായിരുന്നു. അൽപം കൂടി സൗണ്ടിൽ സംസാരിക്കാൻ പറയും. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, പുറത്തൊന്നും ഷൂട്ട് ചെയ്യുമ്പോൾ ഈ പ്രശ്‌നമില്ലല്ലോ, നിന്റെടുത്തെന്താ കൊള്ളാവുന്ന മൈക്കൊന്നും ഇല്ലേ എന്ന്. ഞാൻ പറഞ്ഞു, ലോകത്തിലെ ഏറ്റവും ബെസ്റ്റ് മൈക്കാണിത്, പക്ഷേ നമുക്ക് ബെസ്റ്റ് അറ്റ്‌മോസ്ഫിയർ ഇല്ലല്ലോ എന്ന്. അങ്ങനെ ചില തമാശകളും ചെറിയ വഴക്കകളുമൊക്കെയായിരുന്നു ഷൂട്ട്. ഞങ്ങൾ തമ്മിലുള്ള ബന്ധം കണ്ട് ചിത്രത്തിന്റെ സംവിധായകൻ ഡാനി തന്നെ അതിശയിച്ചിച്ചിട്ടുണ്ട്. ഡാനി ഒരിക്കൽ എന്നോട് പറഞ്ഞു, ഞങ്ങളുടെ നാട്ടിലൊന്നും ഒരു ആക്ടറും ടെക്‌നീഷ്യനും ഈ രീതിയിൽ ഇടപെടുന്നത് കണ്ടിട്ടില്ലയെന്ന്. അപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു, "when he is in the frame every breath he takes is my concern' എന്ന്. അപ്പോഴദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇപ്പറഞ്ഞതിൽ കാര്യമുണ്ട്'

വളരെ ചെറിയ വേഷമായിരുന്നു സ്ലംഡോഗിൽ ഇർഫാന്റേത്. അന്നത്തെ അദ്ദേഹത്തിന്റെ നിലവെച്ച് അദ്ദേഹം ചെയ്യാൻ പാടില്ലാത്തത്ര. എന്നിട്ടും അദ്ദേഹം അത് ചെയ്യാൻ തയ്യാറായി എന്നുള്ളതാണ്.

ഓസ്‌കാർ കഴിഞ്ഞതിന്റെ പിറ്റേദിവസം ഒരു ഫോട്ടോഷൂട്ട് നടക്കുകയാണ്. അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽവെച്ച്. കുറേ ഓസ്‌കാർ ഇങ്ങനെ നിരത്തിവെച്ചിരിക്കുന്നു, അതിനുചുറ്റും ഞങ്ങൾ ഇരിക്കുന്നു. അന്നുച്ചയ്ക്ക് ഇർഫാൻ എന്റെടുത്ത് പറഞ്ഞു 'നിനക്കിനി ഇവിടെയും പണികിട്ടാൻ പോണില്ല, അവിടെയും പണികിട്ടാൻ പോണില്ല. നിന്റെ കാര്യം കട്ടപ്പൊകയാണ്'

ഓസ്‌കാർ സ്വീകരിച്ചശേഷം ഞങ്ങൾ ഒരുമിച്ചാണ് തിരിച്ചുവന്നത്. ബോംബെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ അവിടെ വൻ ജനക്കൂട്ടം. ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയേറെ ആളുകളുണ്ടാവുമെന്ന്. ജനങ്ങളെയും പത്രക്കാരെയും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ. ഒടുക്കം പൊലീസിന് തോന്നി എളുപ്പം ഞങ്ങളെ വാനിൽ കയറ്റി കൊണ്ടുപോകുന്നതാണെന്ന്. ഞാനും ഇർഫാനും ഇർഫാന്റെ ഭാര്യയും എന്റെ ഭാര്യയും കുട്ടികളുമാണുണ്ടായിരുന്നത്. ഞങ്ങൾ കുറ്റവാളികളെപ്പോലെ പൊലീസ് വാനിൽ ഇരിക്കുകയാണ്. വണ്ടി നീങ്ങിയപ്പോൾ ഇർഫാൻ, "ആ, ഇത് കൊള്ളാം, ഏറ്റവും വലിയ അവാർഡൊക്കെ വാങ്ങിയാണ് വരുന്നത്. എന്നിട്ട് കള്ളനെക്കണക്കെയാണ് വീട്ടിൽ പോകുന്നത്. ഇതാണ് ഇന്ത്യൻ പാരഡോക്‌സ്.' എന്ന് പറഞ്ഞ് കളിയാക്കി.

അങ്ങനെ ഞങ്ങളെയെല്ലാം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മറ്റെന്തെങ്കിലും അറൈഞ്ച്‌മെന്റ്‌സ് ചെയ്യാമെന്നു പറഞ്ഞ് അവിടെ ഇരുത്തി. അവിടെ പത്രക്കാരൊക്കെ എത്തി ആകെ ബഹളമയമായിരുന്നു. പുള്ളിക്ക് സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു. എവിടെ സ്‌മോക്കിങ് റൂം കണ്ടാലും ഉടൻ അങ്ങോട്ട് പോയി വലിക്കും. സിഗരറ്റ് ചുരുട്ടി വലിക്കുന്നതാണ് ശീലം. സ്റ്റേഷനിൽ നിന്നും അവൻ സിഗരറ്റെടുത്ത് ചുരുട്ടി അവിടെയുള്ള എല്ലാവരേയും നോക്കുകയാണ് തീപ്പെട്ടിയെങ്ങാൻ കിട്ടുമോയെന്ന്. ഉടൻ ലോക്കപ്പിലിരിക്കുന്ന ഒരാളോട് ചോദിക്കുകയാണ് "നിങ്ങളുടെ കയ്യിൽ തീപ്പെട്ടിയുണ്ടോ?' എന്ന്. അത്രയ്ക്ക് ഫ്‌ളോട്ടിങ് പേഴ്‌സണാലിറ്റിയായിരുന്നു അദ്ദേഹം.

എപ്പോഴും ഒരു ക്രൈസിസ് ഉണ്ടെങ്കിൽ എന്നെ വിളിക്കും. ഇൻഫേർണോയിലും ജുറാസിക് വേൾഡിലും ഏറ്റവുമൊടുവിൽ പസിൾ എന്ന ചിത്രത്തിലും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നത് അങ്ങനെയാണ്. "റസൂർ സാബ് കുഛ് കരോനാ?' എന്നു പറഞ്ഞ് വിളിക്കും. ഞാൻ പോകും, പുള്ളിയുടെ ഡബ്ബിങ് ശരിയാക്കി കൊടുക്കും. ഒരിക്കൽ എന്നോടു പറഞ്ഞു, "റോബേർട്ട് ഡൗണി ജൂനിയറുടെ സംസാരം ചിത്രീകരിക്കുമ്പോൾ അയാൾക്ക് ആളുകൾ പ്രോംപ്ട് ചെയ്തുകൊടുക്കും, അതെന്ത് സിസ്റ്റം വെച്ചിട്ടാണ്' എന്ന്. അപ്പോൾ ഞാൻ ചോദിച്ചു, "അത് വേണോ നമുക്ക്'. തന്റെ പോരായ്മ എന്താണെന്ന് ഇർഫാന് കൃത്യമായി അറിയാം. ഞാൻ പറഞ്ഞു, അതിനൊരു സിസ്റ്റമുണ്ട്, ഞാൻ വാങ്ങിത്തരാമെന്ന്. രണ്ട് വർഷം മുമ്പ് ഞാൻ തന്നെ അദ്ദേഹത്തിനത് വാങ്ങിക്കൊടുത്തു.

ഇർഫാന് അസുഖമാണെന്ന വാർത്ത വന്നതിന്റെ പിറ്റേന്ന് എന്നെ എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, "ഇർഫാന് സുഖമില്ലെന്നു പറയുന്നതുകേട്ടു. എന്റെ അങ്കിൾ ഈ അസുഖത്തിനുളള മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇർഫാനെ സഹായിക്കണമെന്നുണ്ട്' എന്ന്. മരുന്ന് കണ്ടുപിടിച്ച സയിന്റിസ്റ്റുമായി ഞാൻ സംസാരിച്ചു. അന്ന് വൈകുന്നേരം ഞാൻ ഇർഫാനെ കണ്ട് കാര്യം പറഞ്ഞു. അന്ന് തന്നെ ഞങ്ങൾ ആ സയിന്റിസ്റ്റ് ഡോക്ടറുമായി സംസാരിക്കുന്നു. റിസൽട്ടെല്ലാം കൊടുക്കുന്നു. അയാൾ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ഇത് അത്രവലിയ അഗ്രസീവ് സംഭവമല്ല എന്ന്. അന്ന് ഇർഫാൻ എന്നോടു പറഞ്ഞു, "നീയെന്റെ ജീവിതത്തിൽ ഒരു മാലാഖയെപ്പോലെയാണ് വന്നിട്ടുള്ളത്.'

ലണ്ടനിൽ പോകുമ്പോൾ ചികിത്സയ്ക്കുള്ള കാര്യങ്ങളെല്ലാം കോ ഓഡിനേറ്റു ചെയ്തു. പക്ഷെ അൺഫോർച്യുനേറ്റ്‌ലി അദ്ദേഹത്തിന് ആ ട്രീറ്റ്‌മെന്റ് ഫലിച്ചില്ല. അതിന് കാരണം ഇർഫാന്റെ ശരീരത്തിലെ പ്രോട്ടീനിന്റെ കുറവായിരുന്നു.

അതോടെ ഒരു സ്വീഡിഷ് പ്രോട്ടോകോൾ പിന്തുടർന്ന് ചികിത്സ നടത്തി. പിന്നീട് യു.എസ് പ്രോട്ടോകോളും ചെയ്തു. അപ്പോഴേക്കും ഞങ്ങൾക്കെല്ലാം മനസിൽ ഏകദേശ ധാരണയുണ്ടായിരുന്നു, സ്റ്റീവ് ജോബ്‌സിനുണ്ടായ ക്യാൻസറാണ്. മാക്‌സിമം പോയാൽ രണ്ടുവർഷം. എന്തെങ്കിലും ചികിത്സ ഫലിക്കുകയണെങ്കിൽ അതൊരു അഞ്ചുവർഷമായി കൂടും. ഇന്റേണലി ഞങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങളത് അവനോട് സംസാരിച്ചില്ല. പക്ഷേ അവനും അറിയാം.

ഇർഫാൻ ലണ്ടനിൽ ട്രീറ്റ്‌മെന്റിനു പോയപ്പോൾ അദ്ദേഹത്തെ കാണാനായി ഞാൻ അവിടെ പോയിരുന്നു. അവന് തലേദിവസം കീമോ ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് ഇരിക്കുകയാണ്. എന്റെ കൂടെ സുഹൃത്ത് രാജീവുമുണ്ടായിരുന്നു. അന്ന് വൈകുന്നേരം ഞങ്ങൾ താമസിക്കുന്നതിന് തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോകുകയാണ്. ഞാനും ഇർഫാനും മുന്നിൽ നടക്കുകയാണ്. അപ്പോൾ ഞാനവനോട് ചോദിച്ചു, "ഇർഫാൻ, എങ്ങനെയുണ്ട് ജീവിതം'. അപ്പോഴവൻ പറഞ്ഞു, "ബോംബെയുടെ തിക്കും തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി, ഞാൻ എന്റെ ജീവിതത്തെ അനലൈസ് ചെയ്തു നോക്കി. ഞാൻ എന്റെ സ്വത്വം മാറ്റി നിർത്തിയും എന്റെ അവയവങ്ങളെ മാറ്റി നിർത്തിയും എന്റെ ശരീരത്തെ നോക്കി. ശരീരത്തിലെ ഓരോ അവയവങ്ങളുമായി ഞാൻ സംസാരിച്ചു. ഇപ്പോൾ എനിക്ക് മരിക്കാൻ പേടിയില്ല. ഞാനതിനോട് താതാത്മ്യം പ്രാപിച്ചു. ഇന്നെനിക്ക് സന്തോഷം മാത്രമേയുള്ളൂ.

ഞാൻ ഈയൊരു മാനസികാവസ്ഥയിലേക്ക് എത്താൻ കുറേ സമയമെടുത്തു. പക്ഷേ ഞാനവിടേക്ക് എത്തി'. വളരെ സന്തോഷവാനായിരുന്നു അന്ന് അവൻ.

അവിടുന്നൊരു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ സ്റ്റാൻലി കുബ്രിക്കിന്റെ വീട്ടിൽ പോയി. സ്റ്റാൻലി കുബ്രിക്കിന്റെ വലിയ ഫാനാണ് ഇർഫാൻ. ഞങ്ങൾ അദ്ദേഹത്തിന്റെ കൊച്ചുമകനെ കണ്ടു സംസാരിച്ചു. കുബ്രിക്കിന്റെ ഗ്രെയ്‌വ്‌യാർഡ് കണ്ടു. ഇർഫാന്റെ വലിയ ആഗ്രഹമായിരുന്നു അത്. വലിയ സന്തോഷത്തിലാണ് പിരിഞ്ഞത്.

ലോക്ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ സുതപയുമായി സംസാരിച്ചിരുന്നു. ഇർഫാനെ കാണണമെന്നു പറഞ്ഞപ്പോൾ വീട്ടിലുണ്ട് വന്നോളൂ എന്ന് പറഞ്ഞു. പക്ഷേ ജോലിത്തിരക്കുകൾ കാരണം പോകാനായില്ല. തിരക്കുകൾ കഴിഞ്ഞ് മാർച്ച് 12ാം തിയ്യതിയാണ് തിരിച്ചുവന്നത്. സുതപയുമായി വീണ്ടും സംസാരിച്ചു. നീ വരുന്നില്ലേയെന്ന് ഇർഫാൻ ചോദിച്ചിരുന്നു എന്നു പറഞ്ഞു. യാത്രയൊക്കെ കഴിഞ്ഞുവരികയാണ്, അതുകൊണ്ട് ഇപ്പോൾ പോയാൽ അവനെന്തെങ്കിലും ഇൻഫെക്ഷൻ വന്നാലോ എന്ന് കരുതി പോയില്ല. കുറച്ചുദിവസം കഴിഞ്ഞ് വരാമെന്ന് പറഞ്ഞു. പിന്നെ ലോക്ഡൗൺ ആയി.

രണ്ടുദിവസം മുമ്പാണ് അറിഞ്ഞത് അസുഖം അധികമായെന്ന്. വിളിച്ചപ്പോൾ, എല്ലാവരും വലിയ വിഷമത്തിലായിരുന്നു. അപ്പോഴാണ് അറിഞ്ഞത് അഞ്ചുദിവസം മുമ്പ് ഇർഫാന്റെ ഉമ്മ മരിച്ചെന്ന്. ഉമ്മ മരിച്ചതിന്റെ അനന്തര കർമ്മകളൊക്കെ ഫോണിലൂടെയാണ് ചെയ്തത്. ഉമ്മാനെ അവസാനമായി ഒന്നുകാണാൻ കഴിഞ്ഞില്ല എന്ന വിഷമമുണ്ടായിരുന്നു. ഉമ്മയുമായി വലിയ അടുപ്പമായിരുന്നു. അത്തരത്തിൽ അങ്ങേയറ്റം ഒരു സാധാരണ മനുഷ്യനായിരുന്നു ഇർഫാൻ.

അവസാനമായി ഒരു സലാം പറയാൻ പോലും എനിക്കു കഴിഞ്ഞില്ല. എല്ലാ ലോക്ഡൗണും അവഗണിച്ച് ഞാൻ ഇറങ്ങിയതാണ്. പക്ഷേ അവിടെ എത്താൻ കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ദു:ഖം ബാക്കിവെച്ചാണ് അദ്ദേഹം പോയത്. എന്റെ മനസിൽ രക്തം കിനിയുന്ന വ്രണമായി എന്നും ഇർഫാന്റെ പ്രസൻസും മരണവും, അദ്ദേഹവുമായി ഒന്നിച്ചു ചിലവഴിച്ച സമയവുമെല്ലാം നിലനിൽക്കും.

ഞാൻ ആലോചിക്കുമായിരുന്നു, എന്തുകൊണ്ടാണ് ഇർഫാന്റെ അന്ത്യം നമ്മളെയെല്ലാം ഇത്രയേറെ ബാധിക്കുന്നതെന്ന്. അതിന് കാരണം ഒരു പാരമ്പര്യത്തിന്റെയും മഹിമ അവകാശപ്പെടാനില്ലാതെ
എങ്ങുനിന്നോ വന്ന്, സ്വന്തം കഠിനാധ്വാനം കൊണ്ടും ടാലന്റും കൊണ്ടും നമ്മുടെ മനസിലേക്ക് ഇടംപിടിച്ചയാളാണ്. "എന്റെ ശരീരത്തിനകത്ത് കുറച്ച് അതിഥികൾ ഇരിപ്പുണ്ട്. ഞാൻ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാനിവിടുന്ന് പോയിട്ടില്ല, ഞാൻ തിരിച്ചുവരും.' എന്ന് പറയുമായിരുന്നു അവൻ. അതെ അവൻ എങ്ങും പോയിട്ടില്ല.


Summary: ഒരു ടെക്നിഷ്യനും നടനും തമ്മിൽ ഇങ്ങനെയൊരു ഇടപെടൽ എങ്ങനെ സാധ്യമാവും എന്ന് സ്ലംഡോഗ് മില്യനെയറിന്റെ സംവിധായകൻ ഡാനി ബോയ്ൽ റസൂൽ പൂക്കുട്ടിയോട് ചോദിച്ചിരുന്നു. ഇർഫാൻ ഖാനും റസൂലും തമ്മിൽ അത്രയും ആത്മബന്ധമുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടങ്ങിയ ബന്ധമാണ്. രക്തം കിനിയുന്ന ആ സ്നേഹത്തിന്റെ ഓർമ റസൂൽ പൂക്കുട്ടി ട്രൂ കോപ്പി തിങ്കിനു വേണ്ടി എഴുതുന്നു.


Comments