‘ഒക്ടോബറിലിറങ്ങിയ 20-ഓളം സിനിമകൾ എട്ടുനിലയിൽ പൊട്ടി, കുറ്റം റിവ്യൂവേഴ്സിന്’

ഇരുപതിലധികം മലയാള സിനിമകൾ ഒക്ടോബറിൽ ഇറങ്ങി. അതിന്റെയൊന്നും റിവ്യു പലയാളുകളും ചെയ്തിട്ടില്ല. എന്നിട്ടും ഈ സിനിമകളെല്ലാം തിയേറ്ററിൽ എട്ടുനിലയിൽ പൊട്ടി. പണി മോശമായാൽ ആയുധത്തെ കുറ്റം പറയുക എന്ന സിമ്പിൾ ഡിഫൻസ് മെക്കാനിസം ഉപയോഗിച്ച് ഈ സിനിമകൾ പരാജയപ്പെടാനുള്ള കാരണം റിവ്യൂവേഴ്‌സ് ആണെന്ന് വരുത്തിത്തീർക്കാനുള്ള ഉപജാപക പ്രവർത്തനമാണ് സിനിമക്കാർ ചെയ്യുന്നത്.

കാർത്തിക പെരുംചേരിൽ: സോഷ്യൽ മീഡിയ വഴിയുള്ള നെഗറ്റീവ് റിവ്യുകൾ പുതുതായി ഇറങ്ങുന്ന മലയാള സിനിമകളെ തകർക്കുന്നു എന്ന ആരോപണമുയരുകയും കോക് അടക്കമുള്ള ഓൺലെൻ ‘വ്ലോഗേഴ്സിനെതിരെ കേസെടുക്കുകയും ചെയ്തു. എന്താണ് താങ്കൾക്കെതിരായ പരാതി?

അശ്വന്ത് കോക്ക്: ഈ വിഷയുമായി ബന്ധപ്പെട്ട് നിയമനടപടി എടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ഞാൻ ഏഴാം പ്രതിയാണ്. എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിട്ടിരിക്കുന്ന എഫ്.ഐ.ആർ അനുസരിച്ച് ഒന്നാം പ്രതി ഹെയ്ൻസ് എന്ന പി.ആർ.ഒ ആണ്. അദ്ദേഹത്തിനെതിരെ ബ്ലാക്ക്മെയ്ലിങ് കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബാക്കിയുള്ളവർക്കെതിരെ ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി റാഹേൽ മകൻ കോര എന്ന സിനിമയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയോ അറിയിപ്പോ ലഭിച്ചിട്ടില്ല. പക്ഷെ എഫ്.ഐ.ആറിന്റെ കോപ്പി ഞാൻ കണ്ടിട്ടുണ്ട്.

‘മാതൃഭൂമി’ പത്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം റിവ്യു ബോംബിങ്ങിലൂടെ 10 മലയാള സിനിമകളാണ് തിയേറ്ററിൽ പരാജയപ്പെട്ടത്. ഇത്തരത്തിൽ റിവ്യുവിലൂടെ മലയാള സിനിമയെ തകർക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ? അല്ലെങ്കിൽ അത്തരം ശ്രമങ്ങളുടെ ഭാഗമാകാനുള്ള പ്രലോഭനങ്ങൾ സിനിമക്കകത്ത് നിന്നും ഉയർന്നുവന്നിട്ടുണ്ടോ?

മാതൃഭൂമി പത്രം ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത് ഒരു ക്വട്ടേഷനാണ്. അതായത് സിനിമാക്കാരുടെ ക്വട്ടേഷൻ ഏറ്റെടുത്ത് മാതൃഭൂമി പത്രം ലേഖന പരമ്പരകൾ എഴുതി പുതിയൊരു ആഖ്യാനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അവർ പറയുന്ന തരത്തിലുള്ള യാഥൊരു സംഭവങ്ങളും എന്റെ അറിവിലില്ല. പി.ആർ.ഒമാർക്ക് ലക്ഷങ്ങൾ നൽകി നിർമാതാക്കൾ പ്രൊമോഷൻ ചെയ്യുന്നുണ്ട്. അതല്ലാതെ റിവ്യു വഴി മലയാള സിനിമയെ തകർക്കാനോ പ്രത്യേക അജണ്ടയുടെ ഭാഗമായി റിവ്യു ചെയ്ത് സിനിമയെ തകർക്കാനോ എന്റെ അറിവിൽ ആരും ശ്രമിക്കുന്നില്ല. ഇത്തരം ഒരു വാഗ്ദാനങ്ങളും എനിക്ക് വന്നിട്ടില്ല. ഞാൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങാറുമില്ല, ഞാൻ സിനിമയെ കുറിച്ച് സംസാരിക്കുന്നത് സിനിമ കണ്ടശേഷം മാത്രമാണ്.

പണം വാങ്ങിയാണ് പലരും മോശം റിവ്യൂസ് നൽകുന്നതെന്നാണല്ലോ പ്രധാന ആരോപണം. അങ്ങനെയാണെങ്കിൽ പണം ആരാണ് നൽകുന്നത് എന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ടല്ലോ? സിനിമക്കകത്ത് നിന്നും സിനിമയെ തർക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങളുടെ യഥാർത്ഥ സോഴ്സ് കണ്ടെത്തുക എന്നതാണല്ലോ പ്രശ്ന പരിഹാരത്തിനുള്ള വഴി?

പണം വാങ്ങി ആളുകൾ റിവ്യു ചയ്യുന്നുണ്ടെങ്കിൽ ആരാണ് പണം വാങ്ങിയതെന്ന് പറയാനുള്ള ഉത്തരവാദിത്വം കൊടുക്കുന്ന ആളുകൾക്കുണ്ട്. നിർമാതാക്കൾ കൃത്യമായി തെളിവുകളുടെ അടിസ്ഥാനത്തിൽ അത്തരക്കാർക്കെതിരെ നിയമപരമായി നീങ്ങാനുള്ള നടപടിയെടുക്കണം. അല്ലാതെ നിർമാതക്കൾ തന്നെ സിനിമയുടെ പ്രൊമോഷന് അറിഞ്ഞുകൊണ്ട് കൊടുക്കുന്നുണ്ടെങ്കിൽ കേസിന് സാധ്യതയില്ല.

സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപ്പെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നാണ് റിവ്യൂവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനത്തെ പോലും 'സിനിമക്കെതിരെയെന്ന' നറേറ്റീവിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കോടികൾ മുടക്കി എടുക്കുന്ന സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് എന്നൊരു വാദവും സിനിമാരംഗത്തുനിന്ന് ഉയരാറുണ്ട്. സിനിമക്കുവേണ്ടി മുടക്കുന്ന പണവും അതിന്റെ വിപണിയും മുൻനിർത്തി, കലാപരമായി എത്ര മോശം സൃഷ്ടിയായാലും അതിനെ വിജയിപ്പിക്കാനുള്ള ബാധ്യത പ്രേക്ഷകർക്കുണ്ട് എന്നൊരു നിർബന്ധിത ഉപാധി മുന്നോട്ടുവക്കുന്നത് എത്രത്തോളം അഭികാമ്യമാണ്?

കോടതി പറഞ്ഞിട്ടുള്ളത് ഒരു സിനിമയെ നശിപ്പിക്കുന്ന രീതിയിൽ ബ്ലാക്‌മെയ്‌ലിങ് ചെയ്ത് പണം ആവശ്യപ്പെടുക പോലെയുള്ള ക്രിമിനൽ ഒഫൻസ് പാടില്ലെന്നാണ്. അത്തരം കാര്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ സിനിമാ പ്രവർത്തകർ കോടതി റിവ്യൂവേഴ്‌സിന് എതിരെയാണ് പറഞ്ഞതെന്ന തരത്തിൽ വ്യാഖ്യാനിച്ച് കാടടച്ച് വെടിവെക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാൽ ഒരുതരത്തിലും ക്വളിറ്റിയില്ലാത്ത സിനിമകൾ ഇറങ്ങുന്നതുകൊണ്ടാണ് പരാജയപ്പെടുന്നത്. ആളുകൾക്ക് സിനിമ കാണാൻ തിയേറ്ററിൽ പോകാൻ താൽപര്യമില്ലായെന്നുമാത്രമല്ല, ഇറങ്ങുന്ന സിനിമയുടെ പേരുപോലും അറിയില്ല. സിനിമ വരുന്നതും പോകുന്നതും പോലും ആർക്കുമറിയില്ല. ഞാൻ തന്നെ അത്തരം സിനിമകൾ റിവ്യു ചെയ്യാറില്ല. ശ്രദ്ധ അർഹിക്കുന്ന സിനിമകളുടെ റിവ്യു മാത്രമെ ഞാൻ ചെയ്യാറുള്ളൂ. താരങ്ങൾ അഭിനയിച്ച സിനിമകൾ, വലിയ ബാനറിൽ പുറത്തിറങ്ങുന്ന സിനിമകൾ അല്ലെങ്കിൽ വലിയ സംവിധായകരുടെ സിനിമകൾ മാത്രമെ ഞാൻ റിവ്യു ചെയ്യാറുള്ളൂ. വളരെ കുറച്ച് റിവ്യൂസ് മാത്രമെ ചെയ്യാറുള്ളൂ. ഒക്ടോബറിൽ ചാവേർ എന്ന സിനിമയടെ മാത്രം റിവ്യു മാത്രമേ ചെയ്തിട്ടുള്ളു.

ഇരുപതിലധികം മലയാള സിനിമകൾ ഒക്ടോബറിൽ ഇറങ്ങിയിട്ടുണ്ട്. അതിന്റെയൊന്നും റിവ്യു ചെയ്തിട്ടില്ല. എന്റെ അറിവിൽ പലയാളുകളും ചെയ്തിട്ടില്ല. പക്ഷെ ഈ സിനിമകളെല്ലാം തിയേറ്ററിൽഎട്ടുനിലയിൽ പൊട്ടുകയാണ് ചെയ്തത്. പണി മോശമായാൽ ആയുധത്തെ കുറ്റം പറയുക എന്ന സിമ്പിൾ ഡിഫൻസ് മെക്കാനിസം ഉപയോഗിച്ച് ഈ സിനിമകളൊക്ക പരാജയപ്പെടാനുള്ള കാരണം റിവ്യൂവേഴ്‌സ് ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും അത്തരം ഉപജാപക പ്രവർത്തനവുമാണ് സിനിമക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അതുപോലെ, സിനിമാക്കാരുടെ അധ്വാനവും കഷ്ടപ്പാടും എന്നൊക്കെ പറയുന്നത് വെറും ഉണ്ടയില്ലാ വെടിയാണ്. സിനിമക്കുവേണ്ടി അധ്വാനിക്കുന്നവർ എല്ലാവരും ചെയ്ത ജോലിക്ക് പണം വാങ്ങുന്നവരാണ്. തങ്ങൾക്ക് ലഭിക്കേണ്ട വേതനം ലഭിക്കുന്നതോടെ അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു. പിന്നീടുണ്ടാകുന്ന നഷ്ടവും ലാഭവുമെല്ലാം നിർമ്മാതാവിനെ മാത്രമാണ് ബാധിക്കുന്നത്. ഒരു ബിസിനസ് എന്ന നിലക്ക് സിനിമയെന്ന ഉൽപന്നം വിൽക്കാൻ ശ്രമിക്കുമ്പോൾ നിലവാരമില്ലാതെ പരാജയപ്പെട്ടാൽ, അതിന്റെ നഷ്ടമായാലും ലാഭമായാലും അത് അർഹിക്കുന്നത് നിർമ്മാതാവിന് മാത്രമാണ്. അതുകൊണ്ടുതന്നെ തൊഴിലാളിസ്‌നേഹം പറഞ്ഞുകൊണ്ടുള്ള പുകമറ സൃഷ്ടിക്കൽ സിനിമാക്കാരുടെ അടവുനയം മാത്രമാണ്.

വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നാണ് താങ്കൾക്കെതിരെയുള്ള പ്രധാന വിമർശനം. ഹൃദയം സിനിമയിലെ ദർശനയെ ചിത്രകഥയിലെ കഥാപാത്രവുമായി താരതമ്യം ചെയ്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നല്ലോ? ഇത്തരം വ്യക്തി അധിക്ഷേപങ്ങൾ ഒഴിവാക്കേണ്ടതല്ലേ?

ഞാൻ വ്യക്തിഅധിക്ഷേപം നടത്താറില്ല. വ്യക്തി അധിക്ഷേപമായി തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. ഒരു കഥാപാത്രത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. ആ കഥാപാത്രം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയാണ് പറയുന്നത്. ദർശനയെ വ്യക്തിഅധിക്ഷേപം നടത്തിയിട്ടില്ല. ദർശന അഭിനയിച്ച കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞത്, അല്ലാതെ ദർശന എന്ന വ്യക്തിയെ കുറിച്ചല്ല. ഓരോ നടൻമാരെയും നടിമാരെയും ഞാൻ ഇമിറ്റേറ്റ് ചെയ്യാറുണ്ട്. അത് മിമിക്രിക്കാരും ചെയ്യുന്ന കാര്യമാണ്. അത് ഞാനും ചെയ്യുന്നു എന്നുമാത്രം. അതിൽ വ്യക്തി അധിക്ഷേപമില്ല. ആ കഥാപാത്രം സംസാരിക്കുന്ന രീതിയിൽ ഞാൻ സംസാരിക്കാറുണ്ട്. കഥാപാത്രത്തിന്റെ മാനറിസങ്ങളും ഇമിറ്റേറ്റ് ചെയ്യാറുണ്ട്, എന്നല്ലാതെ വ്യക്തിഅധിക്ഷേപം നടത്താറില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടു പോകാം. എന്റെ വീഡിയോസ് പബ്ലിക്കായിട്ടാണ് പോസ്റ്റ് ചെയ്യുന്നത്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം.

മലയാള സിനിമയിൽ മാത്രമുള്ള പ്രതിഭാസമല്ലല്ലോ റിവ്യു. എന്നാൽ നെഗറ്റീവ് റിവ്യു സിനിമകളെ നശിപ്പിക്കുന്നു എന്ന വാദം മറ്റൊരു ഭാഷയിൽ നിന്നും ഉയരുന്നില്ല. യഥാർത്ഥത്തിൽ എന്തായിരിക്കാം മലയാള സിനിമ നേരിടുന്ന വെല്ലുവിളി?

എല്ലാ ഭാഷയിലും റിവ്യു ഉണ്ട്. എന്നാൽ ഇത്തരം കരച്ചിൽ പരിപാടി മലയാളത്തിലെ നിർമ്മാതാക്കൾ മാത്രമാണ് നടത്തുന്നത്. അതിന്റെ കാരണം മലയാളത്തിലാണ് ഏറ്റവും കൂടുതൽ നിലവാരമില്ലാത്ത സിനിമകൾ ഇറങ്ങുന്നത് എന്നതാണ്. അത് സമ്മതിക്കാൻ കഴിയാത്തതുകൊണ്ടാണ് റിവ്യൂവേഴ്‌സിനെ കുറ്റം പറയുന്നത്. മറ്റ് ഭാഷകളിൽ ഒരുപാട് നല്ല സിനിമകൾ ഇറക്കുന്നുണ്ട്. വളരെ കുറഞ്ഞ സിനിമകൾ മാത്രമെ അവിടെ പരാജയപ്പെടുന്നുള്ളൂ. അവരുടെ കഴിവിൽ അവർക്ക് വിശ്വാസമുണ്ട്. ഒരു സിനിമ പരാജയപ്പെട്ടാൽ അടുത്ത സിനിമ അതിലും മികച്ചതാക്കാൻ കഴിയുമെന്ന സ്വയം ബോധ്യമുള്ളതുകൊണ്ട് അവർ റിവ്യൂവേഴ്‌സിനെ ശ്രദ്ധിക്കുന്നില്ല. അവരുടേത് കുറച്ചുകൂടി വലിയ ഇൻഡസ്ട്രിയാണ്. മലയാളം ഒരു ചെറിയ ഇൻഡസ്ട്രിയാണ്. പക്ഷെ സിനിമകൾ ചെറുതോ വലുതോ എന്നുള്ളതല്ല, നിലവാരമുള്ള ഒരുപാട് സിനിമകൾ ഇറങ്ങിയിരുന്ന ഇൻഡസ്ട്രിയാണ് മലയാളമെന്ന് ഓർക്കണം. ഇപ്പോൾ ചവറുപോലെ സിനിമകൾ ഇറങ്ങുകയും നിർമ്മാതാക്കൾ തട്ടിക്കൂട്ട് സിനിമകളെടുക്കുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണ് മലയാള സിനിമ പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നത്.

തമിഴ് അടക്കമുള്ള ഇതര ഭാഷാ ചിത്രങ്ങൾ കേരള ബോക്‌സോഫീസിൽ വലിയ ചലനം സൃഷ്ടിക്കുമ്പോൾ, ചില മലയാള സിനിമകൾ തിയേറ്ററിൽ വരുന്നതുപോലും പ്രേക്ഷകർ അറിയുന്നില്ല. മറ്റ് ഭാഷാചിത്രങ്ങളുടെ കടന്നുകയറ്റം മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ?

മറ്റ് ഭാഷാ സിനിമകൾ അത്രയും സമയവും പണവും മുടക്കി, വലിയ താരങ്ങളെ വെച്ചാണ് ചെയ്യുന്നത്. ലിയോ തന്നെയാണ് ഇപ്പോഴത്തെ മികച്ച ഉദാഹരണം. അതിന്റെ അഡ്വാൻസ് നോക്കിയാൽ മനസിലാകും, ടിക്കറ്റ് എവിടെയും കിട്ടാനുണ്ടായിരുന്നില്ല. വലിയ സിനിമയാകുമ്പോൾ ആളുകൾക്ക് അതിൽ വിശ്വാസമുണ്ട്. എന്നാൽ മലയാള സിനിമയുടെ കാര്യത്തിൽ ആ വിശ്വാസമില്ല. ചവറുപോലെ സിനിമ ഇറങ്ങുകയാണ്. ഏത് സിനിമയാണ് വരുന്നത്, പോകുന്നത് എന്നൊന്നും ആളുകൾക്കറിയില്ല. വലിയ നടന്മാരുടെ സിനിമയിൽ പോലും വിശ്വസമില്ല. അതിനുകാരണം അവർ നിരന്തരം സിനിമകൾ ചെയ്ത് പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതാണ്. അങ്ങനെ അവരിലുണ്ടായിരുന്ന വിശ്വാസം അവർ തന്നെ നശിപ്പിച്ചു. വലിയ സംവിധായകരുടെ കാര്യത്തിൽ സംഭവിച്ചതും അതുതന്നെയാണ്.

സിനിമയെക്കുറിച്ച് അഭിപ്രായമറിഞ്ഞാലോ രണ്ടുപേർ നല്ലത് പറഞ്ഞാലോ മാത്രമേ ആ സിനിമ കാണാൻ ധൈര്യമുണ്ടാകൂ; ആ അവസ്ഥയിലേക്ക് മലയാള സിനിമ പോയികഴിഞ്ഞു. അതിൽ നിന്ന് വ്യത്യസ്തമായി ചിസ സിനിമകൾ മാത്രമാണ് സംഭവിക്കുന്നത്. മലൈക്കോട്ട വാലിബൻഎന്ന സിനിമക്ക് കൂടുതൽ ബുക്കിങ് ഉണ്ടാകാൻ സാധ്യയുണ്ട്. മോഹൻലാൽ- എൽ.ജെ.പി കോമ്പോ ആയതുകൊണ്ട് അത് സംഭവിക്കും. അതുപോലെ, പൃഥ്വിരാജിന്റെ എമ്പുരാനും അങ്ങനെ തന്നെയായിരിക്കും. വലിയ സിനിമകൾ മാത്രം വരുമ്പോഴാണ് മലയാളത്തിൽ അത്തരത്തിലൊരു ഇടിച്ചുകയറ്റം സംഭവിക്കുന്നത്.

Comments