ശ്രുതി ശരണ്യം

റിവ്യു കൊണ്ട് ഗുണം ലഭിച്ച ഒരാളാണ് ഞാന്‍- ശ്രുതി ശരണ്യം

‘‘ഒരു സിനിമയുടെ മാര്‍ക്കറ്റിനെ വലിയ തോതില്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് റിവ്യു. എന്നാല്‍ റിവ്യു ചെയ്യുന്നവര്‍ അതിനെ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ കാണേണ്ടതുണ്ട്. കണ്‍സട്രക്ടീവായ വിമര്‍ശനങ്ങളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.’’ ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ സംവിധായിക ശ്രുതി ശരണ്യം പറയുന്നു.

റിവ്യു ഉള്ളതുകൊണ്ടുമാത്രം കുറച്ചാളുകളിലേക്കെങ്കിലുമെത്തിയ സിനിമയാണ് എന്റെ ബി 32 മുതൽ 44 വരെ. പോസിറ്റീവ് റിവ്യൂസ് വന്നതുകൊണ്ട് കുറച്ചാളുകളെങ്കിലും എന്റെ സിനിമ കണ്ടിരുന്നു. അതുകൊണ്ടുതന്നെ റിവ്യുവേഴ്‌സിനോട് എനിക്ക് കടപ്പാടുണ്ട്. എന്നാല്‍ റിവ്യു തൊഴിലായി കാണുന്ന പ്രശസ്തരായ പലരും എന്റെ സിനിമ കണ്ടിട്ടില്ല. ഒരുപക്ഷെ കുറഞ്ഞ തിയേറ്ററുകള്‍ മാത്രം ലഭിച്ചതുകൊണ്ട് അവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവന്നിട്ടുണ്ടാവുകയില്ല. റിവ്യു ഒരു തൊഴിലായി കാണാത്തവരാണ് എന്റെ സിനിമക്ക് റിവ്യു പറഞ്ഞത്. ഉണ്ണി വ്ലോഗേഴ്സിനെ പോലെയുള്ളവര്‍ എന്റെ സിനിമ റിവ്യു ചെയ്തിരുന്നു.

റിവ്യു കൊണ്ട് ഗുണം ലഭിച്ച ഒരാളാണ് ഞാന്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മുഖങ്ങളില്ലാത്ത ചിലര്‍ നെഗറ്റീവ് റിവ്യൂസിടുന്നുണ്ട് എന്നതും സത്യമാണ്. ചിലപ്പോള്‍ അതിനുപിന്നില്‍ എന്തെങ്കിലും അജണ്ടകളുണ്ടാകും. അതല്ലെങ്കില്‍ ചിലപ്പോള്‍ പണം വാങ്ങിയാകും അങ്ങനെ ചെയ്യുന്നത്. അല്ലെങ്കില്‍ സിനിമയെ തകര്‍ക്കുക എന്ന് ഒരുമ്പെട്ടിറങ്ങി ചെയ്യുന്നതായിരിക്കാം. ഇതിനു പുറകിലെ കാരണം എന്താണെന്ന് വ്യക്തമായി അറിയില്ല. ഇത്തരം അറ്റാക്കുകള്‍ എന്റെ സിനിമക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇവരില്‍ പലരും സിനിമ പോലും കാണാതെ റിവ്യു ചെയ്യുന്നതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതൊക്കെ സംഘടിതമായ അറ്റാക്കാണെന്നും തോന്നിയിട്ടുണ്ട്. സിനിമ കാണുകപോലും ചെയ്യാതെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഇവര്‍ക്ക് പല സ്ഥാപിത താല്‍പര്യങ്ങരുണ്ടാവാം.

ബി 32 മുതൽ 44 വരെ സിനിമയില്‍ നിന്ന്

റിവ്യൂസ് എന്തായാലും വരണം. അല്ലാതെ റിവ്യു പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. അതിനോട് എനിക്കും യോജിപ്പില്ല. ഒരു സിനിമയുടെ മാര്‍ക്കറ്റിനെ വലിയ തോതില്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് റിവ്യു. എന്നാല്‍ റിവ്യു ചെയ്യുന്നവര്‍ അതിനെ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ കാണേണ്ടതുണ്ട്. കണ്‍സട്രക്ടീവായ വിമര്‍ശനങ്ങളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. നിരൂപണവും ഇപ്പോഴത്തെ റിവ്യൂസും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. സിനിമാ നിരൂപണമല്ലത്. അവരുടെ അഭിപ്രായമാണ് പറയുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം അവിടെ നിലനില്‍ക്കുന്നുണ്ട്. സിനിമാ നിരൂപണം എന്നാല്‍ കുറേക്കൂടി പഠനങ്ങളൊക്കെ നടത്തിയാണ് ചെയ്യുന്നത്.

റിവ്യു ഇടാന്‍ പാടില്ലെന്ന വാദം അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ അങ്ങനെ പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. പക്ഷെ റിവ്യു ചെയ്യുന്നവര്‍ കറച്ചുകൂടി ഉത്തരവാദിത്തത്തോടെ, ഒരുപാടാളുകളുടെ തൊഴിലാണ് സിനിമയെന്നത് പരിഗണിച്ച്, വ്യക്തി അധിക്ഷേപം ഒഴിവാക്കിയും മയപ്പെടുത്തിയും ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. അതായത് വ്യക്തിഹത്യ നടത്തുന്നതിനോ ഒരു സിനിമയെ പൂര്‍ണമായി തകര്‍ക്കുന്നതിനോ ഉള്ള ഉപാധിയായി റിവ്യുവിനെ കാണരുത്. കൃത്യമായി അഭിപ്രായങ്ങള്‍ പറയാം. സിനിമ മോശമായെങ്കില്‍ മോശമായെന്ന് തന്നെ പറയാം. അത്തരം സത്യസന്ധത അവരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതുണ്ട്.

(ശ്രുതി ശരണ്യവുമായി സംസാരിച്ച് തയാറാക്കിയത് കാർത്തിക പെരുംചേരിൽ)

Comments