തമിഴ് സിനിമയിൽ ഇതൊരു വലിയ മാറ്റത്തിൻ്റെ കാലമാണെന്നാണ് പൊതുവെ വിലയിരുത്തൽ. രണ്ട് പ്രധാന താരങ്ങൾ- വിജയ്യും അജിത്തും ഏതാണ്ട് സിനിമാരംഗം പൂർണമായും വിട്ട മട്ടാണ്. രജനി- കമൽ യുഗത്തിനപ്പുറം തമിഴിൽ ഇനിയാര് എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ പല കാലത്തും ഉയർന്നുവന്നിട്ടുണ്ട്. അതിലേക്ക് എല്ലാ കാലവും ഉയർന്നുകേട്ട പേരാണ് സൂര്യയുടേത്. എന്നാൽ സ്ഥിരമായി ബോക്സോഫീസിൽ ഹിറ്റ് സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നത്, സൂര്യയെ പ്രധാന താരങ്ങളുടെ നിരയിൽ നിന്ന് പലകുറി മാറ്റിനിർത്തുന്നതിനുള്ള കാരണമായി.
അങ്ങനെയൊരു സാഹചര്യത്തിൽ സൂര്യ ആഗ്രഹിച്ച, സൂര്യയുടെ ആരാധകർ ആഗ്രഹിച്ച ഒരു തിരിച്ചുവരവുണ്ടായിരുന്നു. അത്തരത്തിൽ ഒന്ന് സമ്മാനിക്കുകയാണ് 2026 എന്നുവേണം കരുതാൻ. ആദ്യം കറുപ്പ്, പിന്നീട് വിശ്വനാഥ് & സൺസ്, സാമ്പത്തികമായി വിജയം നേടിയ ഈ രണ്ട് ചിത്രങ്ങൾക്കുശേഷം തുടർച്ചയായ മൂന്നാം ഹിറ്റിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുതിയ റിലീസായ ‘സീൻ’ എന്ന സിനിമയുടെ പ്രതികരണങ്ങൾ നൽകുന്നത്.
ഈ വിജയം മലയാളി ആരാധകർക്ക് കൂടി ഏറെ പ്രിയപ്പെട്ടതാണ്. കാരണം ഇത്തവണ ഈ സിനിമയുടെ പിന്നണിയിൽ ഏറെയും മലയാളികളാണ്. സംവിധായകനായി ജിത്തു മാധവനും. മലയാള സംവിധായകർ പലരും, പല കാലങ്ങളിലായി തമിഴിൽ വലിയ സിനിമകൾ ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മലയാളത്തിൽ വലിയ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ സിനിമകൾക്കുശേഷം ജിത്തു മാധവൻ ഒരു തമിഴ് പ്രോജക്ട് ചെയ്യാൻ പോകുന്നതായി പ്രഖ്യാപിക്കുന്നത്. അനൗൺസ്മെൻ്റ് മുതൽ വന്ന എല്ലാ അപ്ഡേറ്റുകളിലും മലയാളികൾ ഈയിടെ ഇത്രയും പിന്തുടർന്ന മറ്റൊരു തമിഴ് സിനിമ ഉണ്ടാവില്ല. മലയാളം സംവിധായകന് പുറമേ, പ്രധാന വേഷങ്ങളിൽ നിരവധി മലയാളികൾ, അതിൽ തന്നെ ഉടനീള വേഷവുമായി നസ്രിയ നസീമും നസ്ലിനും. സംഗീതം മലയാളികളുടെ സ്വന്തം സുഷിൻ ശ്യാം.
അങ്ങനെ ടീസറിലും ട്രെയിലറിലും, ഇറങ്ങിയ അപ്ഡേറ്റുകളിലെല്ലാം പലവിധ ഡിക്കോഡിംഗുകൾ നടന്നു. ഒടുവിൽ സിനിമ തിയേറ്ററുകളിലെത്തി. പ്രേക്ഷകരെ തമാശയിലൂടെ എൻ്റർടൈൻ ചെയ്യുന്ന പതിവ് ജിത്തു ശൈലി. തമിഴ് സൂപ്പർ സ്റ്റാർ സിനിമകളുടെ ടെംപ്ലേറ്റ് മാറ്റിവച്ച എൻ്റർടെയ്നർ സിനിമ. തിരക്കഥ നൽകിയ സ്പേസിൽ സൂര്യയും നസ്രിയയും നസ്ലിനും മികച്ച പെർഫോർമൻസ് തന്നെ കാഴ്ചവച്ചു.

സൂര്യ തൻ്റെ കഥാപാത്രത്തിന് വരുന്ന മാറ്റങ്ങളെ പ്രേക്ഷകർക്ക് കൺവീനിയൻ്റ് ആകുന്ന രീതിയിൽ ചെയ്തുവച്ചിട്ടുണ്ട്. നസ്രിയ 12 വർഷത്തിനുശേഷം തമിഴിലേക്കുള്ള വരവ് ഗംഭീരമാക്കി. ഹൈ മൊമെൻ്റുകൾ, കോമഡി ടൈമിംഗ് എന്നിവ നന്നായി അനുഭവപ്പെട്ടു.
സിനിമയുടെ മറ്റൊരു വലിയ ‘വൗ ഫാക്ടർ’ നസ്ലിൻ നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നതാണ്. കൈയടക്കത്തോടെ ‘ഈശ്വരൻ’ എന്ന കഥാപാത്രം നസ്ലിൻ ചെയ്തുവെക്കുന്നുണ്ട്. ഇനിയും versatile ആയുള്ള റോളുകൾ ഈ നടനിൽ നിന്ന് ലഭിക്കുമെന്ന തോന്നൽ ‘ഈശ്വരൻ’ നമുക്ക് ഉറപ്പ് നൽകുന്നുണ്ട്.
ഒരു പോലീസ് - കില്ലർ ക്യാറ്റ് & മൗസ് ടെംപ്ലേറ്റ് പിന്തുടരുന്ന സിനിമയെ ലാഗ് ഇല്ലാതെ അവതരിപ്പിക്കുന്നതിൽ ജിത്തു ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. സൂര്യ - നസ്രിയ കോംബിനേഷൻ, സൂര്യയുടെ അച്ഛൻ, അമ്മ കഥാപാത്രങ്ങൾ വരുന്ന കോംബിനേഷൻ, കൂടെ നസ്ലിനും കൂടെയുള്ള രണ്ടുപേരും ചേർന്ന കില്ലർ ഗ്യാങ്ങിൻ്റെ കോംബിനേഷൻ തുടങ്ങിയവ നല്ല പോലെ ഉപയോഗിക്കാൻ ജിത്തു ശ്രമിച്ചിട്ടുണ്ട്.
നല്ല മൊമെൻ്റ്സ് ഒരുപാടുണ്ടെങ്കിലും ഇത്തരമൊരു സിനിമയിൽ സ്ഥിരം കണ്ടുവരുന്ന ഒരു മാസ് ഇലവേഷൻ സീനുണ്ടാകും. ഇതിൽ അത്തരം പരിപാടികൾക്കൊന്നും ജിത്തു ഇടം നൽകിയിട്ടില്ല. ഇതൊരു ഔട്ട് & ഔട്ട് കോമഡി എൻ്റർടെയ്നറായി തന്നെയാണ് പ്രേക്ഷകർക്ക് അനുഭവപ്പെടാൻ പോകുന്നതും.
വിനീത് അഗസ്റ്റിനും, അജ്മൽ സാബുവുമാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും. സിനിമയുടെ ഫീൽ നിലനിർത്തുന്ന വർക്ക്. പല സ്ഥലത്തും അജ്മൽ സാബു ഉപയോഗിച്ച കട്ടുകൾ നല്ല രീതിയിൽ സിനിമയെ ആസ്വാദ്യകരമാക്കി മാറ്റുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊരു വിഭാഗം, സിനിമയുടെ കോസ്റ്റ്യൂം ഡിസൈൻ ആണ്. കഥാപാത്രങ്ങൾക്ക് നൽകിയ വസ്ത്രങ്ങളും അവയുടെ ടോണും സിനിമയുടെ ഫ്രെയിമുകൾ ഭംഗി ഉള്ളതാക്കുന്ന പോലെ തോന്നി.

സിനിമയെക്കുറിച്ച് ഉയരുമെന്ന് പലരും പ്രതീക്ഷിച്ച ഒരു വിമർശനം സുഷിൻ്റെ സംഗീതമായിരുന്നു. സംശയങ്ങളെല്ലാം ഇല്ലാതാക്കുന്ന ഗംഭീര വർക്ക് ഒരുക്കാൻ, പ്രത്യേകിച്ച് സ്കോറിൻ്റെ കാര്യത്തിൽ, സുഷിൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സോംഗ് പ്ലേസ്മെൻ്റുകളും മികച്ചതാണ്.
ഒരു നല്ല തിയേറ്റർ ഓഡിയൻസിനോടൊപ്പം കാണാൻ കഴിയുന്ന ‘ജിത്തു മാധവൻ എൻ്റർടെയ്നർ’ തന്നെയാണ് ഈ സിനിമ, സൂര്യയെ സംബന്ധിച്ച് 2026 സമ്മാനിച്ച വിജയങ്ങൾക്ക് നല്ലൊരു തുടർച്ചയും.
