ക്ലാസി മമ്മൂട്ടിയിലൂടെ വിജയം കാണാൻ കൊതിക്കുന്ന ബസൂക്ക

ഡിനോ ഡെന്നീസ് എന്ന മമ്മൂട്ടി ആരാധകൻ തന്റെ സ്വപ്‌ന നായകനെ തനിക്കാകാവുന്ന തരത്തിലൊക്കെ സ്റ്റൈലിഷായി സ്‌ക്രീനിലെത്തിക്കുന്നു. എന്നാൽ വെറും ക്ലാസി മമ്മൂട്ടി സ്റ്റൈലിഷ് രംഗങ്ങൾ കൊണ്ട് മാത്രം ഒരു സിനിമ എങ്ങനെയാണ് പിടിച്ചുനിൽക്കുക?

വില്ലനും നായകനും ഒന്നാകുന്ന സിനിമാറ്റിക് സൂത്രം. അതുവരെ പ്രേക്ഷകൻ അന്വേഷിച്ചുകൊണ്ടിരുന്ന വില്ലൻ നായകവേഷം കെട്ടി കാണിക്കുമുന്നിൽ നിന്ന് കഥപറയുന്നു. അയാളുടെ കൺകെട്ട് വിദ്യയിൽ, അയാൾ തന്നെ ഡിസൈൻ ചെയ്ത ഗെയിം പ്ലാനിൽ പ്രേക്ഷകനും പങ്കാളിയാകുന്നു. ഇത്തരത്തിൽ വീഡിയോ ഗെയിം എന്ന മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്ലോട്ടാണ് ബസൂക്കയുടെ ഹൈലൈറ്റ്. എന്നാൽ ആ പുതിയ പ്ലോട്ടിൻെറ മികവിനപ്പുറത്ത് ബസൂക്ക ഒരു അമച്വർ സിനിമയായി മാറുന്നുമുണ്ട്. ഡിനോ ഡെന്നീസ് എന്ന മമ്മൂട്ടി ആരാധകൻ തന്റെ സ്വപ്‌ന നായകനെ തനിക്കാകാവുന്ന തരത്തിലൊക്കെ സ്റ്റൈലിഷായി സ്‌ക്രീനിലെത്തിക്കുന്നു. എന്നാൽ വെറും ക്ലാസി മമ്മൂട്ടി സ്റ്റൈലിഷ് രംഗങ്ങൾ കൊണ്ട് മാത്രം ഒരു സിനിമ എങ്ങനെയാണ് പിടിച്ചുനിൽക്കുക?

1903-ൽ യു.കെയിലെ ദി സ്ട്രാൻഡ് മാഗസിനിൽ പ്രസിദ്ധീകരിച്ച ആർതൽ കോനൻ ഡോയൽ എഴുതിയ 'ദി അഡ്വഞ്ചർ ഓഫ് ദി ഡാൻസിംഗ് മെൻ' എന്ന ഷെർലക് ഹോംസ് സൈക്കിളിലെ 13 കഥകളിലൊന്നിന്റെ റഫറൻസ് ബസൂക്കയുടെ പ്രധാന ഭാഗമാണ്. ഏതാണ്ട് ആ കഥയുടെ സ്വഭാവത്തിൽ തന്നെയാണ് ബസൂക്കയുടെ യാത്രയും. വില്ലൻ നൽകുന്ന വ്യത്യസ്തങ്ങളായ ക്ലൂകളിലൂടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സംഘം. എന്നാൽ വില്ലൻ തന്നെ സ്വയം ഡിസൈൻ ചെയ്ത ഗെയിമിൽ എല്ലായ്‌പ്പോഴും ജയം അയാൾക്ക് തന്നെയാകുന്നു. ടെമ്പിൾ റൺ, സൂപ്പർ മാരിയോ അടക്കമുള്ള വീഡിയോ ഗെയിമുകളും അത്തരം ജനപ്രിയ ഗെയിമുകളുടെ അതേ പാറ്റേണിലുള്ള ക്രൈമുകളുമടക്കം പുത്തൻകാലത്തോടും അതിന്റെ ട്രെന്റിനോടും ചേർന്നുനിൽക്കുന്ന കഥയും കഥാപരിസരങ്ങളും ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ ബസൂക്ക അവതരിപ്പിക്കുന്നുണ്ട്.

2012-ൽ മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്റർ ഏതാണ്ട് ഇതേ സ്വഭാവത്തിലുള്ള സിനിമയാണ്. വില്ലൻ നൽകുന്ന ക്ലൂസും അതിനുപിന്നാലെ പോകുന്ന അന്വേഷണ ഉദ്യോഗസ്ഥരും. ഗ്രാന്റ്മാസ്റ്ററിൽ അതൊരു ചതുരംഗകളിയുടെ ഫോർമാറ്റിലാണെങ്കിൽ ബസൂക്കയിലത് പലതരം വീഡിയോ ഗെയിമിന്റെ സ്വഭാവത്തിലാവുന്നു. വില്ലന്റെ സൈക്കോപാത്ത് സ്വഭാവം രണ്ട് കഥയിലുമുണ്ട്. ഗ്രാന്റ് മാസ്റ്ററിലെ ക്രൈമുകളുടെ മോട്ടീവ് വില്ലന്റെ പാസ്റ്റ് ട്രോമയാണെങ്കിൽ ഇവിടെ അയാളൊരു മോണോമാനിയാക്കാണ്. ഒരൊറ്റ കാര്യത്തിൽ മാത്രം എക്‌സ്ട്രീമിലി ഒബ്‌സസ്ഡാകുന്ന ആളുകളെയാണ് മോണോമാനിയാക്ക് എന്നുപറയുന്നത്. ഇവിടുത്തെ വില്ലൻ കഥാപാത്രം വീഡിയോഗെയിമുകളിൽ ഒബ്‌സസ്ഡായിരിക്കുന്ന ഒരാളാണ്. വീഡിയോ ഗെയിം അഡിക്ഷനും അത് വ്യക്തികളിൽ ഉണ്ടാക്കുന്ന ബിഹേവിയറൽ പ്രശ്‌നങ്ങളുമെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്.

2014-ൽ ഡിസ്ട്രക്ടീവ് ക്രിയേഷൻസ് വികസിപ്പിച്ചെടുത്ത ആം വീഡിയോ ഗെയിമാണ് ഹെട്രഡ്. സിനിമ ഈ വീഡിയോ ഗെയിമിനെ റഫറൻസായി എടുക്കുകയും ചെയ്യുന്നുണ്ട്.
2014-ൽ ഡിസ്ട്രക്ടീവ് ക്രിയേഷൻസ് വികസിപ്പിച്ചെടുത്ത ആം വീഡിയോ ഗെയിമാണ് ഹെട്രഡ്. സിനിമ ഈ വീഡിയോ ഗെയിമിനെ റഫറൻസായി എടുക്കുകയും ചെയ്യുന്നുണ്ട്.

2014-ൽ ഡിസ്ട്രക്ടീവ് ക്രിയേഷൻസ് വികസിപ്പിച്ചെടുത്ത ആം വീഡിയോ ഗെയിമാണ് ഹെട്രഡ്. ദി ആന്റഗണിസ്റ്റ് എന്ന കൂട്ടക്കൊലയാളിയിലൂടെ മുന്നോട്ടുപോകുന്ന ഗെയിം ഡിസൈൻ, അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ കൊണ്ട് വിമർശിക്കപ്പെടുകയും ഒരു ഘട്ടത്തിൽ നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഗെയിം ഡിസൈനർ മാപ്പ് പറയുകയും 2015-ൽ ഇത് വീണ്ടും സ്ട്രീമിംഗ് ആരംഭിക്കുകയും ചെയ്തു. ഹെട്രഡിന്റെയും ബസൂക്കയുടെയും ഡിസൈൻ സമാനസ്വഭാവമുള്ളവയാണ്. സിനിമ ഈ വീഡിയോ ഗെയിമിനെ റഫറൻസായി എടുക്കുകയും ചെയ്യുന്നുണ്ട്.

പുതുമയുള്ള പ്ലോട്ടിലും ഡിനോ ഡെന്നീസിന്റെ തിരക്കഥ വല്ലാതെ താളംതെറ്റുന്നുണ്ട്. എക്‌സ്‌പ്ലൈനർ സ്വഭാവത്തിലേക്ക് പോകുന്ന സിനിമ പലഘട്ടങ്ങലിലും അനാവശ്യമായ സ്പൂൺ ഫീഡിങ്ങാണ് നടത്തുന്നത്. പൊളിറ്റക്കലി കറക്ടാവാത്തതിൻെറ പേരിൽ പുതുകാല സിനിമകൾ പലപ്പോഴും വിമർശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. സാങ്കേതികമികവിനും അഭിനയമികവിനും അപ്പുറത്ത് സിനിമയിൽ ഉൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാറുണ്ട്. ഗുജറാത്ത് വംശഹത്യ ചർച്ച ചെയ്തതിൻെറ പേരിൽ സംഘ്പരിവാർ ആക്രമണത്തിന് ഇരയായി റീ എഡിറ്റ് ചെയ്യേണ്ടിവന്ന ‘എമ്പുരാൻ’ അതിനൊരു ഉദാഹരണം മാത്രമാണ്. കയ്യടികൾക്ക് വേണ്ടി ജാതിയും മതവും ജെൻഡറും നിറവും വംശവുമൊക്കെ അധിക്ഷേപിക്കപ്പെട്ടിരുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ പുതിയകാലത്ത് അതിലൊക്കെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നിട്ടും, നായകന്റെ സ്റ്റൈലിഷ് ഫൈറ്റിനുശേഷം ഒരാവശ്യവുമില്ലാതെ വംശീയ അധിക്ഷേപം നടത്തുന്നുണ്ട് ബസൂക്കയിലെ മമ്മൂട്ടി കഥാപാത്രം. ഡിനോ എന്ന ന്യൂജനറേഷൻ തിരക്കഥാകൃത്തിനും മമ്മൂട്ടിയെന്ന അപ്‌ഡേറ്റഡ് നടനും 'കണ്ണാപ്പി' എന്ന വാക്കിന് പിന്നിലൊളിച്ചിരിക്കുന്ന വംശീയ അധിക്ഷേപത്തിന്റെ രാഷ്ട്രീയം അറിയില്ലായെന്ന് നിഷ്‌കളങ്കമായി കരുതുകവയ്യ. ആ പ്രയോഗത്തിൽ വലിയ രാഷ്ട്രീയ ശരികേടുണ്ട്.

ഇൻസ്റ്റഗ്രാം കാലത്ത് ദലിതരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ‘കോളനി’, ‘കണ്ണാപ്പി’ മുതലായ പദപ്രയോഗങ്ങൾ പേറുന്ന വംശീയ വിദ്വേഷം മുഖ്യധാരാ സിനിമയുടെ ഭാഗമാക്കുന്നത് അപകടകരമാണ്. എതിരെ നിൽക്കുന്നയാളെ അധിക്ഷേപിക്കുന്നതിനു വേണ്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കാറുള്ളത്. ദേ മാവേലിക്കൊമ്പത്ത് കോമഡികളുടെയും മാസ് ഡയലോഗുകളിലൂടെയുള്ള അധിക്ഷേപങ്ങളുടെയുമെല്ലാം കാലംകഴിഞ്ഞെന്ന് സിനിമയുടെ അണിയറപ്രവർത്തകർ ഇതുവരെയും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

ബസൂക്ക തിയേറ്റർ സ്റ്റഫുള്ള ഒരു സിനിമ തന്നെയാണ്. പക്ഷേ, മമ്മൂട്ടിയെന്ന നിരന്തരം സ്വയം മിനുക്കിയെടുക്കുന്ന നടനെ ഉപയോഗപ്പെടുത്തി നിറയെ സാധ്യതകളുള്ള ഒരു കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കുന്നതിൽ സിനിമ വിജയിക്കുന്നില്ല. ചിത്രത്തിൻെറ അവസാനഭാഗങ്ങളിൽ മമ്മൂട്ടിയെന്ന നടനെ സംവിധായകൻ സ്വതന്ത്രമായി വിഹരിക്കാൻ വിടുന്നുണ്ട്. എന്നിട്ടും എവിടെയൊക്കെയോ ഒരു അപൂര്‍ണത അനുഭവപ്പെടുന്നു.

തിരക്കഥയിലെ പിഴവുകൾ പലഘട്ടങ്ങളിലും പിന്നോട്ടടിക്കുമ്പോഴും ബാക്ക്ഗ്രൗണ്ട് സ്കോർ ഉപയോഗിച്ച് അതിനെ ലിഫ്റ്റ് ചെയ്യാൻ സംവിധായകൻ ശ്രമിച്ച് നോക്കുന്നുണ്ട്. എന്നാൽ സയ്യീദ് അബ്ബാസിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് അതിന് കഴിയുന്നില്ല. പലപ്പോഴും ആവർത്തിക്കപ്പെടുന്ന സ്‌കോറുകൾ ഒരു ഇംപാക്ടും സൃഷ്ടിക്കുന്നില്ല. എഡിറ്റിങ്ങിലെ പോരായ്മകളും സിനിമയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. കഥ നടക്കുന്ന കൊച്ചിയുടെ സാംസ്‌കാരിക ജീവിതവുമായി ചേർന്നുനിൽക്കുന്നതല്ല ബസൂക്കയുടെ കൾച്ചറൽ പ്ലോട്ടെന്ന് പല ഘട്ടത്തിലും തോന്നിക്കുന്നു. അൺറിയലിസ്റ്റാക്കായ അവതരണവും സംഭാഷണങ്ങളുമൊക്കെയാണ് സിനിമയുടേത്. ഇങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്താനുള്ള വക സിനിമ കരുതി വെച്ചിട്ടുണ്ട്.

Comments