ഒരു പക്ഷേ ജീവിതത്തിന്റെ പകയിടങ്ങൾ ആവിഷ്കൃതമാവുക ഓർമകളാൽ ജീവിതത്തെ അളന്നെടുക്കാൻ ശ്രമിക്കുമ്പോഴാവും. പാപപങ്കിലമായ സ്മൃതികൾ തികട്ടിവരുന്ന ഏകാന്ത നേരങ്ങളിൽ. തൃഷ്ണകളുടേയും കാമനകളുടെയും വന്യമായ ഇരുണ്ട നിറങ്ങൾ അനാവൃതമാകുന്നത് ഏകാന്തതയെ മറികടക്കുന്നൊരു മുഹൂർത്തത്തിലാവാം. മനുഷ്യ മനസ്സിന്റെ അതിസങ്കീർണമായ തുരങ്കങ്ങളേയും മരുസ്ഥലികളേയും അഭ്രപാളിയിൽ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ട്. സൈക്കോളജിക്കൽ ത്രില്ലറുകളിൽ ചിലതിൽ മനുഷ്യ മനസ്സിന്റെ അടിത്തട്ടിലെ പർവ്വതങ്ങളേയും അഗാധഗർത്തങ്ങളേയും അനുഭവവേദ്യമാക്കിയിട്ടുണ്ട്. ജിത്തു ജോസഫ് അവതരിപ്പിച്ച “ലെവൽ ക്രോസ്” എന്ന സിനിമ മനസ്സിന്റെ ഇരുണ്ട ഭാവങ്ങളുടെ വാസ്തവത്തിൽ കൈവെക്കാനുള്ള ശ്രമമാണ്. ജിത്തു ജോസഫിന്റെ സഹസംവിധായകനായിരുന്ന അർഫസ് അയൂബിന്റെ കന്നി ചിത്രമാണ് ലെവൽക്രോസ്. ടുണീഷ്യയിൽ ചിത്രീകരിച്ച രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ ഗൗരവമായി പ്രമേയത്തെ സമീപിച്ച മികച്ച സിനിമയാണ്. എന്നാൽ അതിന്റെ ഉദ്ദേശ്യം നേടുന്നതിൽ പൂർണമായി വിജയിച്ചെന്ന് വിലയിരുത്താനുമാവില്ല. സിനിമാറ്റിക് ആയി കാര്യം പറയാൻ ശ്രമിച്ചിട്ടുണ്ട്. സംവിധായകന്റെ ആദ്യ സംരംഭം എന്ന നിലയിൽ പ്രതീക്ഷ നൽകുന്നതുമാണ് ലെവൽക്രോസ്.
പലതരത്തിലും തലത്തിലും വ്യാഖ്യാനിക്കാവുന്ന ജീവിതചക്രം സിനിമ ബാക്കി വെയ്ക്കുന്നുണ്ട്. ജീവിതത്തിലെ ഏകാന്തതയുടേയും ഏകാന്തതയിലെ ജീവിതത്തിന്റേയും ഒരു തലം പിണഞ്ഞ് കിടക്കുന്നുണ്ട് സിനിമയിൽ. വൈഡ് ആംഗിൾ ഷോട്ടുകളിലൂടെ വെളിപ്പെടുത്തപ്പെടുന്ന അനന്തമായ മരുഭൂമിയുടെ കൊച്ചുസ്ഥലരാശിയാണ് ആ ജീവിതത്തേയും ഏകാന്തതയേയും സംഘർഷ നിർഭരമാക്കുന്നത്. അത് ആത്യന്തികമായി ഒരു ഫിക്ഷണൽ സ്പേസുമാണ്. ഏത് ആംഗിളിലാണ് യാഥാർത്ഥ്യത്തെ ആഖ്യാനം ചെയ്യാനാവുക എന്ന പ്രശ്നവത്ക്കരണവും സിനിമ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സംഭാഷണങ്ങൾക്കും കഥാപാത്രങ്ങൾ തമ്മിലുള്ള ഭാവവിനിമയങ്ങൾക്കുമപ്പുറം ദൃശ്യാഖ്യാനങ്ങളുടെ സവിശേഷത കൊണ്ട് അതുന്നയിക്കാൻ ചിത്രം ഉദ്യമിക്കുന്നു.

ആരുടെ കഥനമാണ് വാസ്തവത്തോട് നീതി പുലർത്തുന്നതെന്ന് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു തലം കൂടി സിനിമ അവശേഷിപ്പിക്കുന്നുണ്ട്. ഒരാളുടെ കഥ പറച്ചിൽ സത്യസന്ധമായ ഉള്ളുതുറക്കലാണോ അതോ അബോധം അയാളിലൂടെ നടത്തുന്ന സംഭവങ്ങളുടെ ആഖ്യാനമാണോ?. മനുഷ്യർ ജീവിതത്തിൽ നടത്തുന്ന ഏത് ആഖ്യാനവും അതിജീവനം ലക്ഷ്യമാക്കിയുള്ള ഒരു വ്യാഖ്യാനം മാത്രമോ? ചെതാലി/ശിഖ (അമല പോൾ) എന്ന കഥാപാത്രം തന്നെ വാസ്തവമാണോ അതോ ജോർജ്/രഘുവിന്റെ (ആസിഫ് അലി) ഭാവനാദേശത്തെ കഥാപാത്രമോ?. ആർക്കാണ് മാനസികമായ താളം തെറ്റൽ നടന്നിട്ടുള്ളത്. ഇവരിലൊരാൾക്കോ അതോ സിൻജോ(ഷറഫുദ്ദീൻ)യ്‌ക്കോ?. മനസിന്റെ ചികിത്സകരായി വിശദീകരിക്കപ്പെടുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട് ചെതാലി/ശിഖയും സിൻജോയും. ഏത് ആഖ്യാനമാണ് പൂർണതയെ തൊടുക?. എവിടെ നിന്നുള്ള നോട്ടങ്ങളാണ് വാസ്തവം?. മനുഷ്യരുടെ മാനസികമായ നോർമലവസ്ഥയുടെ മാനദണ്ഡമെന്ത്? ട്വിസ്റ്റുകളിലൂടെയാണ് സിനിമയുടെ സഞ്ചാരം.
ചിന്തയെ വിവിധ ആംഗിളുകളിൽ നിന്ന് പ്രസരിപ്പിക്കാൻ പ്രേക്ഷകരെ നിർബന്ധിതമാക്കുന്നുണ്ട്. അത് സിനിമയുടെ വിജയമാണ്. ഈ കാലത്ത് ആരും ജീവിക്കുക മാത്രമായി ചെയ്യുന്നില്ല. എല്ലാ ജീവിതവും ഏറിയും കുറഞ്ഞും അതിജീവനം തന്നെ. ഉള്ളിലെ ഇരുണ്ട ചെയ്തികളെ മായ്ച്ചും മറച്ചുമുള്ള അതിജീവനം. അതൊരു അടിത്തട്ടു മനുഷ്യന്റെ പിടച്ചിലാകാം. നാഗരികജീവിതം നയിക്കുന്ന അഭിജാത സ്ത്രീയുടേതാകാം. ചതിയ്ക്ക് വിധേയമായെന്ന തോന്നലിന്റെ പരിഹാരക്രിയയാവാം. വളർന്ന ചുറ്റുപാടിനാൽ തന്നിലേക്കു വന്ന നെഗറ്റിവിറ്റിയുടെ ഫലമാവാം. മാനസികവ്യാപാരങ്ങളുടെ അകപ്പൊരുൾ അത്ര വേഗം പിടിതരുന്ന ഒന്നല്ല.
സ്നേഹിച്ച പെണ്ണ് ചതിച്ചതിനാൽ കൊലപാതകം ചെയ്ത ആളായി ജോർജ്/രഘു സിനിമയിൽ ആവിഷ്കൃതമാകുന്നുണ്ട്. അയാളുടെ സ്വന്തം ആഖ്യാനവും വ്യാഖ്യാനവുമാണത്. കുറ്റവാളിയും മാനസിക വിഭ്രാന്തിയുള്ളവനുമായ ഭർത്താവ് സിൻജോവിനാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സൈക്കോളജിസ്റ്റായി ചെതാലി/ശിഖ പ്രത്യക്ഷമാവുന്നുണ്ട്. ജോർജ്/രഘുവിന്റെ മുമ്പിൽ മാത്രമല്ല, പ്രേക്ഷകരുടെ മുമ്പിലും. സിൻജോ ആദ്യ ഭാര്യയായ ശിഖയെ കൊന്ന ക്രൂരനായ മനുഷ്യനായിരുന്നു. ചെതാലിയുടെ ആഖ്യാനത്തിൽ അങ്ങനെയാണുള്ളത്. എന്നാൽ സിൻജോവിന്റെ നറേറ്റീവ് മറ്റൊന്നാണ്. തന്റെ മാനസിക രോഗമുള്ള ഭാര്യ ശിഖ തന്നെയാണ് മരുഭൂവിലെ ലെവൽ ക്രോസിനടുത്ത് തീവണ്ടിയിൽ നിന്ന് ചാടി തന്നെക്കുറിച്ച് ജോർജ്/രഘുവിനോട് സംസാരിക്കുന്ന ചെതാലിയെന്ന സ്ത്രീ. അവൾ മനോരോഗ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയത്രെ തീവണ്ടിയിൽ നിന്നും അജ്ഞാതവും വിജനവുമായ പേരില്ലാദേശത്തേക്ക് ചാടിവീണത്. അതിനാൽ വിചിത്രമായ ഒരു ബന്ധമാണ് കഥാപാത്രങ്ങൾ തമ്മിൽ രൂപം കൊള്ളുന്നത്.

ജോർജ്/രഘുവും ചെതാലി/ശിഖയും തമ്മിൽ പരസ്പരമുള്ള പരിചയപ്പെടുത്തലിന്റെ അന്തരീക്ഷത്തിൽ ഉണ്ടാവുന്ന വൈകാരികമായ അടുപ്പത്തെ കീറിമുറിച്ചു കൊണ്ടാണ് ട്വിസ്റ്റുകൾ വരുന്നത്. ചിലയിടങ്ങളിൽ വേഗം കുറഞ്ഞ പേസിൽ ഇഴയടുപ്പം നഷ്ടപ്പെടുന്നുണ്ടെങ്കിലും സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ ചില ഭാഗത്ത് വേഗമേറുന്നുമുണ്ട്. മരുഭൂമിയുടെ ഊഷര വിശാലതയിൽ, ഏകാന്ത ജീവിതത്തിന്റെ തുരുത്തിൽ, ജീവിതത്തിന്റെ കാമനാ നിർഭരമായ ചെയ്തികൾക്ക് ചില സന്ദർഭങ്ങളിൽ ഗതിവേഗം കൂടും. ഇഴഞ്ഞു നീങ്ങൽ ഇത്തരമൊരു പ്രമേയത്തിന്റെ പരിചരണത്തിൽ അനാവശ്യമെന്നും പറഞ്ഞുകൂടാ. അതിവിശാലമായ പുറത്തെ മരുയിടവും ഇടുങ്ങിയ അകത്തെ വീട്ടുമുറിയിടവും തമ്മിലുണ്ടായിത്തീരുന്ന കോൺട്രാസ്റ്റ് ഉചിതമായ ലൈറ്റിംഗിനാലും കളറിംഗിനാലും ആകർഷകമായി തീർത്തിട്ടുണ്ട്.
തുടക്കത്തിൽ മരുപ്രദേശത്തെ ഒരു ലെവൽക്രോസിൽ ഏകാന്തതയനുഭവിക്കുന്ന ഗേറ്റ് കീപ്പറായാണ് രഘു പ്രത്യക്ഷമാവുന്നത്. ആകർഷകമായ ചുവപ്പു നിറത്തിലുള്ള വസ്ത്രത്തിൽ ട്രാക്കിനരികെ വീണുകിടക്കുന്ന രീതിയിൽ കണ്ടെത്തപ്പെടുന്ന പെൺകുട്ടിയാണ് ആ ഏകാന്തതയിലേക്ക് മറ്റു ജീവിതങ്ങളെ കൊണ്ടുവരുന്നത്. അവൾ ചെതാലിയായി സ്വയം വെളിപ്പെടുത്തുന്നു. രഘുവിന്റെ ഊഷരമായ ജീവിതത്തെ പ്രതീകവത്കരിക്കുന്ന മരുഭൂമിയുടെ കഠിനമായ വിരസതയിലേക്ക് അവൾ കൊണ്ടുവരുന്നത് പ്രണയാർദ്രമായ ഒരിടം കൂടിയാണ്. രഘുവിന്റെ ജീവിതത്തിലേക്ക് വസന്തം കൊണ്ടുവരുന്നു എന്ന് തോന്നിച്ചിടത്തു നിന്ന് ജീവിതത്തിന്റെ ഇുരുൾ നിറഞ്ഞ അകയാഥാർത്ഥ്യങ്ങളിലേക്ക് ആ സാന്നിദ്ധ്യം തെന്നിനീങ്ങുന്നു. മൂന്നു ജീവിതങ്ങളുടെ മറുപുറങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. അവയുടെ സംഗമസ്ഥാനമായി ഒരു സർറിയൽ സ്പേസിലെന്നപോലെ മെറ്റഫറിക്കലായ ഒരിടമായി ആ ലെവൽക്രോസ് ഉടനീളം നിലകൊള്ളുന്നു.
സിനിമയിൽ പ്രതീതിയും യാഥാർത്ഥ്യവും തമ്മിൽ നേർത്ത വരകളാൽ സൃഷ്ടിക്കപ്പെട്ട അതിർത്തികളയുള്ളൂ. മൂന്നുപേരുടേയും വാസ്തവമായതോ ഭാവനാത്മകമായതോ ആയ സ്വത്വത്തെ നിർവചിക്കാനുള്ള ഇടമായി ലെവൽക്രോസ് സ്ഥിതിചെയ്യുന്നു. സംത്രാസാവസ്ഥയിലുള്ള ഒരു മനസിന്റെ മാത്രം വിഭ്രാന്തികളോണോ ഈ മൂന്നു ജീവിതങ്ങൾ എന്നും സംശയിക്കാം. ഈ ദൃശ്യക്കൂട്ടുകളിലെ കടുപ്പം കൂടിയ ടോൺ അന്തരീക്ഷത്തിന് അനുരൂപമായി ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് കാണാം. ഇത് റാഷൊമോൺ ഇഫക്റ്റ് പ്രദാനം ചെയ്യുന്ന രീതിയിൽ സംവിധാനപ്പെടുത്താൻ ശ്രമിച്ചതായി തോന്നിപ്പിക്കുന്നുണ്ട്. സാമ്പ്രദായികമായ ത്രില്ലറിൽ നിന്ന് ലെവൽ ക്രോസിനെ മാറ്റിത്തീർക്കുന്നത് പരിചരണത്തിൽ കാട്ടിയ ഈ നവീനതയും പരീക്ഷണാത്മകതയുമാണ്.മനസിന്റെ സങ്കീർണതകളെ വ്യാഖ്യാനിക്കാനുള്ള ശ്രമം പ്രതീകാത്മകമായ ദൃശ്യഖണ്ഡങ്ങളുടെ വിന്യാസത്താൽ സംവേദനക്ഷമമാക്കാനുള്ള ശ്രമം. എല്ലാ തരത്തിലുമുള്ള പ്രേക്ഷകരേയും ഈ പരീക്ഷണം ആകർഷിച്ചെന്നുവരില്ല എങ്കിലും ഇത് അഭിനന്ദാർഹമായി തോന്നുന്നു.

സത്യസന്ധരെന്നോ വിശ്വസിക്കാവുന്നവരെന്നോ തോന്നുന്ന ആഖ്യാതാക്കൾ സിനിമയിലില്ല. ഇത് സിനിമ പറയാനുദ്ദേശിക്കുന്ന കാര്യത്തിന് അനുസൃതമായ ഒരു പരിചരണമാണ്. ഉടനീളം നോർമൽ ആയ ഒന്നിനെയും പ്രേക്ഷകർക്ക് കാണാൻ കഴിയുന്നില്ല. അതിനാൽ സിനിമ കഴിഞ്ഞാലും സത്യം ആരും പറഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകർക്ക് തോന്നാവുന്നതാണ്. ആറു കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിലുഉള്ളത്. പ്രധാനമായും മൂന്നുപേർ. ദൃശ്യാഖ്യാനത്തിന്റെ സവിശേഷതകളിലൂടേയും പ്രതീകങ്ങളുടെ വിന്യാസത്തിലൂടേയും മുമ്പോട്ടുപോകുന്ന പരിചരണമാണ് പ്രധാനമായിട്ടുള്ളത്. സംഭാഷണങ്ങൾ അവയ്ക്ക് പിന്തുണ നൽകാനേ ഉദ്ദേശിച്ചിട്ടുള്ളൂ. കാലത്തിനും സ്ഥലത്തിനും അപ്പുറം സെറ്റ് ചെയ്തിച്ചുള്ള ഒരിടമാണ് പ്രേക്ഷകർ കാണാൻ പോകുന്നതെന്ന് തുടക്കത്തിൽ സിനിമ പ്രസ്താവിക്കുന്നുണ്ട്. ജീവിതാനുഭവങ്ങുടെ കാര്യത്തിൽ നമ്മൾ സമാനരാണെന്ന് ജോർജ്/രഘു ആദ്യം പറയുമ്പോൾ ചെതാലി/ശിഖ അത് പൂർണമായിട്ടെടുക്കുന്നില്ലെങ്കിലും പീന്നീടൊരു സന്ദർഭത്തിൽ അതു സ്വീകരിക്കുന്നുണ്ട്.
പ്രമേയത്തിലെ സൈക്കോളജിക്കൽ ലെയർ അനാവരണം ചെയ്തു കാണാൻ പ്രേക്ഷകർക്ക് ആകാംക്ഷ നൽകേണ്ട വിധത്തിൽ ഉയരാൻ ചില യിടങ്ങളിൽ സിനിമയ്ക്ക് കഴിഞ്ഞില്ലെന്ന വിമർശനം പ്രസക്തമാണ്. കഥാപാത്രങ്ങൾക്കിടയിലെ മൈൻഡ് ഗെയിമുകൾ രചയിതാക്കളുടെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തെ വിവിധ കാഴ്ചപ്പാടുകളിലൂടെ കാണിക്കാൻ നടത്തുന്ന നറേറ്റീവുകളുടെ ഒരു ദോലനം സിനിമയിൽ സംജാതമാകുന്നുണ്ട്. ജോർജ്/രഘുവിനുണ്ടാകുന്ന ആശയക്കുഴപ്പം ചെതാലി/ശിഖ, സിൻജോ എന്നിവരുടെ രണ്ട് നറേറ്റീവുകളും കേട്ടശേഷം പ്രത്യക്ഷത്തിൽ കാണിക്കുന്നുണ്ട്. നാഗരിക ലോകത്തുനിന്നും അകന്നു നിൽക്കുന്ന സർറിയൽ ആയ ഒരിടത്ത് ഒരു കഥാപാത്രമായി ജോർജ്/രഘുവിനും പ്രക്ഷകർക്കും മാത്രം കാണാൻ കഴിയുന്ന രീതിയിൽ ഒരു കോവർകഴുതയും പ്രത്യക്ഷമാകുന്നുണ്ട്. സ്വന്തം സ്വത്വത്തെ മാനിപ്പുലേറ്റ് ചെയ്ത് അവതരിപ്പിക്കാൻ നിർബന്ധിതമാകുന്ന മനുഷ്യാവസ്ഥയിലൂടെ മൂന്നു കഥാപാത്രങ്ങളും കടന്നുപോകുന്നുണ്ട്. ആരാണ് ജോർജ്/രഘു എന്ന് സിനിമ ഒടുവിൽ സൂചിപ്പിക്കാതിരിക്കുന്നില്ല.
പ്രത്യക്ഷത്തിൽ നിഷ്കളങ്കനും സാധാരണക്കാരനുമെങ്കിലും മ്ലാനവും ഇരുണ്ടതുമായ ഒരു ഭൂതകാലത്തെ ഉൾവഹിക്കുന്നവനായ ജോർജ്/രഘുവെന്ന കഥാപാത്രമായി ആസിഫ് അലിയുടെ വേഷപ്പകർച്ച മികച്ചതായി. അകംമനസിലെ രഹസ്യങ്ങൾ മൂടിവെക്കാനും വേണ്ടപ്പെൾ പുറത്തെടുക്കാനും അഭിനേതാവിന് കഴിഞ്ഞിട്ടുണ്ട്. ദീർഘകാലം പെൺസാമീപ്യമില്ലാതെ കഴിഞ്ഞതിന് ശേഷം ഒരു പെണ്ണുമായുണ്ടാവുന്ന വിനിമയങ്ങൾ സ്വാഭാവികമായി ആസിഫ് അവതരിപ്പിച്ചിട്ടുണ്ട്. കണ്ണുകളിലൂടെ ചെതാലി/ശിഖയോടുള്ള ആകർഷണവും സ്നേഹവും പ്രകടിപ്പിക്കുന്നത് ലളിതമായിട്ടാണ്. അഭിനയ ജീവിതത്തിൽ മുമ്പ് അവതരിപ്പിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന് സഹായകമായിട്ടുണ്ട്. ആ ശരീരഭാഷകൾ തന്നെയാണ് ജോർജ് /രഘു വെന്ന കഥാപാത്രത്തെ വിശ്വസനീയമാക്കിയത്. അമിതാഭിനയത്തിലേക്ക് വഴുതിപ്പോയിരുന്നെങ്കിൽ പിടി വിട്ടുപോകുമായിരുന്ന കഥാപാത്രമാണിത്.

അമലപോൾ തന്റെ കഥാപാത്രം വഹിക്കുന്ന രഹസ്യാത്മകതയെ പേറിക്കൊണ്ടാണ് സിനിമയിലുടനീളം നടത്തിയത്. ജോർജ്/രഘുവിന്റെ ഭൂതകാലം യാദൃച്ഛികമായി അറിയാനിടവരുന്ന മുഹൂർത്തങ്ങളിലും ജോർജ്/രഘു അക്കാര്യം മനസ്സിലാക്കിയതിന് ശേഷമുള്ള സ്ക്രീൻ വിനിമയങ്ങളിലും മികച്ച ഭാവാഭിനയം അമല പോൾ നടത്തിയിട്ടുണ്ട്. ഷറഫുദ്ദീനും തനിക്ക് ലഭിച്ച താരതമ്യേന കുറഞ്ഞ സ്ക്രീൻ സമയത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷേ, ഡയലോഗ് ഡെലിവറിയിൽ ചിലയിടങ്ങളിൽ വേണ്ടത്ര മികവ് പുലർത്തിയില്ലെന്ന വിമർശനത്തിന് സ്കോപ്പുണ്ട്.
അർഫസ് അയൂബിന്റെ കഥയിൽ അർഫസ് അയൂബും ആദം അയൂബും ചേർന്നാണ് തിരക്കഥയൊരുക്കിയത്. രമേഷ് പി പിള്ള നിർമിച്ച ചിത്രത്തിന്റെ സംഭാഷണം ആദം അയൂബിന്റേതാണ്. അപ്പു പ്രഭാകറിന്റെതാണ് സിനിമാട്ടോഗ്രാഫി. ധാരാളമുള്ള സ്റ്റാറ്റിക് ഫ്രെയിമുകൾ സന്ദർഭത്തിനനുസരിച്ച് സംവിധാനപ്പെടുത്തിയതായി കാണാം. ലാൻഡ്സ്കേപ്പിനേയും മൂഡിനനുസൃതമായി നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളെ സൂചിപ്പിക്കത്തക്ക വിധം ഫ്ലാഷ് ബാക്ക് രംഗങ്ങളിലുൾപ്പെടെ ഉപയോഗിച്ച ഡച്ച് ആംഗിൾ ഷോട്ടുകൾ ഉചിതമായി. എന്നാൽ സഹാറാ മരുഭൂമിയുടെ വിശാലത പൂർണ്ണമായും ഉപയോഗപ്പെടുത്തിയോ എന്ന സംശയമുണ്ട്. ജയദേവൻ ചക്കാടത്ത് ഡിസൈൻ ചെയ്ത പശ്ചാത്തല ശബ്ദവും ആഖ്യാനത്തിന്റെ സവിശേഷതകൾക്കൊപ്പം സമയങ്ങളിൽ നിലകൊണ്ടു. വിശാൽ ചന്ദശേഖറിന്റേതാണ് സംഗീതം. ലിജു പ്രഭാകറാണ് കളറിംഗ്. എഡിറ്റിംഗ് ദീപു ജോസഫിന്റേതും