അൽത്താഫ് സലീം സംവിധാനം ചെയ്ത് 2025 ൽ പുറത്തിറങ്ങിയ “ഓടും കുതിര ചാടും കുതിര” എന്ന സിനിമ മനുഷ്യമനസ്സിന്റെ സങ്കീർണതകളും അധോയാനങ്ങളും അതിമനോഹരമായി പ്രേക്ഷകർക്കുമുമ്പിൽ അവതരിപ്പിക്കുന്നു.
ഒറ്റനോട്ടത്തിൽ, ഈ സിനിമ വിനോദസിനിമയായി തോന്നാം. എന്നാൽ, പ്രമേയം വർത്തമാനകാലത്ത് ഏറെ ഗൗരവമുള്ള ഒന്നാണ്. ആഗോളവൽക്കരണവും അമിത നഗരവൽക്കരണവും വിനിമയ സാങ്കേതികവിദ്യയുടെ പ്രളയവും നടക്കുന്ന ഈ കാലത്ത് മനുഷ്യൻ അതിഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 60 - 70 ദശലക്ഷം ആളുകൾ പലതരം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രതിവർഷം 2.6 ലക്ഷം ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്നു എന്നത് ആശങ്കാജനകമാണ്. ഇന്ത്യയിലെ ശരാശരി ആത്മഹത്യാനിരക്ക് ലക്ഷത്തിൽ ഏകദേശം 11 ആണെന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു. ഈ സാമൂഹിക പശ്ചാത്തലമാണ് ഓടും കുതിര ചാടും കുതിരയിലെ പ്രമേയത്തെ പ്രസക്തമാക്കുന്നത്. കലാമൂല്യത്തിന്റെ അടിസ്ഥാനത്തിൽ സിനിമയ്ക്ക് പല പോരായ്മകൾ ഉണ്ടെങ്കിലും ഈ സിനിമ മുന്നോട്ടുവെയ്ക്കുന്ന വിഷയങ്ങളെ അവഗണിച്ചുകൂടാ.
സമയത്തെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന കലാരൂപമാണ് സിനിമ എന്ന് ലോകപ്രശസ്ത ഫ്രഞ്ച് ചിന്തകൻ ഗില്ലെസ് ഡെല്യൂസ് (Cinema 2: The Time-Image, 1989) നിരീക്ഷിക്കുകയുണ്ടായി. സമയത്തിന്റെ പലതലങ്ങളിലുള്ള വസ്തുതകളെ ഒരേ തട്ടിൽ ഒരുമിച്ച് കൊണ്ടുവരാൻ സാധിക്കുന്ന ഉപാധിയാണ് സിനിമ. ആ നിലയിൽ സമയത്തെ സിനിമയിലുടനീളം അതിസൂക്ഷ്മമായി പ്രയോഗിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ജീവിതവിനിമയങ്ങൾ യഥാതഥമായും, സ്വപ്നങ്ങളായും, ‘കോമ’ എന്ന അവസ്ഥയിലും പ്രത്യക്ഷപ്പെടുന്നു.
സ്വപ്നലോകവും യാഥാർത്ഥലോകവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ഉഴലുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഓടും കുതിര ചാടും കുതിര. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അത്തരം മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ്. സിനിമയിലെ നായികാകഥാപാത്രമായ നിധി (കല്യാണി) തന്റെ പ്രശ്നങ്ങൾക്ക് സ്വപ്നങ്ങളിൽ ആശ്വാസം കണ്ടെത്തുന്നു. എന്നാൽ, എബി (ഫഹദ്) തമാശ ഒരു ഉപാധിയായി സ്വീകരിച്ച് തന്റെ പ്രശ്നങ്ങളെ അവഗണിക്കാൻ ശ്രമിക്കുന്നു. മാത്യു (ലാൽ) വിനെ സംബന്ധിച്ച് മരണമാണ് ജീവിതത്തിലെ ഒറ്റപ്പെടലിൽ നിന്നുള്ള മുക്തി. അതുവഴി താൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന മരിച്ചുപോയ തന്റെ ഭാര്യയുടെ സമീപത്ത് എത്താമെന്ന് അയാൾ ആഗ്രഹിക്കുന്നു. ഈ കഥാപാത്രങ്ങളാരും തന്നെ തങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നില്ല.

അതിസൂക്ഷ്മതയോടുകൂടിയാണ് ഓരോ കഥാപാത്രങ്ങളെയും അൽത്താഫ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. മൂർത്തവും അമൂർത്തവും ആയ രണ്ട് യഥാർഥ്യങ്ങളിലാണ് ഈ കഥാപാത്രങ്ങൾ ജീവിക്കുന്നത്. ഈ കഥാപാത്രങ്ങളെല്ലാം, മനുഷ്യൻ നിത്യജീവിതത്തിൽ നിരന്തരമായി അവഗണിക്കുന്നതോ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്നതോ ആയ ഒരുതരം വിചിത്ര സ്വഭാവങ്ങളെ (quirkiness) സുവ്യക്തമായി പ്രതിനിധീകരിക്കുന്നു.
ചലച്ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കഥ പൂർണമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. എബിയുടെ മനസ്സ് സഞ്ചരിക്കുന്ന അതേ ദിശയിലാണ് കഥയും സഞ്ചരിക്കുന്നത്. അയാൾ തന്റെ മാനസികാവസ്ഥയെ ചുറ്റിലുമുള്ള പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വയം മറച്ചുവെക്കാൻ ശ്രമിക്കുന്നു. ഈ രേഖീയമല്ലാത്ത കഥാഗതി സംവിധായകന്റെ ബോധപൂർവമായ ഇടപെടലായി നമുക്ക് വായിച്ചെടുക്കാം.
സിനിമയിലുടനീളം സംവിധായകൻ കഥയെ കോർത്തിണക്കാൻ ഉപയോഗിക്കുന്ന ഒരു ടെക്നിക്ക് ആണ് കോമഡി. പക്ഷേ, എന്തുകൊണ്ട് കോമഡി? പ്രേക്ഷകരുടെ ആസ്വാദ്യത ഒരു മുഖ്യ ഘടകമാണ്. അതിലുപരി, കഥാപാത്രങ്ങൾ തങ്ങളെയും ലോകത്തെയും തിരിച്ചറിയുന്ന ഭാഷയാണിത്. അവരുടെ സ്വഭാവവൈചിത്ര്യം ഹാസ്യത്തിന്റെ പാളിയിലൂടെ പ്രകടമാകുമ്പോൾ, അത് അവരുടെ ആത്മബോധത്തിന്റെയും സാമൂഹിക ബോധത്തിന്റെയും പ്രാഥമിക മാർഗമായി പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ, സിനിമയിലെ ചില കോമഡി ഡയലോഗുകൾ പ്രേക്ഷകരെ വേണ്ടത്ര ചിരിപ്പിച്ചെന്നുവരില്ല. കാരണം, ട്രോമ പോലെയുള്ള തീവ്രതയേറിയ മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുന്നവരാണവർ. തമാശ ഒരു കോപ്പിങ് മെക്കാനിസമായാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
സിനിമയിൽ സ്വപ്നം ഒരു സുപ്രധാന തന്തുവായി കടന്നുവരുന്നു. പലയാളുകളെ പലരീതികളിലാണ് സ്വപ്നം ബാധിക്കുന്നത്. നിധിയുടെ സ്വപ്നങ്ങളിലൂടെയാണ് സിനിമ കെട്ടിപ്പടുക്കുന്നത്. അവളുടെ സ്വപ്നങ്ങളുടെ മറുവശം (ഉദാഹരണത്തിന് കുതിരയും തുടർന്നുള്ള അപകടവും) സിനിമയുടെ ദീർഘമായ മുറിവുകളിലേക്കുള്ള ചാലകമാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത് സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു നൂൽപാലത്തിലൂടെയാണ്. ഒരേസമയം ജീവിതത്തിലെ പ്രതിസന്ധികളുടെ ഉത്തരം സ്വപ്നങ്ങളിൽ കണ്ടെത്താൻ ശ്രമിക്കുകയും, സ്വപ്നങ്ങളുടെ ഉത്തരം എവിടെ തിരയണമെന്നറിയാതെ അലയുകയും ചെയ്യുന്നു.

സിനിമയിലെ ഏറ്റവും വലിയ mystery ആയി എബിയുടെ നിരന്തരവും അപൂർണവുമായ സ്വപ്നാനുഭവം പ്രത്യക്ഷപ്പെടുന്നു. ഈ സ്വപനം എബിയെ അലട്ടുന്നതിന്റെ പ്രധാന കാരണം, അതിൽ അവൻ സന്തോഷവാനായിരുന്നു എന്നതാണ്. തന്റെ യാഥാർത്ഥ ജീവിതവും സ്വപ്നാനുഭവങ്ങളും തമ്മിലുള്ള അതിരുകൾ വ്യക്തമായി തിരിച്ചറിയാനോ അവയെ യുക്തിപൂർവം സമാന്തരപ്പെടുത്താനോ അവന് കഴിയുന്നില്ല. എബി തന്റെ മാനസിക പ്രശ്നങ്ങളെ അംഗീകരിക്കുകയും അതിനോട് പൊരുത്തപ്പെടുകയും ചെയ്യുമ്പോഴാണ് അവന്റെ സ്വപ്നത്തിന് പൂർണത കൈവരുന്നത്. ഈ തിരിച്ചറിവ് വൈദ്യസഹായം സ്വീകരിക്കാൻ പ്രചോദനമാണെന്നിരിക്കിലും നമുക്കുചുറ്റും ഒരു സഹായകവലയം (സപ്പോർട്ട് സിസ്റ്റം) ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അവിടെയാണ് ലാലിന്റെ കഥാപാത്രം മാത്യു പ്രസക്തമാകുന്നത്. മാത്യുവിനെ സംബന്ധിച്ച് അയാൾ തന്റെ മാനസികപ്രശ്നങ്ങളെക്കുറിച്ച് ബോധവാനാണ്. അതിനു വൈദ്യസഹായം തേടുന്നുമുണ്ട്. എന്നാൽ, അയാളുടെ മക്കളായ എബിയും സിബിയും അയാളുടെ സംഘർഷങ്ങളെ തീർത്തും അവഗണിക്കുന്നു. കഥാന്ത്യത്തിൽ മാലിനിയുടെ വരവോടെ മാത്യുവിന്റെ മാനസികനില മെച്ചപ്പെടുന്നു എന്നുള്ളത് സപ്പോർട്ട് സിസ്റ്റത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
മാനസിക പ്രശ്നങ്ങൾ എത്രമാത്രം സങ്കീർണമാണെന്നും, അത് സ്വയം തിരിച്ചറിയുക എന്നത് എത്രമാത്രം പ്രയാസമാണെന്നുമാണ് സിനിമയുടെ ഉള്ളടക്കം പ്രേക്ഷകരോട് പറയുന്നത്. ആ തിരിച്ചറിവിലേക്കുള്ള ദീർഘയാത്രയാണ് ഓടും കുതിര ചാടും കുതിര.
പൂർണമായും പരീക്ഷണാത്മകമായ സിനിമയായി ഓടും കുതിര ചാടും കുതിരയെ കണക്കാക്കാൻ സാധിക്കില്ലെങ്കിലും, വിഷയത്തിനനുകൂലമായ നിറങ്ങളും ക്യാമറാ മൂവ്മെന്റുകളും സംഭാഷണങ്ങളും ഈ സിനിമയെ വ്യത്യസ്തമായി നിലനിർത്തുന്നു.
