ബെൻസി‍‍ന്റെ പ്രതികാരത്തിൽ ഒരു ട്വിസ്റ്റ്, തുടരും സെക്കന്റ് ഹാഫ് മാറ്റിയെഴുതിയാൽ

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാലിൻെറ ‘തുടരും’ സിനിമയുടെ സെക്കൻറ് ഹാഫ് ഒന്ന് മാറ്റിയെഴുതി നോക്കുകയാണ് ഈ ആഴ്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

തുടരും സിനിമയെ പറ്റി എഴുതാമോന്ന് എന്റെ സുഹൃത്ത് ബിജു എന്നോട് ചോദിച്ചു. സിനിമയെ നിരൂപണമായിട്ടെഴുതാനൊക്കെ വല്യ പാടാണെന്നേയ്. സിനിമ എനിക്ക് എങ്ങനെ വേണമായിരുന്നു എന്ന് പറയാം, എഴുതാം. താരതമ്യേനേ എളുപ്പമാണ്.

അപ്പോ,

ഫസ്റ്റ് ഹാഫ് അങ്ങനെ തന്നെ നിന്നോട്ടെ. സെക്കൻഡ് ഹാഫിന് ആണ് ചില മാറ്റങ്ങൾ വേണ്ടത്. അനുയോജ്യമായ സീനുകൾ തുടരുകയും ചെയ്യാം. എങ്കി പിന്നെ അതൊന്ന് എഴുതി നോക്കിയിട്ട് തന്നെ കാര്യം.

കല്യാണവീട്ടിലെ ആഘോഷം കഴിഞ്ഞ് ബെൻസിനോട് കാർ അകലെ എവിടെയോ ഉള്ള ഒരു ഫാം ഹൗസിലേക്ക് എടുക്കാൻ CI ജോർജ് ആവശ്യപ്പെടുന്നു. ഇൻസ്പെക്ടർ ബെന്നിയും, CPO സുധീഷും കാറിൽ കയറുന്നു. ബെൻസ് എതിർക്കുന്നെങ്കിലും ജോർജ് നിർബന്ധിക്കുന്നു. ഗത്യന്തരമില്ലാതെ ബെൻസ് അനുസരിക്കുന്നു.

ഉൾക്കാടിലേക്ക് എത്തുന്നതിന് മുമ്പുള്ള തുറസ്സായ സ്ഥലത്ത് വെച്ച് ബെൻസിനോട് കാർ നിറുത്തി ഇറങ്ങാൻ പറയുന്നു. “നീയിനി ആ കലുങ്കിൽ ഇരുന്നോ, ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വന്നേക്കാം,” ജോർജ്ന്റെ പതിവ് ചിരി.

പരാതി എന്തായെന്നറിയാൻ പിറ്റേദിവസം വന്ന ബെൻസ് സ്റ്റേഷന്റെ ചുറ്റും നടക്കുന്നു. അവിടെ പുല്ലിനുള്ളിൽ കിടന്നിരുന്ന തുരുമ്പ് പിടിച്ച ആക്രിസാധനങ്ങൾക്കിടയിൽ നിന്ന് കിട്ടിയ പേഴ്സ് തുറന്ന് നോക്കിയ ബെൻസ് തളർന്ന് അവിടെയിരുന്നു. അയാൾ സ്റ്റേഷനിലേക്ക് കയറാതെ വീട്ടിലേക്ക് പോകുന്നു.

“അത് പറ്റില്ല സാർ, വണ്ടി ഞാനല്ലാതെ മറ്റൊരാൾ ഓടിക്കുന്നത്... ഞാനിതുവരെ ആർക്കും കാർ കൊടുത്തിട്ടില്ല” ബെൻസ് ഇറങ്ങാൻ വിസമ്മതിക്കുന്നു.

“ബെൻസേ, വണ്ടി ഞാനായിട്ട് നിനക്ക് വിട്ടു തന്നു. കഞ്ചാവ് കേസാണെ, എന്നിട്ടും ഞാൻ നിന്റെ കൂടെ നിന്നു. അപ്പൊ പിന്നെ ഞാൻ പറഞ്ഞത് നീ കേൾക്കേണ്ടേ” ഭീഷണി നിറഞ്ഞുനിൽക്കുന്ന ജോർജിന്റെ വളരെ സോഫ്റ്റ് ആയ ചോദ്യം.

“അങ്ങനെയല്ല സാർ. എന്റെ ജീവനാണ്...”

ബെന്നി പിന്നിൽ നിന്ന് അലറുന്നു. ജോർജ് ബെന്നിയെ അടിക്കുന്നു, അവിടെ ഇരിയടാ എന്ന് പറയുന്നു.

"ജോർജ് സാറാണ് പറയുന്നത്. ബെൻസേ, നീ തല്ക്കാലം ഇറങ്ങ്. നിന്റെ വണ്ടി കുളിപ്പിച്ച് കുട്ടപ്പനാക്കി തിരികെ തരും" കണ്ണിൽ കത്തുന്ന നോട്ടവും, ചുണ്ടിൽ കൊല്ലുന്ന പുഞ്ചിരിയുമായി ജോർജ് ഇറങ്ങി ഡ്രൈവർ സൈഡിലെ വാതിൽ തുറക്കുന്നു. കാർ ബെന്നി ഓടിച്ച് കൊണ്ടുപോകുന്നു. ബെൻസ് നിരാശനായി കലുങ്കിൽ ഇരിക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു പിക്കപ്പ് വാൻ ആ വഴി വന്നു.

തുടരും സിനിമയിൽ മോഹൻലാൽ
തുടരും സിനിമയിൽ മോഹൻലാൽ

"എന്താണ് ചേട്ടാ, വഴി തെറ്റിയാ?' വാൻ ഡ്രൈവർ വണ്ടി ചേർത്തി നിറുത്തി.

"എന്റെ കാറും കൊണ്ട് കുറച്ച് അവന്മാര് കാട്ടിൽ പോയിരിക്കുന്നു, വരുന്നത് കാത്തിരിപ്പാണ്"

"ഈ വഴിക്ക് കാറോ? ചേട്ടനെന്താ വട്ടുണ്ടോ?

"ഉണ്ടെന്ന് കൂട്ടിക്കോ," വണ്ടിയുടെ വെട്ടത്തിൽ ബെൻസിന്റെ മുഖത്തെ നിറഞ്ഞ ദേഷ്യം ഡ്രൈവർ കണ്ടു. എന്നാ ചേട്ടനിരിക്കെന്നും പറഞ്ഞ് അയാൾ വണ്ടിയോടിച്ച് പോയി. അർദ്ധരാത്രി കഴിഞ്ഞ് നേരിയ വെട്ടം വരാൻ തുടങ്ങി. ദേഷ്യവും സങ്കടവും കൊണ്ട് ബെൻസ് ഒരു പരുവത്തിലായി. പിന്നെയും കുറെ കഴിഞ്ഞാണ് കാർ എത്തുന്നത്.

"നിന്റെ വണ്ടി പുഴയിലിട്ട് കുളിപ്പിച്ചെടുത്തിട്ടുണ്ട്" ബെൻസ് വണ്ടിയെടുക്കാൻ തുടങ്ങുമ്പോൾ ജോർജ് ബെൻസിന്റെ തോളിൽ തട്ടി. റിയർ മിററിലൂടെ പരിഭ്രമിച്ചിരിക്കുന്ന CPO സുധീഷിനെ ബെൻസ് കാണുന്നു.

"ഈ സുധീഷ് സാറിനെന്തു പറ്റി?” ബെൻസ് തിരിഞ്ഞു നോക്കുന്നു.

"നേരെ നോക്കി വണ്ടി ഓടിക്കടാ" ബെന്നി വീണ്ടും ആക്രോശിക്കുന്നു.

"അത് അവൻ മൂത്രമൊഴിക്കാനിരുന്നപ്പോൾ ഒരു പുലി ഓടിപ്പിച്ചു. പുലിക്കറിയില്ലല്ലോ ഇവൻ പോലീസാണെന്ന്. അല്ലേടാ" മീശക്കുള്ളിൽ നിന്ന് എത്തിനോക്കുന്നു ജോർജ്ന്റെ ചിരി.

"നിങ്ങൾ ഇത്രയും നേരെ എവിടെയായിരുന്നു?"

"ഞങ്ങൾ കാടൊന്ന് കീഴ്മേൽ മറിച്ചു, എന്താ നിനക്ക് പരാതിയുണ്ടോ?" ബെന്നി മുന്നിലോട്ട് ആഞ്ഞ് ബെൻസിന്റെ മുഖത്തേക്ക് കൈ നീട്ടിയപ്പോൾ നീ ചുമ്മാതിരിയെന്ന് പറഞ്ഞ് ജോർജ്ജ് കൈ തടുത്തു.

കാർ കിട്ടിയിട്ടും ബെൻസ് അസ്വസ്ഥനായിരുന്നു. കാർ എന്തിനാണ് കാട്ടിലേക്ക് കൊണ്ട് പോയതെന്ന ചിന്ത, മകനെ വിളിച്ച് കിട്ടാത്തതിന്റെ ആധി. ഭാര്യയും മകളും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബെൻസിന്റെ ടെൻഷൻ കൂടിയതേയുള്ളു. അയാൾ കാറുമായി പതിവ് ഓട്ടങ്ങളൊക്കെ പോകുന്നുണ്ടെങ്കിലും എന്തോ ഒന്ന് അയാളെ ഹോണ്ട് ചെയ്യുന്നു. അയാളിലെ സംഘർഷം അവിടത്തെ നായകളുടെ പെരുമാറ്റത്തിലും പ്രതിഫലിക്കുന്നു.

ദിവസങ്ങൾ കഴിഞ്ഞിട്ടും മകൻ വരാതിരുന്നപ്പോഴാണ് അവർ പോലീസിൽ പരാതിപ്പെടുന്നത്. അവിടെ വെച്ച് ബെൻസ് CPO സുധീഷിനെ കാണാൻ ശ്രമിക്കുന്നു. പരിഭ്രാന്തനായ സുധീഷ് പുറത്തിറങ്ങാതെ സ്റ്റേഷന് പിന്നിലെ സ്റ്റാഫ് റൂമിൽ തന്നെയിരിക്കുന്നു.

"അവന്റെ മോനാണെന്നറിഞ്ഞിട്ടു തന്നെയാടാ ആ ചെക്കനെ ഞാൻ തട്ടിയത്" പിറ്റേന്ന് വെകുന്നേരം തന്നെ കണ്ട് പരിഭ്രമം പറയാൻ വന്ന ബെന്നിയോട് ജോർജ് പറയുന്നു. സുധീഷ് അത് കേട്ടു.

പരാതി എന്തായെന്നറിയാൻ പിറ്റേദിവസം വന്ന ബെൻസ് സ്റ്റേഷന്റെ ചുറ്റും നടക്കുന്നു. അവിടെ പുല്ലിനുള്ളിൽ കിടന്നിരുന്ന തുരുമ്പ് പിടിച്ച ആക്രിസാധനങ്ങൾക്കിടയിൽ നിന്ന് കിട്ടിയ പേഴ്സ് തുറന്ന് നോക്കിയ ബെൻസ് തളർന്ന് അവിടെയിരുന്നു. അയാൾ സ്റ്റേഷനിലേക്ക് കയറാതെ വീട്ടിലേക്ക് പോകുന്നു.

രണ്ട് ദിവസം കഴിഞ്ഞ് ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് രക്ഷാദൗത്യത്തിന് പോയ സംഘം ഒരു പയ്യന്റെ അഴുകിയ മൃതദേഹം കണ്ടെടുക്കുന്നു. ബെൻസിനെ കാണാതാകുന്നു. ഒപ്പം CPO സുധീഷിനെയും. സ്റ്റേഷനിൽ ജോർജിന്റെ വക പല സീനുകളും അരങ്ങേറുന്നുണ്ട്.

ബോഡി ഐഡന്റിഫൈ ചെയ്യാൻ വേണ്ടി വിളിക്കാൻ ചെന്നപ്പോഴും, പിന്നീട് ബെൻസ് എവിടെയെന്നറിയാനുള്ള ചോദ്യം ചെയ്യലിലും ജോർജും ബെന്നിയും ബെൻസിന്റെ ഭാര്യയെയും, മകളെയും ക്രൂരമായി മർദ്ദിക്കുന്നുണ്ട്.

ബെൻസിനെ കാണുന്നത് കേരളാ തമിഴ്നാട് അതിർത്തിയിലെ ഒരു ഒളിത്താവളത്തിലാണ്. അവിടെയെത്തുമ്പോൾ ഒരു പയ്യൻ ബെൻസിന് ഒരു മൊബൈൽ ഫോൺ കൊടുക്കുന്നു. ബെൻസ് മദ്രാസിലെ തന്റെ സുഹൃത്തുമായി സംസാരിക്കുന്നു. അതിന് ശേഷം ഫോൺ ബെൻസ് തിരികെ കൊടുക്കുന്നു. ബെൻസ് തന്നെ കൊല്ലാൻ പോലും മടിക്കില്ലെന്ന് മനസ്സിലായപ്പോൾ സുധീഷ് അന്ന് കാട്ടിൽ നടന്ന കാര്യങ്ങൾ ബെൻസിനോട് പറയുന്നു. കാറിന്റെ ഡിക്കിയിൽ ഒരു ശവമായിരുന്നുവെന്നും, അത് കാട്ടിലൊരു സ്ഥലത്തേക്ക് വലിച്ചെറിഞ്ഞെന്നും, അടുത്തുള്ള പുഴവെള്ളത്തിൽ കാർ കഴുകിയെന്നുമുള്ള സംഭവങ്ങൾ സുധീഷ് പറഞ്ഞത് ബെൻസ് വിശ്വസിക്കുന്നു. സുധീഷ് നിരപരാധിയെന്ന് ബെൻസ് മനസ്സിലാക്കി. ഈ സമയത്ത് സുധീഷിന്റെ മൊബൈലിലേക്ക് ഒരു ഫോൺ വരുന്നു. അപകടം മനസ്സിലാക്കിയ ബെൻസ് ഫോണും സിമ്മും നശിപ്പിക്കുന്നു.

ജോർജിന്റെ മകൾ ഒരു പത്ര സമ്മേളനം വിളിക്കുന്നു. CPO സുധീഷ് അടുത്തിരിക്കുന്നുണ്ട്. ഒപ്പം കാട്ടിൽ വച്ച് ബെൻസിനെ കണ്ട പിക്കപ്പ് ഡ്രൈവറും. എന്താണ് നടന്നത് എന്നതിന്റെ കൃത്യമായ രൂപം അവിടെ വെളിപ്പെടുകയാണ്.

ജോർജിന് ബെൻസ് എവിടെയുണ്ടെന്ന് രഹസ്യവിവരം കിട്ടുന്നു. ബെൻസിനെ വേണ്ടിവന്നാൽ ഒരു വ്യാജഏറ്റുമുട്ടലിൽ കൊന്നുകളയണമെന്ന ഉദ്ദേശമുള്ളത് കൊണ്ട് പണ്ട് തന്റെ കൂടെ ജോലിചെയ്തിട്ടുള്ള വിശ്വസ്തരായ അഞ്ച് പോലീസുകാരെയും മൂന്ന് ഗുണ്ടകളെയും കൊണ്ടാണ് ജോർജ്ജ് ബെൻസ് ഒളിച്ചിരിക്കുന്നിടത്ത് എത്തുന്നത്. അവിടെ വച്ച് അവർ ബെൻസിനെ കീഴ്പെടുത്തുന്നു. മർദ്ദിക്കുന്നു.

"ജോർജ് സാറിനെ നിനക്ക് ഇനിയും അറിയാൻ കിടക്കുന്നതേയുള്ളൂ,” എന്നുപറഞ്ഞ് ജോർജ് വീണുകിടക്കുന്ന ബെൻസിന്റെ മുഖം കാലുകൊണ്ട് തട്ടുന്നു.

ബെൻസിനെ എഴുന്നേൽപ്പിച്ചിരുത്തി, സുഹൃത്തിനെ കൊന്ന് ഭാര്യയെയും അവരുടെ മകനെയും ബെൻസ് കൂടെ കൂട്ടിയെന്നും, ആ മകൻ ഇപ്പോൾ സ്വന്തം മോളെ വശീകരിക്കാൻ ശ്രമിച്ചപ്പോൾ കൊന്നുകളഞ്ഞ് കാട്ടിൽ തള്ളിയെന്നും, ബെൻസിനെ കാടിന്റെ പരിസരത്ത് കണ്ടവരുണ്ടെന്നുമുള്ള താൻ മെനഞ്ഞ കഥ മാത്രമേ ഇനി ജനവും കോടതിയും വിശ്വസിക്കുകയുള്ളുവെന്നും ജോർജ് പറയുന്നു.

എങ്ങനെയാണ് ബെൻസിന്റെ മകനെ താൻ കൊന്നതെന്ന് ജോർജ് ക്രൂരമായി വിവരിക്കുന്നു. ബെൻസ് ജോർജിനെ നോക്കുന്നു. നാവ് പുറത്തിട്ട് ചെയ്യുന്ന സ്ഥിരം ഗോഷ്ടി ജോർജ് ആവർത്തിക്കുന്നു.

പെട്ടെന്നാണ് ഒരു വാൻ നിറയെ ആളുകൾ അവിടെയെത്തുന്നത്. പിടി വീഴാനോ കൊല്ലപ്പെടാനോ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ജോർജും കൂട്ടരും രക്ഷപ്പെടുന്നു. പിന്തുടരാൻ നോക്കിയ ആളുകളെ ബെൻസ് തടയുന്നു.

തുടരും സിനിമയിൽ പ്രകാശ് വർമ്മ
തുടരും സിനിമയിൽ പ്രകാശ് വർമ്മ

"അവൻ കുറച്ചുകൂടെ ഓടട്ടെ, ഒന്ന് കിതക്കാനുണ്ട്"

നഗരത്തിലെ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ബാറിൽ നിന്ന് അമിതമായി മദ്യപിച്ച് പുറത്തേക്ക് വരുന്ന ബെന്നിയെയാണ് പിന്നെ കാണുന്നത്. അടുത്തെത്തികൊണ്ടിരുന്ന ഒരു ഫോർ വീലറിന് അയാള കൈ കാണിച്ചു,

"SI ബെന്നിയാണ്. എന്നെ ആ ബസ്സ് സ്റ്റാൻഡിൽ ഒന്ന് കൊണ്ട് വിടണം"

വണ്ടിയിൽ ബെന്നിയെ വലിച്ച് കയറ്റുകയായിരുന്നു. തമിഴ്നാട് റെജിസ്ട്രേഷനെന്ന് തോന്നിപ്പിക്കുന്ന വണ്ടിയിൽ ഡ്രൈവറെ കൂടാതെ നാല് പേരുണ്ടായിരുന്നു.

ഇതിനിടയിൽ ബെൻസിന്റെ മകന്റെ ശവസംസ്‌കാരം നടക്കുന്നു. ജോർജിന്റെ DySP മെഡൽ ദാനവും നടന്നു. ബെൻസിനെതിരെ ജോർജ് തയാറാക്കിയ ക്രൈം റിപ്പോർട്ട് മീഡിയ ഏറ്റെടുക്കുന്നു. ഒരു രാത്രി ‘എന്താടീ ലൈറ്റ് ഇടാത്തത്’ എന്ന് ചോദിച്ച് സ്വന്തം വീട്ടിലേക്ക് കയറാൻ ശ്രമിച്ച ജോർജ് പിന്നിൽ നിന്നുള്ള അടിയേറ്റ് വീഴുന്നു. പിന്നെ ജോർജിനെ കാണുന്നത് ബെന്നിക്കൊപ്പം ചതവും മുറിവുകളുമായി കൈകാലുകൾ ബന്ധിക്കപ്പെട്ട് ഒരു മുറിയിൽ കിടക്കുന്നതാണ്. മുറിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഒരു നിഴൽ ബെൻസിന്റേതുപോലുണ്ടായിരുന്നു. ഏതോ വിദൂര പ്രദേശത്തെ ഒരു കെട്ടിടമാണെതെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

പരിശീലനം കിട്ടിയ രണ്ട് വലിയ നായകൾ ആ മുറിയിലേക്ക് കടക്കുന്നു. "കൊല്ലരുത്, പാതി ജീവൻ നീതിക്ക് വിട്ടു കൊടുക്കണം" ആരോ പറയുന്നു. ബെൻസിൻ്റെയാണോ ശബ്ദം? വൃക്തമല്ല. അനന്തരം ജോർജിന്റെയും ബെന്നിയുടെയും നിലവിളി ഒച്ചത്തിൽ കേൾക്കാം. ഈ സമയത്ത് ജോർജിന്റെ മകൾ ഒരു പത്ര സമ്മേളനം വിളിക്കുന്നു. CPO സുധീഷ് അടുത്തിരിക്കുന്നുണ്ട്. ഒപ്പം കാട്ടിൽ വച്ച് ബെൻസിനെ കണ്ട പിക്കപ്പ് ഡ്രൈവറും. എന്താണ് നടന്നത് എന്നതിന്റെ കൃത്യമായ രൂപം അവിടെ വെളിപ്പെടുകയാണ്.

ഒരു അജ്ഞാത സന്ദേശം കിട്ടിയതനുസരിച്ച് ജോർജിനേയും ബെന്നിയേയും തിരയാൻ പോലീസ് പോകുന്നു. ദിവസങ്ങൾ കഴിഞ്ഞു. ഒരു സർക്കാർ ആശുപതിയിലേക്ക് ബെൻസ് കടന്നു വരുന്നു. അവിടെ പ്രതികൾക്കായുള്ള വാർഡിൽ കിടക്കുന്ന ഒരാളുടെ ഇടത്തെ കാൽ മുട്ടിന് താഴെ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റേയാളുടെ മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ ബാൻഡേജിലാണ്. അവശരായി കിടക്കുന്ന രണ്ട് പേരുടെയും വലത്തെ കണങ്കാലിൽ കട്ടിലുമായി ബന്ധിപ്പിച്ചിട്ടുള്ള വിലങ്ങ് കാണാം. ക്ളോസപ്പിൽ അത് ജോർജും ബെന്നിയുമാണ്. ലോങ്ങ് ഷോട്ടിൽ ബെൻസ് ഒരു വികാരവുമില്ലാതെ വാർഡിലേക്ക് കടക്കുന്ന വരാന്തയിൽ അവരെയും നോക്കി നിൽക്കുകയാണ്.

ചുവന്ന അക്ഷരങ്ങളിൽ ‘തുടരും’ സ്ക്രീനിലേക്ക് മെല്ലെമെല്ലെ വരുന്നു.

Cheers!


Summary: Suggesting some changes to Tharun Moorthy directed Mohanlal movie Thudarum with twists in second half. Dr Prasannan PA's Good Evening Friday continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments