ആരാണ് നെപ്പോളിയൻ;
വൈകാരികതകളുടെ പ്രജ,
ഈഗോയുടെ ചക്രവർത്തി?

റിഡ്ലി സ്കോട്ടിന്റെ നെപ്പോളിയൻ വിമർശകരുടെയും, ആരാധകരുടെയും അമ്പേറ്റു മുറിയുന്നുണ്ട്. പ്രധാനമായും ചരിത്രപരമായ തെറ്റുകൾ ചൂണ്ടിക്കാണിച്ചാണ് വിമർശനം. മറ്റൊന്ന്, പഠിച്ച സിലബസിലെ നെപ്പോളിയൻ എന്ന യുദ്ധവീരനായകത്വത്തെ ഫണ്ണിയായും ഹ്യൂമറസായും എക്സന്റ്രിക്കായും അവതരിപ്പിച്ചിരിക്കുന്നു. നെപ്പോളിയൻ വീരാരാധകർക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്.

2023 തുറക്കുന്നത് എല്ലാ വർഷങ്ങളെയും പോലെ പ്രത്യാശയും ശുഭാപ്തി വിശ്വാസവും ആശംസിച്ചുകൊണ്ടുതന്നെയായിരുന്നു. അവസാനിക്കുന്നത് ഇസ്രായേൽ- പാലസ്തീൻ സംഘർഷങ്ങളുടെയും കൂട്ടക്കൊലയുടെയും വേദനിപ്പിക്കുന്ന നേർസാക്ഷ്യത്തിലും.

ഇതേ വർഷം തന്നെ ആകസ്മികമായി അമേരിക്കൻ / ബ്രിട്ടീഷ് സിനിമാ സംവിധായക ലെജൻഡുകളായ മാർട്ടിൻ സ്കോർസെസെ, ക്രിസ്റ്റഫ ർ നോളൻ, റിഡ്ലി സ്കോട്ട് എന്നീ മൂന്നുപേരുടെ സംവിധാനത്തിൽ മൂന്ന് ബ്രഹ്മാണ്ഡ സിനിമകൾ പിറവിയെടുക്കുന്നു. കില്ലേർസ് ഓഫ് ഫ്ലവർ മൂൺ (ഓസേജ് അബോറിജിൻ നേരിടുന്ന അധിനിവേശ കൊലപാതകം), ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ (അമേരിക്കൻ ബ്രിട്ടീഷ് സംവിധായകൻ), റിഡ്ലി സ്കോട്ടിന്റെ നേപ്പോളിയൻ.

സംവിധായകന്‍ റിഡ്ലി സ്കോട്ട്
സംവിധായകന്‍ റിഡ്ലി സ്കോട്ട്

പീര്യോഡിക്, ബയോപിക്, എപിക്, ഹിസ്റ്ററി, ആക്ഷൻ, അഡ്വെഞ്ചർ, വാർ തുടങ്ങിയ ഴാനറിൽ പിറന്ന വിസ്മയങ്ങൾ.

റിഡ്ലി സ്കോട്ടെന്ന് പറയുന്നതിലും പരിചയപ്പെടാനെളുപ്പം ഗ്ലാഡിയേറ്ററിന്റെ സംവിധായകൻ എന്ന പരസ്യവാചകമാകും. റിഡ്ലി സ്കോട്ടിന്റെ 2023- ൽ ഇറങ്ങിയ നെപ്പോളിയൻ ലോകത്തെമ്പാടുമുള്ള നിരവധി വിമർശകരുടെയും, ആരാധകരുടെയും അമ്പേറ്റു മുറിയുന്നുണ്ട്. പ്രധാനമായും ചരിത്രപരമായ തെറ്റുകൾ ചൂണ്ടിക്കാണിച്ചാണ് വിമർശനം. മറ്റൊന്ന്, പഠിച്ച സിലബസിലെ നെപ്പോളിയൻ എന്ന യുദ്ധ വീരനായകത്വത്തെ ഫണ്ണിയായും ഹ്യൂമറസായും എക്സന്റ്രിക്കായും അവതരിപ്പിച്ചിരിക്കുന്നു. നെപ്പോളിയൻ വീരാരാധകർക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്.

സിനിമയിൽ വൈകാരികതകളുടെ പ്രജയും ഈഗോയുടെ ചക്രവർത്തിയുമായാണ് നെപ്പോളിയൻ പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിലെ ഹീറോയായിരുന്ന നെപ്പോളിയനെ ദുർബ്ബലനായ മനുഷ്യനായി ചിത്രീകരിച്ചിരിക്കുന്നത് ആഗോള പ്രേക്ഷകരെ ചൊടിപ്പിക്കുകയും അസ്വീകാര്യമാക്കുകയും ചെയ്തിട്ടുണ്ട്. നെപ്പോളിയൻ കോംപ്ലക്സിറ്റിയെ ഈ സിനിമ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നു. അസാമാന്യ റിസ്ക്കുള്ള ക്രാഫ്റ്റാണ് റിഡ്‌ലി സ്കോട്ടും സംഘവും സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ഒരാളിൽ അയാൾ മാത്രമല്ലല്ലോ വസിക്കുന്നത്. അവ്യക്തവും വ്യക്തവുമായ മനുഷ്യമസ്തിഷ്കത്തിലെ അനേകായിരം ന്യൂറോണുകളുടെ വ്യക്തമാക്കൽ കലയിലും സാഹസികമായ പണിയാണ്.

നെപ്പോളിയന്‍ എന്ന സിനിമയില്‍ നിന്ന്
നെപ്പോളിയന്‍ എന്ന സിനിമയില്‍ നിന്ന്

നെപ്പോളിയനായി വേഷമിട്ട ജാക്വിൻ ഫിനിക്സ് ചരിത്രപരമായി നെപ്പോളിയന്റെ പ്രായത്തെക്കാളും മുതിർന്നു നില്ക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുക്കുമ്പോൾ കൊർസിക്കൻ കൗമാരക്കാരൻ മാത്രമായിരുന്നു. ടൊളോനിൽ ബ്രിട്ടീഷ് പടക്കപ്പലിനാൽ വളഞ്ഞ് പരാജയപ്പെടുമ്പോൾ പ്രായം വെറും 24. ആ യുവാവിന്റെ തലച്ചോറിൽ നാവിക യുദ്ധത്തെക്കുറിച്ചുള്ള ഇൻസ്റ്റിക്റ്റ് പാക്ക് അറിവ് അപ്പോൾ നിറച്ചിട്ടില്ലായിരുന്നു.

സംവിധായകൻ റിഡ്ലി സ്കോട്ട് നടൻ ജാക്വിൻ ഫിനിക്സിനെ ടച്ച് അപ്പ് ചെയ്ത് പ്രായം കുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായാണ് കാഴ്ചാനുഭവം. കോർസിക്കയിൽ ജനിച്ച നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രഞ്ച് സേനയിൽ ചേരുന്നതും അയാളുടെ കുട്ടിക്കാലവും കോർസിക്കയുടെ ഫ്രഞ്ച് അധിനിവേശ ചരിത്രവും സിനിമയിൽ ഇല്ല. യൗവനകാലത്തുതന്നെ യുദ്ധതന്ത്രങ്ങളിൽ തികഞ്ഞ പ്രതിഭയായ നെപ്പോളിയനല്ല സ്കോട്ടിന്റെ നെപ്പോളിയൻ. യുദ്ധസീനുകൾ, പ്രത്യേകിച്ച് ഓസ്ട്രിയക്കെതിരെയുണ്ടായ രംഗങ്ങൾ ചിത്രകലയിലേതുപോലെ സുന്ദരമായും ഞെട്ടിപ്പിക്കുന്ന രീതിയിലും CG യും ചെയ്തെടുത്ത് അവതരിപ്പിക്കുന്നുണ്ടെങ്കിലും കാണികളെ ആവേശം കൊള്ളിക്കുന്നതിൽ അവയെല്ലാം പരാജയപ്പെടുന്നു. ഒട്ടും കൺസിസ്റ്റൻസിയില്ലാത്ത നെപ്പോളിന്റെ വൈകാരിക കളികൾ അവർക്ക് അപരിചിതമാണ് എന്നതാണ് അതിനു കാരണം. അറിഞ്ഞും കേട്ടും വളർത്തിയ വീരനായക സങ്കല്പം ഉടയ്ക്കാൻ വിസമ്മതിക്കുന്ന കാണികളുടെ ബോധം, റിഡ്‌ലിയുടെ നെപ്പോളിയനെ സ്വീകരിക്കാനും മടിക്കും.

നടന്‍ ജാക്വിന്‍ ഫിനിക്സ്
നടന്‍ ജാക്വിന്‍ ഫിനിക്സ്

18-ാം നൂറ്റാണ്ടിലേക്ക് 21-ാം നൂറ്റാണ്ടിൽനിന്ന് വക്രീകരിച്ച ലെൻസിലൂടെ നോക്കുന്ന അവസ്ഥ. ചരിത്ര സംഭവങ്ങളുടെ, യുദ്ധ ഡാറ്റകളിലെ തെറ്റായ / അടിസ്ഥാനമില്ലാത്ത ഫാൾസിഫൈഡ് അവതരണം. മേരീ അന്റോനാറ്റ്സിനെ (കാതറിൻ വാക്കർ) വധശിക്ഷക്ക് വിധേയമാക്കുമ്പോൾ ആൾക്കൂട്ടത്തിൽ നെപ്പോളിയനെ കാണിക്കുന്നുണ്ട്. ചരിത്രപരമായി നെപ്പോളിയൻ കിലോമീറ്റർ അകലെ ടൊളോനിൽ ബ്രിട്ടീഷ് പടക്കപ്പലുമായി യുദ്ധത്തിലായിരുന്നു.

ജോസഫൈനും നെപ്പോളിയനും തമ്മിലുള്ള തീവ്രപ്രണയത്തിന്റെയും അതിനെക്കാൾ തീവ്രമായ കലഹത്തിന്റെയും രംഗങ്ങൾ നീണ്ട് സിനിമയുടെ വലിയൊരു ഭാഗം അപഹരിക്കുന്നുണ്ട്. ഒരു ഭാഗത്തു യുദ്ധവും മറുഭാഗത്ത് പ്രണയവും- അതൊരു സ്ഥിരം ഹോളിവുഡ് ക്ലീഷേ മസാലക്കക്കൂട്ടാണ്. നെപ്പോളിയന്റെ വ്യക്തിത്വഘടനയിലേക്കും ആന്തരിക വൈരുദ്ധ്യങ്ങളിലേക്കും ഇറങ്ങി നടത്തിയ അന്വേഷണ അട്ടിമറി തന്ത്രം പാളിയിരിക്കുന്നു.
ജനങ്ങളെ അഭിസംബോധന ചെയ്യുന്ന, അവരുടെ പ്രശ്നങ്ങളിലിടപെടുന്ന നെപ്പോളിയനെ വിട്ടുകളഞ്ഞിരിക്കുന്നു സിനിമ. നെപ്പോളിയനെ മാനേഴ്സ് ഇല്ലാത്തവനെന്ന് വിളിപ്പിക്കുന്നതും അയാളെ സിനിക്കായി അവതരിപ്പിക്കാൻ അനാവശ്യമായ തിടുക്കം കാട്ടുന്ന അനുഭവമാണുണ്ടാക്കുന്നത്.

വിവാഹിതരാകുമ്പോൾ ചരിത്രത്തിലെ ജോസഫൈന് 41- ഉം നെപ്പോളിയന് 32- ഉം വയസായിരുന്നു പ്രായം. സിനിമയിൽ ആ പ്രായവ്യത്യാസം തിരക്കഥാകൃത്ത് (ഡേവിഡ് സ്കാർപ്) വിട്ടുകളഞ്ഞത് 85 കാരനായ സംവിധായകൻ ശ്രദ്ധിക്കാതെ പോയതാകുമോ?

മേരീ അന്റോനാറ്റ്സിനെ ( കാതറിൻ വാക്കർ ) വധശിക്ഷക്ക് വിധേയമാക്കുമ്പോൾ ആൾക്കൂട്ടത്തിൽ നെപ്പോളിയനെ കാണിക്കുന്നുണ്ട്.
മേരീ അന്റോനാറ്റ്സിനെ ( കാതറിൻ വാക്കർ ) വധശിക്ഷക്ക് വിധേയമാക്കുമ്പോൾ ആൾക്കൂട്ടത്തിൽ നെപ്പോളിയനെ കാണിക്കുന്നുണ്ട്.

വനേസ കിർബിയുടെ ജോസഫൈൻ നെപ്പോളിയനോടൊപ്പം അസാമാന്യ പെർഫോമൻസിലൂടെ കാഴ്ചക്കാരെ ഞെട്ടിക്കുന്നുണ്ട്. അവർ തമ്മിലുള്ള തിരൈനാടകരംഗങ്ങൾ പ്രതീതിയാഥാർത്ഥ്യമായി തോന്നി. നെപ്പോളിയനിലെ സൈക്കോയെ പുറത്ത് വലിച്ചിടാനുള്ള നാടകീയ രംഗങ്ങളുടെ പടനായിക.

റഷ്യയിലെ കൊടുംശൈത്യത്തിൽ ലക്ഷക്കണക്കിന് സൈനികരും കുതിരകളും നഷ്ടമായി പരാജയപ്പെടുമ്പോഴും ജോസഫൈന് പ്രണയലേഖനമെഴുതിക്കൊണ്ടയാൾ ഉള്ളുരുക്കി കത്തിച്ചുനിർത്തുന്ന സന്ദർഭം കരളു പറിക്കുന്നതാണെങ്കിലും, റിഡ്ലിയുടെ നെപ്പോളിയൻ പിടിതരാതെ ചിന്തിക്കുകയും നിഗൂഢമായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജാക്വിൻ ഫിനിക്സ് ആത്മവിലാപിയായി, കലഹകാരിയായ പ്രണയാർത്ഥിയായി പലപ്പോഴും ജോസഫൈന്റെ മുന്നിൽ അപഹാസ്യനാകുന്നു. അവളുടെ മുന്നിൽ അയാളൊരു കുട്ടിയാകുന്നു. യുദ്ധമുഖത്ത് അയാളനുഭവിച്ച കടുത്ത ഏകാന്തത (meloncholia ) യെപ്പറ്റി അവളോട് പറഞ്ഞ് വിലപിക്കുന്നുണ്ട്. ചക്രവർത്തിയായ നെപ്പോളിയന് തന്നെ തുറന്നിടാൻ ജോസഫൈന്റെ കൂട്ടും പ്രണയവുമല്ലാതെ മറ്റൊരു ഇടമില്ല. തണുത്തുറയുന്ന യുദ്ധമുഖത്തെ എകാന്തതകളിൽ അവളയാൾക്ക് കൂടുകൂട്ടാനുള്ള കരൾചില്ലയായി. ഗൊദാർദിന്റെ സിനിമകളിലെന്നപോലെ അവളെ അയാൾ ചുംബിക്കാതെ ഭോഗിച്ചു. അയാളിലെ ഈഗോ അയാൾക്കപ്പോൾ ചുംബിക്കുന്നതിന് തടസമായി.

വനേസ കിർബിയുടെ ജോസഫൈൻ നെപ്പോളിയനോടൊപ്പം അസാമാന്യ പെർഫോമൻസിലൂടെ കാഴ്ചക്കാരെ ഞെട്ടിക്കുന്നുണ്ട്. അവർ തമ്മിലുള്ള തിരൈനാടകരംഗങ്ങൾ  പ്രതീതി യാഥാർത്ഥ്യമായി തോന്നി.
വനേസ കിർബിയുടെ ജോസഫൈൻ നെപ്പോളിയനോടൊപ്പം അസാമാന്യ പെർഫോമൻസിലൂടെ കാഴ്ചക്കാരെ ഞെട്ടിക്കുന്നുണ്ട്. അവർ തമ്മിലുള്ള തിരൈനാടകരംഗങ്ങൾ പ്രതീതി യാഥാർത്ഥ്യമായി തോന്നി.

പലപ്പോഴും പിറകിൽ നിന്ന് മുലകളിൽ സ്പർശിക്കാതെ ഭോഗിച്ച് തളരുന്ന ദുർബലനായ റിഡ്‌ലിയുടെ നെപ്പോളിയൻ കാണികളിൽ അസ്വസ്ഥതയുണ്ടാക്കും. ജോസഫൈന്റെ രഹസ്യ കാമുകനെക്കുറിച്ചുള്ള വിവരം ലഭിക്കുമ്പോഴും അവളെ ഉപേക്ഷിക്കാനയാൾ തയ്യാറാകുന്നില്ല. പ്രണയം പറിച്ചെടുത്താൽ അയാൾ പരാജിതനാകുമെന്ന് അവൾക്ക് ഉൾഭയമുണ്ടായിരുന്നു. ചക്രവർത്തിയുടെ സാധാരണ പെരുമാറ്റങ്ങളോട് തന്മയീഭവിക്കാൻ / ഉൾചേരാൻ കാണിക്ക് പൊരുത്തക്കേടുണ്ടാകുന്നത് സ്വാഭാവികം. തന്നെത്തന്നെ റിഫ്ലക്ട് ചെയ്യുന്നതാകരുതല്ലോ ചക്രവർത്തിയുടെ ജീവിതം. ചക്രവർത്തിയുടെ ഹീറോയിസമാണ് ഇരുപതിരട്ടി സ്ക്രീനിൽ കാണികൾ പ്രതീക്ഷിച്ചത്. റിഡ്‌ലിയുടെ നെപ്പോളിയൻ വിപരീത വശത്താകുന്നത് ഈ അപ്രതീക്ഷിത എൻകൗണ്ടർ സന്ദർഭത്തിലാണെന്ന് തോന്നുന്നു.

ആവർത്തന വിരസമായ യുദ്ധമുഖ സിനിമകളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാനരീതി അവംലംബിക്കാൻ ചെയ്ത ഡ്രാമാറ്റിക് രംഗങ്ങൾ ഏച്ചുകെട്ടിയപോലെയായി. ജോസഫൈന്റെ കഥാപാത്രം വിരസമായി മുഴച്ചുനിൽക്കുന്നു. പ്രണയിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീയുടെ പരിഗണനകളോ പരിചരണങ്ങളോ ജോസഫൈന്റെ കഥാപാത്രത്തിനു ലഭിക്കുന്നില്ല. പിന്തുടർച്ചാവകാശിയായി ഒരു കുഞ്ഞിനെ ലഭിക്കില്ലെന്ന് ഉറപ്പാക്കിയ നെപ്പോളിയൻ ജോസഫൈനിൽ നിന്ന് അതെഴുതി വാങ്ങുകയും അവളെ ഉപേക്ഷിച്ച് ഔട്ട് ഹൗസിലേക്ക് മാറ്റുകയും ചെയ്യുന്നു. അതിനുശേഷം പതിനഞ്ചു വയസുകാരിയെ വിവാഹം കഴിക്കുന്നു. ആ ദാമ്പത്യത്തിലുണ്ടാകുന്ന കുഞ്ഞിനെ നെപ്പോളിയൻ പരിവാരസമേതനായി ചെന്ന് ജോസഫൈനെ കാണിക്കുന്നുണ്ട്. കുഞ്ഞിനെ കയ്യിൽ വാങ്ങിയ ജോസഫൈൻ അല്പം മാറി അതിനാടകീയതയോടെ, ‘നീ വലുതാകുമ്പോൾ മനസിലാകും, ഞാൻ നിനക്കുവേണ്ടി ചെയ്ത ത്യാഗം’ എന്ന് കുഞ്ഞിന്റെ കാതിൽ പറയുന്നുണ്ട്. ഇങ്ങനെ നേർത്ത് തണുത്ത് ഇഴയുന്നുണ്ട് ജോസഫൈൻ- നെപ്പോളിയൻ ഡ്രാമാറ്റിക് രംഗങ്ങൾ.

ഒരു പക്ഷേ ഈഗോ, മുൻകോപം, എടുത്തുചാട്ടം തുടങ്ങി മനുഷ്യസഹജമായ എല്ലാ വികാരദുർബ്ബലതകളും നിരത്തി നെപ്പോളിയനെയും അയാളിലെ യുദ്ധഭ്രമങ്ങളെയും ഈഗോയെയും അപനിർമിക്കുകയായിരുന്നോ റിഡ്ലിയും, സ്കാർപും?. യുദ്ധത്തിന്റെ നിരർത്ഥകതയെക്കുറിച്ച് നെപ്പോളിയനിലൂടെ പറഞ്ഞ് മനുഷ്യരിലെ സഹാനുഭൂതിരഹിതമായ യുദ്ധക്കൊതിയെ തളർത്തി മാനവരാശിയെ സംസ്ക്കരിച്ചെടുക്കാനുള്ള ശ്രമമായിരിക്കുമോ? അപ്പോഴും ചരിത്രപരമായ തെറ്റുകൾ എങ്ങനെ സംഭവിച്ചു?. നെപ്പോളിയന്റെ യുദ്ധതന്ത്രങ്ങളെക്കുറിച്ചോ വിജയങ്ങളെക്കുറിച്ചോ പരാമർശമില്ല. നെപ്പോളിയന്റെ ശിരസിൽ ജനിതകമായി നിറച്ച അവിശ്വസനീയമായ യുദ്ധമുറകൾക്കൊപ്പം ജോസഫൈനോടുള്ള പ്രണയസംഘർഷങ്ങളും നിറച്ച് ബാലൻസ് ചെയ്യുകയായിരുന്നോ? നിരവധി ചോദ്യങ്ങൾ സിനിമ ബാക്കിയാക്കുന്നുണ്ട്.

എപിക് സിനിമകളിൽ കണ്ടു മടുത്ത നെപ്പോളിയനല്ല റിഡ്ലി സ്കോട്ട് സ്വന്തമാക്കിയ നെപ്പോളിയൻ. അയാൾ എപ്പോൾ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാനാവില്ല. വാട്ടർലൂ യുദ്ധത്തിൽ പരാജിതനായ നെപ്പോളിയനെ സെന്റ് ഹെലനയിലേക്ക് നാടുകടത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു. എഴുതിക്കൊണ്ടിരുന്ന നെപ്പോളിയൻ കളിച്ചുകൊണ്ടിരുന്ന രണ്ടു ബാലികകളോട് ചരിത്രസംബന്ധിയായി സംസാരിക്കുകയും സംഭാഷണം കഴിഞ്ഞ് കളിതുടരുന്ന ബാലികമാരുടെ ദൃശ്യത്തിൽതന്നെ നെപ്പോളിയൻ മറിഞ്ഞു വീഴുകയും ചെയ്യുന്നു. നിഗൂഢമായ അയാളുടെ മരണം ദുരൂഹമായി സിനിമയിൽ നിലനിർത്തി സിനിമ അവസാനിക്കുന്നു. എൻഡ് കാർഡിൽ നെപ്പോളിയൻ നയിച്ച വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഫ്രഞ്ച് സൈനികരുടെ കണക്കുകൾ എഴുതികാണിക്കുന്നുമുണ്ട്.

ഒരു anti french സിനിമയാണ് ഇതെന്ന സ്ലോഗനിലേക്ക് സിനിമാ നിരൂപകരും കാണികളും ലോകത്താകെ കാര്യങ്ങളെ എത്തിച്ചിട്ടുണ്ട് എന്നാണറിവ്.
ഒരു anti french സിനിമയാണ് ഇതെന്ന സ്ലോഗനിലേക്ക് സിനിമാ നിരൂപകരും കാണികളും ലോകത്താകെ കാര്യങ്ങളെ എത്തിച്ചിട്ടുണ്ട് എന്നാണറിവ്.

ഒരു Anti French സിനിമയാണിതെന്ന സ്ലോഗനിലേക്ക് സിനിമാ നിരൂപകരും കാണികളും കാര്യങ്ങളെ എത്തിച്ചിട്ടുണ്ട് എന്നാണറിവ്. ടാലിറന്റ് വേഷമിടുന്നത് പോൾ റിസ്. നെപ്പോളിയൻ എംപറർ അവസാന നാളുകളിൽ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയന് എതിരായി പ്രവർത്തിക്കുന്നു. റോബ്സ്പിയറിനെ പുറത്താക്കാൻ നെപ്പോളിയനൊപ്പം നിന്ന പോൾ ബരാസിന്റെ വേഷം തഹാർ റഹിമാണ് അഭിനയിക്കുന്നത്. പോൾ ബരാസിന് ജോസഫൈനുമായുള്ള അടുത്ത ബന്ധമാണ് നെപ്പോളിയനെ അയാളിലേക്കടുപ്പിക്കുന്നത്. അവരുടെ വിവാഹം സുഗമമാക്കുന്നതും ആ ബന്ധമാണ്.

പോളിഷ് സിനിമാറ്റോഗ്രാഫർ ഡാരിയുസ് വോൾസ്കിയുമായി ചേർന്ന് റിഡ്‌ലി ഒരുക്കിയ ചിത്രങ്ങൾ (Prometheus, The Counselor, Exodus: Gods and Kings, The Martian, Alien: Covenant, All the Money in the World, The Last Duel, and House of Gucci) ദൃശ്യവിസ്മയമാണ്. പെയിന്റിംഗുകൾ പോലെ വശ്യസുന്ദരമാണ്. സിനിമയുടെ നാലരമണിക്കൂർ വേർഷൻ ജഫി ഒ.ടി.ടിയിലൂടെ ഉടൻ റിലീസ് ചെയ്യുന്നു എന്നാണ് കേൾക്കുന്നത്. അത് ഈ ചരിത്രപരമായ തെറ്റുകൾക്ക് തിരുത്താകുമോ...? കാത്തിരിക്കാം.

നെപ്പോളിയന്റെ മരണത്തിന് പല വ്യാഖ്യാനങ്ങളുണ്ട്. അയാൾ വർഷങ്ങളായി അനുഭവിക്കുന്ന പൈൽസും ഒപ്പം അപസ്മാരവും (ഫെയിന്റിംഗ് fits) മൂത്രാശയ ഇൻഫെക്ഷനും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ പോസ്റ്റ്മോർട്ടം. റിപ്പോർട്ടിൽ വയറിലെ കാൻസറസ് അൾസർ ആയിരുന്നു മരണകാരണമെന്ന് പറയപ്പെടുന്നു.

പോളിഷ് സിനിമാറ്റോഗ്രാഫർ ഡാരിയുസ്  വോൾസ്കി
പോളിഷ് സിനിമാറ്റോഗ്രാഫർ ഡാരിയുസ് വോൾസ്കി

ലോംഗ്വുണ്ട് ഹൗസിലെ ഭൃത്യൻ താൻ ചെയ്തതിനെ കുറ്റബോധത്തോടെ കാണുന്നുണ്ട്. അടുത്തകാലത്ത് എക്സപേർട്ടുകൾ പറയുന്നത് നെപ്പോളിയൻ ബോണാപാർട്ട് പോയ്സനിംഗിന് ഇരയായിരുന്നു എന്നാണ്. 1982-ൽ ലോംഗ്വുണ്ടിലെ മുറിയിൽനിന്ന് കൊണ്ടുവന്ന വാൾപേപ്പർ ഡ്രോയിംഗ് ബ്രിട്ടീഷ് കെമിസ്റ്റ് പരിശോധിച്ചു. അയാൾ ഡ്രോയിംഗ് പേപ്പറിൽ ആർസെനിക്ക് പിഗ്മെന്റ് കണ്ടെത്തിയിരുന്നു. കാലങ്ങളായി അത് ശ്വസിക്കുന്നതിലുടെ ആർസെനിക്കിന്റെ ടോക്സിക് കണ്ടന്റ് ശ്വാസകോശത്തിൽ പ്രവേശിച്ചത് അയാളുടെ മരണം വേഗത്തിലാക്കിയിരിക്കാം എന്നും കരുതപ്പെടുന്നു.


Summary: Ridley Scott's nepolian movie review by premkumar r


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments