രോമാഞ്ചം കണ്ട് ചിരിച്ചവരും ചിരിക്കാത്തവരും

ഐ.ടി ബൂമിന്റെ അവസാന ഗഡുവിൽ ബാംഗ്ലൂരെത്തിയ ഭാഗ്യാന്വേഷികളായ ഒരുപിടി മലയാളി യുവാക്കളുടെ കഥ പറയുന്ന രോമാഞ്ചം ചാറ്റ് ജി പി റ്റിയുടെ കാലത്ത് തിയറ്ററിലും ഓടിടിയിലുമായി രണ്ട് വട്ടം റിലീസായി രണ്ട് തരം പ്രതികരണങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് സാംസ്‌കാരികലോകത്തെ കുറച്ച് അങ്കലാപ്പിലാക്കിയിട്ടുണ്ട്. രോമാഞ്ചം കണ്ട് ചിരിക്കാത്തവർ സാംസ്‌കാരികമായി അകാലവാർദ്ധക്യം ബാധിച്ചവരാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നു. തിയറ്ററിൽ പടം കണ്ട് ചിരിച്ചവരുടെ കലാപരമായ നിലവാരത്തെയാണ് മറുവിഭാഗം പ്രശ്‌നവൽകരിക്കുന്നത്. ഇതുവരെ കയ്യാങ്കളിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രു സിനിമ കണ്ട് ചിരിക്കാം, ചിരിക്കാതിരിക്കാം.
ഒരാളെ ചിരിപ്പിച്ചത് വേറെയൊരാളെ ചിരിപ്പിക്കണമെന്നില്ല.
തിരിച്ചും അങ്ങനെയൊക്കെയാണ്.

പറഞ്ഞുവരുമ്പോൾ ഇന്ത്യയൊരു ബഹുസ്വരരാജ്യമാണ്. (സെൻസർ ബോർഡ് സെൻസർ ചെയ്ത) ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയുന്ന പാട് ആസ്വാദകർക്കും (ഒരു പരിധി വരെ) സ്വാതന്ത്ര്യം എന്ന് പറയുന്ന ഒരു ഏർപ്പാടുണ്ടായിരിക്കണം. ഏത് സിനിമ ഇറങ്ങിയാലും മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും അത് കാണാതിരിക്കുന്ന പോലെ (കുറെപ്പേര് കാണുന്ന പോലെയും) ചിരിക്കാനും ചിരിക്കാതിരിക്കാനും ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. പത്ത് തൊണ്ണൂറ് വർഷം സ്വാതന്ത്ര്യസമരം കൊണ്ട് നടന്ന ഒരു സ്ഥലമാണ്. ആ നമ്മളോടാണ് കളി. ചിരിക്കാത്തവരും ചിരിച്ചവരും തമ്മിൽ താത്വികമായും (അല്ലാതെയും) ശണ്ഠയുണ്ടാവുന്നത് പക്ഷേ ഒരു സോഷ്യൽ മീഡിയ നോർമലാണ്. സോഷ്യൽ മീഡിയയിലെ കാര്യങ്ങൾ ഏതാണ്ട് അങ്ങനെയൊക്കെയാണ്. പക്ഷബാഹുല്യമില്ലാത്ത പക്ഷം ഇവിടെയൊരു കച്ചവടമില്ല.

പറഞ്ഞപാട്, ധാരാളം ജനസംഖ്യയൊക്കെയുള്ള ഒരു ബഹുസ്വര രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ മുതലാളിമാർക്ക് നല്ല കോരാണ്. കണ്ടന്റുകൾക്കും ട്രെൻഡുകൾക്കും ഒന്നും ഒരു ക്ഷാമവുമില്ല. എത്ര പരസ്യം വേണമെങ്കിലും ഇടാം. ഇട്ട് കാശ് വാങ്ങാം.

നേരത്തെ കൂട്ടി പ്രവചിച്ച മാതിരി ഒരു കാര്യവും ഇവിടെ സംഭവിക്കുന്നുണ്ട്. സിനിമ എന്ന പരിപാടി തിയറ്ററെന്നും ഒ ടി ടിയെന്നും രണ്ടായി പിരിഞ്ഞ് മാറി. കല അതിന്റെ മാദ്ധ്യമമാണ് എന്നൊരു വാക്യം തന്നെ ഇവിടെ എവിടെയൊ കറങ്ങി നടപ്പുണ്ട്. മനുഷ്യരെ പോലെ വിഭിന്നമാദ്ധ്യമങ്ങളും പരസ്പരം സഹകരിക്കുകയും അത് പോലെ തന്നെ കൊന്ന് തിന്നുകയും ചെയ്യുന്നു.

രോമാഞ്ചം സിനിമയിൽ നിന്ന്

മിക്കവാറും കലകളും അതാതുകളുടെ സൈബറാനന്തര ലോകത്ത് പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. സൈബർ ലോകം പഴയ തൊഴിൽ ലോകത്തെ അപ്പാടെ മാറ്റി മറിക്കുന്നിടത്ത് കലയുടെ കാര്യം ഈ പറയുന്ന പോലെ അത്ര വലിയ കാര്യമൊന്നുമല്ല. കാലഘട്ടത്തിന്റെ ഗലാട്ട സിനിമയായത് കൊണ്ട് അത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിനിമയിൽ ഇറക്കുന്ന പോലെ ചില്വാനം വേറൊരു കലമേഖലയിലും വാണിജ്യഭരിതമായി ഇളകിമറിയുന്നില്ല. മൂലധനശക്തികളുടെ വിളയാട്ടഭൂമിയാണ് സിനിമ. വാൾട്ടർ ബെന്യാമിന്റെ കാലം മുതലിങ്ങോട്ട് സിനിമയെ കുറിച്ച് (സാംസ്‌കാരികവിമർശനപരമായി) രണ്ട് വാക്ക് പറയാതെ ഇവിടെയാർക്കും ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്.

എന്നിരുന്നാലും ബഹുസ്വരതയുടെ ചെലവിൽ, സിനിമ കാണുന്നതൊരു ബാധ്യതയായി കരുതാത്ത പാർശ്വവൽകൃത കലാസ്വാദക സമൂഹങ്ങളുടേത് കൂടിയാണീ ലോകം. അവരും അവരെ കൊണ്ട് ആവുന്ന പോലെ ഓരോന്ന് കണ്ടും കേട്ടും തമ്മിലടിച്ച് കഴിഞ്ഞ് കൂടുന്നുണ്ട്.

തിയറ്ററിലായിരിക്കുമ്പോൾ അടുത്തിരിക്കുന്നവർ ചിരിച്ചാലും അതിൽ കേറി മേയുന്നതിലൊരു പരിമിതിയുണ്ട്. അടുത്തിരിക്കുന്നവരെ ഇക്കിളിയാക്കാൻ പരിശ്രമിക്കുന്നതിലും അതെ പ്രശ്‌നമുണ്ട്. പക്ഷേ ഒ ടി ടിയിൽ അഹം ബ്രഹ്മാസ്മി പൊതുവെ ഒറ്റയ്ക്കാണ്. അതുകൊണ്ടുതന്നെ കൂട്ടച്ചിരിയുടെ ആൾക്കൂട്ട സാധ്യതയില്ല. ആസ്വാദനം ക്വാറൻറയിൻ ചെയ്തിരിക്കുന്നതുകൊണ്ട് രസം ഒരു പകർച്ചവ്യാധിയാവുന്നില്ല. തിയറ്റർ സൃഷ്ടിക്കുന്ന ഒരു അന്തരീക്ഷമല്ല ബിംഗ് വാച്ചിംഗ് പ്രദാനം ചെയ്യുന്നത്.

ആസ്വാദാനാന്തര സംവാദങ്ങളാണ് ഇവിടെയൊരു പകർച്ചവ്യാധിയായി വ്യാപരിക്കുന്നത്. ഉത്സവപ്പറമ്പിലെ അടി പോലെ അതേതാണ്ടൊരു ആൾക്കൂട്ട കലരൂപമായി മാറി തീർന്നിട്ടുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ മിക്കവാറും വർഷം ഒന്ന് രണ്ട് കനത്ത സിനിമവിവാദങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ട്. അവരുടെ പൂരത്തിന് കൂടുന്ന ആൾക്കൂട്ടം വേറെ ആര് വിചാരിച്ചാലും സൃഷ്ടിക്കാനാവില്ല. കാരണം അവരുടെ കയ്യിലാണ് ഇപ്പോൾ ഏറ്റവുമധികം ആളുകൾ ഉള്ളത്. ബാക്കി കുറച്ച് അവർ പ്രതീതിയാഥാർത്ഥ്യമായും ഉത്പാദിപ്പിക്കുന്നു.

പണ്ടൊക്കെ കോഴിക്കോടും കോട്ടയത്തുമൊക്കെയുള്ള ഒന്നോ രണ്ടോ പേർ മാത്രമാണ് കള്ളപ്പേര് വെച്ച് സിനിമയെ കുറിച്ച് എഴുതിമറിച്ചിരുന്നത്. അവർക്കതിന് വരിക്കണക്ക് വെച്ച് നല്ലൊരു തുകയും ലഭിച്ചിരുന്നു. സൈബർ സിനിമനിരൂപണശാഖയും ആ നിലയിലേക്ക് തന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതൊരു അന്തരാളകാലം മാത്രമാണ്. അന്തരാളകാലങ്ങളെ സമ്പൂർണ വിപ്ലവമായി വ്യാഖ്യാനിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടായിരിക്കേണ്ടതുണ്ട്.

തിയറ്ററാനന്തര ഒ ടി ടിയുടെ വിധി ശരിക്കും മറ്റൊന്നാണ്. ഓടി ഓർഡിനറിയായ വണ്ടി ഒരിക്കലും ഒരു സൂപ്പർ ഫാസ്റ്റാവുന്നില്ല എന്ന പറഞ്ഞ പോലെ ഫ്രഷ്‌നെസ് പോയ ഒരു പച്ചക്കറിയാണ് തിയറ്ററാനന്തര ഒ ടി ടി. പ്രതീക്ഷകളുടെ അമിതഭാരത്തെക്കാൾ വലിയൊരു ഭാരമില്ല കലാസ്വാദന സപര്യയിൽ എന്നാണ് ഓൾഡ് സ്‌കൂൾ മോഹൻലാൽ ഫാൻസ് (ഒടിയൻ വിഭാഗം) പറയുന്നത്. സൈബറാനന്തര സിനിമയുടെ ഈ ദ്വിജനിലയെ അതിന്റെ വ്യാപാരലോകം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് താമസിയാതെ കണ്ടറിയാം.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും അഭിപ്രായം പറയേണ്ട ഒരു സംഭവമായി മാറിപ്പോയെങ്കിലും ദിനേശൻ ശോഭയോട് തമാശ പറയാൻ ശ്രമിച്ചതും സ്വയമൊരു ട്രാജിക്ക് ഹീറോയായി പരിണമിച്ചുകൊണ്ട് കുറച്ചധികം ആളുകളെ ചിരിപ്പിച്ചതും വാണിജ്യസിനിമയിലെ ഒരു വഴിത്തിരിവായിരുന്നു. തിയറ്ററിലും ടി.വിയിലും മൊബൈലിലും ആ ശ്രീനിവാസൻ തമാശയ്ക്ക് നല്ല ഓട്ടം കിട്ടി. ചിലപ്പോഴങ്ങനെയും സംഭവിക്കാവുന്നതേയുള്ളൂ.

ഐ.ടി ബൂമിന്റെ അവസാന ഗഡുവിൽ ബാംഗ്ലൂരെത്തിയ ഭാഗ്യാന്വേഷികളായ ഒരുപിടി മലയാളി യുവാക്കളുടെ കഥ പറയുന്ന രോമാഞ്ചം ചാറ്റ് ജി പി റ്റിയുടെ കാലത്ത് തിയറ്ററിലും ഓടിടിയിലുമായി രണ്ട് വട്ടം റിലീസായി രണ്ട് തരം പ്രതികരണങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് സാംസ്‌കാരികലോകത്തെ കുറച്ച് അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് സ്വത്വാധിഷ്ഠിതമായ വലിയ നിലപാടുകൾ ഒന്നും വന്നുകണ്ടില്ല. രോമാഞ്ചപരമായ സംഘർഷങ്ങൾക്ക് അങ്ങനെയൊരു കുറവുള്ളത് മാറ്റിവെച്ചാൽ ഒരു സിനിമ ഇറങ്ങിയാൽ അതേപ്പറ്റി രണ്ട് വാക്ക് പറയണം എന്ന് വിചാരിക്കുന്നവരൊക്കെ തന്നെ ഇവിടെ ഇടപെട്ട് കഴിഞ്ഞിരിക്കുന്നു.

രോമാഞ്ചം കണ്ട് ചിരിക്കാത്തവർ സാംസ്‌കാരികമായി അകാലവാർദ്ധക്യം ബാധിച്ചവരാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നു. തിയറ്ററിൽ പടം കണ്ട് ചിരിച്ചവരുടെ (അങ്ങനെ അവകാശപ്പെടുന്നവരുടെ, അതിനുവേണ്ടി നിലപാടെടുത്ത് പോരാടുന്നവരുടെ) കലാപരമായ നിലവാരത്തെയാണ് മറുവിഭാഗം പ്രശ്‌നവൽകരിക്കുന്നത്. ഇതുവരെ കയ്യാങ്കളിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തൊഴിൽരഹിതരുടെ കഥ പറയുന്ന രോമാഞ്ചം എന്ന സിനിമ കണ്ട് ചിരിക്കാൻ കഴിയുന്ന ഒരു അവസ്ഥയല്ല വർത്തമാനകാല ഇന്ത്യയിൽ നിലവിലുള്ളത് എന്ന് എല്ലാവർക്കും അറിയാം. തൊഴിലില്ലായ്മ അതിന്റെ ഉച്ചകോടിയിൽ കിടന്ന് വെരകുമ്പോൾ തൊഴിൽരഹിതരെ വെച്ചുള്ള ഫലിതരംഗങ്ങൾ കണ്ട് ചിരിക്കുന്നതും മറ്റും ഒരു പ്രിവിലേജായിരിക്കും എന്നാണ് തൊഴിലാളിവർഗ സിദ്ധാന്തക്കാർ നിഗൂഡമായി പറഞ്ഞുപരത്തുന്നത്. തൊഴിൽപ്രശ്‌നങ്ങൾ രൂക്ഷമാണെങ്കിൽ അവിടെ ഭൂതബാധയും ഉണ്ടാവും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യവരി ഉദ്ധരിച്ചുകൊണ്ട് അവർ സിദ്ധാന്തീകരിക്കുന്നു.

ഏകാകിയായ ഒരു അർബൻ തൊഴിൽരഹിതനെയും അയാളുടെ അമ്മയെയും പ്രേതങ്ങൾ പിടികൂടുന്ന ഭൂതകാലം എന്നൊരു ഹൊറർ സിനിമയും കുറച്ച് കാലം മുന്നെ റിലീസായിരുന്നു.

Comments