റോഷാക്ക്; ഇത് പുറത്തുകാണുന്ന മനുഷ്യരുടെ കഥയല്ല

മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്... പോകെ പോകെ ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിലിരിപ്പുകൾ പുറത്തു വരുന്നു. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലെറെന്നോ, പാരാനോർമൽ സൂപ്പർ നാച്ചുറൽ ത്രില്ലറെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചിത്രം.

ജീവിതത്തിലെ ഏത് പ്രതികൂലസാഹചര്യത്തിലും, ഏറ്റവും പ്രിയപ്പെട്ടവരെ തന്നോട് ചേർത്തു നിർത്തുക എത് മനുഷ്യന്റെ ഏറ്റവും സഹജമായ ഒരു വാസനയാണ്. ഒരിക്കലും പൂർണ്ണമായി കൈവിട്ടു കളയാൻ കഴിയാത്ത, വീണ്ടും വീണ്ടും തന്നിലേയ്ക്ക് കൂടുതൽ ചേർത്തു പിടിക്കുന്ന ചില ബന്ധങ്ങൾ.... ചിലപ്പോളിതൊരു ബന്ധനത്തോളം വളരാം...

ബന്ധങ്ങളുടെ ഇത്തരം സങ്കീർണ്ണതകൾ കഥയിൽ, കലയിൽ, സിനിമയിൽ മാത്രമല്ല ചുറ്റുമൊന്നു കണ്ണോടിച്ചാൽ നമ്മുടെ പരിസരങ്ങളിൽ വരെ കണ്ടെത്താവുതേയുള്ളു... അതിലത്ര പുതുമയൊന്നുമില്ല... ശത്രുവിന്റെ മരണത്തിൽ പോലും ഒടുങ്ങാത്ത പകയിലും അത്ര പുതുമയൊന്നുമില്ല. എന്നാൽ ഇവയെ പുതിയൊരു കഥാപരിസരങ്ങളിലേയ്ക്ക്, മലയാള സിനിമയിൽ മുൻപ് അധികം കണ്ടുപരിചയമില്ലാത്ത കഥാഭൂമികയിലേയ്ക്ക് ഭംഗിയായി പറിച്ചു നടാൻ കഴിഞ്ഞു എതാണ് റോഷാക്ക് എന്ന മലയാള സിനിമയുടെ വിജയം.

പേരു സൂചിപ്പിക്കും പോലെ തന്നെ മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളിലൂടെ തന്നെയാണ് സിനിമ സഞ്ചരിക്കുന്നതും. മറ്റാർക്കും അത്രയെളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത ഓരോ മനുഷ്യന്റെയും ഉള്ളിരിപ്പുകൾ... ഭർത്താവിനെ ആത്മാർഥമായി സ്‌നേഹിച്ച് അയാൾക്കു വേണ്ടി ജീവിച്ചിട്ടും എന്തായിരുന്നു യഥാർഥത്തിൽ തന്റെ ഭർത്താവ് എന്ന് തിരിച്ചറിയാതെ പോയ ഭാര്യ, സ്വന്തം മക്കളുടെ ഉള്ളിലിരിപ്പ് എന്തെന്നു തിരിച്ചറിയാൻ കഴിയാതെ പോയ അച്ഛൻ, എല്ലാം തുറന്നു സംസാരിക്കുന്നവരെന്നു തോന്നിപ്പിക്കുമ്പോഴും കൂട്ടുകാരിയുടെ ഉള്ളിലെന്തെന്ന് അറിയാതെ പോയ കൂട്ടുകാരൻ... അങ്ങനെയങ്ങനെ ഒരോ മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളിൽ എന്തു നടക്കുന്നുവെന്ന് ആർക്കറിയാം.

മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്... പോകെ പോകെ ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിലിരിപ്പുകൾ പുറത്തു വരുന്നു. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലെറെന്നോ, പാരാനോർമൽ സൂപ്പർ നാച്ചുറൽ ത്രില്ലറെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചിത്രം. പ്രിയപ്പെട്ടവരുടെ മരണശേഷവും അവരുടെ ഓർമകൾ ജീവിച്ചിരിക്കുന്നവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. അപ്പോൾ മനസ്സിനെ ദൃശ്യവത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു സിനിമയിൽ അവരുടെ ലോകവും കടന്നു വരുന്നത് സ്വഭാവികം.

Rorschach

ഒരു നല്ലസിനിമയ്ക്കു വേണ്ട ഒട്ടുമിക്ക ഘടകങ്ങളും ഒത്തു ചേർന്നു എന്നതാണ് റോഷാക്ക് എന്ന സിനിമയുടെ കാഴ്ചാനുഭവം മികച്ചതാക്കുന്നത്. സിനിമയുടെ മൂഡിന് അനുയോജ്യമായ ലൊക്കേഷനുകൾ, ലൈറ്റിംങ്, കളറിംങ്... ചിലപ്പോളൊക്കെ മനോഹരമായി വരച്ചുവെച്ച ചിത്രമെന്നു തോന്നിപ്പോകും വിധമുള്ള ഛായാഗ്രഹണ മികവ്, സംവിധാനത്തിലും തിരക്കഥയിലും പുലർത്തിയ സൂഷ്മത. സിനിമ സൃഷ്ടിക്കുന്ന ദുരൂഹതയുടെ അന്തരീക്ഷം നിലനിർത്തുന്ന പശ്ചാത്തല സംഗീതം.

സർവ്വോപരി വളരെ കൃത്യമായ കാസ്റ്റിങ്. മമ്മൂട്ടി, ജഗദീഷ് തുടങ്ങി ആര് കൂടുതൽ മികച്ചു നിൽക്കുന്നു എന്ന് എടുത്തു പറയാൻ ശ്രമിച്ചാൽ സംശയിച്ചു പോകും വിധം ഒന്നിനൊന്നു മികച്ചു നിൽക്കുന്ന അഭിനയ മികവ്... എങ്കിലും നിസംഗതയോ, ക്രൂരതയോ, മാതൃസ്‌നേഹമോ, സ്വാർഥതയോ എന്തെന്നു പോലും നിർവചിച്ചെടുക്കാനാവാത്ത ബിന്ദു പണിക്കരുടെ മുഖം മനസ്സിൽ തങ്ങി നിൽക്കുന്നു. കഥാപാത്രമായി ജീവിക്കാനുള്ള തന്റെ കഴിവ് ഷറഫുദ്ദീൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു...

"വീട്ടിലടച്ചിടാനാണോ എന്നെ കെട്ടിയത്' എന്നു ചോദിച്ച് സ്വന്തം സ്വാതന്ത്ര്യത്തിലേയ്ക്ക് ഒരു സ്ത്രീ ഇറങ്ങിപ്പോകുമ്പോളും രണ്ടു മക്കളുടെ വളർത്തുദോഷം വളരെ കൃത്യമായി ഒടുക്കം ഒരമ്മയുടെ തലയിൽ തന്നെ വന്നു വീഴുന്നുമുണ്ട്... സിനിമയുടെ മൊത്തത്തിലുള്ള കാഴ്ചാനുഭവം വെച്ചു നോക്കുമ്പോൾ ഇടയ്ക്ക് തോന്നിയ ചെറിയ ചില കല്ലുകടികൾ വിട്ടുകളയുന്നു.

ഇത് പുറത്തുകാണുന്ന മനുഷ്യരുടെ കഥയല്ല, ഓരോ മനുഷ്യന്റെയും അകത്തു ജീവിക്കുന്ന മനുഷ്യന്റെ കഥയാണ്. മലയാള സിനിമ കണ്ടു ശീലിച്ച വഴികളിൽ നിന്നൊരു മാറി നടത്തമാണ്... ഇതുമാത്രമല്ല റോഷാക്ക്, എന്നാൽ ഇതുമാണ് റോഷാക്ക്. ഇനിയും പലമാനങ്ങളിലുള്ള കാഴ്ചാനുഭവങ്ങൾ സിനിമ തുറന്നിടുന്നുമുണ്ട്... സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് തീയേറ്റർ അനുഭവം തന്നെയായിരിക്കും കൂടുതൽ നല്ലത്...

Comments