മമ്മൂട്ടി, ജഗദീഷ്, ബിന്ദു പണിക്കർ; വില്ലന്മാരുടെ സിനിമ

നത്തോട് ചേർന്നു കിടക്കുന്ന ഒരു നാട്ടിൻപുറത്ത് ഒരു പുലർച്ചെ കാറപകടമുണ്ടാവുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ലൂക്ക്(മമ്മൂട്ടി) സ്ഥലത്തെ പൊലീസ്സ്റ്റേഷനിലേക്ക് ഒറ്റയ്ക്ക് നടന്നെത്തി അപകട വിവരം പറയുന്നു. കാറിൽ അയാൾക്കൊപ്പമുണ്ടായിരുന്ന ഗർഭിണിയായ ഭാര്യയെ കാണാനില്ല. പൊലീസും നാട്ടുകാരും ലൂക്കും ചേർന്ന് കാടുമുഴുവൻ തിരഞ്ഞെങ്കിലും ലൂക്കിന്റെ ഭാര്യയെ കണ്ടെത്താനാവുന്നില്ല. രണ്ടുമൂന്ന് ദിവസത്തെ തിരച്ചലിന് ശേഷം പൊലീസും നാട്ടുകാരും പിൻവാങ്ങുന്നു. എങ്കിലും ഭാര്യയെ കണ്ടെത്താനാവാതെ മടങ്ങാനാവില്ലെന്ന് നിശ്ചയിച്ച് ലൂക്ക് ആ നാട്ടിൽ തന്നെ തുടരുന്നു. ഇവിടെ നിന്നാണ് റോഷാക്ക് കഥ പറഞ്ഞു തുടങ്ങുന്നത്.

തനിനാട്ടിൻ പുറത്ത് കോട്ടും സ്യൂട്ടും ധരിച്ച്, ഫോറിൻ കാറിൽ ഒരപരിചിതൻ. ദുരൂഹമെങ്കിലും അയാൾക്ക് ആ നാട്ടിൽ തുടരാനൊരു കാരണവും നാട്ടുകാരുടെ സഹതാപവുമുണ്ട്. അതിഗംഭീരമായ ഒരു കഥപറയാനുള്ള പശ്ചാത്തലം സെറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

ഒരു മിസ്റ്ററി-ത്രില്ലർ ചിത്രത്തിന്റെ മൂഡിൽ പതിഞ്ഞ താളത്തിലാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ സംഭവങ്ങൾ സൃഷ്ടിച്ച് പ്രേക്ഷകരെ തുടർച്ചയായി എൻഗേജ് ചെയ്യിക്കുന്നുണ്ട്. അളന്നെടുത്ത ആക്ഷൻ, ആവശ്യത്തിന് മാത്രം ഉപയോഗിച്ച മമ്മൂട്ടിയെന്ന താരത്തിന്റെ മാസ് മൊമെന്റുകൾ തുടങ്ങിയവകൊണ്ട് ആദ്യ പകുതി ഗംഭീരമായി ഒരുക്കിയിട്ടുണ്ട്.

കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകർ കഥ ഊഹിച്ചെടുക്കാനുള്ള ശ്രമം നടത്തും. അത്തരം ശ്രമങ്ങൾക്കൊക്കെ ആദ്യ പകുതിയോടെ ഉത്തരം നൽകി, വരാനിരിക്കുന്നത് മറ്റു ചിലതാണ് എന്ന ആകാംക്ഷ നിലനിർത്തുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.

ഭാര്യയെ നഷ്ടപ്പെട്ട്, അവൾക്ക് നീതി തേടി അലയുന്ന കഥാപാത്രമാണ് ലൂക്ക്. പൂർണമായും അയാളുടെ ഇമോഷൻസിനെ ആശ്രയിച്ചിരിക്കുന്നു സിനിമ. മമ്മൂട്ടിയുടെ പ്രകടനം ഒന്ന് കൊണ്ട് മാത്രം കൺവേ ആയ കഥാപാത്രമാണ് ലൂക്ക്. നേരത്തെ പറഞ്ഞതുപോലെ, മമ്മൂട്ടിയിലെ താരത്തെ അടക്കിനിർത്തി, എന്നാൽ അതിന്റെ പ്രഭാവം പ്രേക്ഷകർക്ക് അറിയാനാവും വിധമുള്ള ഗംഭീര പ്രകടനമാണ് ചിത്രത്തിലേത്. നായകനോ അതോ വില്ലനോ എന്ന് പിടിതരാത്ത ലൂക്കിന്റെ എല്ലാ മാനറിസങ്ങൾക്കും മമ്മൂട്ടി മറ്റൊരു മികവ് നൽകിയിട്ടുണ്ട്. ലൂക്കിന്റെ ഹാലൂസിനേഷനുകൾ(?), ആത്മഗതങ്ങൾ എന്നിവ പലയിടത്തും രസമായില്ല. ഡയലോഗുകൾ കുറച്ചുകൂടി മികച്ച രീതിയിൽ എഴുതിയാൽ അത്തരം രംഗങ്ങൾ നന്നായേനെ.

ബിന്ദു പണിക്കരുടേതാണ് എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം. നെഗറ്റീവ് കഥാപാത്രമാണ്, പക്ഷേ ഇത്രയും പേടിപ്പെടുത്തുന്ന തരത്തിൽ നിസംഗതയും ക്രൂരതയും മുഖത്ത് കൊണ്ടുവന്ന് കഥാപാത്രത്തെ ശക്തമായി അടയാളപ്പെടുത്തി എന്നതാണ് ബിന്ദുപണിക്കരുടെ മികവ്.

ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ എന്നിവരുടെ കഥാപാത്രങ്ങളും മികച്ചു നിന്നു. ജഗദീഷ്, കോട്ടയം നസീർ എന്നിവരും ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിട്ടുള്ളത്.

ചിത്രത്തിന്റെ ഒരു പ്രത്യേകത, നായകൻ ഉൾപ്പടെ മിക്കവരും നെഗറ്റീവ് ഷേഡുകൾ കൂടുതലുള്ള കഥാപാത്രങ്ങളാണെന്നാണ്. വലിയ പ്രാധാന്യമില്ലാതെ രോഗിയായി വീട്ടിൽ കിടക്കുന്ന സുജാത(ഗ്രേസ് ആന്റണി)യുടെ അച്ഛന്റെ കഥാപാത്രം പോലും പഴയ കാലത്ത് ചട്ടമ്പിയാണെന്ന് സിനിമ സൂചിപ്പിക്കുന്നുണ്ട്(പഴയ കാലത്തെ ചട്ടമ്പിയായെത്തുന്നത് 'കീരിക്കാടൻ ജോസ്' ആണെന്നത് കൗതുകമുണ്ടാക്കുന്നതാണ്).

ചിത്രത്തിന്റെ രണ്ടാം പകുതി കുറേയേറെ കഥയിൽ നിന്ന് വിട്ട് പോകുന്നുണ്ട്. ഒന്നാം ഭാഗം നൽകിയ ഉദ്വേഗത്തെ തൃപ്തിപ്പെടുത്താൻ രണ്ടാം പകുതി പരാജയപ്പെടുന്നു. ക്ലൈമാക്‌സിനോടടുത്ത് ചിത്രം വീണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്നെങ്കിലും പൂർണതയിലെത്തുന്നില്ല.

സാങ്കേതികമായി എല്ലാ അർഥത്തിലും മികച്ച് നിൽക്കുന്ന സിനിമയാണ് റോഷാക്ക്. ഗ്രാമാന്തരീക്ഷത്തിന് ഒരു നിഗൂഢ ഭാവം നൽകിയ ഛായാഗ്രാഹകൻ നിമിഷ് രവിയും വ്യത്യസ്തവും യോജിച്ചതുമായ പശ്ചാത്തല സംഗീതമൊരുക്കിയ മിഥുൻ മുകുന്ദും കയ്യടി അർഹിക്കുന്നു.

കെട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുലിന്റെ തിരക്കഥ മികച്ച ക്വാളിറ്റിയിൽ ചിത്രീകരിക്കുന്നതിൽ നിയാസ് വിജയിച്ചിട്ടുണ്ട്.

Comments