ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ ചെന്ന് "RRR' എന്ന സിനിമ കണ്ടത് രാജമൗലിപ്പടങ്ങളോടുള്ള ആരാധന കൊണ്ടായിരുന്നില്ല. മറിച്ച്, ചരിത്രത്തിൽ അധികമൊന്നും പരാമർശിക്കപ്പെട്ടിട്ടില്ലാത്ത രണ്ട് വ്യക്തിത്വങ്ങളെയാണ് ആ സിനിമയിൽ നായക കഥാപാത്രങ്ങളാക്കിയിരിക്കുന്നത് എന്നതുകൊണ്ടായിരുന്നു.
ആദ്യത്തെയാൾ കോമരം ഭീം. ബ്രിട്ടീഷ് ഭരണകൂടത്തിനും നൈസാമിനും എതിരായി അതിശക്തമായ പ്രത്യാക്രമണങ്ങൾ അഴിച്ചുവിട്ട ആദിവാസി യോദ്ധാവ്. ഗോണ്ട് ആദിവാസി സ്വാതന്ത്ര്യ സമര സേനാനി. രണ്ടാമത്തെയാൾ അല്ലൂരി സീതാ രാമരാജു. ഗോണ്ട് - കോലം ഗോത്ര ജനതയുമായി ചേർന്ന് ബ്രിട്ടീഷ് പട്ടാളത്തിനെതിരായി പട നയിച്ച ധീരൻ.
ഔദ്യോഗിക ചരിത്രത്തിൽ ഒട്ടുമേ സ്ഥാനം നേടിയിട്ടില്ലാത്ത കോമരം ഭീമിനെയും അല്ലൂരി സീതാ രാമരാജുവിനെയും മുഖ്യധാരാ സിനിമയിലൂടെ എങ്ങിനെ അവതരിപ്പിക്കുന്നതെന്നറിയാനുള്ള കൗതുകം രാജമൗലി സിനിമ കാണുന്നതിന് പിന്നിലുണ്ടായിരുന്നു. നമുക്ക് തെറ്റുപറ്റിയാലും മുഖ്യധാരയ്ക്ക് വഴിപിഴക്കില്ലെന്ന് ഒന്നുകൂടി ഉറപ്പായി.
സിനിമയിലെ കോമരം ഭീം സുഹൃത്തായ അല്ലൂരി സീതാരാമരാജുവിനോട് പറയുന്ന ഒറ്റ വാചകം മാത്രം മതി അത് തെളിയിക്കാൻ.
""കാട്ടുജാതിക്കാരല്ലേ അണ്ണാ; ഒന്നും അറിയില്ലായിരുന്നു.''
"RRR'ലെ നായക കഥാപാത്രങ്ങളിലൊരാളായ കോമരം ഭീം പറയുന്ന വാചകമാണിത്. പറയുന്നത് ഒരു ആദിവാസിയാണെന്നതൊഴിച്ചാൽ കഥാ സന്ദർഭമോ ചരിത്ര യാഥാർത്ഥ്യമോ അറിയാത്ത പ്രേക്ഷകർക്ക് ഇതിൽ യാതൊരു പ്രത്യേകതയും തോന്നാനിടയില്ല. "ബാംബൂ ബോയ്സ്' ഒക്കെ ആറാടിത്തിമിർത്ത മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പ്രത്യേകിച്ചും. ആദിവാസികളെന്നാൽ അറിവില്ലാത്തവരും അപരിഷ്‌കൃതരും ആണെന്ന പൊതുബോധത്തിനിടയിൽ ചരിത്രത്തെയും കഥാസന്ദർഭത്തെയും ആരോർക്കാൻ!
പക്ഷേ, കോമരം ഭീം ആരാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹത്തിന്റെ പങ്കെന്താണെന്നും അറിയുമ്പോഴാണ് ഭൂതവും വർത്തമാനവും ഇന്ത്യയിലെ ആദിപോരാളികളോട് ആവർത്തിച്ചാവർത്തിച്ച് നടത്തുന്ന ചരിത്ര നിഷേധത്തിന്റെ യാഥാർത്ഥ്യം നാം തിരിച്ചറിയുക.
കോമരം ഭീം എന്ന ഗോണ്ട് ആദിവാസി യുവാവും അല്ലൂരി സീതാ രാമരാജുവെന്ന ക്ഷത്രിയ യുവാവും ബ്രിട്ടീഷുകാർക്കെതിരായി പോരാടുന്നതാണ് സിനിമയുടെ കാതൽ. അല്ലൂരി സീതാ രാമരാജു ബ്രിട്ടീഷ് സൈന്യത്തിൽ നുഴഞ്ഞുകയറി ബ്രിട്ടീഷുകാർക്കെതിരായി പടനയിക്കാൻ തീർച്ചയാക്കി പുറപ്പെട്ടവൻ. കോമരം ഭീം; ബ്രിട്ടീഷുകാർ തട്ടിക്കൊണ്ടുവന്ന തന്റെ ഗോത്രത്തിൽപ്പെട്ട ആദിവാസി ബാലികയെ രക്ഷിക്കാൻ ബ്രിട്ടീഷുകാരുടെ കോട്ടയ്ക്കുള്ളിൽ എത്തിയ സാഹസികൻ. അന്യോന്യമറിയാതെ പോരാടിക്കൊണ്ടിരിക്കുന്ന ഇവർ ഒരുഘട്ടത്തിൽ പരസ്പരം തിരിച്ചറിയുകയും ഒരാൾ മറ്റൊരാളുടെ രക്ഷകനാകുന്നതുമാണ് സിനിമയിലെ ഇതിവൃത്തം. അത്തരമൊരു സന്ദർഭത്തിൽ കോമരം ഭീം വേദനയോടെ പറയുന്ന വാചകമാണ് മുകളിൽ ഉദ്ധരിച്ചത്.
കാട്ടുജാതിക്കാരനായ തനിക്കൊന്നുമറിയില്ലെന്ന് കോമരം ഭീമിനെക്കൊണ്ട് സിനിമയിലൂടെ പറയിക്കുന്ന തിരക്കഥാകൃത്തും സംവിധായകനും എത്ര എളുപ്പത്തിലാണ് ഒരു ജനതയെയും അവരുടെ സുദീർഘമായ സ്വാതന്ത്ര്യ പോരാട്ടത്തെയും നിസ്സാരവൽക്കരിച്ചിരിക്കുന്നത്.
ആരാണ് കോമരം ഭീം?
1938-41 കാലയളവിൽ ആദിലാബാദ് ജില്ലയിലെ ഗോണ്ട് - കോലം ആദിവാസി ഗോത്ര ജനതയെ നയിച്ച് വിഖ്യാതമായ ബാബേഝാരി-ജൊദേൻഘാട്ട് പ്രക്ഷോഭം നടത്തിയ വ്യക്തി. നൈസാമിനും ബ്രിട്ടീഷുകാർക്കും എതിരായി ഒരേ സമയം പട നയിച്ച ധീരൻ. കൊളോണിയൽ ഭരണത്തിൻ കീഴിലെ വനനിയമങ്ങൾ ആദിവാസി വനാവകാശങ്ങൾക്കെതിരാണെന്ന് കണ്ട്
"ജൽ-ജംഗ്ൾ-ജമീൻ' തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നടത്തിയയാൾ.
സ്വതന്ത്ര ഗോണ്ട്വന രാജ്യത്തിനായി അവകാശമുന്നയിച്ചുകൊണ്ട് ഗോണ്ട്-കോലം ഗോത്രജനതയെ ഒരുമിപ്പിച്ച് നിർത്തി ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായി മാറിയ യോദ്ധാവ്.
കാലം മറവിയിലേക്കാഴ്ത്താൻ എത്ര ശ്രമിച്ചാലും ഗോണ്ട് -കോലം ഗോത്രജനതയുടെ ജീവശ്വാസത്തിൽ പോലും അലിഞ്ഞുചേർന്ന പേരാണ് കോമരം ഭീം. ആ ധീരയോദ്ധാവിനെയാണ് ഒന്നുമറിയാത്ത കാട്ടുജാതിക്കാരനെന്ന് പറയിപ്പിച്ച് പുതിയ ആഖ്യാനങ്ങൾ ഉയരുന്നത്.
എസ്.എസ്. രാജമൗലിയുടെ, ആയിരം കോടി ക്ലബ്ബിലേക്ക് കടന്ന ചിത്രത്തിന് ആസ്വാദനമെഴുതുകയെന്നതോ അതിലെ രാഷ്ട്രീയ ശരികേട് ചർച്ച ചെയ്യുകയോ ചെയ്യുന്നത് വൃഥാവ്യായാമമാണെന്ന് അറിയായ്കയില്ല. അത്തരമൊരു ശ്രമവും ഇവിടെയില്ല. എന്നാൽ രാജമൗലി സിനിമയിലെ കഥാപാത്രമായ കോമരം ഭീം ആരാണെന്ന് കുറച്ചെങ്കിലും ആളുകൾ അറിയേണ്ടതുണ്ടെന്നതുകൊണ്ടുമാത്രമാണ് ഈ കുറിപ്പ്.
ഗോണ്ട്-കോലം പ്രക്ഷോഭം 1938-41
ആന്ധ്രപ്രദേശിലെ ആദിലാബാദ് മേഖല ഗോണ്ട്-കോലം ആദിവാസികൾക്ക് പ്രാമുഖ്യമുള്ള പ്രദേശമാണ്. മലനിരകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ബ്രിട്ടീഷ് ഭരണനാളുകളിൽ നിരവധി പ്രക്ഷോഭങ്ങളാൽ കലുഷിതമായിരുന്നു. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന ഈ പ്രദേശങ്ങളിൽ ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയ നികുതി പരിഷ്‌കാരങ്ങളും വനനിയമങ്ങളും ആദിവാസി-കർഷക വിഭാഗങ്ങളുടെ ജീവിതത്തെ പലരീതിയിൽ പ്രതികൂലമായി ബാധിച്ചിരുന്നു. വിവിധ കാലങ്ങളിലായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും ഹൈദരാബാദ് നവാബായിരുന്ന നിസാമിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ആദിവാസികൾക്ക് പ്രക്ഷോഭരംഗത്തിറങ്ങേണ്ടി വന്നിട്ടുണ്ട്. 1802-3ലും, 1839-62ലും രാംഭൂപതിയുടെ നേതൃത്വത്തിലും, 1879-1916കാലയളവിൽ തമ്മം ദോരയുടെ നേതൃത്വത്തിലും 1922-24 കാലഘട്ടത്തിൽ അല്ലൂരി സീതാരാമ രാജുവിന്റെ നേതൃത്വത്തിൽ മാന്യം പ്രക്ഷോഭവും 1938-41 കോമരം ഭീമിന്റെ നേതൃത്വത്തിൽ ബാബേഝാരി-ജൊദേൻഘാട്ട് പ്രക്ഷോഭവും ഈ മേഖലയിൽ അരങ്ങേറുകയുണ്ടായി.
ബ്രിട്ടീഷുകാരെപ്പോലെത്തന്നെ ക്രൂരമായ രീതിയിലായിരുന്നു നൈസാം ഭരണകൂടവും ഗോണ്ട്-കോലം ആദിവാസികളോട് ഇടപെട്ടിരുന്നത്. ഗോത്രജനതയുടെ വനത്തിന്മേലുള്ള അവകാശം അംഗീകരിച്ചുകൊടുക്കുവാൻ ഇരുകൂട്ടരും തയ്യാറാകാതിരുന്നത് പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമായിത്തീർന്നിരുന്നു. ""വെള്ളം, വനം, മണ്ണ് (ജൽ-ജംഗ്ൾ-ജമീൻ)എന്നിവ തങ്ങളുടേതാണ്'' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തപ്പെട്ടത് കോമരം ഭീമിന്റെ മുൻകൈയ്യിൽ നടന്ന പ്രക്ഷോഭത്തിലായിരുന്നു. നൈസാം രാജാവിൽ നിന്നും ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്നും തങ്ങളുടെ വിഭവങ്ങൾ സംരക്ഷിക്കുവാനുള്ള യുദ്ധത്തിലായിരുന്നു ഗോണ്ട്-കോലം ജനത.
1938-41 കാലഘട്ടത്തിൽ നിസാമിന്റെ ദുർഭരണത്തിനും ബ്രിട്ടീഷ് അധിനിവേശത്തിനും എതിരായി ആദിലാബാദിൽ നടന്ന ആദിവാസി പ്രക്ഷോഭങ്ങൾക്ക് നായകത്വം വഹിച്ചത് കോമരം ഭീം ആയിരുന്നു. ഗോണ്ട് ഗോത്രവിഭാഗത്തിൽ "കൊയ്തൂർ' (Koitur) സമുദായത്തിലായിരുന്നു കോമരത്തിന്റെ ജനനം. ആദിലാബാദ് ജില്ലയിലെ സാകേപ്പള്ളി ഗ്രാമത്തിൽ 1901 ഒക്ടോബർ 2ന് ജനിച്ച കോമരം ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകൾ നിറഞ്ഞ കഥകൾ കേട്ടുകൊണ്ടായിരുന്നു വളർന്നത്. ജമീന്ദാർമാരുടെയും പോലീസുകാരുടെയും വനംവകുപ്പുദ്യോഗസ്ഥരുടെയും ചൂഷണങ്ങൾ ഭയന്ന് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നിരന്തരമായി പലായനം ചെയ്യാനായിരുന്നു കോമരം അടക്കമുള്ള ഗോണ്ട്-കോലം ജനതയുടെ വിധി. "പൊഡു' കൃഷി ബ്രിട്ടീഷുകാർ നിരോധിച്ചതും വനനിയമങ്ങൾ കർശനമാക്കിയതും അവരുടെ നിത്യജീവിതം തകർത്തുകളഞ്ഞു. വനത്തിൽ നിന്ന് മരക്കൊമ്പുകൾ വെട്ടിയതിന്റെ പേരിൽ ആദിവാസികുട്ടികളുടെ കൈവിരലുകൾ വെട്ടിമാറ്റിയ സംഭവങ്ങൾ പോലും അക്കാലത്ത് അരങ്ങേറുകയുണ്ടായി. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ കോമരം ഭീമിന് തന്റെ പിതാവിനെത്തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പീഢനങ്ങൾക്കിരയായി അച്ഛൻ മരണപ്പെട്ടപ്പോൾ കോമരവും കുടുംബവും സാൻകേപ്പള്ളിയിൽ നിന്നും സർദാപൂരിലേക്ക് താമസം മാറ്റി. 1940 ഒക്ടോബർ 10ന് നികുതി പിരിവിനായെത്തിയ ഉദ്യോഗസ്ഥർ ആദിവാസികളെ പീഡിപ്പിക്കാൻ തുനിഞ്ഞപ്പോൾ കോമരവും സംഘവും അവരുമായി ഏറ്റുമുട്ടുകയും നിസാമിന്റെ ഉദ്യോഗസ്ഥരിൽ ഒരാളായ സിദ്ദിഖ് കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് കോമരവും ചങ്ങാതി കോണ്ടലും അവിടെനിന്നും ചന്ദ്രാപൂരിലേക്ക് കടന്നു. ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭങ്ങൾക്ക് സഹായങ്ങൾ ചെയ്തുകൊടുത്തിരുന്ന വിഠോബ എന്ന പത്രപ്രവർത്തകന്റെ സഹായത്തോടെയായിരുന്നു ഇത്. ബ്രിട്ടീഷ് സൈന്യം പിന്നീട് വിഠോബയെ അറസ്റ്റുചെയ്യുകയും അദ്ദേഹത്തിന്റെ മാഗസിനും പ്രസ്സും അടച്ചുപൂട്ടുകയും ചെയ്തു.
സർദാപൂരിൽ നിന്നും ട്രെയിൻമാർഗ്ഗം ആസാമിലെത്തിയ കോമരം ഭീം അവിടെ ചായത്തോട്ടത്തിൽ പണിയെടുക്കുന്ന ആദിവാസികളോടൊപ്പം ചേരുകയും അവരുടെ ചൂഷണങ്ങൾക്കെതിരായി പ്രവർത്തിക്കുകയും ചെയ്തു. ഇക്കാലയളവിൽ ഒരുതവണ അദ്ദേഹം പോലീസ് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയുമുണ്ടായി. ജയിലിൽ കഴിഞ്ഞ കാലത്ത് കോമരം ഭീം അല്ലൂരി സീതാരാമ രാജുവിനെക്കുറിച്ചും രാംജി ഗോണ്ടിനെക്കുറിച്ചും അവരുടെ പോരാട്ടങ്ങളെക്കുറിച്ചും കേൾക്കുകയുണ്ടായി. ജയിലിൽ നിന്നും രക്ഷപ്പെട്ട കോമരം ഭീം തിരിച്ച് ആദിലാബാദിലെത്തിയതിനു ശേഷം ആദിവാസികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടു.
നിസാമിന്റെ ജനദ്രോഹപരമായ നികുതിപിരിവുകൾക്കെതിരെ ജോദേ ഘാട്ട് കേന്ദ്രീകരിച്ച് കോമരവും സംഘവും പ്രക്ഷോഭങ്ങളാരംഭിച്ചു. 1938-40 കാലയളവിൽ വൻതോതിലുള്ള ഗറില്ലായുദ്ധമുറകൾ കോമരം ഭീമിന്റെ നേതൃത്വത്തിൽ നിസാമിന്റെ സൈന്യത്തിനെതിരെ നടക്കുകയുണ്ടായി. ജോദേഘാട്ട്, പട്നാപൂർ, ബാഭേഝാരി, കല്ലേഗാം, തോക്കെന്നവാഡ, ഛൽബാരിദി, ശിവഗുഡ, കോശഗുഡ, നർസാപൂർ, അങ്കുശാപൂർ തുടങ്ങി ഗോണ്ട്-കോലം ആദിവാസികൾക്ക് മൂൻതൂക്കമുള്ള ഗോൻഡെം മേഖലയിലെ പന്ത്രണ്ടോളം ഗ്രാമങ്ങളിൽ നിന്നായി യുവാക്കളായ ആദിവാസികളെ കോമരം തന്റെ സംഘത്തിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. സ്വതന്ത്ര ഗോണ്ട് രാജ്യത്തിനായുള്ള അവകാശവാദവും ഈ പ്രക്ഷോഭത്തിനിടയിൽ കോമരം ഭീം ഉന്നയിക്കുകയുണ്ടായി. പ്രത്യേക ഗോണ്ട്വന സംസ്ഥാനത്തിനായുള്ള ആദ്യത്തെ അവകാശവാദമായി ഇതിനെ കണക്കാക്കാവുന്നതാണ്.
ബാബേഝാരി, ജോദേഘാട്ട് എന്നിവിടങ്ങളിലെ ജമീന്ദാർമാർക്ക് നേരെ കോമരവും സംഘവും ആക്രമണം അഴിച്ചുവിട്ടതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ ഗോണ്ട് പ്രക്ഷോഭകാരികളുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായി. ഇത് നൈസാമിനെ ഭയപ്പെടുത്തിക്കളഞ്ഞ സംഭവമായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികൾ ആദിവാസികൾക്ക് ഭൂമിക്ക് മേൽ പട്ടയം നൽകാമെന്ന ഉറപ്പ് നൽകുകയുണ്ടായി. എന്നാൽ ഭൂമിക്ക് പട്ടയം എന്ന വാഗ്ദാനത്തേക്കാൾ തങ്ങളുടെ സ്വയം ഭരണം ഈ മേഖലയിൽ ഉറപ്പാക്കണം എന്ന ആവശ്യമായിരുന്നു കോമരം ഭീം ഉന്നയിച്ചത്. അതോടൊപ്പം തന്നെ നിസാമിന്റെ ജയിലിൽ കിടക്കുന്ന തങ്ങളുടെ സഹപ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുകയുണ്ടായി.
ഗോണ്ട് ആദിവാസികളുടെ ആവശ്യം അംഗീകരിക്കാൻ ബ്രിട്ടീഷ് സർക്കാരോ, നൈസാമോ സന്നദ്ധമായിരുന്നില്ല. ആദിവാസി പ്രക്ഷോഭത്തെ അടിച്ചമർത്താനായിരുന്നു അവർ ശ്രമിച്ചത്. അതുകൊണ്ടുതന്നെ കോമരം ഭീമിനും സംഘത്തിനും ഏറ്റുമുട്ടലിന്റെ വഴിയല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കുവാനുണ്ടായിരുന്നില്ല. ജനങ്ങളുമായുള്ള കോമരം ഭീമിന്റെ സംഭാഷണം അവരുടെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ വഴികൾ കൃത്യമായും രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ളതാണെന്ന് നമുക്ക് മനസിലാക്കിത്തരും. ഭൂമി, ഭക്ഷണം, സ്വാതന്ത്ര്യം എന്നിവയ്ക്കായി പോരാടുനുള്ള ആഹ്വാനമായിരുന്നു കോമരം നൽകിയത്. "ജൽ-ജംഗ്ൾ-ജമീൻ' എന്ന മുദ്രാവാക്യവും ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി കോമരം ഭീം മുന്നോട്ടുവെക്കുകയുണ്ടായി. ഗോണ്ട്-കോലം പ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കാൻ തുടങ്ങിയതോടെ കോമരം ഭീമിനെ വധിക്കാനുള്ള പദ്ധതികളും അണിയറയിൽ അരങ്ങേറുന്നുണ്ടായിരുന്നു. കുടിലതന്ത്രങ്ങളുപയോഗിച്ച് ആദിവാസികളിൽ ചിലരെ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരുവാനും ഭരണാധികാരികൾക്ക് കഴിഞ്ഞു.
1940 ഒക്ടോബർ 8ന് വൻതോതിലുള്ള പോലീസ് സൈന്യം ജോദേഘാട്ട് മേഖലയിലേക്ക് പ്രവേശിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു കോമരം ഭീമിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. പരമ്പരാഗത ആയുധങ്ങളുമായി പോലീസിനെ നേരിട്ട കോമരം ഭീമിന്റെ സൈന്യം ഗറില്ലാ ആക്രമണങ്ങളിൽ പ്രഗത്ഭരായിരുന്നു. എന്നാൽ സർവ്വസന്നാഹങ്ങളുമായി എത്തിയ പോലീസ് സേനയ്ക്ക് മുന്നിൽ ഇത്തവണ പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞില്ല. ഏറ്റുമുട്ടൽ കൂടുതൽ സമയം തുടരാൻ ആദിവാസികൾക്ക് കഴിഞ്ഞില്ല. കോമരം ഭീമിനെ പിടികൂടിയ സൈനികർ അവിടെ വെച്ചുതന്നെ അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. മാന്ത്രിക വിദ്യകൾ അറിയുമായിരുന്ന കോമരം ഭീം തന്റെ മന്ത്രശക്തികൊണ്ട് മരണത്തിൽ നിന്ന് തിരിച്ചുവരുമെന്ന് വിശ്വസിച്ചിരുന്ന പോലീസുകാർ അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിരവധി വെടിയുണ്ടകൾ പായിക്കുകയും അവിടെവെച്ചുതന്നെ കത്തിച്ചുകളയുകയും ചെയ്തു.
ബ്രിട്ടീഷ്-നൈസാം ഭരണത്തിനെതിരെ ഗോണ്ട്-കോലം ആദിവാസികളെ സംഘടിപ്പിച്ച് കോമരം ഭീം നടത്തിയ പ്രക്ഷോഭങ്ങൾക്ക് വിശാലമായ രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നു. നിരക്ഷരരായ ആദിവാസികൾ സ്വാശ്രയത്വത്തിനും സ്വയംഭരണത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ മഹത്തായ മാതൃകയായിരുന്നു അത്. ഈ വിഷയത്തെ മനസിലാക്കാനോ അതിനോട് ഐക്യപ്പെടാനോ അന്നത്തെ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് ശ്രദ്ധിച്ചിരുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. കോമരം ഭീമും അദ്ദേഹത്തിന്റെ മുൻകൈയ്യിൽ നടന്ന പ്രക്ഷോഭവും അതുകൊണ്ടുതന്നെ വിസ്മൃതിയിൽ മറയുകയാണ് ചെയ്തത്.
(ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആദിവാസികളും. കെ.സഹദേവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)