16 ഓസ്കർ
നോമിനേഷനുമായി
Sinners,
വംശീയത എന്ന
ഹൊറർ അനുഭവം

Ryan Coogler സംവിധാനം ചെയ്ത സിന്നേഴ്സ് എന്ന ഹൊറർ വാമ്പയർ ഡ്രാമ 2026- ലെ 16 ഓസ്കാറുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് റെക്കോർഡുകൾ മറികടക്കുന്ന അപൂർവ നേട്ടമാണ്. ഈ സിനിമയുടെ കാഴ്ചാ അനുഭവം എഴുതുന്നു, പ്രേംകുമാർ ആർ.

ലോകത്ത് ഹൊറർ സിനിമകൾ ‘പെയ്ഡ് സ്കേറി’ വിനോദ മസാലകളിൽ നിന്ന് അടർന്ന് മാറിമറിയുന്ന ദൃശ്യചിന്തയായി പരിണമിക്കുന്നത് അത്യപൂർവ തിയറ്റർ അനുഭവമാണ്. ചരിത്രത്തിലാദ്യമായി റെക്കോർഡുകൾ തകർത്ത് സിന്നേഴ്സ് (Sinners) എന്ന ഹൊറർ വാമ്പയർ ഡ്രാമ (horror vampire drama) 2026- ലെ 16 ഓസ്കാറുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് റെക്കോർഡുകൾ മറികടക്കുന്ന അപൂർവ നേട്ടമാണ്. റിയാൻ കൂഗ്ളറുടെ (Ryan Coogler) സംവിധാനത്തിൽ വമ്പൻമാരാണ് സിന്നേഴ്സിനുവേണ്ടി കയ്യൊപ്പു പതിപ്പിച്ചത്. ബെസ്റ്റ് പിക്ചർ അവാർഡ് നേടിയ ഒ​രേയൊരു ഹൊറർ ചിത്രമെയുള്ളൂ, സൈലൻസ് ഓഫ് ദ ലാമ്പ് (1991) എന്നോർക്കണം.

2026- ൽ 13 നോമിനേഷനുമായി വൺ ബാറ്റിൽ ആഫ്റ്റർ അനതർ സിന്നേഴ്സിന് ഒപ്പമുണ്ട്. ഒൻപത് നോമിനേഷനുമായി സെന്റിമെന്റൽ വാല്യൂ തൊട്ടുപിറകിലും.

സിന്നേർസ് മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള അവാർഡു നേടുമോ എന്നതിലല്ല ആസ്വാദകരെ വാതുവെപ്പിന്റെ വാതിൽക്കൽ മത്സരിപ്പിച്ചുനിർത്തുന്നത്. അതിന്റെ സ്കോറും കോസ്‌റ്റ്യൂമും അവാർഡ് നേടുമോ എന്നതിലായിരിക്കും. സിന്നേഴ്സിന്റെ ലീഡിംഗ് സ്കോറും കോസ്റ്റ്യൂം ഡിസൈനിംഗുമാണ് സിനിമയുടെ ശരീരം. സിനിമയുടെ ആത്മാവുകളായ സംവിധാനം, നടൻ എന്നിവ രണ്ടാമതേ വരുന്നുള്ളൂ.

1930- കളിലെ സൗത്ത് ഈസ്റ്റ് അമേരിക്കയിലെ ആഫ്രോ- അമേരിക്കൻ പശ്ചാത്തലമാണ് കഥാസന്ദർഭം. എങ്കിൽപോലും ഈ കഥ ആഫ്രിക്കൻ ഭൂതകാലത്തെ, വേരുകളെ, സംസ്കാരത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.
മിസ്സിസ്സിപ്പി ഡെൽറ്റയിലെ ബ്ലാക്ക് കുടിയേറ്റം, ബ്ലൂസ് മ്യൂസിക് ബാൻഡുകളുടെ തുടക്കം, പരുത്തികൃഷിയിടങ്ങളിലെ ഷേയർക്രോപ്പേർസുകളുടെ ജീവിതം- അങ്ങനെ കഥക്കുള്ളിലെ കഥയുടെ അന്തർസഞ്ചാരമാണ് സിന്നേർസ്.

സിന്നേർസ് മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള അവാർഡു നേടുമോ എന്നതിലല്ല ആസ്വാദകരെ വാതുവെപ്പിന്റെ വാതിൽക്കൽ മത്സരിപ്പിച്ചുനിർത്തുന്നത്. അതിന്റെ സ്കോറും കോസ്‌റ്റ്യൂമും അവാർഡ് നേടുമോ എന്നതിലായിരിക്കും.
സിന്നേർസ് മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള അവാർഡു നേടുമോ എന്നതിലല്ല ആസ്വാദകരെ വാതുവെപ്പിന്റെ വാതിൽക്കൽ മത്സരിപ്പിച്ചുനിർത്തുന്നത്. അതിന്റെ സ്കോറും കോസ്‌റ്റ്യൂമും അവാർഡ് നേടുമോ എന്നതിലായിരിക്കും.

ഓസ്കാർ ജേതാവ് റൂഥ്. ഇ. കാർട്ടറാണ് സിന്നേർസിലെ കോസ്‌റ്റ്യൂം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. യൂഡോറ വെൽറ്റി (അമേരിക്കൻ ഫോട്ടോഗ്രാഫർ) 1920- ലും 1930- ലും സൗത്ത് അമേരിക്ക സന്ദർശിച്ച് എടുത്ത ഫോട്ടോകളുടെ റഫറൻസ് വച്ച് ചുവപ്പ്, വെളുപ്പ്, ബ്ലൂ തുടങ്ങി  ലളിതമായ പാലറ്റുകളിലാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കോസ്റ്റ്യൂമുകൾ 1930- കളിൽ അമേരിക്കയിലെ പരുത്തിത്തൊഴിലാളികൾ (ഷെയർ ക്രോപ്പേർസ്) സ്വയം ഡിസൈൻ ചെയ്ത് തയ്ച്ച് ധരിച്ചിരുന്നതാണെന്ന് ഓർക്കണം. അടിമത്വം അവസാനിച്ചതുകൊണ്ടുണ്ടായ സാംസ്കാരിക നേട്ടം.
അമേരിക്കൻ ചിത്രകാരൻ റോമൻ റോക്ക് വെല്ലിന്റെ ചിത്രങ്ങളിലും ആഫ്രിക്കൻ വംശജരുടെ ലളിത ജീവിതരേഖകളായി ഈ നിറങ്ങൾ  കാണാം.

റിയാൻ കൂഗ്ലർ സിനിമയ്ക്ക് സിന്നേഴ്സ് എന്ന പേരിടുന്നത്, പാപം ഒരു വ്യക്തിഗത ദൗർബ്ബല്യമായതുകൊണ്ടല്ല, അതൊരു ഭരണരീതിയാണ് എന്നതുകൊണ്ടാണ്.
ബ്ലൂസ് മ്യൂസിക് ബാൻഡ് പിയാനോ വായിക്കുന്ന കഥാപാത്രം ഡെൽറ്റ സ്ലിം (Delroy Lindo), നായക കഥാപാത്രങ്ങളായ ബ്രദേഴ്സ് എലിജ സ്മോക്ക് (Elija Smoke), ഏലിയാസ് സ്റ്റോക്ക് (Elias Stoke), മൈക്കൽ ബി. ജോർദൻ (Michael.B. Jordan), അവർ തുടങ്ങാനിരിക്കുന്ന ജൂക്ക് ജോയിന്റിൽ (Juke Joint- പ്ലാന്റേഷൻ വർക്കർമാരും ഷെയർക്രോപ്പേഴ്സുമായ സൗത്ത് ഈസ്റ്റേൺ ആഫ്രിക്കൻ അമേരിക്കക്കാർ സ്വകാര്യതക്കും വിനോദത്തിനും പിരിമുറുക്കം കുറക്കാനും മരമില്ലുകളിലോ ഉപേക്ഷിക്കപ്പെട്ടതോ ആയ കെട്ടിടങ്ങളിൽ സംഗീതവും നൃത്തവും ഗ്യാംബ്ലിംഗും മദ്യവും ഭക്ഷണവുമായി രാത്രി കൂടിച്ചേർന്നിരുന്ന പാർട്ടി ക്ലബ് - ഇത് വെള്ളക്കാരിൽനിന്ന് മാറിയുള്ള കറുത്തവർഗ്ഗക്കാരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു) സ്വയം സർക്കാസത്തോടെ  അയാളെ സംബോധന ചെയ്തുകൊണ്ട് പറയുന്നത്, sinners Like me എന്നാണ്. 

അതിജീവനം, ആനന്ദം, സംസ്കാരം, പ്രതിരോധം എന്നിങ്ങനെ അവകാശങ്ങളുടെ രാഷ്ട്രീയ- സർഗ്ഗാത്മക ഇടപെടലുകളെ ധാർമ്മിക പരാജയമെന്നും സിന്നേർസ് എന്നും മുദ്രയടിക്കപ്പെട്ട് പരിഹസിച്ചിരുന്നു. 1930- കളിലെ സൗത്ത് ഈസ്റ്റേൺ ആഫ്രിക്കൻ  അമേരിക്കൻ വംശജരുടെ സാമൂഹികാവസ്ഥ, സംഗീതം, വസ്ത്രം എന്നീ തുറകളിലെ സാംസ്കാരിക സംഭാവനകൾ അന്ന് പാപമായി കരുതിപ്പോന്നു. പള്ളികൾ ബ്ലൂസ് സംഗീത ബാൻഡിലെ അംഗങ്ങളെ സിന്നേഴ്സ് എന്നു വിളിച്ചു പുറത്താക്കി. ഗായകനും  ഗിറ്റാറിസ്റ്റുമായ നായക കഥാപാത്രങ്ങളുടെ കസിൻ സാമ്മിനെ (Sammie) പാസ്റ്റർ  ജെഡിദിയാസ് ബ്ലൂവിൽ ചേരുന്നതിനെയും ജൂക്ക്ജോയിന്റിൽ പോകുന്നതിനെയും വിലക്കുന്നുണ്ട്.

ഓസ്കാർ ജേതാവ് റൂഥ്. ഇ. കാർട്ടറാണ് സിന്നേർസിലെ കോസ്‌റ്റ്യൂം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
ഓസ്കാർ ജേതാവ് റൂഥ്. ഇ. കാർട്ടറാണ് സിന്നേർസിലെ കോസ്‌റ്റ്യൂം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

എന്തുകൊണ്ട് ബ്ലൂസ് മ്യൂസിക് വിലക്കപ്പെടുന്നു?. ബ്ലാക്കിന് ഒരു സാംസ്കാരിക ലോകവും ഭാഷയും ഉണ്ടായിവരുന്നത് അപകടമാണെന്നും അതിനെ തകർക്കണം എന്നും അമേരിക്കൻ വെളുത്ത വർഗ്ഗക്കാർ പദ്ധതിയുണ്ടാക്കുന്നു. അങ്ങനെ നോക്കുമ്പോൾ സിന്നേഴ്സ് ഒരു വാമ്പയർ ഹൊറർ സിനിമയല്ല, റേസിസ്റ്റ് ടെറർ സിനിമയാണെന്ന് കാണാം. സിന്നേഴ്സിൽ വാംപേഴ്സിനെ യൂസ് ചെയ്യുന്നത് മോൺസ്റ്റേഴ്സ് ആയിട്ടല്ല, മറിച്ച് സാംസ്കാരികവും അധികാരപരവുമായ ചൂഷണമായിട്ടാണ്. വാമ്പയർ റമ്മിക്ക് (Remmick) ബ്ലാക്കിന്റെ ബ്ലൂസ് മ്യൂസിക്, അതിന്റെ ജന്മോദ്ദേശ്യമോ ഉറവിടമോ സംസ്കാരമോ അറിയാതെ വികലമായി ഉപയോഗിക്കുന്നുണ്ടണ്ട്.

സിന്നേഴ്സിന്റെ സംഗീത സംവിധായകൻ സ്വീഡിഷ്കാരനായ ലൂഡ് വിഗ് ഗൊരാൻസൺ രണ്ട് അക്കാദമിക് അവാർഡുകൾ നേടിയിട്ടുണ്ട്. നിരവധി അവാഡുകൾ വേറെയും. അദ്ദേഹം സിനിമയുടെ കോ-പ്രൊഡ്യൂസർ കൂടിയാണ്. ഡെവിൾസ് മ്യൂസിക് ഫോർമാറ്റിൽ നിന്ന് മാറി ബ്ലൂസ് മ്യൂസിക്കിന്റെ നൈസർഗ്ഗികത, ബ്ലാക്കിന്റ സ്വത്വം, സർഗ്ഗാത്മകമായ വളർച്ച എന്നിവ കാണിയിലേക്കും അരിച്ചുകയറുന്ന മാജിക് ബ്രില്ല്യൻസ് പാശ്ചാത്തല സംഗീത മുണ്ടാക്കുന്നുണ്ട്. ഗിറ്റാർ ഒരു റിലീജിയസ് ഐക്കണായി ഉപയോഗിച്ച് പാപവും പാപമോചനവും, വാമ്പയർ പോരാട്ടത്തിൽ ശക്തമായ ഒരായുധമായി ഉപയോഗിക്കുന്നത് സാമ്പ്രദായിക വാമ്പയർ സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഇമേജറിയാണ്.

സ്മോക്കിന്റെ ഭാര്യ ആന്നി (Annie) ഹൂഡൂ വിശ്വാസിയാണ്. സ്മോക്ക് അയാളുടെ മകളെ രക്ഷിക്കാത്ത ഹുഡുവിൽ വിശ്വസിക്കുന്നില്ല. ഒപ്പം സംഗീതത്തെയും ആത്മീയതയുടെ ശക്തമായ രൂപകമായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായ വില്ലൻ / എതിരാളി എന്ന സാമ്പ്രദായിക ഹൊറർ
സിനിമകളിൽ നിന്നുമാറി കെട്ടിപ്പിണഞ്ഞ ധാർമ്മിക സങ്കീർണ്ണതകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

സിന്നേഴ്സിന്റെ സംഗീത സംവിധായകൻ സ്വീഡിഷ്കാരനായ ലൂഡ് വിഗ് ഗൊരാൻസൺ രണ്ട് അക്കാദമിക് അവാർഡുകൾ നേടിയിട്ടുണ്ട്. നിരവധി അവാഡുകൾ വേറെയും.
സിന്നേഴ്സിന്റെ സംഗീത സംവിധായകൻ സ്വീഡിഷ്കാരനായ ലൂഡ് വിഗ് ഗൊരാൻസൺ രണ്ട് അക്കാദമിക് അവാർഡുകൾ നേടിയിട്ടുണ്ട്. നിരവധി അവാഡുകൾ വേറെയും.

ക്രിമിനൽ പശ്ചാത്തലമുള്ള നായക ഇരട്ടകൾ സൈനിക സേവനത്തിനുശേഷം ചിക്കാഗോ ഔട്ട്ഫിറ്റ് (Chicago outfit) എന്ന അധോലോക സംഘത്തിനുവേണ്ടി പ്രവർത്തിക്കുകയായിരുന്നു. കാര്യങ്ങൾ അത്ര വെടിപ്പല്ല. ചിക്കാഗോയിൽ നിന്ന് പണവുമായി തിരിച്ചെത്തുന്ന അവർ സ്വദേശത്ത്, ക്ലാർക്ക്സ്ഡേൽ മിസ്സിസ്സിപ്പിയിൽ (Clarksdale Mississippi) ജൂക്ക് ജോയിന്റ് തുടങ്ങുതിനായി
ഹോഗ് വുഡിൽനിന്ന് ഒരു മരമില്ല് വാങ്ങുന്നു. ജൂക്ക് ജോയിന്റിന്റെ ഓപ്പണിംഗ് രാത്രി സാമ്മി (Sammie), ഡൽറ്റ സ്ലിം (Delta Slim), പേർലിൻ (Pearline), സാമ്മി കണ്ട മാത്രയിൽ പ്രണയത്തിലായ പെണ്ണ്,  പാടുന്നു, നൃത്തം ചെയ്യുന്നു. ആ രാത്രിയുടെ ആഘോഷത്തിമിർപ്പ് കണ്ട് വാമ്പയർ റമ്മിക്കന്റെ (Remmick) കണ്ണിൽ അസൂയ കത്തിജ്വലിക്കുന്നു. അന്ന് രാത്രി വെളുക്കുമ്പോഴേക്കും അവരെയെല്ലാം- സാമ്മി ഒഴികെ- കടിച്ച് വാമ്പയർ സംഘത്തിൽ ചേർക്കുന്നു.

വാമ്പയർ, എന്നത് സിനിമയിൽ ജംപ് ജിം ക്രോ (Jump Jim Crow) നിയമങ്ങളുടെ രൂപകമായിട്ടാണ് പ്രവർത്തിക്കുന്നത്. 19ാം നൂറ്റാണ്ടിലെ സൗത്ത് ഈസ്റ്റ് ആഫ്രിക്കൻ അമേരിക്കക്കാരെ അടിച്ചമർത്തിയിരുന്ന വംശീയ വിവേചനത്തിനും അവകാശ നിഷേധങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന നിയമമായിരുന്നു ഇത്. കൂഗ്ലറുടെ തന്നെ പൂർവികർ അനുഭവിച്ചിരുന്ന അതിക്രൂരമായ വിവേചന നിയമമാണ്. സാംസ്കാരിക മൂലധനം എങ്ങനെ കൊള്ളയടിക്കപ്പെടുന്നു എന്നതിന്റെ, അതായത്, വാമ്പയർ പോലുള്ള സൂപ്പർ നാച്ച്വറൽ രൂപകങ്ങളെ പതിവ് ഹൊറർ സിനിമ ഴാനറിൽ നിന്ന് അടർത്തി വ്യവസ്ഥാപിത വയലൻസും, കൾച്ചറൽ കൊള്ളയും ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചാൽ ഏതു രീതിയിൽ വായിക്കപ്പെടും എന്നതിന്റെയും പരീക്ഷണം കൂടിയാണ് ഈ കൂഗ്ലർ ബ്രില്യൻസ്.

ആനന്ദിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങളിൽ ഗോത്രങ്ങൾ തമ്മിൽ യുദ്ധമുണ്ടാവുമ്പോൾ, ആക്രമിക്കപ്പെടുന്ന ഗോത്രത്തിന്റെ ദൈവങ്ങളെ സഞ്ചിയിലിട്ട് കടന്നുകളയുമായിരുന്നു. അവരുടെ ദൈവങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഗോത്രങ്ങളെ മാനസികമായി തകർക്കാനായിരുന്നു ഈ പരിപാടി. ജോർജ് ഓർവൽ പറയുന്നതുപോലെ മനുഷ്യനെ നശിപ്പിക്കാൻ ഏറ്റവും എളുപ്പം  അവരുടെ ചരിത്രപരമായ അറിവുകളെ നിഷേധിക്കുക അല്ലെങ്കിൽ അതിൽ നിന്ന് തുടച്ചുനീക്കുക എന്നതാണ്.

സ്മോക്കിന്റെ ഭാര്യ ആന്നി (Annie) ഹൂഡൂ വിശ്വാസിയാണ്. സ്മോക്ക് അയാളുടെ മകളെ രക്ഷിക്കാത്ത ഹുഡുവിൽ വിശ്വസിക്കുന്നില്ല. ഒപ്പം സംഗീതത്തെയും ആത്മീയതയുടെ ശക്തമായ രൂപകമായി ഉപയോഗിക്കുന്നുണ്ട്.
സ്മോക്കിന്റെ ഭാര്യ ആന്നി (Annie) ഹൂഡൂ വിശ്വാസിയാണ്. സ്മോക്ക് അയാളുടെ മകളെ രക്ഷിക്കാത്ത ഹുഡുവിൽ വിശ്വസിക്കുന്നില്ല. ഒപ്പം സംഗീതത്തെയും ആത്മീയതയുടെ ശക്തമായ രൂപകമായി ഉപയോഗിക്കുന്നുണ്ട്.

എമ്മീയുടെ (emmie) പ്രണയവും സെക്സും മനോഹരമായി സിനിമയിലൂടെ ഇഴചേർന്നു പോകുന്നുണ്ട്. അവർ സെക്സിലേർപ്പെടുമ്പോൾ അവൾ, പിയർലൈൻ, പറയുന്നുണ്ട്:
"ഞാനൊന്നു കഴുകിവരാം, ഞാൻ നടന്നു വന്നതാണ് (let me wash up first. I walked here)".
സാമ്മിയുടെ (Sammie ) മറുപടി:  നീ സുന്ദരിയാണ്. എനിക്ക് നിന്നെ ടേസ്റ്റ് ചെയ്യണം. (you are beautiful. I just wanna taste you).
സാമ്മിക്ക് പിയർലൈനോടുള്ള അടങ്ങാത്ത അഭിനിവേശം അവിടെ അടയാളപ്പെടുന്നു.

ക്യാമറയും സിനിമാട്ടോഗ്രാഫിയും അക്കാദമി വിന്നർ ഓട്ടം ഡുറാൾഡ് അർക്കാപോ (Autumn Durald Arkapaw) എന്ന വനിതയാണ്. അവർക്ക് കൊടുക്കാം ഒരു ബിഗ് ഹാർട്ടി സല്യൂട്ട്, അതിനെക്കുറിച്ചു മാത്രം ഒരു പ്രബന്ധം എഴുതാനുണ്ട്, എജ്ജാതി പണിയാണ്.

സിന്നേഴ്സ് എന്ന വാംപയർ ഹൊറർ മൂവി ആവിഷ്കാരത്തിലും പ്ലോട്ടിന്റെ തലത്തിലും ആത്മാവും ശരീരവും തമ്മിലുള്ള തിരനാടകമാണെന്ന് കാണാം.
കാണുക. അനുഭവിക്കുക.


Summary: The horror vampire drama Sinners, directed by Ryan Coogler, has been nominated for 16 Oscars in 2026. Movie Review by Premkumar R


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments