ഇന്ദ്രൻസിനറിയാം, മികച്ച ഫലിതവും പുളിച്ച ഫലിതവും

കരയാനും ചിരിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും തന്റെ ശരീരത്തെ ആയുധമാക്കുന്ന ഒരാളിന് ആറടിപ്പൊക്കമോ പ്രഖ്യാപിത മുഖലക്ഷണങ്ങളോ ആവശ്യമില്ല എന്നു തെളിയിച്ച മനുഷ്യനാണ് ഇന്ദ്രൻസ്. വങ്കത്തവും ഫലിതവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കിയ ഒരു കലാകാരന്റെ ഏറ്റവും മികച്ച പ്രതികരണമായിരുന്നു ഇന്ദ്രൻസിൻറേത്. അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി ബുദ്ധിപരമായി കൂവിയിട്ടുള്ള നമ്മുടെ മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്.

രീരങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നതിലെ അനൗചിത്യവും അശ്ലീലവും സാംസ്കാരിക വകുപ്പു മന്ത്രിയെ പഠിപ്പിക്കാൻ ഞാനാരുമല്ല. പക്ഷേ, ഒരുദാഹരണം കൊണ്ട് അതിലെ വൃത്തികേടും ഹുങ്കും കാണിച്ചു തരാം.

വെണ്മണി മഹൻ നമ്പൂതിരിപ്പാട് വലിയ തമാശക്കവിയായിരുന്നല്ലോ. ചിരിക്കാൻ ആശ്രിതർ ചുറ്റിനുമുള്ളപ്പോഴാണല്ലോ വികടഫലിതങ്ങൾ ഉണ്ടാകുന്നത്! തന്റെ ആശ്രിതനായ നാണുവിന് എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കണമെന്ന ഒരു ശുപാർശക്കത്ത് അന്നത്തെ ജഡ്ജിയായിരുന്ന ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോന് കവി ശ്ലോകരൂപത്തിൽ കൊടുത്തയച്ചു. അത് നിരക്ഷരനായ പാവം നാണുവിന്റെ കയ്യിൽ തന്നെയാണ് കൊടുത്തയക്കുന്നത്. കത്തിങ്ങനെയാണ്.

" തോണിപ്പള്ളക്കു തുല്യം കുടവയറുമഹോപർപ്പടപ്പുല്ലിനേറ്റം

നാണം നൽകുന്ന ചപ്രക്കുടുമയുമിളിയും

തോൽക്കുടം പോലെ മെയ്യും

കാണുംനേരത്തറപ്പാനിവ പല വിഭവം

ചേർത്തു തട്ടിപ്പടച്ചീ നാണൂനെ

ത്തീർത്ത, കഞ്ജാസനനതി-

സരസൻ നമ്മളെത്തീർത്തതല്ലോ'

ശരീരാധിക്ഷേപത്തിന് മികച്ച ഉദാഹരണമായ ഈ കത്തു കൊടുത്തയക്കുമ്പോൾ ഒരു കാര്യം പ്രത്യേകം പറഞ്ഞേൽപിക്കുവാൻ സരസകവി മറന്നില്ല. "ജഡ്ജിയദ്ദേഹം കത്തു വായിക്കുന്നതിനിടയിൽ മുഖത്തേക്ക് നോക്കിയാൽ "തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം നേരാണേ' എന്ന് ഉണർത്തിക്കണം.' ജഡ്ജി ശ്ലോകം വായിച്ചു. നാണുവിനെ നോക്കി പൊട്ടിച്ചിരിച്ചു. നാണു പറഞ്ഞു,"തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം നേരാണേ ..'

ശുദ്ധമായ നമ്പൂതിരി ഫലിതത്തിനുദാഹരണമായി പി. മാധവൻ ഒരു പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നത് ഈ ശ്ലോകത്തെ കുറിച്ചാണ്.

ഇതിലടങ്ങിയിരിക്കുന്ന അധികാരഗർവ്വിനെ അന്നത്തെ കാലം മികച്ചതെന്ന് വാഴ്ത്തിയിരിക്കും. പക്ഷേ ഇന്ന് ഇത്തരം ഗർവ്വുകൾ ഫലിതങ്ങളായി കാണാനാവില്ല. അവ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

"ഞാനങ്ങനെത്തന്നെയാണ്, അമിതാഭ് ബച്ചന്റെ കുപ്പായം എനിക്ക് ചേരില്ല ' എന്ന് ഇന്ദ്രൻസ് പറഞ്ഞത് പഴയ നാണുവിനെ പോലെ, നിരക്ഷരതയോ അജ്ഞതയോ കൊണ്ടല്ല. മികച്ച വിദൂഷകന് വിപ്ലവകാരിയുമാകാമെന്ന് തിരിച്ചറിവുള്ള കാലത്ത് ജീവിക്കുന്ന ഒരാൾക്ക് ദുഷ്‍പ്രഭുത്വത്തിന്റെ ഫ്യൂഡൽകാല ജീവികളുടെ ക്രൂരഫലിതങ്ങളോട് നിസ്സംഗവും നിർമ്മമവുമായി പ്രതികരിക്കാനാകുമെന്ന് തെളിയിക്കുകയാണദ്ദേഹം ചെയ്തത്.

കരയാനും ചിരിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും തന്റെ ശരീരത്തെ ആയുധമാക്കുന്ന ഒരാളിന് ആറടിപ്പൊക്കമോ പ്രഖ്യാപിതമുഖലക്ഷണങ്ങളോ ആവശ്യമില്ല എന്നു തെളിയിച്ച മനുഷ്യനാണ് ഇന്ദ്രൻസ്. വങ്കത്തവും ഫലിതവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കിയ ഒരു കലാകാരന്റെ ഏറ്റവും മികച്ച പ്രതികരണമായിരുന്നു അത്. ജീവിതത്തിലുടനീളം ഹാസ്യവേഷങ്ങൾ ചെയ്ത ഇന്ദ്രൻസിനറിയാം, മികച്ച ഫലിതമേത്, പുളിച്ച ഫലിതമേത് എന്ന്. അധികാരാശ്ലീലങ്ങളെ നിർമ്മമമായും നിസ്സംഗമായും നേരിടുന്നതിലൂടെ വിദൂഷകന് അവധൂതനുമാകാം എന്നു തെളിയിച്ച, അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി ബുദ്ധിപരമായി കൂവിയിട്ടുള്ള നമ്മുടെ മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്.


Summary: കരയാനും ചിരിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും തന്റെ ശരീരത്തെ ആയുധമാക്കുന്ന ഒരാളിന് ആറടിപ്പൊക്കമോ പ്രഖ്യാപിത മുഖലക്ഷണങ്ങളോ ആവശ്യമില്ല എന്നു തെളിയിച്ച മനുഷ്യനാണ് ഇന്ദ്രൻസ്. വങ്കത്തവും ഫലിതവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കിയ ഒരു കലാകാരന്റെ ഏറ്റവും മികച്ച പ്രതികരണമായിരുന്നു ഇന്ദ്രൻസിൻറേത്. അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി ബുദ്ധിപരമായി കൂവിയിട്ടുള്ള നമ്മുടെ മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments