സിൽക്ക് സ്മിതയോട് നാം പ്രായശ്ചിത്തം ചെയ്തു, അവരെ മാറ്റിയെഴുതി; എല്ലാം മരണശേഷം

മരണത്തോടെ സിൽക്ക് സ്മിതയെ പൊതുസമൂഹം കൂടുതൽ സ്വന്തമാക്കി, അവളെ സാമാന്യവൽക്കരിക്കുകയും അങ്ങനെ അവരോടു ചെയ്ത നീതിരാഹിത്യത്തിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. കൂടെ അഭിനയിച്ച നടന്മാരും സംവിധായകരും മരണശേഷം സ്മിതയെ കുറിച്ച് വാചാലരായി. അങ്ങനെ നമ്മൾ ഒരു ഭൂതകാലത്തെ തകിടംമറിച്ച് കളയും ചിലപ്പോൾ, ഒരു വ്യക്തിയെ ജീവിതകാലത്ത് മനസ്സിലാക്കാതെ ആ വ്യക്തിത്വത്തെ തന്നെ മരണശേഷം മാറ്റിയെഴുതുന്നു.

1993 ൽ സി.വി. ബാലകൃഷ്ണനെഴുതിയ ജ്ഞാനസ്‌നാനം എന്ന കഥയുണ്ട്. അതിൽ ഹെലൻ എന്ന സർക്കസ് കലാകാരിയുണ്ട്. മാദകത്തിടമ്പ്. വർണ്ണനകളിൽ സിൽക്ക് സ്മിതയെ അല്ലാതെ മറ്റാരെയും ഓർമ വരില്ല. ഞാൻ നിങ്ങളെ പ്രലോഭിപ്പിക്കുക തന്നെ ചെയ്യുമെന്നുള്ള ഒരു അധൃഷ്യഭാവത്തിൽ തുടക്കുമൽ കാൽ കയറ്റി വച്ചും കണ്ണുകൾ പരമാവധി ലഹരി നിറച്ചും ഉള്ള അവളുടെ കട്ടൗട്ടുകളെ കുറിച്ച് വായിക്കുമ്പോഴൊക്കെ ഹെലനെ ഞാൻ സിൽക്ക് സ്മിതയുടെ രൂപത്തിലാണ് സങ്കൽപിക്കുക.

മിന്നൽപ്പിണർ കണക്കെ വേദിയിലെത്തുന്ന ഹെലന്റെ ശരീരസൗന്ദര്യം ആസ്വദിച്ച് മദോന്മാത്തരാകുന്ന കാണികളുടെയും അവളുടെ നഗ്‌നത പരമാവധി ഉപയോഗിച്ച് ലാഭം കൊയ്യുന്ന സർക്കസ് കമ്പനി മുതലാളിയുടെയും സഹനർത്തകന്റെയും ഇടയിൽ അവൾ ദ്രുതതാളത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു നാൾ കൂടാരത്തിലെ നിറഞ്ഞ വെളിച്ചത്തിൽ അവളുടെ പൂർണമായ നഗ്‌നത തന്ത്രപൂർവ്വം സഹാനർത്തകൻ അനാവരണം ചെയ്തപ്പോൾ ഹെലൻ നിസ്സഹായയായി അരങ്ങത്ത് തളർന്ന് നിൽക്കുന്നു. കാണികൾ അവളുടെ മുലക്കച്ചക്ക് വേണ്ടി ആരവമുയർത്തി. കാണികളുടെയിടയിൽ നിന്ന് സാം എന്ന് പേരുള്ള ഒരു കൊച്ചുപയ്യൻ വളരെപ്പെട്ടെന്ന് ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു സ്വന്തം മുഖം കൊണ്ട് അവളുടെ മാറിടം മറച്ചു നിന്ന് പൊട്ടിക്കരഞ്ഞു. അവന്റെ കണ്ണുനീരിൽ അവൾ സ്‌നാനപ്പെട്ടു.

ഹെലനനുഭവിച്ച വേദന സിൽക്ക് സ്മിത അനുഭവിച്ചതിനു സമാനമായിരിക്കും എന്ന് ഞാൻ ഊഹിച്ചു. കാരണം, സ്മിതയെകുറിച്ച് ധാരാളം ഗോസിപ്പ് കഥകൾ സിനിമ പ്രസിദ്ധീകരണങ്ങളിൽ പ്രചരിച്ചിരുന്ന കാലം. അതിലൊന്ന്, ഒരു പ്രശസ്ത സിനിമ പ്രസിദ്ധീകരണത്തിന്റെ ഫോട്ടോഗ്രാഫർ പറഞ്ഞതെന്ന മട്ടിലാണ് ഞങ്ങളൊക്കെ കേട്ടിട്ടുള്ളത്. കഥയിൽ ഹെലന് സംഭവിച്ചത് മാതിരിയുള്ള ഒരു ചതിയാണ് അന്നുകേട്ട കഥയിൽ ഉണ്ടായിരുന്നത്. അപ്പോൾ കഥയിലേത് സിൽക്ക് സ്മിത തന്നെ. അവളുടെ സങ്കടങ്ങളെ പൊതിഞ്ഞുനിന്ന് രക്ഷിച്ച കാരുണ്യവാനായ കുട്ടിക്ക് എന്റെ മനസ്സിൽ ഉണ്ണിയേശുവിന്റെ മുഖമായിരുന്നു.

തോൽക്കാൻ കൂട്ടാക്കാത്ത ജയലളിത

കുട്ടിക്കാലത്ത് പതിവായി തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സിനിമാ പ്രസിദ്ധീകരണങ്ങൾ വായിക്കുമായിരുന്ന എനിക്ക് താരങ്ങളുടെ ജീവിതരഹസ്യങ്ങൾ എല്ലാം ഏറെക്കുറെ അറിയാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അവരൊക്കെ എന്റെ ആരോ ബന്ധുക്കളെന്ന മട്ടിലാണ് ഞാൻ കണ്ടിരുന്നത്. ആരാധിക്കുന്ന ഓരോ നടിയും സംഘർഷങ്ങളിലാണ് ജീവിക്കുന്നതെന്നത് കുട്ടിക്കാലം മുതൽ എന്നെ അലട്ടിയിട്ടുണ്ട്.

വെള്ളിവെളിച്ചത്തിൽ അവർ പരകായപ്രവേശത്തിലൂടെ ഞാൻ തന്നെ ആയി മാറുന്നു. പക്ഷെ യഥാർഥ ജീവിതത്തിൽ ഞാൻ ഒരിക്കലും അനുഭവിക്കാത്ത സങ്കടങ്ങളിലൂടെയാണ് അവരെല്ലാം കടന്നു പോകുന്നതെന്നത് കൊണ്ട് എനിക്ക് അവരോടെല്ലാം വലിയ കരുതലായിരുന്നു. ജയലളിതയാണ് അന്നൊക്കെ എന്റെ പരിഗണനാലിസ്റ്റിലെ ഏറ്റവും കരുത്തയായ അഭിനേത്രി. ഏറ്റവും വിലപിടിപ്പുള്ള തെന്നിന്ത്യൻ താരവും അവരായിരുന്നു. തമിഴ് മാസിക കുമുദം അവരുടെ അഭിമുഖങ്ങൾ കൊടുക്കുമായിരുന്നു. ഒരഭിമുഖത്തിലവർ ഇങ്ങനെ പറഞ്ഞു: No one can get anything out of me, or subdue me by threats, harsh treatment,. It only makes me more stubburn, inflexible, unbending, determined. The only way any one can get me to cooperate is to be nice to me, pamper me, cajole me, talk to me kin.

തോൽക്കാൻ കൂട്ടാക്കാത്ത ഭാഷയിൽ ഇത് പറയുമ്പോഴും ജീവിതത്തിൽ താനനുഭവിച്ച വേദനകളും പീഡാനുഭാവങ്ങളും തന്നെ ഒന്ന് പഠിപ്പിച്ചിട്ടുണ്ട്, അത് തന്നെയല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് എന്നുകൂടി പറയുന്നുണ്ട്. സ്മിതയെയും അനുഭവങ്ങൾ ഇതൊക്കെ പഠിപ്പിച്ചിരിക്കാം. ജയലളിതയെ പോലെ ഒരു കടുപ്പക്കാരിയുടെ ബുള്ളറ്റ് പ്രൂഫ് കുപ്പായം എടുത്തണിഞ്ഞിരുന്നു സ്മിതയും. അവർ ആർക്കും പിടികൊടുത്തില്ല. മുപ്പത്തിയഞ്ചാം വയസ്സിൽ ജീവനൊടുക്കുംവരെ. സെറ്റുകളിൽ അവർ അടുത്ത സുഹൃത്തുക്കളിൽ നിന്നുപോലും അകൽച്ച പാലിച്ചിരുന്നതിനെ കുറിച്ച് സഹാഭിനേത്രി ആയിരുന്ന ജയമാലിനി പറയുന്നുണ്ട്. ക്യാമറക്ക് മാത്രം പിടിച്ചെടുക്കാൻ കഴിയുന്ന കവിത പോലെയാണ് ചില നടികൾ. യഥാർഥ ജീവിതത്തിനോ യഥാർഥ ജീവിതത്തിൽ കൂടെയുള്ളവർക്കോ അവർ പിടി കൊടുക്കില്ല.

‘എന്നിട്ട് അവർ എന്നെ തേവിടിശ്ശി എന്ന് വിളിച്ചു...'

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്ന ഒരു സാധാരണ പെൺകുട്ടി. ചെറു പ്രായത്തിൽ തന്നെ അതിന് അവസരം ലഭിച്ചപ്പോൾ ആഹ്ലാദിച്ചവൾ... തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നുവെങ്കിലും പണവും പ്രശസ്തിയും ആയപ്പോൾ അവരത് ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്തു. മഹാനടി സാവിത്രിയെപ്പോലെ, സരിതയെ പോലെ, സുജാതയെപ്പോലെ ഒരു നല്ല അഭിനേത്രി എന്ന നിലയിൽ പേരെടുക്കണം എന്നാണ് സ്മിതയും ആഗ്രഹിച്ചത്. സിനിമാലോകത്തേക്ക് കടന്നുചെല്ലുന്ന ആദ്യകാലത്തെ സ്മിതയുടെ ചില ചിത്രങ്ങൾ കൗതുകമുണർത്തുന്നതാണ്.

സാരിയുടുത്ത് രണ്ടു വശവും മുടി പിന്നിയിട്ടു നിൽക്കുന്ന ആ പെൺകുട്ടിക്ക് അൽപം വലിയ മനോഹരമായ, ആഴമുള്ള കണ്ണുകൾ ഉണ്ടെന്നല്ലാതെ അവയിൽ പിന്നീട് സിനിമാലോകം പ്രത്യേകം പരഞ്ഞുണ്ടാക്കിയെടുത്ത കാമലഹരിയൊന്നും ഉണ്ടായിരുന്നില്ല. വികാരഭരിതയായാലുടനെ പെണ്ണിന് കണ്ണിലും ചുണ്ടിലും, ശബ്ദത്തിലും ലഹരി നിറയണം എന്ന് തീരുമാനിച്ചത് ആരാണാവോ? സ്വാഭാവികവും സാധാരണവുമായ രംഗങ്ങളിലെ സംഭാഷണങ്ങൾ പോലും സ്മിതക്കുവേണ്ടിയാകുമ്പോൾ വികാരഭരിതവും അടക്കിപ്പിടിച്ചതുമായി... കണ്ണൊന്നു നേരെ ചൊവ്വേ തുറന്നു പിടിക്കാനോ ഇഷ്ടം പോലെ ഒന്ന് ചുറ്റുപാടും നോക്കാനോ സ്മിതയെ സിനിമ പിന്നീടൊരിക്കലും അനുവദിച്ചില്ല. കൃത്രിമ ലഹരിയുടെ കനംകൊണ്ട് അവ എന്നും പകുതി അടഞ്ഞുതൂങ്ങി നിന്നു. മുന്നിൽ നിൽക്കുന്ന ആണിനെ ഇപ്പോളവൾ പ്രലോഭാനത്തിലാക്കുമെന്ന തരത്തിൽ അവ അസ്വാഭാവിക വശ്യതയാർന്നു.

മാറും കാലും തുടയും വേണ്ടയിടത്തും വേണ്ടാത്തയിടത്തും തുറന്നുവെച്ചു. ചുണ്ട് കടിച്ചും നാവു ചുഴറ്റിയും നാഭിച്ചുഴി പരമാവധി പ്രദർശിപ്പിച്ചും സിനിമ കൊട്ടകകളെ പ്രകമ്പിതമാക്കി. സിനിമയുടെ വ്യാപാര താൽപര്യങ്ങളാണ് അവരുടെ മനോഹരമായ കണ്ണുകൾക്ക് സാധാരണ നോട്ടങ്ങൾ നിഷേധിച്ചത്...

സ്മിതയുടെ കണ്ണിലും ചുണ്ടിലും അവർക്ക് ശബ്ദം കൊടുത്ത ഡബ്ബിംഗ് ആർടിസ്റ്റുകളുടെ ശബ്ദത്തിലും കാമമോഹിതനായ പുരുഷന്റെ കാമനകൾ നിറച്ചുവെച്ചു. സ്മിതയുടെ സിനിമകൾ തെന്നിന്ത്യ മുഴുവൻ മാസങ്ങളോളം നിറഞ്ഞ സദസ്സിൽ ഓടി, അങ്ങനെ പുരുഷകാഴ്ചക്കാരുടെ വികാരങ്ങൾക്കും തോന്നലുകൾക്കും ആ ശരീരം വാസസ്ഥലമായി... അവർ സിനിമാവ്യവസായത്തിന് ഉറപ്പുള്ള ഒരു മൂലധനം ആയി മാറി. തന്റെ വിപണിമൂല്യം എന്തെന്ന് സ്മിതയും മനസ്സിലാക്കി. ആത്മാർഥമായും ഇവർ സിനിമാവ്യവസായത്തോട് സഹകരിച്ചു. സിനിമക്കും തനിക്കും ആകുന്നത്ര നേട്ടങ്ങൾ ഉണ്ടാക്കി. മറിലിൻ മൺറോ ഒരിക്കൽ പറഞ്ഞു; ‘ഒരു വ്യക്തി എന്നതിനുപകരം ഞാനെന്തോ ഒരു കണ്ണാടി ആണെന്ന മട്ടിലാണ് ആളുകൾ എന്നെ നോക്കിയിരുന്നത്. അവരെന്നെ കണ്ടില്ല, കാമോദ്ദീപകമായ സ്വന്തം ചിന്തകൾ മാത്രമാണ് അവർ കണ്ടത്, എന്നിട്ടവർ സ്വന്തം കപടമുഖം മറച്ചുവെച്ച് എന്നെ തേവിടിശ്ശി എന്ന് വിളിച്ചു'.

ഈ നടികളുടെ പക്ഷത്തു നിന്ന് നോക്കിയാൽ വൈക്കം മുഹമ്മദ്ബഷീർ പറഞ്ഞതുപോലെ, മനുഷ്യർ വലിയ ഘാതകർ ആണെന്ന് പറയേണ്ടി വരും.

അലൈകൾ ഓയ്‌വതില്ലൈ...

ഭാരതി രാജയെയും ബാലു മഹേന്ദ്രയെയും ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരെന്ന് ആരാധിച്ച നടി. കമൽഹാസൻ ആയിരുന്നു സ്മിതയുടെ പ്രിയപ്പെട്ട നടൻ. മികച്ച വേഷങ്ങൾ ചെയ്യാൻ കഴിവുണ്ടെന്ന് അലൈകൾ ഓയ്‌വതില്ലൈ, മൂന്നാം പിറ, എന്നീ ചിത്രങ്ങളിൽ തെളിയിച്ചു. സ്ഫടികത്തിലും അഥർവ്വത്തിലും തന്റെ വേഷങ്ങൾ മനോഹരമാക്കിത്തീർത്തു. പുഴയോരത്തിൽ പൂത്തോണിയെത്തീല്ല എന്ന ഇളയരാജയുടെ അതിമനോഹരമായ ഈണത്തിന് സ്മിത ആടിയ നൃത്തം കാണാൻ വേണ്ടി മാത്രം പലയാവർത്തി ആ ചിത്രം കണ്ടവരെത്രയോ ഉണ്ട്. ഏഴിമലപ്പൂഞ്ചോലയുടെ നൃത്തരംഗത്തിൽ സ്മിതയെ അല്ലാതെ മറ്റൊരാളെ നമുക്ക് പകരംവെച്ചു ചിന്തിക്കാനാവില്ല. ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കാൻ കൂസലില്ലാതിരുന്നതിന്റെ പേരിൽ അഹങ്കാരി, ബഹുമാനമില്ലാത്തവൾ ധിക്കാരി, പ്രശസ്തി തലയ്ക്കു പിടിച്ചവൾ എന്നൊക്കെ പേര് കേട്ടവൾ. കുട്ടിക്കാലം മുതൽ തനിക്കു ഏറ്റവും സൗകര്യപ്രദമായ ഇരുപ്പ് കാലിന്മേൽ കാൽ വെച്ചുള്ളതാണെന്നും അത് മാറ്റേണ്ട ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ലെന്നും അവർ അഭിമുഖങ്ങളിൽ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ ഇരുനൂറിലധികം ചിത്രങ്ങൾ. വലിയ പ്രതിഫലം. അസൂയക്കാർ ധാരാളം. സ്വാഭാവികം മാത്രം. സ്മിത തനിക്കെതിരെ ഉള്ള ദുഷ്​പ്രചാരണങ്ങളെ അങ്ങനെ മാ​ത്രമേ കണ്ടുള്ളൂ.

‘നമ്മൾ ധരിക്കുന്ന ഉടുപ്പ് പോലെയാണോ നമ്മൾ?'

കാലമെത്ര കഴിഞ്ഞാലും ചിലരെ നമുക്ക് പുറത്തേക്കെറിഞ്ഞു കളയാനാവില്ല. അവർ ജീവിച്ചിരുന്നപ്പോൾ എന്നതിനേക്കാൾ മരിച്ചശേഷം നമ്മളവരെ ഉള്ളിൽ പേറി നടക്കും. കാലമെത്തുംതോറും അവരുടെ ചിത്രങ്ങൾക്ക് നമ്മുടെ ഉള്ളിൽ തെളിമ ഏറും. അവരെ നമ്മൾ മാറിയ കാലത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമായി പുതുക്കി വായിക്കും. ജീവിച്ചിരുന്നപ്പോൾ എന്നതിനേക്കാൾ അവർ നമ്മുടെയുള്ളിൽ തിളങ്ങും. കാലം വളരെ വൈകിയിരിക്കും, എങ്കിലും കരഞ്ഞുകൊണ്ട് ലോകത്തുനിന്ന് ഇറങ്ങിപ്പോയ ചിലരെ നമ്മൾ ഒരു പ്രായശ്ചിത്തം പോലെ തിരികെക്കൊണ്ടുവരും. അവർ കരഞ്ഞ കണ്ണുനീരിനെ, അവരലഞ്ഞ അലച്ചിലുകളെ ഉദാത്തമായ അനുഭവങ്ങളായി അന്ന് നമുക്ക് തിരുത്തി എഴുതേണ്ടി വരും.

പറയത്തക്ക അഭിനയ മികവൊന്നും പ്രകടിപ്പിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടും ഒരു അഭിനേത്രി തന്റെ മരണത്തിന്റെ ഇരുപത്തിനാലാം വർഷത്തിലും ഓർമിക്കപ്പെടുന്നു. അവരെക്കുറിച്ച് കവിതകളും വാഴ്ത്തലുകളും ലേഖനങ്ങളും ഉണ്ടായി. അവരുടെ ജീവിതം സിനിമയായി. സ്മിതയുടെ വേഷമഭിനയിച്ച വിദ്യബാലൻ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു. ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ തെന്നിന്ത്യയുടെ വശ്യസുന്ദരിക്ക് പ്രായം അറുപത്. അവരുടെ ആത്മഹത്യയെ കുറിച്ച് ഇന്നും കഥകൾ പുതുമയോടെ പ്രചരിക്കുന്നു. ഹാസ്യനടി അല്ലാതിരുന്നിട്ടും സ്മിത ആളുകൾക്ക് പലപ്പോഴും ഒരു തമാശ ആയിരുന്നു. അവർ ജീവിച്ചിരുന്നപ്പോൾ ആരും തന്നെ ആ ജീവിതത്തെയോ അവരുടെ സങ്കടങ്ങളെയോ ഗൗരവമായി കണ്ടില്ല. ആ നടിയുടെ ശരീരത്തെ മാത്രം നമ്മൾ ഗൗരവത്തോടെ കാണുന്നു. മരിച്ചിട്ട് ഇരുപത്തിനാല് കൊല്ലമായെങ്കിലും ഇന്നും അവർ ഒരു സെക്‌സ് സിംബൽ മാത്രമായി തുടരുന്നു.

ജീവിതകാലത്ത് ആരും ഒരു സിനിമാ നടിയെയും മനസ്സിലാക്കാൻ ശ്രമിക്കാറില്ല. അവരെക്കുറിച്ച് എന്തും പറയാം. പ്രചരിപ്പിക്കാം. എന്തു തരത്തിലുള്ള വർത്തമാനവും ആകാം. അവരൊക്കെ അത്രയേ അർഹിക്കുന്നുള്ളൂ എന്ന മട്ടിൽ ട്രോളുകൾ ഉണ്ടാക്കും. അതവരുടെ വികാരങ്ങളെ ബാധിക്കാനേ പാടില്ല എന്ന മട്ടിൽ ഏതറ്റം വരെയും കഥകൾ ചമയ്ക്കും. നമ്മൾ ധരിക്കുന്ന ഉടുപ്പ് പോലെയാണോ നമ്മൾ! എന്ന് മറിലിൻ മൺറോ ഉള്ളിൽ തട്ടിയാണ് ചോദിച്ചത്.

സ്ത്രീകൾക്കും പ്രാപ്യമായ ഒരു പ്രതിച്ഛായ

ഇഷ്ടമല്ലാത്ത കഥാപാത്രങ്ങളെ സ്വീകരിക്കേണ്ടി വന്ന സാഹചര്യത്തെ സ്മിത വിവേകപൂർവ്വം വിലയിരുത്തിയിട്ടുണ്ട്. അവർക്കറിയാം, ഒരു നടി എന്ന നിലയിൽ താൻ പ്രേക്ഷകരുടെതും നിർമാതാക്കളുടെതും ആണെന്ന്. അതിലുപരി താൻ ലോകത്തിന്റേതുകൂടിയാണെന്ന് സ്മിതയ്ക്ക് അറിയാമായിരുന്നു. മരണത്തോടെ സ്മിതയെ പൊതുസമൂഹം കൂടുതൽ സ്വന്തമാക്കി, അവളെ സാമാന്യവൽക്കരിക്കുകയും അങ്ങനെ അവരോടു ചെയ്ത നീതിരാഹിത്യത്തിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. കൂടെ അഭിനയിച്ച നടന്മാരും സംവിധായകരും മരണശേഷം സ്മിതയെ കുറിച്ച് വാചാലരായി. അങ്ങനെ നമ്മൾ ഒരു ഭൂതകാലത്തെ തകിടംമറിച്ച് കളയും ചിലപ്പോൾ, ഒരു വ്യക്തിയെ ജീവിതകാലത്ത് മനസ്സിലാക്കാതെ ആ വ്യക്തിത്വത്തെ തന്നെ മരണശേഷം മാറ്റിയെഴുതുന്നു.

താരവും അഭിനേതാവും രണ്ടും രണ്ടാണ് എന്ന് സ്മിത നന്നായി മനസ്സിലാക്കിയിരുന്നു. നല്ല അഭിനേതാവാകാൻ തനിക്ക് അവസരമുണ്ടായില്ല, എങ്കിൽ പിന്നെ നല്ല താരമാവുക തന്നെ എന്നവർ തീരുമാനിച്ചു. ആ താരപദവിയെ ആകുംവിധം അവർ ഒരു ആഘോഷമാക്കി... സിനിമാരംഗത്തേക്ക് വരുന്ന എല്ലാവർക്കും താരമാകുവാൻ കഴിയുന്നില്ല, ഒരു സിനിമാതാരം ഒരേസമയം യഥാർത്ഥവും നിഗൂഢവുമാണ്, ഒരേസമയം വ്യക്തിയും വ്യാപാരച്ചരക്കുമാണ്. സിൽക്ക് സ്മിത തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സെക്‌സ് സിംബൽ ആയിരുന്നു, എങ്കിലും സ്ത്രീകളെയും അവൾ ഒരുപോലെ ആകർഷിച്ചു, സ്ത്രീകൾക്കും സ്മിതയെ ഏതോ തരത്തിലൊക്കെ ഇഷ്ടമായിരുന്നു. സ്ത്രീകൾക്കും പ്രാപ്യമായ ഒരു പ്രതിച്ഛായയായിരുന്നു സ്മിതയുടേത്. ജയമാലിനിക്കോ അഭിലാഷക്കോ കിട്ടാത്ത സ്വീകാര്യത സ്മിതക്ക് ദക്ഷിണേന്ത്യൻ സിനിമാലോകം നൽകി.

...എന്നിട്ടും വിജയശ്രീയും ശോഭയും സ്മിതയും ജീവനൊടുക്കി

ഓരോ അഭിനേതാവിനും പ്രേക്ഷകർക്കും ഇടയിൽ ഒരു അദൃശ്യമായ തിരശ്ശീലയുണ്ട്. ആ തിരശ്ശീലക്കു പിന്നിൽ അവരുടെ സ്വന്തം മാളങ്ങളുണ്ട്. ആ ഒളിയിടങ്ങളാണ് യഥാർഥത്തിൽ അവരുടെ പാർപ്പിടങ്ങൾ. സിനിമയുടെ പ്രകാശധാരയിൽ മുങ്ങിക്കുളിച്ച് നിൽക്കുമ്പോഴും സ്വകാര്യവേദനകൾ അവരെ കാർന്നു തിന്നുന്നുണ്ടാകും. ഏകാന്തതയും പ്രണയനഷ്ടങ്ങളും സ്വകാര്യമോഹങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും ചൂഷണങ്ങളും അവരെ അഗാധമായി മുറിപ്പെടുത്തുന്നുണ്ടാകും. അപ്പോഴും അവർ ഓരോ സിനിമയുടെയും ഉത്തരവാദിത്തം സ്വന്തം ചുമലിൽ ഏൽക്കുന്നുമുണ്ടാകും.

പ്രേക്ഷകർ എന്ന നിലയിൽ നാം അവരോടു കരുണ കാണിക്കാൻ മറന്നുപോകാറുണ്ട്. മദ്യപിക്കുകയോ വിവാഹമോചനം നേടുകയോ വിവാഹങ്ങളിൽ നിന്ന് വിവാഹങ്ങളിലേക്ക് രക്ഷപ്പെടുകയോ ചെയ്യുന്നത് ഒരു പക്ഷെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങളാകാം.

പൊള്ളുന്ന തകരപ്പാട്ടയുടെ മുകളിലൂടെ പരക്കം പായുന്ന പൂച്ചയെന്നതുപോലെയാണ് എന്റെ പ്രിയപ്പെട്ട നടികൾ ജീവിക്കുന്നത് എന്നു കേൾക്കുന്നത് എനിക്കിഷ്ടമല്ല. അവരെല്ലാം എനിക്ക് കൂടി വിശ്വാസമുള്ള, എനിക്ക് കൂടി പ്രണയം തോന്നിയ പുരുഷന്മാർക്കൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിച്ചു. നടിമാരുടെ കണ്ണിലെ ഒരിക്കൽ നമ്മൾ ആരാധിച്ച തിളക്കം മായരുതെന്നു ഞാൻ പ്രാർഥിച്ചു. ശോഭനക്കും അംബികക്കും ജലജക്കും ഉർവശിക്കും ശാന്തികൃഷ്ണക്കും ഒപ്പം സിൽക്ക് സ്മിതക്കും സ്‌നേഹവാനായ ഒരു കാമുകനെ ഞാൻ സങ്കൽപിച്ചു. അത് നിത്യകാമുകൻ പ്രേംനസീറോ പരീക്കുട്ടിയായി വന്ന മധുവോ സോമനോ സുകുമാരനോ ആയാൽ നന്ന്. അത്രക്ക് സൗമ്യത വേണം, സ്‌ത്രൈണ ഭംഗിയും വേണം സിൽക്കിന്റെ ആണിന്... ഈ നടിമാരെല്ലാം സന്തോഷത്തോടെ ഇരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അതെന്റെ കൂടി ആവശ്യമാണ്. കാരണം അവർ ഓരോരുത്തരും ഞാൻ തന്നെയാണല്ലോ. എന്നിട്ടും വിജയശ്രീയും ശോഭയും സിൽക്ക് സ്മിതയും ഒക്കെ ജീവനൊടുക്കി. ഓരോ തവണയും ഞാനും അവരുടെയൊപ്പം മരിക്കുന്നുണ്ടായിരുന്നു. ഓരോ ഓർമദിനത്തിലും എന്റെ കണ്ണുനീരാൽ ഞാൻ അവർക്ക് ഉദകക്രിയ ചെയ്യുന്നു. തൈലാഭിഷേകം നടത്തുന്നു.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments